Wednesday, February 26, 2014

അടിപതറാതെ ചന്നനാരായണ ദുര്‍ഗ്ഗയില്‍

ചന്നനാരായണ ദുര്‍ഗ്ഗ പോവാം എന്ന് പറഞ്ഞത് അരുണ്‍ ആയിരുന്നു, കൂടെ വരാം എന്നേറ്റവര്‍ തരം പോലെ മുങ്ങി... പ്രതീക്ഷിക്കാതെ സന്തോഷും സത്താറും കൂടെ വരുന്നെന്നു പറഞ്ഞു, രണ്ട് ബൈക്കില്‍ ഞായറാഴ്ച്ച പുലര്‍ച്ചക്ക് യാത്ര തുടങ്ങി...
വഴി: ബാംഗ്ലൂരില്‍ നിന്നും തുംകൂര്‍ റൂട്ടില്‍ 55 കിലോമീറ്റര്‍ പോയാല്‍ ഡോബ്ബാസ്പെട്ട്, അവിടെ നിന്നും വലത്തോട്ട് മധുഗിരി റൂട്ടില്‍ പോയി തുംബാടിയില്‍ നിന്നും ഇടത്തോട്ടു പോയാല്‍ ചന്നനാരായണ ദുര്‍ഗ്ഗ ഗ്രാമത്തില്‍ എത്തിച്ചേരും...

ഏതാണ്ട് എട്ടരയോടെ ഞങ്ങള്‍ അവിടെ എത്തി...ഗ്രാമത്തിലെ ഒരു ആല്‍മര ചുവട്ടില്‍ വണ്ടി നിര്‍ത്തി, ഹെല്‍മെറ്റ്‌ ഒരു കടയില്‍ കൊടുത്തേല്‍പ്പിച്ചു, അവിടെ നിന്ന് തന്നെ ആവശ്യത്തിനു വെള്ളം വാങ്ങി...വെയില് കടുക്കുന്നതിനു മുന്‍പുതന്നെ മല കയറാം എന്ന് കരുതി... മലകയറാന്‍ വൃത്തിയായ ഒരു വഴി തിരഞ്ഞ ഞങ്ങള്‍ക്ക് തെറ്റി... അങ്ങനെ പ്രത്യേകിച്ച് ഒരു വഴി ഇല്ല..!! ചെങ്കുത്തായ പാറ മലയാണ് അത്, ജീവന് ഭയമുണ്ടെങ്കില്‍ ആദ്യമേ പിന്മാറണം... അതില്ലാത്തവര്‍ക്ക് ശ്രദ്ധയോടെ അടി വച്ചു തുടങ്ങാം..!! നാല്പത്തി അഞ്ചു മുതല്‍ എഴുപതു വരെ ഡിഗ്രിയില്‍ കുത്തനെ കിടക്കുന്ന ആ പാറമല കയറാന്‍ കുറച്ചു കൂടുതല്‍ തന്നെ ധൈര്യം വേണം...!! അത് മാത്രം പോര ശാരീരിക ക്ഷമതയും... കൂട്ടത്തില്‍ മെലിഞ്ഞ സത്താറും അരുണും വലിയ തെറ്റില്ലാതെ ആദ്യത്തെ കയറ്റം കയറി... ദുര്‍മേധസ്സ് സമ്പാദ്യമായുള്ള എനിക്കും സന്തോഷിനും അതത്ര എളുപ്പമായില്ല...!! 

കുറച്ചു വലിഞ്ഞു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും തളര്‍ന്നു...സന്തോഷിനു തലകറക്കം തുടങ്ങി, വലിയ താമസമില്ലാതെ വാളും (ചര്‍ദ്ദി) വച്ചു..!! ഒരു ശ്രിലങ്ക ഭൂപടം മാത്രമേ പ്രതീക്ഷിച്ചെങ്കിലും തെളിഞ്ഞത് ഇഡലി വട കൊണ്ട് ഒരു ലോക ഭൂപടം...!!  ചെറിയ തലകറക്കം തോന്നിയപ്പോള്‍ തന്നെ ഞാന്‍ വിശ്രമിച്ചു വെള്ളം കുടിച്ചിരുന്നു... അവിടെ നില്‍ക്കേണ്ടതായിരുന്നു ആ യാത്ര... കുറച്ചു വെള്ളംകൂടെ കുടിച്ചു, രണ്ടും കല്‍പ്പിച്ചു ഞാന്‍ മുകളിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങി... !! കളയനുള്ളത് കളഞ്ഞു കഴിഞ്ഞപ്പോള്‍ സന്തോഷ്‌ കൂടുതല്‍ ഉഷാര്‍...!! ഇതൊക്കെ എന്ത് എന്ന് വിചാരിച്ചിരുന്ന സത്താറിനോട് ഒറ്റ ഡയലോഗ്,
"മാറി നില്‍ക്കടാ...!!"
പിന്നെ ഏതോ ആക്ഷന്‍ പടത്തിലെ ഹീറോയെ പോലെ സന്തോഷ്‌ പുട്ടുപോലെ ബാക്കി ദൂരം കയറി... വാള് വച്ചാല്‍ ഒരു മനുഷ്യന് ഇത്രയും ഊര്‍ജം കിട്ടുമോ..???
പോവുന്ന വഴിയില്‍ ഇഷ്ടം പോലെ ഫോട്ടോ സെഷന്‍, പാറമേല്‍ നിന്ന് ചാടിയും ചാഞ്ഞും ചെരിഞ്ഞും ഇരുന്നും നിന്നുമെല്ലാം...!! ഇത്തവണ പക്ഷെ ഞാന്‍ അധിക നേരം ക്യാമറ പുറത്തെടുത്തില്ല, വെറും കയ്യില്‍ പാറ കയറുന്നത് തന്നെ വലിയ കാര്യം, അപ്പോഴാ കയ്യില്‍ ക്യാമറ കൂടെ...!! അതുകൊണ്ട് അരുണ്‍ ആ കൃത്യം ഭംഗിയായി ഏറ്റെടുത്തു..!!

കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നിനു മുകളിലെ കോട്ടയിലേക്കുള്ള കവാടം കണ്ടു... കരിയില കൊണ്ട് മൂടിയ വഴികള്‍...പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കില്‍ എത്തിയ ചെറിയ കൊത്തുപണികള്‍ ഉള്ള പഴയ കോട്ട.. കവാടം കഴിഞ്ഞു കയറി ചെന്നത് കുന്നിന്‍ മുകളിലെ തടാകത്തിലേക്ക്... ഇപ്പോഴും ആവശ്യത്തിനു വെള്ളമുണ്ട് തടാകത്തില്‍ (അത് വറ്റാറില്ല എന്ന കേട്ടറിവുണ്ട്‌), അതിനു അരികിലായി പഴയ ക്ഷേത്ര ഗോപുരങ്ങളും മറ്റും...!! 
അതിലൊന്ന് മറപ്പുര പോലെ തോന്നിച്ചു, അകത്തു കയറിനോക്കിയ ഞങ്ങള്‍ക്ക് കിങ്ങ്സ് സിഗരറ്റിന്റെ കൂട് കിട്ടി, കണ്ടപാടെ സന്തോഷ്‌ സ്ഥിരീകരിച്ചു,
"രാജാവ് കിങ്ങ്സ് ആയിരുന്നു വലിച്ചിരുന്നത്‌"
"രാജാവിന്‍റെ സ്വന്തം ബ്രാന്‍ഡ്‌ ആയിരുന്നു കിങ്ങ്സ്", ഞാന്‍ തിരുത്തി

കുളക്കടവില്‍ പാറയില്‍ ഒരു ദ്വാരം, "വെള്ളം വീണു കുഴി ഉണയതാ.." ആ കണ്ടു പിടിത്തം സത്താറിന്‍റെ...
ഇത്തവണ ഊളത്തരം പറഞ്ഞത് സന്തോഷ്‌ തന്നെ, "അല്ല, ഇത് രാജാവിന്റെ കല്യാണത്തിനു പന്തലിട്ടതിന്റെ കുഴിയാണ്..." 
ഇജ്ജാതി വലിയ ചരിത്ര പണ്ഡിതന്മാരുടെ വിവരണത്തിന് അധികം സാവകാശം കൊടുക്കാതെ ഞങ്ങള്‍ നടത്തം തുടര്‍ന്നു...
അവിടെ നിന്നും ഇടത്തു ഭാഗത്ത്‌ കണ്ട വഴിയിലൂടെ ആണ് ആദ്യം ഞങ്ങള്‍ കയറിയത്.. വഴി നീളെ ഉണങ്ങിയ നീളന്‍ പുല്ലുകള്‍, മുള്ളുകള്‍...!! അവയെ തന്ത്രപൂര്‍വം മറികടന്നു ഞങ്ങള്‍ കയറ്റം കയറി.. പാറമേല്‍ ഗ്രിപ്പ് കിട്ടാന്‍ വേണ്ടി കാണിച്ച സര്‍ക്കസ്സ് താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ലളിതം...!! പക്ഷെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്നും വഴിയില്ല എന്ന് മനസ്സിലായി..!! ആരെയൊക്കെയോ പ്രാകി തിരിച്ചിറങ്ങി, പിന്നെ യാത്ര വലതു വശം ചേര്‍ന്ന്... സൂര്യന്‍ ഒരു ദയയുമില്ലാതെ ഞങ്ങളെ ദഹിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു...ക്ഷീണം വക വക്കാതെ ഞങ്ങള്‍ കോട്ടയുടെ മുകളില്‍ എത്തി...അവിടെയെത്താന്‍ ഏതാണ്ട് മൂന്ന് മണിക്കൂര്‍ എടുത്തു ഞങ്ങള്‍... കുറച്ചു ഫോട്ടോ എടുത്തതിനു ശേഷം അവിടെ ആകെ കണ്ട ഒരു ചെറു മര ചുവട്ടില്‍ കിടന്നുറങ്ങി...താരാട്ട് മൂളാന്‍, തുമ്പികളുടെ ചിറകടികളും മണിയനീച്ചകളും...!!

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞത് അറിഞ്ഞില്ല...ക്ഷീണവും നിദ്രയും അത്രയും കൂട്ടായിരുന്നു.. സമയം ഉച്ചക്ക് ഒരുമണി, തിരിച്ചിറങ്ങുമ്പോള്‍ വീണ്ടും സൂര്യന്‍റെ പീഡനം..!! കോട്ടവാതില്‍ ഇറങ്ങിയതിനു ശേഷം ശരിക്കും ബുദ്ധിമുട്ടി... സ്പൈഡര്‍മാന്‍ കളിച്ചു കയറി വന്ന വഴി ഇറങ്ങാന്‍ ഇരട്ടി ബുദ്ധിമുട്ടാണ്... ഇരുന്നും നിരങ്ങിയും താഴെയെത്താം എന്ന് കരുതിയപോള്‍ പാറയെല്ലാം അടുപ്പത്തിരിക്കുന്ന ദോശചട്ടിയുടെ അവസ്ഥ.. കയ്യും ചന്തിയും പൊള്ളി വെന്ത് പോവുന്ന ചൂട്...!! താഴോട്ട് നോട്ടം പോയാല്‍ പിന്നെ ഭയം കൂട്ടാവും... ഒരടി തെറ്റിയാല്‍ തീര്‍ന്നു, പിന്നെ മരണം വന്ന് ഉമ്മവക്കും...!! അമ്മയെ കരയിക്കാന്‍ വയ്യ, അത് കൊണ്ട് ഒരു ദീര്‍ഘശ്വാസം എടുത്തു, കാലടികളില്‍ മാത്രം ശ്രദ്ധ കൊടുത്തു ഇറങ്ങാന്‍ തുടങ്ങി... വുഡ്ലാന്ട്സിന് പ്രണാമം... മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അപകടം ഇല്ലാതെ താഴെയെത്തി...!! നേരത്തെ എടുത്ത ശ്വാസം നേരെ വിട്ടത് അപ്പോഴായിരുന്നു...!!  ഒരിക്കല്‍ കൂടി ഏതോ കലഹത്തില്‍ പാതി മൃത്യു വരിച്ച  ചന്നനാരായണ ദുര്‍ഗ്ഗയെ തിരിഞ്ഞു നോക്കി, ബൈക്ക് എടുത്തു തിരിച്ചു യാത്ര, കലഹങ്ങളുടെ നഗരത്തിലേക്ക്...!!

No comments: