Tuesday, October 8, 2013

എള്ള് തിരികള്‍..

ദൈവം എന്ന ശക്തിയില്‍ എനിക്ക് വിശ്വാസം ഉണ്ട്...എന്നാല്‍ അന്ധമായ ദൈവ ഭയം ഇല്ല.. അമ്പലത്തിലും പള്ളിയിലും ഒക്കെ പോവാറുണ്ട്... പക്ഷെ പ്രാര്‍ത്ഥന എന്ന ചടങ്ങ്‌ നിര്‍ത്തിയിട്ടു കാലങ്ങളായി... ഞാന്‍ കേട്ടതും വായിച്ചതും ആയ കഥകളിലെ ഇഷ്ട നായികാ നായകന്മാര്‍ ആണ് എനിക്ക് ആരാധനാലയങ്ങളിലെ ദൈവങ്ങള്‍... അമ്പലത്തില്‍ പോയാല്‍ മിക്കവാറും അവരുമായി മനസ്സുകൊണ്ട് ചില സൗഹൃദ സംഭാഷങ്ങള്‍ മാത്രം നടത്തും... ഒരു പൂര്‍ണ്ണ ക്ഷേത്ര ദര്‍ശനത്തിനു അനുവര്‍ത്തിക്കേണ്ട ചടങ്ങുകളെ കുറിച്ച് വലിയ തിട്ടവും ഇല്ല... അതായത്, ഓരോ പ്രതിഷ്ഠക്കും എത്ര വലം വക്കണം, എന്തിന് ഗണപതിക്ക്‌ എത്തമിടണം, ഓരോ വഴിപാടുകളും എന്തിന്, അങ്ങനെ പലതും... എനിക്ക് തോന്നിയത് പോലെ അല്ലെങ്കില്‍ ഇത് വരെ ചെയ്തു പോന്നത് പോലെ മാത്രമാണ് ഇപ്പോഴും ചെയ്യാറ്.. അക്കാര്യത്തില്‍ ആരും എന്നെ തിരുത്തിയതും ഇല്ല...!!

നാട്ടില്‍ പോവുമ്പോഴൊക്കെ രാവിലെ ഒരു ദിവസമെങ്കിലും ക്ഷേത്ര ദര്‍ശനം പതിവുള്ളതാണ്... ഓണത്തിന് നാട്ടില്‍ പോയപ്പോഴും പതിവ് പോലെ തന്നെ അങ്കിളിനെയും കൂട്ടി അരുകിഴായ ശിവ ക്ഷേത്രത്തില്‍ പോയി...അമ്പലക്കുളത്തില്‍ കുളിച്ചു ഈറന്‍ ഉടുത്ത് ഞങ്ങള്‍ അമ്പലത്തില്‍ കയറി തൊഴുതു... ചുറ്റമ്പലത്തിനു പുറത്തെ അയ്യപ്പ പ്രതിഷ്ഠക്ക് മുന്‍പില്‍ ചെറിയ ചെറിയ ചിരാതുകളില്‍ നിറയെ എള്ള് തിരികള്‍ കത്തിച്ചു വച്ചിരിക്കുന്നു...കാണാന്‍ നല്ല ഭംഗി..!!

തൊഴുതു നീങ്ങുന്നതിനിടയില്‍ ഞാന്‍ വലം കൈ കൊണ്ട് ആ എള്ള് ദീപങ്ങളെ ഒന്ന് ആവാഹിച്ചു...!! വീണ്ടും നടന്നു നീങ്ങുന്നതിനിടയില്‍ ഒരു പിന്‍വിളി..!!

"അതേയ്...കുട്ടീ..."

തിരിഞ്ഞു നോക്കിയപ്പോള്‍ പ്രായമുള്ള കാണാന്‍ നല്ല ഐശ്വര്യമുള്ള ഒരു മുത്തശ്ശി.. മുണ്ടും വേഷ്ടിയും വേഷം, കയ്യില്‍ നാമ ജപ പുസ്തകങ്ങള്‍..!!

"ഇങ്ങട്ടോന്നു വരൂ..." അവര്‍ എന്നെ വിളിച്ചു..

"എന്താ..?" ഞാന്‍ അടുത്തു ചെന്ന് കാര്യം തിരക്കി...

"അയ്യപ്പന്‍റെ മുന്‍പിലുള്ള എള്ള് തിരി നാളങ്ങള്‍ ആവാഹിക്കാന്‍ ഉള്ളതല്ല... ആളുകള്‍ ദുഖം അകറ്റാന്‍ വേണ്ടിയാണ് എള്ള് തിരി കത്തിക്കുന്നത്...അത് ആവാഹിച്ചാല്‍ അത് കത്തിച്ച ആളുകളുടെ ദുഃഖങ്ങള്‍ മുഴുവനും ആവാഹിച്ചവന്റെ കൂടെ വരും... അതുകൊണ്ട് ഇനി ഇത് ചെയ്യരുത്.." ഒരു കുഞ്ഞു ഉപദേശം...!!

ശരി എന്ന് പറഞ്ഞു അവരോടു ഒന്ന് പുഞ്ചിരിച്ചു ഞാന്‍ തിരിച്ചു നടന്നു.. അവര്‍ പറഞ്ഞ കാര്യങ്ങളിലെ യുക്തി എനിക്ക് ബോധ്യപ്പെട്ടില്ല, പക്ഷെ ഈ ആചാരങ്ങള്‍ മെനഞ്ഞുണ്ടാക്കിയ ആളുടെ ഭാവനയെ നമസ്കരിക്കാതെ വയ്യ... ദുഖങ്ങളെ എള്ള് തിരിയായി ഉപമിച്ചു മൂര്‍ത്തിക്ക് മുന്‍പില്‍ എരിഞ്ഞെരിഞ്ഞു തീരുന്നത് വഴിപാടാക്കി രസീറ്റാക്കിയ തല അപാരം തന്നെ...!!  ഇത് പോലെ എത്ര എത്ര വഴിപാടുകള്‍, അവയ്ക്ക് പിന്നില്‍ എത്രയെത്ര മനോഹരങ്ങളായ ഉപമകള്‍...!! ഇനിയും അറിയേണ്ടിയിരിക്കുന്നു, വിശ്വസിക്കാനും ആചരിക്കാനും അല്ല, വെറുതെ അറിയാന്‍ മാത്രം... !! 

പിന്കുറിപ്പ്: ഒരു സംശയം അപ്പോഴും ബാക്കി... ഭാര്യ കാരണം ദുഖിക്കുന്ന ഒരാള്‍ അത് തീര്‍ക്കാന്‍ വഴിപാടായി കത്തിച്ച എള്ള് തിരി ആരെങ്കിലും  ആവാഹിച്ചാല്‍ അവന്റെ കൂടെ ആ ഭാര്യ ഇറങ്ങി പോവും എന്ന് അര്‍ത്ഥമുണ്ടോ?? വെറും സംശയം മാത്രമാണ്, ദുരുദ്ദേശം ഒന്നും ഇല്ല..!!

No comments: