Tuesday, May 7, 2013

മിസ്റ്റര്‍ പാല..!!

അതൊരു വെക്കേഷന്‍ കാലം...ഇനി പരീക്ഷക്ക്‌ പഠിക്കേണ്ടതില്ല എന്ന സന്തോഷത്തില്‍. പുലര്‍ച്ചെ തന്നെ ഞങ്ങള്‍ വായപ്പാറപ്പടി ബോയ്സ് ക്രിക്കറ്റ്‌ കളിക്കാന്‍ ഇറങ്ങി...ജെമിനി സര്‍ക്കസ് ടെന്റ് കെട്ടി പോയത് കാരണം വേറെ ഒരു പിച്ച് ഒരുക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടു...അരുകിഴായ ക്ഷേത്രത്തിനു അടുത്തുള്ള പാടത്ത് ഞങ്ങള്‍ അങ്ങനെ ക്രിക്കറ്റ്‌ കളി തുടങ്ങി...

പൊരിഞ്ഞ കളി...കട്ട ബൌളിംഗ്, കട്ട ബാറ്റിംഗ്....ആള് കുറവായത് കാരണം നിയമങ്ങള്‍ ഞങ്ങള്‍ ഭേദഗതി ചെയ്തു..ഐ സി സി പോലും അറിയാതെ..പുറകിലേക്ക് അടിച്ചാല്‍ അടിച്ചവന്‍ തന്നെ ബോള്‍ എടുക്കണം...റിയാസ് ബാറ്റ് ചെയ്യുന്നു, രഞ്ജിത്ത് ആണ് ബൌള്‍ ചെയുന്നത് എന്നാണു ഓര്‍മ്മ...നമ്മുടെ നായകന്‍ ഇവര്‍ രണ്ടും അല്ല, ഞാന്‍ അവനെ ഇന്ന് മിസ്റ്റര്‍ "പാല" എന്ന് വിളിക്കുന്നു....അവനാണ് നമ്മുടെ കീപ്പര്‍...., രഞ്ജിത്തിന്റെ ഫാസ്റ്റ് ബൌള്‍ തൊടാന്‍ റിയാസിന് പറ്റിയില്ല...മിസ്റ്റര്‍ പാലയെയും കടന്നു അത് പുറകിലോട്ടു കുതിച്ചു...എറിഞ്ഞ രഞ്ജിത്തും അടിക്കാതിരുന്ന റിയാസും ബൌള്‍ എടുക്കാന്‍ തയ്യാറായില്ല, ബൌള്‍ ചെന്ന് വീണത്‌ ഒരു കുഴിയില്‍..., കുറ്റം ആരോപിച്ചത് നമ്മുടെ നായകന്‍റെ തലയില്‍ തന്നെ....ഒരു ഫാസ്റ്റ് ബൌള്‍ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇവനെന്തിനാ കീപ്പര്‍ എന്നും പറഞ്ഞു നില്‍ക്കുന്നത്...ഹല്ല പിന്നെ..!!! പാവം മിസ്റ്റര്‍ പാല, കൂട്ടത്തില്‍ അല്‍പ്പം തടിയനായ അവന്‍ തന്നെ ബൌള്‍ എടുത്തു കൊണ്ടുവരാം എന്ന് ഏറ്റു...കുറ്റബോധം....!!!!

അങ്ങനെ ആ കുഴിയിലേക്ക് അവന്‍ എടുത്തു ചാടി....കണ്ടത് പോലെ അല്ല...കുഴിയില്‍ കാല്‍ വച്ചതും പാലയുടെ കാല്‍ അതില്‍ താഴാന്‍ തുടങ്ങി, ഏതാണ്ട് മുട്ടറ്റം...കുഴിയില്‍ നിന്നും സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ ദുര്‍ഗന്ധവും....!! അവിടെ കിടന്ന ടെന്നീസ് ബോള്‍ എറിഞ്ഞു കൊടുത്ത ശേഷമാണ് പാലക്ക് അത് മനസിലായത്, ഇറങ്ങിയത്‌ വെറുമൊരു കുഴിയില്‍ അല്ല...സര്‍ക്കസ്സുകാര്‍ അവര്‍ക്ക് വേണ്ടി കുഴിച്ച താല്‍ക്കാലിക കക്കുസ് ആയിരുന്നു അത്....ദുര്‍ഗന്ധം കാരണം ആരും ആ കുഴിക്കരുകില്‍ അടുത്തില്ല....വിശാല മനസ്ക്കനായ റിയാസ് മാത്രം ആ തീട്ട കുഴിയില്‍ നിന്നും കര കയറാന്‍ പാലയെ സഹായിച്ചു...പാല അപ്പൊ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവണം എ ഫ്രണ്ട് ഇന്‍ നീഡ്‌ ഇസ് ഫ്രണ്ട് ഇന്ടീട്....!! മുട്ടിനു താഴെ ഒരു മഞ്ഞ ആവരണവും കൊണ്ട് പാല വീടിലേക്ക്‌ തിരിച്ചു... വീടിനു പുറത്തെ കുളിമുറിയില്‍ കയറി കാലുകള്‍ നന്നായി വൃത്തിയാകി, വരുന്ന വഴിക്ക് തന്നെ ആ മഞ്ഞ ഷൂസുകള്‍ ഉപേക്ഷിച്ചിരുന്നു....നന്നായി വൃത്തിയായ ശേഷം പുറത്തിറങ്ങി പാല പറഞ്ഞു, കഴുകുന്നതിന്റെ ഇടയില്‍ സോപ്പ് വഴുതി ക്ലോസെറ്റില്‍ വീണു..!!

അപ്പോള്‍ കേട്ട അശരീരി.... "കണ്ട സര്‍ക്കസ്സുകാരുടെ കക്കൂസില്‍ കാലിടാം, പക്ഷെ സ്വന്തം വീടിലെ വൃത്തിയുള്ള ക്ലോസെറ്റില്‍ വീണ ലെക്സ് എടുക്കാന്‍ വയ്യ.. !!"

#വായപ്പാറപ്പടി സ്മരണകള്‍.

No comments: