Wednesday, August 16, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം മൂന്ന്

താമരശ്ശേരിയില്‍ ചെറിയച്ഛനെ കൊണ്ട് വിട്ടതിനു ശേഷം ഞാന്‍ വീണ്ടും ഒരിക്കല്‍ അവിടെ പോയി. ചെറിയച്ഛന്‍റെ താടിയും മുടിയും എല്ലാം പറ്റെ വെട്ടി ഒതുക്കിയിരിക്കുന്നു. അവിടെ മറ്റുള്ള അന്തേവാസികളുമായി മാനസികമായി പാടെ വേറിട്ടിരുന്നത്, അവരുമായി കൃത്യമായ അകലം പാലിച്ചിരുന്നത് ഒരുപക്ഷെ ചെറിയച്ഛന്‍ മാത്രമായിരുന്നിരിക്കാം. പക്ഷെ രോഗികളായ അവിടത്തെ ആളുകള്‍ ചെറിയച്ഛനോടും ഞങ്ങളോടും വല്ലാത്ത അടുപ്പം കാണിച്ചു. ചെറിയച്ഛന്‍റെ രോഗാതുരമായ ശരീരം മനസ്സില്‍ ഏല്‍പ്പിച്ച മരവിപ്പ്,  മറ്റാരേക്കാളും അവര്‍ മനസിലാക്കിയിരുന്നിരിക്കണം...
സ്വയം ക്ഷണിച്ചുണ്ടാക്കിയ ഒറ്റപ്പെടലിന്‍റെ ഇടയിലേക്ക് ഞങ്ങള്‍ കടന്ന് ചെന്നപ്പോള്‍ ചെറിയച്ഛന്‍റെ കണ്ണില്‍ ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വച്ച നനവില്‍ പലതും പറയാനുണ്ടായിരുന്നിരിക്കാം. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, തൊണ്ടയില്‍ നിന്ന് വന്ന കാറ്റിന്‍റെ ശബ്ദം പറഞ്ഞു. " കുറച്ച് അച്ചാര്‍ വേണം, നാവിനൊന്നും രുചി തോനുന്നില്ല".
ചെറിയച്ഛന് വീട്ടിലെ അടുക്കളയില്‍ വെന്തും ചതഞ്ഞും മുരിഞ്ഞും പാകം വന്ന രുചികള്‍ ഉണ്ടായിരുന്നു, ബന്ധുമിത്രാദികളുടെ സ്നേഹശാസനകളുടെ സ്പര്‍ശമുണ്ടായിരുന്നു, പുതു മഴ മണ്ണിനെ തൊട്ട ഗന്ധമുണ്ടായിരുന്നു, മാനവഘോഷങ്ങളുടെയും പ്രകൃതിയുടെയും ശബ്ദമുണ്ടായിരുന്നു, പച്ച പുതച്ച കാഴ്ച്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഏതോ നിമിഷത്തെ ചാപല്യം ചെറിയച്ഛനെ ഇതിനെല്ലാം അന്യനാക്കി...
അതിനു ശേഷം ഒരിക്കല്‍ കൂടി മാത്രമേ അവിടേക്ക് എനിക്ക് പോവേണ്ടി വന്നുള്ളൂ. ചെറിയച്ഛനെ കാണാന്‍ പോയ അച്ഛമ്മ അവിടെ എത്താന്‍ കാത്തു നിന്നില്ല. എന്നും യാത്രകളില്‍ ആയിരുന്ന ചെറിയച്ഛന്‍ അവസാന യാത്രക്ക് തിടുക്കം കാണിച്ചു. പുറകെ പോയ ഞാന്‍ വെള്ള പുതച്ച ചെറിയച്ഛന്‍റെ ശരീരവും അതിനടുത്ത് തേങ്ങി ഇരിക്കുന്ന അച്ഛമ്മയേയുമാണ് കണ്ടത്...
അച്ഛനും മറ്റു ബന്ധുക്കളുമടക്കം കാണേണ്ടവര്‍ എല്ലാം തന്നെ ജീവനുള്ള ചെറിയച്ഛനെ രോഗനാളുകളില്‍ കണ്ടു കഴിഞ്ഞു. വീണ്ടും ഒരു കാഴ്ച്ചവസ്തുവായി ആ ശരീരം വയ്ക്കേണ്ടതില്ല. ഉയരം കുറഞ്ഞ ചെറിയച്ഛന്‍റെ ശരീരത്തിന് ഇനി വേണ്ടത് ആറടി പോലും തികച്ചു വേണ്ടാത്ത മണ്ണാണ്. തല്‍ക്കാലം അതിനു തരമില്ല. ആ രാത്രി തന്നെ ഐവര്‍ മഠത്തിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. അമ്മയും അച്ഛമ്മയും അച്ഛന്റെ അമ്മാവനുമെല്ലാം രാജേട്ടന്റെ ടാക്സി കാറില്‍ പുറപ്പെട്ടു. ഞാന്‍ ആംബുലന്‍സില്‍ ചെറിയച്ഛന്‍റെ ശരീരത്തിന് കൂട്ടായി ഇരുന്നു...!!
രോഗം ഒരുപാട് ക്ഷീണം നല്‍ക്കിയ കറുത്ത് മെലിഞ്ഞ  ആ ശരീരം മരണത്തിന്‍റെ സ്പര്‍ശത്തില്‍ കൂടുതല്‍ ഭീതി ജനിപ്പിക്കാന്‍ പോന്നതായിരുന്നു. പക്ഷെ പത്തൊന്‍പതുകാരനായ എന്‍റെ ഭയത്തെ ഉണര്‍ത്താതെ ആ യാത്ര തുടര്‍ന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകില്‍ ഒറ്റയ്ക്കിരിക്കണ്ട എന്ന് പറഞ്ഞ് മുന്‍പില്‍ പിടിച്ചിരുത്തി...!!
ഐവര്‍ മഠത്തിലെ ചിതയ്ക്ക് ചുറ്റും ഈറനുടുത്ത ഞാന്‍ അര്‍ത്ഥമറിയാത്ത എന്തൊക്കയോ ചടങ്ങുകള്‍ ചെയ്തു തീര്‍ത്തു. എന്‍റെ കയ്യില്‍ ആരോ വച്ചു തന്ന കത്തുന്ന കമ്പിലെ അഗ്നി ഏറ്റുവാങ്ങി കറുത്ത പുകയായി ആ ശരീരം അവസാനിച്ചു...ഇരുട്ടില്‍ ആ പുക കാഴ്ചയില്‍ പതിഞ്ഞില്ല... ഒരല്‍പ്പമെങ്കിലും വെളിച്ചമുണ്ടയിരുന്നെങ്കില്‍ ആ പുകയും ജീവിതവും ആരെങ്കിലും കണ്ടേനെ...!!
(മരണം തന്നെ അവസാനം)

Sunday, August 6, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം രണ്ട്

ചെറിയച്ഛനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് കയറുന്നത്. വഴി നീളെ നിലത്തും കട്ടിലിലും പലവ്യാധി ചിക്ത്സ തേടുന്ന രോഗികള്‍. പല കാഴ്ചകളും നിറമില്ലാത്ത ജീവിതങ്ങളുടെതായിരുന്നു. ചുമയുടെയും ഞരക്കങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും അന്തരീക്ഷമാകെ ബഹളമയം. ചോരയുടെയും പുണ്ണിന്‍റെയും തുന്നിക്കെട്ടലുകളുടെയും കാഴ്ച്ചകള്‍. ഡെറ്റോളോ ഫെനോയിലോ കൊണ്ട് തൂത്ത നിലത്തെ രൂക്ഷ ഗന്ധത്തിനുമപ്പുറം മറ്റു പല ദുര്‍ഗന്ധങ്ങളും എന്നെ അസ്വസ്ഥനാക്കി.
ചെറിയച്ഛന്‍റെ കഴുത്തിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഞങ്ങള്‍ വീടിലെത്തി. രണ്ടു മുറികള്‍ ഉണ്ടായിരുന്ന ആ വാടക വീട്ടിലെ എന്‍റെ മുറി അന്ന് മുതല്‍ എനിക്ക് നഷ്ടമായി. കുടുംബക്കാരും പരിചയക്കാരും മറവിയുടെ അതിരുകള്‍ക്ക് അപ്പുറം മാറ്റി നിര്‍ത്തിയ ചെറിയച്ഛന്‍റെ ശബ്ദമില്ലാത്ത ജീവന്‍ കാണാന്‍ പലരും ഓര്‍മ്മകളുടെ അതിരുകടന്നു വന്നു ആ മുറിയിലേക്ക്.
ചിലരുടെ മുഖത്ത് നിന്നും വീണ സഹതാപത്തില്‍ ആ മുറിയും, ചിലപ്പോഴൊക്കെ ആ വീട് മുഴുക്കനെയും തിങ്ങി വിങ്ങി. ചിലരെങ്കിലും, എഴുതാതെ എഴുതി വച്ച വ്യവസ്ഥാപിത സാമുഹിക പഥത്തില്‍ നിന്നും വ്യതിചലിച്ചു പോയ ജീവിതത്തോടുള്ള പുച്ഛവും അവിടെ വരി വിതറി.
ചെറിയച്ഛന്‍റെ കഴുത്തിലെ ആ ഉപകരണം ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാന്‍ എല്ലാവര്‍ക്കും അറപ്പായിരുന്നു. കഫം കയറി കടുത്ത ദുര്‍ഘന്ധം വമിചിരുന്ന ആ ഉപകരണത്തിലെ കുഴല്‍ എടുത്ത് അതിനുള്ളില്‍ ഈളിക്കിലോ മറ്റോ ഇട്ടു നന്നായി വെള്ളത്തില്‍ കഴുകി എടുക്കാന്‍ ഉള്ള കര്‍ത്തവ്യം ഞാന്‍ സ്വമേധയാ ഏറ്റെടുത്തു.
ഉയരം കുറഞ്ഞ ആ മുറിയുടെ തട്ടില്‍ നോക്കി ഒരക്ഷരം പോലും ഉരിയാടാതെ ചെറിയച്ഛന്‍ കിടന്നു. പലര്‍ക്കും കാഴ്ച്ചവസ്തുവായി. മുന്‍പ് പലപ്പോഴും അച്ഛമ്മയുടെ മുന്‍പില്‍ കോപം പൂണ്ട് ജ്വലിച്ചു നിന്ന മനുഷ്യന്‍ പെട്ടന്ന് എന്‍റെ പോലും വാക്കുകള്‍ക്ക് വിധേയനായി.
അവധിക്കാലം കഴിഞ്ഞു, എനിക്കും ക്ലാസ്സ്‌ തുടങ്ങി. പകല്‍ വീട്ടില്‍ ആളില്ലാത്ത അവസ്ഥയായി. ഒരു ഹോം നേഴ്സിനെ താങ്ങാന്‍ പറ്റുന്ന സാമ്പത്തിക സ്ഥിതി ഇതുവരെ കൈവരിച്ചിട്ടില്ല. ഒരിക്കലും സ്നേഹമോ സഹതാപമോ തോന്നാന്‍ പാകത്തിന് ചെറിയച്ഛനോട് അച്ഛനും അച്ഛമ്മക്കും ഒഴികെ ഞങ്ങള്‍ക്കാര്‍ക്കും ഒരു ബന്ധം തോന്നിയില്ല എന്നതും സത്യം. തല്‍ക്കാലം താമരശ്ശേരിയില്‍ ഉള്ള ഒരു  ക്രൈസ്തവ ആതുര ഭവനത്തിലേക്ക്‌ ചെറിയച്ഛനെ മാറ്റാം എന്ന് തീരുമാനിച്ചു. അങ്ങോട്ടുള്ള യാത്രക്ക് മുന്‍പ് ഏതോ ബന്ധുക്കളുടെ അന്വേഷണത്തില്‍ ചെറിയച്ഛന് തമിഴ്നാട്ടില്‍ എവിടെയോ ഒരു കുടുംബം ഉണ്ട് എന്നറിഞ്ഞു. ഭാര്യയും മക്കളും ഉണ്ടത്രെ. അന്വേഷിക്കാന്‍ ഞങ്ങളാരും മെനക്കെട്ടില്ല. ഒരുപക്ഷെ കൂടുതല്‍ മെനക്കേടായാലോ..!!
അധികം വൈകാതെ ചെറിയച്ഛനെ കൊണ്ട് ഞങ്ങള്‍ താമരശ്ശേരിയിലേക്ക് പോയി. പത്തു മുപ്പതു കാന്‍സര്‍ രോഗികള്‍ പാര്‍ക്കുന്ന സ്ഥലം. എല്ലാവര്‍ക്കും നല്ല പരിചരണം കിട്ടുന്നു. ചികിത്സയും പ്രാര്‍ത്ഥനയും സേവനവും നിറഞ്ഞ അന്തരീക്ഷം. കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ ശരിക്കും മാലാഖമാര്‍ ആയി കുടികൊള്ളുന്ന ഇടം. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് സ്വയം രോഗിയാണെന്ന ചിന്തകള്‍ക്ക് കതകു പൂട്ടി സേവങ്ങളില്‍ മനസര്‍പ്പിക്കുന്ന മറ്റു അന്തേവാസികള്‍.
