Tuesday, January 27, 2009

ഒരു സ്ത്രീ

ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും പരിചയമുള്ള ഒരു സീന്‍ ഉണ്ട്...ഒരു സന്ധ്യക്ക്‌ വീടിന്‍റെ മുറ്റത്ത്‌ ഒരു കാക്കക്കറുമ്പനു അമ്പിളി മാമനെ കാണിച്ചും ഉണ്ണിക്കണ്ണന്റെ കഥകള്‍ പറഞ്ഞും ചോറുട്ടുന്ന ഒരു മുത്തശ്ശി.... അതെ എന്‍റെ അച്ഛമ്മ... അന്ന് അച്ഛമ്മ പറഞ്ഞു തന്ന കഥകളിലെ ഉണ്ണിക്കണ്ണന്‍ ഞാന്‍ തന്നെ എന്ന് സങ്കല്പിച്ചു അന്തംവിട്ടു വായും പൊളിച്ചു നില്‍ക്കുമ്പോള്‍ നെയ്യും കൂട്ടിക്കുഴച്ച ഒരു മന്തന്‍ ചോറുരുള എന്‍റെ വായില്‍ വന്നു വീഴും.... അങ്കം ജയിച്ചമട്ടില്‍ അന്ന് അച്ഛമ്മയുടെ മുഖത്ത് തെളിഞ്ഞിരുന്ന പുഞ്ചിരി ഒരു നേരിയ പുകമറയുടെ അകമ്പടിയോടെ ഇന്നും മനസ്സിലുണ്ട്.... അതെല്ലാം ഒരു തുടക്കമായിരുന്നു... ബിസിനെസ്സിന്റെ തകര്‍ച്ചയിലേക്ക് അച്ഛന്‍ കൂപ്പുകുത്തുന്നതിന് തൊട്ടു മുന്‍പുണ്ടായ ഒരു ശാന്തത... അതിനപ്പുറത് കടന്നപ്പോഴേക്കും എനിക്ക് ബാക്കിയായി അച്ഛമ്മ മാത്രമായി... വീട്ടില്‍ നിന്നും താമസം അച്ഛമ്മയുടെ ലേഡിസ് ഹോസ്റ്റലിലേക്ക് മാറ്റിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ അത്രയും കാലം താമസിച്ചിരുന്ന എന്‍റെ വീട് അന്ന് എനിക്ക് നഷ്ട്ടപെടുകയയിരുന്നു എന്ന്... പകരം അച്ഛമ്മയോടൊപ്പം താമസിക്കാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു... അവിടെ നിന്നും അങ്ങോട്ട് എനിക്ക് ഒരു മേല്‍വിലാസം ലഭിക്കുകയായിരുന്നു.... വിനോദിനി ടീച്ചറുടെ കൊച്ചുമകന്‍... നാടില്ലെല്ലാവരും ബഹുമാനത്തോടെ ടീച്ചര്‍ എന്ന് വിളിക്കുന്ന എന്‍റെ അച്ഛമ്മ... സാമൂഹികപ്രവര്‍ത്തനം എന്ന ഇന്നു നിറം കെട്ടുപോയ വാക്കിന്റെ അര്‍ത്ഥം ഞാന്‍ ആദ്യമായി മനസിലാക്കുന്നത്‌ അച്ഛമ്മയിലൂടെ ആയിരുന്നു..... അച്ഛമ്മ പ്രസംഗിച്ചിരുന്ന വേദികല്ക്കു മുന്‍പില്‍ ഞാന്‍ അന്ന് അഭിമാനത്തോടെ ഇരുന്നിരുന്നു...സമൂഹത്തില്‍ എങ്ങണനെ ബഹുമാനിതനാവാം എന്ന് ഞാന്‍ അച്ചമ്മയിലൂടെ പഠിക്കുകയായിരുന്നു... രാവിലെ ഞാന്‍ ഉണരുമ്പോഴേക്കും അച്ഛമ്മ കുട്ടികള്ക്ക് ടുഷന്‍ എടുക്കാന്‍ പോയിട്ടുണ്ടാവും...ഞാന്‍ എണീറ്റ്‌ പല്ലുതേച്ചു അച്ഛമ്മ തിരിച്ചെത്തുമ്പോഴേക്കും വീണ്ടും കട്ടിലില്‍ കയറി പുതപ്പിനുള്ളില്‍ ഒളിച്ചിരിക്കും...ഞാന്‍ അപ്പോഴും എണീട്ടിട്ടില്ല എന്ന് കരുതി (അങ്ങനെ അഭിനയിച്ചു) അച്ഛമ്മ എന്‍റെ അടുത്ത് വരും... എതായ മണം വിട്ടുമാറിയ എന്‍റെ പുഴു പല്ലു കാണിച്ചു ഞാന്‍ അച്ഛമ്മക്ക്‌ കാണിച്ചു കൊടുക്കും...മിടുക്കന്‍ എന്നെ അച്ഛമ്മയുടെ അന്നത്തെ വാക്കുകളായിരുന്നു ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന "Appreciation".... രാത്രികളില്‍ അച്ഛമ്മയുടെ ചൂടു പറ്റി കിടന്നിരുന്നതിന്റെ സുരക്ഷിതത്വം പിന്നീടൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല...

ജീവിതം പിന്നീടും മുന്‍പോട്ടു പോവണമായിരുന്നു...ലേഡീസ് ഹോസ്റ്റലിലെ നാല് വര്‍ഷത്തിനു ശേഷം എന്‍റെ ജീവിതത്തില്‍ ഒരു അടക്കും ചിട്ടയുമൊക്കെ വന്നു (ഇന്നു അത് നഷ്ടപ്പെട്ടെങ്കിലും).....പക്ഷെ അതോടെ ഞാന്‍ അനുഭവിച്ചു വന്ന സുരക്ഷിതത്വം എനിക്ക് നഷ്ടപ്പെട്ടു...ആരുടെയൊക്കെയോ അവഗണനകള്‍ക്കും കളിയാക്കലുകള്‍ക്കും ഇടയില്‍ നിന്നും രക്ഷപ്പെട്ടു അച്ഛമ്മയുടെ അടുതെക്കെത്താന്‍ ഞാന്‍ കൊതിച്ചു...പക്ഷെ ഒന്നും നടന്നില്ല....എന്‍റെ ചിറകുകളില്‍ ആരൊക്കെയോ ചേര്‍ന്ന് മുള്ളാണികള്‍ അടിച്ചുവെച്ചിരുന്നു....അവിടെ കിടന്നു വേദനകൊണ്ട് പിടയുകയല്ലാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല...

കാലത്തിന്റെ ഒഴുക്കില്‍ ഞാനും വളര്ന്നു... അപ്പോഴും അച്ഛമ്മയുടെ കൊച്ചുമകന്‍ എന്ന label എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല... പക്ഷെ പ്രായത്തിന്റെ തിളപ്പില്‍ ഞാന്‍ ഒരുപാടു തെറ്റുകള്‍ ചെയ്തുകൂട്ടി....ഞാന്‍ അച്ഛമ്മക്ക്‌ കൊടുത്ത ഒത്തിരി ഒത്തിരി വാഗ്ദാനങ്ങള്‍ എനിക്ക് ഇതു വരെ പാലിക്കാന്‍ പറ്റാതെ പോയി... ഒരു ചെറു നോവോടെ ഞാന്‍ അത് ഇന്നും കൊണ്ടു നടക്കുന്നു... എനിക്ക് ജീവിതത്തില്‍ നിന്നും കിട്ടുന്ന ഓരോ അടിക്കും ഞാന്‍ അതിനെ കാരണമാക്കുന്നു...സ്നേഹത്തെ എനിക്ക് തൊട്ടറിയിച്ചു തന്ന എന്‍റെ അച്ഛമ്മ...ഞാന്‍ ഒരല്‍പ്പമെങ്കിലും എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നെങ്കില്‍ അത് അവരെ ആയിരിക്കും...ഞാന്‍ ഇതു വരെ കണ്ട ഏറ്റവും ഐശ്വര്യം നിറഞ്ഞ സ്ത്രീയാണ് അച്ഛമ്മ...പക്ഷെ അച്ഛമ്മയെ കുറിച്ചു ഒന്നും എനിക്കറിയില്ല...നാട് ഭരിക്കേണ്ട തമ്പുരാന്റെ മകളായി ജനിച്ചിട്ടും, മറ്റൊരു തമ്പുരാന്റെ ഭാര്യയിട്ടും ജീവിതത്തില്‍ കൂടുതലും കണ്ണീരിന്റെ ചവര്‍പ്പ്പേറേണ്ടി വന്നോള്‍...ഒരിക്കല്‍ എന്‍റെ ചെറിയച്ചന്റെ ജീവനറ്റ ശരീരത്തിന് മുന്‍പില്‍ നിന്നു വിതുമ്പിയ അച്ഛമ്മയുടെ രൂപം എന്‍റെ ഓര്‍മയിലുണ്ട്....അതുപോലെ തന്നെ പലപ്പോഴും അച്ഛമ്മ കണ്ണിന്റെ നനവൊപ്പുന്നതു ഞാന്‍ കണ്ടിട്ടുണ്ട്...അതിന്റെ പലതിന്റെയും കാരണം എനിക്ക് ഇപ്പോഴും അറിയില്ല... സമൂഹത്തില്‍ ഇത്ര ബഹുമാനിതയായ, പേരുകേട്ട അച്ഛന്റെ മകളായി ജനിച്ചിട്ടും ധനികനായ തമ്പുരാന്റെ ഭാര്യയായിട്ടും, എന്തിനായിരുന്നു ആ ഐശ്വര്യം നിറഞ്ഞ സ്ത്രീ കരഞ്ഞിരുന്നത്...ഞാനും ആ കണ്ണീരിനു കാരണമായിരുന്നോ????