Wednesday, July 31, 2013

പാര്‍ട്ട്‌ ടൈം ജോബ്‌...

കോളേജില്‍ പഠിക്കുന്ന കാലത്ത് പാര്‍ട്ട് ടൈം ജോലി ചെയ്തു വട്ടച്ചിലവിനുള്ള വക ഉണ്ടാക്കുന്നത്‌ ഒരു പതിവായിരുന്നു...അക്കാലത്ത്  പലരും പല ജോലികളും ചെയ്യാറുണ്ടായിരുന്നു... ചില പ്രൈവറ്റ് ഫിനാന്‍ഷ്യന്‍ കമ്പനികള്‍ക്ക് വേണ്ടി ബാക്ക്ഗ്രൌണ്ട് വെരിഫികേഷന്‍ ജോലി ആയിരുന്നു എന്‍റെ ജോലി... അത് വിടാം, കാരണം എന്‍റെ ജോലി അല്ല ഇന്നത്തെ കുറിപ്പിന് വിഷയം...

എന്‍റെ ചില സുഹൃത്തുക്കള്‍ക്കും ഇതുപോലെ എന്തെങ്കിലും വരുമാനം വേണം എന്ന ആഗ്രഹം ഉണ്ടായി... മോശമില്ലാത്ത പാചകം ചെയ്യുന്ന അവര്‍ അത് തന്നെ പാര്‍ട്ട്‌ ടൈം ജോലിയായി കണ്ടെത്തി... മലപ്പുറത്തെ സ്വലാത്ത് നഗറില്‍ മിക്കവാറും എന്തെങ്കിലും പരിപാടി ഉണ്ടാവും... ഏതെങ്കിലും പാര്‍ട്ടിയുടെ സമ്മേളനമോ എക്സിബിഷനോ എന്തെങ്കിലും പതിവാണ്... നല്ല ആള്‍ക്കൂട്ടവും ഉണ്ടാവും... പിന്നെ, ജനസംഖ്യക്ക് മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്താണോ ആള്‍ക്കുട്ടത്തിനു പഞ്ഞം...!!

ഒടുവില്‍ തീരുമാനമായി, സ്വലാത്ത് നഗറില്‍ ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കാം... നല്ല ചിലവുണ്ടാവും... ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം ഗ്യാസും അടുപ്പും എലാം കൊണ്ട് ഒരുത്തന്‍ ഇറങ്ങി... അമ്പതു മുട്ടയും കുറച്ചു ഉള്ളിയും മുളകും ഉപ്പും വെളിച്ചെണ്ണയും വാങ്ങി വേറെ ഒരുത്തന്‍ വന്നു... കൂട്ടിനു രണ്ടു പേര്‍ വേറെയും...രാത്രി പതിനൊന്നു മണി വരെ കച്ചോടം... അപ്പോഴേക്കും മൊട്ട തീര്‍ന്നു...!! പൊളപ്പന്‍ കച്ചോടം...

നാലുപേരും തിരിച്ചു റൂമില്‍ എത്തി... കണക്കു നോക്കി.. അമ്പതു മുട്ടക് എഴുപത്തഞ്ചു രൂപ... അത് കൊണ്ട് വന്ന ഓട്ടോക്ക് ഇരുപത്തഞ്ചു രൂപ... ഗ്യാസ് കൊണ്ട് വന്നതിനും ഇരുപത്തഞ്ചു രൂപ, അത് തിരിച്ചു കൊണ്ട് പോവാന്‍ രാത്രി വാടക അടക്കം നാല്‍പ്പതു രൂപ... ഉള്ളിയും മുളകും വെളിച്ചെണ്ണയും വാങ്ങിയതിനു വേറെ അമ്പതു...അതായത് ചിലവു മാത്രം ഇരുന്നൂറ്റി പതിനഞ്ചു രൂപ...ഇനി വരവ് നോക്കാം... കച്ചോടത്തിലെ കാഷ്യര്‍ പോക്കെറ്റില്‍ നിന്നും ഉള്ളത് മുഴുവന്‍ നുള്ളിപ്പെറുക്കി എടുത്തു... എണ്ണി കൂട്ടിയപ്പോ ഇരുന്നൂറ്റി എണ്‍പത് രൂപ..!!

"അതെവിടത്തെ കണക്കാടാ... ഒരു സിംഗിള്‍ ഓംലെറ്റ്‌ പത്തു രൂപ വച്ച് വിറ്റാല്‍ അഞ്ഞൂറ് രൂപ വരണ്ടേ...??"

"അത് അന്‍പതെണ്ണം വിറ്റാല്‍, നമ്മള്‍ ഇരുപതെട്ടെ വിറ്റുള്ളൂ..."

"ങേ..!! എന്നിട്ട് മുട്ട ഒരെണ്ണം പോലും ബാകി ഇല്ലല്ലോ...??"

"ബാക്കി ഇരുപത്തി രണ്ടെണ്ണം നമ്മള്‍ നാലുപേര്‍ തന്നെയാ പലപ്പോഴായി തട്ടിയത്...."

"അപ്പൊ കണക്കെങ്ങനെയാ...??"

"ചിലവ് ഇരുന്നൂറ്റി പതിനഞ്ച് വരവ് ഇരുന്നൂറ്റി എണ്‍പത്... ലാഭം അറുപത്തഞ്ചു രൂപ...!! നമ്മള്‍ നാല് പേര്‍ വച്ച് ഒരാള്‍ക്ക്‌ പതിനാറു രൂപ ഇരുപത്തഞ്ചു പൈസ ലാഭം...!!"

"ഹോ...!! ലാഭം ഉണ്ടല്ലേ...!!"

"എന്ത് ലാഭം, ഒരു പൈന്റ്റ് മേടിക്കാന്‍ പോലും തികയില്ല..."

"നീ ഒരുകാര്യം വിട്ടു... നമ്മള്‍ ചിലവാക്കിയ ഗ്യാസിന്റെ ചിലവോ...??"

"ഇമ്മാതിരി തീറ്റ പ്രന്തന്മാരെയും കൊണ്ട് ഓംലെറ്റ്‌ കച്ചോടത്തിനു പോയാല്‍ നഷ്ടം വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ...!! ഏതു നേരത്താണോ ഈ ബുദ്ധി തോന്നിയത്... ഇനിയില്ല...നിര്‍ത്തി...!!"

ബാക്കി വന്ന ഉള്ളി കൊണ്ട് ഏതാണ്ട് ഒരു കറി ഉണ്ടാക്കി വീട്ടില്‍ ഉണ്ടായിരുന്ന അരി കൊണ്ട് ചോറും ഉണ്ടാകി കഴിച്ചു എല്ലാരും മിണ്ടാതെ കിടന്നു... സമാധാനത്തിനു എല്ലാരും ഒരു ഏമ്പക്കവും വിട്ടു...!!

Tuesday, July 30, 2013

എന്‍റെ വെള്ള കണ്ണട..

കണ്ണട വയ്ക്കാതിരുന്ന കാലത്ത് സുഹൃത്തുക്കളുടെ കണ്ണട ഒരു ജാടക്ക് എടുത്തു വയ്ക്കുമായിരുന്നു ഞാന്‍..., കണ്ണട വയ്ക്കാന്‍ അന്നൊക്കെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു... പക്ഷെ ശരിക്കും വക്കേണ്ടി വന്നപ്പോള്‍ അതൊരു ഭാരമായി തോന്നിത്തുടങ്ങി... സ്വതന്ത്രമായി പല കാര്യങ്ങള്‍ ചെയ്യുന്നതിനും അതൊരു തടസമായി... എന്തിനു ഒരു കൂളിംഗ് ഗ്ലാസ്സ് വച്ച് നടക്കാന്‍ പോലും അത് വിലങ്ങു തടിയായി... വേറൊന്നും അല്ല, പവര്‍ ഗ്ലാസ്സ് ഇല്ലാതെ നടന്നാല്‍ ഒന്നും നേരാംവണ്ണം കാണില്ല എന്നത് തന്നെ കാരണം..!!

ആറു മാസം കൂടുമ്പോള്‍ കണ്ണട മാറ്റുന്നത് എന്‍റെ ഒരു ശീലമായത് ആറു വര്‍ഷം മുന്‍പ് കണ്ണട വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്‌.., ഹിഹി...!! ആക്കിയതല്ല... ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റിയില്ലെങ്കില്‍ എനിക്കൊരു സമാധാനം ഇല്ല... ഓരോ തവണ മാറ്റുമ്പോഴും അത് വെവ്വേറെ സ്റ്റൈലില്‍ ഉള്ള ഫ്രെയിം വേണം എന്നതും നിര്‍ബന്ധം...പക്ഷെ ബ്രാന്‍ഡ്‌ വിട്ടുള്ള കളി ഇല്ല എന്നത് വേറെ കാര്യം... മഞ്ചേരിയിലെ ഐ സ്റ്റൈല്‍ എന്ന കണ്ണട കട അങ്ങനെ കുറെ ഉണ്ടാക്കി...!! അടുത്ത കാലത്ത് അവര്‍ കട പുതുക്കി പണിഞ്ഞതിലും ഞാന്‍ കാരണമായോ എന്തോ??

ഒരുതവണ ഞാന്‍ വാങ്ങിയത് വെള്ള ഫ്രെയിം ഉള്ള ഒരു കണ്ണടയായിരുന്നു... എപ്പോഴും ഒരു പാര്‍ട്ടി ലുക്ക്‌ ആവട്ടെ എന്ന് കരുതി...!! അതൊരുപാട് വിമര്‍ശനവും അത് പോലെ കുറച്ചു നല്ല അഭിപ്രായവും നേടി... എവിടെ അത് വച്ച് പോയാലും നാല് പേര് ശ്രദ്ധിക്കാന്‍ തുടങ്ങി... (ബാംഗ്ലൂരില്‍ അല്ല കേട്ടോ, ഇവിടെ അതൊന്നും ഒരു പുത്തരിയല്ല) അങ്ങനെ ഞാന്‍ ഒരിക്കല്‍ ഇതും വച്ച് കൊണ്ട് തൃശ്ശൂരില്‍ പോയി... മനോജേട്ടന്റെ വീട്ടില്‍ ആയിരുന്നു താമസം...

മനോജേട്ടന്റെ വീട്ടിലുള്ളവര്‍ക്ക് എന്‍റെ കണ്ണട കണ്ടപ്പോഴേ "അയ്യേ" ഭാവം...!! ചില അടക്കി ചിരികളും കുശു കുശുക്കലും ഞാനും കേട്ടു... തൊലിക്കട്ടി ഉമ്മന്‍ചാണ്ടിക്ക് സമം ആയതിനാല്‍ അതൊന്നും എനിക്ക് ഏശിയില്ല...!!  പിന്നെ, നമ്മളിതെത്ര കണ്ടതാ...!!

പിറ്റേ ദിവസം ഞാന്‍ മനോജേട്ടന്റെ കൂടെ ത്രിശൂര്‍ റൌണ്ടിലേക്ക് ചില്ലറ ഷോപ്പിങ്ങിനു ഇറങ്ങി.. ഇടക്ക് കുറച്ചു കാശ് എടുക്കാന്‍ വേണ്ടി ജോസ് തിയേറ്ററിന്റെ അടുത്തുള്ള ഒരു എ ടി എമ്മില്‍ കയറി... അവിടെ നിന്നു ഇറങ്ങി റോഡ്‌ ക്രോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള ഒരു വഴി വാണിഭക്കാരനെ കണ്ടു...

"ഏതെടുത്താലും അമ്പതു രൂപ...വിറ്റഴിക്കല്‍...., വിറ്റഴിക്കല്‍..., വെറും അമ്പതു രൂപ മാത്രം..."

അയാളുടെ വില്‍പ്പനയിലേക്ക് ഞാന്‍ ഒന്ന് എത്തിച്ചു നോക്കി... എല്ലാം കണ്ണട ഫ്രേമുകള്‍ ആണ്... അക്കൂട്ടത്തില്‍ ദാ ഇരിക്കുന്നു, ഞാന്‍ ധരിച്ചത് പോലെ തന്നെ ഉള്ള ഒരു വെള്ള ഫ്രെയിം...!!

മനോജേട്ടനും കൂട്ടരും പൊട്ടി ചിരിക്കാന്‍ തുടങ്ങി...

രണ്ടായിരം എണ്ണികൊടുത്ത് ഞാന്‍ വാങ്ങിയ എന്‍റെ ഫ്രേമിന്റെ ജാരനെ അങ്ങേരു കൂളായി അമ്പതു രൂപയ്ക്കു വില്‍ക്കുന്നു...!! എന്‍റെ ഉള്ളൊന്നു കത്തി...!! അതിലും കൂടുതല്‍ എന്നെ തകര്‍ത്തത് എന്‍റെ കൂടെ വന്ന മനോജേട്ടന്റെയും കൂട്ടരുടെയും അട്ടഹാസമായിരുന്നു...!!

ഡ്യൂപ്ലിക്കേറ്റിന്റെ ഒറിജിനല്‍ കിട്ടുന്ന കുന്നംകുളം ഉള്ള ത്രിശൂര്‍ ജില്ലയില്‍ ഇതല്ല ഇതിന്‍റെ അപ്പുറം നടക്കും... നിര്‍ത്തി, ഒറിജിനല്‍ വാങ്ങുന്ന പരിപാടി ഞാന്‍ നിര്‍ത്തി...!!

പിന്‍കുറിപ്പ്: അന്ന് വാങ്ങിയ വെള്ള കണ്ണട ഇന്നും എന്‍റെ കയ്യില്‍ ഉണ്ട്, വര്‍ഷം ഒന്നില്‍ കൂടുതല്‍ ആയിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ...!! ഒറിജിനല്‍ ഒറിജിനല്‍താന്‍...ടാ...!!

ആ കണ്ണട കാണണമെങ്കില്‍ നോക്കിക്കോ... https://www.facebook.com/photo.php?fbid=355155821229224&set=a.102664903144985.3617.100002044269499&type=1&theater

Monday, July 29, 2013

അച്ഛന്റെ സ്വന്തം ചുണ്ടന്‍." "

ഞാന്‍ ഒന്നാം ക്ലാസ്സില്‍ എത്തുന്നതിനു മുന്‍പ് തന്നെ അച്ഛന്‍ പ്രവാസം തുടങ്ങി കഴിഞ്ഞിരുന്നു... നാട്ടിലെ കടം പെരുകിയതും ഞാനും അനിയത്തിയും അമ്മയും അടങ്ങിയ കുടുംബം പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടിയുമാണ് അച്ഛന്‍ ഗള്‍ഫില്‍ പോയത് എന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു... എനിക്ക് ഒരുപാടു സമ്മാനങ്ങള്‍ കൊണ്ട് വരാന്‍ വേണ്ടി പോയതാണ് എന്നാണ് ഞാന്‍ ധരിച്ചിരുന്നത്...

വീട്ടില്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് അക്കാലത്തു അച്ഛനോട് ഒന്ന് മിണ്ടാന്‍ പോലും പറ്റാറില്ലായിരുന്നു... അന്ന് അയച്ചിരുന്ന ചില കത്തുകളിലൂടെ മാത്രമായിരുന്നു ഞങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നത്... മലയാളം കൂട്ടി വായിക്കാന്‍ പഠിക്കുന്നത് മുന്‍പ് അമ്മയായിരുന്നു അച്ഛന്റെ കത്ത് വായിച്ചു തന്നിരുന്നതും, ഞാന്‍ പറയുന്നത് എഴുതി അച്ഛന് കത്തുകള്‍ അയച്ചിരുന്നതും... "ചുണ്ടന്" എന്ന് തുടങ്ങിയിരുന്ന അന്നത്തെ ആ എഴുത്തുകള്‍ നിറയെ വാത്സല്യമായിരുന്നു... പിന്നെ നന്നായി പഠിക്കണം, ഒന്നാമനാവണം, അമ്മയേയും പെങ്ങളെയും നന്നായി നോക്കണം തുടങ്ങിയ ഉപദേശങ്ങളും... എന്‍റെ മറുപടികള്‍ എന്നും ഒന്ന് തന്നെ ആയിരുന്നു,

"അച്ഛന്,

  സുഖം തന്നെ എന്ന് കരുതുന്നു... ഞാന്‍ നന്നായി പഠിക്കുന്നുണ്ട് അച്ഛാ.. ഇത്തവണ ഞാന്‍ ക്ലാസ്സില്‍ തീര്‍ച്ചയായും ഒന്നാമനാവും... അച്ഛന്‍ എന്നാണ് ഞങ്ങളെ കാണാന്‍ വരുന്നത്... അച്ഛന്‍ വരുമ്പോ എനിക്ക് ഒരു വാക്മാനും ടി വിയും വി സി ആറും കൊണ്ട് വരണം... കൊടാക്കിന്റെ ക്യാമറ കിട്ടുകയാണെങ്കില്‍ വാങ്ങാന്‍ മറക്കരുത്... അച്ഛന്‍ വരുമ്പോ  ദുബായിലെ  ഒട്ടിപ്പോ നെയിം സ്ലിപ് കൊണ്ട് വരണം, കൂട്ടുകാര്‍ക്ക് കൊടുക്കാനാണ്... പിന്നെ, ഇപ്പൊ ഞാന്‍ സമയം നോക്കാനൊക്കെ പഠിച്ചു... അവിടെ നല്ല വച്ച് കിട്ടുമോ അച്ഛാ..??

ഞാന്‍ അമ്മയേയും കിങ്ങിണിയെയും നന്നായി നോക്കുന്നുണ്ട്...ഇല്ലെണ്ടില്‍ സ്ഥലം കഴിയാറായി.. മുകളില്‍ പറഞ്ഞതൊന്നും അച്ഛന്‍ മറക്കരുത്..

സ്നേഹത്തോടെ,
അച്ഛന്റെ സ്വന്തം ചുണ്ടന്‍." "
ഒപ്പ്"

എനിക്ക് അമ്മ അനുവദിച്ചു തന്ന ഇല്ലെണ്ടിലെ അവസാന കോളത്തില്‍  എല്ലാതവണയും ഒരുമാറ്റവും ഇല്ലാതെ ഞാന്‍ എഴുതിയിരുന്നതു മുഴുവന്‍  പ്രതീക്ഷകള്‍ ആയിരുന്നു... കൈ നിറയെ സമ്മാനങ്ങളും കൊണ്ട് അച്ഛന്‍ എത്രയും പെട്ടന്ന് വരുമെന്നുള്ള പ്രതീക്ഷ... അത് മുഴുവനും പലപ്പോഴായി അച്ഛന്‍ നിറവേറ്റി... 

അച്ഛന്‍ ഇപ്പോഴും പ്രവാസം തുടരുന്നു... കത്തുകള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു.. പകരം ഇടയ്ക്കിടെ ഉള്ള ഫോണ്‍ കോളുകള്‍ ആണ്.. പക്ഷെ അന്നത്തെ കത്തുകളുടെ സുഖം പാടെ നഷ്ടപ്പെട്ടിരിക്കുന്നു..

Sunday, July 28, 2013

ട്രീറ്റ് പണ്ണ്‍റെന്‍ സാര്‍

കഴിഞ്ഞ മഞ്ഞുകാലം, ഒരു മാസമായി എല്ലാ ശനിയാഴ്ചയും ഓഫീസില്‍ ആയിരുന്നു... അതും നല്ല കട്ട പണി... എല്ലാ ദിവസവും വളരെ വൈകി ആയിരുന്നു വീട്ടില്‍ തിരിച്ചെത്തിയിരുന്നത്...  വീട്ടില്‍ വന്നാല്‍ തന്നെ പെട്ടന്ന് വല്ലതും വച്ചുണ്ടാക്കി കഴിച്ചു ഒറ്റ കിടത്തം...!! യന്ത്രികമായിരിക്കുന്നു എന്‍റെ ദിവസങ്ങള്‍..., അത് കാരണം തന്നെ വല്ലാത്ത ഒരു മടുപ്പും അനുഭവപ്പെടാന്‍ തുടങ്ങി... ഒരു മാറ്റത്തിനായി ഇനിയൊരു യാത്രയാവാം... തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് അധികം സമയം വേണ്ടി വന്നില്ല... പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് ഒരു ഏകദേശ രൂപമുണ്ടാക്കി, ഒരാഴ്ചത്തെ ലീവും പറഞ്ഞു ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ ആ യാത്രക്ക് ഇറങ്ങി...

പലരെയും കൂട്ടിനു വിളിച്ചെങ്കിലും ഒരാഴ്ച്ച മുഴുവന്‍ ലീവ് കിട്ടില്ല എന്നത് കൊണ്ട് ആരും വന്നില്ല... ഒടുവില്‍ ഒറ്റയ്ക്ക് പോവാന്‍ തന്നെ തീരുമാനിച്ചു, അതും എന്‍റെ ബൈക്കില്‍.., ഫുള്‍ ടാങ്ക് എണ്ണയടിച്ചു വിനോദ് ഭായുടെ ക്യാമറയും സ്ലീപ്പിംഗ് ബാഗും ബാക്ക് പാക്കും, ശ്രിധരന്റെ മാപ്പും മേടിച്ചു ബാംഗ്ലൂരില്‍ നിന്നും എന്‍റെ യാത്ര തുടങ്ങി... ജാക്കെറ്റ്‌ എടുക്കാന്‍ മറന്നതിനാല്‍ പോവുന്ന വഴിയില്‍ മനോജേട്ടന്റെ വീട്ടില്‍ പോയി അതും ഒപ്പിച്ചു... ആദ്യ ലക്ഷ്യം തേനി ആയിരന്നു... അവിടത്തെ കൃഷിയിടങ്ങള്‍ കാണാനും നന്മയുള്ള തമിഴന്‍റെ സ്നേഹം അടുത്തറിഞ്ഞ്‌ ഇടപഴകാനും വേണ്ടിയായിരുന്നു ആദ്യം അവിടെ തന്നെ പോവാന്‍ തീരുമാനിച്ചത്...അന്ന് രാത്രി സേലത്ത് തങ്ങാന്‍ വിചാരിച്ചെങ്കിലും നിര്‍ത്താതെ പെയ്ത മഴ എന്നെ ധര്‍മ്മപുരി വരെ പോവാനേ അനുവദിച്ചുള്ളൂ... തല്‍ക്കാലം അവിടെ ഒരു ലോഡ്ജില്‍ റൂമെടുത്തു കൂടി... കൊതു, മൂട്ട, തണുപ്പ്, ഹോ...!! വണ്ടര്‍ഫുള്‍ നൈറ്റ്‌...,...!!

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് തേനി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു...പത്തു മുന്നൂറു കിലോമീറ്റര്‍ ഉണ്ട്... ഞാന്‍ ഇതുവരെ ആ റൂട്ടില്‍ പോയിട്ടുമില്ല.. ദിണ്ടിഗല്‍ വരെയുള്ള വഴി ഏതാണ്ട് അറിയാം... അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു തേനിയിലേക്കുള്ള റോഡ്‌ കണ്ടു പിടിച്ചു..  അതുവരെ ഉണ്ടായിരുന്ന നാല് വരിപ്പാതയുടെ സുഖം പിന്നെ ഉണ്ടായില്ല... അവിടവിടെയായി റോഡ്പണി നടക്കുന്നു... നോക്കെത്താ ദൂരത്തേക്ക് കൃഷിയിടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു... ഒരു വശത്ത്‌ പഴനി മലയും... ഇടയ്ക്കു പലയിടത്തു വച്ചും വഴി പിരിഞ്ഞു പോവുന്നു... വഴി തെറ്റാതിരിക്കാന്‍ ആ നാട്ടിന്‍പുറത്തെ നന്മ നിറഞ്ഞ ആളുകളുടെ സഹായം തേടി...

"അണ്ണാ, തേനി എന്ത പക്കം..?"

പാവാട പോലുള്ള ലുങ്കിയുടുത്ത ചുവന്ന ബനിയനും ചളി പിടിച്ച തോര്‍ത്തും വേഷമാക്കിയ ഒരാള്‍ എന്നെ സഹായിക്കാന്‍ എത്തി...

"സാര്‍, നാനും അന്തപക്കം താന്‍ ... വരട്ടുമാ.. വളി(ഴി) കാമിക്കിറെന്‍ "

"സരി, ഏറുങ്കോ.."

ഞാന്‍ അയാളെയും കൂട്ടി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു നീങ്ങാന്‍ തുടങ്ങി.. ചെറിയ ചെറിയ കുശലങ്ങളും...

"സാര്‍ നീങ്ക എങ്ങേയിരുന്തു വന്തിട്ടിറുക്കിങ്കെ...??"

"ബാംഗ്ലൂരിലിന്തു..."

"അടെങ്കപ്പ, ഇമ്പട്ടു ദൂരം തനിയാവേ ബൈക്കിലാ...??"

"ആമ.."

എന്‍റെ വട്ട് കേട്ട് ആള് അന്തംവിട്ടു...!!

"നീങ്ക എന്‍ വീട്ടുക്ക് വാങ്കോ സാര്‍, ഉങ്കളുക്കു ട്രീറ്റ് പണ്ണ്‍റെന്‍ " തമിഴന്‍റെ സ്നേഹം കവിഞ്ഞൊഴുകി...

അയാള്‍ക്ക്‌ ഇറങ്ങേണ്ട സ്ഥലം എത്താറായി... വീട്ടിലേക്കു വീണ്ടും എന്നെ ക്ഷണിച്ചു കൊണ്ടേ ഇരുന്നു.. സ്നേഹപൂര്‍വ്വം ഞാന്‍ അത് നിരസിച്ചു... പക്ഷെ അങ്ങേരു വിടുന്ന ലക്ഷണം ഇല്ല..

"എനക്ക് പോയി നെറയെ വേലയിറുക്ക്... അപ്പറം വന്തിടലാം.." ഞാന്‍ പറഞ്ഞു..

"അപ്പടി സൊല്ലക്കൂടാത്... വന്ത് ഡ്രിങ്ക്സാവത് കുടിച്ചിട്ട് പോങ്കോ..."

അപ്പോഴാണ് എനിക്ക് ബള്‍ബ്‌ കത്തിയത്... പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ട്.. അതിന്‍റെ സ്നേഹം ആണ് ഇത് വരെ കണ്ടത്... ഇനി തലയൂരാതെ രക്ഷയില്ല..
തോട്ടുത്ത കവലയില്‍ വണ്ടി നിര്‍ത്തി ആളോട് ഇറങ്ങാന്‍ പറഞ്ഞു..

"ട്രീറ്റ് പണ്ണ്‍റെന്‍ സാര്‍..."", വാങ്കോ" വണ്ടിയില്‍ നിന്നു ഇറങ്ങാതെ അയാള്‍ പറഞ്ഞു..

"ട്രീറ്റ് ഏതും തെവയില്ലൈയ്, നീങ്ക ഇറങ്കിനാല്‍ പോതും "

"അപ്പടിനാല്‍ നീങ്ക എനക്ക് ട്രീറ്റ്‌ പണ്ണുങ്കോ" അങ്ങേരു പ്ലേറ്റ് മാറ്റി...

കര്‍ത്താവേ കുരിശ്ശായല്ലോ...!!

അപ്പോഴേക്കും നാല്‍ക്കാലികള്‍ ആയ കുറേ ആളുകള്‍ ചുറ്റും കൂടാന്‍ തുടങ്ങിയിരുന്നു...

"സാര്‍ ഒരു അമ്പതു രൂപയാച്ച് കൊടുങ്കോ..."

ആള് കൊള്ളാലോ, അയാള്‍ക്ക് വേണ്ട സ്ഥലത്ത് കൊണ്ട് എത്തിച്ചതും പോര ഇനി അമ്പത് രൂപയും വേണം... പക്ഷെ തര്‍ക്കിച്ചിട്ടു കാര്യമില്ല... ആ സ്ഥലവും ഒരു പന്തിയില്ല...കാശ് തരാം എന്ന് സമ്മതിച്ചു ആളോട് താഴെ ഇറങ്ങാന്‍ പറഞ്ഞു... ഒടുക്കം ആള് വണ്ടിയില്‍ നിന്നു ഇറങ്ങി... കാശിനായി കൈ നീട്ടി...

തോമസ്സുട്ടി വിട്ടോടാ...!! ഞാന്‍ സ്വയം പറഞ്ഞു, അയാളെ പറ്റിച്ചു വണ്ടിയെടുത്തു പറപ്പിച്ചു വിട്ടു... അമ്പതു രൂപക്കായി കൈ നീട്ടി നില്‍ക്കുന്ന അയാളെ ഞാന്‍ കണ്ണാടിയിലൂടെ കണ്ടു...!! എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന കൈകള്‍...,..!!

ഏഴ് ദിവസം നീണ്ടു നിന്ന ആ യാത്രയില്‍ തമിഴന്‍റെ എന്നല്ല ഒരുത്തന്‍റെയും സ്നേഹം അടുത്തറിയാന്‍ പിന്നീടു ഞാന്‍ നിന്നില്ല... പ്രകൃതിയുടെ പച്ചപ്പും നനവും തൊട്ടറിഞ്ഞ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഒഴിവുകാലമായി ആ ഏകാന്ത യാത്ര മാറി... അന്നത്തെ യാത്രയില്‍ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ താഴെ കൊടുത്ത ലിങ്കില്‍ കാണാം...

https://www.facebook.com/rkshpc/media_set?set=a.348952361849570.80277.100002044269499&type=3



Saturday, July 27, 2013

ഞാന്‍ ഇപ്പോഴും ഫ്രീയാണ്..

പ്രണയം ഒരു അക്രമ വികാരമാണ്... അത് തോന്നാന്‍ അത്ര അധികം സമയം ഒന്ന് വേണ്ട... ഒരു നോട്ടം മതി...!! ആ വികാരം പല തവണ എന്നെ ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്... അതില്‍ പല തവണ ഞാന്‍ മൂക്കും കുത്തി വീണിട്ടും ഉണ്ട്... എന്താണ് പ്രണയം, എന്തിനു പ്രണയിക്കുന്നു എന്നൊന്നും അപ്പോഴൊന്നും ആലോചിച്ചിട്ടും ഇല്ല... അതിന്‍റെ ആവശ്യവും ഇല്ല...!!

ആദ്യം പ്രണയം തോന്നിയത് അഞ്ചില്‍ പഠിക്കുമ്പോഴാണ്... അന്നും ഞാന്‍ പ്രണയിച്ച പെണ്ണിന് എന്നോട് ലവ ലേശം പ്രേമം ഇല്ലായിരുന്നു.. അതില്‍ വല്യ അത്ഭുതവും ഇല്ല..!! പക്ഷെ അതിലൊന്നും തോറ്റു പിന്മാറാന്‍ മനസ്സില്ലായിരുന്നു... പിന്നെയും പ്രണയം എന്നില്‍ പല തവണ തളിര്‍ത്തു... ഒന്‍പതില്‍ പഠിക്കുന്ന സമയത്ത് എനിക്ക് വീണ്ടും പ്രണയം ഉണ്ടായി... അമ്പലത്തില്‍ പൂജ വയ്പ്പ് സമയത്ത് സരസ്വതി കീര്‍ത്തനം പാടിയ നമ്പൂരി കുട്ടിയോട് എനിക്ക് ഒരു "ഇത്" തോന്നി... അവളുടെ വീടിന്‍റെ മുന്നിലൂടെ സൈക്കിള്‍ ഓടിച്ചു ബെല്ലും അടിച്ചു ഡെയിലി രണ്ടു തവണയെങ്കിലും പോയിക്കൊണ്ടിരുന്നു... അത് അവളോഴികെ നാട്ടിലെ സകലരും അതറിഞ്ഞു... ഒടുവില്‍ അവളുടെ അമ്മയും.... രാകേഷ് എന്ന പേര് മനസ്സിലായി നാട്ടിലെ വേറെ ഒരു രാകേഷ് അവളുടെ അമ്മയുടെ കയ്യില്‍ പെട്ടത് വേറെ കാര്യം..!!

അതില്‍ തീരുന്നതായിരുന്നില്ല എന്‍റെ പ്രണയം... ഞാന്‍ പിന്നെയും പ്രണയിച്ചു... കോളേജില്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു സുന്ദരി പെണ്ണിന്‍റെ പിറകെ നടന്നതിനു കയ്യും കണക്കും ഇല്ല... സുഹൃത്തിന്റെ ആവേശത്തിന് പുറത്തു അവളോട്‌ നേരിട്ട് ആഗ്രഹം പറയാനും അന്ന് മടി കാണിച്ചില്ല...  കാര്യം പറഞ്ഞപ്പോള്‍ തന്നെ അവള്‍ നോ പറഞ്ഞു, ഞാന്‍ പിന്മാറിയില്ല.. അവളോട്‌ കെഞ്ചി.. ഒരു രക്ഷയും ഇല്ല.... ആദ്യമായിട്ടായിരുന്നു ഞാന്‍ എന്‍റെ പ്രണയം നേരിട്ട് പറയുന്നത്... എന്നാല്‍, കാണാന്‍ വല്യ ഭംഗി ഇല്ലാത്ത മോശമില്ലാതെ കറുത്ത എന്നെ അവള്‍ക്കു അംഗീകരിക്കാന്‍ പറ്റിയില്ല... എന്നാലും ഞാന്‍ എന്‍റെ ഉദ്യമത്തില്‍ നിന്നും പിന്മാറിയില്ല... വല്യ കാര്യം ഇല്ലായിരുന്നെങ്കിലും....!!

എന്‍റെ സമയം തുടങ്ങിയത് പിന്നെ ആയിരുന്നു... അതിനു ശേഷം കാര്യമായ മൂന്നു പ്രണയങ്ങള്‍ എനിക്കുണ്ടായി... അതില്‍ ആരോടും ഞാന്‍ കെഞ്ചി നടക്കേണ്ടി വന്നില്ല... മൂവരും പ്രണയം ആദ്യം തുറന്നു പറഞ്ഞത്‌ എന്നോടായിരുന്നു... ആരെയും സങ്കടപ്പെടുത്താതെ ഞാന്‍ അവരെ പ്രേമിച്ചു... ഓരോരുത്തരും അതാത് സമയങ്ങളില്‍ പൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു... ഇത് കൂടാതെ അപ്പപ്പോഴായി ഞാന്‍ അവിടവിടങ്ങളിലായി പലരെയും അവര്‍ അറിയാതെയും അറിഞ്ഞും ഭേഷായി പ്രേമിച്ചു...

എന്‍റെ പ്രണയങ്ങളില്‍ പലരും ഇന്ന് കല്യാണം കഴിഞ്ഞിരിക്കുന്നു... എല്ലാവര്‍ക്കും നല്ല നേരം നേരുന്നു... നിങ്ങളില്‍ എല്ലാരോടും എനിക്ക് ആത്മാര്‍ത്ഥ പ്രണയം ആയിരുന്നു...നിറഞ്ഞ സ്നേഹവും...നിങ്ങളുടെ അനിയത്തിമാരോ കസിന്‍സോ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരുക്കുന്നെങ്കില്‍ പറയുക ഞാന്‍ ഇപ്പോഴും ഫ്രീ ആണ്..!! മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 9731659500 

Friday, July 26, 2013

സീസണ്‍ ടിക്കറ്റ്‌..

ഡിഗ്രി കഴിഞ്ഞപ്പോള്‍ പതിവ് പോലെ റിസള്‍ട്ട്‌ വരുന്നത് വരെ ഒരു കോഴ്സ് ചെയ്യാന്‍ ഞാനും തീരുമാനിച്ചു.... കണ്ടുപിടിച്ച കോഴ്സ് എറണാകുളത്തു ആയിരുന്നു.... അവിടെ പോയി താമസിച്ചു പഠിക്കുക എന്നത് കുറച്ചു ചിലവുള്ള കേസ് ആയതു കൊണ്ട് തൃശ്ശൂരിലെ ചെറിയച്ചന്റെ കൂടെ താമസിക്കാന്‍ തീരുമാനമായി... ഒളരിക്കരയിലെ ചെറിയച്ഛന്റെ വീട്ടില്‍ താമസം തുടങ്ങി... ഉച്ചക്ക് നേരത്തെ പതിനൊന്നു മണിക്ക് തന്നെ ലഞ്ചും കേറ്റി ഞാന്‍ ക്ലാസിനു പോവുമായിരുന്നു... യാത്രക്ക് ട്രെയിന്‍ തന്നെ ആശ്രയം... എറണാകുളത്തു പോവാന്‍ വേണ്ടി സീസണ്‍ പാസ്സ് നേരത്തെ എടുത്തിരുന്നു...

ഉച്ചക്ക് അറബിക്കടലിന്റെ റാണിയുടെ നെഞ്ചത്തേക്ക്...പോക്കും വരവും നെഞ്ചില്‍ തീയുമായി നടക്കുന്ന ട്രെയിനില്‍..., അങ്ങനെ ഒരു മൂന്നു മാസം... തൃശ്ശൂരുമായി ബന്ധപ്പെട്ട ഏതു ട്രെയിന്‍ യാത്രയിലും കൂടുതല്‍ കേള്‍ക്കുന്നത് ആനക്കഥകള്‍ ആയിരിക്കും... എന്നും ഈ ആനക്കഥ കേട്ട് കേട്ട് ഞാനും ഒരു തൃശൂര്‍ക്കാരനായിത്തുടങ്ങി... വൈകീട്ട് പാസ്സെഞ്ചര്‍ പിടിച്ചു തൃശ്ശൂരില്‍ ഇറങ്ങി സ്റ്റേഷന് പുറത്തെ തട്ടുകടയില്‍ ചെന്ന് കൊള്ളിയും കാടമുട്ടയും ചാംബി ഒളരിക്കര വരെ നടന്നും എന്‍റെ ദിവസങ്ങള്‍ തള്ളി നീക്കി...

അന്നത്തെ എന്‍റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ അന്നത്തെ ട്രെയിന്‍ യാത്ര തന്നെ ആയിരുന്നു, പിന്നെ വൈകീട്ടത്തെ കൊള്ളിയും മുട്ടയും... പോരാത്തതിന് അന്ന് പരിചയപ്പെട്ട മുഖങ്ങളും യാത്രാനുഭവങ്ങളും വളരെ രസകരമായിരുന്നു...

അങ്ങനെ ഒരു ദിവസം ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു... സൌത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അന്നൊരു പുതിയ ട്രെയിന്‍ നില്‍ക്കുന്നു... ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ എന്ന പേരില്‍...., സീസണ്‍ ടിക്കെറ്റ് ഉള്ള ബലത്തില്‍ നേരെ ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കേറി... ചുറ്റിലും പതിവ് മുഖങ്ങള്‍..., എല്ലാര്‍ക്കും പതിവ് പരിചയ പുഞ്ചിരി സമ്മാനിച്ചു...

വണ്ടി നീങ്ങി ആലുവ വിട്ടപ്പോള്‍ ഒരുത്തന്‍ ടിക്കെറ്റും ചോദിച്ചു വന്നു... ആവേശത്തില്‍ സീസണ്‍ ടിക്കെറ്റ് എടുത്തു വീശി... അത് മേടിച്ചു വച്ച് ഒന്നും പറയാതെ അങ്ങേരു അടുത്ത കൂപ്പയിലേക്ക് നീങ്ങി... ഒന്നും മനസ്സിലാവാതെ ഞാനും പുറകെ പോയി... അപ്പോഴതാ എന്‍റെ പരിചയ മുഖങ്ങളില്‍ പലരുമുണ്ട് അങ്ങേരുടെ പുറകെ... ഇതേ കലാപരിപ്പാടി ആ കമ്പാര്‍ട്ട്മെന്റ് തീരുന്നത് വരെ അങ്ങേരു തുടര്‍ന്നു... അവസാനത്തെ കൂപ്പയില്‍ അങ്ങേരു പരിപാടിക്ക് കര്‍ട്ടനിട്ടു...എന്നിട്ട് അവിടെ ഇരുന്നു, ഞങ്ങള്‍ പത്തു നാല്‍പ്പതു സീസന്‍ ടിക്കറ്റുകാരെ ചുറ്റും നിര്‍ത്തി...

ഒന്നും മനസ്സിലാവാതെ ഞങ്ങള്‍... ചുറ്റും നിന്നു...!! കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "ഹൈ, എന്തുട്ടാ സാറെ പ്രശ്നം ?? സീസണ്‍ ടിക്കറ്റ് കാണിച്ചതല്ലേ...??"

"ഇതേ സുപ്പെര്‍ ഫാസ്റ്റ് ആണ്, ഇതില്‍ വെറുതെ സീസണ്‍ ടിക്കറ്റ്‌ കാണിച്ചിട്ട് കാര്യമില്ല..." അപ്പോഴാണ്‌ ടിക്കറ്റ്‌ മേടിച്ചു വച്ചത് ചെക്കിംഗ് സ്ക്വാഡ് ആണ് എന്ന് മനസ്സിലായത്...

"സാറേ ഇത് സൂപ്പര്‍ ഫാസ്റ്റ് ആണ് എന്ന് അറിയില്ലായിരുന്നു..." ഞങ്ങള്‍ കാരണം  വിളംബി

റെയില്‍വേ ട്രെയിന്‍ വിളിച്ചു പറയുമ്പോള്‍ അത് എതു ടൈപ്പ് ട്രെയിന്‍ ആണ് എന്ന് വിളിച്ചു പറയില്ല... പാവം ജനങ്ങള്‍ അത് നേരത്തെ മനസ്സിലാക്കികൊള്ളണം...ആര്‍ക്ക് കവലൈ...??? ബീഹാറില്‍ അക്കാലത്തു ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവരോട് ബഹുമാനം തോന്നി... ലാലു പ്രസാദിന് കേരളത്തില്‍ ജനിക്കാമായിരുന്നു...!!

പണി കിട്ടി എന്ന് മനസ്സിലായ ഞങ്ങള്‍ സ്ക്വടിന്റെ കാലില്‍ വീഴാന്‍ തുടങ്ങി... നോ രെക്ഷ... ഒറ്റ ഡയലോഗ്,

"ഒന്നുകില്‍ 250 സര്‍ക്കാരിനു, അല്ലെങ്കില്‍ 50 എനിക്ക്" അങ്ങേരു സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയിരുന്നു...

ഇല്ലെങ്കില്‍ പിറ്റേദിവസം സര്‍ക്കാരിനുള്ള കാശുമായി പോയി സീസണ്‍ ടിക്കറ്റ്‌ മേടിക്കണം... തൊട്ടടുത്ത ദിവസം കാലാവധി കഴിയുന്ന എന്‍റെ സീസണ്‍ ടിക്കറ്റിനെ കുറിച്ച് എനിക്ക് കുറ്റബോധം തോന്നി... ഞാന്‍ കൃത്യമായി അതില്‍ അഡ്രെസ്സ് കൊടുത്തിരുന്നു... ഇല്ലായിരുന്നു എങ്കില്‍ പോട്ടെ പുല്ലു എന്ന് വച്ച് പോവായിരുന്നു...!!

രാഷ്ട്രീയക്കാര്‍ക്ക് കക്കാന്‍ സര്‍ക്കാരിനു ഫൈന്‍ കൊടുക്കാന്‍ തോന്നിയില്ല... അതിനു പകരം സ്ക്വടിനു അഞ്ചിലൊന്ന് കാശ് കൊടുക്കുന്നതാണ് നല്ലത് എന്ന് തന്നെ തോന്നി... അന്ന് തട്ട് കടയില്‍ കൊടുക്കാന്‍ വിചാരിച്ച കാശ് അങ്ങേര്‍ക്കു കൊടുത്തു തടിയൂരി...ഞാന്‍ മാത്രമല്ല, എല്ലാ സീസണ്‍ ടിക്കെട്ടുകാരും...!!

അടുത്ത സ്റ്റേഷനില്‍ അങ്ങേരു ഇറങ്ങിപ്പോയപ്പോള്‍ എല്ലാരും കൂടെ കൂട്ട പ്രാര്‍ത്ഥന നടത്തി... പോണ വഴിക്ക് അങ്ങേരുടെ മുന്‍പില്‍ വരുന്ന ഒരു പാണ്ടി വണ്ടിക്കു ബ്രേക്ക്‌ പോവണേ....!!



Thursday, July 25, 2013

എന്‍റെ ബോസേ..!!

രണ്ടാഴ്ച മുന്‍പ് അമര്‍ ബോസ് എന്ന അതികായന്‍ ഇഹലോക വാസം  വെടിഞ്ഞു...ബോസ് എന്ന ഏറ്റവും മികച്ച ഓഡിയോ എഞ്ചിനീയറിംഗ് കമ്പനിയുടെ സ്ഥാപകന്‍ മരിച്ച വാര്‍ത്ത‍ എന്‍റെ ഓഫീസിലും ചര്‍ച്ചാ വിഷയമായി... അദ്ദേഹത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാനടക്കം പലരും ഗൂഗിളില്‍ തിരഞ്ഞു... ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിന്‍റെ ഒരു ചെറിയ രൂപവും വായിച്ചു മനസ്സിലാക്കി....

അറിവ് ചെറുതാണെങ്കിലും അത് നാല് പേരെ അറിയിച്ചില്ലെങ്കില്‍ ഒരു സമാധാനം ഇല്ല... കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ അറിവ് വിളമ്പാന്‍ തുടങ്ങി...അമര്‍ ബോസ് അമേരിക്കയില്‍ ആയിരുന്നെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു എന്നുള്ള അപ്പൊ വായിച്ചു കിട്ടിയ അറിവ് ഞങ്ങള്‍ ചുറ്റിലും വാരി എറിഞ്ഞു...

ആ ഏറു കൊണ്ട ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരു സുന്ദരി പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞു,

"ഹാ, എനിക്കറിയാം... അമര്‍ ബോസിന്‍റെ അച്ഛന്‍ സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന സുഭാഷ് ചന്ദ്ര ബോസ് അല്ലേ...?? ഞാനും കേട്ടിട്ടുണ്ട്..."

അത് ഞങ്ങള്‍ക്ക് ഒരു ഒന്നൊന്നര അറിവായിരുന്നു... പിന്നെ ഒന്നും ഞങ്ങള്‍ പറഞ്ഞില്ല... മിണ്ടാതെ കമ്പ്യൂട്ടറില്‍ നോക്കി പണി തുടര്‍ന്നു...  ഡിങ്കാ നീ തന്നെ രക്ഷ...!!

Wednesday, July 24, 2013

ഗുളികാ കാത്തോളണമേ....!!

ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും ഇല്ല... അനാചാരങ്ങളെ പോലും ചിലപ്പോള്‍ ചില സ്വാര്‍ത്ഥ വിചാരങ്ങള്‍ കൊണ്ട് നമ്മള്‍ ന്യായീകരിക്കാറുണ്ട്... അത്തരത്തില്‍ ഞാന്‍ ഇനിയും നടക്കണം എന്ന് ആഗ്രഹിച്ച ഒരു അനാചാരം ഉണ്ടായിരുന്നു എന്‍റെ തറവാട്ടില്‍...

കാഴ്ച വീണ്ടും ഇളയൂരിലെ എന്‍റെ തറവാട്ടിലേക്ക്... എല്ലാ വര്‍ഷവും അവിടെ നടക്കുന്ന ഒരു അനാചാരം ഉണ്ടായിരുന്നു... "ഗുളികന് കൊടുക്കുക" എന്നതാണ് അതിന്‍റെ പേര്... കുന്നുമ്പുറത്തെ ഒരു പാലത്തറയില്‍ ആണ് ഗുളികന്റെ സ്ഥാനം... ഗുളികന് ഇയര്‍ല്ലി "സംഗതി" കിട്ടിയില്ലെങ്കില്‍ മൂപ്പര് നമുക്കിട്ടു പണി തരാന്‍ തുടങ്ങും... വന്‍ ദേഷ്യക്കാരനാ....!!! സംഗതി എന്താണെന്നല്ലേ, മറ്റൊന്നും അല്ല ചിക്കനും റാക്ക് എന്ന ചാരായവും... ജോളിയായി രണ്ടും തട്ടി, മൂപ്പിലാന്‍ ഒരു വര്‍ഷത്തേക്ക് അടങ്ങി ഇരിക്കും... ഇതാണ് വിശ്വാസം...

ഈ വിശുദ്ധ നിവേദ്യം നേദിച്ചിരുന്നത് സ്ഥലത്തെ വീടുകളില്‍ ചില്ലറ പുറം ജോലികളും തൊടികളിലെ കാര്യങ്ങളും നോക്കി നടത്തുന്ന കുഞ്ഞന്‍ എന്ന് വിളിക്കുന്ന പ്രായമായ ഒരാളായിരുന്നു... കുഞ്ഞന് പ്രത്യേകിച്ച് വീടും കുടുംബവും ഉള്ളതായി എനിക്കറിയില്ല... കുഞ്ഞന്റെ പ്രായവും അവ്യക്തം... ചുക്കി ചുളിഞ്ഞ ശരീരം, വായില്‍ എണ്ണി തുടങ്ങാന്‍ പോലും പല്ലുകളില്ല... എനിക്ക് ഓര്‍മ്മ വച്ച മുതലേ കുഞ്ഞന്‍ അവിടെയുണ്ട്, പള്ളിയാളി എന്ന് വിളിക്കുന്ന ഞങ്ങളുടെ അയല്‍പക്കത്തെ ഒരു ആശ്രിതനായി...!!

ഗുളികന് കൊടുക്കാന്‍ സമയമാവുമ്പോള്‍ കുഞ്ഞനെ വിവരം അറിയിക്കും... മുറ്റത്തെ തെച്ചിയും, തുളസിയും ചെമ്പരത്തിയും ഒരു വട്ടയിലയില്‍ തയ്യാറാക്കി വയ്ക്കും... ആദ്യ റൌണ്ട് പൂജ അത് വച്ചാണ്... നേരം ഇരുട്ടിയാല്‍ വട്ടയിലയിലെ പൂവും കുറച്ചു തിരികളും വെളിച്ചെണ്ണയും കൊണ്ട് ഗുളികത്തറയില്‍ കൊണ്ട് വയ്ക്കും... പറയത്തക്ക ആകൃതി ഇല്ലാത്ത ഒരു കല്ലാണ് ഗുളികത്തറ... അവിടെയും ഇവിടെയുമായി അഞ്ചാറു തിരികള്‍ കത്തിച്ചു വച്ച് കുഞ്ഞന്‍ ഗുളികത്തറയില്‍ പൂവുകള്‍ ഏറിയും... മന്ത്രം വല്ലതും ചൊല്ലുമോ എന്ന് എനിക്ക് ഓര്‍മ്മയില്ല...

ആദ്യ റൗണ്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ തയ്യാറാക്കിയ ഒരു മുഴുത്ത പൂവന്‍ കോഴിയെ ഗുളികത്തറയില്‍ കൊണ്ട് വരും... ഒരു ചിരട്ടയില്‍ റാക്ക് ഒഴിച്ച് വയ്ക്കും.. ആ കല്ലിനു ചുറ്റും മൂന്നു പ്രാവശ്യം കോഴിയെ ഉഴിയും... അത് കഴിഞ്ഞാല്‍ ഗുളിക പ്രീതിക്കായി ആ പൂവന്‍റെ കഴുത്തറുക്കും... ആ ചോര കല്ലില്‍ തളിക്കും...!!

ഇത് കൊണ്ടും ഗുളികന്‍ അടങ്ങില്ല... പൂവന്‍ കോഴിയെ ചുട്ടു അതിന്‍റെ ലെഗ് പീസ്‌ തന്നെ കൊടുക്കണം, അത് സെക്കന്റ്‌ റൗണ്ട്... ലെഗ് പീസ്‌ ചുട്ട്, ഗുളികന്റെ മുന്നില്‍ വച്ച് വീണ്ടും പൂക്കള്‍ സമര്‍പ്പിക്കും...റാക്ക് അപ്പോഴും ഗുളികന് മുന്‍പില്‍ ഉണ്ടാവും... അതോടെ ചടങ്ങുകള്‍ അവസാനിക്കും... ഞങ്ങള്‍ തിരിച്ചു വീട്ടില്‍ പോവും... പൂവന്‍റെ ബാക്കി കൊണ്ട് അന്ന് രാത്രി ചോറും കൂട്ടി അടിക്കാം....!! അതായിരുന്നു എന്‍റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങ്... കോഴിയിറച്ചി അന്നൊക്കെ എനിക്ക് വലിയ ഒരു സംഭവമായിരിന്നു, വല്ലപ്പോഴും മാത്രം ഉള്ളതാണേ...!!

അവസാനത്തെ ചടങ്ങ് കഴിഞ്ഞാല്‍ ഞങ്ങള്‍ ചെറിയ കുട്ടികള്‍ തിരിച്ചു വീട്ടില്‍ പോവുകയാണ് പതിവ്... പിറ്റേ ദിവസം ഗുളികത്തറയില്‍ ചിക്കനും ഉണ്ടാവില്ല, റാക്കും ഉണ്ടാവില്ല... എല്ലാം ഗുളികന്‍ സ്വീകരിച്ചു നമ്മോടു സംപ്രീതനായിട്ടുണ്ടാവും... ഒരു തവണ പക്ഷെ എനിക്ക് ഇതങ്ങനെ വെറുതെ വിടാന്‍ തോന്നിയില്ല... തിരിച്ചു വന്നതിനു ശേഷം ഞാന്‍ വീണ്ടും ആരും അറിയാതെ കുന്നുംപുറത്തേക്ക് പോയി നോക്കി...!!

അന്നാണ് ഞാന്‍ ഗുളികനെ നേരിട്ട് കാണുന്നത്, നമ്മുടെ കുഞ്ഞന്‍ നല്ല വെടിപ്പായി റാക്ക് ചെലുത്തുന്നു... ടച്ചിങ്ങ്സ് ചുട്ട കോഴിക്കാല്... പല്ലില്ലാത്ത കുഞ്ഞന്റെ മോണകള്‍ക്കിടയില്‍ കോഴിക്കാല് ഞെരിപിരി കൊണ്ടു....  ആനന്ദലബ്ദിക്ക് ഇനി വേറെ എന്ത് വേണം...!!

വര്‍ഷാവര്‍ഷം നടക്കുന്ന ഈ ചടങ്ങ് ഞാന്‍ പുറത്തു പറഞ്ഞില്ല... കാരണം മറ്റൊന്നും അല്ല, വല്ലപ്പോഴും കിട്ടുന്ന കോഴിക്കറി മുടക്കണോ...?? നാടന്‍ പൂവന്‍ കോഴിയെ കറി വച്ചാല്‍ നല്ല ടെസ്റ്റാ...!! ഗുളികാ കാത്തോളണമേ....!!


Monday, July 22, 2013

ജ്ജാതി ഫ്രീക്ക്

വേനലില്‍ പെയ്യുന്ന മഴ പോലെ ഇടയ്ക്കൊക്കെ എനിക്ക് ഇങ്ങോട്ടും കല്യാണ ആലോചനകള്‍ വരാറുണ്ട്... അതില്‍ തന്നെ കൂടുതലും വരാറ് മാലയോഗം മാസിക വഴിയും... അങ്ങനെ വരണ്ടു നില്‍ക്കുന്ന സമയത്ത് ഈ അടുത്ത കാലത്ത് ഒരു മഴ പെയ്തു...!! എന്‍റെ അമ്മക്ക് പെണ്ണിന്‍റെ വീട്ടില്‍ നിന്നു ഒരു ഫോണ്‍ കാള്‍, ബാംഗ്ലൂരില്‍ ജോലിയുള്ള അവരുടെ മകള്‍ക്ക് വരനെ അന്വേഷിക്കുന്നു...

ആവാലോ... ഞാനും ഇവിടെ ബാംഗ്ലൂരില്‍ ഉണ്ടല്ലോ...!! അവരോടു നേരിട്ട് സംസാരിക്കാന്‍ അമ്മ എനിക്ക് അവരുടെ നമ്പര്‍ തന്നു... ഞാന്‍ വിളിച്ചു... പെണ്ണിന്‍റെ അച്ഛനാണ് ഫോണ്‍ എടുത്തത്‌...

"ഹലോ.."

"ഞാന്‍ രാകേഷ് ആണ്, മഞ്ചേരിയില്‍ ഉള്ള..." ഞാന്‍ മുഴുമിപ്പിച്ചില്ല... അതിനു മുന്‍പേ അവര്‍ക്ക് ആളെ പിടി കിട്ടി...

"മനസിലായി ട്വോ...!! " ഒരു വള്ളുവനാടന്‍ ടച്ച്‌...

ഞാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു..

"കുട്ടിയുടെ ഒരു ഫോട്ടോ കിട്ടുമോ..??" എനിക്കുമില്ലേ ആകാംക്ഷ...!!

"പിന്നെന്താ...കേരള മാട്രിമോണിയില്‍ കൊടുത്തിട്ടിണ്ടേ...അതിന്‍റെ ഐ ഡി എഴുതി എട്തോളൂ...ധാ..."

അതെഴുതി എടുത്തു ഞാന്‍ കേരള മാട്രിമോണി തപ്പി...
ഹായ്, നല്ല പട്ടു സാരിയൊക്കെ ഉടുത്ത ഒരു ഫോട്ടോ ആദ്യം...പിന്നെ രണ്ടെണ്ണം ചുരിദാറിട്ട് സ്ഥിരം മാട്രിമോണി പോസ്സില്‍ തന്നെ... വല്യ സുന്ദരിയൊന്നും അല്ലെങ്കിലും നല്ല നാടന്‍ ലക്ഷണങ്ങള്‍...,..!! ആദ്യ കാഴ്ച്ചയില്‍ എനിക്കിഷ്ടമായി..

ചില്ലറ പോക്രിത്തരങ്ങള്‍ കൊണ്ട് നടക്കുന്ന എനിക്ക് ഇത്ര നാടന്‍ സ്വഭാവമുള്ള കുട്ടി ചേരുമോ..?? പക്ഷെ എന്‍റെ വീടിന്‍റെ അന്തരീക്ഷവുമായി അവള്‍ നന്നായി പൊരുത്തപ്പെടാനാണ് സാധ്യത... !! മനസ്സിനകത്ത് അഭിപ്രായ സംഘര്‍ഷങ്ങള്‍ നടക്കുകയായിരുന്നു...

ഒടുവില്‍ ഒന്നുകൂടെ ഉറപ്പിക്കാനായി ആ കുട്ടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തപ്പാന്‍ തീരുമാനിച്ചു... വലിയ ബുദ്ധിമുട്ടില്ലാതെ അത് ഞാന്‍ കണ്ടു പിടിച്ചു.. പക്ഷെ അത് കണ്ടു ഞാന്‍ ഞെട്ടി, ചില്ലറ ഞെട്ടലൊന്നും അല്ല, കാലിന്‍റെ താഴെ നിന്നു ഗുണ്ട് പൊട്ടിയ പോലെ ഞെട്ടി...!!

വിവാഹ പരസ്യത്തിലെ നാടന്‍ കുട്ടി ഫേസ്ബുക്കില്‍ "ജ്ജാതി ഫ്രീക്കിഷ്ടാ...!!" വല്യക്കാട്ടെ കൂളിംഗ്‌ ഗ്ലാസ്സും ചെറിയക്കാട്ടെ ജീന്‍സും കളര്‍ ഫുള്‍ ടി ഷര്‍ട്ടും ഒക്കെ ആയി ഒരു വര്‍ണ്ണക്കുടയും പിടിച്ചു നില്‍ക്കുന്നു...!! രണ്ടും തമ്മില്‍ അജഗജാന്തരം...!!

കെട്ടുന്ന പെണ്ണ് അങ്ങനെ വേണം ഇങ്ങനെ വേണം എന്ന ലോഡ് കണക്കിന് നിബന്ധനകള്‍ ഒന്നും എനിക്കില്ല... ഇമ്മാതിരി പറ്റിക്കല്‍ പരിപാടികള്‍ പാടില്ല എന്ന് മാത്രം... സ്വന്തം വ്യക്തിത്വം മറച്ചു വച്ചുകൊണ്ട് ആളെ പറ്റിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ...?? 'നാടന്‍' ആയാലും 'ഫ്രീക്' ആയാലും എനിക്ക് സമ്മതം ആണ്... ഒരു വ്യക്തിത്വം ഉണ്ടാവണം എന്ന് മാത്രം...

ഒരു അശരീരി: പിന്നേ, നേരാംവണ്ണം നോക്കിയിട്ട് പെണ്ണ് കിട്ടുന്നില്ല, അതിന്‍റെ ഇടയിലാ അവന്‍റെ ഒരു ജാഡ പോസ്റ്റ്‌...,..!! ഇപ്പൊ വരും, നോക്കി ഇരുന്നോ...!!

Sunday, July 21, 2013

ഒരു മാവേലിക്കഥ

അങ്ങനെ ഒരു മഴക്കാലത്ത്‌ ഞാന്‍ ബാംഗ്ലൂര്‍ നഗരത്തിലെ എന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു...പഴയ സുഹൃത്തുക്കള്‍ അധികമാരും ബാംഗ്ലൂരില്‍ ഇല്ല... ഉള്ളവര്‍ തന്നെ അല്‍പ്പം ദൂരെയും..ഒരു വീട് ഒറ്റയ്ക്ക് വാടകയ്ക്ക് എടുത്തു നില്‍ക്കുക എന്നത് അന്നത്തെ ശമ്പളം വച്ച് സ്വപ്നം പോലും കാണാന്‍ പറ്റില്ലായിരുന്നു...തല്ക്കാലം താമസം ഒരു പി ജി യില്‍ ആക്കാമെന്ന് വച്ചു...അങ്ങനെ വീണ്ടും ഒരു ഏകാന്തവാസം...!!

പതിവുപോലെ പുതിയ സൌഹൃദങ്ങള്‍ ഞാന്‍ കണ്ടെത്തി തുടങ്ങി... രണ്ട്‌ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പുതിയ കൂട്ടുകാരെയും കൊണ്ട് ഒരു വാടക വീടും ഒപ്പിച്ചു...പുതിയ കൂട്ടുകാരായി, പക്ഷെ ജീവിതം അപ്പോഴും പഴയപോലെ യാന്ത്രികമായി തുടര്‍ന്നു. അതിനൊരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ഇന്‍ഫോസിസ് ഓണാഘോഷം എന്ന സംഭവത്തെ കുറിച്ച് വിവരം അറിയുന്നത്...ഇന്‍ഫോസിസ് പബ്ലിക്‌ ഫോള്‍ഡറില്‍ കണ്ട ഒരു ക്ഷണമാണ് എന്നെ അതിലേക്കു ആകര്‍ഷിച്ചത്...!!

വഞ്ചിപ്പാട്ട് ഗായകരെ ക്ഷണിക്കുന്നു...പാടാന്‍ അറിയണം എന്നില്ല...”തിത്തിതാരോ തിത്തിതാരോ” എന്ന് പറയാന്‍ അറിഞ്ഞാല്‍ മതി...വലിയ പാട്ടുകാര്‍ വരണം എന്നില്ല...ഏതു ഭാഷക്കാര്‍ക്കും സ്വാഗതം...താല്പര്യം ഉള്ളവര്‍ സമീപിക്കുക രഞ്ജിത്ത് പുന്നേലി.... എന്നതായിരുന്നു ആ ക്ഷണത്തിന്റെ രത്ന ചുരുക്കം....!!

അതേ, ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്നത്...!! കുറേപ്പേരെ പരിചയപ്പെടാം, ആഘോഷിച്ചു തിമിര്‍ക്കാം....അന്ന് വൈകുന്നേരത്തെ ഓണാഘോഷ കമ്മറ്റിയുടെ മീറ്റിങ്ങിനു ഞാനും പോയി... ഗോപാലന്‍ ഗാര്‍ഡെനിയ എന്ന ഫ്ലാറ്റില്‍ താമസിക്കുന്ന എട്ടു പത്തു പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും ഒരു കൂട്ടായ്മ ആയിരുന്നു അത്...ശ്രീധരന്‍, പുന്നെലി, ശിവാനന്ദ്, വിനുമോന്‍, ടോണി, ശശി, വിനോദ് കൃഷ്ണന്‍ എന്ന വിക്രി, പ്രവീണ്‍, സുനീഷ്, അനൂപ്‌, അശ്വിന്‍, വിപിന്‍, അരുണ്‍ മുരളി, നിഖില്‍ അങ്ങനെ ഒരു പിടി സുഹൃത്തുക്കള്‍...അത് കൂടാതെ എന്‍റെ പുതിയ സഹ മുറിയന്മാര്‍ ആയ ശോഭിതും ജിതേഷും സജുവും... എന്‍റെ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്‍കിയ ഒരു കൂട്ടം സൌഹൃദങ്ങള്‍ ഞാന്‍ അവിടെ നിന്നും നേടിയെടുക്കുകയായിരുന്നു...!!

വഞ്ചിപ്പാട്ടിന് പുറമേ എന്തൊക്കെ പരിപാടികള്‍ വേണം എന്ന ചര്‍ച്ചയായി...വലിയ പാട്ടുകാര്‍ ചേര്‍ന്ന് നല്ല കുറച്ചു ഓണപ്പാട്ടുകള്‍ പാടാന്‍ തീരുമാനിച്ചു...അവരുടെ കൂടെ കാണാന്‍ കൊള്ളാവുന്ന കുറച്ചു പെണ്‍കുട്ടികള്‍ ഉണ്ട്...അവര്‍ക്കൊക്കെ പാട്ട് പഠിപ്പിച്ചു കൊണ്ടുക്കാന്‍ ഒരുത്തര്‍ക്കും എന്തൊരു ശുഷ്ക്കാന്തി...!! നമ്മള്‍ പാവം വഞ്ചിപ്പാട്ടുകാര്‍ അവിടെ നിന്നു ഔട്ട്‌...!!

നാട്ടില്‍ നിന്നു കഥകളിക്കരെയും പഞ്ചവാദ്യക്കാരെയും കൊണ്ട് വരാന്‍ തീരുമാനിച്ചു...പിന്നെ എന്ത് വേണം എന്ന് ആലോചിച്ചപ്പോ ഒരു ടാബ്ലോ നാടകം ആവാം എന്നായി... കഥ പുരാണം തന്നെ..!! അപ്പോഴാണ്‌ ഒരു പ്രധാന പ്രശ്നം ഉയര്‍ന്നു വരുന്നത്...മാവേലിയുടെ വേഷം ആര് കെട്ടും...?? ഒരുത്തനും ഷര്‍ട്ട്‌ ഇടാതെ കാമ്പസ്സില്‍ നടക്കാന്‍ വയ്യ..!! നാണമാണത്രെ..!! ആ സംഗതി ലവ ലേശം അടുത്ത് കൂടെ പോവാത്ത ആളായത് കൊണ്ട് ഒടുവില്‍ അത് ഞാന്‍ ഏറ്റെടുത്തു... പക്ഷെ പ്രശ്നം തീര്‍ന്നിട്ടില്ല... ഇതുവരെ കണ്ട മാവേലിയൊക്കെ നല്ല തടിച്ചു വെളുത്തു കുടവയറും ഒക്കെ ആയ ഒരു രൂപമാണല്ലോ...ഇതെല്ലം പ്രശ്നമാണ്, തടി അന്നധികം ഇല്ല, ജിമ്മില്‍ ഒക്കെ പോവുന്ന കാലമായിരുന്നേ...!! പിന്നെ നിറം, അതിഷ്ടം പോലെ ഉണ്ട്...പക്ഷെ കറുപ്പാണെന്ന് മാത്രം...!!

“അത് സാരമില്ലെടാ, ആരും ഇത് വരെ മാവേലിയെ നേരിട്ട് കണ്ടിട്ടില്ലല്ലോ... നീ മതിയെടാ...!!” ശ്രീധരന്‍ പ്രോത്സാഹിപ്പിച്ചു...വേറെ ആളെ കിട്ടാനില്ലാത്തത് കൊണ്ടാണെന്നത്‌ വേറെ കാര്യം...!!

റിഹേഴ്സല്‍ തുടങ്ങി...പിറ്റേ ദിവസമാണ് പരിപാടി...ഇതുവരെ ടാബ്ലോ നാടകം ഒരു തവണ പോലും പ്രാക്ടീസ് ചെയ്തു നോക്കിയിട്ടില്ല...എല്ലാവരും കുരുത്തോല വെട്ടുന്ന സുന്ദരികളുടെ അടുത്തും ടാബ്ലോയില്‍ ലക്ഷ്മി ദേവി ആവാന്‍ വന്ന പെണ്‍കുട്ടിയുടെ അടുത്തുമൊക്കെ പുഷ്പിച്ചു നടക്കുന്നു...!! നമ്മുടെ ഗായകരുടെ കാര്യം പിന്നെ പറയണ്ട...!! ഒടുവില്‍ എല്ലാത്തിനെയും ആട്ടി തെളിച്ചു ആളൊഴിഞ്ഞ കാന്റീനില്‍ പ്രാക്ടീസ് തുടങ്ങി... മാവേലിയെ ചവിട്ടി താഴ്ത്താനൊക്കെ വന്നപ്പോള്‍ നമ്മുടെ പാവം വാമനന്‍ ഒരുപാട് കഷ്ട്ടപ്പെട്ടു.. കുറച്ചു നേരം അനങ്ങാതെ ഒറ്റക്കാലില്‍ പോസ് കൊടുക്കേണ്ടതല്ലേ...!! ഏതാണ്ടൊക്കെ ചെയ്തൊപ്പിച്ചു അന്നത്തേക്ക്‌ പിരിഞ്ഞു...

അങ്ങനെ ഓണാഘോഷ ദിവസമായി...പ്രശ്നങ്ങളുടെ പൂരമായിരുന്നു അന്ന്...!! ടാബ്ലോ മുടങ്ങി...!! മതപരമായ കാര്യങ്ങള്‍ കമ്പനിക്കുള്ളില്‍ പാടില്ല എന്ന് എച് ആര്‍ വാശി പിടിച്ചു... അതേ എച് ആര്‍ തന്നെ അടുത്ത വയ്യാ വേലിയും തന്നു, പഞ്ചവാദ്യത്തിനും കഥകളിക്കും കാശ് കൊടുക്കണമെങ്കില്‍ അവര്‍ക്ക് പാന്‍ കാര്‍ഡ്‌ വേണം എന്ന്...!! നാട്ടില്‍ നിന്നു വന്ന മേളക്കാര്‍ താടിക്ക് കൈ കൊടുത്തുകൊണ്ട് ഞങ്ങളോട് ചോദിച്ചു,

“പാന്‍കാര്‍ഡോ..??? എന്തുട്ടാധ്...??”

കുറേ കഷ്ടപ്പെട്ട് ഒടുവില്‍ അതിനു ഒരുവിധത്തില്‍ പരിഹാരം ഉണ്ടാക്കി...
“ഹോ, ഇനി അടുത്തത്...മാവേലിയെ ഒരുക്കണം...” വിനുമോന് അശ്വിന്‍ ആനന്ദ് എന്ന ഒരു സുഹൃത്തിന്‍റെ കൂടെ എന്നെ ഒരുങ്ങാന്‍ വിട്ടു...സഹായികളായി ശോഭിതും പ്രവീണും പിന്നെ ഒരു പടക്കുള്ള ആള് വേറെയും...അങ്ങനെ മേക്കപ്പ് തുടങ്ങി...പശ തേച്ചു ഒരു അസ്സല്‍ കൊമ്പന്‍ മീശ വച്ചു...വളയും കാപ്പും ഇട്ടു, താറുടുത്തു, കയ്യിലൂടെ ഒരു രണ്ടാം മുണ്ട് പിന്നെ ഓലക്കുട.. മെതിയടി ഇട്ടു നടക്കാന്‍ മാത്രം വയ്യ, എവിടെയെങ്കിലും തലയും കുത്തി വീഴും...!! പകരം നാടകത്തിലെ രാജാ പാര്‍ട്ട് വേഷത്തിന്റെ ചെരിപ്പിട്ടു... ഹല്ല പിന്നെ..!!

അങ്ങനെ ഒരു മാവേലി മന്നനായി ഞാന്‍ ഇന്‍ഫോസിസ് ആംഫി തിയേറ്റര്‍ ലക്ഷ്യമാക്കി നടന്നു... ആര്‍പ്പു വിളികളുമായി കമ്മറ്റിക്കാര്‍....!! അകമ്പടിക്ക്‌ പഞ്ചവാദ്യം...!! പരിപാടി കാണാന്‍ കൂടിയിരുന്ന ആളുകളിടെ ഇടയിലൂടെ നടന്നു ആശംസകള്‍ പറഞ്ഞു...പരിപാടി പൊളിക്കാന്‍ ശ്രമിച്ച എച് ആറിനും കൊടുത്തു ഒരു ഒന്നൊന്നര ഓണാശംസ...!!

മാവേലിയെ കണ്ടു മലയാളികള്‍ തരിച്ചു നിന്നു പോയി... ഈ സൈസ് മാവേലിയെ അവര്‍ ഇത്രയും നാളും ഓണമുണ്ടിട്ടും കണ്ടിട്ടില്ല...!! അവരുടെ കമ്മന്റുകള്‍ വരാന്‍ തുടങ്ങി....

“മാവേലിക്ക് പാതാളത്തില്‍ വര്‍ക്കപ്പണി ആയിരുന്നോ...??”

“കുറച്ചു കരിഞ്ഞല്ലോ, മാവേലി...!!”

“പാതാളത്തില്‍ പട്ടിണിയാണോ...??”

ഒന്നും ശ്രദ്ധിക്കാന്‍ പോയില്ല... ഓരോ സുന്ദരികളെയും അടുത്ത് പോയി കണ്ടു ഓണാശംസ കൈമാറുന്ന തിരക്കില്‍ ആയിരുന്നു ഞാന്‍, ഒടുവില്‍ കുറച്ചു കിളികളുടെ അടുത്ത് തന്നെ പോയി ഇരിക്കുകയും ചെയ്തു...!!

പരിപാടി തുടങ്ങാറായി, ഓണാഘോഷം ഉത്ഘാടനം ചെയ്യാന്‍ വേറെ ആളെ കിട്ടാത്തത് കൊണ്ട് അവര്‍ മാവേലിയായ എന്നെ തന്നെ അതിനു ക്ഷണിച്ചു....ഭദ്രദീപം കൊളുത്താന്‍ പോയപ്പോള്‍ ആണ് അതറിഞ്ഞത്, കൊളുത്താന്‍ തീപ്പെട്ടി മാത്രമേ ഉള്ളൂ...!!

“മറ്റേ ചെറിയ വിളിക്കില്ലേ..??” ഞാന്‍ അവിടെ ഉണ്ടായിരുന്ന അവതാരകനോട് ചോദിച്ചു..

“അളിയാ, ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ്..” എന്നും പറഞ്ഞു അവന്‍ എന്‍റെ കയ്യില്‍ തീപ്പെട്ടി തന്നു...

അന്നാണെങ്കില്‍ നല്ല കാറ്റും...!! രണ്ടു മൂന്നു കൊള്ളി വേസ്റ്റ് ആയി...
അടുത്തത് കത്തിച്ച ഉടനെ, സിഗരറ്റ് കൊളുത്തുന്നത് പോലെ ഞാന്‍ മറ്റേ കൈ കൊണ്ട് പൊത്തി പിടിച്ചു....അടുത്ത കമന്റ്‌,

“മാവേലി നല്ല വലിയാണല്ലേ..??”

ഇതൊക്കെ കേള്‍ക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? എല്ലാരും കൂടെ ചേര്‍ന്ന് എനിക്കിട്ടു പണി തന്നതായിരുന്നല്ലേ...?? ബ്ലഡി ഫൂള്‍സ്...!! വെറുതെ ആല്ല ആരും ഈ പണിക്കു വരാത്തത്...!!

കഥകളിയും, കേരള നടനവും, തിരുവാതിരയും, നമ്മുടെ കേമന്മാരുടെ ഒന്നപ്പാട്ടും എല്ലാം തകര്‍ത്തു നടന്നു... മുന്‍ നിരയില്‍ ഇരുന്നിരുന്ന എന്‍റെ അടുത്ത് ഒരു സുന്ദരി പെണ്ണ് വന്നു ഒരു ചോദ്യം...

“കാന്‍ ഐ ടേക്ക് എ സ്നാപ് വിത്ത്‌ യു..??”

പടച്ചതമ്പുരാനേ....!! എന്നോട് തന്നെയാണോ ഇത് ചോദിക്കുന്നത്...

“വൈ നോട്ട്...”

അവര്‍ക്ക് വേണ്ടത് പോലെ ഞാന്‍ പോസ് ചെയ്തു കൂടെ നിന്നു കൊടുത്തു...
ഈ പരിപാടി കൊള്ളാം, ഇനി എന്നും ഈ വേഷത്തില്‍ നടന്നാലോ...??? വേണ്ട, ഡ്രസ്സ്‌ കോഡ് വയലേഷന് ഫൈന്‍ അടിച്ചാല്‍ പിന്നെ 'യവാളുകെ അക്കരയേലു' വാങ്ങാന്‍ ശമ്പളം തികയില്ല....!!

അവസാനം വഞ്ചിപ്പാട്ടും പാടി ഞങ്ങള്‍ നടത്തിയ ഓണാഘോഷ പരിപാടി മനോഹരമായി അവസാനിപ്പിച്ചു... എല്ലാവരും പോവാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴും ഞാന്‍ ഇന്‍ഫോസിസ് സുന്ദരികളുടെ കൂടെ സ്റ്റീല്‍ ബോഡിയും കാണിച്ചു ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു...!!

അതേസമയം, മറ്റു കമ്മറ്റിക്കാരുടെ ഉള്ളില്‍ അപ്പൊ അസൂയയുടെ തീ ആളി പടരുകയായിരുന്നു...!! പാട്ട് പാടാന്‍ കഴിഞ്ഞത് കൊണ്ട് വല്യ കാര്യമില്ല...ഓണത്തിന് മാവേലി തന്നെയാണ് സ്റ്റാര്‍... “ബുഹഹഹഹ...”

Wednesday, July 17, 2013

ആദ്യത്തെ വിലപേശല്‍..

ആദ്യത്തെ വിലപേശല്‍..
=====================

വിലപേശല്‍ ഒരു കലയാണ്‌..., ഞാന്‍ ആ കല സ്വായത്തമാക്കിയത് കണ്ണേട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന അച്ഛന്റെ കസിന്‍റെ കയ്യില്‍ നിന്നാണ്...ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന കണ്ണേട്ടന്‍ ആ വിദ്യ പഠിച്ചതോ, ബിന്ദു എന്ന സ്വന്തം ചേച്ചിയില്‍ നിന്നും...വഴി വക്കിലും സകല കടകളിലും ചെന്ന് അവര്‍ വിലപേശുന്നത് ഞാന്‍ അത്ഭുതം കൂറി നോക്കി നിന്നിട്ടുണ്ട്...കടക്കാരന്‍ പറഞ്ഞതിന്‍റെ പകുതി വിലക്ക് അവര്‍ സാധനം മേടിച്ചു വരും.. വില കൂട്ടി പറയുന്ന കച്ചവടക്കാരുടെ അടുത്ത് ഈ ആടവില്ലാതെ പിടിച്ചു നില്‍ക്കുക പ്രയാസം...!!

പിന്നീട് ഇത് കണ്ടു പഠിച്ച ഞാന്‍ എന്‍റെ സ്വന്തം ശൈലിയില്‍ നാട്ടിലെ കടകളിലും ഈ കലാപരിപാടി നടത്തി...അതില്‍ നല്ല പോലെ വിജയിക്കുകയും ചെയ്തിട്ടുണ്ട്...ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തത് കൊണ്ട് ഗപ്പോന്നും കിട്ടിയിട്ടില്ല എന്ന് മാത്രം....!!ഏറ്റവും ഒടുവില്‍ അടുത്ത കാലത്ത് അനിയത്തിയുടെ കല്യാണക്കുറി മേടിക്കുന്നതിലും, ഓവര്‍ സ്പീഡിനു പോകിയ പോലീസുകാരന്റെ കൈക്കൂലി കണക്കിലും  എത്തി നില്‍ക്കുന്നു എന്‍റെ വില പേശല്‍ പാടവം...!!

പക്ഷെ ഇതിന്‍റെ തുടക്കം ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പാണ്...എല്ലാ വെക്കേഷന്‍ എന്നത് പോലെ അന്നും ഞാന്‍ ബാംഗ്ലൂരില്‍ എത്തി...വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു പോവുമ്പോള്‍ കണ്ണേട്ടന്റെ അമ്മ വക ഒരു സമ്മാനം പതിവായിരുന്നു...ആ വര്‍ഷം തിരിച്ചു പോവുമ്പോള്‍ എനിക്ക് ഒരു ഷര്‍ട്ട് മേടിച്ചു കൊടുക്കാന്‍ കണ്ണേട്ടന് നിര്‍ദേശം കിട്ടി... ഇന്നുള്ളത് പോലെ മാളുകള്‍ ഒന്നും ഇല്ല അക്കാലത്ത്...മെജെസ്ടിക്കിനു അടുത്തുള്ള അലങ്കാര്‍ പ്ലാസ ആണ് അന്നത്തെ പ്രധാന വിപണന കേന്ദ്രം....ഞങ്ങള്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു...!!

ഒന്നുരണ്ടു കടയില്‍ കയറി അവസാനം ഒരു ഷര്‍ട്ട് ഇഷ്ടപ്പെട്ടെടുത്തു...ഇനി വിലപേശല്‍ സമയം....കടക്കാരന്‍ മുന്നൂറു രൂപ പറഞ്ഞു, കണ്ണേട്ടന്‍ അത് അവസാനം നൂറില്‍ എത്തിച്ചു...എന്‍റെ കണ്ണു തള്ളിപ്പോയി...!! ഇത് കൊള്ളാലോ...പറഞ്ഞതിന്‍റെ മൂന്നില്‍ ഒന്നില്‍ സംഭവം ഒതുക്കിയിരിക്കുന്നു...!!
കണ്ണേട്ടന്‍ വിലപേശുന്ന രീതി ഞാന്‍ കണ്ടു പഠിക്കുകയായിരുന്നു...!!

എനിക്കും ഇതൊന്നു പ്രയോഗിച്ചു നോക്കണം എന്ന് തോന്നി...നാട്ടില്‍ നിന്നു വന്നപ്പോള്‍ അച്ഛമ്മ തന്ന ഇരുന്നൂറു രൂപ പോക്കറ്റില്‍ ഉണ്ട്...ഒന്ന് മൂത്രമൊഴിക്കാന്‍ എന്നും പറഞ്ഞു ഞാന്‍ ഒറ്റയ്ക്ക് അലങ്കാര്‍ പ്ലസയിലൂടെ നടന്നു...ഒരു കടയില്‍ നല്ല ഒരു ടി ഷര്‍ട്ട് ഇരിക്കുന്നു.. എനിക്കത് ഇഷ്ടമായി... കടയില്‍ കയറി വില ചോദിച്ചു...

"ടു ഹണ്ട്റട്..." എന്ന് കടക്കാരന്‍

"എയിട്ടി..." എന്ന് ഞാന്‍

"ഹണ്ട്റട് ആന്‍ഡ്‌ ഫിഫ്ടി..." കടക്കാരന്‍ നയം വ്യക്തമാക്കി

നടകൂല....
 "ലാസ്റ്റ് പ്രൈസ് വണ്‍ ട്വന്റി...." കച്ചവടം ഡീല്‍ ആയി....

പരിചയ സമ്പത്തുള്ള കണ്ണേട്ടന്‍ നൂറിനു മേടിചെങ്കില്‍ ഈ കളരിയിലെ കന്നിക്കാരനായ എനിക്ക് നൂറ്റി ഇരുപതു കൊടുക്കാം....

"വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്‌//..,..!!" ഞാന്‍ സ്വയം അഭിനന്ദിച്ചു...

ടി ഷര്‍ട്ട് പൊതിഞ്ഞു തന്ന കടക്കാരന് പോക്കറ്റിലെ രണ്ടു നൂറിന്റെ ഗാന്ധി തലയുള്ള നോട്ടുകള്‍ നീട്ടി കൊടുത്തു, ബാക്കി ചോദിച്ചു...അത് വരെ ശാന്തനായിരുന്ന കടക്കാരന്‍ ഞാന്‍ കൊടുത്ത കാശ് മേടിച്ചതിനു ശേഷം ആള് മാറി അന്യനായി....!! എനിക്ക് ബാക്കി തരുന്നില്ല...!! ഞാന്‍ ഒച്ച വച്ചപ്പോള്‍ സാധാരണമായിരുന്ന അയാളുടെ കണ്ണുകള്‍ ഉരുണ്ട് കയറി, പല്ലുകള്‍ കടിച്ചു കൊണ്ട് എന്‍റെ നേര്‍ക്ക്‌ അയാള്‍ ആക്രോശിച്ചു...

"ഹോഗോലൈ....നന്‍ മകനെ....!!" ഇറങ്ങി പോടാ പുന്നാര മോനെ എന്ന് തര്‍ജമ്മ...

കര്‍ണാടകക്കാരുടെ ഗുണ്ടായിസം ആദ്യമായി കണ്ടത് അന്നായിരുന്നു... (ഇന്ന് ആ കാഴ്ചക്ക് ഒരു പഞ്ഞവും ഇല്ല...നമ്മള്‍ മലയാളീസ് ഇവര്‍ക്ക് മുന്‍പില്‍ എത്ര ഡിസന്റ്)  എന്‍റെ ഇരുന്നൂറു രൂപ ഒരു ദയയും ഇല്ലാതെ അയാള്‍ കൈക്കലാക്കിയത് വേദനയോടെ ഞാന്‍ നോക്കി നിന്നു...കിട്ടിയ ടി ഷര്‍ട്ടും കൊണ്ട് ഞാന്‍ കണ്ണേട്ടന്റെ അടുത്ത് പോയി...നടന്ന കാര്യവും അപമാനവും പുറത്തു പറയാന്‍ ദുരഭിമാനം അനുവദിച്ചില്ല...സങ്കടമെല്ലാം ഉള്ളില്‍ ഒതുക്കി മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു ഞാന്‍ കണ്ണേട്ടനോട് പറഞ്ഞു...

"ഒരു ടി ഷര്‍ട്ട് വാങ്ങി, ഇരുന്നൂറു പറഞ്ഞു...പക്ഷെ നൂറിനു കിട്ടി...!!"

"അമ്പടാ.. നീ ആള് കൊള്ളാലോ, ഭാഷ അറിയാതെ നീ ഇത് ഒപ്പിച്ചല്ലോ...നിനക്ക് ജീവിക്കാന്‍ അറിയാം...!!" എന്ന് കണ്ണേട്ടന്റെ വക സര്‍ട്ടിഫിക്കറ്റ്....!!

പിന്നേ, ആവേശം കാണിച്ചു ആ കടക്കാരന്റെ അടി കൊണ്ട് ചാവാതെ, മിണ്ടാതെ തിരിച്ചു പോന്നില്ലേ....എനിക്ക് നന്നായി ജീവിക്കാന്‍ അറിയാം, എന്ന് ആത്മഗതം...!!

Tuesday, July 16, 2013

മീശ മീശ...!!

ഇത് മീശയുള്ളവരുടെ കാലമാണ്.. ശിഖര്‍ ധവാനും രവീന്ദ്ര ജടെജയും എല്ലാം മീശ വച്ച് കളം നിറഞ്ഞു കളിക്കുന്നു...മീശയില്ലാത്ത സരിതയും തിരുവഞ്ചൂരും  "ക്ഷ" വരയ്ക്കുന്നു...മീശയുള്ളത് കൊണ്ട് ഉമ്മന്‍ ചാണ്ടി മുഖ്യ കസേര വിടാതെ നില്‍ക്കുന്നു...കഷ്ടകാലത്തിന് ഉണ്ടായിരുന്ന കട്ടിമീശ വടിച്ച ബിജു അകത്തായി..അങ്ങനെ കാലം തെളിയിച്ച മീശ എന്ന ഐശ്വര്യം എനിക്കും ആവാം എന്ന് വച്ചു....എന്നാല്‍ ഇരിക്കട്ടെ എനിക്കും  ഒരു മീശ...കുറേ ആയില്ലേ അമ്മ എനിക്ക് പെണ് നോക്കാന്‍ തുടങ്ങിയിട്ട്...!! ഒരു പക്ഷെ മീശ വച്ചതിനു ശേഷം നല്ല കാലം വന്നാലോ...!! ഞാനും വളര്‍ത്തി ഒരു കൊച്ചു മീശ...!! ഇനി എനിക്കും നല്ല കാലം...!! ഹായ്...ഹായ്...!!

കഴിഞ്ഞ പെണ്ണുകാണല്‍ ചടങ്ങില്‍ ഒന്നും ഞാന്‍ മീശ വച്ചുകൊണ്ട് പോയിരുന്നില്ല...ഒരു ചേഞ്ച്‌ ആവട്ടെ എന്ന് കരുതി ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തന്നെ ഒരല്‍പ്പം വളര്‍ത്തിയ മീശയുമായി ഞാന്‍ ലാന്‍ഡ്‌ ചെയ്തു...ദക്ഷിണ ഇന്ത്യക്കാര്‍ക്ക് മീശ എന്നും ഒരു അലങ്കാരമാണ്... മീശ ഇവിടത്തെ പെണ്ണുങ്ങള്‍ക്കും ഇഷ്ടമാണ് എന്ന പൊതുവായ ധാരണയും ഉണ്ട്...

ശനിയാഴ്ച രാവിലെ തന്നെ പെണ്ണ് കാണാന്‍ പോവാന്‍ ഉറപ്പിച്ചു...വല്യമ്മയുടെ മോന്‍ കാറും കൊണ്ട് വന്നു, ഞങ്ങള്‍ പത്തു കിലോമീറ്റര്‍ ദൂരത്തുള്ള പെണ്ണിന്‍റെ വീട്ടില്‍ പോയി...അലക്കി തേച്ച മുണ്ടും, ഇസ്തിരിയിട്ട് വടിപോലെ ആയ ഷര്‍ട്ടും, സ്ഥിരം കണ്ണടയും കയ്യിലെ റിസ്റ്റ് ബാന്ടുകളും ആയി ഞാന്‍ അവിടെ എത്തിയപ്പോള്‍ തന്നെ പഴയ ജവാനായ പെണ്ണിന്‍റെ അച്ഛനെ കണ്ടു... അങ്ങേര്‍ക്കും ഉണ്ട് നല്ല കനത്തില്‍ ഒരു കൊമ്പന്‍ മീശ....!!

"മീശ വച്ചത് വേസ്റ്റ് ആയില്ല..." ഞാന്‍ മനസ്സില്‍ പറഞ്ഞു...

അങ്ങനെ ഞാനും അങ്കിളും അമ്മയും വല്യമ്മയുടെ മോനും അവരുടെ വീട്ടില്‍ ചെന്ന് കേറി...കുശലാന്വേഷണവും വര്‍ത്തമാനവും നടക്കുന്നതിനിടെ ചായയെത്തി... കൂടെ ബിസ്ക്കറ്റും ചിപ്സും....!! ഞാന്‍ ചായ കുടിക്കുന്നതിനു മുന്‍പ് തന്നെ പെണ്ണ് പ്രദര്‍ശന വസ്തുവായി മുന്നില്‍ വന്നു... എന്‍റെ അമ്മ എന്തൊക്കയോ ആ കുട്ടിയോട് ചോദിച്ചു... ആ കുട്ടി മറുപടിയും കൊടുത്തു... എനിക്ക് സംസാരിക്കണം എന്ന് ഞാന്‍ അങ്കിളിനോട് പറഞ്ഞു...അതേ സന്തേശം നമ്മുടെ എക്സ് ജവനോട് കൈമാറി...പക്ഷെ അങ്ങേര്‍ക്കു താല്‍പര്യമില്ല....

"അങ്ങനെയുള്ള വര്‍ത്തമാനമൊന്നും കല്യാണത്തിന് മുന്‍പ് വേണ്ട"
അങ്ങേരു ശഠിച്ചു...!!

"ഇപ്പോഴത്തെ പിള്ളേര്‍ക്ക് അതൊക്കെ വേണം..." അങ്കിള്‍ എന്നെ പിന്താങ്ങി...

"എന്ത് വേണേലും ഇവിടെ വച്ച് ചോദിച്ചോട്ടെ..." എന്ന് മീശക്കാരന്‍ ജവാന്‍..

ഒടുവില്‍ എല്ലാവരും ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ഉമ്മറത്ത്‌ വച്ച് സംസാരിക്കാന്‍ അവസരം കിട്ടി...കോമ്പ്രമൈസ്..!!

പ്രത്യേകിച്ച് ഒരു അഭിപ്രായവും താല്‍പര്യങ്ങളും ആ കുട്ടിക്ക് ഇല്ലാ എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു മിനിറ്റു തികച്ചു വേണ്ടി വന്നില്ല....!! അതോടെ ഞാന്‍ ഫുള്‍ ഡെസ്പ്പ്...!! ഒന്ന് മിണ്ടാനും പറയാനും ഒരു വിഷയം പോലും ഉണ്ടാവില്ല... വന്‍ ട്രാജെടി...!!

 കാണാന്‍ മോശമില്ലാത്ത വെളുത്ത ആ സുന്ദരിയെ അടുത്ത് കണ്ടപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, അവള്‍ക്കും ഉണ്ട് നല്ല സുന്ദരന്‍ മീശ...!! അവളുടെ വെളുത്ത മുഖത്ത് ആ പൊടിരോമങ്ങള്‍ എച്ച് കെട്ടിയത് പോലെ നിലനില്‍ക്കുന്നു...അത് അവളുടെ മുഴുവന്‍ സൗന്ദര്യവും കെടുത്തി... മീശ നല്ല ഐശ്വര്യമാണ് ഇക്കാലത്ത്, എന്നാലും പെണ്ണിന് മീശ അത്ര നല്ലതായി തോന്നിയില...!!

രണ്ടു മിനിട്ടിന്റെ വര്‍ത്തമാനം കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നപ്പോഴെകും കുടിക്കാന്‍ വച്ച ചായയും പോയി, ബിസ്ക്കറ്റും ചിപ്സും പോയി... എല്ലാം അവര്‍ തിരിച്ചെടുത്തു പോയി കഴിഞ്ഞിരുന്നു...!!

"വീണ്ടും വന്‍ നഷ്ടം..!!"

പതിയെ അവിടെ നിന്നു ഞങ്ങള്‍ സ്ഥലം കാലിയാക്കി...പല കാരണങ്ങളാലും അമ്മയ്ക്കും ആ ബന്ധം ഇഷ്ടമായില്ല...എനിക്കും പല കാരണങ്ങള്‍ ഉണ്ടായിരുന്നു..!! മീശ അതില്‍ ഒന്ന് മാത്രം....!!

അങ്കിളും അമ്മയും കൂടെ വിശകലനം തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, "ഇത് നമ്മള്‍ക്ക് വേണ്ട... എനിക്ക് വലിയ താല്പര്യം ഇല്ല..." അതോടെ ആ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കം ഉണ്ടായില്ല...എന്‍റെ ഇഷ്ടത്തിനപ്പുറം അവര്‍ക്ക് വേറെ ഒന്നും ഇല്ല...

എന്തൊക്കെ പറഞ്ഞാലും മീശ ആണുങ്ങള്‍ക്ക് അതൊരു അഴകാണ്... അതുപോലെ എന്തൊക്കെ ഐശ്വര്യമാണ്ണ് എന്ന് പറഞ്ഞാലും പെണ്ണിന് മേല്‍ച്ചുണ്ടില്‍ മീശ പൊടിഞ്ഞാല്‍ വാക്സ് തന്നെ ശരണം..!! 

Monday, July 15, 2013

ജാതക മാഹാത്മ്യം

എന്ത് ചെയ്യാനാ...!! പാവം എന്‍റെ അമ്മ, മകന് ഒരു പെണ്ണന്വേഷിക്കാന്‍ ഇറങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി...!! ആദ്യം കണ്ട ജോത്സ്യന്‍ പറഞ്ഞു, "മോന്‍റെ ജാതകത്തില്‍ ഒരു ദോഷം ഉണ്ട്...അതിനു ചേരുന്ന ജാതകം വേണം"

ആ പാവം പിന്നെ ദോഷ ജാതകങ്ങള്‍ അന്വേഷിച്ചിറങ്ങി..തലങ്ങും വിലങ്ങും..!! കിട്ടി കുറെ ദോഷ ജാതകങ്ങള്‍..., അതും കൊണ്ട് ചെന്നപ്പോള്‍ ജോല്‍സ്യനു സുഖമില്ലാതായി...!! വേറെ ജോത്സ്യനെ അന്വേഷിച്ചു കണ്ടെത്തി കുറച്ചു പിള്ളേരുടെ ദോഷ ജാതകവുമായി ചെന്നപ്പോ പറയുന്നു അതൊന്നും ചേരില്ല എന്ന്..!!

ഇതിനിടക്ക്‌ കേരള മാട്രിമോണിയും മലയോഗവും എല്ലാം തപ്പി കുറേ പേരെ വിളിച്ചു എയര്‍ടെല്ലും ബി എസ് എന്‍ എല്ലും കുറേ സമ്പാദിച്ചു...അതിനിടയില്‍ ചിലര്‍ക് കോഗ്നിസെന്ററില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ സുമുഖനും സല്‍സ്വഭാവിയും ആയ ഇരുപതെട്ടുകാരനെ താല്പര്യം ഉണ്ടായി..അവര്‍ തലക്കുറിയും കൊണ്ട് അവരുടെ ജോത്സ്യനെ കണ്ടു...അങ്ങേരു പറയുന്നു എന്‍റെ ജാതകം ശുദ്ധജാതകം ആണെന്ന്...ഇതാപ്പോ നാന്നായെ, ശുദ്ധമേ... അതും എന്‍റെ... എനിക്ക് വയ്യ...!!

ഇതൊക്കെ കേട്ടു തലകറങ്ങിയ അമ്മയോട് എന്‍റെ ജാതകത്തെ പറ്റി ചോദിച്ചാല്‍ അപ്പൊ പല്ല് കടിച്ചു കൊണ്ട് പറയും "അതെന്തു കുന്തമാണെന്ന് ഇനിയും മനസ്സിലായിട്ടില്ല..!!"  എന്റെയല്ലേ ജാതകം...!!

നടക്കാത്ത കല്യാണങ്ങള്‍ ആലോചിക്കുമ്പോള്‍ എനിക്ക് മനസ്സില്‍ വരുന്നത് ഒരു സിനിമ ഡയലോഗ് ആണ്, " പ്രധാന പ്രശ്നം ഇതൊന്നുമല്ല....."

പ്രശ്നം, അത് നിങ്ങള്‍ക്കറിയാലോ....!!

ഈ ആഴ്ചയിലെ പെണ്ണുകാണല്‍ വിശേഷം നാളെ...!!

Thursday, July 11, 2013

എന്‍റെ പെങ്ങളെ..

ഹോ...ഒടുക്കത്തെ ഒരു പണി കിട്ടി...ദാ...ദിപ്പോ...!!

കുറച്ചു കാലം മുന്‍പ്, ഞാന്‍ ജോലി ചെയ്തിരുന്നത് നോക്കിയ സിമെന്‍സ് എന്ന കമ്പനിയില്‍ ആയിരുന്നു, കോണ്ട്രാക്ടര്‍ ആയി... അവിടെ വച്ച് ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ കിട്ടി...ഭരത്, സത്യാ, മഞ്ജു, ദീപിക, ഗുന്ജന്‍, കാവേരി... ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഉച്ചയൂണും, അത് കഴിഞ്ഞുള്ള നടത്തവും, ഇടക്കുള്ള ചായയും എല്ലാം...ഈ വര്‍ഷം ആദ്യം മുതല്‍ ഞാനും സത്യയും ആ കമ്പനിയില്‍ നിന്നും തിരിച്ചു ഞങ്ങളുടെ കമ്പനി ആയ കോഗ്നിസന്റ്റ് ഓഫീസില്‍ തിരിച്ചെത്തി....അതോടെ സ്ഥിരം കൂടി കാഴ്ചകള്‍ നിന്നു...

കഴിഞ്ഞ മാസം ഭരത്തിന്റെ കല്യാണ നിശ്ചയത്തിനാണ് ഞങ്ങള്‍ കുറച്ചു പേരെങ്കിലും കുറെ കാലത്തിനു ശേഷം കാണുന്നത്...സങ്കീര്‍ത്തന എന്ന ഒരു കൂട്ട് അവനായി തന്നെ കണ്ടുപിടിച്ചു...അന്ന് നിശ്ചയത്തിനു പോയപോഴാണ് എല്ലരും ചേര്‍ന്ന് വാട്സ്അപ്പില്‍ ഡി കമ്പനി എന്ന ഒരു ചാറ്റ് ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞത്...അതില്‍ ചേര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായാണ് ഇന്ന് എല്ലാരോടും ചാറ്റ് ചെയ്തത്...

എന്‍റെ മലയാളം കുറിപ്പുകള്‍ക്ക് സ്ഥിരമായി ലൈക്കും കമന്റും ഇടുന്ന കന്നടക്കാരനായ ഭരതിനെ ചൊടിപ്പിക്കാന്‍ ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി...പൊതുവേ വല്ല മലയാളി പെണ്ണിനേയും വളക്കാന്‍ ആണ് മറുഭാഷക്കാര്‍ കഷ്ടപ്പെട്ട് മലയാളം പഠിക്കുന്നത് കണ്ടിട്ടുള്ളത്...അടുത്ത് തന്നെ നിശ്ചയം കഴിഞ്ഞ ഭരത്തിനു ഇപ്പൊ ഒരു മലയാളി പെണ്ണിനേയും വളക്കേണ്ട ആവശ്യമില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു...കഷ്ടപ്പെട്ട് പെണ്ണ് നോക്കുന്ന എനിക്ക് പരിചയപ്പെടുത്തികൂടെ എന്നും ഞാന്‍ അവനോടു ചോദിച്ചു...ഒരു ചിരി മാത്രമായിരുന്നു മറുപടി...

എനിക്ക് പരിചിതമല്ലാത്ത കീര്‍ത്തി എന്ന ഒരു കഥാപാത്രവും ആ ഗ്രൂപ്പില്‍ ഉണ്ട് എന്ന് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്...

"ആരാണ് കീര്‍ത്തി..??"  ഞാന്‍ അന്വേഷിച്ചു..

"അവളൊരു മലയാളി പെണ്ണാണ്‌.,..." ഭരത് പറഞ്ഞു...

"മനസ്സില്‍ ലഡ്ഡു പൊട്ടി..."

"രാകേഷ്, എനിക്ക് മലയാളം അറിയില്ല...ഭരത് വെറുതെ പറഞ്ഞതാണ്...." കീര്‍ത്തി പറഞ്ഞു

"മലയാളി ആയില്ലെങ്കില്‍ എന്താ..!! ഞാന്‍ മലയാളം പഠിപ്പിക്കാം..." ഞാന്‍ ആവേശഭരിതനായി...

"കീര്‍ത്തി, അതികം വൈകാതെ നമുക്ക് നേരിട്ടു കാണണം"

"തീര്‍ച്ചയായും..."

കുറെ നേരം കൂടി ഞങ്ങള്‍ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു ചാറ്റ് ചെയ്തു...

എന്‍റെ സ്വപ്‌നങ്ങള്‍ നിറം വച്ച് തുടങ്ങി.... മലയാളം അറിയാത്ത കീത്തിയെ അമ്മക്ക് പരിചയപ്പെടുത്തണം...അതിനു മുന്‍പ് അവളെ മലയാളം പഠിപ്പിക്കണം...നാട്ടിലെ മര്യാദകളും ആചാരങ്ങളും പഠിപ്പിച്ചെടുക്കണം...വീട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടപ്പെട്ടാല്‍ മതിയായിരുന്നു...അവള്‍ കാണാനും സുന്ദരി ആയിരിക്കും...അവളുടെ ചിത്രം ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി...എന്നാലും അവളുടെ ഫോട്ടോ കാണാന്‍ ഒരു മോഹം...

"കീര്‍ത്തിയുടെ ഫേസ്ബുക്ക്‌ ഐ ഡി എന്താ..??"

"സങ്കീര്‍ത്തന ഗോപികൃഷ്ണ" അവള്‍ പറഞ്ഞു...

അത് കേട്ടതോടെ നേരത്തെ പൊട്ടിയ ലഡ്ഡു ഒരു സ്ഫോടനമായി....!! അതേ, സങ്കീര്‍ത്തന, ഭരത്തുമായി കല്യാണം നിശ്ചയിച്ചിരിക്കുന്നവള്‍...,....!! അവളുടെ ചെല്ലപ്പേരാണ് കീര്‍ത്തി...അത് ഞാന്‍ അറിഞ്ഞിരുന്നില്ല...

അട്ടഹസത്തിന്റെ സ്മൈലികള്‍ വാട്സ്അപ്പില്‍ നിറഞ്ഞു....!! ഇപ്പുറം ഒരിക്കല്‍ കൂടി തകര്‍ന്ന മനസ്സുമായി ഞാന്‍...,...!! കിട്ടുന്ന പണിക്കു ഒരു കുറവും ഇല്ലല്ലോ...!!

ചമ്മല്‍ മറച്ചു കൊണ്ട് ഞാന്‍ വിളിച്ചു, "പെങ്ങളെ...!!"

Wednesday, July 10, 2013

നാല്‍ക്കാലി ഫോട്ടോ

കൊച്ചിയില്‍ ആയിരുന്നു ഞങ്ങളുടെ മുഴുവന്‍ ബാച്ചും ഡിഗ്രി പ്രൊജക്റ്റ്‌ ചെയ്തിരുന്നത്...പ്രൊജക്റ്റ്‌ ചെയ്യുക എന്നതിനപ്പുറം കൊച്ചിയുടെ നാഗരികത അടുത്തറിയുക ആസ്വദിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്‌ഷ്യം...വൈകുന്നേരം പ്രൊജക്റ്റ്‌ ക്ലാസ്സുകളും പ്രാക്ടിക്കലും കഴിഞ്ഞാല്‍ പിന്നെ, നേരെ പോവുന്നത് സുഭാഷ്‌ പാര്‍ക്കിലേക്കോ മറൈന്‍ ഡ്രൈവിലേക്കോ ഫോര്‍ട്ട്‌ കൊച്ചിയിലെക്കോ ഒക്കെ ആയിരിക്കും...കൊച്ചിയില്‍ എവിടെ വച്ചും എപ്പോ വേണമെങ്കിലും നമ്മള്‍ സെലെബ്രിറ്റികളെ  കണ്ടുമുട്ടി എന്ന് വരാം, പ്രത്യേകിച്ച് സിനിമാക്കാരെ...അവരെയൊക്കെ അത്ഭുതം കൂറി ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു...അവര്‍ തിരിച്ചൊന്നു നോക്കി ചിരിച്ചാല്‍ സന്തോഷം, കൂടെ ഒരു ഫോട്ടോ എടുക്കാനായാല്‍ അതി സന്തോഷം...!!

അങ്ങനെയൊരു ദിവസം ഞങ്ങള്‍ കുറച്ചു പേര്‍ സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചു...പ്രിത്വിരാജ് അഭിനയിച്ച "വര്‍ഗ്ഗം"...!! ചെറിയൊരു പ്രത്വിരാജ് ആരാധകനായിരുന്ന ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു തെണ്ടലും കഴിഞ്ഞു  എല്ലാവരേം ആട്ടിതെളിച്ചുകൊണ്ട് നേരെ വിട്ടു, സവിതയിലേക്ക്...സെക്കന്റ്‌ ഷോക്ക് ടിക്കറ്റ്‌ എടുത്തു...ഇന്റെര്‍വെല്ലിനു മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങപ്പോ ദാണ്ടേ നില്‍ക്കുന്നു സംവിധായകന്‍ അന്‍വര്‍ റഷീദ്...!! രാജമാണിക്യം എന്ന സുപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഇറക്കിയതിനു ശേഷം അടുത്ത പടത്തിന്റെ (ചോട്ടാ മുംബൈ) പണിപ്പുരയിലായിരുന്നു അക്കാലത്ത്...അന്‍വറിന്റെ മുഖം അധികമാര്‍ക്കും പരിചിതമായിരുന്നില്ല അന്ന്, അതുകൊണ്ട് തന്നെ കൂടുതല്‍ ആരും അവിടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞതും ഇല്ല...പക്ഷെ മലയാള സിനിമയെ സസൂക്ഷ്മം നീരീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് അദ്ദേഹത്തെ പെട്ടന്ന് മനസ്സിലായി...ഞങ്ങള്‍ എല്ലാരും അദ്ദേഹത്തിനു ചുറ്റും കൂടി, പുതിയ പടത്തിന്റെ വിശേഷങ്ങള്‍ ഒന്നൊന്നായി ചോദിയ്ക്കാന്‍ തുടങ്ങി...എല്ലാരും ചേര്‍ന്ന്, ഞാന്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ഒരു ക്യാമറയില്‍ ഫോട്ടോയും എടുത്തു...

അങ്ങനെ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ അന്‍വര്‍ റഷീദിനെ ഞങ്ങള്‍ ബുദ്ധിമുട്ടിച്ചു...!!! പടം വീണ്ടും തുടങ്ങി അകത്തു കയറിയപ്പോ ഒരുപക്ഷെ അങ്ങേരു മനസ്സില്‍ പറഞ്ഞു കാണും, "ആഴക്ക പയലുകള്, മിക്കവാറും ഞാന്‍ ഒരു വരവുകൂടെ വരേണ്ടിവരും...!!"

പടം ബാക്കി കണ്ടു കഴിഞ്ഞു പുറത്തേക്കിറങ്ങിയ സമയത്ത് ആരോ പറഞ്ഞു മല്ലികാ സുകുമാരന്‍ പടം കാണാന്‍ വന്നിട്ടുണ്ട്, ഇപ്പൊ പുറത്തു വരും എന്ന്...ശരിയായിരുന്നു, നല്ല പട്ടു സാരിയൊക്കെ ഉടുത്ത് ബോബ് ചെയ്ത മുടിയുമായി മല്ലിക ചേച്ചി ചിരിച്ചു കൊണ്ട് വന്നു...ഞങ്ങള്‍ അടുത്ത് ചെന്ന് പ്രിത്വി നന്നായിട്ടുണ്ട് എന്നറിയിച്ചു...നന്ദി പറഞ്ഞു ചേച്ചി നടന്നു കാറിനടുത്ത് പോയി...പെട്ടന്ന് എന്‍റെ പുറകില്‍ വലിയ ആരവം കേട്ടു...തിരിഞ്ഞു നോക്കിയ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല....അതേ എന്‍റെ പ്രിയനടന്‍..., സാക്ഷാല്‍ പ്രിഥ്വിരാജ്...!!!

ഞാന്‍ ഓടിച്ചെന്നു അഭിനന്ദിച്ചു (പൊട്ടിയ പടത്തിന്‍റെ പേരിലെ..ന്താ ലെ..!!)...എന്താ ഒരു സൌന്ദര്യം..!! വെറുതെയല്ല ഈ പെണ്‍കുട്ടികള്‍ നമ്മളെയൊന്നും മൈന്‍ഡ് ചെയ്യാത്തത്...!! ഞാന്‍ വീണ്ടും ക്യാമറ പുറത്തെടുത്തു...പ്രിഥ്വി ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു...എന്‍റെ എല്ലാ സുഹൃത്തുക്കളെയും പ്രിഥ്വിയുടെ കൂടെ നിര്‍ത്തി ഫോട്ടോ എടുത്തു..!! പതുക്കെ ആരവങ്ങള്‍ കുറഞ്ഞു...എല്ലാരോടും യാത്ര പറഞ്ഞു പ്രിഥ്വി താഴോട്ട് നടന്നു...ഞാന്‍ ക്യാമറ നിതിന്‍ എന്ന എന്‍റെ സുഹൃത്തിനെ ഏല്‍പ്പിച്ചു എന്റെയും പ്രിഥ്വിയുടെയും ഒരു ഫോട്ടോ എടുക്കാന്‍ പറഞ്ഞു...താഴോട്ട് നടന്നു  കൊണ്ടിരുന്ന പ്രിഥ്വിയുടെ തോളില്‍ കയ്യിട്ടു ഞാനും നടന്നു, മുന്‍പേ ക്യാമറയുമായി നിതിനും...ഒന്ന് രണ്ടു ഫോട്ടോ അവന്‍ എടുത്തു, അപ്പോഴേക്കും ഞങ്ങള്‍ പ്രിഥ്വിയുടെ കാറിനടുത്ത് എത്തിയിരുന്നു...ഞങ്ങളോട് ഒരിക്കല്‍ കൂടി കൈ കാണിച്ചു യാത്ര പറഞ്ഞു മല്ലിക ചേച്ചിയെയും കൊണ്ട് പ്രിഥ്വി കാറോടിച്ചു പോയി...!!

എല്ലാവര്‍ക്കും സന്തോഷമായി...ക്യാമറയില്‍ ഫോട്ടോ കാണാന്‍ വേണ്ടി ഞാന്‍ നിതിന്റെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി..പ്രിഥ്വി എന്‍റെ കൂട്ടുകാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ എല്ലാം നന്നായി പതിഞ്ഞിരിക്കുന്നു..അടുത്തത് എന്‍റെ ഫോട്ടോ, അതികം ആള്‍ക്കൂട്ടം ഇല്ലാതെയായിരുന്നു നിതിന്‍ ഫോട്ടോ എടുത്തത്‌, അതുകൊണ്ട് തന്നെ ഏറ്റവും നന്നായി വന്നിരിക്കുന്നത് അതായിരിക്കും എന്നുതന്നെ കരുതി ഞാന്‍ ആ ഫോട്ടോ തുറന്നു നോക്കി...!!

"നാല് ജീന്‍സ് ധാരികളായ കാലുകള്‍ മാത്രം...!!"

അടുത്തത് നോക്കി, വീണ്ടും അതേ 'നാല്‍ക്കാലി'...!!

താഴെ ഇറങ്ങികൊണ്ടിരുന്ന ഞങ്ങളെ താഴെ നിന്നു ഫോട്ടോ എടുത്തപ്പോള്‍ ക്യാമറ മുകളിലേക്ക് പിടിക്കണം എന്ന് ആ ദുഷ്ടന്‍ നിതിന്‍ ഓര്‍ത്തില്ല..!! ബ്ലഡി ഫൂള്‍...,..!! അതുകൊണ്ട് ഞാന്‍ ആരായി....?? എന്‍റെ മുഖത്ത് അപ്പൊ ദേഷ്യവും ദുഖവും ഒരുമിച്ചു വന്നു കാണണം...ഗര്ര്ര്ര്ര്ര്ര്ര്...!!!

നിതിന്‍ അന്ന് അത് ചെയ്തത് അസൂയ കാരണമല്ല, മറിച്ചു അറിവില്ലായ്മ കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ ഇന്നും ഞാന്‍ കഷ്ടപ്പെടുന്നു....!!

കുറിപ്പ്: അന്നെടുത്ത ഫോട്ടോസ് ആരുടെയുടെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ..താഴെ കമന്റ്‌ ആയി ഇട്ടാലും മതി.

Tuesday, July 9, 2013

എന്നെ തോല്‍പ്പിച്ച ടെക്നോളജി

പരിചിതമല്ലാതിരുന്ന പല ജീവിത രീതികളും ചുറ്റുപാടുകളും ശീലങ്ങളും മര്യാദകളും ഒക്കെ ഇന്‍ഫോസിസില്‍ പോയതിനു ശേഷം പഠിക്കാന്‍ തുടങ്ങി...പൊതുസ്ഥലങ്ങളിലെ വൃത്തിശീലങ്ങളും, തിരക്കുള്ള സ്ഥലങ്ങളില്‍ വരി നില്‍ക്കാനുള്ള അച്ചടക്കവും, തീന്‍ മേശ മര്യാദകളും മറ്റും അതില്‍ ചിലതാണ്...അവിടുത്തെ ആദ്യ ദിനങ്ങളില്‍ എനിക്ക് ഒരു  അത്ഭുത ലോകത്തെത്തിയ ആശ്ചര്യമായിരുന്നു...പുതിയ രീതികള്‍ ഒന്നൊന്നായി മനസ്സിലാക്കാന്‍ തുടങ്ങി...ഒന്നാമത്തെ ദിവസം തന്നെ ഒരു താല്‍ക്കാലിക ഐ ഡി കാര്‍ഡും കൂടെ ഒരു ആക്സെസ് കാര്‍ഡും തന്നു...

"ഐ ഡി കാര്‍ഡ്‌ ഒക്കെ, ഈ ആക്സസ് കാര്‍ഡ്‌ എന്തിനാ?? " 

ഞാന്‍ സ്വയം ചോദിച്ച ചോദ്യത്തിന് എച് ആര്‍ മറുപടി തന്നു...ഏതു ഓഫീസ് കെട്ടിടത്തില്‍ കയറുമ്പോഴും അതിനു മുന്‍വശത്തുള്ള മെഷിനില്‍ ഈ ആക്സെസ് കാര്‍ഡ്‌ കാണിക്കണം...ഓഫീസില്‍ ഹാജര്‍ എടുക്കുന്നത് അങ്ങനെയാണത്രേ... മേലധികാരിയുടെ മുന്‍പില്‍ നിവര്‍ത്തി വച്ചിരിക്കുന്ന രജിസ്റ്ററില്‍ ഒപ്പിട്ടു ജോലിക്ക് കയറുന്ന എന്‍റെ ഭാവനാ ചിത്രം കത്തി ചാമ്പലായി...

അന്നുച്ചക്കു ഊണ് കഴിക്കാന്‍ ഓഫീസിലെ ഫുഡ്‌ കോര്‍ട്ടില്‍ പോയി...രാവിലെ നേരം വൈകിയ വെപ്രാളത്തില്‍ ഒന്നും കഴിച്ചിരുന്നില്ല...നല്ല വിശപ്പ്‌...., ഇന്ന് ബിരിയാണി തന്നെ തട്ടാം....!!

"കൈ കഴുകണോ..?"

"പിന്നെ, വയറ്റില്‍ പുഷ് പുള്‍ ട്രെയിന്‍ ഓടി കളിക്കുമ്പോഴാ ഒരു കൈ കഴുകല്‍..!!,..!"

ചോദ്യവും ഉത്തരവും എന്‍റെ വക തന്നെ...ബിരിയാണി മേടിച്ചു അധികമായില്ല, കോഴിക്കാലുമായി കൊടിയ യുദ്ധം...!! ഞാന്‍ തന്നെ ജയിച്ചു...ബിരിയാണി കലാസ്...!! ഇനി കൈ കഴുകാതെ വയ്യ... പ്ലേറ്റ് എടുത്തു കഴുകാന്‍ കൊടുത്തതിനു ശേഷം വാഷ് റൂമില്‍ പോയി...കൈ കഴുകാന്‍ ടാപ്പിനടുത്തു പോയപ്പോ ഒരൊറ്റ ടാപ്പിനും തിരിക്കാനുള്ള "സുന" ഇല്ല...!! 

"പണി പാളിയോ..?? നക്കി തുടക്കേണ്ടി വരുമോ...?" വഴിയെന്താണെന്ന് ആലോചിച്ച സമയത്താണ്, ടാപ്പിനു താഴെ ഒരു ചുവന്ന ലൈറ്റ് കണ്ടത്...അതേ, അത് തന്നെ...!! ഹാജര്‍ എടുക്കാന്‍ വച്ചിരുന്ന മെഷീനിലും ഇതുപോലെ ഒരു ചുവന്ന ലൈറ്റ് ഉണ്ടായിരുന്നു...!! യുറേക്കാ...!!

കഴുത്തില്‍ ഞാട്ടിയിട്ട അക്സെസ് കാര്‍ഡ്‌ ഇടതു കൈകൊണ്ടു എടുത്തു ടാപ്പിനു താഴെയുള്ള ലൈറ്റിനു നേരെ കാണിച്ചു...ടാപ്പില്‍ വെള്ളം വരാനും തുടങ്ങി...!!

"യു ഡിഡ് ഇറ്റ്‌ മാന്‍...,...!!" 

എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി...മറ്റൊരാളുടെ സഹായമില്ലാതെ ഇതൊക്കെ പഠിച്ചെടുത്ത എന്നെ കുറിച്ച് വേറെ എന്ത് തോന്നാനാണ്...അങ്ങനെ കയ്യും വായും കഴുകി അഭിമാനത്തോടെ നിന്നപ്പോഴാണ് ശ്രദ്ധിച്ചത്, ഒരുത്തന്‍ അവിടെ എന്‍റെ ഈ ചെയ്തികള്‍ കണ്ടു നിര്‍ത്താതെ ചിരിക്കുന്നു...

"സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അല്ലെ, ചെറിയ വട്ട് എന്തായാലും കാണും..!!" എന്നുകരുതി ഞാന്‍ കൈ തുടച്ചു കൊണ്ടിരുന്നപ്പോള്‍ അവന്‍ പിന്നേം ചിരിച്ചു കൊണ്ട് തന്നെ ടാപ്പിനടുത്തു വന്നു വെറുതെ കൈ കാണിച്ചതെ ഉള്ളൂ, അത്ഭുതം എന്ന് പറഞ്ഞാല്‍ മതിയല്ലോ.... 'ഷറ ഷറാ'ന്നു വെള്ളം വരാന്‍ തുടങ്ങി...!!

ഓട്ടോമാറ്റിക്ക് ടാപ്പ്‌ എന്നൊരു സംഗതി ഉണ്ടെന്നും അതിനു മുന്‍പില്‍ അക്സെസ്സ് കാര്‍ഡ്‌ അല്ല കൈ ആണ് കാണിക്കേണ്ടതെന്നും എന്നെ നോക്കി ചിരിച്ചുകൊണ്ട് പോയവനല്ല വട്ട് എന്നും അന്നെനിക്ക് മനസ്സിലായി....!! ഹോ ഈ ടെക്നോളജി പോയ ഒരു പോക്കേ...!! 

Monday, July 8, 2013

എര്‍ത്തായ കറണ്ട്..

നര്‍മ്മം എനിക്ക് അത്ര വഴങ്ങുന്ന സംഗതിയായി തോന്നിയിട്ടില്ല...എങ്കിലും എന്‍റെ ചില കുറിപ്പുകളില്‍ കുറച്ചു നര്‍മ്മം കയറി വന്നിരുന്നു... അതിനു കാരണം ഒരു പക്ഷെ എന്‍റെ സുഹൃത്തുക്കള്‍ ആവാം... പ്രത്യേകിച്ച് എന്‍റെ തൃശ്ശൂര്‍ക്കാരായ സുഹൃത്തുക്കള്‍..., നര്‍മ്മം ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന വേറെ ഒരു നാട്ടുകാരെയും ഞാന്‍ കണ്ടിട്ടില്ല..രക്തത്തില്‍ നര്‍മ്മം അലിഞ്ഞു ചേര്‍ന്നവരാണ് തൃശ്ശൂര്‍ക്കാര്‍...,

ഈ അടുത്ത കാലത്ത് തൃശ്ശൂര്‍ക്കാരനായ ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവമാവട്ടെ ഇന്നത്തെ കുറിപ്പ്...

തന്‍റെ വീടിനടുത്ത തൊടിയില്‍ കിളച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രസാദിനോട് വഴിയെ പോയ നാട്ടുകാരനായ രാമേട്ടന്‍ സൈക്കിള്‍ നിര്‍ത്തി ചോദിച്ചു...

"എന്തുട്ട്ര കിളച്ചു നോക്കുന്നത്...?? വല്ല നിധീം ഉണ്ടോടാ"

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത പ്രസാദിനെ ഒന്ന് ആക്കാനാണ് ആ ചോദ്യം എന്ന് മനസ്സിലായ പ്രസാദ് പറഞ്ഞു, 

"ഒന്നുല്യ രാമേട്ടാ...ഇവിടെ കഴിഞ്ഞ മാസാ കരണ്ട് കിട്ട്യത്...ഈ എര്‍ത്തായി പോവുന്ന കരണ്ടൊക്കെ എങ്ങട്ടാ പോവുന്നത് എന്ന് കുഴിച്ചു നോക്യതാ...!!"

രാമേട്ടന്‍ ഒന്നും പറഞ്ഞില്ല, നേരെ സൈക്കിള്‍ ചവിട്ടി കിഴക്കോട്ടു പിടിച്ചു...!!

Sunday, July 7, 2013

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!!

ജാലഹള്ളിയിലെ റൂമില്‍ നിന്നും രക്ഷപ്പെട്ട് എത്തിപ്പെട്ടത്, ഗോട്ടിഗരെ എന്ന സ്ഥലത്തായിരുന്നു...എന്‍റെ കൂടെ പഠിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെ...ഇന്ന് ആരുടേയും പേരും ഊരും ഒന്നും പറയുന്നില്ല... അല്ലെങ്കിലും അപ്പം തിന്നാല്‍ പോരെ കുഴിയുടെ വിസ്തീര്‍ണം ചതുരശ്ര മീറ്ററില്‍ അറിയേണ്ട ആവശ്യം ഇല്ലല്ലോ...!!

കുറച്ചു കറുത്ത ദിനങ്ങള്‍ക്ക്‌ ശേഷമായിരുന്നു ഞാന്‍ ഗോട്ടിഗരയിലെ റൂമില്‍ എത്തുന്നത്‌..., ജോലി ഒന്നും ആയില്ല എന്നത് ചെറുതായി അലട്ടാന്‍ തുടങ്ങിയിരുന്നു... അപ്പോഴും കൈമുതലായി ഉണ്ടായിരുന്നത് കുറച്ചു ആത്മവിശ്വാസം മാത്രം...അവിടെയെത്തി അധികം താമസിയാതെ ഒരു ജോലി തരപ്പെട്ടു...വിപ്രോ എന്ന പേരുകേട്ട കമ്പനിയില്‍ തന്നെ.. ഒരു കണ്‍സള്‍ടന്സി വഴി തരപ്പെട്ട ജോലി, പക്ഷെ മൂന്നു മാസം ട്രെയിനിംഗ് ആണ്, ആ സമയത്ത് ശമ്പളം ഇല്ല..ട്രെയിനിങ്ങിനു ശേഷം നടത്തുന്ന പരീക്ഷ ജയിച്ചാല്‍ അപ്പൊ ജോലി, അഞ്ചക്ക ശമ്പളം...ആദ്യ മാസത്തെ ശമ്പളം കണ്‍സള്‍ടന്സിക്ക്...!! എന്തായാലും പകുതി ആശ്വാസമായി...!!

പിന്നീടുള്ള രണ്ടു മാസത്തോളം ഏതാണ്ട് ഒരുപോലെ തന്നെയുള്ള ദിവസങ്ങളായിരുന്നു...ആ തണുപ്പ് കാലത്ത്, ദിവസവും നേരത്തെ എണീറ്റ് കുളിച്ചു ഡോമ്ളുര്‍ എന്ന സ്ഥലത്തെ ട്രെയിനിംഗ് സെന്ററില്‍ പോയി വൈകിട്ട് തിരിച്ചു റൂമില്‍ എത്തും...വരുന്ന വഴിക്ക്, അന്നത്തെ ഏറ്റവും വില കുറവുള്ള മദ്യമായ ഒറിജിനല്‍ ചോയ്സ് മേടിച്ചു വരും...ഒരു ക്വട്ടറിനു മുപ്പത്തി രണ്ടു രൂപ, അതുകൊണ്ട് രണ്ടു ദിവസം കഴിയും...ടച്ചിങ്ങ്സിന് മഡിവാള ലയ്ക്കില്‍ നിന്നും പിടിച്ചു കൊണ്ട് വന്ന മീന്‍ വറുത്തത്...അഞ്ചു രൂപയ്ക്കു അത് മേടിക്കുന്നത് റോഡ്‌ സൈഡില്‍ നിന്നു...!!

എന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ വിദ്യാര്‍ഥി അല്ലതിരുന്നത് ഗഫൂറിന് മാത്രമാണ്, അവന്‍റെ പേര് ഇവിടെ പറഞ്ഞേ പറ്റൂ...അത് എന്‍റെ റിവഞ്ച് ആണ്...!! കാരണം ഉണ്ട്, ഞാന്‍ കിടന്നിരുന്ന മുറിയില്‍ ആണ് ഗഫൂറും കിടന്നിരുന്നത്...രാത്രി ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വരുമ്പോള്‍ ഗഫൂറിന്റെ വാര്‍ത്താ വിനിമയ പ്രക്ഷേപണം തുടങ്ങും...ഉറക്കത്തില്‍ പിച്ചുംപേയും പറയാന്‍ തുടങ്ങും...ഒരല്‍പം വൈകി കിടക്കുന്ന ഞാന്‍ ഇത് കേട്ട് പല തവണ പേടിച്ചിട്ടുണ്ട്...അതും സഹിക്കാം, പക്ഷെ രാവിലെ നാലര മുതല്‍ പത്തു മിനുട്ടിന്റെ ഇടവേളകളില്‍ അലാറം വച്ച് അവന്‍ എന്തിനാണ് കിടക്കുന്നത് എന്നും ഇന്നും എനിക്കറിയാത്ത സത്യം ആണ്...അലാറം വക്കുന്നത് മാത്രമല്ല, എങ്ങനെ പോയാലും അത് അടിക്കുന്നത് അറിയില്ല എന്നത് അവന്‍റെ വല്ലാത്ത കഴിവായിരുന്നു... ചുരുക്കി പറഞ്ഞാല്‍ എന്നും എന്‍റെ ഉറക്കം പോവും...!!

ഇതിനൊന്നു അറുതി വരുത്താന്‍, ഒരു ദിവസം ഞാന്‍ ഗഫൂറിന്റെ എല്ലാ അലാറവും ഓഫ് ചെയ്തു കിടന്നു.."ഈശ്വരാ, ഇന്നെങ്കിലും എനിക്ക് ഒന്ന് സമാധാനമായി കിടന്നുറങ്ങാമല്ലോ...!! നണ്ട്രി...!!" ഞാന്‍ ആശ്വസിച്ചു...!! പക്ഷെ അന്ന് അടിച്ചത് അതേ റൂമില്‍ കിടന്നിരുന്ന മറ്റൊരുത്തന്റെ അലാറം ആയിരുന്നു...!! അവസ്ഥ പിന്നെയും പഴയത് തന്നെ...!!

അക്കാലത്തു ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീടിനടുത്ത് രണ്ടു പെണ്‍കുട്ടികള്‍ താമസത്തിന് വന്നു...പതിവ് പോലെ തന്നെ, അവരെ കുറിച്ച് 
കഥകള്‍ മെനയാന്‍ മലയാളി ചേട്ടന്മാര്‍ വരി വരിയായി വന്നു...ഞങ്ങളും കേട്ടു ആ കഥകള്‍..., ഒരിക്കല്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ,

"ഡാ...നിനക്കറിയോ, അവര് പെശകാ...." കണ്ണിറുക്കി ഒരു ചേട്ടന്‍ പറഞ്ഞു..

"അതെന്താ ചേട്ടാ...??" ജിജ്ഞാസ വര്‍ക്ക്‌ഔട്ട്‌ ആയി...

"അവിടെ പല ചെക്കന്മാരും വന്നു പോവാറുണ്ട്... വന്‍ സെറ്റപ്പാ...!!" വീണ്ടും കണ്ണിറുക്കല്‍

പോസ്റ്റ്‌ മോഡേണ്‍ പെണ്ണുങ്ങളെ അക്കാലത്തു അടുത്ത് പരിചയപ്പെടാന്‍ കലശലായ ആഗ്രഹം ഉണ്ടായിരുന്നു...അത്രയ്ക്ക് ധൈര്യമില്ലാത്തത് കൊണ്ട് അന്ന് അതിനു ഇറങ്ങിയില്ല എന്ന് മാത്രം...!! വായിലെ വെള്ളവും ഇറക്കി ദിവസവും അവരുടെ വീടിനു മുന്‍പിലൂടെ നടന്നു, മതിലിന്‍റെ അടുത്തെത്തുമ്പോള്‍ ഒന്ന് ഏന്തി നോക്കും...ചെരിപ്പുകള്‍ തേഞ്ഞു തീര്‍ന്നു എന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടായില്ല...!

അങ്ങനെ ഇരിക്കുന്ന കാലത്താണ് എനിക്ക് ഇന്‍ഫോസിസില്‍ ജോലി കിട്ടുന്നത്...ഇപ്പോഴത്തെ പോലെ ഒന്നും അല്ല, ട്രെയിനിംഗ് സമയത്തും ശമ്പളം, പോരാത്തതിനു കണ്‍സള്‍ടന്സിക്ക് കാശും കൊടുക്കേണ്ട...ഇത് ആഘോഷിച്ചിട്ട് തന്നെ കാര്യം...സകല കൂട്ടുകാരേയും വിളിച്ചു വരുത്തി, പീറ്റര്‍ സ്കോട്ട് രണ്ടു ഫുള്‍, ബിരിയാണി, തന്തൂരി, ഐസ് ക്രീം... അങ്ങനെ ഞാന്‍ നടത്തിയ ആദ്യത്തെ പാര്‍ട്ടി...പാര്‍ട്ടി കൊഴുത്തു...മിക്കവാറും വെള്ളമടിച്ച എല്ലാരും ഓഫ്...!! തെളിഞ്ഞ് ഇരിക്കുന്നത് ഞാനും മറ്റൊരു സുഹൃത്തും മാത്രം...ടെറസ്സില്‍ പോയി ഞങ്ങള്‍ കുറെ സംസാരിച്ചു...ഇടയ്ക്കു പുതിയ താമസക്കാരായ പെണ്‍കുട്ടികളും സംസാര വിഷയമായി...മുന്‍പ് എവിടെയോ  നമ്പര്‍ എഴുതിയിട്ട്, അത് കണ്ടു ഒരു പെണ്‍കുട്ടി വിളിച്ച സംഭവം എന്‍റെ സുഹൃത്ത്‌ പറഞ്ഞു...!!

ഞങ്ങളുടെ ഉള്ളില്‍ ഒരു ബള്‍ബ് കത്തി, നൂറ്റി പത്തു വാട്ടില്‍...!,...!! ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!! സമയം ഏതാണ്ട് രണ്ടര, ഞാനും എന്‍റെ സുഹൃഹും കൂടെ ആ പെണ്ണുങ്ങളുടെ വീടിനു മുന്‍പിലെത്തി...ശബമുണ്ടാവാതിരിക്കാന്‍ ഗേറ്റിനു പുറത്തു ചെരുപ്പഴിച്ചിട്ടു...പതിയെ മതില് ചാടി അവരുടെ ബെഡ് റൂമിന്‍റെ ജനലിനു താഴെ എത്തി..ജനല് തുറന്നു കിടക്കുന്നു...അകത്തു നല്ല ഇരുട്ട്, മൊബൈല്‍ എടുത്തു അതിന്‍റെ വെളിച്ചത്തില്‍ അകത്തെ അവസ്ഥ നോക്കി...രണ്ടു പേരും സുഖമായി കിടന്നുറങ്ങുന്നു... ആണുങ്ങളും കോപ്പും ഒന്നും ഇല്ല... മറ്റേ കച്ചറകള്‍, വെറുതെ പറഞ്ഞുണ്ടാക്കിയതാണ്....!! 

എന്തായതും നമ്പര്‍ കൊടുത്തു പോവാം, അവര്‍ക്ക് ഒരു ജീവിതം കൊടുക്കാലോ, അവരുടെ ചീത്തപേരും മാറും...!! ഒരു സാമൂഹ്യ സേവനം, നമുക്ക് ഇത്രയൊക്കയെ ചെയ്തു കൊടുക്കാന്‍ പറ്റൂ...നോക്കിയപ്പോ ഞങ്ങള്‍ രണ്ടു പേരും പേനയും കടലാസും ഒന്നും എടുത്തിട്ടില്ല... തിരിച്ചു വീട്ടില്‍ പോയി രണ്ടും സംഘടിപ്പിച്ചു വീണ്ടും മതിലും ചാടി വന്നു... കടലാസ്സില്‍ ഇങ്ങനെ എഴുതി,

"ഇഫ്‌ യു വാണ്ട്‌ ദി റിയല്‍ ലവ് പ്ലീസ്‌ കോണ്ടാക്റ്റ്, 9********5" 

ഈ എഴുതിയ കുറിപ്പ് അവരുടെ കിടക്കയിലേക്ക് എറിഞ്ഞിട്ടു, തിരിച്ചു വീട്ടില്‍ പോയി സമാധാനമായി കിടന്നു...!!

പിറ്റേന്ന് കെട്ടിറങ്ങി എഴുന്നേല്‍ക്കാന്‍ കുറച്ചു സമയമായി, എഴുന്നേറ്റ ഉടനെ ഞാനും രാത്രി എന്‍റെ കൂടെ വന്നവനും മുഖാമുഖം നോക്കാന്‍ തുടങ്ങി...തലേ രാത്രിയിലെ സംഭവങ്ങള്‍ രണ്ടു പേരും ഓര്‍ക്കുന്നു...പക്ഷെ വെളിവ് വന്നത് ഇപ്പോഴാണ്‌ എന്ന് മാത്രം...രണ്ടു പേരും മൊബൈല്‍ എടുത്തു നോക്കി, 
ഇല്ല, കാള്‍ ഒന്നും വന്നിട്ടില്ല...!!

തലേ രാത്രിയില്‍ മതില് ചാടുന്നത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ..!! മൊബൈല്‍ വെളിച്ചം അകത്തേക്കടിച്ചപ്പോള്‍ ആ പെണ്ണുങ്ങള്‍ എങ്ങാനും അറിഞ്ഞിരുന്നെങ്കില്‍... പണി പാലും വെള്ളത്തില്‍ കിട്ടിയേനെ...!!കന്നഡക്കാരുടെ അടിക്കൊന്നും ഒരു മയവും ഇല്ലത്തതാ...!! ഭാഗ്യത്തിന്റെ ചെറുനാഴിരക്കു രക്ഷപ്പെട്ട ഞങ്ങള്‍ ഇരുവരും അപ്പോഴും ഒന്നും മിണ്ടാതെ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു...!!  ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!! ഒരുമാതിരി കോപ്പിലെ ഐഡിയ...!!

Saturday, July 6, 2013

കളിക്കാന്‍ മറന്ന കളി

എത്രയെത്ര സൗഹൃദങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്... ഒരിക്കലും ഒരു മറവത്തു പോലും ആ കൂട്ടത്തില്‍ എന്നെ കുറിച്ച് ഒരു നല്ല വാക്കോ സംസാരമോ ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല...ഇനി ഉണ്ടാവും എന്ന പ്രതീക്ഷയും ഇല്ല... ഒരുപക്ഷെ ഇത് എല്ലാ സൗഹൃദ വൃന്തത്തിലും കാണുന്ന ഒരു കാഴ്ചയാവാം...!!

പക്ഷെ ഇന്ന് എനിക്ക് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടായി...കുറച്ചു കാലം എന്‍റെ സഹമുറിയനായ മോനിഷ് ആണ് ഇന്നത്തെ താരം...അവനെ കുറിച്ച് കൂടുതല്‍ അറിയുന്നത്, ഇന്ന് ആദ്യമായി പരിചയപ്പെട്ട ഒരുകൂട്ടം സുഹൃത്തുക്കളില്‍ നിന്ന്...

ഭീമാനി എന്ന് അറിയപ്പെടുന്ന നിഖില്‍, എത്ര അഭിമാനത്തോടു കൂടിയാണ് മോനിഷിനെ കുറിച്ച് പറയുന്നത്...!! തൃശ്ശൂരിലെ ചേര്‍പ്പ്‌ എന്ന ഒരു ചെറിയ ഗ്രാമത്തില്‍ ക്രിക്കറ്റ്‌ വളര്‍ത്തിയിരുന്നത് പയനീര്‍ എന്ന ക്ലബ്‌...!!, ക്ലബിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ നമ്മുടെ നായകന്‍ മോനിഷ് തന്നെ...!! കൂടെ കളിച്ചിരുന്ന ഭീമാനിയും കുട്ടേട്ടനും വേറെ ചിലരും പറഞ്ഞ കാര്യങ്ങള്‍ ആണ് ഇന്ന് ഇവിടെ കുറിക്കുന്നത്...

ഏതു ടീം എതിരെ നിന്നാലും ധൈര്യമായി ബാറ്റു ചെയ്തിരുന്ന, എതിര്‍ ടീം എന്നും ഭയപ്പെട്ടിരുന്ന ഒരു കളിക്കാരന്‍ ആയിരുന്നു, മോനിഷ്...ഒരിക്കല്‍ ജയിക്കാന്‍ മുപ്പതു ഓവറില്‍ വേണ്ടത് നൂറ്റി അന്പത്തിയെട്ടു റണ്‍..., കുറച്ചു കാലം കളിക്കാത്തത് കാരണം ആറാമത് ഇറങ്ങി മോനിഷ്...മറുവശത്ത് കൂട്ടായി ഭീമാനി...അഞ്ചു വിക്കറ്റ് പോയത് കൂസാക്കാതെ മോനിഷ് വന്ന പാടെ അടിച്ചു പറത്തിയത് ഒരു സിക്സര്‍..., അത് കഴിഞ്ഞു നേരെ പോയി ബീമാനിയോടു ഇങ്ങനെ പറഞ്ഞു,

" ഈ കു@##$$% കളെ ആണോ നമ്മള്‍ ഇത്രേം പേടിച്ചത്...??"

"മോനെ, നീ കളിച്ചോ, ഞാന്‍ അപ്പുറത്ത് ഉണ്ട്..." ഭീമാനി പറഞ്ഞു...

അധികമോന്നും താമസിക്കാതെ പയനീര്‍ കളി ജയിച്ചു...ഇത് പോലെ എത്ര പ്രാവശ്യം..!!

ഇന്നും മോനിഷിന്റെ സുഹൃത്തുക്കളില്‍ നിന്നും അവന്‍റെ കളിയുടെ ഓര്‍മ്മകള്‍ ഒഴുകി വരുന്നു...ഇത്രയും stylish ആയി കളിക്കുന്ന ഒരാളെ അവര്‍ ഇത് വരെ കണ്ടിട്ടില്ല...അവന്‍റെ ഓരോ ഷോര്‍ട്ട് പോലും അവര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു...എന്ട്രന്സും എന്‍ജിയറിങ്ങും എല്ലാം കാരണം, മോനിഷ് ക്രിക്കറ്റ്‌ വിട്ടു, ഇന്ന് എന്‍റെ അതെ കമ്പനിയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നു..!!

മോനിഷ്, നിന്നെ ഇന്നും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.. നിന്റെ കഴിവിനെ കുറിച്ച് ഇന്ന് അവര്‍ അഭിമാനിക്കുന്നു...നിന്റെ കൂടെ കളിച്ച ഭീമാനി ഒരു തരി പോലും അഹംബോധം ഇല്ലാതെ പറയുന്നു, നീ ഇന്നും ക്രിക്കറ്റ്‌ കളിച്ചിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍ക്ക് ഐ പി എല്‍ ല്‍ നീ കളിക്കുന്നത് കാണാമായിരുന്നു എന്ന്... അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ എനിക്കും അഭിമാനത്തോടു കൂടെ പറയാമായിരുന്നു, ഇപ്പൊ ഐ പി എല്‍ കളിക്കുന്ന മോനിഷ് എന്‍റെ കൂടെ താമസിച്ചവാന്‍ ആയിരുന്നു. അവനു ഞാന്‍ ചോറും കറിയും വച്ച് കൊടുത്തിട്ടുണ്ട്‌ എന്ന്...മോനിഷിന്റെ കൂടെ കളിച്ച പലരും ഇന്ന് ഐ പി എല്‍ ല്‍ ഉണ്ട്...കോഴക്കും കുതിരകച്ചവടത്തിനും അപ്പുറം, കളിയെ സ്നേഹിക്കുന്നവര്‍ക്ക് നീ മുതല്‍ക്കൂട്ടായേനെ...!! ഇന്നും വിരട്ട് കൊഹ്‌ലി ഹെല്‍മെറ്റ്‌ ഇട്ടിരിക്കുമ്പോള്‍ എനിക്ക് മോനിഷിന്റെ മുഖച്ഛായ തോന്നാറുണ്ട്...ഒരുപക്ഷെ വിധി ഒരല്‍പ്പം മാറ്റി എഴുതിയിരുന്നെങ്കില്‍ ഇന്ന് മോനിഷിനെ കാണാന്‍ ഞാന്‍ ടെന്‍ സ്പോര്‍ട്സും ഇ എസ് പി എന്നും കാശു കൊടുത്തു കാണേണ്ടി വന്നേനെ...!!


ഭീമാനി ഇന്നും പറയുന്നു, " ആ കോപ്പനു അമേരിക്കയില്‍ പോയി സായിപ്പിന്റെ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കേണ്ട വല്ല ആവശ്യവും ഉണ്ടോ??? അവന്‍റെ കഴിവ് ഉണ്ടായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് ഞാന്‍ രക്ഷപ്പെട്ടേനെ...!! " ഒരുപാട് കഴിവുള്ള ഭീമാനി ഇങ്ങനെ പറഞ്ഞെങ്കില്‍, മോനിഷ്, സത്യത്തില്‍ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞിരുന്നില്ലേ..!!

Friday, July 5, 2013

വല്ലാത്ത കൂട്ട്...

ജോലി തെണ്ടിയാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയത്...എങ്ങനെയെങ്കിലും ഒരു കമ്പനിയില്‍ കയറിക്കൂടണം എന്ന ആഗ്രഹത്തില്‍ ആണ് ഈ മഹാ നഗരത്തില്‍ എത്തിയത്...മുന്‍പ് പരിചയമുണ്ടായിരുന്ന മാര്‍ഷല്‍ എന്ന സുഹൃത്തിനെ നേരത്തെ വരുന്ന കാരണം വിളിച്ചു പറഞ്ഞിരുന്നു...ബാംഗ്ലൂരില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നെങ്കിലും തല്ക്കാലം അവരെ ഉപദ്രവിക്കേണ്ട എന്ന തീരുമാനത്തില്‍ എനിക്കൊരു താമസം ഒരുക്കാന്‍ ഞാന്‍ മാര്‍ഷലിനെ ഏല്‍പ്പിച്ചിരുന്നു... അങ്ങനെ ജാലഹള്ളിക്കടുത്തു ഒരു താമസം തരമായി...രണ്ടു ബെഡ്റൂം ഉള്ള ആ വീട്ടില്‍ ഞാന്‍ അടക്കം ഒന്‍പതു പേര്‍ താമസം... ചുറ്റുപാടുകളും വീടിനകവും വൃത്തിഹീനം... ഇപ്പോഴത്തെ എന്‍റെ റൂമൊക്കെ സ്വര്‍ഗ്ഗം....!!

ഓരോരുത്തരായി ഞാന്‍ പരിചയപ്പെട്ടു...പോപ്പി, ഹരി, ജിത്തു, ജാസിം, സിദ്ധിക്ക്, മറ്റുള്ളവരുടെ പേരുകള്‍ ഓര്‍മ്മയില്ല... മിക്കവാറും എല്ലാവരും ഡിപ്ലോമ പഠിക്കാന്‍ വന്നവര്‍..., വീട്ടില്‍ അത്യാവശ്യം കാശ് ഉള്ളത് കൊണ്ടാവാം ആരും ക്ലാസ്സില്‍ പോവാറുണ്ടായിരുന്നില്ല....അസ്സല് മടിയന്മാര്‍..., എന്ത് ചെയ്യാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവരുടെ കൂടെ തന്നെ താമസിച്ചു...!!

അവര്‍ക്കാണെങ്കില്‍ വലിയ വിശപ്പും ഇല്ല...ഉച്ചക്കും വൈകുന്നേരവും പുറത്തെ മലയാളി മെസ്സില്‍ പോയി ഞാന്‍ ഭക്ഷണം കഴിച്ചു...രാവിലെ എഴുന്നേറ്റു എനിക്ക് ഇന്നും തീരെ ഇഷ്ടമില്ലാത്ത മാഗി എന്ന വിര തന്നെ കഴിക്കേണ്ടി വന്നു...വല്ലപ്പോഴും കുറച്ചപ്പുറത്ത്‌ താമസിച്ചിരുന്ന വല്യമ്മയുടെ വീട്ടിലെ ഭക്ഷണം മാത്രമാണ് ഏക ആശ്വാസമായത്...എന്‍റെ താമസ സ്ഥലത്ത് സുലഭിതമായത് മദ്യം മാത്രം...!! 

ആയിടക്കാണ് പോപ്പിയുടെ അച്ഛന്‍ മരിക്കുന്നത്...അച്ഛന്റെ മരിപ്പും മറ്റു ചടങ്ങുകളും കഴിഞ്ഞു എത്തിയപ്പോഴേക്കും അവന്‍റെ അറ്റെന്‍ഡന്‍സ് ഒരു വഴിയായി...കോളേജില്‍ നിന്നും പ്രത്യേകം കത്ത് വന്നത് പ്രകാരം വീട്ടില്‍ നിന്നു ആള് വരാതെ അവനെ ക്ലാസ്സില്‍ കയറ്റില്ല എന്ന അവസ്ഥയായി... ഒടുവില്‍ ഞാന്‍ അവന്‍റെ ചേട്ടനായി വേഷം കെട്ടേണ്ടി വന്നു...

ഹരിയുടെ ബൈക്കില്‍ കയറി ഞാന്‍ അവരുടെ കോളേജില്‍ പോയി...എച് ഓടിയെ കണ്ടു...

"സര്‍, ഞാന്‍ പോപ്പിയുടെ സോറി, ബിനീഷിന്റെ ചേട്ടനാണ്...വല്യമ്മയുടെ മകന്‍, അവന്‍റെ വീട്ടില്‍ നിന്നു ആള് വന്നാലെ അവനെ ക്ലാസ്സില്‍ കയറ്റു എന്ന് പറഞ്ഞത് കൊണ്ട് വന്നതാണ്‌...", അവന്‍റെ അച്ഛന്‍ കഴിഞ്ഞ ആഴ്ച മരിച്ചു പോയി, വീട്ടില്‍ നിന്നും ആരും ഈ സമയത്ത് വരാനില്ല അത് കൊണ്ടാണ് ഞാന്‍ വന്നത്"

സംഭവം സത്യമായത്‌ കൊണ്ടാവാം അദ്ദേഹം പെട്ടന്ന് അത് വിശ്വസിച്ചു..നാളെ മുതല്‍ പോപ്പിയോടു ക്ലാസ്സില്‍ വരാന്‍ പറഞ്ഞു...ഞാന്‍ പോവാന്‍ നേരത്ത് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു ഇങ്ങനെ പറഞ്ഞു,

" അവന്‍ പാവമാണ്, പക്ഷെ കൂട്ട് ശരിയല്ല...ഒരു ഹരി എന്ന ഒരുത്തനുണ്ട് അവന്‍റെ കൂടെ, അവനാണ് ഈ ചെക്കനെ നാശമാക്കുന്നത്, അതൊന്ന് ശ്രദ്ധിക്കണം"

"ശരി സര്‍," എന്നും പറഞ്ഞു കൊണ്ട് പുറത്തു അത് വരെ കാത്തിരുന്ന അതേ ഹരിയുടെ തന്നെ ബൈക്കില്‍ കയറി ഞാന്‍ റൂമില്‍ പോയി...

ഇവരെ എങ്ങനെ നന്നാക്കാനാണ്, എനിക്കൊരു വഴിയും കണ്ടില്ല...പറ്റുമ്പോഴൊക്കെ കള്ളും കുടിക്കും, കിട്ടുമ്പോഴൊക്കെ കഞ്ചാവും വലിക്കും, ഗ്യാപ്പ് കിട്ടിയാല്‍ പെണ്ണും..ഇതൊന്നും പോരാത്തതിന് തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന ബിജുവും കൂട്ടുകാരും ഇതിനൊക്കെ വളം വെച്ചുകൊടുക്കാനും...

മാസത്തില്‍ ഒരു പെണ്ണെങ്കിലും ആ റൂമിലെത്തും...അന്ന് മൂവായിരം രൂപ, അത് അഞ്ചു പേര്‍ കട്ടയിട്ടു...പെണ്ണ് വേണ്ടാത്ത മൂന്ന് പേരും ഞാനും ഒരു റൂമില്‍ ഒതുങ്ങി കൂടി...ഈ ശീലം കാരണം മറ്റേ റൂമില്‍ നിറയെ ഗര്‍ഭ നിരോധന ഉറകളുടെ സങ്കേതമായി...ആ മുറിയില്‍ കയറാന്‍ പോലും ഞങ്ങള്‍ അറച്ചു...നിലത്തു മുഴുവന്‍ ശുക്ലം നിറഞ്ഞ ഉറകളായിരുന്നു...!!!

ഒരു ദിവസം അവര്‍ കൊണ്ട് വന്നത് ഒരു ഹിന്ദിക്കാരി, അവള്‍ക്കു വേറെ ഒരു ഭാഷയും അറിയില്ല...കൂട്ടത്തില്‍ അത്യാവശ്യം ഹിന്ദി അറിയുന്ന എന്നെ തര്‍ജമക്ക്‌ വിളിച്ചു...ഓരോരുത്തരുടെ ആവശ്യങ്ങള്‍ ഞാന്‍ മൊഴി മാറ്റി അവളോട്‌ പറയേണ്ടി വന്നു... ചിലര്‍ക്ക് അവളെ കുളിപ്പികണം, ചിലര്‍ക്ക് അവളുടെ കൂടെ രാത്രി മുഴുവന്‍ ഉറങ്ങണം...അവരുടെ ഔദാര്യത്തില്‍ കിടക്കേണ്ടി വന്ന ഞാന്‍ അത് മുഴുവന്‍ മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടു... 

മറുപടിയായി ആ വേശ്യ പറഞ്ഞ മുഴുവന്‍ തെറിയും കേള്‍ക്കാന്‍ ഞാന്‍ വിധേയനായി...!! ഒരു ജോലി എന്ന ലക്‌ഷ്യം ഉള്ളത് കൊണ്ടാവാം, മറ്റേ റൂമിലെ സീല്‍ക്കാരങ്ങള്‍ ഒന്നുംതന്നെ എന്നെ ബാധിച്ചില്ല...!! പലപ്പോഴും അത്രേ മുറിയില്‍ നിന്നു ഞാന്‍ പോയി ഇന്റര്‍വ്യൂ അഭിമുഖീകരിച്ചു....ഫലമുണ്ടായിലെങ്കിലും....!!

അങ്ങനെ പെണ്ണും, കള്ളും, കഞ്ഞാവും നിറഞ്ഞ ആ റൂമില്‍ നിന്നും ബിജു എന്നെ ഉപദേശിച്ചു...

"ഇങ്ങനെ ജോലി അന്വേഷിച്ചു നടന്നിട്ട് കാര്യമൊന്നും ഇല്ല, കാശ് വേണോ എന്‍റെ കയ്യില്‍ വേറെ വഴികളുണ്ട്"

"നേരായ വഴിയില്‍ അല്ലാത്ത ഒരു പണവും എനിക്ക് വേണ്ട" ഞാന്‍ തറപ്പിച്ചു പറഞ്ഞു...

"നീ നേരും നോക്കി കിഴക്കോട്ടു നോക്കി ഇരിക്ക്... കഴിഞ്ഞ ഒരു മാസം കൊണ്ട് ഞാന്‍ ഉണ്ടാക്കിയത് രണ്ടു ലക്ഷമാണ്"

"അതെങ്ങനെ..??" എനിക്ക് അത്ഭുതം...!!

"ഈ വരാന്‍ പോവുന്ന നഴ്സിംഗ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഉണ്ട് എന്‍റെ കയ്യില്‍, പണം മാത്രമല്ല, കിളി പോലുള്ള ആ പിള്ളേര്‍ പോലും വരും ഇവിടെ അതിനു വേണ്ടി, കാണണോ??"

"വേണ്ടേ... കണ്ടത് തന്നെ മതി..." ഞാന്‍ മറുപടി പറഞ്ഞു...

പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത‍, "ബാംഗ്ലൂരില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, മുഖ്യ പ്രതിയെ അന്വേഷിക്കുന്നു" 

ഞങ്ങളെ ആ വാര്‍ത്ത കേട്ട് ഞെട്ടി... ആരെങ്കിലും വാതിലില്‍ മുട്ടിയാല്‍, "ഞങ്ങളെ അറസ്റ്റ് ചെയ്യ്" എന്ന് പറഞ്ഞായിരിന്നു ഞങ്ങള്‍ വാതില്‍ തുറന്നിരുന്നത്‌...,  ബിജു ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു മിക്കവാറും, അത് കൊണ്ട് അങ്ങനെയല്ലാതെ പെരുമാറാന്‍ ഞങ്ങള്‍ക്കായില്ല...ഒടുവില്‍ ബിജുവിനെ പോലിസ് അറസ്റ്റ് ചെയ്തു, പത്രത്തിലും വന്നു... രണ്ടു ലക്ഷം ഉണ്ടാക്കിയ അതേ കേസില്‍ അവനെ രക്ഷപെടുത്താന്‍ അഞ്ചു ലക്ഷം ഇറക്കേണ്ടി വന്നു...എല്ലാം കഴിഞ്ഞു, സമാധാനമായപ്പോള്‍ എന്‍റെ പെട്ടിയും ബാഗും എടുത്തു ഞാന്‍ പതുക്കെ ആ റൂമില്‍ നിന്നും സ്ക്കൂട്ട് ആയി...

ഒരു ജോലി അന്വേഷിച്ചാണ് ഞാന്‍ ഇവിടെ വന്നത്, പക്ഷെ ഇത്രേം വല്യ പണി ഞാന്‍ താങ്ങില്ല...!! അതും പറഞ്ഞു ഞാന്‍ അവിടെ നിന്നു ഇറങ്ങി...തെണ്ടിയാലും വേണ്ടില്ല ഇനി ഇവിടെയില്ല...!! അവിടെ നിന്നും ഇറങ്ങുമ്പോള്‍ പ്രവര്‍ത്തി പരിചയം വേശ്യകളോടുള്ള ഭാഷാവിനിമയം മാത്രം...!! അന്ന് പോവാന്‍ ഭാഗ്യത്തിന് ഒരു വാതില്‍ തുറന്നു കിടന്നിരുന്നു... അവിടുത്തെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍....,...!!


Thursday, July 4, 2013

ഒരൊറ്റ നോട്ടം മതി, ജീവിതം മാറി മറിയാന്‍.

ഒന്നിന് പുറകെ ഒന്നായി രണ്ടു പ്രണയങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് പൊട്ടി തകര്‍ന്നു പോയ കാലം...താടി വളര്‍ത്തി നിരാശാ കാമുക വേഷം കെട്ടാന്‍ നില്‍ക്കാതെ ക്ലീന്‍ ഷേവ് ആയിത്തന്നെ ഞാന്‍ നടന്നു...പ്രണയനഷ്ടം ഏല്‍പ്പിച്ച ഉണങ്ങാപ്പാടുകള്‍ പരിചിത മുഖങ്ങളെ കാണുമ്പോള്‍ ഹൃദയത്തെ നൊമ്പരപ്പെടുത്താന്‍ തുടങ്ങി...എങ്ങനെയെങ്കിലും അവരില്‍ നിന്നൊക്കെ ഒന്ന് മാറി നില്ക്കാന്‍ തോന്നി...അതുവരെയുള്ള എന്നെ പരിചയമില്ലാത്ത ആളുകളുള്ള പുതിയ ഒരു സ്ഥലത്തേക്ക് മാറണം എന്ന് ഉള്ളില്‍ നിന്നു ആരൊക്കെയോ മന്ത്രിച്ചു...

അന്ന് ഹൈദ്രബാദില്‍ ആയിരുന്നു ജോലി, ട്രെയിനിംഗ് കഴിഞ്ഞു മിക്കവാറും അവിടെത്ത പോസ്റ്റിങ്ങ്‌ കിട്ടും എന്ന അവസ്ഥ...ശ്രീനിവാസ് ഉദാത്ത എന്ന വല്യക്കാട്ടെ മാനേജര്‍ എല്ലാവരെയും വിളിച്ചു വരുത്തി... "മിക്കവാറും എല്ലാവര്‍ക്കും ഇവിടെ തന്നെയാണ് പോസ്റ്റിങ്ങ്‌, വേണമെങ്കില്‍ ഒരാള്‍ക്ക് പുനെയിലേക്ക് പോവാം, അവിടെ ഒരു ഒഴിവുണ്ട്" എന്നതായിരുന്നു അങ്ങേരു അന്ന് ഞങ്ങളോട് പറഞ്ഞതിന്‍റെ രത്നച്ചുരുക്കം...മലയാളികളും തമിഴന്മാരും മാത്രം ഉണ്ടായിരുന്ന ആ ബാച്ചില്‍ വേറെ ആര്‍ക്കും പൂനെ വേണ്ടായിരുന്നു... വലതു കൈ പൊക്കി ഞാന്‍ പറഞ്ഞു,

"ഐ പ്രിഫെര്‍ ടു ടേക്ക് ദാറ്റ്‌ ഓപ്ഷന്‍"","

"ഇവനെന്താ പ്രാന്താ...??" കൂടുകാര്‍ പരസ്പരം ചോദിച്ചു...

എങ്ങനെയെങ്കിലും നാടിനോട് അടുത്തുള്ള വല്ല ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ നോക്കുന്നതിനു പകരം പിന്നെയും വടക്കോട്ട്‌ പോവാന്‍ താല്പര്യം കാണിച്ച എനിക്ക് പിന്നെ എന്താണ്...?? ഒരു മാറ്റം കൊതിച്ച ഞാന്‍ പിറ്റേന്ന് തന്നെ കെട്ടും കെട്ടി പുനെയിലേക്ക്...!!

പരിചയമുള്ള ഒരു മുഖം പോലും അന്ന് ഞാന്‍ അവിടെ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല..ആദ്യം ഗസ്റ്റ്‌ ഹൌസില്‍ താമസം..പിന്നീടു ഓഫീസില്‍ വച്ച് പരിചയപ്പെട്ട രഞ്ജിത്തിന്റെ കൂടെയായി...പിമ്പ്ലെ സൌദാഗര്‍ എന്ന സ്ഥലത്ത്, അവിടെ നിന്നു ഓഫീസില്‍ പോയി വരുന്നത് കമ്പനി ബസ്സില്‍.., പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കാതെ കുറച്ചു ദിവസങ്ങള്‍ യാന്ത്രികമായി നീങ്ങി...രാവിലെ നേരത്തെ എണീച്ചു കുളിച്ചു കുട്ടപ്പനായി ഓഫീസിലേക്ക്, അവിടത്തെ പണി കഴിഞ്ഞു വീടിലേക്ക്‌ തിരിച്ചും..സമയാ സമയങ്ങളില്‍ ഭക്ഷണം ഉറക്കം....!! പതിയെ പതിയെ എന്‍റെ വിഷമങ്ങളും മാറി തുടങ്ങി...

ഞങ്ങളുടെ റൂട്ടില്‍ രണ്ടു ബസ്സുകള്‍ ആണ് ഉണ്ടായിരുന്നത്...ആദ്യത്തെ ബസ്സു എങ്ങാനും കിട്ടിയില്ലെങ്കില്‍ പത്തു മിനുട്ട് കഴിഞ്ഞു വരുന്ന അടുത്ത ബസ്‌ ആണ് ഏക ആശ്രയം...അതും പോയാല്‍ പിന്നെ തലങ്ങും വിലങ്ങും മുറുക്കി തുപ്പി വച്ചിരിക്കുന്നതും എവിടെ തൊട്ടാലും സെപ്റ്റിക്ക് ആവുന്നതും, ആറു സീറ്റില്‍ ഇരുപതു പേരെ കയറ്റിക്കൊണ്ടു പോവുന്നതുമായ ഷെയര്‍ ഓട്ടോ മാത്രമാണ് ആശ്രയം...അതിലും ഭേദം ഒരു ലീവ് പോട്ടെ എന്ന് വയ്ക്കുന്നതാണ്...!!

അന്നൊരിക്കല്‍ ഞാന്‍ റെഡി ആവാന്‍ ഒരു പത്തു മിനുട്ട് വൈകി..ബസ്‌ സ്റ്റോപ്പില്‍ ഓടിയെത്തിയപ്പോഴേക്കും ബസ്സും പോയി...രണ്ടാം ബസ്സും പോയിരിക്കുന്നു...!!ലീവ് എലാം എടുത്തു പെറുക്കി നാട്ടില്‍ പോയി കുറച്ചു ദിവസം താമസിക്കണം എന്ന് വിചാരിച്ചിരുന്ന രഞ്ജിത്ത് എന്നെ തുറിച്ചു നോക്കി...ഓം നമശിവായ സീരിയലില്‍ ശിവന്‍ മൂന്നാം കണ്ണു തുറന്നത് പോലെ ഒരു നോട്ടം..എന്നെ അവന്‍ ദഹിപ്പിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ മിസ്സായി എന്ന് കരുതിയ രണ്ടാം ബസ്സ്‌ വന്നു...

"ഹോ..!! അശ്വാസം...!! ആദ്യത്തെ ബസ്സിന്‍റെ ഡ്രൈവറിനും നിന്‍റെ വാച്ചിലെ സമയമാ..!!" രഞ്ജിത്ത് ബസ്സില്‍ കയറാന്‍ നേരത്ത് പറഞ്ഞു..

അവന്‍റെ പ്രാക്ക് കേള്‍ക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാനും ബസ്സില്‍ കയറി...പുറകിലെ സീറ്റിലേക്ക് നടന്നു നീങ്ങുമ്പോള്‍, രണ്ടു തിളക്കമുള്ള കണ്ണുകള്‍.., "ദൈവമേ, നീ വീണ്ടും പരീക്ഷിക്കുകയാണോ..???"
ആ കണ്ണുകളുടെ ഉടമയുടെ പുറകിലെ സീറ്റില്‍ തന്നെ പോയി ഇരുന്നു.. അടുത്തിരിക്കുന്ന സുഹൃത്തിനോട്‌ അവള്‍ തമിഴില്‍ എന്തൊക്കെയോ പറയുന്നു..

"കണ്ടിട്ട് ഒരു തമിഴ് അയ്യര് കുട്ടി ആണ് എന്ന് തോന്നുന്നു...എന്തായാലും നല്ല ഐശ്വര്യമുണ്ട്" ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു...

"ഉം.." അവനു വലിയ കൂസലോന്നും ഇല്ല..

"നമുക്ക് നാളെ മുതല്‍ ഈ ബസ്സില്‍ വന്നാല്‍ മതി, എന്തെ??"

"എടാ, ഇതും നീ കാരണം പോയാല്‍ പിന്നെ വേറെ ബസ്സില്ല, ലീവ് ആക്കേണ്ടി വരും" അവന്‍ മുന്നറിയിപ്പ് തന്നു...

"ഇല്ലെടാ, അവള്‍ ഞാന്‍ കയറിയപ്പോ എന്നെ നോക്കി, എന്നും വന്നാല്‍ അത് സ്ഥിരമാവും, അത് വഴി ഹൃദയത്തിലേക്ക് കയറാം... എത്ര നാളാടാ, ഇങ്ങനെ... നമുക്കും ഒരു പുരോഗതിയൊക്കെ വേണ്ടേ??"

"എന്നാലും...!!" അവനു വീണ്ടും സംശയം.

"അവള്‍ക്കും കുറെ ഫ്രെണ്ട്സ് ഒക്കെ കാണും, നിനക്കും പരിചയപെടാലോ..." എനിക്കവളെ നന്നായി പരിചയമുള്ളത് പോലുള്ള ഭാവത്തില്‍ ഞാന്‍ പറഞ്ഞു. അതില്‍ അവന്‍ വീണു.

പിന്നെടെന്നും അതേ ബസ്സില്‍ പോക്കും വരവും, കഴിവതും അവളുടെ സീറ്റിനു പുറകില്‍ തന്നെ സ്ഥാനം...ജനലിലൂടെ വീശി വന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ എന്‍റെ കൈകളില്‍ വന്നു തട്ടിക്കൊണ്ടേ ഇരുന്നു..അപ്പോഴൊക്കെ പുറകിലിരുന്നു, "എന്‍റെ തെങ്കാശി തമിഴ് പൈങ്കിളി" എന്ന് ഞാന്‍ പാടിക്കൊണ്ടേ ഇരുന്നു...പിന്നീട് ഫുഡ്‌ കോര്‍ട്ടില്‍, ബസ്സില്‍, വഴിയില്‍, അങ്ങനെ പലയിടത്തും വച്ച് ഞങ്ങളുടെ കണ്ണുകള്‍ ഉടക്കി...അക്കാലത്ത് എന്‍റെ പ്രണയം വര്‍ണ്ണിച്ചു വര്‍ണ്ണിച്ച് ഞാന്‍ രഞ്ജിത്തിനെ വധിച്ചു...അത് മിക്കവാറും അവളുടെ പുറകില്‍ ഇരുന്നു കൊണ്ട് തന്നെ ആയിരുന്നു...

"ഇനി തമിഴൊക്കെ ഒന്ന് ഫ്ലുവന്റാക്കണം" രഞ്ജിത്തിനോട് ഞാന്‍ പറഞ്ഞു..

"അതെന്തിന്..??"

"അല്ലടാ, പ്രപ്പോസ് ചെയ്യാന്‍ മാതൃഭാഷയാ നല്ലത്...അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് കൂടുതല്‍ ഏല്‍ക്കും"

"ഏല്‍ക്കും ഏല്‍ക്കും, നന്നായി ഏല്‍ക്കും...!! പിന്നെ ഒരുകാര്യം നീ എല്‍ക്കുകയോ കൊള്ളുകയോ ഒക്കെ ചെയ്തോ, എന്‍റെ ലീവ് ശെരിയായി, ഞാന്‍ ഒരാഴ്ച്ച നാട്ടില്‍ പോവുകയാണ്..നീ വരുന്നോ??"

"ഞാനില്ല, എന്‍റെ ഒരു ബാച്ച്മേറ്റ്‌ ഇവിടേയ്ക്ക് വരുന്നുണ്ട്, വിശാഖ്.."

പിന്നീടുള്ള ഒരാഴ്ച വിശാഖായിരുന്നു എനിക്ക് കൂട്ട്...അവനോടു ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു, ആളെ കാണിച്ചപ്പോ അവന്‍ പറഞ്ഞു, "എടാ കോപ്പേ, അവള് തമിഴും അയ്യരും ഒന്നുമല്ല, മലയാളിയാ..എന്‍റെ അതേ ഫ്ലോറില്‍ ആണ് അവളും ഇരിക്കുന്നത്...!!! അത് ഒരു ഒന്നൊന്നര അറിവായിപ്പോയി... അവളുടെ പുറകിലിരുന്നു ഞാന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഓര്‍ത്തപ്പോ സോഡാ പൊട്ടിച്ചത് പോലെ എന്‍റെ ഗ്യാസ് പോയി...!!

സാരമില്ല, ഇനി അറിയാന്‍ വയ്യാത്ത ഭാഷ പറഞ്ഞു  കഷ്ടപ്പെടെണ്ടല്ലോ എന്ന ഒരു സമാധാനം ഉണ്ട്..അല്ലെങ്കിലും ദാമ്പത്യ ജീവിതം മലയാളത്തിലായാലേ ഒരു രസമുള്ളൂ...!! അന്ന് തന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു ഓഫീസില്‍ വച്ച് തന്നെ അവളോട്‌ സംസാരിക്കാന്‍ തീരുമാനിച്ചു..വിശാഖ് അവള്‍ ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നു...ഒരു കൂട്ടം സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്ന അവളെ വിളിച്ചു ഒരു ഇടനാഴിയിലേക്ക്‌ നീങ്ങി.

ആദ്യ ചോദ്യം, "തന്‍റെ നമ്പര്‍ ഒന്ന് തരുമോ? കുറച്ചു കാര്യങ്ങള്‍ അറിയാനുണ്ട്, ഇപ്പോഴാണെങ്കില്‍ സമയമില്ല. അതുകൊണ്ടാ"

"എന്താ അറിയേണ്ടത്..? ചോദിച്ചോളൂ"

നമ്പര്‍ വീണ്ടും ചോദിച്ചെങ്കിലും തരാന്‍ താല്‍പ്പര്യം ഇല്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഞാന്‍ കാര്യത്തിലേക്ക് കടന്നു..

"എന്നെ ബസ്സില്‍ വച്ച് നോക്കാറില്ലേ..??"

"ഉണ്ട്" വണ്‍ വേര്‍ഡ്‌ ആന്‍സര്‍..

"അതെന്തിനാ...??"

"നിങ്ങളും മലയാളി ആയതു കൊണ്ട്.."

"വേറെ ഒന്നും കൊണ്ടല്ല...??" എനിക്കത് ഉറപ്പു വരുത്തണമായിരുന്നു

"വേറെ ഒന്നും കൊണ്ടല്ല, അതുകൊണ്ട് മാത്രമാണ്..." അവള്‍ ഉറപ്പിച്ചു പറഞ്ഞു...

രാകേഷ് എന്ന പേര് മാറ്റി ശശി എന്നാക്കിയാലോ..?? ഞാന്‍ സ്വയം ചിന്തിച്ചു..

ഒരാഴ്ച കഴിഞ്ഞു രഞ്ജിത്ത് തിരിച്ചു വന്നപ്പോള്‍ നടന്നതെല്ലാം ഞാന്‍ വിശദമായി പറഞ്ഞു, അവനു ഒടുക്കത്തെ സന്തോഷം...നാട്ടില്‍ നിന്നും കൊണ്ട് വന്ന ചിപ്സ് കഴിച്ചുകൊണ്ട് പൊട്ടിചിരിച്ചു കൊണ്ടിരുന്നപ്പോള്‍ അത് അണ്ണാക്കില്‍ കുടുങ്ങി കുരച്ചു കുരച്ചു അവന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു...എന്‍റെ പ്രണയ നഷ്ടത്തില്‍ അവന്‍റെ കണ്ണീര്‍ മുത്തുകള്‍ അശ്രുബാഷ്പ്പമായി വീണു..!! (തെണ്ടി..!!)

പിറ്റേ ദിവസം ബസ്സില്‍ കയറിയപ്പോ അവള്‍ വീണ്ടും ബസ്സില്‍, ഇന്ന് അവളുടെ കണ്ണിന്‍റെ തിളക്കം എനിക്ക് അനുഭവപ്പെട്ടില്ല...അവള്‍ക്കു ഒരല്‍പ്പം നിറം കുറവാണെന്ന് തോന്നി...നീളവും പോര..ഒരു കച്ചറ തമിഴ് ലുക്കും...!! ഛെ.!! പോര, എനിക്കവള്‍ പോര...ഞാന്‍ പിന്നെ അവളെ നോക്കാനൊന്നും പോയില്ല...അയ്യയ്യേ..!! നമുക്ക് നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ...!!

Wednesday, July 3, 2013

നെഞ്ചിലൊരു ബല്ലേ ബല്ലേ

പാഴായിപ്പോയ ഒരുപാട് ടെന്‍ഷനുകള്‍ എല്ലാവരേയും പോലെ എനിക്കും ഉണ്ടായിട്ടുണ്ട്...

സ്കൂളില്‍ പദ്യം പഠിച്ചു വരാന്‍ പറഞ്ഞ ദിവസം അത് മനപ്പാഠം ചെയ്യാന്‍ കഴിയാതെ അന്ന് ഉച്ചക്കുള്ള ഇന്ട്രെവെല്‍ കഴിഞ്ഞുള്ള ആദ്യത്തെ മലയാളം ക്ലാസ്സ്‌ വരെ ടെന്‍ഷന്‍, ഓഫീസ് റൂമിന്‍റെ ജനലിലൂടെ സച്ചിതാനന്ദന്‍ മാഷിന്‍റെ സാന്നിദ്ധ്യം ഉറപ്പു വരുത്താന്‍ ഒളിഞ്ഞു നോക്കിയപ്പോള്‍, മേശപ്പുറത്തു കാലു കയറ്റി വച്ച് ഉറങ്ങുകയായിരുന്ന സച്ചിതാന്ദന്‍ മാഷും മേശപ്പുറത്തു കിടന്നിരുന്ന കൂന് പിടിച്ചവനെ പോലെ വളഞ്ഞ വള്ളി ചൂരലും എന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു...ആ ദുഷ്ടനാണെങ്കില്‍ നഖവും വെട്ടില്ല... ഇനിയിപ്പോ ചൂരലെടുക്കാന്‍ മറന്നാലും അങ്ങേരു ക്ലാസ്സിലേക്ക് വരുമ്പോള്‍ കൂടെ നഖവും വരുമല്ലോ..!! തുടയില്‍ നഖക്ഷതങ്ങള്‍ വീണ് കണ്ണില്‍ ഇന്ന് നക്ഷത്ര ദീപങ്ങള്‍ തെളിയും, തീര്‍ച്ച...!!

ചൂരലും ചുഴറ്റി പിടിച്ചുകൊണ്ടു സച്ചിതാനന്ദന്‍ മാഷ്‌ ക്ലാസ്സില്‍ വന്നു...വടി കൂടെയുണ്ട്, അപ്പൊ അടിയാണ്, നുള്ളില്ല.. !! ഇനി എത്രയെന്നു കൂടെ അറിഞ്ഞാല്‍ മതി...!! അപ്പോഴേക്കും എന്‍റെ ഹൃദയം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്ത്വത്തില്‍ ഇലഞ്ഞിത്തറ മേളം തുടങ്ങിയിരുന്നു...!! വേറേയും പലരുടെ ഹൃദയം മേളം നടത്തിയിരുന്നെങ്കിലും എന്‍റെ ഉള്ളിലെ മേളം കാരണം ഞാന്‍ അതൊന്നും അറിഞ്ഞില്ല...ഇരുന്ന ഇരുപ്പില്‍ ഇളയൂരപ്പന്റെ ഭാണ്ടാരത്തില്‍ രണ്ടു രൂപ നേര്ച്ചയിടാമേ എന്ന് പ്രാര്‍ത്ഥിച്ചു...!!

പെട്ടന്നാണ് മാഷ് എന്‍റെ പേര് വിളിച്ചത്.

"രാകേഷ്..."

ഇളയൂരപ്പന്‍ കൈവിട്ടല്ലോ...!! കാലമാടന്‍ ആദ്യം തന്നെ എന്നെക്കൊണ്ട് "ബ ബ ബ" എന്ന് പറയിപ്പിക്കും..!! ക്ലാസ്സിലെ സകലരും എന്നെ നോക്കുന്നു... പ്രത്യേകിച്ച് പെണ്‍കുട്ടികള്‍......, അവരുടെ മുന്‍പില്‍ വച്ച് മാനം കപ്പല് കയറുമല്ലോ...!! അടികൊണ്ടു അലറി വിളിച്ചു ചാടി കളിക്കാതിരുന്നാല്‍ തന്നെ ഭാഗ്യം...!! മുന്‍ ബെഞ്ചിന്‍റെ അറ്റത്ത്‌ ഇരുന്ന ഞാന്‍ അമല്‍ നീരദ് സ്റ്റൈലില്‍ സ്ലോ മോഷനില്‍ തന്നെ എന്നീട്ടു...

"ഞാന്‍ ചോക്കെടുക്കാന്‍ മറന്നു, ഓഫീസില്‍ പോയി ചോക്കെടുത്തോണ്ട് വാ... ബാക്കി എല്ലാരും പേജ് നമ്പര്‍ ഇരുപത്തി നാല് എടുക്കൂ, ഇന്ന് ഒരു പുതിയ പാഠം പഠിപ്പിക്കാന്‍ പോവുകയാണ്...!!"

കോടതി വെറുതെ വിട്ട പ്രതിയുടെ സന്തോഷത്തോടു കൂടി ഞാന്‍ ഓഫീസിലേക്ക് ഓടി....പദ്യം ചൊല്ലിക്കാന്‍ പറന്നു പോയ മാഷിനു ഞാന്‍ കൈ നിറയെ ചോക്കും കൊടുത്തു...എന്നിട്ട് മനസ്സില്‍ പറഞ്ഞു,

"താങ്ക്യൂ മിസ്റ്റര്‍ ഇളയൂരപ്പന്‍..,..!!"

അന്ന് വൈകുന്നേരം വീടിലേക്ക്‌ പോയപ്പോള്‍ മറ്റൊരു ടെന്‍ഷന്‍ ചിന്ത വന്നു...ഇളയൂരപ്പന് കൊടുക്കാം എന്ന് ഏറ്റ രണ്ടു രൂപ... !! സാരമില്ല, ബാലേട്ടന്റെ പീടികയില്‍ സാധനം വാങ്ങാന്‍ അമ്മ വിടുമ്പോള്‍ കുംഭകോണം നടത്താം...അത് കയ്യോടെ പിടിച്ചാലോ??? വീണ്ടും ടെന്‍ഷന്‍...,.. അത് അപ്പൊ നോക്കാം, ഹല്ല പിന്നെ...!!

Tuesday, July 2, 2013

മാറ്റമെന്ന സത്യം...

മാറ്റമില്ലാത്തത് മാറ്റം മാത്രമാണ്...ഒരു വ്യക്തിയെ കുറിച്ചാണെങ്കില്‍ അത് സ്വഭാവത്തിലും ജീവിത രീതിയിലും ചിന്തയിലും പെരുമാറ്റത്തിലും ആവാം ഈ മാറ്റം... ഈ എല്ലാ സംഗതികളും എന്‍റെ ജീവിതത്തിലും മാറ്റത്തിന് വിധേയമായിട്ടുണ്ട്...എന്നിലെ ചില മാറ്റങ്ങള്‍ താഴെ കുറിക്കാം..

മാറ്റം നമ്പര്‍ വണ്‍.
======================

ബാല്യത്തില്‍ എന്നോട് സ്നേഹം പുറത്തു കാണിക്കാതിരുന്ന അമ്മയോട് എന്നും കര്‍ക്കശമായി മാത്രം ഞാന്‍ പെരുമാറിയിരുന്നു...അമ്മയോട് ഒരുതരം മൃദു വികാരങ്ങളും അന്നുണ്ടായിരുന്നില്ല...എന്‍റെ സുഹൃത്തുക്കളില്‍ പലരും ഈ പെരുമാറ്റം മാറ്റിയെടുക്കാന്‍ ഉപദേശിച്ചു...ഉള്ളില്‍ ഇല്ലാതിരുന്ന സ്നേഹ വികാരങ്ങള്‍ പുറത്തു കാണിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല... അതുകൊണ്ട് തന്നെ അവര്‍ പലരും ആ ഉദ്ധ്യമത്തില്‍ നിന്നും പിന്‍വാങ്ങി...പക്ഷെ കാലം അതെല്ലാം തിരുത്തി, പ്രത്യേകിച്ച് നിമിത്തങ്ങളോ കാരണങ്ങളോ ഇല്ലാതെ ഞാനും അമ്മയും തമ്മില്‍ അടുത്തു...ഒരുപാട് പ്രകടനങ്ങള്‍ ഒന്നുമില്ലെങ്കിലും എന്നില്‍ ഇപ്പൊ അമ്മയോട് സ്നേഹമുണ്ട്, എന്‍റെ പുതിയ കൂട്ടുകാരോട് അമ്മയെ കുറിച്ച് പറയാന്‍ എനിക്ക് ഇഷ്ടവും ഉണ്ട്....!!

നമ്പര്‍ ടു (അയ്യേ, ദതല്ല...!!)
======================
കോപ്പിയടിക്കുന്നത് ധര്‍മ്മമല്ല...!! അത് ആര് തെറ്റിച്ചാലും ധര്‍മ്മം പുനസ്ഥാപിക്കാന്‍ അവന്‍ (ഞാന്‍ തന്നെ) അവതരിക്കും...!! പ്ലസ്‌ ടു വരെ ഇത് തന്നെ ആയിരുന്നു എന്‍റെ ആദര്‍ശം...ഒരിക്കല്‍ അഞ്ചാം ക്ലാസ്സില്‍ വച്ച് ഓണപ്പരീക്ഷയ്ക്ക് എന്‍റെ അടുത്തിരുന്ന എഴാം ക്ലാസ്സുകാരന്‍ സീനിയറെ ഞാന്‍ കുടുക്കി, വിത്ത് എവിടെന്‍സ്...!!

"സാറേ സാറേ, ഇയാള് കോപ്പിയടിക്കുന്നു" എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍. ആ പരീക്ഷക്ക്‌ പാസാവാനുള്ള ആ കുട്ടിയുടെ മോഹം ഒരു തുണ്ട് പേപ്പറില്‍ താഴേക്ക്‌ വീണു...!!

കാലം വീണ്ടും എന്നെ തിരുത്തിയത് ഒരു അദ്ധ്യാപകന്റെ രൂപത്തില്‍ ആയിരുന്നു...പ്ലസ്‌ ടു പരീക്ഷയില്‍ കാര്യമായി ഒന്നും എഴുതാന്‍ കിട്ടാതെ വിഷമിച്ച എന്നോട് അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു, "ഒന്നും എഴുതാന്‍ കിട്ടുന്നിലെങ്കില്‍ സമയം കളയാതെ എവിടെയെങ്കിലും നോക്കി എഴുതാടാ..!!"

ഇങ്ങനെയും ഉണ്ടാവുമോ മാഷന്മാര്‍..., ഗുരു വചനം നിറവേറ്റാന്‍ അടുത്തിരുന്ന മുഫീദയുടെ പേപ്പറില്‍ നോക്കി ഞാന്‍ വൃത്തിയായി എഴുതി പാസ്സായി...നന്ദി മാഷേ, നന്ദി മുഫീദ..!!

നമ്പര്‍ ത്രീ
=========
പണ്ടെനിക്ക് കട്ടക്ക് ദേശഭക്തി ഉണ്ടായിരുന്നു..!! ഭാരതം എന്നൊക്കെ കേള്‍ക്കുമ്പോള്‍, രക്തമൊക്കെ നൂറു മൈല്‍ വേഗത്തില്‍ സിരയിലൂടെ ഓടുമായിരുന്നു...ഒരു ജോലി ചെയ്യുമെങ്കില്‍ അത് പട്ടാളത്തില്‍ ആവണം.. ഭാരതാംബയെ സേവിക്കണം... പാക്കിസ്ഥാനിയെ എവിടെ കണ്ടാലും വെടി വച്ചിടണം...!! ഇത്തരം വിചാരങ്ങള്‍ മാത്രം...

 അത് അന്ത കാലം....ഒരു വരയ്ക്കു അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് എന്തിനു നമ്മള്‍ കലഹിക്കുന്നു എന്ന ഒരു ചിന്ത അതിനിടയില്‍ കയറി വന്നു.. എന്‍റെ ഒരു കഴിവും കൊണ്ടല്ല ഞാന്‍ ഇവിടെ ജനിച്ചത്‌..., അതില്‍ എന്റെതായ ഒരു തിരഞ്ഞെടുപ്പും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവും പഴയ ദേശീയതയും ഭക്തിയും എന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞു....അതിരുകളില്ലാത്ത ഒരു ലോകമെന്ന സ്വപ്നത്തില്‍ എന്‍റെ ദേശഭക്തി ഒലിച്ചു പോയിരിക്കുന്നു...

നമ്പര്‍ ഫോര്‍
===========
മദ്യത്തിന്റെയും പുകയുടെയും വഴിയെ ഞാന്‍ ഒരിക്കലും പോകില്ല എന്നത് എന്‍റെ ദൃഡനിശ്ചയമായിരുന്നു...!! മദ്യപിച്ചിരുന്ന സുഹൃത്തുക്കളെ ഞാന്‍ ഉപദേശിച്ചു...!! ക്ലാസ്സ്‌ കട്ട്‌ ചെയ്തു കുറ്റിക്കാട്ടില്‍ ഇരുന്നു ബീഡി വലിച്ചിരുന്ന രണ്ടു സഹപാഠികളെ ഹൈസ്കൂളില്‍ വച്ചാണ് ഒറ്റുകൊടുത്തത്... അതിനുള്ള മറുപടി അന്ന് വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ തന്നെ കിട്ടി...കൈമുട്ട് കൊണ്ട് എന്‍റെ വയറ്റില്‍ കുത്തി അവന്മാര്‍ ഓടി...ഹര്‍ബജന്റെ ഇടികൊണ്ട ശ്രീശാന്തിനെ പോലെ ഞാന്‍ അവിടെ ഇരുന്നു മോങ്ങേണ്ടിയും വന്നു..!!

കാലം ഒരിക്കല്‍ കൂടി എന്നില്‍ തിരുത്തലുകള്‍ നടത്തി..മൈസൂര്‍ സൂവിന്‍റെ എതിര്‍ വശത്തെ ഹോട്ടല്‍ മുറിയില്‍ വച്ച്, എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്‍റെ കയ്യില്‍ നിന്നും കൊക്കകോളയില്‍ കലര്‍ന്ന് പോയ എം സി ബ്രാണ്ടി വാങ്ങി എന്‍റെ രസനെയെ പുതിയ രുചി പഠിപ്പിച്ചു....പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം പൂനെയില്‍ വച്ച് ഒരു തണുത്തു വിറച്ച രാത്രിയില്‍ ആദ്യ പഫ്ഫും ഞാന്‍ എടുത്തു.... അടിമപ്പെടാന്‍ നിന്നു കൊടുക്കാതെ രണ്ടു ശീലങ്ങളെയും നിയന്ത്രിച്ചു പോവുന്നു, ഇന്നും...!!

=================
നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഇനിയും ഉണ്ടാവും..മാറ്റം പ്രപഞ്ച സത്യമാണ്..ഇനി വരാനുള്ള മാറ്റങ്ങള്‍ നല്ലത് മാത്രമാവട്ടെ...

Monday, July 1, 2013

ജമ്പന്‍ മാഹാത്മ്യം, രണ്ടാം ഖണ്ഡം

മുന്‍പ് ഒരു തവണ ഞാന്‍ ജമ്പനെ കുറിച്ച് പറഞ്ഞിരുന്നു...അതിനുള്ള മറുപടി കഴിഞ്ഞ ആഴ്ച അവന്‍ വീട്ടില്‍ വന്നു തന്നു പോയിട്ടുണ്ട്...പ്രതികാരമായി ഇതാ ഒരു ജമ്പന്‍ മാഹാത്മ്യം കൂടി..!!

ഞങ്ങളുടെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ വായപ്പാറപ്പടിയില്‍ ഒരു സൈക്കിള്‍ വിപ്ലവം ഉണ്ടായി...ഹീറോ റേഞ്ചര്‍, ഹെര്‍കുലീസ്, ബി എസ് എ അങ്ങനെ പല കമ്പനികളുടെ പല വര്‍ണ്ണത്തിലും രൂപത്തിലും ഉള്ള സൈക്കിളുകള്‍ ഞങ്ങളുടെ ചവിട്ടേറ്റു തലങ്ങും വിലങ്ങും പാഞ്ഞു...

അന്ന് പക്ഷെ ജമ്പനു സൈക്കിള്‍ ഇല്ല എന്നതാണ് എന്‍റെ ഓര്‍മ്മ.. പക്ഷെ മറ്റുള്ളവരുടെ സൈക്കിള്‍ എടുത്തു പറപ്പിച്ചു വിടാനും അത്യാവശ്യം അഭ്യാസങ്ങള്‍ കാണിക്കാനും ടിയാന്‍ ഉഷാറായിരുന്നു.. പോരാത്തതിന് സാഹസികത ഇന്നത്തെ പോലെ അന്നും മൂപ്പരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു... ഏതു വെല്ലുവിളിയും കക്ഷി ഏറ്റെടുക്കും... അതിന്‍റെ അനന്തര ഫലങ്ങള്‍ എന്ത് തന്നെ ആയാലും വെറും തൃണം...!!

അങ്ങനെ ഒരിക്കല്‍ ഒരു വൈകുന്നേരത്ത്, ഞങ്ങളുടെ സംഘം അരുകിഴായ ബൈപ്പാസില്‍ ഒത്തുകൂടി... ആ ബൈപ്പാസ് റോഡിന്‍റെ ഇരു വശങ്ങളിലും ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന പാടങ്ങള്‍ ആയിരുന്നു...റോഡില്‍ നിന്നും ഏതാണ്ട് ഒരാള്‍ താഴ്ചയില്‍ ആയിരുന്നു അന്നത്തെ ആ "ലോര്‍ഡ്സും" "ഈഡെന്‍ ഗാര്‍ഡന്‍സും" എല്ലാം സ്ഥിതി ചെയ്തിരുന്നത്... ബൈപ്പാസ്സിനു കുറുകെയായി ഒരല്‍പ്പം ഇറക്കമുള്ള മറ്റൊരു റോഡും ഉണ്ട്...

  അന്ന് അവിടെ ഞങ്ങളുടെ കൂട്ടത്തില്‍ സൈക്കിളില്‍ വന്നത് കുട്ടപ്പന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഹേന്നി മാത്രമായിരുന്നു...ജമ്പനു ഒരു മോഹം, കുട്ടപ്പന്റെ സൈക്കിള്‍ എടുത്തു ഒരു റൌണ്ട് അടിക്കണം...മടിയൊന്നും കൂടാതെ കുട്ടപ്പന്‍ ജമ്പനു സൈക്കിള്‍ കൊടുക്കുകയും ചെയ്തു..ഒരു റൌണ്ടും കഴിഞ്ഞു വന്നു ജമ്പന്‍ വണ്ടി നിര്‍ത്തിയത് ബൈപ്പാസിന്റെ വളരെ ഓരം ചേര്‍ന്നാണ്, കുട്ടപ്പനെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതായിരു അത്...

"അത്ര ധൈര്യമുണ്ടെങ്കില്‍ ഇജ്ജു അതൊന്ന് ചാടിച്ചാ...!! " കുട്ടപ്പന്‍ ജമ്പനെ വെല്ലുവിളിച്ചു....

"ചാടിച്ചാല്‍ എന്ത് തരും???" ന്യായം, ഒരു സമ്മാനമില്ലാത്ത വെല്ലുവിളി പാടില്ലല്ലോ...!!

"ഒന്നും തരാനൊന്നും പറ്റൂല, സൈക്കിളിനു എന്ത് പറ്റിയാലും ഇക്ക് പ്രശ്നമില്ല" കുട്ടപ്പന്‍ നയം വ്യക്തമാക്കി.

ഒരു സാഹസികത കാണിക്കാന്‍ കിട്ടിയ അവസരമല്ലേ, ജമ്പന്‍ അത് പാഴാക്കേണ്ട എന്ന് കരുതി. ഇറക്കത്തില്‍ നിന്നും അതിവേഗത്തില്‍ ശരം കണക്കെ സൈക്കിള്‍ പായിച്ചു കൊണ്ട് ജമ്പന്‍ വന്നു... 'വായിലെ പല്ല്, ശരീരത്തിലെ എല്ല്' ഈ രണ്ടു വിചാരങ്ങള്‍ പെട്ടന്ന് ജമ്പന്റെ നാഡികളിലൂടെ ഓടി... രണ്ടു കൈകളും ബ്രേക്കില്‍ അമര്‍ന്നു... ഒരു വൃത്തികെട്ട ശബ്ദവും മുഴക്കിക്കൊണ്ട് സൈക്കിള്‍ പാടത്തേക്കു ചാടാതെ നിന്നു...എല്ലാവരും ജമ്പനെ കളിയാക്കാന്‍ തുടങ്ങി..

"വല്യ വര്‍ത്താനം മാത്രം പോര, #$^%$ക്ക് ഉറപ്പു വേണം" കുട്ടപ്പന്റെ വക തന്നെ ആയിരുന്നു ഡയലോഗ്...!!

അപമാന ഭാരം ഉണ്ടായിരുന്നെങ്കിലും ജമ്പന്‍ ഒരു വളിച്ച ചിരി ചിരിച്ചു...

അരുകിഴായ ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ കണ്ടപ്പോള്‍ പിന്നെ അത് വരെ ഉണ്ടായ കാര്യങ്ങളെല്ലാം ഞങ്ങള്‍ വിട്ടു...എല്ലാരും പാടത്ത് വട്ടത്തിലിരുന്നു സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോഴും ജമ്പന്‍ സൈക്കിളില്‍ റൌണ്ട് അടിച്ചു കൊണ്ടിരിക്കുകയായിരുന്നു.... അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ "ധിം.." എന്ന് പഴംചക്ക വീണ പോലെ ഒരു ശബ്ദം...നോക്കിയപ്പോള്‍ നമ്മുടെ നായകന്‍ എല്ലാരും മറന്നു തുടങ്ങിയിരുന്ന ആ വെല്ലുവിളി ഏറ്റെടുത്തു നടത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്...

കമിഴ്ന്നടിച്ചു വീണെങ്കിലും വലിയ പരിക്കൊന്നും പറ്റാതെ ജമ്പന്‍ ദേഹത്ത് പറ്റിയ ചെളിയും തട്ടികളഞ്ഞു കുട്ടപ്പന്റെ അടുത്ത് പോയി പറഞ്ഞു,

"സൈക്കിള്‍ അവിടെ കിടക്കുന്നുണ്ട്, പോവുമ്പോ എടുക്കാന്‍ മറക്കണ്ട...!!"

കുട്ടപ്പന്‍ സൈക്കിള്‍ എടുത്തു നോക്കി.. ചക്രങ്ങള്‍ ഡബ്ലിയു പോലെ വളഞ്ഞു പോയിരിക്കുന്നു... ഒന്നും മിണ്ടാതെ ദയനീയമായ ഒരു വികാരം മുഖത്തും, ആകൃതി നഷ്ടപ്പെട്ട സൈക്കിള്‍ കയ്യിലും പേറി അവന്‍ നടന്നു... വര്‍ക്ക്ഷോപ്പിലേക്ക്....!!