Sunday, May 26, 2013

ഫസ്റ്റ് ഷേവ്..

നരസിംഹം പടം റിലീസ് ആയി...എല്ലാവരും മോഹന്‍ലാലിന്‍റെ മീശയെ പറ്റി പറയുന്നു...പുരുഷത്വം ആണിന്റെ കട്ടി മീശയിലും കട്ടി വച്ച താടിയിലും ആണെന്ന് അന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങി...മലയാളിയുടെ പുരുഷ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രണ്ടു സാദനങ്ങളും കട്ടി വയ്ക്കാതെ മൃദുവായി തന്നെ എന്‍റെ ചുണ്ടിനു മുകളിലും കവിളുകളിലും നിലനില്‍ക്കുന്നു....

അങ്ങനെ ഒരു ദിവസം, അസീസിന്റെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നു മുടി വെട്ടി വീട്ടിലെത്തി കുളിച്ചു കണ്ണാടി നോക്കി...കൃതാവിന്റെ താഴെ സ്കേല്‍ വച്ച് വടിച്ചത്‌ പോലെ കൃത്യമായി വടിച്ചു വച്ചിരിക്കുന്നു...പക്ഷെ ഒരു അഞ്ചു സെന്ടിമിട്ടെര്‍ താഴെ മുതല്‍ പൊടിരോമങ്ങള്‍ പഴയത് പോലെ തന്നെ നില്‍ക്കുന്നു, വൃത്തികെട്..!!! ഛെ..!! ടീനെജിന്റെ ഓരോ പ്രശ്നങ്ങളെ...!! ഇത് തീര്‍ത്തിട്ട് തന്നെ കാര്യം...

അന്ന് വൈകീട്ട് അമ്മയും അനിയത്തിയും അമ്പലത്തില്‍ പോയി...ഇത് തന്നെ അവസരം, അച്ഛന്‍ ഗള്‍ഫില്‍ നിന്നു വന്നു പോയപ്പോ എടുക്കാതെ വച്ചുപോയ ഷേവിംഗ് സെറ്റ് ഭദ്രമായി ബാത്ത്റൂമിന്‍റെ ചുമരിനു മുകളില്‍ ഉണ്ട്..തീരാറായ ഷേവിംഗ് ക്രീമിന്റെ ട്യൂബ് ഞെക്കി പിഴിഞ്ഞ് ഒരല്‍പം ക്രീം കിട്ടി...ഉള്ളത് പതപ്പിച്ചു മുഖത്ത് പുരട്ടി... മുഖത്താകെ ഒരു തണുപ്പ്..!!

ഷേവിംഗ് ബ്ലേഡ് എടുത്തു നോക്കി, ഒരല്‍പ്പം പഴകിയതാണെങ്കിലും മോശമില്ലാത്ത മൂര്‍ച്ചയുള്ള 7'o ക്ലോക്കിന്റെ ഒരു ബ്ലേഡ് അകത്തുണ്ട്...ഒരല്‍പം തുരുംബുണ്ടെങ്കിലും സാരമില്ല...വേറെ ബ്ലേഡ് ഇലാത്തതുകൊണ്ട് അത് മതി എന്ന് വച്ചു...

പതുക്കെ ശ്രദ്ധിച്ച് കൃതാവില്‍ നിന്നു സോപ്പ് പതയും പോടീ രോമങ്ങളും വടിച്ചിറക്കിയപ്പോ കവിളുകളില്‍ അവിടവിടെയായി ചോരയും പൊടിഞ്ഞു...എന്നാലും സാരമില്ല...ഇത്രയും കാലം മുഖത്തെ വൃത്തികേടുകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ആ പൊടിരോമങ്ങള്‍ അടര്‍ന്നു പോരട്ടെ..ജീവിതത്തിലെ എന്‍റെ ആദ്യത്തെ താടി-മീശ വടികള്‍ അന്ന് സംഭവിച്ചു...!!

എല്ലാം കഴിഞ്ഞു മുഖം കഴുകി, ആഫ്റ്റര്‍ ഷേവ് മുഖത്ത് പുരട്ടിയപ്പോ എന്തെന്നില്ലാതെ നീറ്റല്‍..., മുഖത്ത് പറ്റിയ പരിക്കുകള്‍ തന്നെ കാരണം...വീണ്ടും ഒന്ന് കണ്ണാടി നോക്കി...വടിച്ച ഭാഗങ്ങള്‍ മാത്രം നല്ല വെളുത്തിരിക്കുന്നു, അമ്മയുടെ നിറം...!!മുഖത്തെ ശേഷിച്ച ഇടങ്ങളില്‍ അച്ഛന്റെ നിറം തന്നെ മുന്നിട്ടു നില്‍ക്കുന്നു...!! നല്ല രസികന്‍ വൃത്തികേട്‌..., സാരമില്ല, നാളെ മുളക്കാനുള്ള കട്ടി രോമങ്ങള്‍ എന്നെ കൂടുതല്‍ അഭിമാനിയാക്കും...!!

അമ്പലത്തില്‍ നിന്നു വന്ന അമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നോ?? ഹേയ്, തോന്നിയതായിരിക്കും...I am not a boy, I am a man now, ഞാന്‍ മനസ്സില്‍ പറഞ്ഞു...

ഇന്ന്, മുഖത്ത് വരുന്ന കട്ടി രോമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നില്ല...അത് വടിച്ചു ഒഴിവാക്കാന്‍ ഞാന്‍ ഇന്ന് ധൃതിപ്പെടുന്നു...പ്രേമിച്ച പെണ്ണിനെ കല്യാണം കഴിച്ച അതേ അവസ്ഥ...പ്രേമിച്ചു നടന്നപ്പോ തോന്നിയ ആ ആവേശമൊന്നും ഇപ്പോഴില്ല....!!

#വായപ്പാറപ്പടി സ്മരണകള്‍.

No comments: