Tuesday, December 31, 2013

പുതിയത് എന്തോ വന്നത്രേ...

ഈ വര്‍ഷത്തെ അവസാനത്തെ രാത്രി ലാ ട്രെക്കെര്‍സ് എന്ന എന്‍റെ സൗഹൃദ കൂട്ടായ്മയുടെ കൂടെ ആഘോഷിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്... തീരുമാനം തെറ്റിക്കാതെ ഞാനും കൂട്ടരും അതില്‍ പങ്കെടുക്കാന്‍ എത്തി... പതിവ് മദ്യപാനവും, ചിക്കനും ഒക്കെയായി അത് തുടങ്ങി, തുടര്‍ന്നു...!! 

കൂട്ടത്തില്‍ ഒരാള്‍ മാത്രം കുറവ്..!!
"ഛെ..!! അവന്‍ കൂടെ വേണായിരുന്നു...!!", ഓരോരുത്തര്‍ ആയി പരിഭവം പറയാന്‍ തുടങ്ങി..!!

"ശരി, എന്നാ അവനെ ഒന്ന് വിളിച്ചു നോക്കെടാ..."

കൂടെ ഒരുത്തന്‍ ഫോണില്‍ തോണ്ടി അവനെ വിളിച്ചു... 

"മച്ചാനെ നീ എവിടെയാ..??"

"അളിയാ ഞാന്‍ പള്ളിയിലാ... വൈഫിന്‍റെ നിര്‍ബന്ധം...പെട്ടളിയാ....!!"

"നാറ്റിച്ചല്ലോ മച്ചാനെ... പള്ളിയില്‍ എന്നതാ...???"

"ഇനി അങ്ങോട്ട്‌ കര്‍ത്താവിനെ വിളിച്ചാലേ രക്ഷയുള്ളൂ...!!" അവന്‍ ഒരു  "അപ്പി" ന്യൂ ഇയര്‍ ആശംസിച്ച് ഫോണ്‍ വച്ചു...

അവന്‍ ഫോണ്‍ വച്ചതും, വിളിച്ചവന്‍ ബാക്കി ഉള്ളവരോട് കാര്യം വിളമ്പി... കര്‍ത്താവിനെ വിളിക്കാന്‍ പോയ കാര്യമുള്‍പ്പടെ...!!

അത് കേട്ടയുടന്‍ മ്മടെ പഴയ സഹമുറിയന്‍, "ന്നാ പിന്നെ കര്‍ത്താവിനെ ഇങ്ങോട്ട് വിളിക്കായിരുന്നു..." (അപ്പോഴേക്കും പെഗ് നാലെണ്ണം ഗ്ലാസിലും അവിടെ നിന്ന് വയറ്റിലും എത്തിയിരുന്നു...)

മിനുട്ട് വച്ച് വേറെ ഒരുത്തന്‍ സ്കോര്‍ ചെയ്തു, "ഒന്ന് പോടാപ്പാ..!! കര്‍ത്താവ് കാലനെ പോലെ പോത്തുംപുറത്ത് നടക്കുകയല്ലേ വിളിച്ച സ്ഥലത്ത് എത്താന്‍... പുള്ളിയെ, അവിടെ കുരിശിമ്മേല്‍ പിടിച്ചു ആണി അടിച്ചു ഒറപ്പിച്ചു വച്ചിരിക്കുകയല്ലേ....!! അനങ്ങാന്‍ പറ്റണ്ടേ...!! നമ്മള് പോവണ്ടിടത്തു നമ്മള് തന്നെ പോണം"

ഈ രാത്രിയില്‍ കുറെ സ്ഥലങ്ങളില്‍ മദ്യം ഒഴുകി... കുറെ പടക്കം പൊട്ടി... കുറെ കോഴികള്‍ക്ക് വേവും മസാലയും ചേര്‍ന്നു....കുറെ പേര്‍ ആരാധനാലയത്തില്‍...മൊബൈലില്‍ കോളിന്റെയും മെസ്സേജിന്റെയും എരിപൊരി സഞ്ചാരം...ആശംസകള്‍ കൊണ്ട് പള്ള നിറഞ്ഞ് ഫേസ്ബുക്കും...അടുത്ത വീട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് പുസ്തകം പൊതിയാന്‍ വിധിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷത്തിലെ കലണ്ടര്‍..!! 

മാറ്റമൊന്നും ഇല്ലാതെ നാളെയും പുലരും, സൂര്യന്‍ കിഴക്ക് തന്നെ ഉദിക്കും...ആഘോഷിക്കാന്‍ ഇനിയൊരു കാരണം അന്വേഷിച്ച് ഞാനടക്കം പരക്കം പായും....!! ഒരുകാര്യം നമ്മളെ അപ്പോഴും ഓര്‍മ്മപ്പെടുത്തും, കൂട്ടുകാരന്‍റെ ഡയലോഗില്‍ എന്‍റെ ഒരു ഏച്ചുകൂട്ടല്‍ (മുഴച്ചിരിക്കുമോ), "നമ്മള് പോവണ്ടിടത്തു നമ്മള് തന്നെ പോണം.... നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ തന്നെ ചെയ്യണം"

Sunday, December 29, 2013

പകല്‍സ്വപ്നം

ഉച്ചയുറക്കത്തില്‍ ഒരു സ്വപ്നം, എന്നെ ഒരു പാമ്പു കടിച്ചു...!! ടെന്‍ഷന്‍ അടിച്ചാല്‍ രക്തയോട്ടം കൂടും, വിഷം പെട്ടന്ന് ശരീരത്തില്‍ വ്യാപിച്ചു മിനുട്ട് വച്ചു തട്ടിപ്പോവും, അത് കൊണ്ട് ഞാന്‍ കൂളായി നിന്നു...!! നേരെ വിട്ടു ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്... അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ അവിടെ ഡോക്ടര്‍ ഇല്ല, പകരം 'ദിപ്പോ' കോഴ്സ് കഴിഞ്ഞിറങ്ങിയ വെള്ളയുടുപ്പിട്ട സുന്ദരി മാലാഖമാര്‍ മാത്രം..!! അവര്‍ക്കാണെങ്കില്‍ എന്‍റെ മുറിവ് കണ്ടിട്ട്, അത് കടിച്ചത് പാമ്പാണോ കൊതുകാണോ എന്ന് പോലും മനസ്സിലാവുന്നില്ല...!! എല്ലാരും കൂടെ "ബ്ലിങ്കന്‍സ്യാ" ഭാവത്തില്‍ നോക്കി നില്‍ക്കുന്നത് കണ്ടു ഞാന്‍ എന്‍റെ ആശങ്ക പങ്കു വച്ചു,

"നേരത്തെ ചാവാന്‍ പൂതി ഇല്ലാത്തത് കൊണ്ടാ സിസ്റ്ററെ വലിയ ടെന്‍ഷന്‍ ഒന്നും അടിക്കാതെ ഞാന്‍ വേഗം ഇങ്ങോട്ട് വന്നത്.. നിങ്ങളെല്ലാരും കൂടെ എന്നെ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലുമോ...?"

നേഴ്സുമാര്‍ സ്ഥലകാല ബോധം വീണ്ടെടുത്തു, പെട്ടന്ന് കിട്ടിയ മരുന്ന് കുത്തി കേറ്റി "രക്ഷപ്പെട്ടു" എന്നും പറഞ്ഞു എന്നെ തിരിച്ചയച്ചു... ഞാന്‍ വീട്ടിലേക്കു തിരിച്ചു പോയതിനു ശേഷമാണ് അവര്‍ കുത്തിവച്ചത് ശരിയായ മരുന്നായിരുന്നില്ല എന്ന് അതില്‍ ഒരു സുന്ദരിയായ നേഴ്സിന് മനസിലായത്... അവര്‍ എന്നെ ഫോണ്‍ ചെയ്തു...!!

ഇത്രേം ആയപ്പോള്‍ ഞാന്‍ ഉണര്‍ന്നു പോയി.. ഇത് കഴിഞ്ഞിട്ട് എന്തുണ്ടായി എന്ന് അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്...!! നിങ്ങളില്‍ നല്ല ഭാവനയുള്ളവര്‍ അതൊന്നു പറഞ്ഞു തരൂ...!! ആര്‍ക്ക് വേണെങ്കിലും ഇത് സിനിമയും ആക്കാം...!! എനിക്കൊരു ഫ്രീ ടിക്കറ്റ്‌ തരണം എന്ന് മാത്രം..!! പ്ലീസ്.. പ്ലീസ്...!!

Thursday, December 26, 2013

ഋതുഭേദങ്ങള്‍

ഇക്കഴിഞ്ഞ വേനല്‍ കുറച്ചു കടുപ്പമായിരുന്നു... ചൂട് കാരണം രാത്രിയില്‍ ഉറങ്ങാന്‍ പോലും അന്ന് നന്നേ പാടുപെട്ടു..!! ഗുല്‍മോഹറിന്റെ മനോഹാരിതയോന്നും അന്നെന്നെ തണുപ്പിച്ചില്ല... എത്രയും പെട്ടന്ന് മഴയൊന്നു പെയ്തു കിട്ടിയാല്‍ മതി എന്നായി അപ്പൊ...!! വേനലിന്‍റെ താണ്ഡവം കഴിഞ്ഞു, പിന്നെ മഴ പെയ്യാന്‍ തുടങ്ങി...!!

 ആദ്യമൊക്കെ മഴയില്‍ ക്ലാരയെയും കാവ്യാ മാധവനെയും മാത്രമല്ല റിമി ടോമിയെ വരെ കണ്ടു മനസും ശരീരവും കുളിരുകോരി...!! കുറച്ചായപ്പോള്‍, ആവശ്യത്തിനു പുറത്തിറങ്ങാന്‍ നേരത്ത് ഒരു മര്യാദയും ഇല്ലാതെ ചന്നം പിന്നം പെയ്ത മഴയെ പ്രാകി...വീടിനകത്തേക്ക് ചീറ്റലടിച്ചു കയറാതിരിക്കാന്‍ വാതിലും ജനലും മുറുകെയടച്ച് മുറുമുറുത്തുകൊണ്ട് ചോദിച്ചു,

"ഈ നശിച്ച മഴ എന്നാണാവോ തീരുന്നത്...??"

പതിയെ പതിയെ മഴയും നിന്നു...കുറച്ചു ആഴ്ചകള്‍ക്കു മുന്‍പ് ശൈത്യം തുടങ്ങി...!! പുഞ്ചിരിയോടെ തന്നെ ഞാന്‍ അതിനെ വരവേറ്റു...!! മഞ്ഞു മൂടിയ ആര്‍ദ്രമായ പുലരികള്‍ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചു... പക്ഷെ, അധികം വൈകാതെ രോഗങ്ങളുടെ ദിനങ്ങളായി, ഇടയ്ക്കിടെ വിരുന്നു വന്ന പനി, സ്ഥിരതാമസമായ ജലദോഷവും തൊണ്ടയടപ്പും, എല്ലാ ദിവസവും രാവിലെ ഡോള്‍ബി സിസ്റ്റം ചുമ...!! ഇപ്പൊ ശൈത്യവും മതിയായി...!!

ഇനി പുതിയൊരു ഋതു പിറവിയെടുത്തിരുന്നെങ്കില്‍...!! അതിത്ര പെട്ടന്ന് മടുക്കാതിരുന്നെങ്കില്‍..!!

Tuesday, December 24, 2013

ദൃശ്യം

പതിവ് കാഴ്ചകള്‍ അടങ്ങിയ അത്രയൊന്നും ആളെ പിടിച്ചിരുത്താന്‍ കഴിവില്ലാത്ത ആദ്യ പകുതിയില്‍ ആണ് പടം തുടങ്ങിയത്...നന്മകള്‍ വാരിക്കോരി ചിലപ്പോഴൊക്കെ വെറുപ്പിച്ചു അതങ്ങു നീങ്ങി... രണ്ടാംപകുതിയില്‍ സംഗതി മാറി... ത്രസിപ്പിക്കുന്ന ഒരു ദൃശ്യാവിഷ്ക്കാരമായി സിനിമ മാറി...!! കണിശമായ തിരക്കഥയും സംവിധാനവും ആണ് അതിനു പിന്‍ബലം..!! ഇതുവരെ ഉള്ള ജിത്തു ജോസഫിന്റെ ഒരു പടവും എനിക്കിഷമായിട്ടില്ല, മെമ്മറിസ് അടക്കം... പക്ഷെ ഇത്തവണ, തിരക്കഥ ഒരുക്കാന്‍ ജിത്തു ഒരുപ്പാട്‌ സമയം കണ്ടെത്തി എന്ന് തോന്നുന്നു... അതിനു ഉദാഹരണമാണ് ആ ക്ലൈമാക്സ്‌..!!

ജിത്തു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് കലഭവന്‍ ഷാജോണ്‍ ആണ്...അയാളെ റോഡില്‍ വച്ചെങ്ങാനും കണ്ടു കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ തല്ലിപ്പോവും, അത്രയ്ക്ക് വെറുപ്പുണ്ടാകി അയാളുടെ ആ ദുഷ്ടകഥാപാത്രം...!! ഇയാള്‍ക്ക് ഇത്രയും പ്രതിഭയുണ്ട് എന്ന് ഞാന്‍ ഇത് വരെ കരുതിയിരുന്നില്ല...!!

പഴയ മോഹന്‍ലാലിനെ തിരിച്ചു കിട്ടി എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു, പഴയ ലാലേട്ടന്‍റെ നിഴല് പോലും കണ്ടില്ല എന്നതാണ് സത്യം..!! അന്സിബ എന്ന കലാകാരിയുടെ പ്രകടനം മോശമായില്ല... കൂടെ സിദ്ധിക്കും ആശാ ശരത്തും നന്നായി...!!

ഈ വര്‍ഷത്തെ ഏറ്റവും മികച്ച പടമൊന്നും അല്ല ദൃശ്യം, എന്നാല്‍ ഏറ്റവും നല്ല പടങ്ങളില്‍ ഒന്നാണ്താനും...!! 4/5

പികുറിപ്പ്: ത്രില്ലര്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇതൊരു അറുബോറന്‍ പടമാണ്... ആ ഗണത്തില്‍ പെട്ട എന്‍റെ സഹമുറിയന്‍ പടം കണ്ടു കഴിഞ്ഞു എന്നോട് പറഞ്ഞത്, " സീരിയസ് ആയ പടം കാണുന്നതിലും നല്ലത്, അച്ഛനോട് സംസാരിക്കുന്നതാണ്" എന്നാണ്...

Monday, December 23, 2013

കൊട്ടത്തേങ്ങകള്‍

ഇന്നലെ വൈകീട്ട് വായപ്പാറപ്പടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് ഒരു മടക്ക ഓട്ടോ കിട്ടി... ഓട്ടോയില്‍ തമിഴ്നാട്ടുകാരായ രണ്ട് തൊഴിലാളികളും ഉണ്ടായിരുന്നു.. ഓട്ടോ കച്ചേരിപ്പടിയില്‍ എത്തിയപ്പോള്‍ അതിലൊരാള്‍,

"എന്നാടാ അങ്കെയൊരു കൂട്ടം..?"

ഞാന്‍ നോക്കിയപ്പോള്‍ ഡിഫി യുടെ കളക്ട്രേറ്റ് വളയല്‍ മാര്‍ച്ചിനു പോവുന്ന ആളുകള്‍ ആണ്.. കയ്യില്‍ ശുഭ്രപതാക, വാനില്‍ ഉയരുന്ന മുഷ്ടി, ഉച്ചത്തില്‍ മുദ്രാവാക്യം വിളി... ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും മലപ്പുറത്തേക്ക് കാല്‍നടയായി നടന്നു പോവുന്ന സമര ഭടന്മാര്‍...!!

"ഏതോ സ്ട്രൈക്ക്ന്ന് നെനക്കിറെന്‍.." മറ്റെയാള്‍ മറുപടി പറഞ്ഞു...

"എന്നാ പൊഴപ്പ് ഇത് സാമീ...!!" എന്നും പറഞ്ഞു പണിയായുധങ്ങളും എടുത്തു കൊണ്ട്  അവര്‍ ആശുപത്രിപടിയിലെ ബിവറെജ് കൌണ്ടറിന്‍റെ ക്യൂവിലെ മലയാളികള്‍ക്ക് കമ്പനി കൊടുക്കാന്‍ ഇറങ്ങിപ്പോയി... റോഡില്‍ സമര ഭടന്മാര്‍ പിന്നെയും അണിനിരന്നു കൊണ്ടേ ഇരുന്നു...!!

ഓട്ടോയില്‍ നിന്ന് ഇറങ്ങി, നിലാവ് കണ്ടു ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍, ഇനിയും മണ്ടരി ബാധിക്കാത്ത തെങ്ങുകളില്‍ കയറാന്‍ ആളെ കിട്ടാതെ ഉണങ്ങി വരണ്ടു പോയ തേങ്ങകള്‍... കൊട്ടത്തേങ്ങകള്‍...!!

Saturday, December 21, 2013

ഏഴു സുന്ദര രാത്രികള്‍

സംഗതി വലിയ തെറ്റില്ല...ഒരു അപാര ചിത്രം ഒന്നുമല്ലെങ്കിലും മോശമല്ല... രാത്രികള്‍ ഏഴും വിരൂപമാല്ലാതെ കാണിക്കാന്‍ ലാല്‍ജോസിന് കഴിഞ്ഞു, എഴുതാന്‍ ജെയിംസ്‌ ആല്‍ബെര്‍ട്ടിനും...അഭിനയം, ദിലീപ് പതിവ് ശൈലി തന്നെ, പക്ഷെ അലംബതരം കുറച്ചു കണ്ട്രോള്‍ ചെയ്തിട്ടുണ്ട്...അത് സംവിധായകന്‍റെ കഴിവായിരിക്കും...പുതിയ നായിക (ആണല്ലോ അല്ലെ) അത്ര പോര..!! അഭിനയത്തിലും കാഴ്ചയിലും...!! റിമയും മുരളി ഗോപിയും ഹരിശ്രീയും ടിനിയും എല്ലാം ശരാശരി നിലവാരം പുലര്‍ത്തി...!! ശ്രീജിത്ത് രവിയെ കാണിച്ചപ്പോള്‍ തന്നെ തിയേറ്ററില്‍ എല്ലാരും "തുതുരുത്തു..." പാടാന്‍ തുടങ്ങി...!! പക്ഷെ അതിനോളം പോന്ന നിലവാരം ഈ പടത്തില്‍ കാണിച്ചില്ല... ശേഖര്‍ മേനോന് കൂടുതല്‍ ഒന്നും ചെയ്യനില്ലായിരുന്നെങ്കിലും ഓരോ രാത്രിയിലും വിളിച്ചു പാട്ട് പാടിയത് നന്നേ രസിച്ചു...!! രസിപ്പിക്കുന്ന അശ്ലീലം ഇല്ലാത്ത വേറെയും ഒരുപാട് രംഗങ്ങള്‍ ഉണ്ട് ഈ രാത്രികളില്‍...!!ഹിറ്റായ ചില പഴയ സിനിമ ഡയലോഗുകള്‍ ഇതിനു നന്നായി സഹായിച്ചു.. പിന്നെ കോമിക് ആയ ചില അവതരണ രീതികളും...!!

എന്നാലും ഒരു ലാല്‍ജോസ് മാജിക് ഇല്ലാതെ പോയി എന്ന് വേണം കരുതാന്‍... പ്രധാനമായും നഷ്ടപ്പെട്ട രണ്ടു കാര്യങ്ങള്‍ ആണ്, മനോഹരമായി തയ്യാറാക്കാറുള്ള സെറ്റും ലൊക്കേഷനും (ആ സ്റ്റുഡിയോ ഇതിനു അപവാദം ആണ്..), പിന്നെ പതിവായി ഉണ്ടാകാറുള്ള നല്ല പാട്ടുകളും... ബാക്കി എല്ലാം മിനിമം പാസ് മാര്‍ക്ക്‌ എങ്കിലും വാങ്ങി...കല്യാണം കഴിഞ്ഞവര്‍ക്കും ഇനി കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും കേട്ടും കണ്ടും പഴകിയതെങ്കിലും ഒരു സന്ദേശം കൊടുക്കാനും ഈ സിനിമയ്ക്കു കഴിഞ്ഞു...നിര്‍ബന്ധമായും കാണേണ്ട പടമൊന്നും അല്ല, കണ്ടാല്‍ മോശം പറയുകയും ഇല്ല... അതാണ്‌ ഏഴ് സുന്ദര രാത്രികള്‍... 3.5/5


പിന്കുറിപ്പ്: ഇടയ്ക്കു ഒരു സീനില്‍ മിന്നായം പോലെ നമ്മുടെ അനൂപ്‌ സത്യനെ കണ്ടു... A dream called America എന്ന മനോഹരമായ ഡോക്യുമെന്ററി എടുത്ത ചെറുപ്പക്കാരന്‍... ഇനിയും മനസിലാവുന്ന രീതിയില്‍ പറഞ്ഞാല്‍ മ്മടെ സത്യന്‍ അന്തികാടിന്റെ മോന്‍ന്ന്...ഇതില്‍ സഹസംവിധായകന്‍ ആണ് പുള്ളി... നല്ല തച്ചന്റെ കീഴില്‍ പണിപടിക്കാന്‍ ഭാഗ്യം സിദ്ധിച്ച അനൂപിന് അഭിനന്ദനങ്ങള്‍..

Tuesday, December 17, 2013

സന്തോഷ ജന്മദിനം കുട്ടിക്ക്

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പുലര്‍ച്ചക്ക് മഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ ലേബര്‍ റൂമില്‍ അമ്മയുടെ വേദന കടിച്ചമര്‍ത്തിയുള്ള കരച്ചില്‍ കേട്ടിരുന്നിരിക്കാം... ആ ധനുമാസ പുലരിയില്‍ തണുപ്പിനെ വകവയ്ക്കാതെ അക്ഷമനായി അച്ഛന്‍ എന്നെ പുറത്തു കാത്തിരുന്നിരിക്കാം...!! ഗര്‍ഭപാത്രത്തിലെ സുഖവാസം കഴിഞ്ഞു, കാലിട്ടടിച്ചു കൈ മുറുക്കിയടച്ച് പുതിയ ലോകത്തോട്‌ പൊരുത്തപ്പെടാനാവാതെ കാര്‍ത്ത്യായനി ഡോക്ടറുടെ കൈകളില്‍ കിടന്നു ആര്‍ത്താര്‍ത്ത് കരഞ്ഞു ഞാന്‍ അന്ന്...!! ഒരുപക്ഷെ എന്‍റെ കരച്ചില്‍ അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ച ഒരേയൊരു ദിവസമായിരിക്കാം ആ ഡിസംബറിലെ ബുധനാഴ്ച്ച....!! എനിക്ക് ചുറ്റും ആര് എന്ത് എന്തിന് എന്നൊന്നും മനസ്സിലാവാതെ ഞാന്‍ കണ്ണ് മിഴിച്ചു ചുറ്റും നോക്കി കൊണ്ടിരുന്നു...മടുത്തപ്പോള്‍ കുറെ കിടന്നുറങ്ങി... എന്‍റെ നെറ്റിയിലും കവിളിലുമൊക്കെ ആരൊക്കെയോ ചുംബിച്ചു കൊണ്ടിരുന്നു...വിശപ്പുമാറ്റാന്‍ ആവശ്യാനുസരണം മുലപ്പാല്‍ കിട്ടിക്കൊണ്ടേ ഇരുന്നു.... അധികം കുടിച്ചത് ഞാന്‍ കക്കി കളഞ്ഞു...!!

ഇന്ന് വീണ്ടും ഡിസംബര്‍ പതിനെട്ട്, അതൊരിക്കല്‍ കൂടി ബുധനാഴ്ച്ച വന്നിരിക്കുന്നു... !! അന്ന് കൃഷ്ണക്കണിയാന്‍ ഗണിച്ചിരുന്നോ ആവോ, ഇരുപത്തെട്ടു വര്‍ഷം കഴിഞ്ഞു ഫേസ്ബുക്ക്‌ എന്ന കുന്ത്രാണ്ടത്തില്‍ തന്‍റെ ജനനം പോലും ഈ മഹാപാപി ഒരു സ്റ്റാറ്റസ് ആയി ഇടുമെന്ന്...??

Saturday, December 14, 2013

പുണ്യാളന്‍ അഗര്‍ബത്തീസ്

കുറേ പേര്‍ നല്ലത് പറഞ്ഞു കേട്ടാണ് ഞാന്‍ പുണ്യാളനെ കാണാന്‍ പോയത്... അരമണിക്കൂര്‍ നേരം വൈകി തുടങ്ങിയ ഷോ, ആദ്യമൊക്കെ വിരസമായ തമാശകള്‍, പിന്നെ പിന്നെ രസം വന്നു തുടങ്ങി... പ്രത്യേകിച്ച് ശ്രീജിത്ത്‌ രവി വന്നത് മുതല്‍... പിന്നെ വീണ്ടും വിരസത, അലമ്പായ ക്ലൈമാക്സ്‌... ഇതായിരുന്നു എനിക്ക് രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബതീസ്... !!

എന്നെപ്പോലെ ത്രിശ്ശുരിനെയും തൃശ്ശൂര്‍ക്കാരെയും ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തൊക്കെയോ ഒരല്‍പ്പം സന്തോഷിക്കാന്‍ ഈ സിനിമയില്‍ ഒളിപ്പിച്ചിടുണ്ട്... അല്ലാത്തവര്‍ക്ക് പടു വെയ്സ്റ്റ്...!! ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌ ടൈറ്റില്‍ സോന്ങ്ങ് ആണ്... തെക്കിന്ക്കാടും, വടക്കുംനാഥനും പുലികളിയും പൂരവും അക്കാദമിയും  തൃശ്ശൂര്‍ക്കാരന്റെ വികാരങ്ങള്‍ എല്ലാം ഒപ്പിയെടുത്തിരിക്കുന്നു.... പക്ഷേ കഥയാണ്‌ പ്രശ്നം..!! ക്ലാസിക് പദവിയില്‍ വച്ചിരിക്കുന്ന പല പടങ്ങളുടെയും നിഴലുകള്‍ എടുത്തു സാമൂഹിക പ്രസക്തിയുള്ള പല ഘടകങ്ങളെയും തൊട്ടു തലോടി അതിന്റെയൊന്നും അകക്കാമ്പ് തൊടാതെ എങ്ങനെയോ അവസാനിപ്പിച്ച ഒരു കഥയും തിരക്കഥയും ആയിപ്പോയി പുണ്യാളന്....!! 

അഭിനയം, ജയസൂര്യ നിലവാരം പുലര്‍ത്തി...കൈയ്യടി നേടിയത് ശ്രീജിത്ത്‌ രവിയാണ്... രചനയും ടി ജി രവിയും ഇടവേളയും നന്നായി.... അജുവിനു ത്രിശൂര്‍ ഭാഷ വഴങ്ങുന്നില്ല എന്ന് തോന്നി...പുതിയ നായിക നൈല കൊള്ളാം, പക്ഷെ ജയസൂര്യക്ക് ചേരുന്നില്ല... പക്ഷെ ഇത് പോലെ ഒരു ഭാര്യയെ കിട്ടിയാല്‍ കൊള്ളാം എന്ന് തോന്നി, ആ കഥാപാത്രം നല്ലതായിരിക്കുന്നു...!!

ചുരുക്കി പറഞ്ഞാല്‍, അഗര്‍ബത്തിക്ക് ആരെയും മയക്കുന്ന മാദക മണം ഇല്ലെങ്കിലും വലിയ ദുര്‍ഗന്ധം ഇല്ലാതെ കാണാം... കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് എന്നുമാത്രം...!!

Wednesday, December 11, 2013

ശ്രേഷ്ഠ ഭാഷ

"എങ്ങോട്ടാ....?"
"ഞാന്‍ ഒരു സിനിമക്ക് പോവുകയാ..."
"ഏതാ പടം..??"
"ബൈസിക്കിള്‍ തീവ്സ്"
"ഓ, ഇംഗ്ലീഷ് പടമാണോ... നീ വിട്ടോ..."
"ഹേയ് ഇംഗ്ലീഷ് അല്ല.... മലയാളം തന്നെ ആണ്, മ്മടെ ആസിഫലിയുടെ..!! വരുന്നോ??"
"വേറെ ഏതൊക്കെ പടമാ കളിക്കുന്നത്..??"
"വീപ്പിംഗ് ബോയ്‌, സൈലന്‍സ്, എസ്കേപ് ഫ്രം ഉഗാണ്ട, ഫിലിപ്പ്സ് ആന്‍ഡ്‌ മങ്കി പെന്‍...!!"
"ഇതൊക്കെ മലയാളം പടമാണോ..??"
"അതേന്ന്...!!"

"ശ്രേഷ്ഠ ഭാഷ തന്നെ....!!"

Tuesday, December 10, 2013

അസാധാരണവും സാധാരണവും

അസാധാരണം:-
-----------------------
അത്യാവശ്യം അങ്ങാടി തെണ്ടലും കറക്കവും കഴിഞ്ഞു ഏതാണ്ട് എട്ട് എട്ടരയോടെ ഞാന്‍ വീട്ടിലെത്തി... ഞാന്‍ വന്നു കയറുമ്പോള്‍ അമ്മയും അയല്‍പക്കങ്ങളിലെ കുറച്ചു ചേച്ചിമാരും മുറ്റത്തുണ്ട്‌... എല്ലാരും കൂടെ തിരുവാതിരക്കളി പ്രാക്ടീസ് ചെയ്യുകയാണ്... വര (വായപ്പാറപ്പാടി റസിഡന്‍ഷ്യല്‍ അസോസിയേഷന്‍) യുടെ ആഘോഷ പരിപാടിയുടെ ഭാഗമായുള്ളതാണ്... ആദ്യം കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്... കെട്ടിച്ചു വിട്ട മോളും കെട്ടിക്കാന്‍ പാകമായ മൂത്ത മകനും ഉള്ള അമ്മയും സമപ്രായക്കാരും ഈ പ്രായത്തില്‍ മുറ്റത്ത്‌ നിന്ന് ഡാന്‍സ് പഠിക്കുന്നത് കണ്ടിട്ട് സഹിച്ചില്ല...!! അണപൊട്ടി വന്ന ചിരി മുറുക്കനെ അടക്കിപിടിച്ച് ഞാന്‍ അകത്തേക്ക് കയറിപ്പോയി...!! 

സാധാരണം:-
-------------------
വാതില്‍ തുറന്നു അകത്തു കയറിയ എന്നെ വരവേറ്റത് പേരറിയാത്ത ഏതോ മലയാളം സീരിയലിലെ നാടകീയ സംഭാഷണങ്ങള്‍...!! വാക്കുകളില്‍ ദുഷ്ട്ടത നിറച്ച് കുടുംബിനികളും ഗൃഹനാഥനും മരുമകളെ പീഡിപ്പിക്കുന്ന കാഴ്ചകള്‍...വീട് നിറയെ നെഗറ്റീവ് എനര്‍ജി.. എല്ലാം സോഫയില്‍ ഇരുന്നു കണ്ട് സീരിയലിനു ഒപ്പം ജീവിക്കുന്ന അച്ഛമ്മ...ഏതൊരു മലയാളി വീടിലെന്നപോലെ പതിവ് കാഴ്ച്ച...!!

അസാധാരണവും സാധാരണവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയാവുകയായിരുന്നു പിന്നീട് എന്‍റെ മനസ്സ്.... അസ്വസ്ഥമാകുന്ന കുടുംബ ജീവിതത്തിനു കാരണമാകുന്നത് സാധാരണം എന്ന് വിധിയെഴുതിയെ പതിവ് രീതികള്‍ ആണ് പലപ്പോഴും... അതിനുള്ള പരിഹാരം അസാധാരണമായ ആദ്യ കാഴ്ച്ച തന്നെയാണ്... പരസ്പരം കുറ്റവും കുറവും കുന്നായ്മ്മയും പറയാനും ദുഷ്ടത ഉള്ളില്‍ വളര്‍ത്താനും സമയം കളയാതെ കൂട്ടായ്മ്മകളിലേക്കും നന്മകളിലേക്കും തിരിയാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു എന്ന് വരാം... നാം ഒരു സാമൂഹിക ജീവിയാണ് എന്ന് സ്വയം ഓര്‍മ്മപ്പെടുത്താനും ഇത് സഹായിച്ചേക്കും... ഇപ്പറഞ്ഞത്‌ പുരുഷ മഹാ ജനങ്ങള്‍ക്കും ബാധകമാണ്...!! 

Monday, December 9, 2013

ബൈസിക്കിള്‍ തീവ്സ്

ചുമ്മാ സൈക്കിള്‍ ഒക്കെ മോഷ്ടിക്കാം എന്നല്ലാതെ പ്രേക്ഷകന്‍റെ മനസ്സ് കവരാന്‍ മാത്രം കഴിവില്ലാതെ പോയി ഈ സിനിമക്ക് മുന്നിലും പിന്നിലും ഉള്ളവര്‍ക്ക്..പ്രധാന കാരണം തിരക്കഥ തന്നെ...അറുബോറന്‍ ആദ്യപകുതി, അതില്‍ കുത്തി നിറച്ചിരിക്കുന്നത് കേട്ട് പഴകി തുരുമ്പിച്ചു ദ്രവിച്ച ഒരു ഫ്ലാഷ്ബാക്ക്, കളിക്കളം സിനിമ, വലതു കയ്യില്‍ വാച്ച് കെട്ടിയ ആസിഫ് അലി, കേട്ടാല്‍ അറക്കുന്ന ഒരു പാട്ട്... കളിക്കളത്തില്‍ മമ്മൂട്ടി ചെയ്ത കള്ളന്‍ വേഷം, (ആ കഥാപാത്രത്തിന്‍റെ പേര് ഇത് വരെ പിടികിട്ടിയിട്ടില്ല) മറ്റൊരു രീതിയില്‍ ചെയ്ത് ആസിഫ് അലി നശിപ്പിച്ചിരിക്കുന്നു...

പിന്നെ ഇതിലെ ഏറ്റവും ആകര്‍ഷണം ഉള്ള ഘടകം, വിജയ്‌ ബാബു എന്ന നടന്‍ ആണ്... മലയാള സിനിമയില്‍ തന്റെ സ്ഥാനം എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞാല്‍ ഈ നടന്‍ ഒരുപാട് മുന്‍പോട്ടു പോവും, തീര്‍ച്ച...!! കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും അപര്‍ണ്ണയെന്ന മുടി ബോബ് ചെയ്ത മൂക്കുത്തിയിട്ട കട്ടി ഫ്രെമുള്ള കണ്ണട വച്ച തടിച്ച ഈ സുന്ദരിയെ എനിക്ക് ഒരിക്കല്‍ കൂടി ഇഷ്ടമായി...!! രണ്ടോ മൂന്നോ സീനിലേ ഉള്ളെങ്കിലും സിദ്ധിക്ക് ചിരി പടര്‍ത്തി...!! ആസിഫിന് ഒരു മാറ്റവും ഇല്ല, ഇത്രയും കാലം കണ്ട അതെ ആള്‍, അതെ ഭാവം... പ്രതിഭാ ദാരിദ്ര്യം ശരിക്കും അയാളില്‍ നിഴലിക്കുന്നത് കാണാം...!!

എന്നാല്‍ രണ്ടാം പകുതി കഥ മാറി,   ട്വിസ്റ്റ്‌, അതിന്‍റെ മേലെ പിന്നേം പിന്നേം ട്വിസ്റ്റ്‌... പടം മുഴുക്കെ ആ വേഗത പാലിക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നെങ്കില്‍ ഈ സിനിമയുടെ വിധി തന്നെ മറ്റൊന്നാവുമായിരുന്നു...!! ആദ്യ പകുതി കണ്ടു ബോറടിച്ചു തിയേറ്റര്‍ വിട്ടവര്‍ ശരാശരിയില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്ന ഈ സിനിമയെ മോശം പടം എന്ന ഗണത്തില്‍ അതിനകം പെടുത്തി കഴിഞ്ഞു...!! നല്ല ക്ലൈമാക്സ്‌ ഉണ്ടായിട്ട് കാര്യമില്ല, അത് വരെ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള കഴിവും വേണം, അതില്ലെങ്കില്‍ വീണ്ടും ഇത് പോലെയുള്ള രണ്ട് പടമൊക്കെ എടുത്തു പീടിക പൂട്ടി വീട്ടില്‍ ഇരിക്കാം...!! 2.5/5