Wednesday, October 30, 2013

ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ..!!

ബാംഗ്ലൂരില്‍ ബസ്സിലെ ടിക്കറ്റ്‌ ചെക്കിംഗ് കുറച്ചു കടുത്തിരിക്കുന്നു..ഇടയ്ക്കിടയ്ക്ക് ടിക്കെറ്റും ചോദിച്ചു ചെക്കര്‍മാര്‍ വണ്ടി കയറുന്നു... കണ്ടെക്ടര്‍ വരുന്നതും കാത്ത് കയ്യില്‍ ചുരുട്ടിയ നോട്ടും പിടിച്ചിരുന്ന പലര്‍ക്കും പണി കിട്ടുന്നു... ഇതൊക്കെ സ്ഥിരമായി കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ ആണ്... !!

ഞാന്‍ ബസ്സില്‍ കയറുന്നത് ചുരുക്കമാണ്... വല്ലപ്പോഴും നാട്ടില്‍ പോവുമ്പോഴാണ് ബസ്സിനെ ആശ്രയിക്കുന്നത്... കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോവാന്‍ ബാനസവാടിയില്‍ നിന്നും മെജസ്റ്റിക്കിലേക്ക് ഞാന്‍ ബസ്‌ കയറി...പതിനെട്ടു രൂപ... ഇരുപതു കൊടുത്തപ്പോള്‍ ടിക്കെറ്റിനു പുറത്തു രണ്ടെന്നു എഴുതി വട്ടം വരയ്ക്കാന്‍ പോയ കണ്ടെക്ടറിന് എട്ടു രൂപാ ചില്ലറ എടുത്തു കൊടുത്ത് പത്തു രൂപ ഞാന്‍ തിരിച്ചു മേടിച്ചു വായില്‍ ചുയിഗവും ചവച്ചു ഞാന്‍ ഇരുന്നു...ഇല്ലെങ്കില്‍ പിന്നെ ഞാന്‍ രണ്ട് രൂപ ഭിക്ഷയെടുക്കാന്‍ അയാളുടെ പുറകെ നടക്കേണ്ടി വരും...!!

കിട്ടിയ ടിക്കറ്റ്‌ കയ്യില്‍ തന്നെ ചുരുട്ടി പിടിച്ചു ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ വായില്‍ ചുയിഗം മധുരം മാറി ചവര്‍ത്തു കൊണ്ടിരിന്നു...പൊതുവേ ഞാന്‍ ചുയിഗം കടലാസ്സില്‍ പൊതിഞ്ഞാണ് കളയാറ്....ആരുടേം കാലില്‍ അത് ഒട്ടിപിടിക്കേണ്ട എന്നത് തന്നെ കാരണം...!! 

അങ്ങനെ ചുയിഗം തുപ്പാന്‍ നേരത്ത് കയ്യിലെ ടിക്കെറ്റില്‍ പൊതിഞ്ഞു ഞാന്‍ പുറത്തു കണ്ട ഒരു ചവറു കൂനയിലേക്ക് എറിഞ്ഞു...എറിഞ്ഞു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് അത് ആ യാത്രയുടെ ടിക്കറ്റ്‌ ആയിരുന്നു...നോര്‍മ്മല്‍ ആയി അടിച്ചിരുന്ന ഹൃദയം പട പടാന്ന് തായമ്പക കൊട്ടാന്‍ തുടങ്ങി... വേറെ ടിക്കറ്റ്‌ എടുക്കണോ...വല്ല ചെക്കര്‍മാരും കയറിയാല്‍ പണവും മാനവും പോവും... ഇനി ഒന്ന് രണ്ട് സ്റ്റോപ്പ്‌ മാത്രമേ ഉള്ളൂ... അതിനു വേണ്ടി വേറെ ഒരു ടിക്കറ്റ്‌ എടുക്കേണ്ട എന്ന് ഞാന്‍ കരുതി... പക്ഷെ ടെന്‍ഷന്‍ എന്നിട്ടും മാറിയില്ല...!!

ഒടുവില്‍ സ്റ്റാന്റ് എത്തി... ഞാന്‍ ഇറങ്ങാന്‍ നേരത്ത് കാക്കിയിട്ട ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍പില്‍... അവര്‍ ചിലരോട് ടിക്കറ്റ് ചോദിക്കുന്നു... ഒന്നും അറിയാത്ത പോലെ നടന്നു പോയ ഞാന്‍ ഏതോ ഭാഗ്യത്തിന് രക്ഷപ്പെട്ടു...!! നടന്നു പോവുന്നതിനിടക്ക് അവര്‍ ടിക്കറ്റ്‌ എടുക്കാത്ത വേറെ ആരോടോ കയര്‍ക്കുന്നത് ഞാന്‍ കേട്ടു... തിരിഞ്ഞു നോക്കാതെ ഞാന്‍ ഒറ്റ നടത്തം... ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ..!!

Monday, October 28, 2013

വേഷംകെട്ട്..

രണ്ടായിരത്തി ആറിലെ ഡിസംബര്‍ സമയം... അന്ന് ഞാന്‍ താമസിക്കുന്നത്  ബാംഗ്ലൂരിലെ ഗോട്ടിഗര എന്ന സ്ഥലത്ത്.. ഒരു വൈകുന്നേരം ഗോട്ടിഗരയിലേക്ക് ബസ്‌ കയറാന്‍ ജയദേവ സ്റ്റോപ്പില്‍ നില്‍ക്കുന്നു ഞാന്‍... 

"സാര്‍..."

വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കുടുംബം... ഒരാള്‍, അയാളുടെ ഭാര്യ, അയാളുടെ ഒക്കത്ത് ഒരു കൊച്ച്....!! 

"ആപ്കോ ഹിന്ദി സമജ്താ ഹേ ക്യാ..?" ഹിന്ദി മനസിലാവുമോ എന്ന് അയാള്‍ എന്നോട് ചോദിച്ചു...

"ഹാ...പൂച്ചിയേ.."

പിന്നെ പറഞ്ഞത് ഹിന്ദിയില്‍ എഴുതിയാല്‍ ഹിന്ദി അറിയാവുന്നവര്‍ എനിക്കിട്ടു വീക്കും... അതുകൊണ്ട് ഞാന്‍ മലയാളത്തില്‍ തര്‍ജമിക്കാം...!! 

"ഞങ്ങള്‍ ബീഹാറില്‍ നിന്നും വന്നവര്‍ ആണ്, ഇവിടെ വച്ചു ഞങ്ങളുടെ ബാഗ്‌ നഷ്ടപ്പെട്ടു, എല്ലാ പണവും നഷ്ടപ്പെട്ടു... തിരിച്ചു പോവാന്‍ നിവര്‍ത്തിയില്ല... സാര്‍ സഹായിക്കണം, മക്കള്‍ക്ക്‌ ഭക്ഷണം മേടിക്കാന്‍ പോലും പണം ഇല്ല...!!"

എന്‍റെ മനം ഉരുകി...ഉള്ളിലെ മനുഷ്യന്‍ സടകുടഞ്ഞു എഴുന്നേറ്റു... ആവുന്ന വിധം ഞാന്‍ പണം നല്‍കി...!! ഒരു കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞ തൃപ്തിയോടെ ഞാന്‍ വീട്ടിലേക്കു വണ്ടി കയറി...!! ഉള്ളു നിറയെ സന്തോഷം...

ഒരു മാസത്തിനു ശേഷം അതെ ബസ്‌ സ്റ്റോപ്പില്‍ നിന്നും ഒരു "സാര്‍" വിളി.. തിരിഞ്ഞു നോക്കിയപ്പോള്‍ അതേ കുടുംബം...!! അതെ ഡയലോഗ്..!!

അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല... ഞാന്‍ ചോദിച്ചു "നിങ്ങളുടെ ബാഗ്‌ എപ്പോ നഷ്ടപ്പെട്ടു...??"

"കല്‍..." ഇന്നലെയെന്ന്...!! കള്ള ബടുവ... ഇവന്‍ ബാഗ്‌ നഷ്ടപ്പെടുന്നത് ശീലമാക്കിയിരിക്കുകയാണ്...!! 

എന്‍റെ കണ്ണിലും മൂക്കിന്‍ തുമ്പിലും ചെങ്കൊടി വിരിച്ച പോലെയായി...!! ദേഷ്യം വിശദീകരിക്കാന്‍ മാത്രം ഹിന്ദി അറിയാത്തത് കൊണ്ട് അവര്‍ക്ക് നേരെ നടുവിരല്‍ പൊക്കി കൊണ്ട് ഞാന്‍ അടുത്ത വണ്ടി കയറി....

ഇതേ അടവും ആയി ഞാന്‍ പലരെയും പലവട്ടം കണ്ടു... മടിവാളയിലും റെയില്‍വേ സ്റ്റെഷനിലും എല്ലാം...!! അതില്‍ എത്ര പേര്‍ ശരിക്കും പ്രശ്നത്തില്‍ ആയിരുന്നു എന്നറിയില്ല... അന്നത്തെ സംഭവത്തിനു ശേഷം ഇതേ പ്രശ്നം പറഞ്ഞു വന്ന ഒരാളെ പോലും ഞാന്‍ സഹായിച്ചിട്ടില്ല...എല്ലാരും കള്ളന്മാരാണ് എന്ന മുന്‍വിധിയാണ് ഇപ്പൊ... ഒരു സഹായം ചെയ്യാന്‍ ഉള്ള മനസ്സുകളെ മടുപ്പിക്കാന്‍ ഇങ്ങനെ കുറെ വേഷംകെട്ടലുകള്‍...!!
 

Thursday, October 24, 2013

നെല്ലിയാമ്പതി വഴി പോലീസ് സ്റ്റേഷനില്‍...!!

വിനോദ് കൃഷ്ണന്‍ എന്ന വിക്രിയുടെ കല്യാണത്തിന് ഞങ്ങള്‍ പാലക്കാട് എത്തി.. നെല്ലിയാമ്പതിയാണ് അന്നത്തെ അജണ്ട...സ്ഥലത്ത്, ഞാന്‍, സുനീഷ്, അനൂപ്‌, അനൂപിന്‍റെ ഭാര്യ ഗീതി, ശിവാനന്ദ് ഭാര്യ വിനയ...എന്നിവര്‍ ഹാജര്‍..യാത്രക്കുള്ള വണ്ടി വിക്രി ഏര്‍പ്പാടാക്കിയിരുന്നു...ഒരു ഇന്നോവ...!!

നല്ലൊരു യാത്രയായിരുന്നു അത്... പ്രകൃതിയുടെ പച്ചപ്പിലേക്ക്, ഈര്‍പ്പത്തിലേക്ക്...!! കുറെ നേരം ശുദ്ധ വായുവും വെളിച്ചവും അനുഭവവും അനുഭവിച്ച്‌ ഞങ്ങള്‍ മലയിറങ്ങി...!!

തിരിച്ചിറങ്ങുമ്പോള്‍ ചെറിയ കാറ്റ് അടിച്ചു എല്ലാരും ഒരു ചെറു മയക്കത്തിലേക്ക് പോവാന്‍ തുടങ്ങി.. മുന്‍പില്‍ ഇരിക്കുന്ന കാരണം എനിക്ക് ഉറങ്ങാല്‍ കഴിഞ്ഞില്ല... ഒരു വളവു തിരിയാന്‍ സമയത്ത് എതിരെ പെടപ്പിച്ചു വന്ന ഒരു കാര്‍ ഞങ്ങളുടെ ഇന്നോവയുടെ മുന്‍പില്‍ ചാമ്പി..!! ഉറങ്ങാത്തത്‌ കൊണ്ട് ഒരു അപകടം നേരിട്ട് കാണാന്‍ കഴിഞ്ഞു...!!

പുറത്തിറങ്ങി പതിവുപോലെ വാക്കേറ്റം...!! കോമ്പ്രമൈസ് തുകയില്‍ ഞങ്ങളുടെ ഡ്രൈവര്‍ തൃപ്തിയായില്ല... അവസാനം കേസ് ആയി, പിന്നെ പോലീസ് സ്റ്റേഷനില്‍....സാക്ഷിയായി അനൂപ് സ്റ്റേഷനില്‍ പോയിട്ടും ഗീതിക്ക് കുലുക്കമില്ല...

"ഹായ്, എന്‍റെ ഭര്‍ത്താവിനെ പോലീസുകാര്‍ കൊണ്ട് പോകുന്നു.." അവള്‍ക്കു സന്തോഷം...!!

എല്ലാവരേം സ്റ്റേഷനില്‍ വിളിപ്പിച്ചു.. ഗീതി സ്റ്റേഷന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ലോക്കപ് എല്ലാം അവള്‍ക്കു വലിയ അത്ഭുതം നിറഞ്ഞ കാഴ്ച്ചയായി...ഭാര്യയായാല്‍ ഇങ്ങനെ തന്നെ വേണം...!!

 കുറെ വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ സാക്ഷിയായി കേസ് എടുക്കാന്‍ തീരുമാനം ആയി..!!

കേസ് എഴുതി അതിനു താഴെ ഒരാള്‍ ഒപ്പിടണം... എല്ലാരും കല്യാണം കഴിഞ്ഞവര്‍ ആണ്, സുനീഷിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു ബാകി ഉള്ളത് ഞാനാണ്..വേറെ ആര്‍ക്കും കേസിന്‍റെ പിന്നില്‍ ഓടാന്‍ വയ്യ... അതുകൊണ്ട് ഞാന്‍ തന്നെ എഴുതി ഒപ്പിട്ടു കൊടുക്കാന്‍ തീരുമാനിച്ചു.. ഒരു ബാച്ചിലറിന്റെ രോദനം അവിടെ ആരും കേട്ടില്ല..!! ഒപ്പിടുന്നതിനു മുന്‍പ് ആ കേസ് ഞാന്‍ ഒന്ന് വായിച്ചു നോക്കി... സര്‍ക്കാര്‍ കടലാസില്‍ താഴെ എന്‍റെ പേര് എഴുതിയിരിക്കുന്നു...മുകളില്‍ എഴുതിയ സംഗതി എന്താണെന്ന് ഞാന്‍ വായിച്ചു നോക്കി, അതിന്‍റെ ചുരുക്കം ഇങ്ങനെ,

"ഞങ്ങള്‍ ഓടിച്ച വണ്ടി അപകടത്തില്‍ പെട്ടതിന് രണ്ട് കൂട്ടരും ഒരുപോലെ ഉത്തരവാദി ആണ് എന്ന് വിശ്വസ്ഥതയോടെ രാകേഷ്, ശ്രീപാദം, വായപ്പാറപ്പടി, മഞ്ചേരി...!!" ഞാന്‍ രണ്ടും കല്‍പ്പിച്ചു ഒപ്പിട്ടു...

ഞങ്ങളെ ഒരു വഴിക്ക് കൊണ്ടുപോയ വണ്ടിക്കാരനും കൂടെ ഉള്ള പണിയായിരുന്നു അത്... അന്ന് രക്ഷപ്പെടാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ ഒപ്പിട്ടതാണ്...!!

ബസ്‌ പിടിച്ചു റൂമില്‍ പോവുന്ന വഴിക്ക് പിന്നീടെന്നെങ്കിലും കോടതിയില്‍ എന്‍റെ പേര് പറഞ്ഞു കേസ്  വിളിക്കും എന്ന് ആദിപിടിച്ചു ഞാന്‍ ഇരിക്കുമ്പോഴും വേറൊരു സീറ്റില്‍ ആദ്യമായി പോലീസ് സ്റ്റേഷന്‍ കണ്ടതിന്റെ ആത്മ നിര്‍വൃതിയില്‍ അനൂപിന്‍റെ കൂടെ ഗീതി ഉണ്ടായിരുന്നു...!! നെല്ലിയാമ്പതി കഴ്ച്ചപോലും അവള്‍ക്കു സ്റ്റേഷന്‍ അനുഭവത്തിനു മുന്‍പില്‍ ഒരു സംഭവമേ ആയില്ല...!!

Wednesday, October 23, 2013

പാടം ഒരു കളിക്കളം

അവസാനത്തെ കൊല്ലപരീക്ഷ കഴിഞ്ഞിട്ട് നേരെ ഒരോട്ടമായിരുന്നു...വീട്ടില്‍ എത്തി വിയര്‍ത്ത് നാറിയ യുണിഫോം വലിച്ചൂരി കഴുകാനിട്ട് കിട്ടിയതും വലിച്ചു കയറ്റി പാടത്തേക്കു പോയി... രണ്ടുമാസത്തേക്ക് ആ ചന്ദന കളര്‍ ഷര്‍ട്ടും നീല പാന്‍റും വേണ്ട..!! ടീം അവിടെ റെഡി... ഇനി രണ്ടുമാസം ആരും തടയാന്‍ ഇല്ല.. കളിതന്നെ കാര്യം...!! കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്ത് നേരെ പോയി ക്രിക്കറ്റ്‌ കളിക്കാന്‍ പറ്റില്ല.. ആദ്യം പിച്ച് വേണം, കിളച്ചും കൊട്ടുവടികൊണ്ട് അടിച്ചും പിച്ച് ഒപ്പിച്ചു...!!

പിറ്റേന്ന് മുതല്‍ ആള്‍ക്ക് ഒരു രൂപാ നിരക്കില്‍ പിരിവു, ടെന്നിസ് ബോള്‍ വാങ്ങണം...ബാറ്റ് കൂട്ടത്തില്‍ ചിലരുടെ കയ്യില്‍ ഉണ്ട്...ഗോവിന്ദന്‍ കുട്ടി നായരുടെ തൊടിയിലെ ശീമക്കൊന്നയുടെ തണ്ട് സ്റ്റംബായി...!! പാടവരമ്പ് ബൌണ്ടറി നിര്‍ണ്ണയിച്ചു...!!

കളി തുടങ്ങി, സ്പ്പിന്‍ ബൌള്‍ നേരിടാന്‍ വല്ല പരിശീലനവും വേണമെങ്കില്‍ ഇങ്ങനത്തെ പാടത്ത് കളിക്കണം...പാടത്തെ കട്ടയില്‍ കുത്തി തെറിക്കുന്ന ടെന്നീസ് ബോള്‍ അടിക്കണമെങ്കില്‍ ചിലപ്പോള്‍ ഹനുമാന്‍ ഷോര്‍ട്ട് തന്നെ എടുക്കേണ്ടി വരും...ഫീല്‍ഡ് ചെയ്യാനും ഇതേ പ്രശനം...!! എളുപ്പമുള്ളതു രണ്ടേ രണ്ട് പണികള്‍ ആണ്, ബൌളിങ്ങും അമ്പയറിങ്ങും... ഇതിനു രണ്ടിനും ബോളിന്റെ കുരുത്തം കെട്ട പോക്കിന് ഉത്തരവാദിത്തം ഇല്ല..വൈഡിന് റണ്ണും ഇല്ല...!!

ഇത്യാദി എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഞങ്ങളുടെ കളി മുടങ്ങാറില്ലായിരുനു...ഇടയ്ക്കു വേറെ ടീമുകളുമായി മാച്ചും നടത്തിയിരുന്നു...!! വെക്കേഷന്‍ കഴിയുമ്പോഴേക്ക് ബാറ്റു ചെയ്യുന്ന സ്ഥലത്ത് ബാറ്റുകൊണ്ട് കുത്തി ഒരു കുഴി രൂപപ്പെട്ടു കഴിഞ്ഞിരിക്കും...!!

അന്നത്തെ വെക്കേഷന്‍ കാലം ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടു കൂടി ഓര്‍ക്കുന്ന സമയത്ത് വെറുതെ ഒന്ന് നാട്ടില്‍ പോയി.. പാടം കാട് പിടിച്ചു കിടന്നിരുന്നു...പിള്ളേര്‍ ഒന്നും പുറത്തിറങ്ങുന്നില്ല... എല്ലാര്‍ക്കും കമ്പ്യൂട്ടര്‍ ഗയിംസ് മതി...അഞ്ചു വയസ്സായപ്പോഴേക്കും കുട്ടികള്‍ സോഡാക്കുപ്പി കണ്ണട വച്ചിരിക്കുന്നു.. ചാറ്റല്‍ മഴ അടിച്ചാല്‍ മതി, പനി പിടിച്ചു വിറച്ചു കിടക്കും...മാവില്‍ കയറാന്‍ അറിയില്ല, ഒരു മുറിവ് പറ്റിയാല്‍ കമ്യുണിസ്റ്റ് അപ്പ അരച്ച് വച്ചു മുറിവുണക്കാന്‍ ഉള്ള നാട്ടറിവും ഇല്ല... ദേഹത്ത് ചെളി പറ്റിയാല്‍ അറപ്പാണത്രേ..!! കളിയെന്നാല്‍ കമ്പ്യൂടര്‍ ഗയിമും മൊബൈലും മാത്രമായി വളരുന്ന ഈ തലമുറ ബാല്യത്തെ കുറിച്ച് എന്ത് ഓര്‍ക്കുമോ എന്തോ?? 

ഇടുക്കി ഗോള്‍ഡ്‌

ഇടുക്കിയിലെ സ്വര്‍ണ്ണം, മാറ്റ് ഒരല്‍പ്പം കുറഞ്ഞു പോയി...ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ച ആ സ്വര്‍ണ്ണപ്പുക ആദ്യ പകുതിയില്‍ നിറയെ ലഹരി തന്നു... സന്തോഷത്തിന്റെ മേഘപടലങ്ങളില്‍ പ്രേക്ഷകന്, കുറഞ്ഞത്‌ എനിക്കെങ്കിലും വിഹാരിക്കാനായി...!! രവീന്ദ്രന്‍ എന്ന നടന്‍റെ രവി എന്ന കഥാപാത്രം, മണിയന്‍പിള്ള രാജുവിന്റെ മദനനും തന്നെ അതിനു പ്രധാന കാരണം...!! "ഗോള്‍ഡ്‌" ജെനറേഷന്‍ തകര്‍ത്തു എന്ന് തന്നെ പറയാം... ചെറിയ കല്ലുകടിയായത് ബാബു ആന്റണിയുടെ വേഷമാണ്... തേനീച്ച കുത്തിയാലും വികാരം വരാത്ത മുഖം എന്നത് സിനിമയിലെ വെറുമൊരു ഡയലോഗ് മാത്രമല്ല എന്നത് അയാളുടെ അഭിനയം കണ്ടാല്‍ അറിയാം...ജയന്‍-സോമന്‍ കാലത്തിലെ സിനിമാറ്റിക് ആയ അവതരണം ശരിക്കും ഏറ്റു എന്നുതന്നെ പറയാം.. ബിജിപാലിന്റെ സംഗീതവും നിലവാരം പുലര്‍ത്തി...ഷൈജു ഖാലിദിന്റെ ക്യാമറയും പ്രശംസനീയം...!! എടുത്തു പറയേണ്ടത് ഗോള്‍ഡന്‍മാരുടെ ഓള്‍ഡ്‌ ജീവിതം കാണിച്ച കുട്ടികളെ കുറിച്ചാണ്...അവരുടെ പ്രകടനം മനോഹരം... എന്നിട്ടും എവിടെ പാളി എന്ന് ചോദിച്ചാല്‍, അത് എച്ചിക്കാനത്തിന്റെ കഥയില്‍ ആണോ, ദിനേശിന്റെയും ശ്യാമിന്റെയും തിരക്കഥയില്‍ ആണോ അതോ ആഷികിന്റെ സംവിധാനത്തിലോ എന്ന് സംശയം വരും...!! ഒരു കഞ്ചാവ് തോട്ടം തീയിട്ടു കത്തിക്കുന്ന വാര്‍ത്ത വല്ല ദ്രിശ്യമാധ്യമത്തില്‍ കണ്ടാലെങ്കിലും മതിയായിരുന്നു, ആഷിക്കിനു നീലച്ചടയന്‍ തോട്ടം എങ്ങനെ ഉണ്ട് എന്ന് കണ്ടറിയാന്‍...ലാല്‍ബാഗില്‍ റോസ് നട്ടത് പോലെയുള്ള കഞ്ചാവ് തോട്ടത്തിന്റെ സീന്‍ കഷ്ടം എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ല...!! നൊസ്റ്റാള്‍ജിയ ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങളും പരാജയം...!! ക്ലൈമാക്സ്‌ എന്നത് ഈ സിനമയുടെ വലിയൊരു മോശം ഘടകം ആണ്...!! പടം കണ്ടിറങ്ങുന്ന പ്രേക്ഷകന് അതങ്ങനെ ദഹിക്കാതെ കിടക്കും...ആദ്യ പകുതി എടുത്തതിന്റെ പകുതി ശ്രദ്ധ രണ്ടാം പകുതിയില്‍ കൊടുത്തിരുന്നെങ്കില്‍ ഈ സ്വര്‍ണ്ണപുക കണ്ടു പ്രേക്ഷകന്‍ ശരിക്കും ഫ്ലിപ്പ് ആയേനെ...ചുരുക്കി പറഞ്ഞാല്‍ ഈ സ്റ്റഫ് പകുതി കൊള്ളാം...ബാക്കി പകുതി വെറും ചുക്കി മാത്രം ആണ്... എന്നാലും റോളിംഗ് പേപ്പര്‍ വെറുതെയാവില്ല...മോശമില്ലാത്ത കിക്ക് കിട്ടും...!! 3/5

Monday, October 21, 2013

പൈതല്‍ മല..

എന്‍റെ കുറച്ചു കൂട്ടുകാര്‍ മുന്‍പ് പോയ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതായിരുന്നു പൈതല്‍ മല പോവണം എന്ന്...ശ്രീകാന്ത് വിളിച്ചു വീണ്ടും ഒരു ട്രെക്കിംഗ് പ്ലാന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു നമുക്ക് പൈതല്‍ മല പോയാലോ എന്ന്.. പെട്ടന്നുണ്ടായ ഒരു പ്ലാന്‍, പഴയ ടീം തന്നെ, ശ്രീകാന്ത്, സോണി, അനൂപ്‌, മനു...!!

വെള്ളിയാഴ്ച്ച വൈകുന്നേരം യാത്ര തുടങ്ങിയത് തന്നെ അപലക്ഷണങ്ങളും കൊണ്ടായിരുന്നു...സ്ഥിരമായി സ്ലീപ്പിംഗ് ബാഗ്‌ എടുക്കുന്ന സ്ഥലത്ത് ആവശ്യത്തിനു സ്ലീപ്പിംഗ് ബാഗ്‌ ഇല്ല.. പറഞ്ഞേല്‍പ്പിച്ച സ്ഥലത്ത് ചെന്നപ്പോള്‍ ഒരെണ്ണം കുറവ്..ഉള്ളതും കൊണ്ട് ഇറങ്ങിയപ്പോള്‍ ശ്രീകാന്തും കൂട്ടരും ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി...!! ഒരുവിധം ഇരിട്ടിക്കുള്ള വണ്ടി പിടിച്ചു..പോവുന്ന വഴിക്ക് വണ്ടിക്കു ചില മുക്കലും ചീറ്റലും...വലിയ പരിക്കുകളില്ലാതെ ഇരിട്ടിയില്‍ എത്തി...ഒരു മുറി ഒപ്പിച്ചു രാവിലത്തെ കാര്യങ്ങള്‍ തീര്‍ത്തു..!! ഭക്ഷണം കഴിക്കാന്‍ കയറിയ കടയില്‍ മുട്ടന്‍ അടി...രാവിലെ തന്നെ വെള്ളമടിച്ചു അലമ്പാക്കിയവനെ ഒതുക്കിയതാ...നഷ്ടം ഒരു ചില്ലറമാറ, കുടിയന് നല്ല ഒരസ്സല്‍ മുറിവും...ഞങ്ങള്‍ പതിയെ ഭക്ഷണം കഴിച്ചു അവിടെ നിന്നും സ്കൂട്ടായി...!!

അവിടെ നിന്നും ആവശ്യത്തിനു വെള്ളവും ബ്രെഡും മേടിച്ചു ചെമ്പെരിക്ക് ബസ്‌ കയറി... അവിടെ നിന്നും കുടിയാന്മാലയിലേക്ക് ജീപ്പില്‍... അവിടെ നിന്നും ഉച്ചക്കുള്ള ഭക്ഷണം പാര്‍സല്‍ മേടിച്ചു നടക്കാന്‍ തുടങ്ങി... പോയ വഴിക്കെല്ലാം ആളുകള്‍ ഞങ്ങളോട് ജീപ്പ് എടുത്തു പോവാന്‍ പറഞ്ഞു...അവിടെ നിന്നും ഒന്‍പതു കിലോമീറ്റര്‍ കുത്തനെ കയറണം എന്ന്...!! ഞങ്ങള്‍ ചെവിക്കൊണ്ടില്ല.. നടന്നു കയറിക്കൊള്ളാം എന്നും പറഞ്ഞു ഞങ്ങള്‍ നീങ്ങി...!!

വിചാരിച്ച പോലെ ആയിരുന്നില്ല... കുത്തനെ ഒരു അറുപതു ഡിഗ്രിയില്‍ ആണ് കയറ്റം... അതും ചൂടത്ത് ടാറിട്ട റോഡില്‍...!! മുകളില്‍ പൊട്ടന്പ്ലാവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആസ്ഥാന "പ്രാന്തന്മാര്‍" പട്ടം ചാര്‍ത്തി കിട്ടി...!! സാധാരണ "വട്ടന്മാര്‍" പൊട്ടന്പ്ലവില്‍ നിന്നാ നടക്കാന്‍ തുടങ്ങാറ് എന്ന്... താഴേന്നു നടന്നു തുടങ്ങിയത് കൊണ്ട് അവര്‍ക്ക് ഞങ്ങളെ ദഹിച്ചില്ല...!!

നടത്തം തുടര്‍ന്നു...ഇടയ്ക്കു ഒരു പെട്ടി പീടിക കണ്ടപ്പോള്‍ സോഡയും തേന്മുട്ടായിയും മേടിച്ചു കഴിച്ചു...അവിടത്തെ റേഡിയോയില്‍ നിന്നും രാഘവന്‍ മാഷിന്‍റെ വിയോഗം അറിഞ്ഞു...കുറച്ചു കൂടെ നടന്നു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആകെ ക്ഷീണിച്ചിരുന്നു... ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു... അധികം വൈകാതെ തുലാമഴ ഞങ്ങളോടൊപ്പം കൂടി... തകര്‍ത്തു പെയ്ത മഴ.. ഇടയ്ക്കു നല്ല ഇടിയും മിന്നലും... ടാറിട്ട വഴി തീര്‍ന്നിടത്ത് ഒരു ചായപീടിക... അവിടെ കയറി തുണി പിഴിഞ്ഞ് ഓരോ ചുക്ക് കാപ്പിയും ഓമ്ലെറ്റും അടിച്ചു... കടക്കാരന്‍ അപ്പച്ചന്‍ ചേട്ടനെ പരിചയപ്പെട്ടു മഴ തോര്‍ന്നപ്പോള്‍ യാത്ര തുടര്‍ന്നു..!!

വഴിയില്‍ കോട വന്നു തുടങ്ങി..പിന്നീട് അങ്ങോട്ട്‌ ആദ്യം ഒരാള്‍ വലിപ്പത്തില്‍ ഉള്ള പുല്ലുള്ള വഴിയിലൂടെ യാത്ര.. വഴി മുഴുവന്‍ മഴവെള്ളം...കുറച്ചു കഴിഞ്ഞപ്പോള്‍‍ ഘോര വനം തുടങ്ങി..വഴി നിറയെ പഴകിയ ആനപ്പിണ്ടവും ആനകള്‍ തകര്‍ത്തിട്ട മരങ്ങളും..ഇടയ്ക്കിടയ്ക്ക് ചില നീര്‍ച്ചാലുകള്‍.. അധികം വൈകാതെ ഞങ്ങള്‍ പൈതല്‍ മലയുടെ മുകളില്‍ എത്തി...ഒരു മനോഹരമായ പുല്‍മേട്‌..ചുറ്റിലും കോട...!! നിരന്തരമായ സഞ്ചാരി സാനിദ്ധ്യത്തിന്റെ അടയാളങ്ങള്‍ മാലിന്യമായി പലയിടത്തും ചിതറി കിടക്കുന്നു...!! അപ്പോഴേക്കും കൂട്ടത്തില്‍ പലരുടെയും കാലില്‍ അട്ടകള്‍ താവളമാക്കിയിരുനു...!!

നേരം ഇരുട്ടന്നതിനു മുന്‍പ് ഞങ്ങള്‍ ടെന്റ് കെട്ടി...നല്ല തണുപ്പ് അടിച്ചു തുടങ്ങി..വേഗം ഭക്ഷണം കഴിച്ചു ഉള്ള സ്ലീപ്പിംഗ് ബാഗില്‍ കയറിക്കൂടാന്‍ നോക്കിയപ്പോള്‍ എന്‍റെ സ്ലീപ്പിംഗ് ബാഗ്‌ മൊത്തം നനഞ്ഞിരിക്കുന്നു..ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ഞങ്ങള്‍ കിടന്നു... കുറച്ചു കൂടെ കഴിഞ്ഞപ്പോള്‍ വേറെ ഒരു ടീം കൂടെ വന്നു... അവര്‍ രാത്രി മുഴുവനും പാചകവും പാട്ടുമായി കൂടി... ഞങ്ങളുടെ ഉറക്കം അങ്ങനെ പോയിക്കിട്ടി..!!

രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ അതി ഗംഭീരമായ കാഴ്ച്ച..!! ഞങ്ങള്‍ക്ക് താഴെ മേഘങ്ങള്‍ പഞ്ഞെക്കെട്ടു പോലെ പാറി നടക്കുന്നു... കുറേനേരം അവിടെ ചിലവിട്ടു ഒന്‍പതു മണിയോടെ ഞങ്ങള്‍ മലയിറങ്ങി...കുറച്ചു ഫോട്ടോകളും മനസ്സുനിറയെ ഓര്‍മ്മകളും കൊണ്ട്... ചിലര്‍ കാല് മുഴുവന്‍ അട്ടകടിച്ച മുറിവുകളും കൊണ്ട്....അപ്പച്ചന്‍ ചെട്ടന്‍റെ കടയിലെ ഓമ്ലെറ്റും കട്ടന്‍കാപ്പിയും കുടിച്ചു തിരിച്ചു ഇരിട്ടിയിലേക്ക്‌..!!

Thursday, October 17, 2013

പരീക്ഷകള്‍ അഥവാ പരീക്ഷണങ്ങള്‍..

പരീക്ഷയുടെ ടൈം ടേബിള്‍ വന്നു.. സ്റ്റഡി ലീവ് തുടങ്ങി.. ബന്ധുവീടുകളില്‍ പോവലും കല്യാണം കൂടലും സിനിമ കാണലും കൂടെ കുറച്ചു കംബൈന്‍ സ്റ്റഡിയും ചേര്‍ന്ന് ആ ലീവ് തീര്‍ന്നു... ഇനി പരീക്ഷാ കാലമാണ്...!!

പലരും പല രീതിയില്‍ ഒരുങ്ങുന്നു... ചിലര്‍ ബാക്കി വച്ച പാഠങ്ങള്‍ ഓടിച്ചു നോക്കുന്നു...ചിലര്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നുകൂടെ വായിച്ചു ഉറപ്പു വരുത്തുന്നു...പഴയ ചോദ്യക്കടലാസ് വച്ചു ഒരു കൂട്ടര്‍ പഠിക്കുന്നു...കഴിഞ്ഞ വര്‍ഷം ചോദിച്ചത് ഇത്തവണ ചോദിക്കില്ല എന്ന് കരുതി ഒഴിവാക്കുന്നു എന്നെ പോലെ ചിലര്‍...മറ്റൊരു കൂട്ടര്‍ രാവിലെ തന്നെ "ബിറ്റ്" നിര്‍മ്മാണത്തില്‍ മുഴുകി നില്‍ക്കുന്നു...!!

ബെല്ലടിച്ചു, പരീക്ഷ തുടങ്ങി... ടീച്ചര്‍ ചോദ്യകടലാസും ഉത്തരക്കടലാസുമെല്ലാം വിതരണം ചെയ്തു തുടങ്ങി...സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു പേപ്പര്‍ വാങ്ങി...!! ചോദ്യങ്ങള്‍ ഓരോന്നായി നോക്കി തുടങ്ങി... ഒരു നിവൃത്തിയും ഇല്ല..!! വേണ്ടെന്നു കരുതി ഒഴിവാക്കിയ ചോദ്യങ്ങള്‍ ആണ് ഒട്ടു മിക്കവാറും....പഠിച്ചവര്‍ അത് നന്നായി എഴുതുന്നു...!! "ബിറ്റ്" കൊണ്ടുവന്നവരും കേമന്മാര്‍...!! ഇതൊന്നും ഇല്ലാത്തവര്‍, ഞാന്‍ അടക്കം  "ബ്ലിങ്കസ്യ" എന്ന മട്ടില്‍ ഇരുന്നു... അറിയാവുന്ന പോലെ എന്തൊക്കയോ കുത്തികുറിച്ചു അവസാനത്തെ ബെല്ലടിക്കാന്‍ കാത്തു നില്‍ക്കാതെ പുറത്തിറങ്ങി ഞാന്‍ അക്കേഷ്യ മരങ്ങളുടെ ചുവട്ടില്‍ കാറ്റും കൊണ്ടിരുന്നു...!!

അവസാന ബെല്ലും കഴിഞ്ഞപ്പോള്‍ കേമന്മാര്‍ പതിയെ പുറത്തിറങ്ങി വന്നു...പരീക്ഷ കഴിഞ്ഞ സമാധാനം പലരുടെയും മുഖത്തുണ്ട്‌...ഒരു പഠിപ്പിസ്റ്റ് നിരാശാ ഭാവത്തില്‍ പുറത്തിറങ്ങി വന്നു...

"ഹോ, സമാധാനം... ഒരുത്തനെങ്കിലും എന്നെ പോലെ ഉണ്ടല്ലോ..." ഞാന്‍ നെടുവീര്‍പ്പിട്ടു...

"എന്ത് പറ്റി മച്ചാ..." ഞാന്‍ ചോദിച്ചു..

"അളിയാ, നൂറില്‍ തൊണ്ണൂറു മാര്‍ക്കിനെ എഴുതാന്‍ പറ്റിയുള്ളൂ... സമയം കിട്ടിയില്ല..." അവന്‍റെ നിരാശ പങ്കു വച്ചു...

എന്‍റെ പെരുവിരല്‍ മുതല്‍ തരിച്ചു വന്നു...കള്ള പന്നി...ഇവിടെ മനുഷ്യന് എങ്ങനെയെങ്കിലും സപ്പ്ളി ഒഴിവാക്കാന്‍ തല പുകക്കുമ്പോഴാ...!! പക്ഷെ ഞാന്‍ നിയന്ത്രിച്ചു...!! 

"ഹോ.. കഷ്ടമായിപ്പോയി...!!" എന്നും പറഞ്ഞു ഞാന്‍ മൂക്കില്‍ വിരല്‍വച്ചു....!!

മാസങ്ങള്‍ കഴിഞ്ഞപ്പോ റിസള്‍ട്ട്‌ വന്നു...കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അല്ലേ പേപ്പര്‍ നോക്കിയത്... തോന്നിയത് കുത്തി കുറിച്ച ഞാനും നമ്മുടെ പഠിപ്പിസ്റ്റ് മച്ചാനും ഏതാണ്ട് ഒരേ മാര്‍ക്ക് വാങ്ങി പാസ്സായി...!! ന്താ ലേ...??

Wednesday, October 16, 2013

എന്‍റെ ചിക്കന്‍..

ചെറുപ്പം മുതലേ ചിക്കന്‍ എനിക്ക് ഒരു വീക്നെസ്സ് ആണ്... നല്ല മസാലയിട്ട് വച്ച ചിക്കനെ ഞാന്‍ വെറുതെ വിടാറില്ല...ഇടക്കൊക്കെ ഞാനും ചിക്കന്‍ വച്ചു ചില പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌...എന്നാലും എനിക്കിഷ്ടം വേറെ ആരെങ്കിലും വച്ചു വിളംബുന്നതാണ്... അതില്‍ എനിക്കേറെ താല്‍പ്പര്യം അമ്മയോ വല്യമ്മയോ വയ്ക്കുന്ന നാടന്‍ കോഴിക്കറി തന്നെ...!!

ഇങ്ങനെയുള്ള കൈപുണ്യങ്ങള്‍ തിരിച്ചറിയിന്നുന്നതിനു മുന്‍പ്, എനിക്ക് ഏറ്റവും പ്രിയമായിരുന്നത് വല്ലപ്പോഴും കിട്ടുമായിരുന്ന ഹോട്ടല്‍ ഭക്ഷണം തന്നെ...ഇത് ഒരു നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഉള്ള കാര്യമാണ്...ചെറിയ ചില ഓര്‍മ്മകള്‍ മാത്രം ഉള്ള ഈ സംഭവം ഞാന്‍ കൂടുതല്‍ അറിയുന്നത് എന്നെ നാണം കെടുത്താന്‍ പല കല്യാണവീടുകളിലും ബന്ധുക്കള്‍ കൂടുന്ന പല സ്ഥലങ്ങളിലും എന്‍റെ അമ്മയും മറ്റും പറഞ്ഞ കഥകള്‍ വഴിയാണ്...!!

ആഴ്ചയില്‍ ഒരിക്കല്‍ അച്ഛന്‍ ഞങ്ങളെ ഒരു സിനിമക്കും അതുകഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും കൊണ്ട് പോവാറുണ്ടായിരുന്നു... അങ്ങനെ പോയ ഒരു ദിവസം, എനിക്ക് വേണ്ടി ചിക്കന്‍ ഫ്രൈ തന്നെ ഓര്‍ഡര്‍ ചെയ്തു...പൊരിച്ച കോഴി വരുന്നതും കാത്തു ഞാന്‍ അക്ഷമയോടെ നിന്നു... അധികം വൈകാതെ തന്നെ ഞങ്ങളുടെ അടുത്തിരുന്ന മേശയില്‍ ചിക്കന്‍ ഫ്രൈ എത്തി...!!

"ഞാന്‍ ആണ് ചിക്കന്‍ ഫ്രൈ പറഞ്ഞത്, എനിക്കുള്ള ചിക്കന്‍ വേറെ ആര്‍ക്കോ കൊടുത്തിരിക്കുന്നു..." എനിക്കത് സഹിച്ചില്ല... എന്‍റെ ആയുധം ഞാന്‍ പുറത്തിറക്കി...കരച്ചില്‍..!!

എട്ടുദിക്കും മുഴങ്ങുമാറ് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു, " എന്‍റെ ചിക്കന്‍...!!"

ഹോട്ടല്‍ വെയിറ്റര്‍ ഓടി വന്നു... അവര്‍ ആദ്യം ഓര്‍ഡര്‍ ചെയ്തതാണ് എന്ന് പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.. ഞാന്‍ ഉണ്ടോ തണുക്കുന്നു... നിലവിളി ഉച്ചസ്ഥായിയില്‍ ആയി...!! ഒരു പാവത്തിന്‍റെ ചിക്കന് വേണ്ടിയുള്ള രോദനം...!!

സഹികെട്ട് അടുത്തിരുന്ന അവര്‍ ആ ചിക്കന്‍ ഫ്രൈ എന്‍റെ മുന്നില്‍ കൊണ്ട് വച്ചു...അവര്‍ക്കും ചെവിതല കേള്‍ക്കേണ്ടേ...!! സ്വിച്ച് ഓഫ്‌ ആയപോലെ എന്‍റെ കരച്ചില്‍ നിന്നു... പിന്നെ ആരെയും നോക്കാന്‍ നിന്നില്ല...പോക്കമെത്താത്ത ആ മേശയിലേക്ക്‌ കയറി ഇരുന്നു ഞാന്‍ പണി തുടങ്ങി... എല്ലുകള്‍ ഈമ്പി വലിച്ചു ഏമ്പക്കം വരുന്ന വരെ ഞാന്‍ ചിക്കനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു... എന്നെ അങ്ങനെ പറ്റിക്കാന്‍ ആര്‍ക്കും ആവില്ല..!!

എനിക്ക് വേണ്ടി പറഞ്ഞ ചിക്കന്‍ ഫ്രൈ കുറെ കഴിഞ്ഞു അടുത്ത മേശയിലേക്ക്‌ പോവുന്നത് കണ്ടെങ്കിലും ഞാന്‍ അറിയാത്ത പോലെ ഇരുന്നു... എനിക്ക് അപ്പോഴേക്കും വയറു നിറഞ്ഞിരുന്നു...!!

Tuesday, October 15, 2013

സ്വപ്നം വീശിയകറ്റിയ കാറ്റ്..

ഒരു കൊടുങ്കാറ്റു വരാന്‍ പോവുന്നു... ഏതു നിമിഷവും അവള്‍ (പൊതുവേ പെണ്‍ പേരുകള്‍ ആണല്ലോ ഈ കാറ്റുകള്‍ക്ക്‌) ഈ കരയില്‍ വിളിക്കാത്ത അഥിതിയായി എത്താം...ഇനി ഒരാഴ്ച്ചത്തേക്ക് കടലില്‍ പോവാനും ആവില്ല... ദിവസ വരുമാനത്തില്‍ കടലില്‍ പോവുന്ന മുക്കുവന്‍ കലങ്ങി മറിയുന്ന കടലില്‍ നോട്ടമെറിഞ്ഞു നിന്നു...അലറിയടുക്കുന്ന തിരകള്‍ ഓരോ തിരിച്ചു പോക്കിനും ഒരു കൈകുടം നിറയെ കരയും കൊണ്ട് പോവുന്നു...!!

വീശിയടിക്കുന്ന കാറ്റില്‍ എണ്ണമയമില്ലാത്ത അയാളുടെ മുടികള്‍ പുറകിലേക്ക് പാറിപ്പറന്നു...അയാളുടെ കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി കിടക്കുന്നു.... ഇടയ്ക്കു ആ തീരത്തെ അയാളുടെ കുടിലിലും കണ്ണെറിയുന്നു...ആ ഓലക്കുടിലിന്റെ പടി വരെ തിരകള്‍ ഉമ്മ വച്ചു മറയുന്നു...!! കിലോമീറ്റര്‍ അപ്പുറത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്... അങ്ങോട്ട്‌ മാറാന്‍ സര്‍ക്കാര്‍ ആഹ്വാനം...!! ജീവന്‍റെ തുടിപ്പ് നിലക്കാതെ നില്‍ക്കാന്‍ അങ്ങോട്ട്‌ പോയേ പറ്റൂ...!!

കഴിഞ്ഞ വേനലിന് ആണ് ഉള്ളപോലെ ഒരു ഓലക്കുടി തട്ടിയുണ്ടാക്കിയത്...അതിനു തന്നെ പെട്ട പെടാപ്പാട്...!! ഒരു കുടുംബം ഉണ്ട് കൂടെ, അവരെ തല്‍ക്കാലം ബന്ധു വീട്ടിലാക്കി... പക്ഷെ ഒരു ദിവസം തിരിച്ചു വന്നെ പറ്റൂ.. വരുമ്പോള്‍ തിരയെത്താത്ത ഒരിടത്ത് ഇങ്ങനെ ഒരു കുടില്‍ ഉണ്ടാവുമോ എന്നത് സംശയമാണ്...!!

തടയാന്‍ ആരും ഇല്ലാതെ പുറം കടലില്‍ ചുഴലിക്കൊണ്ടിരിക്കുന്ന ഒരു കാറ്റിനെ അയാള്‍ കണ്ണും നട്ട് നോക്കി ഇരുന്നു...അധികം വൈകാതെ അവള്‍ തന്‍റെ കുടിലിരിക്കുന്ന കരയില്‍ എത്തും...അകമ്പടിക്ക്‌ ഭീമന്‍ തിരകളും ഉണ്ടാവും... ഇന്നേവരെ താന്‍ കയ്യും മെയ്യും കൊണ്ട് നേരിട്ട തിരകളും കാറ്റും അവന്‍റെ സ്വപ്നങ്ങളെ കീഴ്പ്പെടുത്താന്‍ പോവുന്നു...!!

നെയ്ത് തുടങ്ങിയ മോഹങ്ങള്‍ മുഴുമിക്കാന്‍ കഴിയില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു...കാറ്റിന്‍റെ ശക്തി കൂടുന്നു...അതിന്‍റെ ഇരമ്പല്‍ ചെവിയില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങി...അയാള്‍ തന്റെ കുടിലിന്റെ പടിക്കല്‍ ഇരുന്നു...കാതടപ്പിക്കുന്ന രീതിയില്‍ ഇരമ്പല്‍ വര്‍ദ്ധിച്ചു...!! തലയ്ക്കു മീതെ ഉപ്പു വെള്ളം ഉയര്‍ന്നു...!! ഒരു ചുരുളില്‍ പെട്ടു പാറിയകന്നത് അയാളുടെ ഓലക്കുടില്‍...!!

അഗാത നീലിമയില്‍ അയാളുടെ ജീവന്‍ ശ്വാസം വിടാനാകാതെ അലിഞ്ഞു ചേര്‍ന്നു...നിറം മങ്ങിയ കടലില്‍ അയാളുടെ സ്വപ്നങ്ങളും കലങ്ങി കടും ഛായമായി...!! ആര്‍ത്തലച്ചു വന്ന കാറ്റ്, കരയില്‍ തട്ടി താണ്ടവമാടി തട്ടി തെറിച്ചു ഇല്ലാതായി...!! സ്വയം ഇല്ലാതായ കാറ്റിനൊപ്പം ഇല്ലാതായതു  ഒരുപാട് സ്വപ്നങ്ങളും...!!

Monday, October 14, 2013

ചിറകൊടിഞ്ഞ കിനാവുകള്‍..

എല്ലാവരേം കുറിച്ച് അറിയില്ല... എന്നാല്‍ ഞാനും ഒരു "ചിറകൊടിഞ്ഞ കിനാവ്‌" എഴുതിയിട്ടുണ്ട്... എഴുത്തിന്‍റെ ആദ്യ കാലങ്ങളില്‍... കാര്യമായ വായന ശീലമില്ലാത്താണ് ഇത്തരം എഴുത്തിനു എനിക്ക് കാരണമായത്‌...!! പെണ്ണ്‍പിള്ളേരെ ഇമ്പ്രെസ്സ് ചെയ്യാന്‍ പോക്കെറ്റില്‍ കൂതറ കവിതകള്‍ എഴുതി അത് കാണാന്‍ പാകത്തിന് കൊണ്ട് നടക്കുന്ന കാലത്ത് ഒരു കഥയെഴുതാം എന്ന് കരുതി...!! അതിന്‍റെ ഒരു ചെറു രൂപം ഇങ്ങനെ...

ഒരു പാവം പയ്യന്‍.. അവനു സംഗീതത്തില്‍ വലിയ കമ്പം... പക്ഷെ മുരടനായ അവന്‍റെ അച്ഛന്‍ സംഗീതം പഠിക്കാന്‍ അനുവദിച്ചില്ല..!!(ദുഷ്ടന്‍)  അവന്‍ ഒരു മൂളിപ്പാട്ട് പാടിയാല്‍ പോലും അവനു കഠിനമായ ചീത്ത വിളി കേള്‍ക്കേണ്ടി വന്നു...!! ആയിടക്കു അവനു ഒരു സുന്ദരി പെണ്ണിനോട് കലശലായ പ്രണയം തോന്നി...പക്ഷെ അവള്‍ അവന്റെ പ്രണയം തിരസ്കരിച്ചു...!! (പാവം ല്ലേ...!!)

പിന്നീട് ഒരു ദിവസം അവന്‍ വീട് വിട്ടു പോവുന്നു... അങ്ങ് വടക്കേ ഇന്ത്യയിലെ ഒരു സ്ഥലത്തേക്ക്... കയറിയത് കള്ള വണ്ടി തന്നെ..!! (അതാണല്ലോ പതിവ്) അവിടെ ചെന്ന് അവനെ തെണ്ടി തിരിയുന്നു... പട്ടിണി പരുവമായ അവന്‍റെ കഴിവുകള്‍ ഒരു വലിയ മനുഷ്യന്‍ തിരിച്ചറിയുന്നു... (പതിവ് തെറ്റിക്കാന്‍ പാടില്ല) അയാള്‍ അവനെ പാട്ട് പഠിപ്പിച്ചു... (പിന്നെ..!!) അവന്‍ വലിയ പാട്ടുകാരന്‍ ആവുന്നു... (ആയില്ലെങ്കിലെ അത്ഭുതമുള്ളൂ) സകല സൗഭാഗ്യങ്ങളും അവനെ തേടി വരുന്നു...!! (വരണമല്ലോ) പണവും സമൂഹത്തില്‍ വലിയ സ്ഥാനവും കൈവരുന്നു...!! അതിനിടക്ക് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും...!! (ഹല്ല പിന്നെ..) പറയണോ പൂരം..!!

ഒരിക്കല്‍ അവന്‍ തിരിച്ചു സ്വന്തം മണ്ണിലേക്ക്... വീട്ടുകാര്‍ അവനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു... അവന്‍റെ പഴയ പ്രണയം അവനെ സ്നേഹിക്കാന്‍ തുടങ്ങുന്നു... അവരുടെ കല്യാണം നടക്കുന്നു...ശുഭം..!!

എന്താല്ലേ..!! അവാര്‍ഡ്‌ കിട്ടേണ്ട കൃതി ആയിരുന്നു...ജസ്റ്റ്‌ മിസ്സ്‌..!! 

Thursday, October 10, 2013

ഒന്നാമന്‍..

എല്ലാ കാലത്തും ഒന്നാമനെക്കാളും കൂടുതല്‍ എനിക്കിഷ്ടം രണ്ടാമനേയും മൂന്നാമനേയും ഒക്കെ ആണ്... അതുകൊണ്ട് തന്നെ ഞാന്‍ ഒരു സച്ചിന്‍ ആരാധകന്‍ ആയതും ഇല്ല...ഇപ്പോഴും അല്ല...!! ഇന്ന് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും  പടിയിറങ്ങാന്‍ പോവുന്നു എന്ന് കേട്ടപ്പോള്‍ രണ്ട് വരി ആ വലിയ മനുഷ്യന് വേണ്ടി എഴുതണം എന്ന് തോന്നി...!!

ഒരു കവിയുടെ മകനായി ജനിച്ചത്‌ കൊണ്ടാവണം സച്ചിന്‍റെ കളിക്ക് ഒരു കവിതയുടെ ഇമ്പമുണ്ടായത്..!! ക്രിക്കറ്റ്‌ ഇഷ്ടപ്പെടുന്ന ഓരോ മനസ്സിലും സച്ചിന് ഒരിടം ഉണ്ട്... ഇളയൂരിലെ ചോലക്കല്‍ തറവാട്ടിലെ ഓടിന്റെ മുകളിലേക്ക് പ്ലാസ്റ്റിക്‌ പന്ത് എറിഞ്ഞു അത് തിരിച്ചു വരുമ്പോള്‍ മടല് കൊണ്ടുണ്ടാക്കിയ ബാറ്റു കൊണ്ട് അടിച്ചു കളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്... തൊട്ടടുത്ത തിണ്ണക്ക് അപ്പുറം പോയാല്‍ ഔട്ട്‌ എന്നതായിരുന്നു നിയമം.. ടീമിലെ പതിനൊന്നു പേര്‍ക്കും വേണ്ടി ബാറ്റ് വീശുന്നത് ഞാന്‍ തന്നെ... "സച്ചിന്‍" കളിക്കുമ്പോള്‍ അറിയാതെ തിണ്ണക്ക് പുറത്തു പന്ത് പോയാല്‍ അത് സച്ചിനല്ല എന്ന് ഞാന്‍ തിരുത്തും... ഒരു ആരാധകന്‍ അല്ലാതായിരുന്നിട്ടും എനിക്കങ്ങനെ ചെയ്യാനേ തോന്നിയിരുന്നുള്ളൂ...!! സച്ചിന്‍ കളം വിടാതിരിക്കാന്‍ അന്നേ എന്‍റെ ഇളം മനസ്സ് ആശിച്ചിരുന്നു..!

ആരാധകരുടെ കാര്യം അതിലും അപ്പുറത്താണ്... സച്ചിന്‍ ഔട്ട്‌ ആയാല്‍ പിന്നെ കളി കാണാത്ത ഒരുപാട് പേരെ എനിക്ക് തന്നെ അറിയാം...!! ഒരാള്‍ക്ക് എങ്ങനെ ഇത്രയും വലിയവന്‍ ആവാന്‍ കഴിയുന്നു...?? കഠിനമായ അദ്ധ്വാനവും ത്വരയും മാത്രം കാരണം...!! വിമര്‍ശന ശരങ്ങള്‍ക്ക് കീഴ്പ്പെടാതെ മൂന്നക്കം തികച്ച് ഹെല്‍മറ്റൂരി വാനത്തിലെക്കും ഗ്യാലറിക്കും നേരെ പല നൂറു വട്ടം ബാറ്റുയര്‍ത്തി കാണിച്ചത് മറ്റാരുമല്ല, "ദൈവം" തന്നെ ആയിരുന്നു...!! വാനോളം ഉയര്‍ന്നിട്ടും തെല്ലും അഹങ്കാരമില്ലാതെ നിഷ്കളങ്കമായി ചിരിച്ചു ഇന്നലത്തെ മഴയ്ക്ക് കുരുത്ത നായകന്‍റെ കീഴില്‍ പരിഭവമില്ലാതെ കളിക്കുന്ന അയാളെ ക്രിക്കറ്റ്‌ എന്ന മതത്തിലെ ദൈവം എന്നല്ലാതെ എന്ത് വിളിക്കാന്‍...!!

അടുത്ത മാസം നീ കളി നിര്‍ത്തുമ്പോള്‍ വേദനയല്ല, പകരം പല നഷ്ടങ്ങളാണ്..!! മാന്യത നഷ്ടമായ ഈ കളിയില്‍ നിന്നും നീയും കൂടെ പോയാല്‍ ഉള്ള അവസ്ഥ...!! പത്തെന്ന് എഴുതിയ കുപ്പായമിട്ട് നീ വരുമ്പോള്‍, "സച്ചിന്‍.... സച്ചിന്‍" എന്ന് ഒരേ താളത്തില്‍ വിളിച്ചു പാടുന്ന ജനത ഇനി മൂക്കരാകാം...!! ലോകം മുഴുവനും ആദരവ് കാണിക്കുന്ന വേറെ ആരുണ്ട്‌ ഇനി ആ പതിനൊന്നില്‍...!! എഴുതി വച്ചെന്നപോലുള്ള ഫ്ലിക്കുകള്‍, സ്വീപ്പുകള്‍, ഡ്രൈവുകള്‍, ഹുക്കുകള്‍... ഇതൊക്കെ ഇനി ആര് കാണിച്ചു തരും...??

വീണ്ടും ഒരു സാന്റ് സ്റ്റോം, വീണ്ടും ഒരു സച്ചിന്‍...!! വെറുതെ ഒരു മോഹമാണ് അത്...!! ഒരു ക്രിക്കറ്റ്‌ കളി സ്നേഹിയുടെ മോഹം...!!

Wednesday, October 9, 2013

ഒരൊറ്റ ബ്ലേഡ് മതി നേരം വൈകാന്‍...

രാവിലെ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി ഇന്നലെ രാത്രിയില്‍ ബാക്കി വന്ന ചപ്പാത്തിയും മസാലക്കറിയും കഴിച്ചു വീടും പൂട്ടി ഓഫീസില്‍ പോവാന്‍ ഇറങ്ങി...ഹെല്‍മെറ്റും വച്ചു വണ്ടി ഓണ്‍ ചെയ്തപ്പോള്‍ വെറുതെ പെട്രോള്‍ നോബില്‍ തൊട്ടു നോക്കി.. റിസേര്‍വ് ആയി കിടക്കുന്നു...സഹമുറിയന്‍ ആണ് കഴിഞ്ഞ തവണ പെട്രോള്‍ അടിച്ചത്... അവന്‍ നോബ് തിരിച്ചിടാന്‍ മറന്നതാണ്...!!

"ഡാ നീ ഇത് തിരിച്ചു വയ്ക്കാന്‍ മറന്നോ...?"

"അളിയാ, ഞാന്‍ വിട്ടു പോയതാ...!!" അവന്‍ പറഞ്ഞു..

"എന്തായാലും ഇന്ന് പെട്രോള്‍ അടിച്ചു ഓഫീസില്‍ പോവാം..." വണ്ടിയുടെ മൈലേജ് അത്രയ്ക്ക് കേമമായത് കൊണ്ട് ഞാന്‍ റിസ്ക്‌ എടുക്കേണ്ട എന്ന് കരുതി...!!

പെട്രോള്‍ പമ്പ്‌ എത്തിയില്ല, അതിനു മുന്‍പ് തന്നെ ശകടം നിശ്ചലം...!! 

"രാവിലെ തന്നെ പണി വന്നലോ...ഇന്നത്തെ ദിവസം കണക്കാ...!!" പമ്പ്‌ വരെ വണ്ടി ഉന്തുമ്പോള്‍ മനസ്സില്‍ പറഞ്ഞു...

അഞ്ഞൂറ് രൂപക്ക് പെട്രോള്‍ അടിക്കാന്‍ പറഞ്ഞു ഞാന്‍ വണ്ടിയുടെ മുകളില്‍ ഞെളിഞ്ഞിരുന്നു...!! പമ്പിലെ മീറ്റര്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ സഹമുറിയന്‍ ഓടി വന്നു പറഞ്ഞു,

"ഡാ... പെട്രോള്‍ ലീക്ക് ആയി താഴെ പോവുന്നു..."

നോക്കിയപ്പോള്‍ ശരിയാണ്, കുടുകുടാന്ന് പെട്രോള്‍ പോയിക്കൊണ്ടിരിക്കുന്നു...പെട്രോള്‍ ഓഫ്‌ ചെയ്തു ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി നോക്കി...

ഏതോ പൂ മോന്‍ പണി തന്നിരിക്കുന്നു...പെട്രോള്‍ ട്യൂബ് ബ്ലേഡ് വച്ചു മുറിച്ചു പെട്രോള്‍ ഊറ്റി പോയതാണ്...കള്ള താ#%%%#..!! പിന്നെ വായില്‍ വന്നത് മുഴുവന്‍ സ്പെഷ്യല്‍ ക്യാരക്ട്ടെര്‍ മാത്രം...!! വണ്ടി പിന്നെയും ഉന്തി വര്‍ക്ക്‌ഷോപ്പിലേക്ക് 

എനിക്ക് ഈ കഷ്ടപ്പാട് മുഴുവന്‍ തന്ന ആ ##$^*^%^ ക്ക് എന്ത് കിട്ടി...അമ്പതു രൂപയുടെ പെട്രോള്‍ മാത്രം... എനിക്ക് കൂടുതല്‍ ആയി ചെലവ് വന്നത് വെറും മുപ്പത് രൂപ...പിന്നെ വിലമതിക്കാത്ത കുറേ സമയവും... ഈ കക്കാന്‍ കാണിക്കുന്നതിന്റെ പകുതി ബുദ്ധിയും അദ്ധ്വാനവും മതി അന്തസ്സായി ജീവിക്കാന്‍...അത് വല്ലതും ആ ഊളക്ക് അറിയുമോ..!! മനുഷ്യനെ മെനക്കെടുത്താന്‍ ഓരോ ജന്മങ്ങള്‍...!! ഏതു നേരത്താണോ അവന്‍റെ തന്തക്കും തള്ളക്കും ഇവനയോക്കെ ഉണ്ടാക്കാന്‍ തോന്നിയത്....??

Tuesday, October 8, 2013

എള്ള് തിരികള്‍..

ദൈവം എന്ന ശക്തിയില്‍ എനിക്ക് വിശ്വാസം ഉണ്ട്...എന്നാല്‍ അന്ധമായ ദൈവ ഭയം ഇല്ല.. അമ്പലത്തിലും പള്ളിയിലും ഒക്കെ പോവാറുണ്ട്... പക്ഷെ പ്രാര്‍ത്ഥന എന്ന ചടങ്ങ്‌ നിര്‍ത്തിയിട്ടു കാലങ്ങളായി... ഞാന്‍ കേട്ടതും വായിച്ചതും ആയ കഥകളിലെ ഇഷ്ട നായികാ നായകന്മാര്‍ ആണ് എനിക്ക് ആരാധനാലയങ്ങളിലെ ദൈവങ്ങള്‍... അമ്പലത്തില്‍ പോയാല്‍ മിക്കവാറും അവരുമായി മനസ്സുകൊണ്ട് ചില സൗഹൃദ സംഭാഷങ്ങള്‍ മാത്രം നടത്തും... ഒരു പൂര്‍ണ്ണ ക്ഷേത്ര ദര്‍ശനത്തിനു അനുവര്‍ത്തിക്കേണ്ട ചടങ്ങുകളെ കുറിച്ച് വലിയ തിട്ടവും ഇല്ല... അതായത്, ഓരോ പ്രതിഷ്ഠക്കും എത്ര വലം വക്കണം, എന്തിന് ഗണപതിക്ക്‌ എത്തമിടണം, ഓരോ വഴിപാടുകളും എന്തിന്, അങ്ങനെ പലതും... എനിക്ക് തോന്നിയത് പോലെ അല്ലെങ്കില്‍ ഇത് വരെ ചെയ്തു പോന്നത് പോലെ മാത്രമാണ് ഇപ്പോഴും ചെയ്യാറ്.. അക്കാര്യത്തില്‍ ആരും എന്നെ തിരുത്തിയതും ഇല്ല...!!

നാട്ടില്‍ പോവുമ്പോഴൊക്കെ രാവിലെ ഒരു ദിവസമെങ്കിലും ക്ഷേത്ര ദര്‍ശനം പതിവുള്ളതാണ്... ഓണത്തിന് നാട്ടില്‍ പോയപ്പോഴും പതിവ് പോലെ തന്നെ അങ്കിളിനെയും കൂട്ടി അരുകിഴായ ശിവ ക്ഷേത്രത്തില്‍ പോയി...അമ്പലക്കുളത്തില്‍ കുളിച്ചു ഈറന്‍ ഉടുത്ത് ഞങ്ങള്‍ അമ്പലത്തില്‍ കയറി തൊഴുതു... ചുറ്റമ്പലത്തിനു പുറത്തെ അയ്യപ്പ പ്രതിഷ്ഠക്ക് മുന്‍പില്‍ ചെറിയ ചെറിയ ചിരാതുകളില്‍ നിറയെ എള്ള് തിരികള്‍ കത്തിച്ചു വച്ചിരിക്കുന്നു...കാണാന്‍ നല്ല ഭംഗി..!!

തൊഴുതു നീങ്ങുന്നതിനിടയില്‍ ഞാന്‍ വലം കൈ കൊണ്ട് ആ എള്ള് ദീപങ്ങളെ ഒന്ന് ആവാഹിച്ചു...!! വീണ്ടും നടന്നു നീങ്ങുന്നതിനിടയില്‍ ഒരു പിന്‍വിളി..!!

"അതേയ്...കുട്ടീ..."

തിരിഞ്ഞു നോക്കിയപ്പോള്‍ പ്രായമുള്ള കാണാന്‍ നല്ല ഐശ്വര്യമുള്ള ഒരു മുത്തശ്ശി.. മുണ്ടും വേഷ്ടിയും വേഷം, കയ്യില്‍ നാമ ജപ പുസ്തകങ്ങള്‍..!!

"ഇങ്ങട്ടോന്നു വരൂ..." അവര്‍ എന്നെ വിളിച്ചു..

"എന്താ..?" ഞാന്‍ അടുത്തു ചെന്ന് കാര്യം തിരക്കി...

"അയ്യപ്പന്‍റെ മുന്‍പിലുള്ള എള്ള് തിരി നാളങ്ങള്‍ ആവാഹിക്കാന്‍ ഉള്ളതല്ല... ആളുകള്‍ ദുഖം അകറ്റാന്‍ വേണ്ടിയാണ് എള്ള് തിരി കത്തിക്കുന്നത്...അത് ആവാഹിച്ചാല്‍ അത് കത്തിച്ച ആളുകളുടെ ദുഃഖങ്ങള്‍ മുഴുവനും ആവാഹിച്ചവന്റെ കൂടെ വരും... അതുകൊണ്ട് ഇനി ഇത് ചെയ്യരുത്.." ഒരു കുഞ്ഞു ഉപദേശം...!!

ശരി എന്ന് പറഞ്ഞു അവരോടു ഒന്ന് പുഞ്ചിരിച്ചു ഞാന്‍ തിരിച്ചു നടന്നു.. അവര്‍ പറഞ്ഞ കാര്യങ്ങളിലെ യുക്തി എനിക്ക് ബോധ്യപ്പെട്ടില്ല, പക്ഷെ ഈ ആചാരങ്ങള്‍ മെനഞ്ഞുണ്ടാക്കിയ ആളുടെ ഭാവനയെ നമസ്കരിക്കാതെ വയ്യ... ദുഖങ്ങളെ എള്ള് തിരിയായി ഉപമിച്ചു മൂര്‍ത്തിക്ക് മുന്‍പില്‍ എരിഞ്ഞെരിഞ്ഞു തീരുന്നത് വഴിപാടാക്കി രസീറ്റാക്കിയ തല അപാരം തന്നെ...!!  ഇത് പോലെ എത്ര എത്ര വഴിപാടുകള്‍, അവയ്ക്ക് പിന്നില്‍ എത്രയെത്ര മനോഹരങ്ങളായ ഉപമകള്‍...!! ഇനിയും അറിയേണ്ടിയിരിക്കുന്നു, വിശ്വസിക്കാനും ആചരിക്കാനും അല്ല, വെറുതെ അറിയാന്‍ മാത്രം... !! 

പിന്കുറിപ്പ്: ഒരു സംശയം അപ്പോഴും ബാക്കി... ഭാര്യ കാരണം ദുഖിക്കുന്ന ഒരാള്‍ അത് തീര്‍ക്കാന്‍ വഴിപാടായി കത്തിച്ച എള്ള് തിരി ആരെങ്കിലും  ആവാഹിച്ചാല്‍ അവന്റെ കൂടെ ആ ഭാര്യ ഇറങ്ങി പോവും എന്ന് അര്‍ത്ഥമുണ്ടോ?? വെറും സംശയം മാത്രമാണ്, ദുരുദ്ദേശം ഒന്നും ഇല്ല..!!

Monday, October 7, 2013

തടിയണ്ടാമോൾ


ശനിയഴ്ച്ച പുലർച്ചെ മൂന്നു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി.. ഞാനും, വിനോദ് ഭായിയും ശ്രീജിത്തും... കെ ആർ പുരം റെയിൽ വേ സ്റ്റേഷനിൽ നിന്നും മൈസൂരിലേക്ക് നേരിട്ട് വണ്ടി കയറാം എന്ന് കരുതി... ഉദ്ദേശിച്ച ട്രെയിൻ കിട്ടിയില്ല... എന്നാലും അരമണിക്കൂർ കഴിഞ്ഞു ബാംഗ്ലൂർ സിറ്റി വരെ ട്രെയിൻ ഉണ്ട്... അവിടുന്ന് മൈസൂർ വരെ അടുത്ത ട്രെയിനും ഉണ്ട്... എല്ലാം നിനച്ച പോലെ നടന്നു... കൃത്യ സമയത്ത് ട്രെയിൻ ...മൈസൂരിൽ പതിവില്ലാതെ കൃത്യ സമയത്ത് തന്നെ അനൂപും ഹാജർ കൂടെ അനൂപിൻറെ ഭാര്യ അഖിലയും..!!

ഹോ ..!! അത്ഭുതം...!! മുൻപേ പ്ലാൻ ചെയ്ത പോലെ എല്ലാം നടക്കുന്നു, ഇതൊന്നും പതിവില്ലാത്തതാണ്...!! മൈസൂരിൽ നിന്നും തന്നെ ഭക്ഷണം കഴിച്ചു ഞങ്ങൾ അടുത്ത ബസ്‌ പിടിച്ചു... വിരാജ്പെട്ടിലേക്ക്...!! ഉച്ചക്ക് അവിടെ എത്തിയത് മുതൽ മഴ..!! തല്ക്കാലം അവിടെ നിന്നും ഭക്ഷണം കഴിച്ചു ഞങ്ങൾ കക്കബെ എന്നാ സ്ഥലത്തേക്ക് തിരിച്ചു..!!

കയ്യിൽ കരുതിയത്‌, അത്യാവശ്യ ഭക്ഷണം, വെള്ളം, അഞ്ചു പേർക്ക് സ്ലീപ്പിങ്ങ് ബാഗ്‌, അനൂപിനും ഭാര്യക്കും കിടക്കാൻ ഒരു ടെന്റ്... ഞങ്ങൾ മൂന്നു പേർക്ക് കിടക്കാൻ ഒരു ടാർപോളിൻ...കക്കബെ ചെന്ന് ഇറങ്ങിയത്‌ മുതൽ ഒരു കാര്യം എനിക്ക് മനസ്സിലായി... പെയ്തു കൊണ്ടിരുന്ന മഴ തീരാൻ ഒരു സാധ്യതയും ഇല്ല... ഇത്രയും നേരം ഒരു പ്രശ്നവും ഇല്ലാതിരുന്ന ഈ യാത്രയിൽ ഒരു വില്ലൻ വരാൻ പോവുന്നു... ചില്ലറ വിശ്രമവും ഭക്ഷണവും സൊറ പറച്ചിലും എല്ലാം കഴിഞ്ഞിട്ടും മഴയ്ക്ക് അറുതിയില്ല...!!

സ്ഥിരമായി തടിയണ്ടാമോളിൽ ഞങ്ങൾ തങ്ങുന്ന ഇടം ഉണ്ട്... അത് വരെ എന്തായാലും എത്താൻ തീരുമാനിച്ചു...അവിടെ എത്തിയപോഴേക്കും സമയം ഇരുട്ടി... ഒരൽപം പിറകിലായ ശ്രീജിത്ത്‌ വഴി തെറ്റി പോവേണ്ടതും ആയിരുന്നു... എല്ലാരും വന്നു ചേർന്ന് ഞങ്ങൾ ടെന്റ് അടിക്കാനുള്ള സ്ഥലം കണ്ടെത്തി... മഴയ്ക്ക് അപ്പോഴും കുറവില്ല.. നല്ല തണുപ്പും കാറ്റും വേറെ...!! ഒരു വിധം ഞങ്ങൾ അവിടെ ടെന്റ് കെട്ടി...!!

തണുപ്പിൽ നിന്നും രക്ഷപെടാൻ കുറച്ചു നേരം എല്ലാരും ടെന്റിൽ കയറാൻ തീരുമാനിച്ചു.. ഞങ്ങൾ നേരത്തെ മഴ കൊണ്ടത്‌ കാരണം, ടെന്ടിനു അകത്തും അത്യാവശ്യം വെള്ളമായിരുന്നു...!! ഞങ്ങളുടെ വസ്ത്രത്തിൽ നിന്നും ബാഗിൽ നിന്നും ഉള്ള വെള്ളം തന്നെ കാരണം...!! മഴ നില്ക്കുന്ന ലക്ഷണം ഇല്ല..!! ഞങ്ങള്ക്ക് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥ..!! രണ്ടുപേർക്ക് ഉള്ള ടെന്റ് ആണ്... പുറത്തു കിടക്കുക അപ്രാപ്യമായത് കൊണ്ട് എല്ലാരും ആ ടെന്റിൽ തന്നെ കിടക്കാം എന്ന് ഞാൻ അഭിപ്രായപ്പെട്ടു...!!

അനൂപും അഖിലയും ഹണിമൂണ്‍ ആഘോഷിക്കാൻ വന്നതാണ്... അത് തല്ക്കാലം ക്യാൻസൽ...തണുപ്പ് കുറക്കാൻ ടെന്റിനു താഴെ ടാർപോളിൻ വിരിച്ചു ആ ചെറു ടെന്റിൽ അഞ്ചു പേരും അത്താഴം കഴിച്ചു കിടന്നു... നല്ല തണുപ്പ്, പോരാത്തതിനു ടെന്റിൽ നിന്നുള്ള ഈർപ്പവും ... കിടന്ന അഞ്ചു പേരും നന്നായി വിറക്കുന്നതു പരസ്പരം അറിഞ്ഞു...!!അത്രയ്ക്ക് ഇടുങ്ങിയാണ് എല്ലാരും കിടന്നത്...

കുറെ കഴിഞ്ഞപ്പോൾ ഏറ്റവും ഉള്ളിൽ കിടന്ന എനിക്ക് കലശലായ മൂത്ര ശങ്ക...!! നേരം വെളുക്കാറായി എന്ന് കരുതിയ ഞാൻ അറിഞ്ഞു സമയം പന്ത്രണ്ടാവുന്നതെ ഉള്ളൂ... എല്ലാരേം ഉണർത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ ഞാൻ തണുപ്പിന്റെ തീവ്രത ശരിയായി അറിഞ്ഞു...!!ഇനിയും ഉണ്ട് കുറെ നേരം, നേരം വെളുക്കാൻ...!!

കാര്യം സാധിച്ചു പെട്ടന്ന് തന്നെ ഞാൻ ആകത്തു കയറി... രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു ബാക്കി മല കയറൽ ആയിരുന്നു നിശ്ചയിച്ചത്... ഇനി ഒരു ചോലവനവും...ഒരു ചെറു മലയും താണ്ടണം...!! പക്ഷെ രാവിലെ നല്ല മഴയും കാറ്റും കോടയും...!! ഈ അവസരത്തിൽ മലകയറുക കുറച്ചധികം പ്രയാസമാണ്...!! അത്യാവശ്യം വെളിച്ചം വരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു...!! ഇടയ്ക്കു ആരൊക്കെയോ മലകയറുന്ന ശബ്ദം കേട്ടു ... മുകളിൽ ആനയുണ്ടോ എന്ന് അവർ ഞങ്ങളോട് അന്വേഷിച്ചു... ഒന്നുമില്ല എന്ന ഞങ്ങളുടെ ഉറപ്പിൽ അവർ തുടർന്നും കയറി..!! അധികം വൈകാതെ അവരും മലയിറങ്ങിയത് ഞങ്ങൾ അറിഞ്ഞു...!!

പിന്നെ എല്ലാം കെട്ടികൂട്ടി ഞങ്ങൾ മലയിറങ്ങി...!! ചുറ്റിലും കോട...!! മഴ ചീളുകളും തണുത്ത കാറ്റും അകമ്പടി..!! നടവഴിയിലെല്ലാം നിറയെ അട്ടകൾ...!! മലകയറ്റം മുഴുമിക്കാൻ ആയില്ലെങ്കിലും ആ മനോഹര ദിനം ആസ്വദിച്ചു ഞങ്ങൾ നടന്നിറങ്ങി..!! താഴെ എത്താറായപ്പോൾ ആണ് അത് അറിയുന്നത്.. കഴിഞ്ഞ രാത്രി മലയിൽ ആനയിറങ്ങിയിരുന്നു എന്ന്..!! അതും പതിമൂന്നെന്നം..!! ഫോറെസ്റ്റ്കാരെ അറിയിക്കാതെ പോയത് കൊണ്ട് മാത്രം അന്ന് രാത്രി അവിടെ കിടക്കാനായി.. !! ഭാഗ്യം രണ്ടു രീതിയിൽ കൂടെ നിന്നു.. ഒന്ന് ഫോറെസ്റ്റ്കാര് ഞങ്ങൾ പോയത് അറിഞ്ഞില്ല... രണ്ടു ആനകള ഞങ്ങൾ കിടന്ന വഴിയിൽ വന്നില്ല...!!

അട്ടകൾ അപ്പോഴും ഞങ്ങളെ പിന്തുടർന്നു .. ഒരുപാട് തമാശകളും മഴയും കാറ്റും കോടയും നിറഞ്ഞ ഒരു യാത്ര തിരിച്ചുള്ള ഒരു ബസ്സിൽ അങ്ങനെ അവസാനിച്ചു...!! ഏറ്റവും കുറച്ചു ഫോട്ടോ പകർത്തിയ എന്റെ യാത്രകളിൽ ഒന്നായിരിക്കാം ഇത്... യാത്ര അവസാനിപ്പിച്ചു തിരിച്ചിറങ്ങുമ്പോഴും മുഴുമിക്കാൻ ആയില്ലെങ്കിലും ഞങ്ങളുടെ മനസ്സ് നിറഞ്ഞു തന്നെ ഉണ്ടായിരുന്നു..!! ഒട്ടും വൈകാതെ അടുത്ത യാത്ര ഉണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു...
 

Thursday, October 3, 2013

ഉറക്കത്തിന് ഒരു സംഗീതം..

നാട്ടിലെ എന്‍റെ വീട്ടില്‍ മൂന്ന് മുറികള്‍ ആണ് ഉള്ളത്...താഴെ ഒന്ന്, അത് അച്ഛമ്മക്ക്‌...,... മുകളില്‍ രണ്ടെണ്ണം... ഒരെണ്ണം എനിക്ക് മറ്റേത് അച്ഛനും അമ്മയ്ക്കും, അനിയത്തിക്ക് തല്‍ക്കാലം സ്വന്തമായി മുറിയില്ലായിരുന്നു...!! പാവം..!!

ശരിക്കും പാവമായത് ഞാന്‍ ആണ്, പെങ്ങളെ കേട്ടിച്ചതിനു ശേഷം തല ചായ്ക്കാന്‍ ഇടം നഷ്ടമായത് എനിക്കാണ്.. എന്‍റെ മുറി അനിയത്തിക്കും അളിയനും കൊടുക്കേണ്ടി വന്നു... ഞാന്‍ ഔട്ട്‌..,..!! ഇനി പറ ഞാന്‍ പാവമല്ലേ...!!

കഴിഞ്ഞ ഓണത്തിനു നാട്ടില്‍ പോയാപ്പോള്‍ സ്വന്തമായി മുറി നഷ്ടപ്പെട്ട ഞാന്‍ അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നു... വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്ക് അവരുടെ കൂടെ കിടക്കാന്‍ ഭാഗ്യം സിദ്ധിക്കുന്നത്...അതും നിവൃത്തികേടു കൊണ്ട്..!!

സമാധാനമായി കിടക്കാം എന്ന് കരുതി കിടന്നപ്പോള്‍ അച്ഛന്‍ കൂര്‍ക്കം വലി തുടങ്ങി... ട്രെയിനിന്‍റെ എന്ജിന് മുന്‍പില്‍ കിടന്ന അവസ്ഥ...!! പൊതുവേ വൈകി കിടക്കുന്ന ഞാന്‍ നേരത്തെ തന്നെ ഇങ്ങനെ ഒരു ചുറ്റുപാടില്‍ എത്തിയാല്‍ എന്താവും കാര്യം...?? നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ...!!

കൂര്‍ക്കം വലിയോടു മത്സരിക്കാന്‍ കുറച്ചു പാടാണ്...ചിലപ്പോ ഞാനും കൂര്‍ക്കം വലിക്കാറുണ്ട് എന്നാണു സുഹൃത്തുക്കള്‍ പറയാറ്...രണ്ട് കൂര്‍ക്കം വലിക്കാര്‍ ഒരുമിച്ചു കിടന്നാല്‍ കടുത്ത മത്സരം ആണ്... ആര് ആദ്യം ഉറങ്ങും എന്നത് തന്നെ...!! ആദ്യം ഉറങ്ങുന്നവന്‍ സേഫ് ആണ്... പക്ഷെ മറ്റവന്‍ ഉറങ്ങാന്‍ കഷ്ട്ടപ്പെടും....അച്ഛന്റെ കൂര്‍ക്കം വലി കാരണം പേടിച്ചു ഗള്‍ഫില്‍ അങ്ങേരുടെ റൂം മാറി പലരും പോയിട്ടുണ്ട് എന്നാണ് അറിവ്..

ചുരുക്കി പറഞ്ഞാല്‍, ഉറക്കം അത് മഹാ അനുഭവം ആണ്... ഉറങ്ങാന്‍ കിടക്കുന്നവന് പല നിബന്ധനകളും ഉണ്ടാവാം...നിബന്ധനകള്‍ ഇല്ലാത്തവന്‍ ഭാഗ്യവാന്‍..., ഉള്ളവന്‍ പെട്ടു..!! പതിവായ ഉറക്കത്തിന് നേരമായാല്‍ ശബ്ദം എനിക്ക് പ്രശ്നമേ അല്ല... ഒരു പാട്ടുണ്ടെങ്കില്‍ സന്തോഷം...!! അച്ഛന്റെ കൂര്‍ക്കം വലിയിലും ഒരു സംഗീതം കേട്ട് അന്ന് ഞാന്‍ ഉറങ്ങി... ഇന്ന് വീണ്ടും ഒരു സംഗീതത്തിനു സമയമായി... എന്‍റെ സുഹൃത്ത് ഉണ്ണിയുടെ ഓണപ്പാട്ടാവട്ടെ ഇന്നത്തെ എന്‍റെ ഉറക്കത്തിന് അകമ്പടി...!! കേള്‍ക്കാത്തവര്‍ക്കു കേള്‍ക്കാം...കേട്ടവര്‍ക്കു വീണ്ടും കേള്‍ക്കാം...!! സംഗീതം, രചന: ജെമിനി ഉണ്ണികൃഷ്ണന്‍, പാടിയത്: നിതിന്‍ രാജ്
http://www.youtube.com/watch?v=Gchw9s7honQ