Sunday, March 30, 2014

സണ്‍‌ഡേ ഡയറി

രാവിലെ എഴുന്നേറ്റു എവിടെയെങ്കിലും പോവുക, കുറച്ചു ഫോട്ടോ എടുക്കുക, വെയില്‍ മൂക്കുമ്പോഴേക്കും തിരിച്ചെത്തുക.. ഇത്രയേ ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ.. വിനോദ് ഭായ് ഇന്നലെ രാത്രി തന്നെ ഇവിടെ എത്തി.. ഭായ് തന്നെ ആണ് ഐ ഐ എസ് സി യില്‍ പോവാം എന്ന് നിര്‍ദേശിച്ചത്... ആറരക്കു വീട്ടില്‍ നിന്നിറങ്ങി എന്‍റെ ബൈക്കില്‍ അങ്ങോട്ട്‌ വിട്ടു... വിനോദ് ഭായിയുടെ ഒരു സുഹൃത്ത് അവിടെ ഗവേഷണ വിദ്യാര്‍ത്ഥി ആണ്..

ഗെയിറ്റില്‍ എത്തി സുഹൃത്തിനെ കാണാന്‍ വേണ്ടിയാണു എന്ന് പറഞ്ഞപ്പോള്‍ സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതി വയ്ക്കാന്‍ പറഞ്ഞു... ആ കര്‍മ്മം നിര്‍വ്വഹിച്ചു, പച്ചപ്പ്‌ പുതച്ചു ഇളം വെയില് കൊണ്ട് കിടക്കുന്ന ആ ക്യാംപസിലൂടെ കുറച്ചു ദൂരം വണ്ടി ഓടിച്ചു, പിന്നെ വണ്ടി ഒതുക്കി ക്യാമറ പുറത്തെടുത്തു നടന്നു... ഈ നഗരത്തിനു നടുവില്‍ ഇത്രയധികം മരങ്ങളും കിളികളും ഉണ്ട് എന്നത് എനിക്ക് അത്ഭുതമായി തോന്നി..!! മരക്കൊമ്പിലെ കിളികളെ ഫോക്കസ് ചെയ്തു തുടങ്ങിയതും സെക്യൂരിറ്റി ഗാര്‍ഡ് വന്നു ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് മുന്നറിയിപ്പ് തന്നു... ക്യാമറ പൂട്ടി ബാഗില്‍ ഇടേണ്ടി വന്നു... 

പിന്നെ അവിടെ നടന്നു സമയം കളഞ്ഞിട്ടു കാര്യമില്ല...ഫോട്ടോ എടുക്കാന്‍ പുതിയ സ്ഥലം നോക്കണം.. മുന്‍പ് കേട്ട് പരിചയമുള്ള ഒരു സ്ഥലമുണ്ട്.. പോട്ടറി ടൌണ്‍.. നഗരത്തിനുള്ളില്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു തെരുവ്..വഴി അറിയില്ല...കുറച്ചു വഴി തെറ്റിയപ്പോള്‍ പിന്നെ ഗൂഗിള്‍ മാപ്പ് ശരണം..!! അത് കൃത്യമായി ഞങ്ങളെ ആ തെരുവില്‍ എത്തിച്ചു..!! വഴിവക്കില്‍ തന്നെ ധാരാളം മണ്‍പാത്രങ്ങള്‍ കാണാം... പല വലിപ്പത്തില്‍, പല രൂപത്തില്‍...!! ഞങ്ങള്‍ ആ ചെറിയ തെരുവിലൂടെ നടന്നു തുടങ്ങി.. പാത്രം വാങ്ങാന്‍ വന്നവര്‍ ആണെന്ന് കരുതി ഒരു സ്ത്രീ ഞങ്ങളോട് കാര്യം അന്വേഷിച്ചു.. പാത്രം ഉണ്ടാക്കുന്നത് കാണണം എന്ന് പറഞ്ഞപ്പോള്‍ ഒരു വീട്ടിനുള്ളിലേക്ക് കൊണ്ട് പോയി... 

അവിടെ ഒരാള്‍ കളിമണ്ണ് കൊണ്ട് ചിരാതുകള്‍ നിര്‍മ്മിക്കുകയാണ്... !! മോട്ടോര്‍ ചക്രത്തില്‍ കളിമണ്ണ് വച്ചു തിരിച്ച് കൈകൊണ്ടു അയാള്‍ ചിരാതുകള്‍ ഓരോന്നോരോന്നായി പെട്ടന്ന് തന്നെ കടഞ്ഞെടുത്തു കൊണ്ടിരുന്നു..കുറച്ചു ഫോട്ടോ എടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.. അവിടെ ഒരാള്‍ കളിമണ്ണ് ചവിട്ടി പതം വരുത്തുന്നു...!! പിന്നെ ഞങ്ങള്‍ പോയത് ഒരു ചൂളക്കളത്തിലേക്ക്.. ചൂളയില്‍ വച്ച് പാകപ്പെടുത്തിയ ചിരാതുകള്‍ കുറേ പേര്‍ കുട്ടയില്‍ വാരി കൊണ്ട് പോകുന്നു.. വഴിയരികില്‍ പുതിയ ചെറു കലങ്ങള്‍ ഉണങ്ങാന്‍ നിരത്തി വച്ചിട്ടുണ്ട്.. ക്യാമറക്ക് നല്ല പണിയായി..!!


ഞങ്ങളെ കണ്ടു ബാബു എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ അടുത്തു വന്നു അയാളുടെ നിര്‍മ്മാണ ശാലയിലേക്ക് ക്ഷണിച്ചു.. അവിടെ ബാബു അണ്ണന്‍റെ മകന്‍ പുതു തലമുറയെ പാത്ര നിര്‍മ്മാണം പഠിപ്പിക്കുകയായിരുന്നു.. ബാബു അണ്ണന്‍ നിര്‍മ്മാണത്തിന് പുറമേ സ്കൂളിലും ഓഫീസുകളിലും പരിശീലനവും നടത്താറുണ്ട്‌... ഞങ്ങള്‍ക്കും ബാബു അണ്ണന്‍ പരിശീലനം തന്നു... തണുത്തു മാര്‍ദ്ദവമുള്ള കളിമണ്ണില്‍ നനഞ്ഞ കൈ കൊണ്ട് ഞാനും ബാബു അണ്ണന്റെ സഹായത്തോടു കൂടി ഒരു ചെറിയ മണ്‍പാത്രം കടഞ്ഞെടുത്തു.. !! കുറച്ചു നേരം കൂടി അണ്ണനോട് സംസാരിച്ചതിന് ശേഷം ഞങ്ങള്‍ ഗുരുദക്ഷിണ വച്ചു വീട്ടിലേക്കു തിരിച്ചു...!!

തിരിച്ചുള്ള വരവില്‍, ആദ്യം ട്രാഫിക് പോലീസ് പിടിച്ചു, എമിഷന്‍ കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞത് അറിഞ്ഞില്ല, പോരാത്തതിന് തമിഴ്നാട്‌ റെജിസ്ട്രെഷന്‍ വണ്ടിയും (കര്‍ണാടക ടക്സ് അടച്ചിട്ടില്ല).. കൈക്കൂലി കൊടുത്ത് സംഗതി ഒതുക്കി.. തീര്‍ന്നില്ല, കുറച്ചു കൂടെ പോയപ്പോള്‍ വണ്ടിയുടെ ആക്സിലറെട്ടര്‍ കേബിള്‍ പൊട്ടി... ഞായര്‍ ആയതുകൊണ്ട് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഒന്നും തുറന്നിട്ടില്ല... വീട് വരെ വെയിലത്ത്‌ വണ്ടി തള്ളി.. ഞായര്‍ തീരാന്‍ ഇനിയും സമയം ഉണ്ട്... ഇന്നിനി കൂടുതല്‍ ഒന്നും താങ്ങില്ല.. ഇനി വിശ്രമം..!!

Wednesday, March 26, 2014

പ്രെയ്സ് ദി ലോര്‍ഡ്‌

ജിനോ എന്ന ഒരു സുഹൃത്തുണ്ട് എനിക്ക്... ജിനോ ബൈക്ക് ഓടിക്കുന്നത് എപ്പോഴും നല്ല വേഗത്തില്‍ ആണ്, അതും നല്ല അസ്സല്‍ റാഷ് റൈഡിംഗ്...!! ഒരിക്കല്‍ എന്‍റെ മറ്റൊരു സുഹൃത്തായ മുകേഷ് ജിനോയുടെ കൂടെ ബൈക്കില്‍ ഒരിടം വരെ പോയി...കുറച്ചു കഴിഞ്ഞു ഞാന്‍ മുകേഷിന്‍റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു,
"അളിയാ, എത്തിയോ...??"
"എത്തി അളിയാ, പ്രെയ്സ് ദി ലോര്‍ഡ്‌...!!" ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ മുകേഷിന്‍റെ മറുപടി അതായിരുന്നു...

ഇന്ന് "പ്രെയ്സ് ദി ലോര്‍ഡ്‌" എന്ന പടം കണ്ടു തിരിച്ചിറങ്ങിയപ്പോള്‍ ഞാനും അറിയാതെ മനസ്സില്‍ പറഞ്ഞു പോയി, 
"പ്രെയ്സ് ദി ലോര്‍ഡ്‌.... ഹലെലൂയ...ഹലെലൂയ... അവന്‍ വലിയവനാണ്‌...!!"

ഇതില്‍ കൂടുതലൊന്നും ഒരു റിവ്യൂ എഴുതാനുള്ള യോഗ്യത ആ പടത്തിനില്ല, അതിനു കളയാന്‍ എനിക്ക് സമയവും ഇല്ല... വേറെ പണിയുണ്ട്...!!

Tuesday, March 25, 2014

ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌...

അഗസ്ത്യാര്‍കൂടത്തിലെ ഒരു തീര്‍ത്ഥാടന കാലം.. തീര്‍ത്തും അവിചാരിതമായി അവിടം സന്ദര്‍ശിക്കാന്‍ ഒരു ഭാഗ്യം കിട്ടി.. മോനോജേട്ടന്‍, എല്‍ദോ, മിഥുന്‍ പിന്നെ സി ബി ഐ യിലെ ധീര വീര ശൂര പരാക്രമിയായ അരവിന്ദ് രാഘവന്‍ ഐ പി എസ് എന്ന മഹാബുദ്ധിമാനും കൂട്ടിനു...!!

മുപ്പത് കിലോമീറ്ററോളം നടക്കാനുണ്ട്..!! അപ്പൂര്‍വ്വമായ കല്ലാനയടക്കം ധാരാളം ആനകള്‍ ഉള്ള കാട്ടിലൂടെ വേണം യാത്ര... വഴി തെളിഞ്ഞു തന്നെ കിടക്കുന്നുണ്ട്...അതിനിടക്ക് ധാരാളം ആനത്താരുകളും... ഇടവിട്ട്‌ അരുവികള്‍... തീര്‍ത്തും വശ്യമായ കാനന സൗന്ദര്യം...!!

ഈ യാത്രക്ക് സഹായിച്ച മിഥുന്‍ വഴി തുടങ്ങിയപ്പോഴേക്കും സുല്ലിട്ടു തിരിച്ചു പോയി...!! പഴയപോലെ പിക്ക്അപ്പ്‌ ഇല്ലത്രേ..!! നടന്നു നടന്നു ക്ഷീണിച്ചു തലമിന്നി ബോധം പോയപ്പോള്‍ ആണ് മനോജേട്ടന് അങ്ങനെ ഒരു സാധനം ഉണ്ട് എന്ന് തന്നെ ഞങ്ങള്‍ അറിഞ്ഞത്...!! എല്‍ദോക്കും എനിക്കും വലിയ തട്ടുകേടില്ല...!! അരവിന്ദ് മുന്‍പില്‍ പടനയിച്ചു..!! അങ്ങനെ തളര്‍ച്ചയും വെള്ളം കുടിയും അരുവിയിലെ കുളിയും ഒക്കെയായി ഞങ്ങള്‍ കുറെ നടന്നു... !! കുളിയൊക്കെ കഴിഞ്ഞപ്പോള്‍ മനോജേട്ടനും ഉഷാറായി..!! പൊടിക്ക് താടിയും വച്ചു കഴുത്തില്‍ കാവിമുണ്ട്‌ ചുറ്റി ഉണങ്ങിയ ശീമകൊന്നയുടെ കമ്പും കുത്തി നടക്കുന്ന മനോജേട്ടനെ കണ്ടാല്‍ തികഞ്ഞ സാത്വിക ഭാവം..(കയ്യിലിരുപ്പ് പക്ഷെ വേറെയാണ്..) ആനയുടെ ഇറക്കം ഇറങ്ങാനുള്ള പ്രയസത്തെ കുറിച്ചും കയറ്റം കയറാനുള്ള കഴിവിനെ കുറിച്ചും വേഗതയെ കുറിച്ചുമൊക്കെ മനോജേട്ടനും അരവിന്ദും ഞങ്ങള്‍ക്ക് ക്ലാസുകള്‍ തന്നു കൊണ്ടേ ഇരുന്നു...!!

ഞങ്ങള്‍ ഒരു തുറന്ന സ്ഥലത്തെത്തി..!! കരിയാറായ ഒരു പുല്ല്മേട്‌...!! വലതു വശത്തേക്ക് ഇറക്കമാണ്..!!  തീര്‍ത്ഥാടകരെ ആരെയും തന്നെ അടുത്തു കാണാനില്ല..!! ഞങ്ങള്‍ ഒരുപാട് പുറകിലായിരിക്കുന്നു..!! വഴിയില്‍ നിറയെ ആന പിണ്ഡം...!! ചെറിയ ഭയം എല്ലാര്‍ക്കും വന്നു തുടങ്ങി... പൂര്‍ണ്ണമായ നിശബ്ദത പാലിച്ചു ഞങ്ങള്‍ നടന്നു...!! മുന്‍പില്‍ നടന്നു കൊണ്ടിരുന്ന അരവിന്ദനെ മനോജേട്ടന്‍ പിടിച്ചു നിര്‍ത്തി, പുറകോട്ടു വലിച്ചു... വലതു വശത്തെ പുല്‍മേട്ടിലേക്ക് വിരല്‍ ചൂണ്ടി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു,
"ആന...!!"
ഉള്ളില്‍ ഒരു വെള്ളിടി വെട്ടി... പുല്ലുകള്‍ക്കു ഇടയിലൂടെ താഴെ ഒരു കറുത്ത നിറം മാത്രം കാണാം...
"പുറം തിരിഞ്ഞു നില്‍ക്കുകയാണ്, ശബ്ദമുണ്ടാക്കരുത്..." ചുണ്ടിനു കുറുകെ വിരല്‍ വച്ചുകൊണ്ട് അരവിന്ദ് താക്കീത് ചെയ്തു...
എനിക്കും എല്‍ദോക്കും അത് പക്ഷെ ആനയാണ് എന്ന് തോന്നിയില്ല...
അരവിന്ദ് രണ്ടടി മുന്‍പോട്ടു വച്ചു, സിനിമയില്‍ കള്ളക്കടത്തുകാരെ പിടിക്കാന്‍ പോവുന്ന സി ബി ഐ ക്കാരെ പോലെ തന്നെയാണ് ശരിക്കും സി ബി ഐ ക്കാര്‍ നടക്കുന്നത് എന്ന് അന്ന് അരവിന്ദ്‌ നടക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമായത്...
ചെറുതായി കുനിഞ്ഞു നടന്നുകൊണ്ട് സ്ഥിതി വിലയിരുത്തി ഐ പി എസ്സുകാരന്‍, എന്നിട്ട് തിരിഞ്ഞു നിന്ന് തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചു സംഗതി ആന തന്നെ എന്ന് സിഗ്നല്‍ തന്നു...
"എല്ലാം തീര്‍ന്നു, ആന ഇപ്പൊ മുകളിലേക്ക് മുപ്പത് കിലോമീറ്റര്‍ സ്പീഡില്‍ ഓടി വന്നു പനമ്പട്ട ചീന്തുന്നത് പോലെ എന്നെ നൂഡില്‍സ് ആക്കും...!!"  ചിന്തകള്‍ക്ക് ഭാരമേറാന്‍ തുടങ്ങി..!! മനോജേട്ടന്‍ പറഞ്ഞു തന്ന തിയറികള്‍ അതിനു ആക്കം കൂട്ടി... എന്നാലും അത് ആനയാണ് എന്ന് എനിക്ക് മുഴുവനും വിശ്വാസമായില്ല...
"കണ്ടോ കണ്ടോ, ആന ചെവിയാട്ടുന്നു... ദേ വാല് പോക്കുന്നു..." അരവിന്ദ് എന്നെ വിശ്വസിപ്പിക്കാന്‍ പാട് പെടുകയായിരുന്നു...
എന്തായാലും കയ്യില്‍ നിന്ന് പോയി, ഇനി ആനയാണെങ്കില്‍ ഒരു രക്ഷയും ഇല്ല.. ഒന്നുകില്‍ ആന ടച്ചിങ്ങ്സ് ആക്കും, അല്ലെങ്കില്‍ കാട്ടിലൂടെ ഓടി വഴി തെറ്റി  ഒരു വഴിയാവും..അപ്പൊ ആ കാര്യത്തില്‍ ഒരു തീരുമാനം ആയി...!! എന്നാല്‍ പിന്നെ ഇത് ആനയാണോ എന്ന് ഞാന്‍ തന്നെ ഉറപ്പിക്കാം എന്ന് കരുതി കുറച്ചു മുന്‍പിലേക്ക് നടന്നു...

ആനയും അല്ല മുയലും അല്ല, നല്ല രസികന്‍ ഒരു പാറ..!! അടുത്തുള്ള ഒരു തേക്ക് മരത്തിന്‍റെ ഇല ആടുന്നത് കണ്ടിട്ടാണ് അരവിന്ദ് ആനയുടെ ചെവിയാടുന്ന കണ്ടെത്തല്‍ നടത്തിയത്... ആടിക്കൊണ്ടിരുന്ന ഒരു പുല്ലാണ് അവന്‍റെ ആനവാല്‍...!! ഞാന്‍ ഒരു കല്ലെടുത്ത് ആ പാറയിലേക്ക്‌ ഒറ്റ ഏറ്...
"ടിം" എന്ന ശബ്ദത്തില്‍ അത് തെറിച്ചു പോയി...
"ഇതാണോ ടോ തന്‍റെ ആന..." വെറുതെ ബി പി കേറ്റിയ അരവിന്ദനെ നോക്കി ഞാന്‍ ചോദിച്ചു... മനോജേട്ടനും എല്‍ദോയുടേം വക അവനു വേറെ കിട്ടി... പിന്നെ അവന്‍ അധികം കണ്ടുപിടുത്തങ്ങള്‍ നടത്താതെ മുന്‍പില്‍ കയറി നടന്നു...!!

പട പടാന്ന് കയറ്റം കയറിയ അവനെ നോക്കി എല്‍ദോ പറഞ്ഞു, " അപ്പൊ ഇതാണല്ലേ സി ബി ഐ എന്ന് പറയുന്നത്...ബെസ്റ്റ് കണ്ണാ ബെസ്റ്റ്..!!"

Thursday, March 20, 2014

കൊന്തയും പൂണൂലും

പൂര്‍വ്വജന്മ പാപങ്ങള്‍ തീര്‍ക്കാന്‍ കഠിനമായ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ വേണ്ടി വരും എന്ന് കേള്‍ക്കാറുണ്ട്... അങ്ങനെ എന്‍റെ സകല ജന്മ പാപങ്ങളും തീരാന്‍ കൊന്തയും പൂണൂലും കാരണമായി...!! കൊന്തയും പൂണൂലും എന്ന ഒരു പേര് കേട്ടപ്പോള്‍ ഒരു മിശ്രമത പ്രണയകഥയും പ്രതീക്ഷിച്ചു തിയേറ്ററില്‍ എത്തിയ ഞാന്‍ കണ്ടത് വേറെ എന്തോ ആയിരുന്നു...!! പടം കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് എന്തിന് ഇങ്ങനെ ഒരു പേര് എന്നതായിരുന്നു... പക്ഷെ ആ തെറ്റ് ഞാന്‍ തിരുത്തി.. എന്തിന് ഇങ്ങനെ ഒരു പടം എന്ന ചിന്തയായി പിന്നെ...!!

പലതരം പുസ്തകങ്ങളിലെ ഏടുകള്‍ കീറിയെടുത്തു ഒട്ടിച്ചു ഒരു പുസ്തകമാക്കിയ അവസ്ഥയില്‍ ആണ് പടം തുടങ്ങിയത്.. ഏടുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല.. അവസാനിച്ചതും ഏതാണ്ട് അത് പോലെ തന്നെ.. ജിജോ ആന്റണി സംവിധാനം ചെയ്തു എന്ന് പറയുന്നു, ഇതാണോ സംവിധാനം...?? ഒരു നല്ല കഥയോ തിരക്കഥയോ കൊന്തക്കും പൂണൂലിനും ഇല്ല...!! പിന്നെ തെറ്റ് പറയരുതല്ലോ... അഭിനയിച്ചവര്‍ ആരും മോശമായില്ല...!! ഇരുട്ടില്‍ ശബ്ദമുണ്ടാക്കി കുറച്ചൊക്കെ പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമ്പൂര്‍ണ്ണ പരാജയമായി..!! അതൊക്കെ കണ്ടു മഞ്ചേരി ദേവകീസിലെ പ്രേക്ഷകര്‍ നന്നായി ചിരിച്ചു...!!

സത്യത്തില്‍ സംവിധായകനും കഥാകൃത്തും എന്താണ് ഉദ്ദേശിച്ചത് എന്ന് ഈ നിമിഷം വരെ എനിക്ക് മനസിലായില്ല... ഇത്തരം ഉദാത്ത സൃഷ്ടികള്‍ കണ്ടു മനസിലാക്കാന്‍ ഞാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു... പ്രേതം എന്നത് വെറും തോന്നല്‍ ആണ് എന്ന് കാണിക്കുന്ന ചില സീനുകള്‍ കണ്ടു.. പണ്ട് രാജേസേനന്‍ പോലുള്ളവര്‍ അവരുടെ സിനിമകളില്‍ കോമഡി കാണിക്കാന്‍ പ്രയോഗിച്ചിരുന്ന ഇത്തരം സീനുകള്‍ നമ്മെ ചിരിപ്പിച്ചിരുന്നു, പക്ഷെ അതിനു ഗൗരവത്തിന്റെ മുഖം കൊടുത്തപ്പോള്‍ അമ്പേ പരാജയമായി...!! ഇതിലും കൂടുതല്‍ ദുര്‍ഗതി ഒരു കലാരൂപത്തിനും വരാനില്ല...!!

വളരെ വളരെ മോശം പടം.. 1/5

Tuesday, March 11, 2014

അയ്യാവും അമ്മാവും

നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍... മെജെസ്റ്റിക്കില്‍ എത്തി സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡിലേക്കുള്ള ഷട്ടില്‍ കയറി ഇരുന്നു ഞാന്‍... ഒരു ലോഡ് ലെഗേജും കൊണ്ട് ഒരു സ്ത്രീ എന്‍റെ എതിര്‍ വശത്തെ സീറ്റില്‍ സ്ഥാനമുറപ്പിച്ചു..

നല്ല എണ്ണക്കറുപ്പ് നിറം... ചുളിവു വീണു തുടങ്ങിയ ശരീരം...!! കല്ല്‌ വച്ച മൂക്കുത്തി...!! കയ്യില്‍ പഴകിയ കുപ്പി വളകള്‍...!! അഴുക്ക് പുരുണ്ട പച്ച ചേല... ഇതാണ് അവരുടെ ഏകദേശ രൂപം... യാത്ര സേലത്തേക്ക് മകളുടെ വീട്ടിലേക്കാണ് ആണ്... തമിഴ് മാതൃഭാഷ...!!

എന്‍റെ അടുത്തിരുന്ന ആള്‍ അവരുമായി സംസാരിക്കാന്‍ തുടങ്ങി...
"എന്ന ഇത്??" വലിയ ലേഗേജ് ചൂണ്ടി അയാള്‍  ചോദിച്ചു...
"ഗ്യാഷ് സ്റ്റവ്‌..." വായില്‍ കിടക്കുന്ന മുറുക്കാന്‍ പുറത്തേക്കു പടരാതെ അവര്‍ പറഞ്ഞൊപ്പിച്ചു...
"ഉങ്കളുക്കു ഗ്യാസ് കെടക്കലെയാ...??"
"ഇല്ലയേ...!!"
"അമ്മാവും അയ്യാവും കൊടുക്കലെയാ...??"
"അമ്മ എങ്കെ കൊടുത്താച്ച്, അവര്‍ മിക്സി ഗ്രൈന്ടെര്‍ ഫാന്‍ എല്ലാം കൊടുത്താച്ച്... അയ്യാ ടി വി താന്‍ കൊടുത്തത്... ഗ്യാഷ് നമ്മ താന്‍ വാങ്കണം..." പരിഭവം ഒളിച്ചു വച്ചു അവര്‍ പറഞ്ഞു..എന്നിട്ട് വായിലെ വെറ്റില നീര് ചൂണ്ടു വിരലിന്റെയും നടു വിരലിന്റെയും ഇടയിലൂടെ ചില്ലിട്ട ജനലിലൂടെ പുറത്തേക്ക് നീട്ടിത്തുപ്പി

ഇത്രയും പറഞ്ഞത്, ഒരു ചിന്തക്ക് വേണ്ടിയാണ്... വാര്‍ദ്ധക്യത്തില്‍ എത്തിയ ആ തമിഴ് സ്ത്രീ ജയലളിതയെക്കാളും ഒരു പക്ഷെ കരുണാനിധിയേക്കാളും പ്രായം ഉള്ളവര്‍ ആയിരിക്കാം... ഏതൊരു തമിഴനെയും പോലെ അവര്‍ക്കും ഒരു തെളിഞ്ഞ രാഷ്ട്രീയം ഉണ്ടായിരിക്കാം... എന്നിട്ടും അവര്‍ അവരെ അമ്മ എന്നും അയ്യാ എന്നുമാണ് സംബോധന ചെയ്യുന്നത്... നമ്മള്‍ തൊണ്ണൂറു തികഞ്ഞ പ്രതിപക്ഷ നേതാവിനെ വി എസ് എന്നും അറുപതു കഴിഞ്ഞ മുഖ്യനെ ഉമ്മന്‍ചാണ്ടി എന്നും പച്ചക്ക് പേര് വിളിച്ചു ശീലിച്ചവര്‍ ആണ്, തെറ്റ് പറയുന്നില്ല... പക്ഷെ പരസ്പരം ബഹുമാനം ആവോളം കൊടുക്കുന്ന തമിഴനെ  അണ്ണാച്ചി എന്ന് വിളിച്ചു തരം താഴ്ത്തുമ്പോള്‍ ഒന്ന് ആലോചിച്ചാല്‍ കൊള്ളാം, നമ്മുടെ യോഗ്യത, അണ്ണാച്ചി എന്നതിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം...!!

പിന്‍കുറിപ്പ്: തമിഴന് അമ്മ ജയലളിതയും അയ്യ കരുണാനിധിയും ആണ്... ഈ പോസ്റ്റ്‌ ജയലളിതയെയും കരുണാനിധിയും അപമാനിക്കണോ പിന്തങ്ങാണോ ഉള്ളതല്ല... രണ്ടുപേരോടും എനിക്ക് മതിപ്പില്ല...

Monday, March 10, 2014

ഹാങ്ങ്‌ഓവര്‍... എന്റമ്മോ...!!

എന്ത് പടമാണിത്...!! കമല്‍ ശിഷ്യന്‍ ശ്രീജിത്ത്‌ സുകുമാരന്‍ കഥയെഴുതിയെന്നോ സംവിധാനം ചെയ്തെന്നോ ഒക്കെ പറയുന്നത് കേട്ടു... കഥയെന്താണ് എന്നും സംവിധാനം എന്താണെന്നും കമല്‍ ആ വിദ്വാന് പറഞ്ഞു കൊടുത്തില്ലേ ആവോ...?? ഒരു കൂട്ടം നല്ല സിനിമകള്‍ മാത്രമല്ല, ഒരു പിടി പ്രതിഭാ ശാലികള്‍ ആയ സംവിധായകരെയും അഭിനേതാക്കളെയും സമ്മാനിച്ച കമലിന് പച്ചക്കുതിര പോലെ ഒരു സിനിമ എടുത്തതിലും വലിയ അബദ്ധമാണ് ഇതുപോലെ ഉള്ള ഒരു ശിഷ്യന്‍ ഉണ്ടായത്...!!

ഒരു സിനിമയെന്നാല്‍ കുറഞ്ഞത്‌, നല്ല കഥയോ തിരക്കഥയോ വേണം, വലിയ തെറ്റില്ലാതെ അഭിനയിക്കുന്ന നടീനടന്മാര്‍ വേണം, ഇത്തിരിയെങ്കിലും പ്രതിഭയുള്ള ഒരു സംവിധായകന്‍ വേണം...ഇതില്‍ ഒന്ന് പോലും ഇല്ലാതെ പോയി എന്നതാണ് ഹാങ്ങ്‌ഓവര്‍ എന്ന സിനിമയെന്ന കൊപ്രായത്തിനു പറ്റിയത്...പാട്ടുകള്‍ ശരാശരി പോലും എത്തിയില്ല... പതിവ് ശൈലിയില്‍ ആയെങ്കിലും ഭഗത് വലിയ തെറ്റില്ലാതെ അഭിനയിച്ചത് മാറ്റി നിര്‍ത്തിയാല്‍, പിന്നെ എല്ലാരും ശരാശരിയുടെ അഗാധങ്ങളില്‍ അഭിനയം അറിയാതെ മുങ്ങി തപ്പുകയായിരുന്നു... ഷൈന്‍ മുന്‍പ് കിട്ടിയ ചെറിയ വേഷങ്ങളില്‍ പോലും തന്‍റെ സാനിധ്യം അറിയിച്ചിരുന്നെങ്കില്‍ ഇത്തവണ അമിതാഭിനയത്തിന്റെ വേഷ പകര്‍ച്ച മാത്രമായിപ്പോയി...!! കഷ്ടം..!!

ത്രിശൂര്‍ കൈരളിയില്‍ ആണ് ഞാന്‍ പടം കണ്ടത്, തിയെറ്റര്‍ പരിസരത്ത് ഇപ്പോള്‍ തന്നെ മക്ബൂല്‍ സല്മാന് ഫാന്‍സ്‌ അസോസിയേഷന്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു... ആരോക്കെയാണാവോ മെമ്പര്‍മാര്‍...!! അവന്‍റെ എന്ത് കണ്ടിട്ടാണാവോ ഇവനൊക്കെ ഫാന്‍ ആയത്... അതോ മക്ബൂല്‍ തന്നെ സ്വയം വന്നു കെട്ടി തൂക്കിയ ഫ്ലെക്സ് ആയിരുന്നോ അത്... ഏതായാലും അതിനു മേലെ പശു ചാണകം ഇടുന്നതിനു മുന്പ് അഴിച്ചു കൊണ്ട് പോയി വല്ല ചായക്കടക്കും ചോര്‍ച്ച മാറ്റാന്‍ അട്ടത്തു കെട്ടിവച്ചോ... അതാ നല്ലത്...!! ഒരു പ്രതീക്ഷയും ഇല്ല..!! എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പറയും, അടുത്ത കാലത്ത് ഞാന്‍ തിയേറ്ററില്‍ കണ്ട ഏറ്റവും മോശം സിനിമ... 0.5/5

പിന്‍കുറിപ്പ്: ഹാങ്ങ്‌ഓവറിന്റെ ലക്ഷണങ്ങള്‍ തലവേദനയും ഉറക്ക ക്ഷീണവും ആണ്, ആവശ്യത്തിനു തലവേദന ഈ പടം നല്‍കുന്നു, ക്ഷീണം മാറാന്‍ എ സി തിയേറ്ററില്‍ കിടന്നു ഉറങ്ങിയാല്‍ മതി...

Monday, March 3, 2014

ഒരു കവിയുടെ ജനനം അഥവാ മരണം

ക്ലാസ്സിലെ മുന്‍വരിയില്‍ ഇരുന്ന തടിച്ച സുന്ദരി ഒരുപാട് പ്രകോപിപ്പിച്ചു...!! ലോല മനസുള്ള ഞാന്‍ അതില്‍ തലയും കുത്തി കരണം മറിഞ്ഞ് വീണു...എന്നാല്‍ പിന്നെ പ്രകോപനത്തിനു കീഴ്പ്പെട്ടേക്കാം... പോരാത്തതിന് ഇച്ചിരി പ്രേമമൊക്കെ വന്നതല്ലേ, ഒരു കവിതയെഴുതിയെക്കാം... വളരെ സിമ്പിള്‍ ആയി, ഒരു ചെറു കവിത അന്യന്‍ സ്റ്റൈലില്‍ മാര്‍ജിനിട്ട വെള്ളപേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതി, കൃത്യമായി മടക്കി പോക്കറ്റില്‍ വച്ചു...!!

കോളേജില്‍ ഇടത് കാല്‍ വച്ചു കയറിയതും സീനിയറിന്റെ കണ്ണില്‍ പെട്ടു, അവന്‍ കൃത്യമായി പോക്കറ്റില്‍ വച്ച പേപ്പറും കണ്ടു...ആ തടിച്ചി സുന്ദരിയുടെ മുന്‍പില്‍ വച്ചു അവന്‍ എന്നെ കൊണ്ട് ആ വരികള്‍ ഉറക്കെ വായിപ്പിച്ചു,

"ദൂരെ ദൂരെയൊരു താരം,
എന്നെക്കൊതിപ്പിച്ചു മിന്നി...
ഞാനൊന്നെത്തി നോക്കി
പക്ഷെ,
നീയകലെ....
ഒരുപാടൊരുപാട് അകലെ...
കാലത്തിന്‍റെ കൈ പിടിച്ച്
ഞാനൊരിക്കല്‍ വരും,
നീ കാത്തിരിക്കുക, എനിക്കായ്
എനിക്കായ് മാത്രം..."

ഇത് കേട്ടതും ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ അവള്‍ ഒറ്റ പോക്ക്... അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല... എന്‍റെ കയ്യിലും തെറ്റുണ്ട്... :)