Wednesday, October 16, 2013

എന്‍റെ ചിക്കന്‍..

ചെറുപ്പം മുതലേ ചിക്കന്‍ എനിക്ക് ഒരു വീക്നെസ്സ് ആണ്... നല്ല മസാലയിട്ട് വച്ച ചിക്കനെ ഞാന്‍ വെറുതെ വിടാറില്ല...ഇടക്കൊക്കെ ഞാനും ചിക്കന്‍ വച്ചു ചില പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌...എന്നാലും എനിക്കിഷ്ടം വേറെ ആരെങ്കിലും വച്ചു വിളംബുന്നതാണ്... അതില്‍ എനിക്കേറെ താല്‍പ്പര്യം അമ്മയോ വല്യമ്മയോ വയ്ക്കുന്ന നാടന്‍ കോഴിക്കറി തന്നെ...!!

ഇങ്ങനെയുള്ള കൈപുണ്യങ്ങള്‍ തിരിച്ചറിയിന്നുന്നതിനു മുന്‍പ്, എനിക്ക് ഏറ്റവും പ്രിയമായിരുന്നത് വല്ലപ്പോഴും കിട്ടുമായിരുന്ന ഹോട്ടല്‍ ഭക്ഷണം തന്നെ...ഇത് ഒരു നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഉള്ള കാര്യമാണ്...ചെറിയ ചില ഓര്‍മ്മകള്‍ മാത്രം ഉള്ള ഈ സംഭവം ഞാന്‍ കൂടുതല്‍ അറിയുന്നത് എന്നെ നാണം കെടുത്താന്‍ പല കല്യാണവീടുകളിലും ബന്ധുക്കള്‍ കൂടുന്ന പല സ്ഥലങ്ങളിലും എന്‍റെ അമ്മയും മറ്റും പറഞ്ഞ കഥകള്‍ വഴിയാണ്...!!

ആഴ്ചയില്‍ ഒരിക്കല്‍ അച്ഛന്‍ ഞങ്ങളെ ഒരു സിനിമക്കും അതുകഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും കൊണ്ട് പോവാറുണ്ടായിരുന്നു... അങ്ങനെ പോയ ഒരു ദിവസം, എനിക്ക് വേണ്ടി ചിക്കന്‍ ഫ്രൈ തന്നെ ഓര്‍ഡര്‍ ചെയ്തു...പൊരിച്ച കോഴി വരുന്നതും കാത്തു ഞാന്‍ അക്ഷമയോടെ നിന്നു... അധികം വൈകാതെ തന്നെ ഞങ്ങളുടെ അടുത്തിരുന്ന മേശയില്‍ ചിക്കന്‍ ഫ്രൈ എത്തി...!!

"ഞാന്‍ ആണ് ചിക്കന്‍ ഫ്രൈ പറഞ്ഞത്, എനിക്കുള്ള ചിക്കന്‍ വേറെ ആര്‍ക്കോ കൊടുത്തിരിക്കുന്നു..." എനിക്കത് സഹിച്ചില്ല... എന്‍റെ ആയുധം ഞാന്‍ പുറത്തിറക്കി...കരച്ചില്‍..!!

എട്ടുദിക്കും മുഴങ്ങുമാറ് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു, " എന്‍റെ ചിക്കന്‍...!!"

ഹോട്ടല്‍ വെയിറ്റര്‍ ഓടി വന്നു... അവര്‍ ആദ്യം ഓര്‍ഡര്‍ ചെയ്തതാണ് എന്ന് പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.. ഞാന്‍ ഉണ്ടോ തണുക്കുന്നു... നിലവിളി ഉച്ചസ്ഥായിയില്‍ ആയി...!! ഒരു പാവത്തിന്‍റെ ചിക്കന് വേണ്ടിയുള്ള രോദനം...!!

സഹികെട്ട് അടുത്തിരുന്ന അവര്‍ ആ ചിക്കന്‍ ഫ്രൈ എന്‍റെ മുന്നില്‍ കൊണ്ട് വച്ചു...അവര്‍ക്കും ചെവിതല കേള്‍ക്കേണ്ടേ...!! സ്വിച്ച് ഓഫ്‌ ആയപോലെ എന്‍റെ കരച്ചില്‍ നിന്നു... പിന്നെ ആരെയും നോക്കാന്‍ നിന്നില്ല...പോക്കമെത്താത്ത ആ മേശയിലേക്ക്‌ കയറി ഇരുന്നു ഞാന്‍ പണി തുടങ്ങി... എല്ലുകള്‍ ഈമ്പി വലിച്ചു ഏമ്പക്കം വരുന്ന വരെ ഞാന്‍ ചിക്കനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു... എന്നെ അങ്ങനെ പറ്റിക്കാന്‍ ആര്‍ക്കും ആവില്ല..!!

എനിക്ക് വേണ്ടി പറഞ്ഞ ചിക്കന്‍ ഫ്രൈ കുറെ കഴിഞ്ഞു അടുത്ത മേശയിലേക്ക്‌ പോവുന്നത് കണ്ടെങ്കിലും ഞാന്‍ അറിയാത്ത പോലെ ഇരുന്നു... എനിക്ക് അപ്പോഴേക്കും വയറു നിറഞ്ഞിരുന്നു...!!

2 comments:

ragesh said...

hi rakesh. ezhuthunnathokke nannayittundu. malayalathil rasakaramaaya enthenkilum okke vaayikkan kittunnathil santhosham undu.

pattumenkil background color white-um font color black-um aaki maattanam. karutha bg-color vallathe kannil kuthunna oru anubhavam.

cheers.

Rakesh PC said...

Thanks for your opinion.. adikam aarum ivide vannu vayikkarilla... athukondu thanne aarum ingane abhirayam paranjittum illa... njan nalloru theme oppikkatte.. athu vare onnu kshamikkanam