Wednesday, March 23, 2016

മന്സരബാദ് കോട്ട

രണ്ടു മാസം മുന്‍പാണ്, മാസത്തില്‍ ഒരു യാത്രയെങ്കിലും നടത്തുക എന്ന തീരുമാനം എടുത്തത്‌. കഴിഞ്ഞ മാസം വയനാട്ടിലെ ഊരുതെണ്ടി മീറ്റ്‌ കഴിഞ്ഞപ്പോഴേ ബാംഗ്ലൂര്‍ ഊരുതെണ്ടി യുണിറ്റിനോട് ഒരുങ്ങി ഇരുന്നു കൊള്ളാന്‍ പറഞ്ഞതാണ്. മറ്റാരും വന്നില്ലെങ്കിലും സുബിത്തും കൂട്ടരും വരും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് തന്നെ സംഭവിച്ചു, വേറെ ആരും വന്നില്ല, സുബിത്തും കൂട്ടരും വന്നു... കൂട്ടര്‍ എന്നുവച്ചാല്‍ കെ കെ (കരുവാരകുണ്ട് ചുരുക്കിയത്) എന്ന ജിനേഷും (ജിനു എന്ന് അവന്‍ സ്വയം വിളിക്കും) പ്രവി എന്ന പ്രവീണും. ഹാസ്സന്‍ ജില്ലയിലെ സ്ഥലങ്ങള്‍ കാണാം എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങള്‍ ഒന്നും ഇല്ലായിരുന്നു, ഷെട്ടിഹള്ളി അല്ലാതെ. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 5 മണി ഞാന്‍ കാറും എടുത്ത് വീട്ടില്‍ നിന്നിറങ്ങി. കാര്‍ത്തിക് നഗറില്‍ നിന്നും ബാക്കി ഉള്ളവരും കൂടെ കൂടി. ആദ്യം എവിടെ പോവണം എന്ന് അപ്പോള്‍ മാത്രമാണ് ചിന്തിക്കാന്‍ തുടങ്ങിയത്. സുബിത് ആണ് പറഞ്ഞത് മന്സരബാദ് കോട്ട കാണാന്‍ പോവാം എന്ന്. പലവട്ടം സകലെഷ്പൂര് പോയിട്ടുണ്ടെങ്കിലും ഇതുവരെ ആ കോട്ട കാണാന്‍ കഴിഞ്ഞിരുന്നില്ല. ഓരോന്നിനും അതിന്‍റെതായ സമയമുണ്ടല്ലോ, അല്ലെ ദാസാ...!!
 നെല്‍മംഗല കഴിഞ്ഞു ഹാസ്സന്‍ ഹൈവേ കയറി ആദ്യത്തെ ടോള്‍ കഴിഞ്ഞ് പെട്രോള്‍ അടിക്കാന്‍ നിര്‍ത്തി. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹൈവേകളില്‍ കാണിക്കുന്ന ചില സ്ഥിരം നമ്പറും തട്ടിപ്പും അവര് ഞങ്ങളുടെ അടുത്തും പയറ്റാന്‍ നോക്കിയെങ്കിലും, കട്ടക്ക് നിന്നത് കൊണ്ട് കബളിപ്പിക്കപ്പെട്ടില്ല. അത് കഴിഞ്ഞു തൊട്ടടുത്തുള്ള ചെറിയ ഹോട്ടലില്‍ കയറി ബാംഗ്ലൂരില്‍ നിന്നുള്ള യാത്രകളില്‍ സ്ഥിരമുള്ള പ്രാതലായ തട്ടേ ഇടലി തട്ടി. നേരത്തെ എഴുന്നേറ്റതുകൊണ്ടാവാം, ഭക്ഷണ ശേഷം ചെറിയ മയക്കം തോന്നി. വണ്ടി പ്രവിയെ ഏല്‍പ്പിച്ച് ഞാന്‍ കുറച്ച് നേരം പിന്‍സീറ്റില്‍ ഇരുന്ന് മയങ്ങി. മയങ്ങി ക്ഷീണിച്ച കെകെ വീണ്ടും മയങ്ങി എനിക്ക് കൂട്ട് തന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി ആകെ ഒന്ന് ഉലഞ്ഞു... നിരനിരയായി ഉണ്ടായിരുന്ന ഒരു ഹമ്പിന്‍കൂട്ടത്തിനു മുകളിലൂടെ അത്യാവശ്യം നല്ല വേഗത്തില്‍ "പട്കൊപടുകൊപട്കോ" എന്നും പറഞ്ഞ് വണ്ടി പാഞ്ഞു. ആ ഉലച്ചിലില്‍ എന്‍റെയും കെകെ യുടെയും ഉറക്കത്തിന് അതിസാരമായി പരിക്കേറ്റു. ഞങ്ങളുടെ ഉറക്കം തടസ്സപ്പെടാനായി പ്രവി മനപൂര്‍വ്വം ബ്രേക്ക്‌ ഇടാത്തതാണ് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു. വണ്ടി ഒന്ന് നിര്‍ത്തി വിശ്രമിക്കാന്‍ ഒരു തണല്‍ അന്വേഷിച്ച് കുറെ നേരം നോക്കി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിന്‍റെ അരികില്‍ ഒരു തണല്‍ കണ്ടെത്താന്‍ ഞങ്ങള്‍ നന്നേ പാട് പെട്ടു. പിന്നെ ഒരു കുഞ്ഞ് മരത്തിന് കീഴില്‍ വിശ്രമിച്ചു, ശേഷം ഞാന്‍ ഡ്രൈവിംഗ് ഏറ്റെടുത്തു.
ഹാസ്സന്‍ കഴിഞ്ഞു സകലെഷ്പൂര് അടുക്കുംതോറും റോഡിനു ഇരുപുറവും കാപ്പിത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി. ഈ വേനലിലും അവിടങ്ങളില്‍ പച്ചപ്പ്‌ കണ്ടു. സകലെഷ്പൂര്‍ കഴിഞ്ഞു കോട്ട അന്വേഷിച്ചു, ഗൂഗിള്‍ അമ്മച്ചി ഭാഗ്യത്തിന് കൃത്യം സ്ഥലം തന്നെ കാണിച്ചു തന്നു. വണ്ടി അവിടെ റോഡരികില്‍ നിര്‍ത്തി ഞങ്ങള്‍ കോട്ടയിലേക്ക് നടന്നു. മുകളിലേക്ക് കയറുന്ന വഴിക്ക് ഇരുപുറവും മലമൂത്ര വിസര്‍ജനം നടത്തി ഇന്ത്യക്കാര്‍ മാതൃകയായി. കൂട്ടിനു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും മാലിന്യങ്ങളും. "സ്വച്ച ഭാരതം."
ഞങ്ങള്‍ കോട്ടയ്ക്കു താഴെ എത്തി. പിന്നങ്ങോട്ട് പടികള്‍ ആണ്, കോട്ടയുടെ കവാടം വരെ. അതിനു വലതു വശത്തായി കണ്ട നടവഴിയിലൂടെ ഞങ്ങള്‍ ആദ്യം കയറി തുടങ്ങി. വഴി തീര്‍ന്നപ്പോള്‍ പടിയിലേക്ക് മാറ്റി നടത്തം. നല്ല ചൂടുണ്ട്, കയ്യില്‍ വെള്ളം എടുക്കാതെ ഇരുന്നത് അബദ്ധമായി. പിന്നെ കോട്ട ചുറ്റി നടന്നു കണ്ടു. ഞങ്ങളുടെ ഔദ്യോഗിക ഫോട്ടോ പിടുത്തക്കാരന്‍ സുബിത്ത് പടമെടുത്തു കൊണ്ടേ ഇരുന്നു,
പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു നിര്‍മ്മിച്ചതാണ് ഈ കോട്ട, മംഗലാപുരം ഭാഗത്ത്‌ നിന്ന് വരുന്ന ബ്രിട്ടീഷ് സൈന്യത്തെ പ്രതിരോധിക്കാന്‍. കോട്ടയുടെ ആകൃതി ആണ് ഏറ്റവും വലിയ പ്രത്യേകത, നക്ഷത്രത്തിന്‍റെ ആകൃതിയാണ് കോട്ടക്ക്. സൈന്യത്തിനും കുതിരകള്‍ക്കും ഉള്ള വിശ്രമ സ്ഥലങ്ങള്‍,  നക്ഷത്രത്തിന്റെ ഓരോ പാര്‍ശ്വങ്ങളിലും ശത്രുവിന്‍റെ വരവ് വീക്ഷിക്കാനുള്ള സ്ഥലങ്ങള്‍, ഒച്ചുകള്‍ ഇന്ന് സ്വന്തമാക്കിയ ഇരുണ്ട അറകള്‍, താഴെ വരെ പടികള്‍ ഉള്ള കിണര്‍, ചുറ്റിലും ഉള്ള നടപ്പാത, കമാനങ്ങളും ഇടനാഴികളും, പായല് പിടിച്ച ഭിത്തികള്‍. മനസ് ചരിത്രത്തിലേക്ക് പിടിച്ചു വലിച്ചു. ആ മനോഹര ചിന്തകളെ നിഷ്പ്രഭമാക്കാന്‍ പോന്ന ഈ കാലത്തിന്റെ എഴുത്തുകളും അവിടെ ഉണ്ട്. ഭിത്തി നിറയെ, പറയാന്‍ മറന്നതോ എഴുതി ഓര്‍മ്മിക്കേണ്ടതോ ആയ പ്രണയ വാക്യങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. കഴിവതും നാശമാക്കിയിരിക്കുന്നു.
കുറച്ച് നേരം ആ ചരിത്ര ഭൂവില്‍ നിന്ന ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി.
ടൂറിസ്റ്റുകള്‍ ധാരാളം വരുന്ന ലക്ഷണം താഴെ കാണാം. നിറയെ കടകള്‍ ഉണ്ട് ഇന്ന്. കോട്ടയുടെ താഴെ ചെന്ന് ചുടും ക്ഷീണവും ശമിപ്പിക്കാന്‍ ഇളനീര്‍ കുടിച്ചു. അതും പോരാഞ്ഞ് സുബിത്ത് മുന്തിരി ജൂസിന്റെ നിറമുള്ള ഒരു വെള്ളം മേടിച്ചു, അവിടത്തെ ലോക്കല്‍ ജ്യൂസ്‌ ആണത്രേ. എന്തായാലും നല്ല രുചി ഉണ്ടായിരുന്നു. നേരം ഉച്ചയാവാറായി, വിശപ്പ്‌ പതിയെ തലപൊക്കി തുടങ്ങി. തല്കാലം കിട്ടിയ ചെറു കടികള്‍ കഴിച്ചു വിശപ്പിനെ അടക്കി.
ഇനി എങ്ങോട്ട് പോവണം...??? വലിയ താമസം ഇല്ലാതെ ആ ചോദ്യത്തിന് ഉത്തരം കിട്ടി. മല്ലള്ളി വെള്ളച്ചാട്ടം.. അതെ ഇനി യാത്ര അങ്ങോട്ട്‌..!! ഇനി ഒരിക്കല്‍ മഴക്കാലത്ത് പച്ച പുതച്ച കോട്ടയെ കാണാന്‍ വീണ്ടും വരാം എന്ന് നിനച്ച്, മുന്‍പൊരിക്കല്‍ മഴക്കാലത്ത്‌ ദൂരെനിന്നു കണ്ട, നിറഞ്ഞു നിന്ന മല്ലള്ളിയെ  അടുത്ത് കാണാന്‍ ഈ വേനല്‍ കാലത്തില്‍ വീണ്ടും ഒരു യാത്ര. (തുടരും)

2 comments:

Dileep Nayathil said...

മറ്റാരും വന്നില്ലെങ്കിലും സുബിത്തും കൂട്ടരും വരും എന്ന് എനിക്ക് അറിയാമായിരുന്നു..
Ivide Njanum

Anonymous said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....!