Thursday, May 30, 2013

പോയി..വന്നു..പിന്നേം പോയി...

തകര്‍ന്ന പ്രണയവുമായി ഞാന്‍ കയറി ചെന്നത് ഇന്ത്യയിലെ ഐ ടി കാരുടെ സ്വപ്ന സ്ഥാപനങ്ങളില്‍ ഒന്നായ ഇന്‍ഫോസിസിന്റെ പടിയില്‍ ആയിരുന്നു...മലപ്പുറത്തെ ഒരു സാധാരണ കോളേജില്‍ പഠിച്ചു വന്ന എനിക്ക് മൈസൂരില്‍ ഇന്‍ഫോസിസ് ക്യാമ്പസ്‌ കണ്ടു സ്വര്‍ഗ്ഗത്തില്‍ എത്തിയ അവസ്ഥ ആയി..വൃത്തിയും ആഡംബരവും എന്നെ ശെരിക്കും അതിശയിപ്പിച്ചു...ഇത് ഇന്ത്യ തന്നെ ആണോ എന്ന് പലപ്പോഴും സംശയം ജനിപ്പിച്ചു...പക്ഷെ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന പ്രണയം അപ്പോഴും എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

എല്ലാം മറക്കാം എന്ന തീരുമാനത്തോടെ ഞാന്‍ അവിടത്തെ കൂട്ടുകാരുമായി ഇടപഴകി...ഒരുപാട് കൂട്ടുകാര്‍, സാമാന്യം നന്നായി സ്വാതന്ത്ര്യത്തോടെ പെരുമാറിയത് കാരണം കൂടുതല്‍ പേര്‍ക്കും എന്നെ നന്നായി ബോധിച്ചു...കൂട്ടത്തില്‍ ഒരുത്തിക്ക് (അവള്‍ക്കു മാത്രമാവാന്‍ വഴിയില്ല) അതത്ര പിടിച്ചില്ല...ചില്ലറ പിണക്കങ്ങള്‍...., പക്ഷെ സിനിമയില്‍ എന്ന പോലെ അവള്‍ എന്നോട് പിന്നീടു കൂടുതല്‍ അടുത്തു...എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായി അവള്‍ മാറി....

ഇടക്കിടക്കുള്ള ഫോണ്‍ വിളികള്‍ എനിക്ക് ചില സിഗ്നലുകള്‍ തന്നു...അതേ ബാച്ചിലെ ഒരുത്തന്‍ എന്നോട് ഒരിക്കല്‍ ചോദിച്ചു, "വളഞ്ഞില്ലേ, ഇനി ഓടിച്ചൂടെ?" എന്ന്...അവനോടു അതോടെ കട്ട കലിപ്പായി...!! ഒരു പ്രേമം പൊളിഞ്ഞു അവിടെ എത്തിയ എനിക്ക് വളക്കാനും ഓടിക്കാനും ഒന്നും അന്ന് തോന്നിയിരുന്നില്ല...പക്ഷെ അവിചാരിതമായി ഒരു ദിവസം അവളെന്നെ വിളിച്ചു ചോദിച്ചു,

"നിനക്ക് എന്നോട് എന്താണ്?"

"ഒന്നുമില്ല"

"എന്ത് പറ്റി, നിനക്കെന്താ?"

"എനിക്ക് നിന്നെ ഇഷ്ടമാവുന്നു, നിന്നെ വേണം എന്ന് തോന്നുന്നു"

പിന്നെ പ്രത്യേകിച്ച് ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല...അവളോട്‌ പുറത്തു വരാന്‍ പറഞ്ഞു ഞാന്‍ അവളുടെ റൂമിന് അടുത്തേക്ക് പോയി...(ഞങ്ങളെല്ലാം താമസിച്ചിരുന്നത് ഒരേ കാമ്പസില്‍ ആയിരുന്നു).. ഞാന്‍ എല്ലാം തുറന്നു പറഞ്ഞു, ഇത് വരെ എന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം...

ഒടുവില്‍ ഞാന്‍ വീണ്ടും വീണു, മൂക്കും കുത്തി വീണു...കട്ട പ്രേമം...ജാതിയോ മതമോ ഒന്നും നോക്കാതെയുള്ള പ്രേമം...പക്ഷെ, വില്ലനായി വന്നത് ജീവിതം തന്ന ഇന്‍ഫോസിസ് തന്നെ ആയിരുന്നു..ട്രെയിനിംഗ് കഴിഞ്ഞുള്ള പരീക്ഷ ജയിക്കാന്‍ അവള്‍ക്കായില്ല... അവള്‍ക്കു അവിടെ നിന്നു പുറത്തു പോവേണ്ടി വന്നു...ആ വൈകുന്നേരം ഞാനും അവളും ഒരുപാട് നേരം അടുത്തിരുന്നു...പരസ്പരം ഒരക്ഷരം മിണ്ടാതെ....!! കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഒരുപാട് നേരം...!!!

അന്ന് രാത്രി തന്നെ ബാക്കിയുള്ളവര്‍ക്ക് ഹൈദരാബാദ് ഓഫീസിലേക്ക് പോവേണ്ടി വന്നു...കടുത്ത വിരഹം, ഒടുവില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുനീര്‍ തടം കെട്ടി നില്‍ക്കുന്നു...അവളോട്‌ പൊയ്ക്കൊള്ളാന്‍ പറഞ്ഞു ഞാന്‍ റസ്റ്റ്‌ റൂമിലേക്ക് പോയി...അത് വരെ ഞാന്‍ ഒതുക്കി വച്ച കരച്ചില്‍ എല്ലാം ഒരുമിച്ചു പുറത്തെത്തി....

ഒടുവില്‍ ഒരു വോള്‍വോ ബസ്സില്‍ കയറി ഞാന്‍ ആ മനോഹരമായ ക്യാമ്പസിനോടു വിട പറഞ്ഞു...അവളെ തനിച്ചാക്കി...ആയാത്രയില്‍ മുഴുവനും എനിക്ക് പുതക്കാന്‍ കിട്ടിയ കമ്പിളി എന്‍റെ കണ്ണുനീരുകള്‍ ഏറ്റുവാങ്ങി....പിന്നെയും കുറച്ചു നാളുകള്‍ കൂടെ ഫോണിലൂടെ ആ പ്രണയം മുന്നോട്ടു നീങ്ങി...

പല കാരണങ്ങളാലും ആ പ്രണയം അതികകാലം നീണ്ടില്ല...അവളിപ്പോ ഒരു നല്ല ഭാര്യയായി (മറ്റൊരാളുടെ) ജീവിക്കുന്നു...എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ അവളോട്‌ എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു...ആദ്യ പ്രണയം നഷ്ടപ്പെട്ടു വിഷമിച്ചിരുന്ന എന്നില്‍ സന്തോഷത്തിന്റെ കതിരുകള്‍ വളര്‍ത്തിയത്‌ അവളായിരുന്നു...മൈസൂര്‍ ഇന്‍ഫോസിസിലെ ക്യാമ്പസ്‌ ബെഞ്ചുകളില്‍ രാവ് വെളുക്കുവോളം എനിക്കൊപ്പം ഇരുന്ന അവളോട്‌ ഒരു പാട് സ്നേഹം മാത്രം....!!!

പിന്‍കുറിപ്പ്: ഞാന്‍ പിന്നേം വീണു പലവട്ടം...മൂക്കല്ല, തല കുത്തി തന്നെ വീണു...ഇപ്പോഴും എണീക്കാന്‍ പഠിച്ചിട്ടില്ല എന്നുമാത്രം...പെണ്ണ് നോക്കുന്ന ഈ സമയത്ത് ഇതൊന്നും ഒരു പാരയാവാതിരുന്നാല്‍ ഭാഗ്യം...

Sunday, May 26, 2013

ഫസ്റ്റ് ഷേവ്..

നരസിംഹം പടം റിലീസ് ആയി...എല്ലാവരും മോഹന്‍ലാലിന്‍റെ മീശയെ പറ്റി പറയുന്നു...പുരുഷത്വം ആണിന്റെ കട്ടി മീശയിലും കട്ടി വച്ച താടിയിലും ആണെന്ന് അന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങി...മലയാളിയുടെ പുരുഷ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രണ്ടു സാദനങ്ങളും കട്ടി വയ്ക്കാതെ മൃദുവായി തന്നെ എന്‍റെ ചുണ്ടിനു മുകളിലും കവിളുകളിലും നിലനില്‍ക്കുന്നു....

അങ്ങനെ ഒരു ദിവസം, അസീസിന്റെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നു മുടി വെട്ടി വീട്ടിലെത്തി കുളിച്ചു കണ്ണാടി നോക്കി...കൃതാവിന്റെ താഴെ സ്കേല്‍ വച്ച് വടിച്ചത്‌ പോലെ കൃത്യമായി വടിച്ചു വച്ചിരിക്കുന്നു...പക്ഷെ ഒരു അഞ്ചു സെന്ടിമിട്ടെര്‍ താഴെ മുതല്‍ പൊടിരോമങ്ങള്‍ പഴയത് പോലെ തന്നെ നില്‍ക്കുന്നു, വൃത്തികെട്..!!! ഛെ..!! ടീനെജിന്റെ ഓരോ പ്രശ്നങ്ങളെ...!! ഇത് തീര്‍ത്തിട്ട് തന്നെ കാര്യം...

അന്ന് വൈകീട്ട് അമ്മയും അനിയത്തിയും അമ്പലത്തില്‍ പോയി...ഇത് തന്നെ അവസരം, അച്ഛന്‍ ഗള്‍ഫില്‍ നിന്നു വന്നു പോയപ്പോ എടുക്കാതെ വച്ചുപോയ ഷേവിംഗ് സെറ്റ് ഭദ്രമായി ബാത്ത്റൂമിന്‍റെ ചുമരിനു മുകളില്‍ ഉണ്ട്..തീരാറായ ഷേവിംഗ് ക്രീമിന്റെ ട്യൂബ് ഞെക്കി പിഴിഞ്ഞ് ഒരല്‍പം ക്രീം കിട്ടി...ഉള്ളത് പതപ്പിച്ചു മുഖത്ത് പുരട്ടി... മുഖത്താകെ ഒരു തണുപ്പ്..!!

ഷേവിംഗ് ബ്ലേഡ് എടുത്തു നോക്കി, ഒരല്‍പ്പം പഴകിയതാണെങ്കിലും മോശമില്ലാത്ത മൂര്‍ച്ചയുള്ള 7'o ക്ലോക്കിന്റെ ഒരു ബ്ലേഡ് അകത്തുണ്ട്...ഒരല്‍പം തുരുംബുണ്ടെങ്കിലും സാരമില്ല...വേറെ ബ്ലേഡ് ഇലാത്തതുകൊണ്ട് അത് മതി എന്ന് വച്ചു...

പതുക്കെ ശ്രദ്ധിച്ച് കൃതാവില്‍ നിന്നു സോപ്പ് പതയും പോടീ രോമങ്ങളും വടിച്ചിറക്കിയപ്പോ കവിളുകളില്‍ അവിടവിടെയായി ചോരയും പൊടിഞ്ഞു...എന്നാലും സാരമില്ല...ഇത്രയും കാലം മുഖത്തെ വൃത്തികേടുകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ആ പൊടിരോമങ്ങള്‍ അടര്‍ന്നു പോരട്ടെ..ജീവിതത്തിലെ എന്‍റെ ആദ്യത്തെ താടി-മീശ വടികള്‍ അന്ന് സംഭവിച്ചു...!!

എല്ലാം കഴിഞ്ഞു മുഖം കഴുകി, ആഫ്റ്റര്‍ ഷേവ് മുഖത്ത് പുരട്ടിയപ്പോ എന്തെന്നില്ലാതെ നീറ്റല്‍..., മുഖത്ത് പറ്റിയ പരിക്കുകള്‍ തന്നെ കാരണം...വീണ്ടും ഒന്ന് കണ്ണാടി നോക്കി...വടിച്ച ഭാഗങ്ങള്‍ മാത്രം നല്ല വെളുത്തിരിക്കുന്നു, അമ്മയുടെ നിറം...!!മുഖത്തെ ശേഷിച്ച ഇടങ്ങളില്‍ അച്ഛന്റെ നിറം തന്നെ മുന്നിട്ടു നില്‍ക്കുന്നു...!! നല്ല രസികന്‍ വൃത്തികേട്‌..., സാരമില്ല, നാളെ മുളക്കാനുള്ള കട്ടി രോമങ്ങള്‍ എന്നെ കൂടുതല്‍ അഭിമാനിയാക്കും...!!

അമ്പലത്തില്‍ നിന്നു വന്ന അമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നോ?? ഹേയ്, തോന്നിയതായിരിക്കും...I am not a boy, I am a man now, ഞാന്‍ മനസ്സില്‍ പറഞ്ഞു...

ഇന്ന്, മുഖത്ത് വരുന്ന കട്ടി രോമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നില്ല...അത് വടിച്ചു ഒഴിവാക്കാന്‍ ഞാന്‍ ഇന്ന് ധൃതിപ്പെടുന്നു...പ്രേമിച്ച പെണ്ണിനെ കല്യാണം കഴിച്ച അതേ അവസ്ഥ...പ്രേമിച്ചു നടന്നപ്പോ തോന്നിയ ആ ആവേശമൊന്നും ഇപ്പോഴില്ല....!!

#വായപ്പാറപ്പടി സ്മരണകള്‍.

Wednesday, May 8, 2013

ഒരു ഇലക്ഷന്‍ അവലോകനം...


ഇന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം..ജയിച്ചവര്‍ അത് പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നു...എനിക്ക് പഴയ കോളേജ് ദിവസങ്ങള്‍ ഓര്‍മ്മ വരുന്നു...അത് വരെ ജീവിതത്തില്‍ ചന്ദുവിനെ തോല്‍പ്പിച്ചവര്‍ പലരുണ്ടായിരുന്നു പലവട്ടം...!!

ഒരു ഇലക്ഷന്‍ ആദ്യമായി നേരിട്ടത് കോളേജിലെ ആദ്യ വര്‍ഷം ആയിരുന്നു...ജയിച്ചു മാഗസിന്‍ എഡിറ്റര്‍ ആയി കോളേജിന്റെ ചരിത്രത്തില്‍ ആദ്യത്തേതും ഇത് വരെ അവസാനത്തേതും ആയ മാഗസിന്‍  ഞാന്‍ ഇറക്കി എന്ന ആശ്വാസത്തില്‍ ഇലക്ഷനെ നേരിടുന്ന രണ്ടാം വര്‍ഷം...!!ഒരു കാര്യവും ഉണ്ടായില്ല, "പൊട്ടി പൊട്ടി രാകേഷ് പൊട്ടി" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് എതിര്‍ കക്ഷികള്‍ ആര്‍ത്തലച്ചു...അവരെ പറഞ്ഞിട്ടും കാര്യമില്ല, ശ്രീശാന്തിനും പ്രിത്വിരാജിനും ഒക്കെ കിട്ടിയ അഹങ്കാരപ്പട്ടം ഞാന്‍ അന്ന് തന്നെ നേടി എടുത്തിരുന്നു എന്നത് തന്നെ തോല്‍ക്കാന്‍ ഉണ്ടായ കാരണം...നന്ദി നാക്കേ ഒരായിരം നന്ദി...!!

ഇങ്ങനെ ഒക്കെ പറഞ്ഞാലും ശരിക്കും വിഷമം ഉണ്ടായിരുന്നു...തോറ്റവന്റെ മനസ്സ് അത്രയും കലുഷമായിരുന്നു...ക്ലാസ്സില്‍ തന്നെ പഠിച്ചിരുന്ന ആ തടിച്ച സുന്ദരിയുടെ മുഖത്ത് ഞാന്‍ ഇനി എങ്ങനെ നോക്കും...ജയിക്കുമെന്ന് ഉറപ്പിച്ചു ഞെളിഞ്ഞു നടന്ന എന്നെ എന്‍റെ എതിരാളികള്‍ ഇനി എന്നും കൂവി വിളിക്കും....ഇതൊക്കെ ആയിരുന്നു പിറ്റേന്ന് പത്രത്തില്‍ പടം വരും എന്ന് വിചാരിച്ച എന്‍റെ ഉള്ളില്‍,... അതിനു വേണ്ടി എടുത്തു വച്ച കളര്‍ ഫോട്ടോ വേസ്റ്റ് ആയി എന്ന് പറയാന്‍ പറ്റില്ല, പാസ്പോര്ട്ട്  എടുക്കാന്‍ നേരത്ത് ആ ഫോട്ടോ ആണ് കൊടുത്തത്...എന്നാലും മുന്‍പ് ജയിച്ചപ്പോള്‍ ഇങ്ങനെ അര്‍മ്മാദിച്ചു ആഘോഷിക്കാത്തതിനു അന്നെനിക്ക് കുറ്റബോധം തോന്നി...

പ്രത്യേകിച്ച് വലിയ ഗുണമൊന്നും കിട്ടാത്ത ആ കോളേജ് ഭാരവാഹിത്വം കിട്ടാത്തതില്‍ ഇന്ന് വലിയ ദുഖം ഇല്ല, എന്നാലും പറയട്ടെ, തോല്‍ക്കുന്നവരെ കൂവി വിളിക്കുന്നത്‌ വല്ലാത്ത ഒരു ഉപദ്രവം ആണ്..അതറിയണം എങ്കില്‍ വല്ലപ്പോഴും ഒന്ന് തോല്‍ക്കുക തന്നെ വേണം...!!

ഗുണപാഠം:
 വേറെ ഒരുത്തനും ഇറക്കാന്‍ മെനക്കെടാത്ത മാഗസിന്‍ ഇറക്കുന്നതുകൊണ്ട് ഇലക്ഷനില്‍ ഒരു ഗുണവും ചെയ്യില്ല...കടം കേറാം എന്നതല്ലാതെ...ഈ മാഗസിന്‍ ഒക്കെ ആര്ക്കു വേണം...!

*** ചന്ദു പിന്നെത്ത വര്‍ഷവും തോറ്റു...നല്ല അന്തസ്സായി തന്നെ...(അഹകാരം അന്നും കുറഞ്ഞിട്ടുണ്ടായിരുന്നില്ല) പക്ഷെ ഇനി ചന്ദുവിനെ തോല്‍പ്പിക്കാന്‍ പറ്റില്ല...അതോടെ ഡിഗ്രി കഴിഞ്ഞു, പിന്നെ ചന്ദു പഠിക്കാനും പോയില്ല...ഇനി പോവാന്‍ ഉദ്ദേശവും ഇല്ല...!! *****

Tuesday, May 7, 2013

മിസ്റ്റര്‍ പാല..!!

അതൊരു വെക്കേഷന്‍ കാലം...ഇനി പരീക്ഷക്ക്‌ പഠിക്കേണ്ടതില്ല എന്ന സന്തോഷത്തില്‍. പുലര്‍ച്ചെ തന്നെ ഞങ്ങള്‍ വായപ്പാറപ്പടി ബോയ്സ് ക്രിക്കറ്റ്‌ കളിക്കാന്‍ ഇറങ്ങി...ജെമിനി സര്‍ക്കസ് ടെന്റ് കെട്ടി പോയത് കാരണം വേറെ ഒരു പിച്ച് ഒരുക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടു...അരുകിഴായ ക്ഷേത്രത്തിനു അടുത്തുള്ള പാടത്ത് ഞങ്ങള്‍ അങ്ങനെ ക്രിക്കറ്റ്‌ കളി തുടങ്ങി...

പൊരിഞ്ഞ കളി...കട്ട ബൌളിംഗ്, കട്ട ബാറ്റിംഗ്....ആള് കുറവായത് കാരണം നിയമങ്ങള്‍ ഞങ്ങള്‍ ഭേദഗതി ചെയ്തു..ഐ സി സി പോലും അറിയാതെ..പുറകിലേക്ക് അടിച്ചാല്‍ അടിച്ചവന്‍ തന്നെ ബോള്‍ എടുക്കണം...റിയാസ് ബാറ്റ് ചെയ്യുന്നു, രഞ്ജിത്ത് ആണ് ബൌള്‍ ചെയുന്നത് എന്നാണു ഓര്‍മ്മ...നമ്മുടെ നായകന്‍ ഇവര്‍ രണ്ടും അല്ല, ഞാന്‍ അവനെ ഇന്ന് മിസ്റ്റര്‍ "പാല" എന്ന് വിളിക്കുന്നു....അവനാണ് നമ്മുടെ കീപ്പര്‍...., രഞ്ജിത്തിന്റെ ഫാസ്റ്റ് ബൌള്‍ തൊടാന്‍ റിയാസിന് പറ്റിയില്ല...മിസ്റ്റര്‍ പാലയെയും കടന്നു അത് പുറകിലോട്ടു കുതിച്ചു...എറിഞ്ഞ രഞ്ജിത്തും അടിക്കാതിരുന്ന റിയാസും ബൌള്‍ എടുക്കാന്‍ തയ്യാറായില്ല, ബൌള്‍ ചെന്ന് വീണത്‌ ഒരു കുഴിയില്‍..., കുറ്റം ആരോപിച്ചത് നമ്മുടെ നായകന്‍റെ തലയില്‍ തന്നെ....ഒരു ഫാസ്റ്റ് ബൌള്‍ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇവനെന്തിനാ കീപ്പര്‍ എന്നും പറഞ്ഞു നില്‍ക്കുന്നത്...ഹല്ല പിന്നെ..!!! പാവം മിസ്റ്റര്‍ പാല, കൂട്ടത്തില്‍ അല്‍പ്പം തടിയനായ അവന്‍ തന്നെ ബൌള്‍ എടുത്തു കൊണ്ടുവരാം എന്ന് ഏറ്റു...കുറ്റബോധം....!!!!

അങ്ങനെ ആ കുഴിയിലേക്ക് അവന്‍ എടുത്തു ചാടി....കണ്ടത് പോലെ അല്ല...കുഴിയില്‍ കാല്‍ വച്ചതും പാലയുടെ കാല്‍ അതില്‍ താഴാന്‍ തുടങ്ങി, ഏതാണ്ട് മുട്ടറ്റം...കുഴിയില്‍ നിന്നും സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ ദുര്‍ഗന്ധവും....!! അവിടെ കിടന്ന ടെന്നീസ് ബോള്‍ എറിഞ്ഞു കൊടുത്ത ശേഷമാണ് പാലക്ക് അത് മനസിലായത്, ഇറങ്ങിയത്‌ വെറുമൊരു കുഴിയില്‍ അല്ല...സര്‍ക്കസ്സുകാര്‍ അവര്‍ക്ക് വേണ്ടി കുഴിച്ച താല്‍ക്കാലിക കക്കുസ് ആയിരുന്നു അത്....ദുര്‍ഗന്ധം കാരണം ആരും ആ കുഴിക്കരുകില്‍ അടുത്തില്ല....വിശാല മനസ്ക്കനായ റിയാസ് മാത്രം ആ തീട്ട കുഴിയില്‍ നിന്നും കര കയറാന്‍ പാലയെ സഹായിച്ചു...പാല അപ്പൊ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവണം എ ഫ്രണ്ട് ഇന്‍ നീഡ്‌ ഇസ് ഫ്രണ്ട് ഇന്ടീട്....!! മുട്ടിനു താഴെ ഒരു മഞ്ഞ ആവരണവും കൊണ്ട് പാല വീടിലേക്ക്‌ തിരിച്ചു... വീടിനു പുറത്തെ കുളിമുറിയില്‍ കയറി കാലുകള്‍ നന്നായി വൃത്തിയാകി, വരുന്ന വഴിക്ക് തന്നെ ആ മഞ്ഞ ഷൂസുകള്‍ ഉപേക്ഷിച്ചിരുന്നു....നന്നായി വൃത്തിയായ ശേഷം പുറത്തിറങ്ങി പാല പറഞ്ഞു, കഴുകുന്നതിന്റെ ഇടയില്‍ സോപ്പ് വഴുതി ക്ലോസെറ്റില്‍ വീണു..!!

അപ്പോള്‍ കേട്ട അശരീരി.... "കണ്ട സര്‍ക്കസ്സുകാരുടെ കക്കൂസില്‍ കാലിടാം, പക്ഷെ സ്വന്തം വീടിലെ വൃത്തിയുള്ള ക്ലോസെറ്റില്‍ വീണ ലെക്സ് എടുക്കാന്‍ വയ്യ.. !!"

#വായപ്പാറപ്പടി സ്മരണകള്‍.