Thursday, February 27, 2014

ഞാനല്ല, എന്‍റെ ഗര്‍ഭം ഇങ്ങനല്ലാ...!!

"ഡാ... നീ വരുന്നോ..??"
വിറച്ചും തുമ്മിയുമിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് മച്ചുനന്റെ ശബ്ദം...ടിയാന്‍ ഒരു ജിമ്മന്‍ ആണ്... ജോലി ചെയ്യുന്നത് പേരുകേട്ട ജമണ്ടന്‍ ജിമ്മില്‍...!!
"എങ്ങോട്ട്..?" ചോദ്യത്തിന് ഉത്തരം ചോദ്യം...
"ഞങ്ങളുടെ ജിമ്മിന്റെ പാര്‍ട്ടി ഉണ്ട്, 'സൂത്ര' പബില്‍, ഞങ്ങള്‍ക്ക് ഫ്രീ എന്‍ട്രി ആണ്..."
ബാംഗ്ലൂരിലെ പഞ്ച നക്ഷത്ര പബുകളില്‍ ഒന്നാണ് സൂത്ര എന്നറിയാം... ഈ സംഭവം നടക്കുനതു ഒരു ആറു വര്‍ഷം മുന്‍പായിരുന്നു എന്നത് കൊണ്ട് തന്നെ, അന്ന് സൂത്രയില്‍ പോവാനുള്ള സാമ്പത്തിക സ്ഥിതി കൈവരിച്ചിട്ടിലായിരുന്നു...!! അത് കൊണ്ട് തന്നെ കേട്ട പാതി സമ്മതം മൂളി..!!

വൈകീട്ട് സൂത്രയില്‍ എത്തി... മച്ചുനന്റെ കൂടെ അകത്തു കയറി...ഇരുട്ടിനെ അവഗണിച്ചു തെളിഞ്ഞ മങ്ങിയ വെളിച്ചങ്ങള്‍ക്ക് നടുവില്‍ ഞങ്ങള്‍ ഇരുന്നു.. സമ്പന്നരുടെ ഒരു പട തന്നെ ഉണ്ടവിടെ, അവരുടെ വിലയേറിയ വസ്ത്രങ്ങളും കോട്ടുകളും എല്ലാം എന്നില്‍ അപകര്‍ഷതയുടെ കൊടുമുടി പണിതു കയറ്റി.. മച്ചുനന്‍ അഞ്ഞൂറ് രൂപക്ക് വാങ്ങി തന്ന ആദ്യ പെഗ് അതിനു കുറച്ചു ആശ്വാസം നല്‍കി...
"ഇനി ഞാന്‍ വാങ്ങി തരില്ല, പോക്കറ്റ് കാലിയാവും"  മച്ചുനന്‍ ചെവിയില്‍ ഓതി..!!
ബോധത്തിന് മയക്കം നല്‍കാന്‍ പിന്നെ സഹായിച്ചത് സമ്പന്നരായ മച്ചുനന്‍റെ ക്ലൈന്റ്റ്സ് ആയിരുന്നു...അവര് വച്ചു നീട്ടിയ സോമരസം ആവോളം സേവിച്ചു... പിന്നെ പാര്‍ട്ടി ഡാന്‍സ്..!! എല്ലാരും വട്ടം കൂടി ദ്രുത താളത്തില്‍ നൃത്തം...!! ആനന്ദത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുമ്പോള്‍, എന്‍റെ തോളില്‍ ഒരു ബലിഷ്ഠ കരം സ്ഥാനം പിടിച്ചു... !!
തിരിഞ്ഞു നോക്കിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരു ആജാനു ബാഹു..!! കൂടെ വടക്ക് കിഴക്കന്‍ മുഖഛായയുള്ള മിഥുനങ്ങള്‍..!! അതിലെ പെണ്‍കൊച്ചിന്റെ ചൂണ്ടു വിരല്‍ ഒരാവശ്യവും ഇല്ലാതെ എനിക്ക് നേരെ ചൂണ്ടിയിരിക്കുന്നു...
"യുവര്‍ ടൈം ഈസ് ഓവര്‍.." ആ ബൌണ്‍സര്‍ മാന്യമായി പറഞ്ഞു...
"ഓ, ചിലപോ സൗജന്യ സമയം കഴിഞ്ഞിരിക്കും" എന്നും കരുതി ഞാന്‍ ആദ്യം പുറത്തോട്ട് ഇറങ്ങി..അകത്തു വച്ചിരുന്ന എന്‍റെ ബാഗ്‌ എടുത്തു മച്ചുനന്‍ കുറച്ചു കഴിഞ്ഞു പുറത്തെത്തി..
"ഡാ, നീയാ പെണ്ണിന്‍റെ വേണ്ടാത്തിടത്ത് തോണ്ടിയോ..??"
മച്ചുനന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി...
"ങേ..??"
"അവളെ തോണ്ടിയതിന്റെ പേരിലാണ് നമ്മളെ എടുത്തു പുറത്തിട്ടത്.."
"ഹേയ്, ഞാന്‍ മനസാ, വാചാ, കര്‍മ്മണാ...!!"
"ഒരു കണ്ണട വച്ചവന്‍ തോണ്ടി എന്നാ അവള്‍ പറഞ്ഞത്... നീ തന്നെ ആവും അത്.." മച്ചുനന്‍ അത് ഞാന്‍ തന്നെയായിരിക്കും ഉറപ്പിച്ചു..!! കുടുംബ സ്നേഹമില്ലാത്തവന്‍...!!

ഇതും കേട്ട് മത്തങ്ങാ വലിപ്പത്തില്‍ കണ്ണും ഉരുട്ടി മച്ചുനന്റെ ബൈക്കില്‍ ഞാന്‍ വീട്ടിലേക്കു പോയികൊണ്ടിരിക്കുമ്പോള്‍ വേറെ ഏതോ ഒരു കണ്ണട വച്ചവന്‍ പെണ്ണിന്‍റെ മാര്‍ദ്ധവഭാഗത്തെവിടെയോ കൈ വച്ചതില്‍ ആനന്ദനിര്‍വൃതി അടഞ്ഞിരിക്കുകയായിരുന്നു..!!

Wednesday, February 26, 2014

അടിപതറാതെ ചന്നനാരായണ ദുര്‍ഗ്ഗയില്‍

ചന്നനാരായണ ദുര്‍ഗ്ഗ പോവാം എന്ന് പറഞ്ഞത് അരുണ്‍ ആയിരുന്നു, കൂടെ വരാം എന്നേറ്റവര്‍ തരം പോലെ മുങ്ങി... പ്രതീക്ഷിക്കാതെ സന്തോഷും സത്താറും കൂടെ വരുന്നെന്നു പറഞ്ഞു, രണ്ട് ബൈക്കില്‍ ഞായറാഴ്ച്ച പുലര്‍ച്ചക്ക് യാത്ര തുടങ്ങി...
വഴി: ബാംഗ്ലൂരില്‍ നിന്നും തുംകൂര്‍ റൂട്ടില്‍ 55 കിലോമീറ്റര്‍ പോയാല്‍ ഡോബ്ബാസ്പെട്ട്, അവിടെ നിന്നും വലത്തോട്ട് മധുഗിരി റൂട്ടില്‍ പോയി തുംബാടിയില്‍ നിന്നും ഇടത്തോട്ടു പോയാല്‍ ചന്നനാരായണ ദുര്‍ഗ്ഗ ഗ്രാമത്തില്‍ എത്തിച്ചേരും...

ഏതാണ്ട് എട്ടരയോടെ ഞങ്ങള്‍ അവിടെ എത്തി...ഗ്രാമത്തിലെ ഒരു ആല്‍മര ചുവട്ടില്‍ വണ്ടി നിര്‍ത്തി, ഹെല്‍മെറ്റ്‌ ഒരു കടയില്‍ കൊടുത്തേല്‍പ്പിച്ചു, അവിടെ നിന്ന് തന്നെ ആവശ്യത്തിനു വെള്ളം വാങ്ങി...വെയില് കടുക്കുന്നതിനു മുന്‍പുതന്നെ മല കയറാം എന്ന് കരുതി... മലകയറാന്‍ വൃത്തിയായ ഒരു വഴി തിരഞ്ഞ ഞങ്ങള്‍ക്ക് തെറ്റി... അങ്ങനെ പ്രത്യേകിച്ച് ഒരു വഴി ഇല്ല..!! ചെങ്കുത്തായ പാറ മലയാണ് അത്, ജീവന് ഭയമുണ്ടെങ്കില്‍ ആദ്യമേ പിന്മാറണം... അതില്ലാത്തവര്‍ക്ക് ശ്രദ്ധയോടെ അടി വച്ചു തുടങ്ങാം..!! നാല്പത്തി അഞ്ചു മുതല്‍ എഴുപതു വരെ ഡിഗ്രിയില്‍ കുത്തനെ കിടക്കുന്ന ആ പാറമല കയറാന്‍ കുറച്ചു കൂടുതല്‍ തന്നെ ധൈര്യം വേണം...!! അത് മാത്രം പോര ശാരീരിക ക്ഷമതയും... കൂട്ടത്തില്‍ മെലിഞ്ഞ സത്താറും അരുണും വലിയ തെറ്റില്ലാതെ ആദ്യത്തെ കയറ്റം കയറി... ദുര്‍മേധസ്സ് സമ്പാദ്യമായുള്ള എനിക്കും സന്തോഷിനും അതത്ര എളുപ്പമായില്ല...!! 

കുറച്ചു വലിഞ്ഞു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും തളര്‍ന്നു...സന്തോഷിനു തലകറക്കം തുടങ്ങി, വലിയ താമസമില്ലാതെ വാളും (ചര്‍ദ്ദി) വച്ചു..!! ഒരു ശ്രിലങ്ക ഭൂപടം മാത്രമേ പ്രതീക്ഷിച്ചെങ്കിലും തെളിഞ്ഞത് ഇഡലി വട കൊണ്ട് ഒരു ലോക ഭൂപടം...!!  ചെറിയ തലകറക്കം തോന്നിയപ്പോള്‍ തന്നെ ഞാന്‍ വിശ്രമിച്ചു വെള്ളം കുടിച്ചിരുന്നു... അവിടെ നില്‍ക്കേണ്ടതായിരുന്നു ആ യാത്ര... കുറച്ചു വെള്ളംകൂടെ കുടിച്ചു, രണ്ടും കല്‍പ്പിച്ചു ഞാന്‍ മുകളിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങി... !! കളയനുള്ളത് കളഞ്ഞു കഴിഞ്ഞപ്പോള്‍ സന്തോഷ്‌ കൂടുതല്‍ ഉഷാര്‍...!! ഇതൊക്കെ എന്ത് എന്ന് വിചാരിച്ചിരുന്ന സത്താറിനോട് ഒറ്റ ഡയലോഗ്,
"മാറി നില്‍ക്കടാ...!!"
പിന്നെ ഏതോ ആക്ഷന്‍ പടത്തിലെ ഹീറോയെ പോലെ സന്തോഷ്‌ പുട്ടുപോലെ ബാക്കി ദൂരം കയറി... വാള് വച്ചാല്‍ ഒരു മനുഷ്യന് ഇത്രയും ഊര്‍ജം കിട്ടുമോ..???
പോവുന്ന വഴിയില്‍ ഇഷ്ടം പോലെ ഫോട്ടോ സെഷന്‍, പാറമേല്‍ നിന്ന് ചാടിയും ചാഞ്ഞും ചെരിഞ്ഞും ഇരുന്നും നിന്നുമെല്ലാം...!! ഇത്തവണ പക്ഷെ ഞാന്‍ അധിക നേരം ക്യാമറ പുറത്തെടുത്തില്ല, വെറും കയ്യില്‍ പാറ കയറുന്നത് തന്നെ വലിയ കാര്യം, അപ്പോഴാ കയ്യില്‍ ക്യാമറ കൂടെ...!! അതുകൊണ്ട് അരുണ്‍ ആ കൃത്യം ഭംഗിയായി ഏറ്റെടുത്തു..!!

കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നിനു മുകളിലെ കോട്ടയിലേക്കുള്ള കവാടം കണ്ടു... കരിയില കൊണ്ട് മൂടിയ വഴികള്‍...പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കില്‍ എത്തിയ ചെറിയ കൊത്തുപണികള്‍ ഉള്ള പഴയ കോട്ട.. കവാടം കഴിഞ്ഞു കയറി ചെന്നത് കുന്നിന്‍ മുകളിലെ തടാകത്തിലേക്ക്... ഇപ്പോഴും ആവശ്യത്തിനു വെള്ളമുണ്ട് തടാകത്തില്‍ (അത് വറ്റാറില്ല എന്ന കേട്ടറിവുണ്ട്‌), അതിനു അരികിലായി പഴയ ക്ഷേത്ര ഗോപുരങ്ങളും മറ്റും...!! 
അതിലൊന്ന് മറപ്പുര പോലെ തോന്നിച്ചു, അകത്തു കയറിനോക്കിയ ഞങ്ങള്‍ക്ക് കിങ്ങ്സ് സിഗരറ്റിന്റെ കൂട് കിട്ടി, കണ്ടപാടെ സന്തോഷ്‌ സ്ഥിരീകരിച്ചു,
"രാജാവ് കിങ്ങ്സ് ആയിരുന്നു വലിച്ചിരുന്നത്‌"
"രാജാവിന്‍റെ സ്വന്തം ബ്രാന്‍ഡ്‌ ആയിരുന്നു കിങ്ങ്സ്", ഞാന്‍ തിരുത്തി

കുളക്കടവില്‍ പാറയില്‍ ഒരു ദ്വാരം, "വെള്ളം വീണു കുഴി ഉണയതാ.." ആ കണ്ടു പിടിത്തം സത്താറിന്‍റെ...
ഇത്തവണ ഊളത്തരം പറഞ്ഞത് സന്തോഷ്‌ തന്നെ, "അല്ല, ഇത് രാജാവിന്റെ കല്യാണത്തിനു പന്തലിട്ടതിന്റെ കുഴിയാണ്..." 
ഇജ്ജാതി വലിയ ചരിത്ര പണ്ഡിതന്മാരുടെ വിവരണത്തിന് അധികം സാവകാശം കൊടുക്കാതെ ഞങ്ങള്‍ നടത്തം തുടര്‍ന്നു...
അവിടെ നിന്നും ഇടത്തു ഭാഗത്ത്‌ കണ്ട വഴിയിലൂടെ ആണ് ആദ്യം ഞങ്ങള്‍ കയറിയത്.. വഴി നീളെ ഉണങ്ങിയ നീളന്‍ പുല്ലുകള്‍, മുള്ളുകള്‍...!! അവയെ തന്ത്രപൂര്‍വം മറികടന്നു ഞങ്ങള്‍ കയറ്റം കയറി.. പാറമേല്‍ ഗ്രിപ്പ് കിട്ടാന്‍ വേണ്ടി കാണിച്ച സര്‍ക്കസ്സ് താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ലളിതം...!! പക്ഷെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്നും വഴിയില്ല എന്ന് മനസ്സിലായി..!! ആരെയൊക്കെയോ പ്രാകി തിരിച്ചിറങ്ങി, പിന്നെ യാത്ര വലതു വശം ചേര്‍ന്ന്... സൂര്യന്‍ ഒരു ദയയുമില്ലാതെ ഞങ്ങളെ ദഹിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു...ക്ഷീണം വക വക്കാതെ ഞങ്ങള്‍ കോട്ടയുടെ മുകളില്‍ എത്തി...അവിടെയെത്താന്‍ ഏതാണ്ട് മൂന്ന് മണിക്കൂര്‍ എടുത്തു ഞങ്ങള്‍... കുറച്ചു ഫോട്ടോ എടുത്തതിനു ശേഷം അവിടെ ആകെ കണ്ട ഒരു ചെറു മര ചുവട്ടില്‍ കിടന്നുറങ്ങി...താരാട്ട് മൂളാന്‍, തുമ്പികളുടെ ചിറകടികളും മണിയനീച്ചകളും...!!

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞത് അറിഞ്ഞില്ല...ക്ഷീണവും നിദ്രയും അത്രയും കൂട്ടായിരുന്നു.. സമയം ഉച്ചക്ക് ഒരുമണി, തിരിച്ചിറങ്ങുമ്പോള്‍ വീണ്ടും സൂര്യന്‍റെ പീഡനം..!! കോട്ടവാതില്‍ ഇറങ്ങിയതിനു ശേഷം ശരിക്കും ബുദ്ധിമുട്ടി... സ്പൈഡര്‍മാന്‍ കളിച്ചു കയറി വന്ന വഴി ഇറങ്ങാന്‍ ഇരട്ടി ബുദ്ധിമുട്ടാണ്... ഇരുന്നും നിരങ്ങിയും താഴെയെത്താം എന്ന് കരുതിയപോള്‍ പാറയെല്ലാം അടുപ്പത്തിരിക്കുന്ന ദോശചട്ടിയുടെ അവസ്ഥ.. കയ്യും ചന്തിയും പൊള്ളി വെന്ത് പോവുന്ന ചൂട്...!! താഴോട്ട് നോട്ടം പോയാല്‍ പിന്നെ ഭയം കൂട്ടാവും... ഒരടി തെറ്റിയാല്‍ തീര്‍ന്നു, പിന്നെ മരണം വന്ന് ഉമ്മവക്കും...!! അമ്മയെ കരയിക്കാന്‍ വയ്യ, അത് കൊണ്ട് ഒരു ദീര്‍ഘശ്വാസം എടുത്തു, കാലടികളില്‍ മാത്രം ശ്രദ്ധ കൊടുത്തു ഇറങ്ങാന്‍ തുടങ്ങി... വുഡ്ലാന്ട്സിന് പ്രണാമം... മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അപകടം ഇല്ലാതെ താഴെയെത്തി...!! നേരത്തെ എടുത്ത ശ്വാസം നേരെ വിട്ടത് അപ്പോഴായിരുന്നു...!!  ഒരിക്കല്‍ കൂടി ഏതോ കലഹത്തില്‍ പാതി മൃത്യു വരിച്ച  ചന്നനാരായണ ദുര്‍ഗ്ഗയെ തിരിഞ്ഞു നോക്കി, ബൈക്ക് എടുത്തു തിരിച്ചു യാത്ര, കലഹങ്ങളുടെ നഗരത്തിലേക്ക്...!!

Monday, February 24, 2014

ഗഞ്ചിക്ക മണക്കുന്ന ഗോകര്‍ണ്ണ തീരങ്ങള്‍(ഭാഗം രണ്ട്)

വഴിയില്‍ അധികം ആരേയും കാണാതിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് വഴിതെറ്റിയോ എന്ന് സംശയമായി.. കുറച്ചു നേരം കൂടെ നടന്നപ്പോള്‍ ചില വിദേശികളെ കണ്ടു.. അവരോടു വഴിചോദിച്ചു, തെറ്റിയില്ല എന്നുറപ്പിച്ചു...അങ്ങനെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ കുഡ്ളെ ബീച്ചിലേക്ക് ഇറങ്ങാനുള്ള വഴി കണ്ടു..പലനാളായുള്ള മനുഷ്യ സഞ്ചാരം കൊണ്ട് സ്വയം ആകൃതികൊണ്ട വെട്ടുകല്‍ പടികള്‍, ഇടവഴികള്‍...നേരെ ഇറങ്ങി ചെന്നത് ബീച്ചില്‍... തീരം മുഴുവനും ബീച്ച് ഷാക്ക് എന്നറിയപ്പെടുന്ന ചെറു കുടിലുകളും  റസ്റ്റോറന്‍റ്കളും...അവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഓലമേഞ്ഞ കുടിലുകള്‍ ആണ് ഷാക്കുകള്‍... സഞ്ചാരികള്‍ കൂടുതലും തങ്ങുന്നത് ചിലവു കുറഞ്ഞ ഇത്തരം ഷാക്കുകളില്‍ ആണ്... അതിലൊന്നില്‍ (ഓം ശാന്തി കഫെ) ഞങ്ങളും താമസിക്കാന്‍ ഉറപ്പിച്ചു... രണ്ടുപേര്‍ക്കും കൂടെ താമസിക്കാന്‍ ഒരു ദിവസം ചിലവ് വെറും 200 രൂപ..!! മണ്ണ്തറയില്‍ വിരിച്ച രണ്ട് മെത്തകള്‍, മിന്നാമിനുങ്ങ് പോലെ നുറുങ്ങു വെട്ടം തരുന്ന ഒരു സീറോ ബള്‍ബ്, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, കൊതുക് വല, പുറത്തുള്ള ഓല മേഞ്ഞ ബാത്ത്റൂം വരെ വിത്ത്‌ വൈഫൈ..!! പരമാനന്ദം..!!
ഷാക്കില്‍ ബാഗ്‌ വച്ചു ഒരു ചെറിയ കുളി പാസ്സാക്കി ഞങ്ങള്‍ മുന്‍പിലെ റസ്റ്റോറന്‍റ്ല്‍ പോയി ഇരുന്നു...അവിടെ ഉള്ളത് മുഴുവനും വിദേശികള്‍ ആണ്... മിക്കവരും ഹൈന്ദവ ചിഹ്നങ്ങളും ദൈവ രൂപങ്ങളും ഉള്ള പരുത്തി വേഷങ്ങളില്‍... മുടിനീട്ടി ജട പിടിപ്പിച്ചു നടക്കുന്നവര്‍, ലക്ഷ്യമില്ലാതെ എങ്ങോ കണ്ണെറിഞ്ഞു ചിന്തിച്ചിരിക്കുന്നവര്‍, ധ്യനിക്കുന്നവര്‍, വായനയില്‍ ലയിച്ചിരിക്കുന്നവര്‍, ചിത്രം വരക്കുന്നവര്‍ അങ്ങനങ്ങനെ പലകൂട്ടര്‍ ഉണ്ട്..

നല്ല വെയില്‍, കടലില്‍ നിന്നും കാറ്റടിക്കുന്നുണ്ട് പക്ഷെ അതും ചൂടാണ്..!!
"ടൂ ചില്‍ഡ് ബിയര്‍, കെ എഫ് സ്ട്രോങ്ങ്‌" എന്ന് ഓര്‍ഡര്‍ ചെയ്യാന്‍ വലിയ സമയം എടുത്തില്ല...!!
ജലകണികകളാല്‍ ആലിംഗനം ചെയ്യപ്പെട്ട ബിയര്‍ ബോട്ടിലിന്റെ വായ് വക്കില്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്നു..ഉള്ളിലെ ഉഷ്ണത്തിന് ആശ്വാസം..!!
ഞങ്ങളുടെ പുറകില്‍ ഇരുന്ന പ്രായമേറിയ ഒരാള്‍ വളരെ പരസ്യമായി തന്നെ റോളിംഗ് പേപ്പറില്‍ കഞ്ചാവ് ചുരുട്ടി കത്തിച്ചു വലി തുടങ്ങി..!!ഒരു  കൂസലും  ഇല്ലാതെ...പിന്നെ  പിന്നെ  ഇതൊരു  പതിവ്  കഴ്ച്ചയായി...അവിടെ  പ്രായവും  ലിംഗവും  രാഷ്ട്രവും ഒന്നും അതിരുകളായില്ല... ഗഞ്ചാ  ഗോകര്‍ണ്ണയുടെ  ആത്മഗന്ധമാണ്  എന്ന്  ഞാന്‍ മനസിലാക്കാന്‍ തുടങ്ങി..!!

അത്യാവശ്യം ഭക്ഷണവും കഴിഞ്ഞു ക്യാമറയും തൂക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി... ഓം ബീച്ച് ആണ് ലക്ഷ്യം..!! കുഡ്ളെ കഴിഞ്ഞു, ഒരു ചെറിയ കുന്നും താണ്ടി വേണം അങ്ങെത്താന്‍... അത് വഴി നടന്നു കയറി ഇറങ്ങി ചെല്ലുമ്പോള്‍ "ഓം" (മലയാളത്തില്‍ അല്ല) എന്ന ആകൃതിയില്‍ ഒരു കടല്‍ തീരം... അതാണ് ഓം ബീച്ച്...ഇവിടെ വിദേശികള്‍ മാത്രമല്ല ഇന്ത്യക്കാരും ഒരുപാടുണ്ട്.. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് ഇവിടെയാണ്... ഒരു നല്ല സായാഹ്നം  ക്യമറയിലും മനസിലും പകര്‍ത്തി ഞങ്ങള്‍ ഇരുളാന്‍ തുടങ്ങിയ ആ അപരിചിത പാതയിലൂടെ തിരിച്ചു നടന്നു...!! കൂടുതല്‍ ശാന്തമായ കുഡ്ളെയിലേക്ക് തന്നെ..!!

തിരിച്ചെത്തിയപ്പോഴേക്കും റസ്റ്റോറന്‍റ്കളില്‍ അലങ്കാര വിളക്കുകള്‍ തെളിഞ്ഞിരുന്നു.. ചില്ലു വിളക്കുകളിലെ ആ മങ്ങിയ നിറ വെളിച്ചം, കടലിന്‍റെ താളത്തില്‍ ഉള്ള ഇരമ്പലുകള്‍, കടല്‍ത്തീരത്ത്‌ വട്ടമിട്ടിരുന്നു  വിദേശികള്‍ കെട്ടഴിച്ചു വിട്ട പാശ്ചാത്യ സംഗീതം, കാറ്റില്‍ ഇഴുകി ചേര്‍ന്ന ഗഞ്ചാ മണം...!! എല്ലാം കൂടെ ആ രാത്രിക്ക് ഇരട്ടി പൊലിമയേകി...!!

 അത്താഴം കഴിഞ്ഞു കിടന്നയുടനെ ഉറക്കത്തിലേക്ക് വഴുതി... പാതി രാത്രിയില്‍ എന്‍റെ കാല്‍ ചുവട്ടില്‍ എന്തോ അനക്കം അനുഭവപ്പെട്ടു...മൊബൈലിന്റെ വെളിച്ചത്തില്‍ എന്‍റെ കാല്‍ചുവട്ടില്‍ ഒരു പട്ടി കിടന്നുറങ്ങുന്നത് കണ്ടു.. അത് എന്‍റെ കിടക്കയുടെ കാല്‍ ഭാഗം കൈവശപ്പെടുത്തിയിരിക്കുന്നു...!! പെട്ടന്ന് എഴുന്നേറ്റു ലൈറ്റ് ഇട്ടു... അപ്പോഴാണ് കണ്ടത്, ഒന്നല്ല രണ്ടെണ്ണം ഉണ്ട്.. ഷാക്കിന്റെ വിടവിലൂടെ അകത്തു കയറിക്കൂടിയതാണ്...രണ്ടിനെയും ഞാന്‍ ഇറക്കി വിട്ടു കതകു മുറുക്കിയടച്ചു..!!ഹല്ല പിന്നെ..!!

പിറ്റേന്ന് രാവിലെ എഴുന്നേറ്റു പുറത്തു നോക്കിയപ്പോള്‍ മിക്ക വിദേശികളും വ്യായാമത്തിലും യോഗയിലും എല്ലാം മുഴുകിയിരിക്കുന്നു...കുളിച്ചൊരുങ്ങി ബാഗെടുത്തു  ഞങ്ങള്‍ ആ തീരത്തോട് യാത്രചോല്ലി.. തീര്‍ച്ചയായും ഇനിയും വരും എന്ന മനസ്സുമായി...!!

Friday, February 21, 2014

ഗഞ്ചിക്ക മണക്കുന്ന ഗോകര്‍ണ്ണ തീരങ്ങള്‍(ഭാഗം ഒന്ന്)

യാത്ര എങ്ങോട്ട് എന്ന് തീരുമാനം ഉണ്ടായിരുന്നില്ല...ഗോകര്‍ണ്ണയില്‍ പോയാലോ, അധികമൊന്നും ചിന്തിക്കാതെ യാത്ര ഗോകര്‍ണ്ണയിലേക്ക് തന്നെ എന്ന് തീരുമാനിച്ചു...!! തീരുമാനം വടകരയില്‍ നിന്നാണ്, സമയം രാത്രി ഒന്‍പതായി, ഇനി ട്രെയിന്‍ കുറച്ചു വൈകിയാണ്, ഒരു ട്രെയിന്‍ ഇപ്പൊ കണ്ണൂര്‍ക്കുണ്ട്, തല്‍ക്കാലം അത് പിടിക്കാം... കണ്ണൂരില്‍ എത്തിയപ്പോ അടുത്ത ട്രെയിന്‍ ഈസ്റ്റ്‌ കോസ്റ്റ് ആണ്, ഒരു ഞായറാഴ്ച്ച രാത്രി ഈസ്റ്റ്‌ കോസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറിയാല്‍ തടി കഷായമാവും എന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മംഗലാപുരം വരെ ബസ്സിനെ ആശ്രയിച്ചു, അതും രണ്ട് ബസ്സ്‌ മാറി കയറി..!!

മംഗലാപുരത്ത് നിന്നും പുലര്‍ച്ചെ ഗോവ പാസഞ്ചര്‍ ഉണ്ട്.. അതില്‍ കയറി, ആളുകുറഞ്ഞ ഭാഗത്ത്‌ നീട്ടി വിരിച്ചു കിടന്നു ഭേഷായി ഉറങ്ങി ഗോകര്‍ണ്ണയില്‍ എത്തി.. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതും ആദ്യ സന്തോഷവാര്‍ത്ത‍ ഒരു ഫോണ്‍ വിളിയുടെ രൂപത്തില്‍... കഴിഞ്ഞയാഴ്ച്ച പോയ ഇന്റര്‍വ്യൂ കടന്നു കൂടിയിരിക്കുന്നു...!! ആ സന്തോഷം വിടാതെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടൌണിലേക്ക് ബസ്സു കയറി...ബസ്സിലെ ശബ്ദം ട്രെയിനില്‍ നിന്നും അധികം വിഭിന്നമായിരുന്നില്ല..!! എന്തായാലും ഒരു ഉപ്പു പാടത്തിനു നടുവിലൂടെ പോയ ബസ്‌ ഗോകര്‍ണ്ണ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ചു...

സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ വഴി മുതല്‍ ചെറു കച്ചവട സ്ഥാപനങ്ങള്‍ ആണ്... പരുത്തി തുണികള്‍, പുരാതന വസ്തുക്കള്‍, ആഭരണങ്ങള്‍, പൂജ ദ്രവ്യങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നുവേണ്ട ഒരു വിദേശിയെ ആകര്‍ഷിക്കാന്‍ വേണ്ട ഏതു സംഗതിയും ഇവിടെ ഉണ്ട്...!! ഗോകര്‍ണ്ണം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്... പക്ഷെ ഞങ്ങളുടെ ഈ യാത്രയില്‍ അതിനു വകുപ്പില്ല..ലക്ഷ്യം ബീച്ചുകള്‍ ആണ്... ആദ്യം ഒന്നുരണ്ടു കടകളില്‍ കയറി കുര്‍ത്തയും ചെരിപ്പും എല്ലാം മേടിച്ചു... പിന്നെ നടക്കാന്‍ തുടങ്ങി...

നടത്തത്തിനു ഇടയ്ക്കു പലരും ഓട്ടോ പിടിക്കാന്‍ ഉപദേശിച്ചു.. പക്ഷെ ഞങ്ങള്‍ അത് കേട്ടില്ലെന്ന് നടിച്ചു... ഗോകര്‍ണ്ണയുടെ തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ വഴി അന്വേഷിച്ചു ഉറപ്പിച്ചു ഞങ്ങള്‍ നടന്നു... വഴി കൂടുതല്‍ ഇടുങ്ങി തുടങ്ങി, ഒരു കുത്തനെയുള്ള കോണ്ക്രീറ്റ് ചെയ്ത വഴി... ശ്വാസം വലിച്ചു വിട്ടു നടന്നു കയറിയപ്പോള്‍ ഒരു വലിയ വെട്ടുകല്‍ പാറക്കുന്ന്‍... അതിലവിടവിടെയായി കരിഞ്ഞുണങ്ങിയ പുല്ലുകള്‍...അവക്കെല്ലാം അപ്പുറം ദൂരെ, നീലനിറം പൂണ്ടു ഗര്‍ജിക്കുന്ന അറബിക്കടല്‍...!! അവയുടെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ പശ്ചാത്തല സംഗീതമായ് ഞങ്ങളുടെ കിതപ്പുകളും...!! (തുടരും)

Tuesday, February 18, 2014

1983 ഉം ഓശാനയും

അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളില്‍ രണ്ട് പടം കണ്ടു, 1983 ഉം ഓം ശാന്തി ഓശാനയും... രണ്ടും കാണുന്നതിനു മുന്‍പ് കേട്ടറിഞ്ഞത് 1983 കിടിലന്‍ എന്നും ഓശാന അത്ര പോര എന്നും... കണ്ടാലല്ലേ സ്വയം അഭിപ്രായം ഉണ്ടാകൂ എന്നത് കൊണ്ട് രണ്ടും പോയി കണ്ടു... വെവ്വേറെ അനുഭവം എഴുതുന്നതിനു പകരം ഒറ്റ കുറിപ്പില്‍ അവസാനിപ്പിക്കുന്നു ഇത്തവണ, താരതമ്യം ഒരു ശരിയായ നിരൂപണ മാര്‍ഗം അല്ല എന്നറിയാം... എന്നാലും എഴുതുന്നത്‌ നിരൂപണം അല്ലാത്തത് കൊണ്ട് ഇപ്പൊ അതാവാം...

കഥ/തിരക്കഥ:-
1983 യുടെ കഥ മലയാള സിനിമയില്‍ കണ്ടു പരിചയമുള്ള ഒന്നല്ല... സച്ചിന്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയില്‍ അബ്രിദ് എഴുതിയ കഥ എനിക്ക് ഹൃദ്യമായി തന്നെ അനുഭവപ്പെട്ടു... തമാശയെന്ന പേരില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ഇല്ല എന്നത് തന്നെ ഒരു കാരണം... ഒരു നാട്ടിപുറത്തെ വീട്ടിലും സൗഹൃദ സദസ്സിലും പറയുന്ന നുറുങ്ങു തമാശകള്‍ ആണ് ഈ കഥയുടെ ആണിക്കല്ല്...ക്രിക്കറ്റ് എന്ന പശ്ചാത്തലം പൂര്‍ണ്ണമായും നിലനില്‍ക്കുന്നു, അത് നന്നായി ഉപയോഗിച്ചിരിക്കുന്നു...
ഒശാനക്ക് അവകാശപ്പെടാന്‍ ഒരു വ്യത്യസ്ഥമായ കഥാതന്തു ഇല്ല എന്നത് ഒരു കുറവായി കാണാത്ത വിധം അതിന്‍റെ ഒരുക്കി എന്നതാണ് മിഥുന്‍ ഒരുക്കിയ തിരക്കഥയുടെ വിജയം...തമാശകള്‍ ഉണ്ട്, അത് നാടന്‍ നുറുങ്ങുകള്‍ അല്ല, ഇന്നത്തെ യുവ തലമുറയ്ക്ക് ആസ്വദിക്കാവുന്ന വിധം എഴുതിയ തമാശകള്‍ ആണ് ഇതിന്‍റെ നട്ടെല്ല്...പ്രണയത്തില്‍ പഴയകാല സിനിമകളുടെ നല്ല വശങ്ങള്‍ മേമ്പൊടിയായി വിതറി രസിപ്പിചിരിക്കുന്നു...എന്നാല്‍ ആ സിനിമകളെ ഓശാന പൂര്‍ണ്ണമായും ആശ്രയിച്ചില്ല താനും..

സംവിധാനം:-
പുതിയ സംവിധായകര്‍ രണ്ടും ഒന്നിനൊന്നു മെച്ചം... പക്ഷെ അവരുടെ തനതായ പ്രതിഭയറിയാന്‍ അടുത്ത പടം വരെയെങ്കിലും കാത്തിരിക്കണം.. ഇന്നത്തെ പ്രേക്ഷകരുടെ തുടിപ്പറിഞ്ഞു രണ്ടുപേരും ആദ്യ പടം ചെയ്തു...ചില്ലറ തെറ്റുകള്‍ രണ്ടുപേര്‍ക്കും ഉണ്ടായി എന്നതും വാസ്തവമാണ്...

സംഗീതം:-
ഒരുപാടു കാലം ഓര്‍ത്ത്‌ വക്കാവുന്ന മാന്ത്രിക ശക്തിയുള്ള പാട്ടുകള്‍ രണ്ടിലും ഇല്ല... എന്നാല്‍ സിനിമക്ക് വേണ്ട മൂഡ്‌ പകരാന്‍ പോന്നതും എന്നാല്‍ പ്രേക്ഷകരെ മടുപ്പിക്കാത്തതും ആയ സംഗീതം ഷാനും ഗോപിയും പകര്‍ന്നു തന്നു..

അഭിനയം:-
രണ്ടിലും ഒരേ നായകന്മാര്‍ ആണ്.. 1983 ല്‍ നിവിന്‍ പോളി തീരെ പോര... ക്രിക്കറ്റ്‌ കളിക്കുന്ന സീനില്‍ ഒഴികെ മറ്റൊന്നിലും ശരാശരി നിലവാരം പോലും കാണിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.. പോരാത്തതിനു പ്രായം കാണിക്കാന്‍ വച്ച വിഗ്ഗ് ഭീകരമായിപ്പോയി...പക്ഷെ കൂടെ അഭിനയിച്ച ബാക്കി എല്ലാവരും തര്‍ത്തു... അതില്‍ ജോയ് ഏട്ടന്‍ മുതല്‍ ഗ്രിഗറി വരെ ഉള്ളവര്‍ പെടും...സ്രിന്ധക്ക് ഒരു സ്പെഷ്യല്‍ കയ്യടി...!!
ഒശാനയില്‍ നിവിന് അധികമൊന്നും ചെയ്യേണ്ടി വന്നില്ല, ഭാഗ്യം...!! ഇത് പൂര്‍ണ്ണമായും നസ്രിയ പടമാണ്...അതില്‍ നൂറില്‍ കുറഞ്ഞത്‌ തൊണ്ണൂറു മാര്‍ക്കെങ്കിലും ഞാന്‍ ആ സുന്ദരിക്ക് കൊടുക്കും...രണ്‍ജി പണിക്കര്‍ ഇത്രയും നന്നായി അഭിനയിക്കുമായിരുന്നെങ്കില്‍ എന്തിന് ഇത്രയും വൈകി...!! അഥിതി താരമായ ലാല്‍ജോസും വിനീതും വരെ തങ്ങളുടെ ഭാഗം ഭംഗിയാക്കി...!!

എന്നോട് മാര്‍ക്ക് ചോദിച്ചാല്‍ ഞാന്‍ രണ്ടിനും 4/5 കൊടുക്കും..

Saturday, February 15, 2014

മാജിക്‌ മോപ് വേണോ മാജിക്‌ മോപ്

"ഡാ..നീ വീട്ടില്‍ക്ക്‌ വാ...ഫുഡ്‌ അവിടുന്നാവാം..!!" മനോജേട്ടന്റെ ക്ഷണം,
വേണ്ടാന്ന് വച്ചില്ല... രമ്യ ചേച്ചിയുടെ വക നല്ല ഭക്ഷണത്തിനുള്ള ക്ഷണം മനോജേട്ടന്റെ രൂപത്തില്‍ വന്നതാണ്... ജാട കാണിച്ചാല്‍ അത് ആ വഴിക്ക് പോവും...വേണ്ടാന്ന് വച്ച കുളി ഉണ്ടെന്ന് വരുത്തി കളര്‍ഫുള്‍ ഡ്രസ്സ്‌ ചെയ്തു ബൈക്കും സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ വച്ച് പിടിച്ചു...!! പോണ വഴിക്ക് ഓര്‍മ്മ വന്നത് പഴയ ഒരു കഥയാണ്‌,

കുറച്ചു കാലം മുന്‍പ്, ഇത് പോലെ മറ്റൊരു ക്ഷണം ഉണ്ടായി... മനോജേട്ടന്‍റെയും രമ്യചേച്ചിയുടെ മകള്‍ അമ്മുവിന്‍റെ പിറന്നാളിന്... അന്നത്തെ സ്പെഷ്യല്‍ ബിരിയാണിയാണ് എന്ന് അറിഞ്ഞതും ഞാന്‍ സമയം കളഞ്ഞില്ല, ഇലക്ട്രോണിക് സിറ്റിയിലെ അവരുടെ വീട്ടില്‍ ഞാന്‍ ഹാജര്‍... മനോജേട്ടന്‍ പുറത്തു ഷോപ്പിങ്ങിനു പോയതാണ് എന്ന് രമ്യചേച്ചി പറഞ്ഞു...അത്യാവശ്യം പോസ്റ്റ്‌ ആയതിനു ശേഷം ആ മഹാന്‍ ആഗതനായി, ഒരു കൂട്ടം വീട്ടു സാധനങ്ങളുമായി..!! അതില്‍ ഒന്നിന്‍റെ പേര് മാജിക്‌ മോപ്... മലയാളത്തില്‍ പറഞ്ഞാല്‍ മാന്ത്രിക ചൂല്... ചൂലിന് ഇന്നത്തെ ആപ്പ് വിലയൊന്നും അന്നില്ല... എന്നിട്ടും അഞ്ഞൂറിന്റെ ഗാന്ധി കൊടുത്തു ആ സംഗതി വാങ്ങാന്‍ ഒരു കാരണം മാത്രം... പരസ്യം...!! തറയില്‍ വീണ കടുത്ത കറകള്‍ ഈ പറഞ്ഞ സാധനം വച്ച് തൈര് കടയുന്നത് പോലെ നാലു തവണ വട്ടം കറക്കി ആ മദാമ്മ എത്ര തവണ നിലം കവടിയാര്‍ കൊട്ടാരം പോലെ മിനുക്കി എടുത്തിരിക്കുന്നു...!!

വീട്ടിലെത്തി മനോജേട്ടന്‍ മോപ്പിന്റെ കവര്‍ വലിച്ചൂരി... ഇനി ആദ്യ പരീക്ഷണം ആണ്... അടുക്കളയില്‍ ചൂടാറാന്‍ കാത്തിരുന്ന ചായ എടുത്തു താഴെ ഒഴിച്ചു... മോപ്പെടുത്തു കുത്തി അഞ്ചാറു തവണ കടഞ്ഞു നോക്കി... ഒരു സ്കൊയര്‍ മീറ്ററില്‍ ഒഴിച്ച ചായ ഇപ്പൊ പത്തു സ്കൊയര്‍ മീറ്ററില്‍ പരന്നിരിക്കുന്നു... മോപ്പിനു വലിയ മാറ്റമില്ല... നിലത്തിനു നല്ലത് പോലെ ഉണ്ട് താനും...!! വലിയ തെറ്റില്ലാതെ ഇരുന്ന നിലത്തില്‍ ഇപ്പൊ ചായകൊണ്ട് ആഫ്രിക്കന്‍ ഭൂപടം തെളിഞ്ഞിരിക്കുന്നു....!! നിലമാകെ പരന്നിരിക്കുന്ന ചായക്കറയേയും മനോജേട്ടനെയും രമ്യചേച്ചി മാറി മാറി നോക്കി... രമ്യചേച്ചിയുടെ കണ്ണുകള്‍ ചുവന്നതാണോ അതോ എനിക്ക് തോന്നിയതാണോ...??? അടുക്കളയില്‍ നിന്നും മൂലയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന പഴംതുണി എടുത്തു വന്ന് രമ്യ ചേച്ചി തന്നെ നിലം വൃത്തിയായി തുടച്ചു മുഖം വെട്ടിച്ചു തിരിച്ചു പോയി... വെറുതേ ടി വി യിലെ ചാനല്‍ മാറ്റിയപ്പോള്‍ അതില്‍ ഒന്നില്‍ ഇങ്ങനെ കേട്ടു

"നിങ്ങളുടെ വീട്ടിലെ തറയിലെ കടുത്ത കറകള്‍ തുടച്ചെറിയാന്‍ ഇതാ മാജിക്‌ മോപ്....!!"  മനോജേട്ടന്റെ കയ്യില്‍ ഇരുന്നു റിമോട്ട് വിറകൊണ്ടു...!!

ആ ഫ്ലാറ്റിന്‍റെ ഏതോ മൂലയില്‍ ഇന്നും ആ "കോപ്പ്" അന്ത്യ വിശ്രമം കൊള്ളുന്നു...!!

പിന്‍കുറിപ്പ്: ഇന്ന് കഴിച്ച ചോറിന്റെയും മീന്‍കറിയുടെയും ആയില വറുത്തതിന്റെയും നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു 

Wednesday, February 5, 2014

ഉച്ചക്കള്ളം

"ടിം...ഠിം..."
മണി മുഴങ്ങിയത് കേട്ടപ്പോള്‍ വീട്ടില്‍ നിന്ന് കൊണ്ട് വന്നത് വേണേല്‍ വിഴുങ്ങിക്കോ എന്ന് ഹെഡ്മാഷ് പറഞ്ഞത് പോലെ തോന്നി..!! വിളി മുട്ടിയവന്‍ കക്കൂസിലേക്കെന്നപോല്‍ സകല പിള്ളേരും പൈപ്പിന്‍റെ ചുവട്ടിലേക്ക്‌ കൈ കഴുകാന്‍ ഓടി... ക്ലാസ്സിന്റെ അരമതിലിനു താഴെ ഏതോ ഉമ്മച്ചിക്കുട്ടി വീട്ടില്‍ നിന്ന് കൊണ്ട് വന്ന ചുക്കുവെള്ളത്തില്‍ ഞാന്‍ കൈ കഴുകി, കുപ്പി ഭദ്രമായി അടച്ചു തിരിച്ചു വച്ചു...!!

തോള്‍ സഞ്ചിയില്‍ നിന്നും ചോറുപാത്രം പുറത്തെടുത്തു... തുണികൊണ്ട് കെട്ടിയ അതിന്‍റെ വക്കിലൂടെ കറി ചോര്‍ന്നിരിക്കുന്നു...കറിയിലെ മഞ്ഞള്‍ക്കറ സഞ്ചിയില്‍ ഉണ്ടായിരുന്ന സാമൂഹ്യപാഠം ടെക്സ്റ്റ്‌ ബുക്കിന്റെ പേജുകളിലേക്കും പടര്‍ന്നിരിക്കുന്നു...!! ഇപ്പൊ പുസ്തകത്തിന്‌ സാമ്പാറിന്റെ മണം...!! തുണിക്കെട്ടഴിച്ചു പാത്രം ഡസ്ക്കിന്റെ വക്കില്‍ രണ്ടുതവണ മേടി, എന്‍റെ വായില്‍ വരിതെറ്റി വളര്‍ന്ന പല്ലുകൊണ്ട് കടിച്ചു അത് തുറന്നു...!! സാമ്പാറില്‍ കുതിര്‍ന്ന കുത്തരി ചോറും, അതിനു മീതെ ചീര തോരനും, ഒരു മൂലയില്‍ കടുമാങ്ങാ ഉപ്പിലിട്ടതും...!! ഒരു പ്ലാസ്റ്റിക്‌ കവറില്‍ പപ്പടവും അമ്മ തന്നു വിട്ടിട്ടുണ്ട്, പക്ഷെ അതിപ്പോ തണുത്ത് ചപ്പാത്തി പോലെ ആയിട്ടുണ്ട്‌...!!

വിശപ്പ്‌ നല്ലതുപോലെ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു, രുചിയോ മണമോ ഇഷ്ടമോ കാര്യമാക്കാതെ അതെല്ലാം വടിച്ചു തുടച്ചു ശാപ്പിട്ടു....!! ആരും കാണാതെ ഒരു ഏമ്പക്കവും പാസ്സാക്കി..!! കഴുകാത്ത ചോറ്റു പാത്രം തിരിച്ചടച്ചു കൊണ്ടുവന്ന അതെ തുണിയില്‍ കെട്ടി തിരിച്ചു വച്ചു... ഇനി കുറച്ചു കുടിവെള്ളം വേണം, പൈപ്പില്‍ നിന്നും കുടിക്കാന്‍ വയ്യ, ഇടത് വശത്തെ ഡെസ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മുകുല്‍സുവിന്‍റെ അടുത്തു ചെന്ന് ഞാന്‍ ചോദിച്ചു,

"കുറച്ചു വെള്ളം തരുമോ, കുടിക്കാന്‍...??"
മടിയൊന്നും കൂടാതെ വെള്ളക്കുപ്പി എടുത്തു എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു  "ദാ, കുറച്ചേ എടുക്കാവൂ... എനിക്കും വേണം, ഇതിനു മുന്‍പേ ഞാന്‍ അറിയാതെ ഇതിലെ കുറെ വെള്ളം വേറെ ആരോ എടുത്തു..."
ആ കുപ്പിയുടെ നിറവും വലിപ്പവും ആകൃതിയും കണ്ടു ഞാന്‍, വരണ്ടു പോയ എന്‍റെ കണ്ഠത്തിലൂടെ രണ്ട് മുറുക്ക് ചുക്ക് വെള്ളം കുടിച്ചു നന്ദി പറഞ്ഞു കുറ്റബോധത്തോടെ പൈപ്പിന് അടുത്തേക്ക്‌ നടന്നു...വിരലുകള്‍ക്കിടയില്‍ ഒട്ടി നിന്നിരുന്ന വറ്റുകളെ ഞരടി മാറ്റി കഴുകി വൃത്തിയാകി, വായും കഴുകിയെന്നു വരുത്തി...ഇനി സ്കൂളിന്റെ ഗയിറ്റിന്റെ പുറത്തേക്ക്....

അവിടെ ഒരു പെട്ടിക്കടയില്‍ കുട്ടികളുടെ തിരക്കാണ്... ഒരതി ഐസ് കഴിക്കുന്നതിനാണ് ഈ തിരക്ക്...പാന്റിന്റെ പോക്കെറ്റില്‍ കൈ പരാതി...ഭാഗ്യം രണ്ട് രൂപയുണ്ട്, രാവിലെ അമ്മയുടെ ബാഗില്‍ കയ്യിട്ടപ്പോള്‍ കിട്ടിയതാണ്..രണ്ട് രൂപക്ക് ഒരതി കിട്ടും... നേരെ പോയി തിരക്കിനിടയില്‍ തിക്കി കയറി സര്‍ബത്തൊഴിച്ച ഒരതി ഐസ് വാങ്ങി...തൊട്ടടുത്ത്‌ ബഞ്ചില്‍ ഇരുന്നു ഒരതി ഐസ് സ്പൂണില്‍ എടുത്തു നാവില്‍ വച്ചു വലിച്ചു കുടിക്കുമ്പോള്‍, ഹാ...!! എന്തൊരു നിര്‍വൃതി...!!

സ്പൂണിനും ഗ്ലാസിലെ ഐസിനും ഇടയില്‍ ഉടക്കിയിരുന്ന കണ്ണ്, അറിയാത്ത ആ വഴി നടന്നു പോയ ചില കോളേജ് വിദ്യാര്‍ത്ഥികളിലേക്ക് പോയി...
"അയ്യോ, ചിണ്ടുവേട്ടന്‍....പെട്ടു!!" തല്‍ക്കാലം കണ്ടില്ല എന്ന് നടിച്ചു...
വീടിനടുത്തുള്ള ചേട്ടനാണ്, ഒരതി ഐസ് കഴിച്ച വിവരം വീട്ടില്‍ എത്തും ഉറപ്പ്... എന്നാല്‍ തീര്‍ന്നു, പണത്തിന്റെ സ്രോതസ്സ് അന്വേഷണ പരിധിയില്‍ വരും... എനിക്ക് മേല്‍ മോഷണകുറ്റം ചുമത്തും, ക്രൂശിക്കും...!! പിന്നെ ഒന്നും ശുഭമാവില്ല..!! എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി...!!

വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലെത്തി, പതിവിനപ്പുറം വലിയ മാറ്റമൊന്നും അന്തരീക്ഷത്തില്‍ ഇല്ല... അപ്പൊ തല്‍ക്കാലം എസ്കേപ്...!! വൈകുന്നേരങ്ങളില്‍ ചിണ്ടുവേട്ടന്റെ വീട്ടില്‍ കളിക്കാന്‍ പോവുന്ന പതിവുണ്ട്, അവിടെ ഇന്ന് പോയില്ലെങ്കില്‍ പിന്നെ കള്ളി വെളിച്ചത്താവും... അതുകൊണ്ട് മാത്രം അന്നും അവിടെ പോയി...അര്‍ത്ഥം വച്ചുള്ള പല ചോദ്യങ്ങളില്‍ നിന്നും ഞാന്‍ അവിടെ നിന്നും വഴുതി മാറി, ഒടുവില്‍ നേരിട്ടായി ചോദ്യം... മുന്‍പേ തീരുമാനിച്ചുറപ്പിച്ച പോലെ ഞാന്‍ അതിനെ ശക്തിയായി നിഷേധിച്ചു... മ്മളോടാ കളി, ഒന്നും ഇല്ലെങ്കിലും എന്‍റെ അച്ഛന്‍ പഴയ കോണ്‍ഗ്രസ്‌കാരന്‍ അല്ലെ..!! ചിണ്ടുവേട്ടന്‍ കണ്ടത് എന്നെ ആയിരിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഞാന്‍ അവിടെ നിന്നും തിരിച്ചു വരുമ്പോള്‍, എന്‍റെ മനസ്സില്‍ കള്ളത്തരത്തിന് മുകളില്‍ ആശങ്കയുടെ ഭീമന്‍ തിരകള്‍ അടിക്കുകയായിരുന്നു...

അതേസമയം, "ഇനി ഞാന്‍ കണ്ടത് വേറെ ആരെങ്കിലും ആയിരുന്നോ...??" ചിണ്ടുവേട്ടന്‍ ഒന്നൂടെ ചിന്തിക്കാന്‍ തുടങ്ങി...!! കുഴപ്പിക്കുന്ന ചിന്തകളാല്‍ വശംകെട്ടവന്‍ ചിണ്ടുവേട്ടന്‍...!! എനിക്കൊന്നേ പറയാനുള്ളൂ, അന്നും ഇന്നും,  "ചിണ്ടുവേട്ടാ, സോറി...!!"

Sunday, February 2, 2014

നീലഗിരിയില്‍ ഒരു പച്ച തടാകം, ചുറ്റിലും കുറെ മഞ്ഞ പൂക്കള്‍

അനൂപ്‌ ആണ് വിളിച്ചു ഓര്‍മ്മിപ്പിച്ചത്, നമ്മള്‍ ഒരുമിച്ചു യാത്ര പോയിട്ട് കുറച്ചായി.. ഒരു ട്രെക്കിംഗ് പെട്ടന്ന് പോയേ തീരൂ... ഇടക്കെപോഴോ ഒരു യാത്രാ വിവരണം കണ്ടത് ഓര്‍മ്മിച്ചു, ഊട്ടിയിലെ ഗ്രീന്‍ ലേയ്ക്ക്...!!പറഞ്ഞ പാതി, അനൂപിന് സമ്മതം... കൂടെ ശ്രീകാന്തും മനുവും.... സമ്മതം മൂളാന്‍ വൈകിയ സോണിയെ കാത്തു നിന്നില്ല അവനും കൂടെ ബസ്സില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു... എല്ലാം സംഭവിച്ചത് വെറും ഒരു ദിവസം മുന്‍പേ..!!

മേല്‍പ്പറഞ്ഞ എല്ലാവരും കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാംഗ്ലൂര്‍ ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ ഹാജര്‍..!! വിത്ത്‌ സ്ലീപിംഗ് ബാഗ്‌ ആന്‍ഡ്‌ ടെന്റ്..!! ആനന്ദ ഭവനിലെ അത്താഴത്തോട് കൂടി യാത്ര തുടങ്ങി..!!രാവിലെ ഇത്തിരി വൈകി ഊട്ടിയില്‍ എത്തി...തൊട്ടടുത്തുള്ള പൊതു ശൌചാലയത്തില്‍ കാര്യം സാധിച്ചു ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ഒരു ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു, അല്ലെങ്കില്‍ വിശപ്പ്‌ ഞങ്ങളെ നടത്തിച്ചു...വഴിയില്‍ കണ്ട ബിസ്മില്ലാ ഹോട്ടല്‍ എന്ന ബോര്‍ഡ് ഞങ്ങളെ ആകര്‍ഷിച്ചു, ആ ബോര്‍ഡില്‍ കണ്ട ബീഫ് വിഭവങ്ങളുടെ പേരുകള്‍ തന്നെ കാരണം... അവിടെ ചെന്ന് ബോര്‍ഡില്‍ കണ്ട ഭക്ഷണം രുചിച്ചു കഴിഞ്ഞപ്പോള്‍ ചെയ്ത അബദ്ധം ബോധ്യമായി...!!

പിന്നെ സമയം കളഞ്ഞില്ല... നേരെ എച് പി എഫ് എന്ന സ്ഥലത്തേക്ക് ബസ്‌ പിടിച്ചു... അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം.... അവിടെ ഇറങ്ങി ഇടത്തോട്ട് വഴി...ഞങ്ങള്‍ ആദ്യം കുറച്ചു വഴി മാറി സഞ്ചരിച്ചു.. ഇടത്തോട്ടുള്ള വഴിയിലെ ആദ്യത്തെ വലത്തേക്കുള്ള വഴിയില്‍ കുറച്ചു നടന്നു...! ശരിക്കുമുള്ള വഴി ഇങ്ങനെ, എച് പി എഫ് ഇല്‍ നിന്നും ഇടത്തോട്ടുള്ള വഴി ഏതാണ്ട് മുന്നൂറു മീറ്റര്‍ നടനാല്‍ ഹിന്ദുസ്ഥാന്‍ ഫോട്ടോ എക്സ് റേ യുനിട്ടിന്റെ ബോര്‍ഡ് കാണാം,... അവിടെ നിന് വലത്തോട്ടുള്ള വഴിയില്‍ ആദ്യം കാണുന്ന ചെറിയ കുന്നിലേക്കുള്ള നടവഴിയില്‍ കയറിയാല്‍ ഒരു ഗോള്‍ഫ് കോര്‍ട്ട് കാണാം, അതും കടന്നു വീണ്ടും നടവഴി.... അത് ചെന്ന് കയറുന്നത് ഒരു റോഡില്‍ ആണ്... അവിടെ നിന്നും ഇടത്തോട്ട് നടക്കുക, ഒരു മണ്‍പാത കാണാം... അത് വഴി നേരെ നടന്നാല്‍ ഗ്രീന്‍ ലേയ്ക്ക് കാണാം..!!

ഇനിയുള്ളത് മനോ ധര്‍മ്മം ആണ്, ഞങ്ങള്‍ വായിച്ച ബ്ലോഗിലെ വഴി വേറെ, അന്നില്ലാത്ത വഴിയൊക്കെ ഇന്നുണ്ട്... തല്‍ക്കാലം ഞങ്ങള്‍ സഞ്ചരിച്ച വഴി പറയാം...മണ്‍വഴി നേരെ നടന്നു ഒരു മരപ്പാലം കടന്നു... ബ്ലോഗില്‍ ഈ ഈ മരപ്പാലത്തെ കുറിച്ച് വിശദീകരണം ഇല്ല... അത് കാരണം തന്നെ ഇനിയുള്ള വിവരണം മറ്റൊരു വഴിക്ക്... പാലം കടന്ന ഉടന്‍ താനെ ഞങ്ങള്‍ തിരിച്ചു തടാകം മറികടന്നു... അതും നിറഞ്ഞു കിടന്ന മാലിന്യത്തിന് മുകളിലൂടെ... ഈ യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ ഞാന്‍ ജിഫി അടക്കമുള്ള എന്‍റെ സൗഹൃദവലയത്തില്‍ ഗ്രീന്‍ ലെയ്കിനെ കുറിച്ച് അന്വേഷിച്ചു... കിട്ടിയ മറുപടി, "ഊട്ടിയിലെ എല്ലാ ലേയ്ക്കും ഇപ്പൊ ഗ്രീന്‍ ആണ്" എന്നായിരുന്നു.... സത്യം, സകല തടാകങ്ങളും മാലിന്യം അടിഞ്ഞു കൂടി പച്ചപിടിച്ചു കിടക്കുന്നു ഇപ്പോള്‍....കഷ്ടം...!!

കുറെ മാലിന്യത്തിനും പ്ലാസ്ടിക്കിനും ഇടയിലൂടെ കടന്ന്, ലെയ്ക്കിന്റെ മറുഭാഗം ചേര്‍ന്ന് നടന്നു... ഇടയ്ക്കു ഒരു യുക്കാലി കാട്ടില്‍ ഞങ്ങള്‍ വിശ്രമിച്ചു..ചുറ്റിലും മഞ്ഞ നിറത്തില്‍ ഊട്ടി പൂക്കള്‍.. പിന്നെയും കുറെ നടന്നപ്പോള്‍  ഞങ്ങള്‍ പണ്ടേ വഴി തെറ്റി എന്ന് തിരിച്ചറിഞ്ഞു... പിന്നെ കിട്ടിയ വഴിയില്‍ ഉള്ള സഞ്ചാരം... വഴി നീളെ മദ്യത്തിന്റെ അകമ്പടിയില്‍ മീന്‍ പിടിക്കുന്നവന്‍... തടാകത്തിന്റെ ഒരു മൂലയില്‍ എത്തി... ഇനി  മുറിച്ചു കടക്കണം.... ചതുപ്പില്ലാത്ത ഇടം നോക്കി കുറെ നടന്നു... ചതുപ്പിന്റെ വണ്ണം കുറച്ചു കുറഞ്ഞ ഒരിടത്തില്‍ ചാടി കടക്കാന്‍ ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു... ശ്രീകാന്തും മനുവും ചാടി കടന്നു... ഞാനും അനൂപും ചേറില്‍ നെഞ്ചും കുത്തി വീഴാന്‍ വിധിക്കപ്പെട്ടവര്‍ ആയിരുന്നു...ഭൂമീ ദേവിക്ക് വന്ദനം..!! സോണി ലോകം മുഴുവന്‍ ചുറ്റി എപ്പടിയോ മറുഭാഗത്ത്‌ എത്തി...!!

ചെളി പുരണ്ട ഷൂസും ജീന്സുമായി ഞങ്ങള്‍ മുല്‍കാടുകള്‍ താണ്ടി എന്തിയത്, തടാക തീരത്തെ ഒരു മണ്‍ തിട്ടയില്‍... സമയം കളയാതെ ടെന്റു കെട്ടി...പിന്നെ വിശ്രമവും ഫോട്ടോ എടുക്കലും വെടി വെട്ടവും..!! ആ സായാഹ്നത്തില്‍ തടാകത്തിനും പൈന്‍ കാടുകള്‍ക്കും നടുവില്‍ ഞങ്ങള്‍ മാത്രം... അകലെ അടുത്തെ ഗ്രാമത്തിലെ ചില വിളക്കുകളിലെ വെളിച്ചം തടാകത്തില്‍ തട്ടി പ്രതിഫലിച്ചു.. രാത്രിയായപ്പോള്‍ ഞങ്ങളുടെ ശരീരം വിറക്കാന്‍ തുടങ്ങി... വേഗം ടെന്റില്‍ കയറി ശരീരം സ്ലീപ്പിംഗ് ബാഗിന് അകത്തു കയറ്റി ചൂടാക്കി...പിന്നെ ഉറക്കം...

ഞാന്‍ രാത്രി മുഴുവന്‍ കൂര്‍ക്കം വലിച്ചത്രേ.... എന്‍റെ അച്ഛനും വന്‍ കൂര്‍കേശന്‍ ആണ്...ആ പാരമ്പര്യം ഞാന്‍ ഉയര്‍ത്തിക്കെട്ടി വെന്നിക്കൊടി പാറിച്ചു, അതുകൊണ്ട് നഷ്ടം സംഭവിച്ചത് സോണിക്കും മനുവിനും...എന്നെ തട്ടിയും തോണ്ടിയുമെല്ലാം കൂര്‍ക്കം വലികുറക്കാന്‍ അവര്‍ ശ്രമിച്ചു, പരാജയം..!! ഒരു രാത്രിയിലെ ഉറക്കം സ്വാഹ...!! രാവിലെ എഴുന്നേറ്റത് മുതല്‍ ഉണ്ടായ പ്രധാന ചര്‍ച്ചയും എന്‍റെ കൂര്‍ക്കം വലിയും ഇഴപിയാത്ത കൂട്ടുകാരായിരുന്നു..!!

കിഴക്കേങ്ങോ ഉദിച്ച സൂര്യന്‍റെ തെറിച്ചു വന്ന ചില രശ്മികള്‍ കൊണ്ടത്‌ ഞങ്ങളുടെ ഇടത് വശത്തെ ചില പൈന്‍ കാടുകളില്‍ ആയിരുന്നു... അവിടെ നിന്നും ലോപിച്ച് പോയ വെളിച്ചത്തിന്‍റെ ചീളുകള്‍ക്ക് നിറങ്ങളുടെ മാസ്മരിക സൗന്ദര്യം പ്രകൃതിയില്‍ നിറക്കാന്‍ തുടങ്ങി... വിറയാര്‍ന്ന ശരീരത്തില്‍ ഊഷ്മാവ് വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളില്‍ ചിലര്‍ വട്ടമിട്ടു ഓടി...വെള്ളം വീണാല്‍ മരവിച്ചു പോവുന്ന ആ തണുപ്പില്‍ പല്ല് തേച്ചു...കൈ കഴുകിയപ്പോള്‍ വിലരുകളില്‍ ഐസ് കെട്ടി വച്ചത് പോലെ...!!

ഒരല്‍പ്പം കൂടെ വെളിച്ചം വന്നപ്പോള്‍ പൈന്‍ കാടിന് പുറത്തുള്ള റോഡിലേക്ക് നടന്നു... അടുത്ത ഗ്രാമത്തില്‍ നിന്നും ഭക്ഷണം കഴിച്ചു, പിന്നെ ഊട്ടിയിലേക്ക്.. റിപ്പബ്ലിക് പരേഡ് കണ്ടും, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി ലേയ്ക്ക് എന്നിവടങ്ങളില്‍ കറങ്ങിയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ചും ഞങ്ങള്‍ വൈകിട്ട് അഞ്ചു മണിയാക്കി... പിന്നെ അവിടെ നിന്നും നേരത്തെ ബുക്ക്‌ ചെയ്ത ബസില്‍ ചുരമിറങ്ങി കാട് കടന്നു നഗരത്തിലേക്ക്... അന്നത്തിനു വകയുണ്ടായ ബാംഗ്ലൂര്‍ നഗരത്തിലേക്ക്...!!