Wednesday, August 16, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം മൂന്ന്

താമരശ്ശേരിയില്‍ ചെറിയച്ഛനെ കൊണ്ട് വിട്ടതിനു ശേഷം ഞാന്‍ വീണ്ടും ഒരിക്കല്‍ അവിടെ പോയി. ചെറിയച്ഛന്‍റെ താടിയും മുടിയും എല്ലാം പറ്റെ വെട്ടി ഒതുക്കിയിരിക്കുന്നു. അവിടെ മറ്റുള്ള അന്തേവാസികളുമായി മാനസികമായി പാടെ വേറിട്ടിരുന്നത്, അവരുമായി കൃത്യമായ അകലം പാലിച്ചിരുന്നത് ഒരുപക്ഷെ ചെറിയച്ഛന്‍ മാത്രമായിരുന്നിരിക്കാം. പക്ഷെ രോഗികളായ അവിടത്തെ ആളുകള്‍ ചെറിയച്ഛനോടും ഞങ്ങളോടും വല്ലാത്ത അടുപ്പം കാണിച്ചു. ചെറിയച്ഛന്‍റെ രോഗാതുരമായ ശരീരം മനസ്സില്‍ ഏല്‍പ്പിച്ച മരവിപ്പ്,  മറ്റാരേക്കാളും അവര്‍ മനസിലാക്കിയിരുന്നിരിക്കണം...
സ്വയം ക്ഷണിച്ചുണ്ടാക്കിയ ഒറ്റപ്പെടലിന്‍റെ ഇടയിലേക്ക് ഞങ്ങള്‍ കടന്ന് ചെന്നപ്പോള്‍ ചെറിയച്ഛന്‍റെ കണ്ണില്‍ ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വച്ച നനവില്‍ പലതും പറയാനുണ്ടായിരുന്നിരിക്കാം. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, തൊണ്ടയില്‍ നിന്ന് വന്ന കാറ്റിന്‍റെ ശബ്ദം പറഞ്ഞു. " കുറച്ച് അച്ചാര്‍ വേണം, നാവിനൊന്നും രുചി തോനുന്നില്ല".
ചെറിയച്ഛന് വീട്ടിലെ അടുക്കളയില്‍ വെന്തും ചതഞ്ഞും മുരിഞ്ഞും പാകം വന്ന രുചികള്‍ ഉണ്ടായിരുന്നു, ബന്ധുമിത്രാദികളുടെ സ്നേഹശാസനകളുടെ സ്പര്‍ശമുണ്ടായിരുന്നു, പുതു മഴ മണ്ണിനെ തൊട്ട ഗന്ധമുണ്ടായിരുന്നു, മാനവഘോഷങ്ങളുടെയും പ്രകൃതിയുടെയും ശബ്ദമുണ്ടായിരുന്നു, പച്ച പുതച്ച കാഴ്ച്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഏതോ നിമിഷത്തെ ചാപല്യം ചെറിയച്ഛനെ ഇതിനെല്ലാം അന്യനാക്കി...
അതിനു ശേഷം ഒരിക്കല്‍ കൂടി മാത്രമേ അവിടേക്ക് എനിക്ക് പോവേണ്ടി വന്നുള്ളൂ. ചെറിയച്ഛനെ കാണാന്‍ പോയ അച്ഛമ്മ അവിടെ എത്താന്‍ കാത്തു നിന്നില്ല. എന്നും യാത്രകളില്‍ ആയിരുന്ന ചെറിയച്ഛന്‍ അവസാന യാത്രക്ക് തിടുക്കം കാണിച്ചു. പുറകെ പോയ ഞാന്‍ വെള്ള പുതച്ച ചെറിയച്ഛന്‍റെ ശരീരവും അതിനടുത്ത് തേങ്ങി ഇരിക്കുന്ന അച്ഛമ്മയേയുമാണ് കണ്ടത്...
അച്ഛനും മറ്റു ബന്ധുക്കളുമടക്കം കാണേണ്ടവര്‍ എല്ലാം തന്നെ ജീവനുള്ള ചെറിയച്ഛനെ രോഗനാളുകളില്‍ കണ്ടു കഴിഞ്ഞു. വീണ്ടും ഒരു കാഴ്ച്ചവസ്തുവായി ആ ശരീരം വയ്ക്കേണ്ടതില്ല. ഉയരം കുറഞ്ഞ ചെറിയച്ഛന്‍റെ ശരീരത്തിന് ഇനി വേണ്ടത് ആറടി പോലും തികച്ചു വേണ്ടാത്ത മണ്ണാണ്. തല്‍ക്കാലം അതിനു തരമില്ല. ആ രാത്രി തന്നെ ഐവര്‍ മഠത്തിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. അമ്മയും അച്ഛമ്മയും അച്ഛന്റെ അമ്മാവനുമെല്ലാം രാജേട്ടന്റെ ടാക്സി കാറില്‍ പുറപ്പെട്ടു. ഞാന്‍ ആംബുലന്‍സില്‍ ചെറിയച്ഛന്‍റെ ശരീരത്തിന് കൂട്ടായി ഇരുന്നു...!!
രോഗം ഒരുപാട് ക്ഷീണം നല്‍ക്കിയ കറുത്ത് മെലിഞ്ഞ  ആ ശരീരം മരണത്തിന്‍റെ സ്പര്‍ശത്തില്‍ കൂടുതല്‍ ഭീതി ജനിപ്പിക്കാന്‍ പോന്നതായിരുന്നു. പക്ഷെ പത്തൊന്‍പതുകാരനായ എന്‍റെ ഭയത്തെ ഉണര്‍ത്താതെ ആ യാത്ര തുടര്‍ന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകില്‍ ഒറ്റയ്ക്കിരിക്കണ്ട എന്ന് പറഞ്ഞ് മുന്‍പില്‍ പിടിച്ചിരുത്തി...!!
ഐവര്‍ മഠത്തിലെ ചിതയ്ക്ക് ചുറ്റും ഈറനുടുത്ത ഞാന്‍ അര്‍ത്ഥമറിയാത്ത എന്തൊക്കയോ ചടങ്ങുകള്‍ ചെയ്തു തീര്‍ത്തു. എന്‍റെ കയ്യില്‍ ആരോ വച്ചു തന്ന കത്തുന്ന കമ്പിലെ അഗ്നി ഏറ്റുവാങ്ങി കറുത്ത പുകയായി ആ ശരീരം അവസാനിച്ചു...ഇരുട്ടില്‍ ആ പുക കാഴ്ചയില്‍ പതിഞ്ഞില്ല... ഒരല്‍പ്പമെങ്കിലും വെളിച്ചമുണ്ടയിരുന്നെങ്കില്‍ ആ പുകയും ജീവിതവും ആരെങ്കിലും കണ്ടേനെ...!!
(മരണം തന്നെ അവസാനം)

No comments: