Saturday, March 17, 2018

പൂമരം

പൂമരം പൂത്തുലഞ്ഞു, കലയുടെ വേദികളില്‍... പാട്ടായും, നൃത്തമായും, അഭിനയമായും, അനുകരണമായും...!!
ഇതൊരു സിനിമയായി എനിക്ക് തോന്നിയില്ല, ഒരു യൂണിവേര്‍‌സിറ്റി കലാമേളയിലൂടെ ഉള്ള ഒരു സഞ്ചാരമായിരുന്നു എനിക്ക് ആ രണ്ടര മണിക്കൂര്‍. തിരക്കഥക്ക് പ്രാധാന്യമില്ലാത്ത, അങ്ങനെയൊന്ന് ഇല്ലെന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു "സിനിമ". ഒരുപക്ഷെ എബ്രിദ് ഷൈന്‍ എന്നാ സംവിധായകന് ഒരു യൂണിവേഴ്സിറ്റി ചെയര്‍മാന്‍റെ റോള്‍ ആയിരുന്നിരിക്കണം ഈ പടത്തില്‍.
ഇതില്‍ അഭിനയിച്ച ആരെയും ഞാന്‍ കണ്ടില്ല. ഒരുപാടുപേര്‍ ഒരു കലാമേളയില്‍ പങ്കെടുത്തു. അവരുടെ കഴിവുകള്‍ പുറത്തെടുത്ത ആ മേളയിലൂടെ ക്യാമറ ചലിക്കുകയായിരുന്നു ജ്ഞാനം എന്ന കാമറമേന്‍. അല്ലെങ്കില്‍ മേളക്കപ്പുറം...!!
കാളിദാസന്‍ എന്നാ താരപുത്രന് മറ്റൊരാള്‍ക്ക്‌ അനുകരികാന്‍ കഴിയാത്ത പോലുള്ള വേഷം കിട്ടി, താരപുത്രനായത് കൊണ്ട് തന്നെ കിട്ടാവുന്ന ഇന്റ്രോ, ബിജിയെം ഇതൊന്നും "സിനിമ"യില്‍ ഇല്ലാത്തത് സംവിധായകന് പ്രശംസ നേടിക്കൊടുക്കും. കാളിദാസന്‍ എന്ന കണ്ണന് പാസ്‌ മാര്‍ക്ക്.
പേരറിഞ്ഞതും പേരറിയാത്തതുമായി ഒരുപാടുപേര്‍ ക്യാമറക്കുമുന്‍പില്‍ വന്നു പോയി. എന്നെ ഏറ്റവും തൃപ്ത്തിപ്പെടുത്തിയത് മൂന്ന് പേര്‍ ആണ്. മീനക്ഷിയെന്ന കഥാപാത്രവും, ഗിറ്റാര്‍ വായിച്ച മഹാരാജാസിലെ പയ്യനും പിന്നെ,....
എബ്രിദ് മുന്പുചെയ്ത ബിജുവിലെ ഒരൊറ്റ സീനില്‍ കയ്യടി വാങ്ങിയ സുരാജിനെപ്പോലെ, ചെറിയ വേഷത്തില്‍ എത്തിയ ജോജുവും തന്നിലെ നടനെ പുറത്തിട്ടിട്ടു.
കല്ലുകടിയായി നിന്നത് പലപ്പോഴായി ഒരു ക്ലാസ് എടുക്കുന്ന രീതിയില്‍ തുടര്‍ന്ന ചില സംസാരങ്ങള്‍ ആയിരുന്നു. ഇടവിട്ട്‌ പൊഴിഞ്ഞു വീണ കവിതകള്‍ കാരണം എനിക്കാകുറവുകള്‍ ക്ഷമിച്ചു കൊടുക്കേണ്ടി വന്നു.
മുന്‍പ് എപ്പോഴെങ്കിലും ഏതെങ്കിലും കലോത്സവ വേദികളില്‍ നിങ്ങള്‍ എത്തിയിരുന്നെങ്കില്‍, ഇല്ലങ്കില്‍ കലോത്സവങ്ങള്‍ നിങ്ങള്ക്ക് എന്തെങ്കിലും സന്തോഷം തന്നിരുന്നുവെങ്കില്‍ ഈ "സിനിമ" കാണണം. ഓര്‍മ്മകള്‍ക്ക് വെള്ളമൊഴിച്ച് അതില്‍ പൂവുകള്‍ വിരിയുന്നത് കാണാം..!!
പക്ഷം പിടിച്ചു "സിനിമ" ചെയ്തില്ലെങ്കിലും എന്തുകൊണ്ടോ ഞാന്‍ എപ്പോഴും മഹാരാജാസിന്റെ കൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ഇംഗ്ലീഷ് കലക്കിയല്ലാതെ സംസാരിക്കാത്ത സാമ്പത്തിക ദൃഢതയുള്ള സെന്റ്‌.ട്രീസസിന്റെ കൂടെ സഞ്ചരിക്കാന്‍ എന്തുകൊണ്ടോ എനിക്കായില്ല. അതിനപ്പുറം പച്ചമനുഷ്യര്‍ അണിനിരന്ന മഹാരാജാസിനെ തന്നെയാണ് എനിക്കിഷ്ടം.
ഒടുവിലായി, ക്ലൈമാക്സ്‌ സുന്ദരമാക്കിയ ആ കലാ സംവിധായകന് നൂറു നൂറു നമസ്കാരം...!!!

Wednesday, August 16, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം മൂന്ന്

താമരശ്ശേരിയില്‍ ചെറിയച്ഛനെ കൊണ്ട് വിട്ടതിനു ശേഷം ഞാന്‍ വീണ്ടും ഒരിക്കല്‍ അവിടെ പോയി. ചെറിയച്ഛന്‍റെ താടിയും മുടിയും എല്ലാം പറ്റെ വെട്ടി ഒതുക്കിയിരിക്കുന്നു. അവിടെ മറ്റുള്ള അന്തേവാസികളുമായി മാനസികമായി പാടെ വേറിട്ടിരുന്നത്, അവരുമായി കൃത്യമായ അകലം പാലിച്ചിരുന്നത് ഒരുപക്ഷെ ചെറിയച്ഛന്‍ മാത്രമായിരുന്നിരിക്കാം. പക്ഷെ രോഗികളായ അവിടത്തെ ആളുകള്‍ ചെറിയച്ഛനോടും ഞങ്ങളോടും വല്ലാത്ത അടുപ്പം കാണിച്ചു. ചെറിയച്ഛന്‍റെ രോഗാതുരമായ ശരീരം മനസ്സില്‍ ഏല്‍പ്പിച്ച മരവിപ്പ്,  മറ്റാരേക്കാളും അവര്‍ മനസിലാക്കിയിരുന്നിരിക്കണം...
സ്വയം ക്ഷണിച്ചുണ്ടാക്കിയ ഒറ്റപ്പെടലിന്‍റെ ഇടയിലേക്ക് ഞങ്ങള്‍ കടന്ന് ചെന്നപ്പോള്‍ ചെറിയച്ഛന്‍റെ കണ്ണില്‍ ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വച്ച നനവില്‍ പലതും പറയാനുണ്ടായിരുന്നിരിക്കാം. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, തൊണ്ടയില്‍ നിന്ന് വന്ന കാറ്റിന്‍റെ ശബ്ദം പറഞ്ഞു. " കുറച്ച് അച്ചാര്‍ വേണം, നാവിനൊന്നും രുചി തോനുന്നില്ല".
ചെറിയച്ഛന് വീട്ടിലെ അടുക്കളയില്‍ വെന്തും ചതഞ്ഞും മുരിഞ്ഞും പാകം വന്ന രുചികള്‍ ഉണ്ടായിരുന്നു, ബന്ധുമിത്രാദികളുടെ സ്നേഹശാസനകളുടെ സ്പര്‍ശമുണ്ടായിരുന്നു, പുതു മഴ മണ്ണിനെ തൊട്ട ഗന്ധമുണ്ടായിരുന്നു, മാനവഘോഷങ്ങളുടെയും പ്രകൃതിയുടെയും ശബ്ദമുണ്ടായിരുന്നു, പച്ച പുതച്ച കാഴ്ച്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഏതോ നിമിഷത്തെ ചാപല്യം ചെറിയച്ഛനെ ഇതിനെല്ലാം അന്യനാക്കി...
അതിനു ശേഷം ഒരിക്കല്‍ കൂടി മാത്രമേ അവിടേക്ക് എനിക്ക് പോവേണ്ടി വന്നുള്ളൂ. ചെറിയച്ഛനെ കാണാന്‍ പോയ അച്ഛമ്മ അവിടെ എത്താന്‍ കാത്തു നിന്നില്ല. എന്നും യാത്രകളില്‍ ആയിരുന്ന ചെറിയച്ഛന്‍ അവസാന യാത്രക്ക് തിടുക്കം കാണിച്ചു. പുറകെ പോയ ഞാന്‍ വെള്ള പുതച്ച ചെറിയച്ഛന്‍റെ ശരീരവും അതിനടുത്ത് തേങ്ങി ഇരിക്കുന്ന അച്ഛമ്മയേയുമാണ് കണ്ടത്...
അച്ഛനും മറ്റു ബന്ധുക്കളുമടക്കം കാണേണ്ടവര്‍ എല്ലാം തന്നെ ജീവനുള്ള ചെറിയച്ഛനെ രോഗനാളുകളില്‍ കണ്ടു കഴിഞ്ഞു. വീണ്ടും ഒരു കാഴ്ച്ചവസ്തുവായി ആ ശരീരം വയ്ക്കേണ്ടതില്ല. ഉയരം കുറഞ്ഞ ചെറിയച്ഛന്‍റെ ശരീരത്തിന് ഇനി വേണ്ടത് ആറടി പോലും തികച്ചു വേണ്ടാത്ത മണ്ണാണ്. തല്‍ക്കാലം അതിനു തരമില്ല. ആ രാത്രി തന്നെ ഐവര്‍ മഠത്തിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. അമ്മയും അച്ഛമ്മയും അച്ഛന്റെ അമ്മാവനുമെല്ലാം രാജേട്ടന്റെ ടാക്സി കാറില്‍ പുറപ്പെട്ടു. ഞാന്‍ ആംബുലന്‍സില്‍ ചെറിയച്ഛന്‍റെ ശരീരത്തിന് കൂട്ടായി ഇരുന്നു...!!
രോഗം ഒരുപാട് ക്ഷീണം നല്‍ക്കിയ കറുത്ത് മെലിഞ്ഞ  ആ ശരീരം മരണത്തിന്‍റെ സ്പര്‍ശത്തില്‍ കൂടുതല്‍ ഭീതി ജനിപ്പിക്കാന്‍ പോന്നതായിരുന്നു. പക്ഷെ പത്തൊന്‍പതുകാരനായ എന്‍റെ ഭയത്തെ ഉണര്‍ത്താതെ ആ യാത്ര തുടര്‍ന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകില്‍ ഒറ്റയ്ക്കിരിക്കണ്ട എന്ന് പറഞ്ഞ് മുന്‍പില്‍ പിടിച്ചിരുത്തി...!!
ഐവര്‍ മഠത്തിലെ ചിതയ്ക്ക് ചുറ്റും ഈറനുടുത്ത ഞാന്‍ അര്‍ത്ഥമറിയാത്ത എന്തൊക്കയോ ചടങ്ങുകള്‍ ചെയ്തു തീര്‍ത്തു. എന്‍റെ കയ്യില്‍ ആരോ വച്ചു തന്ന കത്തുന്ന കമ്പിലെ അഗ്നി ഏറ്റുവാങ്ങി കറുത്ത പുകയായി ആ ശരീരം അവസാനിച്ചു...ഇരുട്ടില്‍ ആ പുക കാഴ്ചയില്‍ പതിഞ്ഞില്ല... ഒരല്‍പ്പമെങ്കിലും വെളിച്ചമുണ്ടയിരുന്നെങ്കില്‍ ആ പുകയും ജീവിതവും ആരെങ്കിലും കണ്ടേനെ...!!
(മരണം തന്നെ അവസാനം)

Sunday, August 6, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം രണ്ട്

ചെറിയച്ഛനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് കയറുന്നത്. വഴി നീളെ നിലത്തും കട്ടിലിലും പലവ്യാധി ചിക്ത്സ തേടുന്ന രോഗികള്‍. പല കാഴ്ചകളും നിറമില്ലാത്ത ജീവിതങ്ങളുടെതായിരുന്നു. ചുമയുടെയും ഞരക്കങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും അന്തരീക്ഷമാകെ ബഹളമയം. ചോരയുടെയും പുണ്ണിന്‍റെയും തുന്നിക്കെട്ടലുകളുടെയും കാഴ്ച്ചകള്‍. ഡെറ്റോളോ ഫെനോയിലോ കൊണ്ട് തൂത്ത നിലത്തെ രൂക്ഷ ഗന്ധത്തിനുമപ്പുറം മറ്റു പല ദുര്‍ഗന്ധങ്ങളും എന്നെ അസ്വസ്ഥനാക്കി.
ചെറിയച്ഛന്‍റെ കഴുത്തിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഞങ്ങള്‍ വീടിലെത്തി. രണ്ടു മുറികള്‍ ഉണ്ടായിരുന്ന ആ വാടക വീട്ടിലെ എന്‍റെ മുറി അന്ന് മുതല്‍ എനിക്ക് നഷ്ടമായി. കുടുംബക്കാരും പരിചയക്കാരും മറവിയുടെ അതിരുകള്‍ക്ക് അപ്പുറം മാറ്റി നിര്‍ത്തിയ ചെറിയച്ഛന്‍റെ ശബ്ദമില്ലാത്ത ജീവന്‍ കാണാന്‍ പലരും ഓര്‍മ്മകളുടെ അതിരുകടന്നു വന്നു ആ മുറിയിലേക്ക്.
ചിലരുടെ മുഖത്ത് നിന്നും വീണ സഹതാപത്തില്‍ ആ മുറിയും, ചിലപ്പോഴൊക്കെ ആ വീട് മുഴുക്കനെയും തിങ്ങി വിങ്ങി. ചിലരെങ്കിലും, എഴുതാതെ എഴുതി വച്ച വ്യവസ്ഥാപിത സാമുഹിക പഥത്തില്‍ നിന്നും വ്യതിചലിച്ചു പോയ ജീവിതത്തോടുള്ള പുച്ഛവും അവിടെ വരി വിതറി.
ചെറിയച്ഛന്‍റെ കഴുത്തിലെ ആ ഉപകരണം ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാന്‍ എല്ലാവര്‍ക്കും അറപ്പായിരുന്നു. കഫം കയറി കടുത്ത ദുര്‍ഘന്ധം വമിചിരുന്ന ആ ഉപകരണത്തിലെ കുഴല്‍ എടുത്ത് അതിനുള്ളില്‍ ഈളിക്കിലോ മറ്റോ ഇട്ടു നന്നായി വെള്ളത്തില്‍ കഴുകി എടുക്കാന്‍ ഉള്ള കര്‍ത്തവ്യം ഞാന്‍ സ്വമേധയാ ഏറ്റെടുത്തു.
ഉയരം കുറഞ്ഞ ആ മുറിയുടെ തട്ടില്‍ നോക്കി ഒരക്ഷരം പോലും ഉരിയാടാതെ ചെറിയച്ഛന്‍ കിടന്നു. പലര്‍ക്കും കാഴ്ച്ചവസ്തുവായി. മുന്‍പ് പലപ്പോഴും അച്ഛമ്മയുടെ മുന്‍പില്‍ കോപം പൂണ്ട് ജ്വലിച്ചു നിന്ന മനുഷ്യന്‍ പെട്ടന്ന് എന്‍റെ പോലും വാക്കുകള്‍ക്ക് വിധേയനായി.
അവധിക്കാലം കഴിഞ്ഞു, എനിക്കും ക്ലാസ്സ്‌ തുടങ്ങി. പകല്‍ വീട്ടില്‍ ആളില്ലാത്ത അവസ്ഥയായി. ഒരു ഹോം നേഴ്സിനെ താങ്ങാന്‍ പറ്റുന്ന സാമ്പത്തിക സ്ഥിതി ഇതുവരെ കൈവരിച്ചിട്ടില്ല. ഒരിക്കലും സ്നേഹമോ സഹതാപമോ തോന്നാന്‍ പാകത്തിന് ചെറിയച്ഛനോട് അച്ഛനും അച്ഛമ്മക്കും ഒഴികെ ഞങ്ങള്‍ക്കാര്‍ക്കും ഒരു ബന്ധം തോന്നിയില്ല എന്നതും സത്യം. തല്‍ക്കാലം താമരശ്ശേരിയില്‍ ഉള്ള ഒരു  ക്രൈസ്തവ ആതുര ഭവനത്തിലേക്ക്‌ ചെറിയച്ഛനെ മാറ്റാം എന്ന് തീരുമാനിച്ചു. അങ്ങോട്ടുള്ള യാത്രക്ക് മുന്‍പ് ഏതോ ബന്ധുക്കളുടെ അന്വേഷണത്തില്‍ ചെറിയച്ഛന് തമിഴ്നാട്ടില്‍ എവിടെയോ ഒരു കുടുംബം ഉണ്ട് എന്നറിഞ്ഞു. ഭാര്യയും മക്കളും ഉണ്ടത്രെ. അന്വേഷിക്കാന്‍ ഞങ്ങളാരും മെനക്കെട്ടില്ല. ഒരുപക്ഷെ കൂടുതല്‍ മെനക്കേടായാലോ..!!
അധികം വൈകാതെ ചെറിയച്ഛനെ കൊണ്ട് ഞങ്ങള്‍ താമരശ്ശേരിയിലേക്ക് പോയി. പത്തു മുപ്പതു കാന്‍സര്‍ രോഗികള്‍ പാര്‍ക്കുന്ന സ്ഥലം. എല്ലാവര്‍ക്കും നല്ല പരിചരണം കിട്ടുന്നു. ചികിത്സയും പ്രാര്‍ത്ഥനയും സേവനവും നിറഞ്ഞ അന്തരീക്ഷം. കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ ശരിക്കും മാലാഖമാര്‍ ആയി കുടികൊള്ളുന്ന ഇടം. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് സ്വയം രോഗിയാണെന്ന ചിന്തകള്‍ക്ക് കതകു പൂട്ടി സേവങ്ങളില്‍ മനസര്‍പ്പിക്കുന്ന മറ്റു അന്തേവാസികള്‍.
സുരക്ഷിതമായ, ഒരുപക്ഷെ ഈ കേരള ഭൂപടത്തില്‍ ചെറിയച്ഛന് ഏറ്റവും ചേരുന്ന ഇടത്തില്‍ ചെറിയച്ഛനെ എത്തിച്ച സമാധാനത്തില്‍ ഞങ്ങള്‍ പടിയിറങ്ങി. ഞങ്ങളുടെ തിരിഞ്ഞു നടത്തത്തിനിടയില്‍ ചെറിയച്ഛന്‍റെ കണ്ണില്‍ നനവ്‌ പടര്‍ന്നിരുന്നോ?? അറിയില്ല, ഞാന്‍ അന്ന് തിരിഞ്ഞു നോക്കിയതേ ഇല്ല...!!
(തുടരും)

Saturday, August 5, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം ഒന്ന്

ഡിഗ്രി രണ്ടാം സെമസ്റ്റര്‍ കഴിഞ്ഞ സമയം.. അവധിക്കാലമാണ്‌.. ഒരുയാത്രയാകാം എന്ന കുടുംബ തീരുമാനം വല്ലാതെ സന്തോഷിപ്പിച്ചു. ബംഗ്ലൂരിലേക്ക് പോവാം എന്ന തീരുമാനം ആ സന്തോഷത്തീയിലേക്ക് ഒഴിച്ച നല്ലെണ്ണയായി.. എനിക്ക് ഏറ്റവും പ്രിയമായ കസിന്‍സ് ഉള്ള ബാംഗ്ലൂരിലേക്ക്.. എസ്കെഎസിലെ മൂട്ടകടിക്കുന്ന ബസ്സില്‍ അന്നത്തെ എന്‍റെ സ്വപ്നയാത്ര തുടങ്ങി.. കലാസിപാളയാത്തെ മടുപ്പിക്കുന്ന നാറ്റത്തെ മറികടന്ന് തുംകൂര്‍ റോഡിലെ മാധനായകഹള്ളിയിലെ അച്ഛന്‍പെങ്ങളുടെ വാടക വീട്ടിലെത്തി.. അന്ന് അവിടം ഇന്നത്തെ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പൊലിമയിലേക്ക് എത്തിയിട്ടില്ല. തികച്ചും ഒരു കുഗ്രാമം..!!
വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ആ വീട്ടില്‍ അവധിക്കാലം തുടങ്ങി.. തികച്ചൊരു മീറ്റര്‍ പോലും വീതി സൗകര്യമില്ലാത്ത ശോച്യാലയവും അടുക്കളയിലെ പാത്രം കഴുകുന്ന ഇടത്തിലെ കുളിമുറി സൗകര്യങ്ങളും ബാംഗ്ലൂര്‍ അവധിക്കാല സ്വപ്നങ്ങള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചു..!! ദിനമൊന്നുരണ്ടു കഴിഞ്ഞപ്പോള്‍ ആവാസമേഘല നഗര പരിധിക്കുള്ളിലെ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു മാറി.. ജെപി നഗറിലെ ആ വീട്ടില്‍ താരതമ്യേന ഭേദപെട്ട സൗകര്യങ്ങള്‍ കിട്ടി... വിഷുക്കാലമായിരുന്നു അത്.. ആ വീട്ടില്‍ വച്ചു കണി കണ്ടു, അവിടെ ഉള്ളവരില്‍ പലരില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി ആഘോഷസന്തോഷം നുകരുന്നതിന് മുന്‍പ് നാട്ടില്‍ നിന്ന് ഒരു ഫോണ്‍കാള്‍ വന്നു.. !!!
അച്ഛന്റെ ചേച്ചിയാണ്, അച്ഛന്റെ അനിയന്‍ നാട്ടില്‍ വന്നിട്ടുണ്ട്.. ശാരിരികമായി അത്ര സുഖമില്ല...!! കണി കണ്ടു തുടങ്ങിയ ആ വര്‍ഷത്തെ സന്തോഷം അവിടെ അവസാനിച്ചു. അടുത്ത ബസില്‍ അവധിയാത്ര  നിര്‍ത്തി തിരിച്ച് എത്രയും പെട്ടന്ന് മഞ്ചേരിയിലേക്ക് പോവണം..!! ബാംഗ്ലൂര്‍ നഗരത്തിലെ എന്നും എന്നെ ത്രസിപ്പിച്ച മായക്കാഴ്ചകള്‍ മതിയാക്കി അന്ന് രാത്രി തന്നെ തിരിച്ച്, ഞാന്‍ കണ്ടു മടുത്ത മഞ്ചേരിയുടെ മണ്ണിലേക്ക് തന്നെ..!!

മഞ്ചേരിയിലെ ഞങ്ങളുടെ വാടക വീട്ടില്‍ തിരിച്ചെത്തി അധികമാകും മുന്‍പ് അച്ഛന്‍ പെങ്ങളും ചെറിയച്ഛനും വീട്ടില്‍ എത്തി..!! അച്ഛന്റെ അനിയന്‍ ചെറു പ്രായത്തില്‍ നാടുവിട്ടു പോയതാണ്.. എന്തിനാണ് പോയതെന്ന് എനിക്കറിയില്ല.. പക്ഷെ ചെറുപ്രായം മുതല്‍ ഞാന്‍ കേട്ട് വളര്‍ന്ന ഒരു പ്രയോഗമുണ്ട്.. "പഠിക്കാതെ നടന്നാല്‍ അവസാനം ഉണ്ണി ചെറിയച്ഛനെ പോലെ ആവും" എന്ന്.. ആ ഉണ്ണി ചെറിച്ഛന്‍ ആണ് ഇന്ന് വരാന്തയില്‍ നില്‍ക്കുന്ന എല്ലുന്തിയ ശരീരം...!!
വീടിനകത്ത് നിന്നും വിതുമ്പലില്‍ ചാലിച്ച ചില ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.. കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ എന്ന ഉദ്ദേശത്തില്‍ ആണ് ചെറിയച്ഛന്‍ വന്നിരിക്കുന്നത്.. അച്ചമ്മയുടെ (അച്ഛമ്മ ഒരു ലേഡിസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നു) കൂടെ ലേഡിസ് ഹോസ്റ്റലില്‍ കഴിഞ്ഞ സമയത്ത് ചെറിയച്ഛന്‍റെ തെളിമയില്ലാത്ത ചില രൂപങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്... കടം കയറി അച്ഛന്‍ ഗള്‍ഫില്‍ അഭയം പ്രാപിക്കും മുന്‍പ് വിറ്റ മുത്തച്ഛന്റെ സ്വത്തില്‍ അവകാശം പറഞ്ഞ്,  അച്ഛനെ ഒരുപാട് പ്രാകി, അച്ഛമ്മയുടെ കയ്യില്‍ നിന്നും ഉള്ളത് പിടുങ്ങി വണ്ടി പോവുന്ന  ക്രൂരനായ മനുഷ്യനായിരുന്നു എന്‍റെ ഓര്‍മ്മയിലെ ചെറിയച്ഛന്‍..
എന്‍റെ ഓര്‍മ്മകളുടെ പിന്‍പറ്റി ചെറിയച്ഛന് പല രൂപങ്ങള്‍ ഉണ്ട്..പണ്ട് കടം കയറി വിറ്റ്‌ കളഞ്ഞ ഞങ്ങളുടെ പഴയ വീട്ടില്‍ പനി പിടിച്ചു റെസ്ക് കഴിച്ചു കിടന്ന രൂപം ഒന്ന്.. പലപ്പോഴായി ഉള്ള വരവില്‍ കള്ളം പറഞ്ഞ് അമ്മയില്‍ നിന്നും അച്ഛന്‍ പെങ്ങളില്‍ നിന്നും പൊന്നും പണവും കട്ട് മുങ്ങുന്ന മുഴുത്ത കള്ളന്‍റെ രൂപം മറ്റൊന്ന്..!!ഇന്ന് ഇറയത്ത്‌ ചുമച്ച് കഫം തുപ്പുന്ന മറ്റൊരു രൂപം...
വയപ്പാറപ്പടി അങ്ങാടിയിലേക്ക് ഇറങ്ങാന്‍ പോയ ചെറിയച്ഛന്‍റെ കൂടെ എന്നോട് കൂട്ടിനു പോവാന്‍ അകത്തു നിന്നും നിര്‍ദ്ദേശം വന്നു. അങ്ങാടിയില്‍ ചെന്ന്ഹോട്ടലില്‍ നിന്നും ചായ വാങ്ങി കൂടെ ഒരു ബീഡിയും.. ബീഡിയുടെ ഓരോ പുകയും ചെറിയച്ഛന്  അസഹനീയമായ ചുമ സമ്മാനിച്ചു..
പിറ്റേന്ന് യാത്ര മെഡിക്കല്‍ കോളേജിലേക്ക്.. അന്ന് ഉച്ചക്ക് മുന്‍പ് ചെറിയച്ഛന് എന്തോ oru ഓപറേഷന്‍ കഴിഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് ശബ്ദമില്ലാത്ത ചെറിയച്ഛനെ ആയിരുന്നു. കഴുത്തില്‍ ഒരു ഉപകരണവും വച്ചു കൊണ്ട് ചെറിയച്ഛന്‍ റൂമിലേക്ക് വന്നു... അന്ന് ഞാന്‍ അറിഞ്ഞു ചെറിയച്ഛന് തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നു എന്ന്..!!

Monday, June 13, 2016

മല്ലള്ളിയില്‍ നീരാട്ട്

മന്സരബാദില്‍ നിന്ന് യാത്രയുടെ തുടര്‍ച്ച....
നേരത്തെ നിശ്ചയിച്ച ഒന്നായിരുന്നില്ല മല്ലള്ളി കാണാനുള്ള തീരുമാനം. മന്സരബാദില്‍ നിന്ന് എങ്ങോട്ട് എന്ന അന്വേഷണത്തില്‍ വഴിവാണിഭക്കാരാണ് ഞങ്ങളുടെ കാഴ്ച്ച കാണാനുള്ള വിശപ്പിനെ മല്ലള്ളിയെന്ന ബിരിയാണി കാണിച്ച് കൊതിപ്പിച്ച് വഴി തിരിച്ച് വിട്ടത്. മന്സരാബാദില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന ചെറിയ വഴിയിലായിരുന്നു ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നത്. താഴെ വലിയ വഴി ഉണ്ടായിട്ടും, അതുവഴി തന്നെ മുന്‍പോട്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞ് വീണ്ടും ഗൂഗിള്‍ അമ്മാച്ചി സാനിദ്ധ്യം അറിയിച്ചു. അതൊരു വന്‍ "ചതി" ആയിരുന്നു. കുറച്ച് ദൂരം മുന്‍പോട്ടു പോയി, വണ്ടി അറഞ്ചം പുറഞ്ചം കുഴികളില്‍ വീണ്, ടാറുള്ള റോഡിന്‍റെ ഭാഗം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വരെ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞില്ല. വയറിന്‍റെ വിളി പതിവ് സമയത്ത് തന്നെ തുടങ്ങി. വഴികളില്‍ ഹോട്ടലുകള്‍ ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ വനങ്കൂര്‍ എന്ന ചെറിയ ടൌണില്‍‌ എത്തി. നാട്ടിലെ മക്കാനികളെ ഓര്‍മ്മിപ്പിക്കും വിധം ബെഞ്ചും മേശയും ചില്ലലമാറയും ഭരണികളും ഒക്കെയുള്ള ആ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് വാഴയിലയില്‍ ചൂട് ചോറും കറികളും മീന്‍ വറുത്തതും കൂട്ടി ഊണ്. കിട്ടിയ മീന്‍ ഭംഗി പോര എന്നും പറഞ്ഞ് കെ കെ യും പ്രവിയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കൈ കഴുകി ഇടുങ്ങിയ അടുക്കളയിലേക്ക് കിളി വാതില്‍ വഴി എത്തി നോക്കിയപ്പോള്‍ അടുപ്പത്ത് വരിവരിയായി വറുക്കാന്‍ ഇട്ടിരിക്കുന്ന മീനുകള്‍.
അല്‍പ്പം വിശ്രമിച്ച്‌ ഞങ്ങള്‍ മല്ലള്ളിയിലേക്കുള്ള വളവുള്ള കയറ്റങ്ങള്‍ കയറിത്തുടങ്ങി.
മല്ലള്ളിയിലേക്കുള്ള മണ്‍പാതയില്‍ പണി നടക്കുകയാണ്, വണ്ടി കൊണ്ടുപോവാം എന്ന് പല ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും അത് വേണ്ട എന്ന് വച്ചു. അത് നന്നായി എന്ന് മുന്‍പോട്ടുള്ള വഴികളില്‍ നടന്നപ്പോള്‍ മനസ്സിലായി. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ നടത്തമുണ്ട് മല്ലള്ളിയുടെ മുകള്‍ ഭാഗത്തേക്ക്‌. മുന്‍പൊരിക്കല്‍ മറ്റൊരു യാത്രക്കിടയില്‍ മല്ലള്ളിയുടെ ദൂരക്കാഴ്ച കണ്ടിട്ടുണ്ട്. അന്ന് അവിടെ സന്ദര്‍ശനം സൗജന്യമായിരുന്നു. ഇന്നുപ്പോ അവിടേക്ക് ചെറിയ ഒരു പ്രവേശന ഫീസ്‌ ഉണ്ട്. രണ്ടു കടകളും തുറന്നിരിക്കുന്നു. മുകളില്‍ നിന്ന് മുന്‍പ് ഞാന്‍ മഴക്കാലത്ത്‌ കണ്ട ആ വലിയ വെള്ളച്ചാട്ടം വേനലില്‍ വല്ലാത്ത മെലിഞ്ഞിരിക്കുന്നു. എങ്കിലും സുന്ദരി തന്നെ.!!
മുകളില്‍ നിന്ന് വെള്ളച്ചാട്ടത്തിനു കീഴെ വരെ പുതുതായി പണിത സിമെന്റ് പടികള്‍, ഞങ്ങള്‍ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. ഒരല്‍പം താഴെയായി ഒരു ചെറിയ വ്യൂ പോയന്‍റ് പോലെ ഒരു മുനമ്പ്, ഞങ്ങള്‍ കുറച്ച് ഫോട്ടോ എടുത്തു. ഒരല്‍പ്പം സാഹസികത ഉണ്ട് അവിടത്തെ നില്‍പ്പിനു. താഴേക്ക് വീണാല്‍ പിന്നെ സ്വാഹ..!! അത് വഴിവന്ന മുറിമലയാളം അറിയാവുന്ന ഒരു സ്ത്രീ ഞങ്ങളെ ഉപദേശിച്ചു. ഇവിടെ നിന്ന് വീണ് ചവണോ എന്നൊക്കെ ചോദിച്ചു. അവിടെ നിന്നുള്ള മനോഹര മരണവും പാണ്ടി ലോറി കയറിയുള്ള ഭീകര മരണവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു പ്രവിയുടെ തിരിച്ചുള്ള മറുപടി. ഭര്‍ത്താവിനൊപ്പം "ടൂറിസ്റ്റ്" ആയി വന്ന അവര്‍ കൂടുതല്‍ ഒന്നും പറയാതെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. പുറകെ ഞങ്ങളും. പത്തു പടികള്‍ കഴിഞ്ഞില്ല, താഴേക്കുള്ള പടികളും ദൂരവും കണ്ട നെടുവീര്‍പ്പില്‍ അവര്‍ താഴേക്ക്‌ പോവാനുള്ള ഉദ്യമം അവസാനിപ്പിച്ചു. കഷ്ടപ്പെടാന്‍ വയ്യ...!! ഞങ്ങള്‍ താഴേക്ക്‌ വീണ്ടും നടന്നു.
മല്ലള്ളിയുടെ മടിത്തട്ടില്‍ എത്തി. കയ്യില്‍ വടിയേന്തിയ ഒരാള്‍ വെള്ളച്ചാട്ടത്തിനു അടുത്ത് നിന്ന് കൈ വീശി വഴി കാണിച്ചു. ഒരു വലിയ പാറപ്പുറത്ത് വെള്ളം താഴെ പതിക്കുന്നതിന് അടുത്ത് ഞങ്ങള്‍ കുറച്ച് വിശ്രമിച്ചു. കുറച്ച് നേരം ഞങ്ങള്‍ക്ക് വഴി കാണിച്ചു തന്ന ആളോട് കുശലം പറഞ്ഞു. ആ മലക്ക് കീഴെയുള്ള ഒരു കൃഷിക്കാരനാണ്‌ അയാള്‍. കയ്യില്‍  മദ്യമുണ്ടോ എന്ന ഞങ്ങളോടുള്ള ചോദ്യത്തിന് അയാള്‍ക്ക് സന്തോഷമുള്ള ഒരുത്തരം കിട്ടാതെ അയാളുടെ മുഖം വാടി. കുറച്ച് നേരം അയാളോട് സംസാരിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി ഞങ്ങള്‍ എണീറ്റു. അവിടെ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതിലും നല്ലത് കുറച്ച് കൂടെ താഴെ പോയി ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത് എന്ന് തോന്നി ഞങ്ങള്‍ കുറച്ച് കൂടെ താഴേക്ക്‌ ഇറങ്ങി.
നല്ല ചൂടുള്ള സമയത്ത് നടന്ന ക്ഷീണം തീരാന്‍ ആ തണുത്ത ജലധാരയുടെ ഒരു സ്പര്‍ശനം മതിയായിരുന്നു. മുക്കാലും നഗ്നമായ ഞങ്ങളുടെ ശരീരങ്ങള്‍ പാറകളിലൂടെ വേഗത്തില്‍ താഴേക്ക്‌ കുതിച്ച ആ വെള്ളച്ചാട്ടത്തില്‍ ഒളിപ്പിച്ചു. ഒരുവശത്ത് കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുറച്ച് നേരം നീന്തി. നല്ല വഴുക്കുള്ള പാറയില്‍ വീഴാന്‍ ഊഴം വന്നത് പ്രവിക്ക്. നേരത്തെ ഉപദേശിച്ച ചേച്ചിയുടെ പ്രാക്കാനെന്നും പറഞ്ഞ് നൊന്തയിടം തടവി അവന്‍ വേദനയമര്‍ത്തി. സുബിയും കെകെ യും ഫോട്ടോ എടുത്ത് മരിച്ചു. ഒരുപാട് വൈകാതെ സന്ധ്യക്ക്‌ മുന്‍പ് ഞങ്ങള്‍ തിരിച്ച് കയറി.
തിരിച്ച് കയറും വഴി സുബി പടികള്‍ ഒഴിവാക്കി മറ്റൊരു മണ്‍പാത വഴി കയറാം എന്ന ആശയം വച്ചു. അത് "കൊല ചതി" ആയിരുന്നു. മെലിഞ്ഞിരിക്കുന്ന അവന്‍ ഓടിക്കേറി പോയി. സാമാന്യം തടിയുള്ള ഞാനും കെ കെ യും നന്നേ പാട് പെട്ടു. അത്രയ്ക്ക് കുത്തനെ ആയിരുന്നു ആ കയറ്റം. കിതപ്പ് കാരണം മിണ്ടാന്‍ പറ്റാത്തത് അവന്‍റെ ഭാഗ്യം, പച്ച തെറി ആയിരുന്നു മനസ്സില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. അതിന്‍റെ ഭാവമാറ്റങ്ങള്‍ ആ ക്ഷീണത്തിലും ഞങ്ങളുടെ മുഖത്തുണ്ടായിരുന്നു. മുകളിലെത്തി ഒരു കടയില്‍ നിന്ന് വെള്ളവും കപ്പ വറുത്തതും കഴിച്ച ആശ്വാസത്തില്‍ സുബിയോടുള്ള ദേഷ്യം മറന്നു പോയി.
ഇരുട്ടാകും മുന്‍പ് തിരിച്ച് വണ്ടി വരെ നടന്നെത്തി. വണ്ടിയില്‍ കയറും മുന്‍പ് തൊട്ടടുത്തു കണ്ട തോട്ടില്‍ കാല്‍ കഴുകി, എന്താ ഒരു സുഖം..!! ഈ വേനലിലും എന്താ ആ വെള്ളത്തിന്‌ തണുപ്പ്...!! വണ്ടിയെടുത്ത് വീണ്ടും വനങ്കൂരിലേക്ക്, എന്തെങ്കിലും കഴിക്കണം, നല്ല ക്ഷീണമുണ്ട്, പെട്ടന്ന് തല ചായ്ക്കാന്‍ സ്ഥലം കണ്ടെത്തണം..!!
(തുടരും..)

Wednesday, March 23, 2016

മന്സരബാദ് കോട്ട

രണ്ടു മാസം മുന്‍പാണ്, മാസത്തില്‍ ഒരു യാത്രയെങ്കിലും നടത്തുക എന്ന തീരുമാനം എടുത്തത്‌. കഴിഞ്ഞ മാസം വയനാട്ടിലെ ഊരുതെണ്ടി മീറ്റ്‌ കഴിഞ്ഞപ്പോഴേ ബാംഗ്ലൂര്‍ ഊരുതെണ്ടി യുണിറ്റിനോട് ഒരുങ്ങി ഇരുന്നു കൊള്ളാന്‍ പറഞ്ഞതാണ്. മറ്റാരും വന്നില്ലെങ്കിലും സുബിത്തും കൂട്ടരും വരും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് തന്നെ സംഭവിച്ചു, വേറെ ആരും വന്നില്ല, സുബിത്തും കൂട്ടരും വന്നു... കൂട്ടര്‍ എന്നുവച്ചാല്‍ കെ കെ (കരുവാരകുണ്ട് ചുരുക്കിയത്) എന്ന ജിനേഷും (ജിനു എന്ന് അവന്‍ സ്വയം വിളിക്കും) പ്രവി എന്ന പ്രവീണും. ഹാസ്സന്‍ ജില്ലയിലെ സ്ഥലങ്ങള്‍ കാണാം എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങള്‍ ഒന്നും ഇല്ലായിരുന്നു, ഷെട്ടിഹള്ളി അല്ലാതെ. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 5 മണി ഞാന്‍ കാറും എടുത്ത് വീട്ടില്‍ നിന്നിറങ്ങി. കാര്‍ത്തിക് നഗറില്‍ നിന്നും ബാക്കി ഉള്ളവരും കൂടെ കൂടി. ആദ്യം എവിടെ പോവണം എന്ന് അപ്പോള്‍ മാത്രമാണ് ചിന്തിക്കാന്‍ തുടങ്ങിയത്. സുബിത് ആണ് പറഞ്ഞത് മന്സരബാദ് കോട്ട കാണാന്‍ പോവാം എന്ന്. പലവട്ടം സകലെഷ്പൂര് പോയിട്ടുണ്ടെങ്കിലും ഇതുവരെ ആ കോട്ട കാണാന്‍ കഴിഞ്ഞിരുന്നില്ല. ഓരോന്നിനും അതിന്‍റെതായ സമയമുണ്ടല്ലോ, അല്ലെ ദാസാ...!!
 നെല്‍മംഗല കഴിഞ്ഞു ഹാസ്സന്‍ ഹൈവേ കയറി ആദ്യത്തെ ടോള്‍ കഴിഞ്ഞ് പെട്രോള്‍ അടിക്കാന്‍ നിര്‍ത്തി. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹൈവേകളില്‍ കാണിക്കുന്ന ചില സ്ഥിരം നമ്പറും തട്ടിപ്പും അവര് ഞങ്ങളുടെ അടുത്തും പയറ്റാന്‍ നോക്കിയെങ്കിലും, കട്ടക്ക് നിന്നത് കൊണ്ട് കബളിപ്പിക്കപ്പെട്ടില്ല. അത് കഴിഞ്ഞു തൊട്ടടുത്തുള്ള ചെറിയ ഹോട്ടലില്‍ കയറി ബാംഗ്ലൂരില്‍ നിന്നുള്ള യാത്രകളില്‍ സ്ഥിരമുള്ള പ്രാതലായ തട്ടേ ഇടലി തട്ടി. നേരത്തെ എഴുന്നേറ്റതുകൊണ്ടാവാം, ഭക്ഷണ ശേഷം ചെറിയ മയക്കം തോന്നി. വണ്ടി പ്രവിയെ ഏല്‍പ്പിച്ച് ഞാന്‍ കുറച്ച് നേരം പിന്‍സീറ്റില്‍ ഇരുന്ന് മയങ്ങി. മയങ്ങി ക്ഷീണിച്ച കെകെ വീണ്ടും മയങ്ങി എനിക്ക് കൂട്ട് തന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി ആകെ ഒന്ന് ഉലഞ്ഞു... നിരനിരയായി ഉണ്ടായിരുന്ന ഒരു ഹമ്പിന്‍കൂട്ടത്തിനു മുകളിലൂടെ അത്യാവശ്യം നല്ല വേഗത്തില്‍ "പട്കൊപടുകൊപട്കോ" എന്നും പറഞ്ഞ് വണ്ടി പാഞ്ഞു. ആ ഉലച്ചിലില്‍ എന്‍റെയും കെകെ യുടെയും ഉറക്കത്തിന് അതിസാരമായി പരിക്കേറ്റു. ഞങ്ങളുടെ ഉറക്കം തടസ്സപ്പെടാനായി പ്രവി മനപൂര്‍വ്വം ബ്രേക്ക്‌ ഇടാത്തതാണ് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു. വണ്ടി ഒന്ന് നിര്‍ത്തി വിശ്രമിക്കാന്‍ ഒരു തണല്‍ അന്വേഷിച്ച് കുറെ നേരം നോക്കി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിന്‍റെ അരികില്‍ ഒരു തണല്‍ കണ്ടെത്താന്‍ ഞങ്ങള്‍ നന്നേ പാട് പെട്ടു. പിന്നെ ഒരു കുഞ്ഞ് മരത്തിന് കീഴില്‍ വിശ്രമിച്ചു, ശേഷം ഞാന്‍ ഡ്രൈവിംഗ് ഏറ്റെടുത്തു.
ഹാസ്സന്‍ കഴിഞ്ഞു സകലെഷ്പൂര് അടുക്കുംതോറും റോഡിനു ഇരുപുറവും കാപ്പിത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി. ഈ വേനലിലും അവിടങ്ങളില്‍ പച്ചപ്പ്‌ കണ്ടു. സകലെഷ്പൂര്‍ കഴിഞ്ഞു കോട്ട അന്വേഷിച്ചു, ഗൂഗിള്‍ അമ്മച്ചി ഭാഗ്യത്തിന് കൃത്യം സ്ഥലം തന്നെ കാണിച്ചു തന്നു. വണ്ടി അവിടെ റോഡരികില്‍ നിര്‍ത്തി ഞങ്ങള്‍ കോട്ടയിലേക്ക് നടന്നു. മുകളിലേക്ക് കയറുന്ന വഴിക്ക് ഇരുപുറവും മലമൂത്ര വിസര്‍ജനം നടത്തി ഇന്ത്യക്കാര്‍ മാതൃകയായി. കൂട്ടിനു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും മാലിന്യങ്ങളും. "സ്വച്ച ഭാരതം."
ഞങ്ങള്‍ കോട്ടയ്ക്കു താഴെ എത്തി. പിന്നങ്ങോട്ട് പടികള്‍ ആണ്, കോട്ടയുടെ കവാടം വരെ. അതിനു വലതു വശത്തായി കണ്ട നടവഴിയിലൂടെ ഞങ്ങള്‍ ആദ്യം കയറി തുടങ്ങി. വഴി തീര്‍ന്നപ്പോള്‍ പടിയിലേക്ക് മാറ്റി നടത്തം. നല്ല ചൂടുണ്ട്, കയ്യില്‍ വെള്ളം എടുക്കാതെ ഇരുന്നത് അബദ്ധമായി. പിന്നെ കോട്ട ചുറ്റി നടന്നു കണ്ടു. ഞങ്ങളുടെ ഔദ്യോഗിക ഫോട്ടോ പിടുത്തക്കാരന്‍ സുബിത്ത് പടമെടുത്തു കൊണ്ടേ ഇരുന്നു,
പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു നിര്‍മ്മിച്ചതാണ് ഈ കോട്ട, മംഗലാപുരം ഭാഗത്ത്‌ നിന്ന് വരുന്ന ബ്രിട്ടീഷ് സൈന്യത്തെ പ്രതിരോധിക്കാന്‍. കോട്ടയുടെ ആകൃതി ആണ് ഏറ്റവും വലിയ പ്രത്യേകത, നക്ഷത്രത്തിന്‍റെ ആകൃതിയാണ് കോട്ടക്ക്. സൈന്യത്തിനും കുതിരകള്‍ക്കും ഉള്ള വിശ്രമ സ്ഥലങ്ങള്‍,  നക്ഷത്രത്തിന്റെ ഓരോ പാര്‍ശ്വങ്ങളിലും ശത്രുവിന്‍റെ വരവ് വീക്ഷിക്കാനുള്ള സ്ഥലങ്ങള്‍, ഒച്ചുകള്‍ ഇന്ന് സ്വന്തമാക്കിയ ഇരുണ്ട അറകള്‍, താഴെ വരെ പടികള്‍ ഉള്ള കിണര്‍, ചുറ്റിലും ഉള്ള നടപ്പാത, കമാനങ്ങളും ഇടനാഴികളും, പായല് പിടിച്ച ഭിത്തികള്‍. മനസ് ചരിത്രത്തിലേക്ക് പിടിച്ചു വലിച്ചു. ആ മനോഹര ചിന്തകളെ നിഷ്പ്രഭമാക്കാന്‍ പോന്ന ഈ കാലത്തിന്റെ എഴുത്തുകളും അവിടെ ഉണ്ട്. ഭിത്തി നിറയെ, പറയാന്‍ മറന്നതോ എഴുതി ഓര്‍മ്മിക്കേണ്ടതോ ആയ പ്രണയ വാക്യങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. കഴിവതും നാശമാക്കിയിരിക്കുന്നു.
കുറച്ച് നേരം ആ ചരിത്ര ഭൂവില്‍ നിന്ന ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി.
ടൂറിസ്റ്റുകള്‍ ധാരാളം വരുന്ന ലക്ഷണം താഴെ കാണാം. നിറയെ കടകള്‍ ഉണ്ട് ഇന്ന്. കോട്ടയുടെ താഴെ ചെന്ന് ചുടും ക്ഷീണവും ശമിപ്പിക്കാന്‍ ഇളനീര്‍ കുടിച്ചു. അതും പോരാഞ്ഞ് സുബിത്ത് മുന്തിരി ജൂസിന്റെ നിറമുള്ള ഒരു വെള്ളം മേടിച്ചു, അവിടത്തെ ലോക്കല്‍ ജ്യൂസ്‌ ആണത്രേ. എന്തായാലും നല്ല രുചി ഉണ്ടായിരുന്നു. നേരം ഉച്ചയാവാറായി, വിശപ്പ്‌ പതിയെ തലപൊക്കി തുടങ്ങി. തല്കാലം കിട്ടിയ ചെറു കടികള്‍ കഴിച്ചു വിശപ്പിനെ അടക്കി.
ഇനി എങ്ങോട്ട് പോവണം...??? വലിയ താമസം ഇല്ലാതെ ആ ചോദ്യത്തിന് ഉത്തരം കിട്ടി. മല്ലള്ളി വെള്ളച്ചാട്ടം.. അതെ ഇനി യാത്ര അങ്ങോട്ട്‌..!! ഇനി ഒരിക്കല്‍ മഴക്കാലത്ത് പച്ച പുതച്ച കോട്ടയെ കാണാന്‍ വീണ്ടും വരാം എന്ന് നിനച്ച്, മുന്‍പൊരിക്കല്‍ മഴക്കാലത്ത്‌ ദൂരെനിന്നു കണ്ട, നിറഞ്ഞു നിന്ന മല്ലള്ളിയെ  അടുത്ത് കാണാന്‍ ഈ വേനല്‍ കാലത്തില്‍ വീണ്ടും ഒരു യാത്ര. (തുടരും)

Sunday, December 27, 2015

ചാര്‍ളി

ചാര്‍ളി ഒരു നൂലില്ലാ പട്ടമാണ്. അവന്‍ ഒരു നാട്ടില്‍ നിന്ന് പലനാട്ടിലേക്കും ഒരു മനസ്സില്‍ നിന്ന് പല മനസ്സുകളിലേക്കും, തൊട്ട് തലോടി അറിഞ്ഞ് ആസ്വദിച്ച് സഞ്ചാരം തുടരുന്നു. ചിന്തിക്കുന്ന, ചിന്തിപ്പിക്കുന്ന ചാര്‍ളി. വാക്കുകളില്‍ മാസ്മരികതയും ആകര്‍ഷണവും തത്വവും നിറച്ചു വച്ച്, ജീവിതത്തിനോട് കൊതി കൂട്ടുന്ന ചാര്‍ളി. എടുപ്പിലും നടപ്പിലും ചിരിയിലും ചിന്തയിലും കണ്ടു പരിചയിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നനായ ചാര്‍ളി. തന്‍റെ മരണമറിഞ്ഞ് ഒരുനോക്ക് കാണുവാന്‍ വരുന്ന സ്നേഹങ്ങളെ കാണാതെയും അറിയാതെയും അനുഭവിക്കാതെയും പോവാതിരിക്കാന്‍ സ്വയം ചരമ പരസ്യം കൊടുത്ത് പിറന്ന നാളില്‍ തന്നെ  അവ നേടിയെടുക്കുന്ന ചാര്‍ളി.

സിനിമ തുടങ്ങി അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ എന്‍റെ കണ്ണില്‍ വിസ്മയം തീര്‍ത്തത് പക്ഷെ ചാര്‍ളി അല്ല. ജയശ്രീ എന്നാ കലാ സംവിധായികയാണ്. ചാര്‍ളിയുടെ ആ മുറിയില്‍ തുടങ്ങിയ വിസ്മയം ക്ലൈമാക്സ്‌ വരെ നീണ്ടു. ജയശ്രീക്ക് ഒരു ബിഗ്‌ സല്യൂട്ട്. ഉണ്ണിക്കും മാര്‍ട്ടിന്‍ പ്രക്കാട്ടിനും അഭിമാനിക്കാവുന്ന ഒരു സൃഷ്ടി തന്നെ ആണ് ചാര്‍ളി. പതിവ് പോലെ ജോമോന്‍ ടി ജോണ്‍ കാഴ്ചയുടെ ഒരു സദ്യ തന്നെ ഒരുക്കി. ഗോപിസുന്ദറും പതിവ് തെറ്റിച്ചില്ല. അഭിനയിച്ചു മലമറിക്കാന്‍ ഒന്നും ഇല്ലെങ്കിലും ഡിക്യു അല്ലാതെ മറ്റൊരാളെ ചാര്‍ളി ആയി സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് പറ്റുന്നില്ല. ഒട്ടനേകം കഥാപാത്രങ്ങള്‍ വന്നു പോവുന്ന ചാര്‍ളിയുടെ ജീവിതത്തില്‍ പാര്‍വതിയും നെടുമുടിയും സൗബിനും തങ്ങളുടെ മുദ്ര പതിപ്പിചിരിക്കുന്നു.

ജീവിതം കാണിച്ചു തന്ന് വല്ലാതെ കൊതിപ്പിച്ചത് കൊണ്ടാണോ, ചാര്‍ളിയുടെ ഊരുതെണ്ടി ജീവിതം കുറച്ചൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ഈ സിനിമയില്‍ വലിയ കുറവുകളൊന്നും എനിക്ക് തോന്നിയില്ല. അത്രയേറെ എന്നെ ഭ്രമിപ്പിച്ചു കളഞ്ഞു ചാര്‍ളി. സിനിമക്ക് മാര്‍ക്കിടാം പക്ഷെ ജീവിതത്തിനു മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല.