Thursday, August 29, 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി...

പല കാരണങ്ങള്‍ കൊണ്ടും ഒരല്‍പ്പം വൈകി ഇന്നാണ് ഈ സിനിമ കണ്ടത്... സിനിമയുടെ ഇതിവൃത്തം യാത്രയാണ് എന്നതും എടുത്തിരിക്കുന്നത് സമീര്‍ താഹിര്‍ ആണ് എന്നതും ഇത് തിയേറ്ററില്‍ തന്നെ കാണണം എന്ന പിടിവാശി ഉണ്ടായിരുന്നു....അത് തെറ്റിയില്ല, ഈ സിനിമ കാണാന്‍ ഉദ്ദേശിക്കുന്നവര്‍ അത് തിയേറ്ററില്‍ വച്ച് തന്നെ കാണണം... അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഇതിലെ ഓരോ ഫ്രെയിമുകളും, ഗിരീഷിനു അഭിമാനിക്കാം... റെക്സ് വിജയന്‍റെ സംഗീതം പടത്തിലുടനീളം ഒരു യാത്രയുടെ മൂട് നിലനിര്‍ത്തി... ദുല്ഖറും സണ്ണിയും സുര്‍ജാ ബാലയും ജോയ് ചേട്ടനും അടങ്ങുന്ന അഭിനേതാക്കളും മോശമാക്കിയില്ല, അഭിനന്ദനങ്ങള്‍...

എന്നിട്ടും പക്ഷെ ഒരു സിനിമ എന്ന നിലയില്‍ ഇതിനെ ഒരു ഉഗ്രന്‍ സൃഷിയായി കാണാന്‍ കഴിഞ്ഞില്ല എന്നതാണ് വിഷമം... യാത്രകള്‍ (എ സി കോച്ചില്‍ സഞ്ചരിച്ചു ബുക്ക്‌ ചെയ്ത റിസോര്‍ട്ടില്‍ പോയി രണ്ടു ദിവസം താമസിച്ചു അടയിരുന്നു പോരുന്ന ഏര്‍പ്പാടല്ല ഉദ്ദേശിച്ചത്) ഇഷ്ടപെടുന്ന ഒരാള്‍ക്ക് ഈ സിനിമ ഒരു പക്ഷെ ഇഷ്ടഗാനം അല്‍പ്പം ശ്രുതി തെറ്റി കേട്ടപോലെ തോന്നിയേക്കാം... യാത്രകള്‍ ഇഷ്ടമല്ലാത്ത ഒരാളാണെങ്കില്‍, പാട്ട് ഇഷ്ടമില്ലാത്ത ഒരാള്‍ പാട്ട് കേട്ട പോലെയും തോന്നിയേക്കാം... 

ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴും സിനിമ കഴിഞ്ഞു നിയോണ്‍ വിളക്കുകളുടെ അരണ്ട വെളിച്ചം വീണ റോഡിലൂടെ ബൈക്ക് ഓടിച്ചു തിരിച്ചു വീട്ടിലേക്കു വരുമ്പോഴും മനസ്സില്‍ മുഴുവന്‍ മുന്‍പ് നടത്തിയ ചില യാത്രകള്‍ ആയിരുന്നു... മലകള്‍, കാടുകള്‍, കോടമഞ്ഞ്‌, മഴ, പൊള്ളുന്ന ചൂട്, അലസമായ കടല്‍ തീരങ്ങള്‍, ആര്‍ഭാടത്തിന്റെ അതിരുകള്‍ താണ്ടുന്ന നഗരങ്ങള്‍, നഷ്ട പ്രതാപങ്ങള്‍ പേറുന്ന ചരിത്ര ഭൂമികള്‍ അങ്ങനെ പല മുഖങ്ങള്‍ ഉണ്ടായിരുന്നു എന്‍റെ യാത്രകള്‍ക്ക്... വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഭ ചേച്ചിയോട് ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു, "എനിക്ക് ഒരു വര്‍ഷം ഒരു സംസ്ഥാനം എന്ന കണക്കില്‍ സഞ്ചരിക്കണം" എന്ന്... അന്നെനിക്ക് യാത്ര, വെറും ഒരു ആഗ്രഹം മാത്രമായിരുന്നു, ഒരിക്കലും അന്ന് വരെ അനുഭവിക്കാത്ത ആഗ്രഹം...!! പിന്നീടു പക്ഷെ അതിനു വലിയ പ്രാധാന്യമൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ലാതായി...

ഇന്‍ഫോസിസ് പൂനെയില്‍ നിന്നും ബാംഗ്ലൂര്‍ നഗരത്തിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതോടെയാണ് എന്‍റെ ജീവിത രീതികളില്‍ പുതിയ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്... മനസ്സുമുട്ടെ വളര്‍ന്ന നിരാശകളും ആള്‍ക്കൂട്ടങ്ങളിലെ ഒറ്റപ്പെടലുകളും എന്‍റെ നാളുകളെ പ്രസന്ന ശൂന്യമാക്കിയ കാലമായിരുന്നു അത്... അക്കാലത്താണ് ശ്രീധര്‍ എന്ന സുഹൃത്തിനെ പരിചയപ്പെടുന്നത്... പ്രകൃതിയെയും പക്ഷിമൃഗാതികളെയും അങ്ങേയറ്റം സ്നേഹിക്കുന്നവന്‍, ചരിത്രങ്ങളുടെ ഉള്ളറകള്‍ അന്വേഷിക്കുന്നവന്‍ അങ്ങനെ പല വ്യാഖ്യാനങ്ങള്‍ കൊടുക്കാം ശ്രീധരന്‍ എന്ന വ്യക്തിക്ക്... അഞ്ഞൂറ് രൂപയ്ക്കു മൂന്ന് ദിവസം വരെ കറങ്ങിയടിച്ചു വരാനുള്ള മാജിക് അവന്‍റെ കയ്യില്‍ നിന്നാണ് ഞാന്‍ പഠിച്ചത്... ലോക്കല്‍ ക്ലാസ്സിലെ ടോയ്ലെറ്റിനടുത്തും ട്രാക്ക്ടറിലും ഒക്കെ ഇരുന്നു പലഘാതങ്ങള്‍ താണ്ടിയും, ബസ്‌ സ്റ്റാന്റിലും അമ്പലപ്പറമ്പിലും ഒക്കെ കിടന്നുറങ്ങിയും ഞങ്ങള്‍ പല യാത്രകളും നടത്തി... 

ശ്രീധര്‍ വഴി ബാലരാജിനെയും പീയുഷിനെയും അനൂപിനെയും ഒക്കെ പരിചയപ്പെട്ടു... എലാവരും യാത്രകളെ പിന്തുടരുന്നവര്‍...,...!! അക്കാലത്താണ് വിനോദ് ഭായ് എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിനോദ് വര്‍ഗ്ഗീസ് എന്ന കഥാപാത്രത്തെ പരിചയപ്പെടാന്‍ ഇടവന്നത്... കാടിന്റെയും പച്ചപ്പിന്റെയും ഇടയിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചത് വിനോദ് ഭായ് ആയിരുന്നു... ഒരാഴ്ച്ച നീണ്ട ഒരു യാത്രക്ക് ഞാന്‍ തയ്യാറെടുത്തപ്പോള്‍ കൂട്ടിനാളില്ലാതെ അത് ഉപേക്ഷിക്കേണ്ടി വരും എന്ന് കണ്ടപ്പോള്‍ എന്തുകൊണ്ട് ഒറ്റയ്ക്ക് പൊയ്ക്കോടാ എന്ന് ചോദിച്ചു, അതിനു വേണ്ട സഹായവും പ്രോത്സാഹനവും തന്നതും വിനോദ് ഭായ് തന്നെ ആണ്... ഇന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട യാത്ര ഏഴ് ദിവസം ആയിരത്തി എഴുന്നൂറോളം കിലോമീറ്റര്‍ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ച ആ യാത്ര തന്നെയാണ്....

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഈ സിനിമ എന്നെ എത്രയും പെട്ടന്ന് ബാക്ക്പായ്ക്ക് മുറുക്കുവാന്‍ വീണ്ടും പ്രേരിപ്പിക്കുന്നു...!! ഒരു ബുള്ളറ്റിന്റെ തുടിപ്പുകള്‍ എന്‍റെ ചെവിയില്‍ അലയടിപ്പിക്കുന്നു..!! ഒരു പുല്‍മേടിനു മുകളില്‍ ഞാന്‍ ഒറ്റക്കിരുന്നു സൂര്യോദയം കാണുന്ന ചിത്രം മനസ്സില്‍ തെളിയിക്കുന്നു...!! താമസിയാതെ വീണ്ടും ഒരു യാത്രയാവാം...!!

Wednesday, August 28, 2013

ശല്യങ്ങള്‍ വരുന്ന വഴികള്‍...

ചില അനുഭവക്കുറിപ്പുകള്‍ എഴുതാനും ചില ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും അമൂല്യമായ സൗഹൃദങ്ങള്‍ സൂക്ഷിക്കാനും വേണ്ടിയാണ് ഞാന്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നത്... മനസ്സില്‍ തോന്നുന്ന ചില്ലറ പ്രതികരണങ്ങളും ഒരു സാമൂഹിക ജീവി എന്ന നിലക്ക് പോസ്റ്റ്‌ ചെയ്യാറുണ്ട്... അനുഭവക്കുറിപ്പുകള്‍ സൂക്ഷിക്കാന്‍ ആളൊഴിഞ്ഞ ഒരു ബ്ലോഗും കൊണ്ട് നടക്കുന്നുണ്ട്... ഇതൊന്നും ഒരു വിശ്വസാഹിത്യകാരന്‍ ആവാനുള്ള എന്‍റെ മുന്നൊരുക്കങ്ങള്‍ അല്ലേയല്ല...!! അതിനൊട്ടു കഴിവുണ്ടെന്ന് വിശ്വസിക്കുന്നും ഇല്ല...!!

ഇന്നോരുത്തന്‍, എന്‍റെ കൂടെ പഠിച്ച ഒരാള്‍ തന്നെയാണ്, പറയുന്നു ഞാന്‍ എഴുന്നതു വെറും സെന്റികളും ബോറന്‍ കോമഡികളും ആണ് എന്ന്... അതും പല സിനിമകളില്‍ നിന്നും മോഷ്ടിച്ചതാണ് എന്നും... ഒരു തെളിവ് ചോദിച്ചിട്ട് പക്ഷെ അവന്‍ ഒന്നും തന്നതും ഇല്ല... എന്‍റെ അടുത്ത കാലത്തെ പോസ്റ്റുകളില്‍ മനപ്പൂര്‍വ്വം എന്ന് തോന്നിക്കുന്ന വിധം പലകുറി ഇത്തരം കമന്റ്‌ ഇട്ടിരിക്കുന്നു ഈ മഹാന്‍...,... ഏറ്റവും രസം, അവന്‍റെ കമന്റില്‍ ഒരെണ്ണം വന്നത് എന്‍റെ ഒരു യാത്രകുറിപ്പില്‍ ആണ് എന്നുള്ളതാണ്...!!

ഞാന്‍ ഇവിടെ ആരെയും വലിച്ചു പിടിച്ചിരുത്തി ഒന്നും വായിപ്പിക്കുന്നില്ല... നിങ്ങള്‍ക്ക് എന്നെ വായിക്കുന്നത് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ എന്നെ അണ്‍ഫ്രണ്ട് ചെയ്യാന്‍ അവസരം ഉണ്ട്... എന്‍റെ എഴുത്തിലെ ശൈലിയെ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിമര്‍ശിക്കാം... അത് ഞാന്‍ തുറന്ന മനസ്സോടു കൂടെ സ്വാഗതം ചെയ്യുന്നു... അത്ര വലിയ സംഭവം അല്ലെങ്കിലും എന്റേത് വെറും കോപ്പിയടി മാത്രമാണ് എന്ന് പറയുന്നെങ്കില്‍ അതിനു എന്തെങ്കിലും തെളിവ് സമര്‍പ്പിച്ചേ തീരൂ...!!

പേരിനൊപ്പം ഒരു ഭായും ചേര്‍ത്തു നാലാംകിട സിനിമാ ഡയലോഗ് കാപ്ഷന്‍ ആയും കൊടുത്ത് ഫോട്ടോ ഇട്ടു എന്‍റെ പ്രൊഫൈല്‍ ഫോട്ടോ എങ്ങനെയുണ്ട് എന്ന് ചോദിച്ചു ഇന്‍ബോക്സില്‍ വരുന്ന ഒരുത്തനും അടിസ്ഥാനമില്ലാത്ത വിലയിരുത്തലും ആയി വരണം എന്നില്ല...!! ഇന്നലെ വരെ ഇങ്ങനെ അല്ലാത്ത ഒരുത്തന്‍ വന്നു ഇമ്മാതിരി കമന്റ്‌ ഇട്ടു പോയാല്‍ അവന്‍റെ തലയില്‍ കള്ളോ കഞ്ചാവോ മരുന്നോ കേറിയിട്ടാണ് എന്ന് തോന്നിയാല്‍ എന്നെ കുറ്റം പറയാന്‍ ആവുമോ...?? അതോ ഇന്നലെ ഒരുത്തന്‍ എന്‍റെ പോസ്റ്റ്‌ ചുരണ്ടിയത്തില്‍ പ്രതിഷേധിച്ചു ഞാന്‍ ഇട്ട പോസ്റ്റിനുള്ള പ്രതികരമാണോ ഇത്...?? എന്‍റെതില്‍ നിന്നും ചുരണ്ടിയ ഒറിജിനല്‍ പോസ്റ്റിനു താഴെ ഈ ശീതയുദ്ധം തുടങ്ങിയതും എന്നെ ഈ സംശയത്തിലേക്ക് അടുപ്പിക്കുന്നു....!! ഈ ഷിബിനും ജോബിനും വേറെ ആളുകള്‍ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ...!! ശല്യം സഹിക്കവയ്യാതെ എനിക്ക് ഇയാളെ ബ്ലോക്ക്‌ ചെയ്യേണ്ടി വന്നു.. എന്‍റെ ജീവിതത്തിലെ ആദ്യത്തെ ബ്ലോക്ക്‌...,...!! അവന്‍റെ കമന്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ അവന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കാണാം...  ഞാന്‍ ഇപ്പോള്‍ എഴുതിയത് എന്‍റെ അഹങ്കാരമല്ല, മറിച്ചു നിവൃത്തികേടാണ്... ഇതുപോലെ ഉള്ളവര്‍ ഇനിയും എന്‍റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ കൊഴിഞ്ഞു പോവാം, ഒരു പരിഭവവും ഇല്ല...!! ഇത്രയും കാലം എന്നെ സഹിച്ച ഷിബിന്‍ ഭായിക്ക് ക്ഷമക്കുള്ള ഒരു നോബല്‍ സമ്മാനവും ആരെങ്കിലും കൊടുക്കണേ... എനിക്ക് അതിനുള്ള ആവതില്ല...!!

https://www.facebook.com/rkshpc/posts/510311915713613?comment_id=80900582&notif_t=like

https://www.facebook.com/rkshpc/posts/513580478720090?comment_id=80900812&offset=0&total_comments=17&notif_t=feed_comment

https://www.facebook.com/rkshpc/posts/518344468243691?notif_t=like

Tuesday, August 27, 2013

കാറ്റാടി പാടത്തെ ചിന്തകള്‍

തമിഴ്നാട്ടിലെ ഒരു കാറ്റാടി പാടത്തിനു നടുവിലൂടെയായിരുന്നു അന്ന് യാത്ര... കൂടെ ബാബുവേട്ടനും ഉണ്ട്... ആദ്യമായിട്ടാണ് ബാബുവേട്ടന്‍ കാറ്റാടി യന്ത്രങ്ങള്‍ കാണുന്നത്... നിര്‍ത്താതെ തിരിഞ്ഞു കൊണ്ടിരുന്ന ആ പടുകൂറ്റന്‍ ഫാനുകളെ ബാബുവേട്ടന്‍ വായും പൊളിച്ചു അത്ഭുതം കൂറി നോക്കി നിന്നു..

"എന്താ ബാബ്വേട്ടാ ഇങ്ങനെ അന്തംവിട്ടു നിക്കണത്..??"

"അല്ല കുട്ട്യേ, ഈ ഫാനുകളൊക്കെ എന്തിനാ ഇവിടെ കൊണ്ട് വച്ചിരിക്കണത്...??"

"ഇത് തിരിയുമ്പോ കറണ്ട് ഉണ്ടാവും, അത് മ്മടെ വീട്ടില് ഉപയോഗിക്കാലോ..."

"എന്ത് പോട്ടന്മാരാടാ ഈ തമിഴന്മാര്, ഇത്രേം വലിപ്പള്ള ഫാന്‍ രാവും പകലും തിരിയണങ്കില് എത്ര ഉര്‍പ്യേടെ കറണ്ട് വേണം...??
ഇത്തിരിപോലത്തെ രണ്ടു ഫാനും നാല് ലൈറ്റും ഒരു ടി വിയും രാത്രി മാത്രം ഓണാക്കീട്ട് ഇന്റെ വീട്ടില്‍ വരുന്ന്ണ്ട് മാസം 250 ഉര്‍പ്യെന്റെ ബില്ല്...!!"

"ഇന്റെ ബാബ്വേട്ടാ...!!" ഞാന്‍ നെഞ്ചത്ത്‌ കൈ വച്ച് പോയി...!

പിന്‍കുറിപ്പ്: ബാബുവേട്ടന്‍ തികച്ചും സങ്കല്‍പ്പിക കഥാപാത്രമാണ്...ഇതിന്‍റെ പേരില്‍ വരുന്ന തല്ലുകള്‍ സ്വീകരിക്കുന്നതല്ല...

Monday, August 26, 2013

രണ്ട്‌ സീന്‍, രണ്ടു നീതി

സീന്‍:: ഒന്ന്: ലൊക്കേഷന്‍ - ബിവറേജിന്‍റെ പടിക്കല്‍

ഠിം...!!
ആ ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി..

എല്ലാവരുടെയും മുഖത്തു ശോക ഭാവം..

ആളുകള്‍ പരസ്പരം മുറുമുറുക്കാന്‍ തുടങ്ങി...

ഒരാള്‍ തന്‍റെ ബൈക്കിനടുത്തു നില്‍ക്കുന്നു, അയാളുടെ കാല്‍ച്ചുവട്ടില്‍ കുറച്ചു നുരയും കുപ്പി കഷ്ണങ്ങളും...

ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍ അയാളുടെ കയ്യില്‍ നിന്നും വഴുതി വീണത്‌ അരമണിക്കൂര്‍ നേരം ക്ഷമിച്ചു അച്ചടക്കത്തോടെ വരി നിന്നു നേടിയെടുത്ത കൂട്ടത്തിലെ ഒരു കുപ്പി ബിയര്‍ ആയിരുന്നു... !!

അത്രയും നേരത്തെ പ്രതീക്ഷകള്‍, അതാണവിടെ റോഡില്‍ ചിതറി വീണു കിടക്കുന്നത്...അതില്‍ നിന്നും കണ്ണെടുക്കാതെ അയാള്‍ നിന്നു.. "ദയനീയമായ" ആ കാഴ്ച്ചകണ്ടു ഹൃദയം തരിച്ചു പോയ ഒരു കൂട്ടരും...!!

ബിവറേജില്‍ നിന്നും ഒരു പൈന്റ്റ് കുപ്പി അരയില്‍ തിരുകി ഇറങ്ങി വന്ന മധ്യവയസ്കന്‍ അപരിചിതനായ അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു, "സാരമില്ല പോയി വേറെ ഒരെണ്ണം വാങ്ങി വാ.. ഈ കുപ്പിച്ചില്ലുകള്‍ ഞാന്‍ വാരി കളഞ്ഞു കൊള്ളാം... കാശു വല്ലതും വേണോ..??"

സീന്‍:: രണ്ട് : ലൊക്കേഷന്‍ - നഗരത്തിലെ തിരക്കേറിയ റോഡ്‌

ഠിം...!!
ഓടിക്കൊണ്ടിരുന്ന ഒരു ബൈക്ക് മഴവെള്ളം നിറഞ്ഞ റോഡിലെ ഒരു കുഴിയില്‍ പെട്ട് താഴെ വീണു..ബാലന്‍സ് തെറ്റി താഴെ വീണ യാത്രക്കാരന് പരിക്കേറ്റു... കയ്യും കാല്‍മുട്ടും പൊട്ടി ചോരയൊലിക്കുന്നു...

തൊട്ടു പുറകെ കാറില്‍ വന്നയാള്‍ അയാളെ എടുത്തു വഴിയരികിലേക്ക് മാറ്റി ഇരുത്തി, ബൈക്കും മാറ്റി വച്ചു.... തന്‍റെ മാര്‍ഗ്ഗ തടസ്സങ്ങള്‍ മാറ്റിയ അയാള്‍ കാര്‍ ഓടിച്ചു പോയി...

പരിക്കേറ്റ്‌ അവശനായ യാത്രക്കാരന്‍ സഹായം പോലും ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വഴിയരികില്‍ ഇരുന്നു...

തിരക്കേറിയ ആ വീഥിയില്‍, ദുഖാര്‍ദ്രമായ കണ്ണുകള്‍ ഇല്ല.. കരുണയില്ല... സഹായമില്ല... ധൃതി പിടിക്കുന്ന സ്വാര്‍ത്ഥമനങ്ങള്‍ മാത്രം...

Friday, August 23, 2013

ആശ്വാസ നിശ്വാസം

കൊച്ചു പുസ്തകങ്ങളുടെ കാലം കഴിഞ്ഞു കൊച്ചു സിഡികള്‍ ഇറങ്ങിയ കാലം... ഇന്നത്തെക്കൂട്ടിനു മൊബൈലും ഇന്റര്‍നെറ്റും അത്രയ്ക്കങ്ങു പ്രചാരത്തില്‍ എത്തിയിട്ടില്ലാത്തത് കൊണ്ട് ഇത്തരം സിഡികള്‍ക്ക് നല്ല ഡിമാണ്ട് ഉണ്ടായിരുന്നു... കിട്ടിയ സിഡികള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ യഥേഷ്ടം കൈമാറുകയും ചെയ്തിരുന്നു... ഈ പരസ്പര സ്നേഹം എന്നൊക്കെ പറയുന്നത് ഇതാണല്ലോ...!!

ആ കാലഘട്ടത്തിനു ഒടുവില്‍ എനിക്ക് ജോലി കിട്ടി... മൈസൂരില്‍ ഇന്‍ഫോസിസ് എന്ന ഐ ടി കമ്പനിയില്‍.., ജനുവരി ഇരുപത്തി രണ്ടിന് ജോയിന്‍ ചെയ്യണം...  പെട്ടിയും കിടക്കയും കെട്ടി പൊതിഞ്ഞു ഇറങ്ങാന്‍ നേരത്ത് ഞാന്‍ അത് ശ്രദ്ധിച്ചു..!! ഒരു കൊച്ചു സിഡി അവിടെ ഇരിക്കുന്നു... അതങ്ങനെ വിട്ടിലിട്ടു പോവുന്നത് അബദ്ധമാണ്... മുന്‍പ് ഒരു കൂട്ടുകാരന്‍ തന്നതാണ്... തിരിച്ചു കൊടുക്കയും വേണം...!! പക്ഷെ അതാണ് പ്രശ്നം അവന്‍ ആ സമയത്ത്നാട്ടില്‍ ഇല്ല... ആരുടെ കയ്യിലും കൊടുത്തേല്‍പ്പിക്കാനും വയ്യ...!!

തല്ക്കാലം അതെന്‍റെ ബാഗില്‍ തന്നെ വച്ചു...അവനു പിന്നീടു എപ്പോഴെങ്കിലും കൊടുക്കാം..അങ്ങനെ വണ്ടി കയറി മൈസൂരിലേക്ക്... മൈസൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇന്‍ഫോസിസ് വരെ ഓട്ടോ വിളിച്ചു... ഓട്ടോക്കാരന്റെ കത്തിയില്‍ എന്‍റെ ചോര പറ്റി... ഇന്‍ഫോസിസ് എന്നൊക്കെ കേട്ടാല്‍ തന്നെ അവന്മാര്‍ നമ്മളെ ഊറ്റിയെടുക്കുമത്രേ...!! എന്തായലും ഓട്ടോ കാശ് നുള്ളിപ്പെറുക്കി എടുത്തു കൊടുത്ത് ബാഗും പെട്ടിയും എല്ലാം എടുത്ത് സെക്യൂരിറ്റി യുടെ അടുത്തേക്ക് പോയി...

ഓഫര്‍ ലെറ്ററും ജോയിനിംഗ് ലെറ്ററും എടുത്തു കാണിച്ചു, ഒരു ഗോള്‍ഫ്കാര്ട്ടില്‍ ഗേറ്റില്‍ നിന്നും അകത്തു മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ട് പോയി.. അവിടെ വച്ച് അവര്‍ ട്രെയിനിംഗ് സമയത്ത് താമസിക്കാനുള്ള മുറിയുടെ ചാവി തന്നു... ഇനിയവര്‍ക്ക് പെട്ടിയും ബാഗുമെല്ലാം പരിശോദിക്കണമാത്രേ...!!

എന്‍റെ പെട്ടിയും ബാഗും ഒരു മേശപ്പുറത്തേക്ക് വച്ചു...അതിനടുത്ത് ഒരു കമ്പ്യൂട്ടറും ഉണ്ട്... !!

"ഈശ്വരാ... ആ സിഡി എങ്ങാനും ഇവരെ കണ്ടു പിടിച്ചാല്‍... എല്ലാം തീര്‍ന്നു... എന്താണെന്നു പരിശോദിക്കാന്‍ തൊട്ടടുത്ത്‌ കമ്പ്യൂട്ടറും ഉണ്ട്... എനിക്കൊപ്പം ജോയിന്‍ ചെയ്യാന്‍ വന്ന കുറെ പേര്‍ അവിടെ വേറേയും ഉണ്ട്... ഹോ..!! എന്‍റെ മാനം...!! എന്‍റെ ജോലി...!! മിക്കവാറും ഇന്ന് തന്നെ തിരിച്ചു വണ്ടി കയറേണ്ടി വരും...!! കൂട്ടുകാര്‍ക്കു കൊടുത്ത ട്രീറ്റ്‌ വേസ്റ്റ്...!!"

ടെന്‍ഷന്‍ അടിച്ചു ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി....കൈകാലുകള്‍ക്കു ഒരു വിറയല്‍..

ഒരു മീശക്കാരന്‍ സെക്യൂരിറ്റി എന്‍റെ ബാഗില്‍ നിന്നും സിഡി എടുത്തു,
"യേ ആപ്കാ ഹേ ക്യാ..?"

അല്ലായെന്ന് പറഞ്ഞു മുങ്ങിയാലോ എന്ന് ചിന്തിച്ചു... പക്ഷെ അതെയെന്നു ഞാന്‍ തലയാട്ടി...!!

പോയെടാ പോയി....ജോലിയും പോയി മാനവും പോയി...!! എനിക്ക് ജോലികിട്ടിയപ്പോള്‍ ഏതെങ്കിലും ഒരുത്തന്‍ കണ്ണു വച്ചിട്ടുണ്ടാവും...!!

"ഐ ഡോണ്ട് വാണ്ട്‌ ദിസ്‌ സിഡി... യു കാന്‍ ബ്രേക്ക്‌ ആന്‍ഡ്‌ ലീവ് ഇറ്റ്‌ ഇന്‍ ദി വേസ്റ്റ് ബസ്കെറ്റ്.." ഞാന്‍ പറഞ്ഞു

മീശക്കാരന്‍ എന്നെ നോക്കി വിനയത്തോടെ പറഞ്ഞു, "നോ ഇഷ്യൂസ് സര്‍, പ്ലീസ് എന്റര്‍ ഇറ്റ്‌ ഇന്‍ ദി രജിസ്റ്റര്‍"".,"

ഹോ, അത്രേയുള്ളൂ... എന്‍റെ നല്ല ജീവന്‍ പോയി... വെറുതെ ടെന്‍ഷന്‍ അടിച്ചു...നല്ല വടിവൊത്ത അക്ഷരത്തില്‍ സംഗതി രജിസ്റ്ററില്‍ എഴുതി കൊടുത്ത് സമാധാനത്തോടെ ഞാന്‍ സിഡി അടക്കം എല്ലാം വാരിപ്പെറുക്കി മുറിയിലേക്ക് പോയി... എന്നിട്ട് ഞാന്‍ ആഞ്ഞു വിട്ടു, എന്‍റെ ആശ്വാസ നിശ്വാസം...!!

അന്ന് നിര്‍ത്തി ഈ കൊച്ചു സിഡിയുടെ ഏര്‍പ്പാട്...!!

Wednesday, August 21, 2013

ധനുഷ്കോടി, വേദനിപ്പിക്കുന്ന സൗന്ദര്യം

കഴിഞ്ഞ വര്‍ഷമായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ ധനുഷ്കോടി സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌..../.., ഒരു കല്യാണം കൂടാന്‍ മധുരയില്‍ പോയപ്പോള്‍ കിട്ടിയ സമയം കൊണ്ട് രമേശ്വരത്തേക്ക് വച്ചു പിടിച്ചു... അവിടെ നിന്നും പത്ത് കിലോമീറ്റര്‍ അപ്പുറത്ത് ബംഗാള്‍ ഉള്‍ക്കടലിലേക്ക് തെറിച്ചു വീണുകിടക്കുന്ന വെള്ളമണല്‍ ഭൂമി..!!

വര്‍ഷങ്ങള്‍ക്കു മുന്‍പ് വമ്പന്‍ തിരമാലകള്‍ വന്നു വിഴുങ്ങിയ ഒരു മുക്കുവ നഗരം..!! അന്നത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മുഴുവനായി തകര്‍ന്നു വീഴാതെ ഇന്നും ഇവിടെ നിലനില്‍ക്കുന്നു... അത് കാണാന്‍ മാത്രമാണ് ഇന്ന് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്‌...., പഴയ പള്ളിയും റയില്‍വേ സ്റ്റേഷനും സ്കൂളും അങ്ങനെ പാതി മുക്കാലും തകര്‍ന്ന കെട്ടിടങ്ങള്‍...

അവയ്ക്ക് ചുറ്റും തൂവെള്ള മണലും അഗാധ നീലിമയാര്‍ന്ന കടലും... മണല്‍ പരപ്പില്‍ ചിതറിക്കിടക്കുന്ന ചിപ്പികളും ശങ്കുകളും... കടുത്ത വെയിലില്‍ അവിടെ ചുറ്റി നടന്നപ്പോള്‍ ഒരു വല്ലാത്ത വികാരമായിരുന്നു എനിക്ക്... തലയ്ക്കു മീതെ ഉപ്പുവെള്ളം വന്നു ശ്വാസം മുട്ടി മരിച്ച അനേകായിരങ്ങളുടെ ആത്മാക്കള്‍, അവര്‍ ഒട്ടും പരിചിതര്‍ അല്ലെങ്കില്‍ കൂടി എന്നെ അലോസരപ്പെടുത്തി... ഇന്നധികം ആള്‍പ്പാര്‍പ്പില്ലാത്ത ആ തുരുത്തുകള്‍ സഞ്ചാരികള്‍ക്ക് വെറും കൗതുകം മാത്രമായി ഒതുങ്ങുന്നു...!!

ഒരു ചെറിയ ജലദോഷപ്പനി എന്നെ ധനുഷ്കോടിയിലെ കാഴ്ചകള്‍ ഓര്‍മ്മിപ്പിച്ചു... ആഡംബരമില്ലാതെ ആളനക്കമില്ലാതെ ശാന്തമായ ഒരു മണല്‍ ഭൂമി...!! പൂര്‍ണ്ണമായും തീര്‍ന്നമാരാത്ത ഒരു കൂട്ടം കെട്ടിടങ്ങളും...!!

Monday, August 19, 2013

പരുന്തുപോല്‍ ഓര്‍മ്മകള്‍..


ബാംഗ്ലൂരില്‍ എന്‍റെ അയല്‍വാസിയുടെ ടെറസ്സിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് ഈ പരുന്ത്... ആരും അതിനു തീറ്റ കൊടുക്കുകയോ പരിപാലിക്കാറോ ഇല്ല... എന്നാലും ദിവസവും ഈ പക്ഷി മുറ തെറ്റാതെ ഇവിടെ വന്നു പോവുന്നു...!!

എന്‍റെ ഒരു സുഹൃത്ത് ഒരിക്കല്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പറഞ്ഞു... അവനു പരിചയമുള്ള ഒരാള്‍ വീട്ടില്‍ ഒരു പരുന്തിനെ വളര്‍ത്തിയിരുന്നത്രെ... അത് കുഞ്ഞായിരിക്കുമ്പോള്‍ അവന്‍റെ കയ്യില്‍ വന്നു ചേര്‍ന്നതായിരുന്നു... ചില്ലറ തീറ്റയും വെള്ളവും കൊടുത്തപ്പോള്‍ പിന്നെ അത് അവിടെ നിന്നും പോവാതായി... വീടിനു ഏറ്റവും മുകളിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ എപ്പോഴും ഉണ്ടാവും അത്.. അവന്‍ വന്നു വിളിച്ചാല്‍ മാത്രം താഴെ മുറ്റത്തേക്കിറങ്ങി വരും, അവന്‍ തോട്ടില്‍ നിന്നും പിടിച്ചു കൊണ്ട് വരുന്ന  പരല്‍ മീനുകളെ തിന്നും...!!

പരുന്തിനെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണ് എന്ന കാര്യം അവന്‍ വളരെ വൈകിയാണ് അറിഞ്ഞത്... അതറിഞ്ഞതും അവന്‍ പരുന്തിനെ അവിടെ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു, മനസ്സില്ലാമനസ്സോടെ... പക്ഷെ എങ്ങനെ ഉപേക്ഷിച്ചിട്ടും, അത് അവന്‍റെ അടുത്തേക്ക്‌ തന്നെ തിരിച്ചു വന്നു കൊണ്ടേ ഇരുന്നു...!!

ഒടുവില്‍ ഇക്കാര്യം ചില ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ അറിഞ്ഞു, അവര്‍ അവന്‍റെ വീട്ടില്‍ വന്നു.. അത് വരെ മുറ്റത്ത് അവനോടൊപ്പം ഉണ്ടായിരുന്ന പരുന്ത് പറന്നു മുകളില്‍ പോയി..

"പരുന്തിനെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ല എന്നറിയില്ലേ..??" അവര്‍ ചോദിച്ചു..

"അറിയാഞ്ഞിട്ടല്ല സര്‍, എങ്ങനെ ഒഴിവാക്കിയിട്ടും ഇത് പോവുന്നില്ല ഇപ്പൊ.."

"ഇതൊക്കെ വലിയ കേസ് ആവുന്ന പ്രശ്നമാണ്... താന്‍ പെട്ടന്ന് ഇതിനെ നിന്നും ആട്ടിയോടിച്ചോ, അതാ നല്ലത്..."

"പ്രേശ്നമാക്കരുത് സര്‍, ഞാന്‍ ഇതിനെ നിങ്ങള്‍ക്ക് പിടിച്ചു തരാം, നിങ്ങള്‍ കൊണ്ട് പൊയ്ക്കോള്ളൂ..."

മാനത്തേക്ക് നോക്കി അവന്‍ കൈ കാണിച്ചപ്പോള്‍ വട്ടമിട്ടു പറന്നുകൊണ്ടിരുന്ന പരുന്ത് താഴെ മുറ്റത്തെത്തി... അവന്‍ പതുക്കെ അതിനെ ചേര്‍ത്തു പിടിച്ചു.. അവസാനമായി അതിന്‍റെ പുറത്ത് തലോടി അവന്‍ അതിനെ ഫോറെസ്റ്റ്കാര്‍ക്ക് കൊടുത്തു... അവര്‍ അതിനെയും കൊണ്ട് ദൂരങ്ങളിലേക്ക് നടന്നകന്നു...!! അതിനു ശേഷം ഇതുവരെ അത് തിരിച്ചു വന്നിട്ടില്ല...!!

ചില ഓര്‍മ്മകളും ഈ പരുന്തിനെ പോലെ ആണ്... ഒരിക്കല്‍ കൂട്ട് കൂടിയാല്‍ പിന്നെ എത്ര ആട്ടിയോടിച്ചാലും ചിന്തകളിലേക്ക് തന്നെ തിരിച്ചു പറന്നു വരും... അതിന്‍റെ തീറ്റയും വെള്ളവും നമ്മുടെ ചിന്തകള്‍ തന്നെ...!!

Sunday, August 18, 2013

മൈ ഫോണ്‍ നമ്പര്‍ ഈസ്‌..

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്... പ്രണയിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ഇത് എപ്പോ വേണമെങ്കിലും തോന്നാം... അങ്ങനെ മുട്ടി നിന്ന സമയത്ത് എനിക്കും ഇത് പലവട്ടം തോന്നിയിട്ടുണ്ട്....അങ്ങനെ ഒന്നാണ്, പണ്ട് ട്രെയിനില്‍ വച്ച് ഒരിക്കല്‍ തോന്നിയത്...!!

കാലം, അവസാന വര്‍ഷ ഡിഗ്രി സമയം... യാത്ര എറണാകുളം മുതല്‍ തിരൂര്‍ വരെ... കൂടെ "സ്നേഹമതികളായ" ഒരു കൂട്ടം സുഹൃത്തുക്കള്‍..., വേറെ എന്ത് വേണം..!!

ഞങ്ങള്‍ ഇരുന്നതിനു എതിര്‍വശത്തായി ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നു... അവിടെ ഞങ്ങള്‍ മനപൂര്‍വ്വം പോയി ഇരുന്നതാണ് എന്ന് ആരെങ്കിലും ആരോപിച്ചാല്‍, മാനനഷ്ടത്തിന് കേസ് കൊടുക്കുകയല്ലാതെ വേറെ വഴിയില്ല...!! എന്തായാലും ഇരുന്നു പോയി, അവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് ചുറ്റും വെണ്‍മേഘങ്ങളും അതിലൂടെ ചിറകു വീശി ഇറങ്ങി വന്ന മാലാഖമാരും ബാല ഭാസ്കര്‍ അടക്കമുള്ളവരുടെ വയലില്‍ വായനയും അനുഭവപ്പെടാന്‍ തുടങ്ങി... കൂടെ ഉള്ള സുഹൃത്തുക്കളുടെ ഭാവനയിലെ വയലിന്‍ വായന കൂടെ ആയപ്പോള്‍ സംഗതി ആകെ അലുക്കുലുത്തായി... !!

ഞാന്‍ അവളുടെ കണ്ണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു...കണ്ണുകള്‍ കൊണ്ടുള്ള എന്‍റെ സന്ദേശങ്ങളെ അവള്‍ക്കു തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല... അതിനുള്ള മറുപടിയായി ചില ചെറു പുഞ്ചിരികള്‍ അവള്‍ എനിക്കും സമ്മാനിച്ചു...!! ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം...!! എങ്ങനെയെങ്കിലും അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങണം... അടുത്ത് തന്നെ അവളുടെ അച്ഛന്‍ ഇരിക്കുന്നുണ്ട്‌......, അത്കൊണ്ട് തന്നെ അവളുടെ കയ്യില്‍ നിന്നും നമ്പര്‍ മേടിക്കുന്നത് അത്ര എളുപ്പമല്ല... പിന്നെ ഉള്ള വഴി എന്‍റെ നമ്പര്‍ കൊടുക്കുക എന്നതാണ്...!!

എന്താണൊരു വഴി...?? തല്‍ക്കാലം പറഞ്ഞു കൊടുക്കാം... പക്ഷെ നേരിട്ട് പറയാന്‍ അവസരം ഇല്ല... പോരാത്തതിന് ചുറ്റുമുള്ള പലരും ശ്രദ്ധിക്കുന്നതായും തോന്നി...!!

"അരുണേ, നീ എന്‍റെ പുതിയ നമ്പര്‍ എഴുതി എടുത്തോ... " എന്നും പറഞ്ഞു അന്നത്തെ എന്‍റെ മൊബൈല്‍ നമ്പര്‍ മൂന്ന് നാല് തവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു... "അവന്‍""," എഴുതി എടുത്തോ എന്തോ...!!

"കിട്ടിയേ..." എന്തോ അര്‍ത്ഥം വച്ചുകൊണ്ട് എന്‍റെ കുടുംബക്കാരന്‍ കൂടിയായ അരുണ്‍ തിരിച്ചു പറഞ്ഞു...

ഛെ..!! അത് പോര, ഒന്ന് എഴുതി കൊടുത്തേക്കാം...ഒരു ഉറപ്പിന്..!! ബാഗില്‍ നിന്നും ഒരു കഷ്ണം കടലാസെടുത്ത്‌ വടിവൊത്ത കയ്യക്ഷരത്തില്‍ നമ്പര്‍ എഴുതി... ആരുമറിയാത്ത പോലെ അത് എന്‍റെ കയ്യില്‍ നിന്നും വീണെന്ന പോലെ അവളുടെ കാല്ച്ചുവട്ടിലേക്ക് ഇട്ടു... അവളതു സൗകര്യപൂര്‍വ്വം എടുത്തോളും എന്ന് സമാധാനിച്ചു കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്ന എന്നെ ആരോ തട്ടി ഉണര്‍ത്തി...!!

കണ്ണു തുറന്നു നോക്കിയപ്പോള്‍ ആറടി നീളവും ഒത്ത തടിയും ഉള്ള ഒരു പുരുഷ രൂപം, അവളുടെ ചേട്ടന്‍..., ഇത്രയും നേരം തൊട്ടപ്പുറത്ത് നില്‍ക്കുകയായിരുന്നു അയാള്‍...,...!!

"എന്താ..??" ഒന്നുമറിയാത്ത പോലെ വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു... കോട്ടക്കലിലെ ഉഴിച്ചില്‍ മിക്കവാറും വേണ്ടി വരും...!! മനസ്സ് പറഞ്ഞു..

"ഇത് നിങ്ങളുടെ കയ്യില്‍ നിന്നും വീണു പോയതാ..." എന്നും പറഞ്ഞു അയാള്‍ ഞാന്‍ നേരത്തെ താഴെയിട്ട കടലാസ്സു കഷ്ണം എനിക്ക് നേരെ നീട്ടി...

ഞാന്‍ അത് തിരിച്ചു മേടിച്ചതും, എന്‍റെ "സ്നേഹമതികളായ" സുഹൃത്തുക്കള്‍ ഒന്നടങ്കം വാവിട്ടു ചിരിച്ചു... വളിച്ചു പോയ ഒരു ചിരിയുടെ സഹായത്താല്‍ ഞാന്‍ തല്‍ക്കാലം പിടിച്ചു നിന്നു...തൃശ്ശൂരില്‍ എത്തിയപ്പോള്‍ അവളും അച്ഛനും ചേട്ടനും അവിടെ ഇറങ്ങിപ്പോയി... തുരുമ്പു പിടിച്ച ആ ജാലക കമ്പികള്‍ക്കിടയിക്കൂടെ അവളെ നോക്കി... അവളൊന്നു തിരിഞ്ഞു പോലും നോക്കിയില്ല... എന്നെയും എന്‍റെ കണ്‍ സന്ദേശങ്ങളെയും ഞാന്‍ വിളിച്ചു പറഞ്ഞ പത്തു അക്കങ്ങളേയും അവള്‍ മറന്നിരിക്കുന്നു...!! ആരും വിളിക്കനില്ലാതെ എന്‍റെ മൊബൈല്‍ പിന്നെയും നന്നായി വിശ്രമിച്ചു...!!

Friday, August 16, 2013

സാഹചര്യം പറയിച്ച നുണ

അച്ഛന്റെ ബിസ്സിനെസ്സ് മുഴുവനും നിലംപൊത്തി... എന്‍റെ താമസം അമ്മയുടെ ഇളയൂരിലെ തറവാട്ടില്‍ ആയി... പഠനം കുറച്ചു കാലം കൂടെ മഞ്ചേരി എന്‍ എസ് എസ് സ്കൂളില്‍ തുടര്‍ന്നു...യാത്ര പ്രൈവറ്റ് ബസ്സില്‍..., അത് കണ്‍സഷന്‍ ടിക്കെറ്റ് എടുത്തുകൊണ്ട്...!!

മഞ്ചേരിയില്‍ നിന്നും ഇളയൂര്‍ വരെ ഇരുപതു പൈസയായിരുന്നു അന്നത്തെ സി ടി ബസ്‌കൂലി... ദിവസവും സ്കൂളില്‍ പോയി വരാന്‍ നാല്‍പ്പതു പൈസ അമ്മ തരും...

"ഭദ്രമായി പെന്‍സില്‍ ബോക്സില്‍ വക്കണം..." എന്ന അമ്മയുടെ നിര്‍ദേശം എന്നും ഞാന്‍ സൗകര്യപൂര്‍വ്വം മറക്കും... രണ്ടു ഇരുപതു പൈസ നാണയങ്ങളും നീല നിക്കറിന്റെ പോക്കറ്റില്‍ വയ്ക്കും... മഞ്ചേരിക്ക് പോവുമ്പോള്‍ അതില്‍ ഒരു നാണയം മറക്കാതെ കണ്ടക്ടര്‍ക്ക് കൊടുക്കും...!

പക്ഷെ സ്കൂളില്‍ എത്തിയാല്‍ സ്ഥിതി മാറി... പോക്കറ്റില്‍ തിരിച്ചു പോവാനുള്ള ബസ്സ്‌ കൂലി ഉള്ള കാര്യം മറക്കും... ചന്ദന നിറത്തില്‍ ഉള്ള ഷര്‍ട്ടില്‍ ചെളി പുരളുന്നത് വരെ കളിക്കും... മിക്കവാറും നിക്കറിന്റെ പോക്കറ്റില്‍ വച്ചിരുന്ന തിരിച്ചു പോവാനുള്ള ഇരുപതു പൈസ കളിക്കിടെ നഷ്ടപ്പെട്ടിരിക്കും...!!

തിരിച്ചു പോവാന്‍ മഞ്ചേരിയില്‍ പുതിയ സ്റ്റാന്‍ഡില്‍ അരീക്കോട് ബസ്സിന്‍റെ വാതില്‍ക്കല്‍ വരി നില്‍ക്കും... ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യാതെ ഞങ്ങള്‍ കണ്‍സഷന്‍ ടിക്കെറ്റ് പിള്ളേര്‍ കയറാന്‍ പാടില്ല... അത് മലബാറിലെ അലിഖിത നിയമമാണ്.. അങ്ങനെ പുക തുപ്പി ബസ്‌ സ്റ്റാര്‍ട്ട്‌ ആവുന്നത് വരെ ഞാനടക്കം ഉള്ള വിദ്യാര്‍ത്ഥികള്‍ കാത്തു നില്‍ക്കും.... ബസ്സിന്‍റെ മുരള്‍ച്ച കേട്ടാല്‍ ഉടന്‍ ഞങ്ങള്‍ വണ്ടിയില്‍ ഇടിച്ചു കയറും...!!

കണ്ടക്ടര്‍ അടുത്ത് വരുമ്പോഴായിരിക്കും പോക്കറ്റില്‍ തപ്പുക...

ഇല്ല, പോക്കറ്റില്‍ കാശില്ല...!! അത് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു... എട്ടു കിലോമീറ്റര്‍ അപ്പുറത്തെ വീട്ടില്‍ പോവാന്‍ ഇനി വഴി ഇല്ല... അത്രയും നടക്കുക ആ അവസരത്തില്‍ പ്രായോഗികമല്ല... ഇനി എന്ത് ചെയ്യും...!!

"അവിടെ...അവിടെ.."

കണ്ടക്ടര്‍ അടുത്തെത്തി... എന്ത് ചെയ്യണം എന്നറിയില്ല.... കള്ളം പറയരുത് എന്ന് അച്ഛമ്മ പഠിപ്പിച്ചിട്ടുണ്ട്.. തല്‍ക്കാലം അത് മറന്നു...

"മുന്നില്‍ ആളുണ്ട്..." ഞാന്‍ ഒരു അടവ് പുറത്തെടുത്തു... 

അത് വിശ്വസിച്ചു കണ്ടകടര്‍ പോയി...

പക്ഷെ ഇളയൂരിലെ ബസ്‌സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ ഹൃദയം പേടികൊണ്ടു പടപടാന്നു സ്പന്ദിച്ചു കൊണ്ടേ ഇരുന്നു...

തല്ക്കാലം ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു....!! ഒരു വശത്ത്‌ ആശ്വാസം... പക്ഷെ മറുവശത്ത്‌ കുറ്റബോധം ആയിരുന്നു... ഒരു നുണപറഞ്ഞ എട്ടു വയസ്സുകാരന്‍റെ നിഷ്കളങ്കമായ കുറ്റബോധം...!! ഒരു ദീഘനിശ്വാസത്തിന്റെ സമാധാനത്തില്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്കു നടന്നു...

അന്നത്തെ ആ മനസ്സ് എനിക്ക് ഇന്ന് കൈമോശം വന്നിരിക്കുന്നു....!! ഇത്രയൊന്നും വളരേണ്ടായിരുന്നു എന്നും തോന്നുന്നു...!! അന്ന് ഞാന്‍ എത്ര നല്ലവനായിരുന്നു...!!

Thursday, August 15, 2013

ഹോ...!!

"രാജാ... പൈസ ദേതോനാ...!! "

കുപ്പിവളകള്‍ ഇട്ട കൈകള്‍ കൊട്ടി ഹിജടകള്‍ വട്ടം കൂടി....

ഇല്ല, പോക്കറ്റില്‍ നൂറില്‍ കുറഞ്ഞ നോട്ടുകള്‍ ഇല്ല... എനിക്ക്
അതറിയാമായിരുന്നു, ഏതെങ്കിലും ഒരു നോട്ടു പുറത്തെടുത്താല്‍ അതും വലിച്ചെടുത്തുകൊണ്ട് അവര്‍ ഓടിപ്പോവും..!!

ഞാന്‍ അനങ്ങിയില്ല... അവരുടെ കയ്യടികള്‍ എന്‍റെ ചെവിയരികില്‍ തന്നെ വീണ്ടും വീണ്ടും ഉത്ഭവംകൊണ്ടു....അവഗണന പരിചയാക്കി ഞാന്‍ നിലകൊണ്ടു... അവരുടെ ആരവം അസഹനീയമായപ്പോള്‍ അടുത്തിരുന്ന ഒരു സുഹൃത്തിനോട് ചോദിച്ചു,

"അളിയാ, ചില്ലറ വല്ലതും കയ്യിലുണ്ടോ....??"

"ഒന്ന് രണ്ടു രൂപ കാണും... അല്ലാതെ ഒന്നും ഇല്ല..."

"അതെങ്കില്‍ അത് കൊടുത്തു ഒഴിവാക്ക്..."

ഉള്ള രണ്ടു രൂപ കയ്യില്‍ കൊടുത്തപ്പോള്‍ അവള്‍// അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക് തിരിച്ചറിഞ്ഞു തന്നു... മിനിമം പത്തു രൂപ വേണം എന്ന് ഡിമാന്‍ട് വച്ചു....!!

"പിന്നെ അവന്‍റെ അപ്പന്‍ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച പോലെ അല്ലെ..!!"

ഞങ്ങള്‍ക്കും വാശി കൂടി... അഞ്ചു പൈസ തരില്ല എന്ന് പറഞ്ഞു...

എങ്കില്‍ ശെരി ഇന്നാ പിടിച്ചോ എന്നും പറഞ്ഞു അവറ്റകള്‍ തുണി പൊക്കി... എന്‍റെ കൂടെ ഉണ്ടായിരുന്ന ആള്‍ മുഖം പൊത്തി...

ഫ്രീ ആയിട്ടല്ലേ എന്ന് കരുതി നോക്കിയ എനിക്ക് വെറുത്തു... ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സാധനം...!! ഹോ...!!

തെറിയും വിളിച്ചു അവര്‍ ഇറങ്ങിപ്പോയി... അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ പോലും തോന്നിയില്ല... ഒരു സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറയുന്നു ഇവരെയും രാത്രിക്കൂട്ടിനു അന്വേഷിക്കുന്നവര്‍ ഉണ്ടത്രേ...!!

എനിക്കിനി ഒന്നും പറയാനില്ലേ...!!

Wednesday, August 14, 2013

കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം..

ഈ കഥയും ഞാനും ആയി ഒരു ബന്ധവും ഇല്ല... ഇനി അങ്ങനെ തോന്നിയാല്‍ വെറും ആകസ്മികം മാത്രം... ഒരു സുഹൃത്ത്‌ പറഞ്ഞ കഥയാണ്‌ ഇതിനു ആധാരം...

കോളേജ് ജീവിതത്തില്‍ വളരെ പ്രധാനമായ ഒന്നാണ് ഹോസ്റ്റല്‍ ജീവിതം... അങ്ങനെ നമ്മുടെ നായകന്‍, ബാബു ഹോസ്റ്റല്‍ ജീവിതം നയിക്കുന്ന കാലം... വെള്ളിയാഴ്ച്ച കഴിഞ്ഞാല്‍ രണ്ടു ദിവസം മുടക്കാണ്... അന്ന് വൈകുന്നേരം മുതല്‍ കള്ളുകുടി തുടങ്ങും... ബോധം മറയുന്ന വരെ കുടിക്കും...!! അങ്ങനെ ഒരു ദിവസം ബാബു മൂക്ക് മുട്ടെ കുടിച്ചു... ബോധം ലവ ലേശം ഇല്ല... അടിച്ചു കിണ്ടിയായി ഹോസ്റ്റലില്‍ എത്തി.. അവിടെയും മിക്കവാറും പേരും ഇതേ അവസ്ഥ തന്നെ... !!

അടിച്ചു കോണ്‍ തിരിഞ്ഞ ബാബു, രണ്ടു സ്ട്രീറ്റ് ലൈറ്റ് എറിഞ്ഞു പൊട്ടിച്ചു, വരുന്ന വഴിക്ക് കണ്ട എം എല്‍ എ യുടെ കാറിന്റെ ചില്ല് പൊട്ടിച്ചു... വഴിയെ കണ്ട പോലീസുകാരനെ തെറി വിളിച്ചു ഓടി...!!

ബാബുവിന് തന്‍റെ അവസ്ഥയെ പറ്റി ഏതാണ്ട് അറിയാമായിരുന്നു... അടുത്ത മുറിയിലെ കള്ളു കുടിക്കാത്ത സുഹൃത്തിനെ വിളിച്ചു അവന്‍ പറഞ്ഞു,

"മച്ചാനെ, ഞാന്‍ നല്ല ഫിറ്റ്‌ ആണ്.. നീ എന്‍റെ മുറി താക്കോല്‍ വച്ച് പൂട്ടിക്കോ... ഇല്ലെങ്കില്‍ ഞാന്‍ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല...നാളെ രാവിലെ വന്നു തുറന്നാല്‍ മതി..!!" കുഴഞ്ഞ ഭാഷയില്‍ അവന്‍ പറഞ്ഞു 

ആശാന്‍ ബാബുവിനെ മുറിയില്‍ ഇട്ടു പൂട്ടി...പിന്നെ സുഗമായി പോയി കിടന്നു...

നാട്ടപാതിരായ്ക്ക് ഹോസ്റ്റലില്‍ പോലിസ് കയറി.... അന്ന് രാത്രി ആരോ എന്തോ വികൃതി ഒപ്പിച്ചു, അതും പൊതു സ്ഥലത്തു.. എം എല്‍ യുടെ കാറിനു കല്ലെറിഞ്ഞു, പിന്നെ ഒരു പോലീസുകാരന്റെ തള്ളക്കു വിളിച്ചു പോലും... ആളെ തപ്പാന്‍ പോലിസ് എത്തി... ഓരോ മുറിയും തുറന്നു നോക്കി... കള്ളു കുടിച്ച എല്ലാരേം പൊക്കി..ബാബുവിന്‍റെ മുറി അടച്ചിട്ട കാരണം അത് തുറന്നു നോക്കിയില്ല....മറ്റുള്ള എല്ലാ കുടിയന്മ്മാരും സ്റ്റേഷനില്‍..., പക്ഷെ ബാബു മാത്രം സേഫ്...

രാവിലെ മുറി തുറന്നു ബാബുവിന്‍റെ കൂട്ടുകാരന്‍ അവനെ എഴുന്നേല്‍പ്പിച്ചു... കണ്ണു തിരുമ്മി ബാബു ചോദിച്ചു,

"അളിയാ, കാപ്പി ഒന്നും ഇല്ലേ...?"

"ഫാ, കൂറ തെണ്ടി... ലോക്കപ്പില്‍ കിടക്കേണ്ടതായിരുനു.... അതും പോരാഞ്ഞിട്ടാ അവന്‍റെ കാപ്പി..."

അപ്പോഴായിരുന്നു ബാബു കാര്യമറിഞ്ഞത്.... തലേ ദിവസം വാതില്‍ പുറത്തു നിന്നു അടക്കാന്‍ വിട്ടു പോയിരുന്നെങ്കില്‍ ഇന്ന് സ്റ്റേഷനില്‍ ആയേനെ...

ബാബു വേഷം മാറി സ്റ്റേഷനില്‍ പോയില് സുഹൃത്തുക്കളെ ജാമ്യത്തില്‍ ഇറക്കി... ഇറങ്ങിയ വഴിയെ ബാബുവിന്‍റെ വക ഒറ്റ ചോദ്യമായിരുന്നു....

"കള്ളു കുടിച്ചാല്‍ നിനക്കൊന്നും വയറ്റില്‍ കിടക്കില്ലേടാ...??"

Wednesday, August 7, 2013

ഗുളിക പൊളിച്ച ജനല്‍വാതില്‍

വായപ്പാറപ്പടി എന്ന എന്‍റെ സ്വദേശത്തു ഒരുപാട് മെഡിക്കല്‍ റപ്പുമാര്‍ ഉണ്ട്... അതില്‍ മിക്കവരും എന്‍റെ സുഹൃത്തുക്കളും ആണ്... അതുകൊണ്ട് തന്നെ ചില്ലറ മരുന്നുകള്‍ കിട്ടാനും വലിയ പഞ്ഞമില്ല.. അത്യാവശ്യ സമയങ്ങളില്‍ സ്വയം വൈദ്യനാവാന്‍ അവര്‍ തരുന്ന മരുന്നുകള്‍ ധാരാളം...!!

ഞാന്‍ പത്തില്‍ പഠിക്കുന്ന സമയം... ബ്രയിന്‍സ്‌ അകാദമി എന്ന ട്യുഷന്‍ സെന്ററില്‍ എന്‍റെ കൂടെ ഗിരിഷും ഉണ്ടായിരുന്നു...ഗിരിയുടെ ചേട്ടന്‍ അന്നേ മെഡിക്കല്‍ റപ്പയിരുന്നു...അക്കാലത്ത് എനിക്ക് ഒരു പനി വന്നു... ട്യുഷന്‍ ക്ലാസ്സില്‍ വച്ച് ഗിരി എനിക്ക് ഒരു ഗുളികയും തന്നു...

"ഡാ, കഴിച്ചോടാ... പനി അപ്പൊ മാറും... "

ഞാന്‍ അതും വാങ്ങി വീട്ടില്‍ പോയി, വൈകീട്ട് അമ്മയും അനിയത്തിയും അമ്പലത്തില്‍ പോവാന്‍ ഒരുങ്ങി നില്‍ക്കുന്നു.. പനി ആയതു കാരണം ഞാന്‍ പോയില്ല... അവര്‍ പോയിക്കഴിഞ്ഞു ഗിരിഷ് തന്ന ഗുളികയും കഴിച്ചു ഞാന്‍ കിടന്നു...നല്ല മയക്കത്തിലേക്ക് ഒഴുകിപ്പോവാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില്ല...അസ്സലായി ഞാന്‍ മയങ്ങി...!!

ഒന്നുരണ്ടു മണിക്കൂറ് കഴിഞ്ഞു അമ്മയും അനിയത്തിയും തിരിച്ചെത്തി... അകത്തു നിന്നു പൂട്ടിയ വാതിലില്‍ അവര്‍ മുട്ടി വിളിച്ചു.... ഞാനുണ്ടോ അറിയുന്നു...!! അവര്‍ പേടിച്ചു തുടങ്ങി... ഒന്നാമത് പത്താം ക്ലാസ് ആണ്, എപ്പോഴാ വേണ്ടാത്ത വിചാരം തോന്നുക എന്ന് പറയാന്‍ പറ്റില്ല.. പത്താം ക്ലാസ് എന്ന് പറഞ്ഞാല്‍ എന്തോ വല്യക്കാട്ടെ സംഭവം ആണ് എന്നായിരുന്നു അന്നത്തെ വിശ്വാസം...!!

പതിയെ വീടിനു ചുറ്റും ആള് കൂടാന്‍ തുടങ്ങി... അകത്തു നിന്നും ഒരു അനക്കവും ഇല്ല... അകത്തു കാറ്റ് കയറി പനി കൂടാതിരിക്കാന്‍ മുറിയുടെ ജനലുകള്‍ ഞാന്‍ അടച്ചു കുറ്റിയിട്ടു വച്ചിരുന്നു... അത് തുറക്കാനുള്ള നാടുകാരുടെ ആദ്യ ശ്രമം പരാജയമായി...പിന്നീടു ആരൊക്കെയോ വീടിന്‍റെ മുകളില്‍ കയറി ഓടു തുരന്നു നോക്കി...ഞാന്‍ സുഖമായി കിടന്നുറങ്ങുന്നത് അവര് കണ്ടു... കൂര്‍ക്കം വലി കേട്ടത് കാരണം ചത്തില്ല എന്ന് അവര്‍ ഉറപ്പു വരുത്തി...!!

അപ്പോഴേക്കും ആരൊക്കെയോ ജനല്‍ പൊളിച്ചു... അതിലൂടെ കയ്യിട്ടു എന്നെ തട്ടി ഉണര്‍ത്തി... പാതി ഉറക്കത്തില്‍ ഞാന്‍ എഴുന്നേറ്റു, നടന്നു വാതില്‍ തുറന്നു.. പുറത്തു അമ്മയും അനിയത്തിയും ഒരു പത്തിരുപതു നാട്ടുകാരും... വാതില്‍ തുറന്ന പാടെ ഞാന്‍ നേരെ തിരിച്ചു എന്‍റെ കട്ടിലില്‍ പോയി വീണ്ടും കിടന്നു... പാതി വഴിയില്‍ നിര്‍ത്തിയ ഉറക്കവും കൂര്‍ക്കം വലിയും തുടര്‍ന്നു, പിറ്റേന്ന് രാവിലെ വരെ....!!

"മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്നു...." പകുതിക്ക് വച്ച് നിര്‍ത്തിയ ഡയലോഗും പറഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു പോയി...

രാവിലെ ഉണര്‍ന്നപ്പോഴാണ് തലേ ദിവസത്തെ സംഭവങ്ങള്‍ ഞാന്‍ അറിഞ്ഞത്... എന്തൊക്കെ ആയാലും ഗിരീഷിന്റെ ഗുളിക ഏറ്റു... പിറ്റേ ദിവസം പനി പമ്പയും ശബരിമലയും കടന്നു... പക്ഷെ പിറ്റേന്ന് മുതല്‍ നാട്ടുകാരുടെ മുഖത്തു എന്തൊക്കെയോ ഭാവമാറ്റം...!! ഹേയ്, എനിക്ക് തോന്നിയതാവും....

Tuesday, August 6, 2013

ആദ്യ സൈക്കിള്‍ പഠനം..

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മിക്കവാറും വെക്കേഷന്‍ സമയത്ത് ബാംഗ്ലൂരില്‍ വരാറുണ്ടായിരുന്നു... ബിബിയേട്ടനും കണ്ണേട്ടനും ആയിരന്നു അന്നത്തെ എന്‍റെ ഇവിടത്തെ കൂട്ട്.. രണ്ടു പേരും എന്‍റെ കസിന്‍സ്... കണ്ണേട്ടനെ ഞാന്‍ കണ്ടിരുന്നത്‌ ഒരു മിസ്റ്റര്‍ പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു... ബിബിയേട്ടന്‍ ആണെങ്കില്‍ തനി പോക്കിരി... റോട്ടില്‍ വണ്‍ പിച്ച് ഔട്ട്‌ ക്രിക്കറ്റ്‌ കളിയും മണലില്‍ പള്ട്ടി അടിച്ചും ചില്ലറ സൈക്കിള്‍ നഗര പ്രദക്ഷിണവും ആയിരുന്നു അന്നത്തെ നേരം പോക്ക്...

അന്ന് സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തത് കൊണ്ട് ആരെങ്കിലും ഓടിക്കുന്ന സൈക്കിളിന്റെ പിറകില്‍ കയറാന്‍ മാത്രമായിരുന്നു എന്‍റെ യോഗം...അതിനു ഒരു അറുതി വരുത്താന്‍ തന്നെ തീരുമാനിച്ചു... എത്രയും പെട്ടന്ന് സൈക്കിള്‍ ഓടിക്കാന്‍ പഠിക്കണം....! കണ്ണേട്ടന്‍ എന്നെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കാം എന്ന് ഏറ്റു...

ദിവസവും മണികൂറിനു ഒരു രൂപ കൊടുത്ത് അര വണ്ടി സൈക്കിള്‍ വാടകയ്ക്ക് എടുത്തു പരിശീലനം തുടങ്ങി... ഗുരു സ്ഥാനത്ത് കണ്ണേട്ടനും ബിബിയേട്ടനും...!! രണ്ടു മൂന്നു ദിവസം ഈ കലാ പരിപാടി തുടര്‍ന്നു... ഏകദേശം ബാലന്‍സ് ഒക്കെ കിട്ടി, പക്ഷെ ആത്മവിശ്വാസം ലവ ലേശം ഇല്ല... പുറകില്‍ ആരും പിടിച്ചില്ല എന്ന് അറിഞ്ഞാല്‍ തീര്‍ന്നു, അപ്പൊ താഴെ കിടക്കും...!!

അങ്ങനെ വണ്ടി വടകക്കെടുത്തു അഭ്യാസം തുടര്‍ന്ന ഒരു ദിനം, എന്നെക്കൊണ്ട് നേരാം വണ്ണം സൈക്കിള്‍ ഓട്ടിക്കും എന്ന് എന്‍റെ ഗുരുക്കന്മാര്‍ തീരുമാനിച്ചിറങ്ങി... ഞാന്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ ഇടയില്‍ പതിയെ അവന്മാര്‍ സൈക്കിളില്‍ നിന്നും പിടി വിട്ടു... ഞാന്‍ ആദ്യം അത് അറിഞ്ഞില്ല...  കുറച്ചു കഴിഞ്ഞു ഒരു സംശയം തോന്നി തിരിഞ്ഞു നോക്കിയപ്പോ ലവന്മാര്‍ രണ്ടു പേരും കയ്യും കെട്ടി നില്‍ക്കുന്നു...!!

പേടിയുടെ സിഗ്നലുകള്‍ തലച്ചോറില്‍ നിന്നും കൈകളിലേക്ക് പാഞ്ഞിറങ്ങി... ബ്രേക്ക്‌ പിടിക്കാനുള്ള സിഗ്നല്‍ മാത്രം വന്നില്ല... വണ്ടിയുടെ ഹാന്റില്‍ തലങ്ങും വിലങ്ങും വെട്ടി...

"നേരെ ഓടിച്ചു പോടാ..." അതും പറഞ്ഞു ബിബിയേട്ടന്‍ ഒരൊറ്റ തള്ള്...

നിയന്ത്രണം വിട്ടു ഞാന്‍ നേരെ പോയത് വഴിയരികില്‍ പായ നെയ്തു കൊണ്ടിരിക്കുകയായിരുന്ന ഒരു പാവത്തിന്‍റെ മടിയിലേക്ക്‌..., അയാളെയും ഇടിച്ചു സൈക്കിളും ഞാനും താഴെ വീണു... കാല്‍മുട്ടിലെ തൊലി പോയി ചോര വന്നു... പാവം പായ വില്‍പ്പനക്കാരന്‍ തൊട്ടടുത്ത ഓടയിലും വീണു... !!

എഴുന്നേറ്റ വഴിക്ക് തന്നെ അയാള്‍ തെറി തുടങ്ങി, കന്നടയില്‍ ആയതു കൊണ്ട് എനിക്കൊന്നും അര്‍ത്ഥം മനസ്സിലായില്ല... പിന്നെ, തെറി ഏതു ഭാഷയില്‍ ആയാലും മനസിലാക്കാന്‍ വലിയ പാടില്ലല്ലോ..!! അച്ഛനും അമ്മയും അപ്പോള്‍ എവിടെയോ ഇരുന്നു തുമ്മിയിട്ടുണ്ടാവും...!!

മുറിവില്‍ വക്കാന്‍ ഒരു കമ്യുണിസ്റ്റ് അപ്പ പോലും കിട്ടാതെ ഞാന്‍ സൈക്കിളും തള്ളി കണ്ണേട്ടന്റെ വീടിനു മുന്‍പില്‍ എത്തിയപ്പോള്‍ കൊലചിരിയും മുഖത്തു ഫിറ്റ് ചെയ്തു രണ്ടു പേര്‍, എന്‍റെ ഗുരുക്കന്മാര്‍... കണ്ണേട്ടനും ബിബിയേട്ടനും...!! വൈകീട്ട് വല്യച്ചന്‍ വന്നു കാര്യമറിഞ്ഞു രണ്ടിനേയും കണക്കിന് ചീത്ത വിളിച്ചിട്ടേ എന്‍റെ മുറിവുണങ്ങിയുള്ളൂ...!! എന്തായാലും അതോടെ ബാംഗ്ലൂരില്‍ വച്ചുള്ള എന്‍റെ സൈക്കിള്‍ പഠനം അവസാനിച്ചു...!! പലരും അതോടെ സമാധാനമായി അവിടെ പായ നെയ്യാനും തുടങ്ങി...!!

Monday, August 5, 2013

കാരുണ്യ ഭാഗ്യകുറീസ്

ശനിയാഴ്ച്ച രാവിലെ ഐലന്ഡ് എക്സ്പ്രെസ്സില്‍ തൃശ്ശൂരില്‍ ഇറങ്ങി... കാലു കുത്തിയില്ല, അതിനു മുന്‍പേ തുടങ്ങി തുള്ളിക്ക്‌ ഒരു കുടം കണക്കെ മഴ...സഹമുറിയന്‍ പ്രമോദിന്‍റെ വീട്ടിലെത്തിയിട്ടു വേണം പ്രാതല്‍ കഴിക്കാന്‍..., അതുകൊണ്ട് കോരിചൊരിഞ്ഞ മഴയില്‍ "ക്ലാര"യെ ഒന്നും കാണാന്‍ മെനക്കെടാതെ ഞാന്‍ സ്റ്റേഷന് പുറത്തിറങ്ങി...

ഇറങ്ങിയ വഴിക്ക് തന്നെ ലോട്ടറിക്കാരന്‍ ഭാഗ്യം വില്‍ക്കാന്‍ മുന്‍പില്‍ ചാടി...

"കാരുണ്യ വേണോ കാരുണ്യ... ഇന്നത്തെ കാരുണ്യ..!!"

"വേണ്ട ചേട്ടാ, ദൈവം സഹായിച്ചിട്ട് ഇന്നിപ്പോ എനിക്ക് കാരുണ്യം ആവശ്യമില്ല..."

അത് ആള്‍ക്ക് അത്ര രസിച്ചില്ല...നര കയറിയ താടിയിലും മീശയിലും കൈകൊണ്ട് തഴുകി എന്നെ രൂക്ഷമായി ഒന്ന് നോക്കി അയാള്‍ മറ്റാര്‍ക്കോ ഭാഗ്യം എത്തിച്ചു കൊടുക്കാന്‍ നടന്നു നീങ്ങി...ഞാന്‍ ഒരു ഓട്ടോ പിടിക്കാന്‍ വേണ്ടിയും...

തൃശ്ശൂര്‍ ആകെ മാറിയിരിക്കുന്നു, ഇപ്പൊ പ്രിപെയ്ഡ് കൌണ്ടറില്‍ പോയല്ലാതെ ഓട്ടോ കിട്ടില്ല... കുടയില്ലാതെ മഴയത്ത് അവിടെ പോയി ക്യു നിന്നാല്‍ ഷഡ്ജം വരെ നനയും...!! അങ്ങനെ നനയാന്‍ ആണെങ്കില്‍ ഓട്ടോ എന്തിനാ, നേരെ നടന്നു പോയാല്‍ പോരെ, പിന്നെ..!! പണ്ട് ഓളരിക്കരെ വരെ കൂള്‍ ആയി ഡെയ്‌ലി നടന്നവനാ...!!

എന്നാ പിന്നെ മഴ തോരുന്നത് വരെ കാത്ത് നില്‍ക്കാം... ക്ഷമ ആട്ടിന്സൂപ്പിന്റെ ഗുണം ചെയ്യും എന്നാണല്ലോ, ഏതായാലും വിശപ്പുണ്ട്, സൂപ്പെങ്കില്‍ സൂപ്പ്...!! ഞാന്‍ ചുറ്റിലും നോക്കി, എല്ലാവരും മഴയെ കണക്കിന് പ്രാകുന്നു... മഴയെ തെറി പറയാത്ത ചിലരും അവിടെ ഉണ്ടായിരുന്നു... ഒന്ന് ടാക്സി ഡ്രൈവര്‍മാര്‍..., ഓട്ടോ കുറവായ സ്ഥിതിക്ക് കുറച്ചു പേരെങ്കിലും ടാക്സി പിടിക്കാം എന്ന് വിചാരിക്കും... അത് കൊണ്ട് അവര്‍ ഹാപ്പിയായി കസ്റ്റമറെ കാത്തു നില്‍ക്കുന്നു..

വേറെ ഒരാളെ കണ്ടത് നേരത്തെ എന്നോട് മുഖം കറുപ്പിച്ച ലോട്ടറി വില്‍പ്പനക്കാരന്‍ ആണ്...സാധാരണ ലോട്ടറി വില്‍ക്കാന്‍ ആരുടെ അടുത്തെങ്കിലും പോയാല്‍ കണ്ട ഭാവം നടിക്കാതെ ആളുകള്‍ നടന്നു പോവാറാണ് പതിവ്, എന്നാല്‍ ഇന്ന് സ്ഥിതി അതല്ല, ഈ മഴയത്ത് എങ്ങോട്ട് നടന്നു പോവാനാണ്..?? ഒന്നുരണ്ടു ടിക്കറ്റ്‌ ഒക്കെ വിറ്റ്‌ ആള് എന്‍റെ തൊട്ടടുത്തു വന്നു നിന്നു...അദ്ദേഹത്തിന്റെ മറു വശത്തുള്ള ആളോട് സംസാരിച്ചു നില്‍ക്കാന്‍ തുടങ്ങി...

എന്‍റെ അടുത്തുണ്ടായിരുന്ന വേറെ ഒരാള്‍ അയാളുടെ തോളില്‍ തോണ്ടിയിട്ട് അറിയാത്തത് പോലെ തിരിഞ്ഞു നിന്നു... ലോട്ടറി ചേട്ടന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് എന്നെ... എന്നെ ഒന്ന് അടിമുടി നോക്കി ആ ചേട്ടന്‍ അടുത്ത് നിന്ന ആളോട് വര്‍ത്താനം തുടര്‍ന്നു... വീണ്ടും മറ്റേ ആള്‍ ഒരിക്കല്‍ കൂടി തോണ്ടി...

"ങേ, ന്തുട്ടാ??" ലോട്ടറി ചേട്ടന്‍ എന്നോട് ചോദിച്ചു

"ഒന്നുമില്ല..." ഞാന്‍ കണ്ണിറുക്കി കാണിച്ചു...

ദേ, വീണ്ടും അയാള്‍ വീണ്ടും ലോട്ടറി ചേട്ടനെ തോണ്ടി...

"ടാ, നീയെന്തുട്ടാ കളിക്യാ...?" അയാള്‍ എന്നോട് അലറി

"ഞാന്‍ അല്ല ചേട്ടാ, ദേ ഇയാളാ.." ഒന്ന് പതറിക്കൊണ്ട് ഞാന്‍ പറഞ്ഞു...

അവര് പിന്നെ കെട്ടിപ്പിടിച്ചു കളിയും ചിരിയും ഒക്കെ തുടങ്ങിയപ്പോള്‍ ആണ് എനിക്ക് സമാധാനം ആയി... സൂര്യ ടി വി യിലെ "തരികിട" പരിപാടിയാണ് പെട്ടന്നപ്പോ എനിക്ക് ഓര്‍മ്മ വന്നത്... ഒരിത്തിരി പാളിയിരുന്നെങ്കില്‍ അതെനിക്ക് തെറി വിളിയുടെ "മലയാളി ഹൌസ്" ആയേനെ... മഴ മാറാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ പതുക്കെ സ്ഥലം വിട്ടു,... നനഞ്ഞാല്‍ അത്രേയുള്ളൂ...!!

അയാള്‍ അപ്പോഴും കാരുണ്യ വില്‍ക്കുകയായിരുന്നു... ആരുടെയൊക്കെയോ കാരുണ്യത്തില്‍ മഴചീലുകളെ വകഞ്ഞു മാറ്റി ഞാന്‍ എന്‍റെ ലക്ഷ്യത്തിലേക്കും നീങ്ങി...!!