സുരക്ഷിതമായ, ഒരുപക്ഷെ ഈ കേരള ഭൂപടത്തില്‍ ചെറിയച്ഛന് ഏറ്റവും ചേരുന്ന ഇടത്തില്‍ ചെറിയച്ഛനെ എത്തിച്ച സമാധാനത്തില്‍ ഞങ്ങള്‍ പടിയിറങ്ങി. ഞങ്ങളുടെ തിരിഞ്ഞു നടത്തത്തിനിടയില്‍ ചെറിയച്ഛന്‍റെ കണ്ണില്‍ നനവ്‌ പടര്‍ന്നിരുന്നോ?? അറിയില്ല, ഞാന്‍ അന്ന് തിരിഞ്ഞു നോക്കിയതേ ഇല്ല...!!
(തുടരും)

Saturday, August 5, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം ഒന്ന്

ഡിഗ്രി രണ്ടാം സെമസ്റ്റര്‍ കഴിഞ്ഞ സമയം.. അവധിക്കാലമാണ്‌.. ഒരുയാത്രയാകാം എന്ന കുടുംബ തീരുമാനം വല്ലാതെ സന്തോഷിപ്പിച്ചു. ബംഗ്ലൂരിലേക്ക് പോവാം എന്ന തീരുമാനം ആ സന്തോഷത്തീയിലേക്ക് ഒഴിച്ച നല്ലെണ്ണയായി.. എനിക്ക് ഏറ്റവും പ്രിയമായ കസിന്‍സ് ഉള്ള ബാംഗ്ലൂരിലേക്ക്.. എസ്കെഎസിലെ മൂട്ടകടിക്കുന്ന ബസ്സില്‍ അന്നത്തെ എന്‍റെ സ്വപ്നയാത്ര തുടങ്ങി.. കലാസിപാളയാത്തെ മടുപ്പിക്കുന്ന നാറ്റത്തെ മറികടന്ന് തുംകൂര്‍ റോഡിലെ മാധനായകഹള്ളിയിലെ അച്ഛന്‍പെങ്ങളുടെ വാടക വീട്ടിലെത്തി.. അന്ന് അവിടം ഇന്നത്തെ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പൊലിമയിലേക്ക് എത്തിയിട്ടില്ല. തികച്ചും ഒരു കുഗ്രാമം..!!
വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ആ വീട്ടില്‍ അവധിക്കാലം തുടങ്ങി.. തികച്ചൊരു മീറ്റര്‍ പോലും വീതി സൗകര്യമില്ലാത്ത ശോച്യാലയവും അടുക്കളയിലെ പാത്രം കഴുകുന്ന ഇടത്തിലെ കുളിമുറി സൗകര്യങ്ങളും ബാംഗ്ലൂര്‍ അവധിക്കാല സ്വപ്നങ്ങള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചു..!! ദിനമൊന്നുരണ്ടു കഴിഞ്ഞപ്പോള്‍ ആവാസമേഘല നഗര പരിധിക്കുള്ളിലെ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു മാറി.. ജെപി നഗറിലെ ആ വീട്ടില്‍ താരതമ്യേന ഭേദപെട്ട സൗകര്യങ്ങള്‍ കിട്ടി... വിഷുക്കാലമായിരുന്നു അത്.. ആ വീട്ടില്‍ വച്ചു കണി കണ്ടു, അവിടെ ഉള്ളവരില്‍ പലരില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി ആഘോഷസന്തോഷം നുകരുന്നതിന് മുന്‍പ് നാട്ടില്‍ നിന്ന് ഒരു ഫോണ്‍കാള്‍ വന്നു.. !!!
അച്ഛന്റെ ചേച്ചിയാണ്, അച്ഛന്റെ അനിയന്‍ നാട്ടില്‍ വന്നിട്ടുണ്ട്.. ശാരിരികമായി അത്ര സുഖമില്ല...!! കണി കണ്ടു തുടങ്ങിയ ആ വര്‍ഷത്തെ സന്തോഷം അവിടെ അവസാനിച്ചു. അടുത്ത ബസില്‍ അവധിയാത്ര  നിര്‍ത്തി തിരിച്ച് എത്രയും പെട്ടന്ന് മഞ്ചേരിയിലേക്ക് പോവണം..!! ബാംഗ്ലൂര്‍ നഗരത്തിലെ എന്നും എന്നെ ത്രസിപ്പിച്ച മായക്കാഴ്ചകള്‍ മതിയാക്കി അന്ന് രാത്രി തന്നെ തിരിച്ച്, ഞാന്‍ കണ്ടു മടുത്ത മഞ്ചേരിയുടെ മണ്ണിലേക്ക് തന്നെ..!!

മഞ്ചേരിയിലെ ഞങ്ങളുടെ വാടക വീട്ടില്‍ തിരിച്ചെത്തി അധികമാകും മുന്‍പ് അച്ഛന്‍ പെങ്ങളും ചെറിയച്ഛനും വീട്ടില്‍ എത്തി..!! അച്ഛന്റെ അനിയന്‍ ചെറു പ്രായത്തില്‍ നാടുവിട്ടു പോയതാണ്.. എന്തിനാണ് പോയതെന്ന് എനിക്കറിയില്ല.. പക്ഷെ ചെറുപ്രായം മുതല്‍ ഞാന്‍ കേട്ട് വളര്‍ന്ന ഒരു പ്രയോഗമുണ്ട്.. "പഠിക്കാതെ നടന്നാല്‍ അവസാനം ഉണ്ണി ചെറിയച്ഛനെ പോലെ ആവും" എന്ന്.. ആ ഉണ്ണി ചെറിച്ഛന്‍ ആണ് ഇന്ന് വരാന്തയില്‍ നില്‍ക്കുന്ന എല്ലുന്തിയ ശരീരം...!!
വീടിനകത്ത് നിന്നും വിതുമ്പലില്‍ ചാലിച്ച ചില ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.. കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ എന്ന ഉദ്ദേശത്തില്‍ ആണ് ചെറിയച്ഛന്‍ വന്നിരിക്കുന്നത്.. അച്ചമ്മയുടെ (അച്ഛമ്മ ഒരു ലേഡിസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നു) കൂടെ ലേഡിസ് ഹോസ്റ്റലില്‍ കഴിഞ്ഞ സമയത്ത് ചെറിയച്ഛന്‍റെ തെളിമയില്ലാത്ത ചില രൂപങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്... കടം കയറി അച്ഛന്‍ ഗള്‍ഫില്‍ അഭയം പ്രാപിക്കും മുന്‍പ് വിറ്റ മുത്തച്ഛന്റെ സ്വത്തില്‍ അവകാശം പറഞ്ഞ്,  അച്ഛനെ ഒരുപാട് പ്രാകി, അച്ഛമ്മയുടെ കയ്യില്‍ നിന്നും ഉള്ളത് പിടുങ്ങി വണ്ടി പോവുന്ന  ക്രൂരനായ മനുഷ്യനായിരുന്നു എന്‍റെ ഓര്‍മ്മയിലെ ചെറിയച്ഛന്‍..
എന്‍റെ ഓര്‍മ്മകളുടെ പിന്‍പറ്റി ചെറിയച്ഛന് പല രൂപങ്ങള്‍ ഉണ്ട്..പണ്ട് കടം കയറി വിറ്റ്‌ കളഞ്ഞ ഞങ്ങളുടെ പഴയ വീട്ടില്‍ പനി പിടിച്ചു റെസ്ക് കഴിച്ചു കിടന്ന രൂപം ഒന്ന്.. പലപ്പോഴായി ഉള്ള വരവില്‍ കള്ളം പറഞ്ഞ് അമ്മയില്‍ നിന്നും അച്ഛന്‍ പെങ്ങളില്‍ നിന്നും പൊന്നും പണവും കട്ട് മുങ്ങുന്ന മുഴുത്ത കള്ളന്‍റെ രൂപം മറ്റൊന്ന്..!!ഇന്ന് ഇറയത്ത്‌ ചുമച്ച് കഫം തുപ്പുന്ന മറ്റൊരു രൂപം...
വയപ്പാറപ്പടി അങ്ങാടിയിലേക്ക് ഇറങ്ങാന്‍ പോയ ചെറിയച്ഛന്‍റെ കൂടെ എന്നോട് കൂട്ടിനു പോവാന്‍ അകത്തു നിന്നും നിര്‍ദ്ദേശം വന്നു. അങ്ങാടിയില്‍ ചെന്ന്ഹോട്ടലില്‍ നിന്നും ചായ വാങ്ങി കൂടെ ഒരു ബീഡിയും.. ബീഡിയുടെ ഓരോ പുകയും ചെറിയച്ഛന്  അസഹനീയമായ ചുമ സമ്മാനിച്ചു..
പിറ്റേന്ന് യാത്ര മെഡിക്കല്‍ കോളേജിലേക്ക്.. അന്ന് ഉച്ചക്ക് മുന്‍പ് ചെറിയച്ഛന് എന്തോ oru ഓപറേഷന്‍ കഴിഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് ശബ്ദമില്ലാത്ത ചെറിയച്ഛനെ ആയിരുന്നു. കഴുത്തില്‍ ഒരു ഉപകരണവും വച്ചു കൊണ്ട് ചെറിയച്ഛന്‍ റൂമിലേക്ക് വന്നു... അന്ന് ഞാന്‍ അറിഞ്ഞു ചെറിയച്ഛന് തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നു എന്ന്..!!