Wednesday, December 31, 2014

2014- ഒരു തിരിഞ്ഞു നോട്ടം

എന്‍റെ ഇത് വരെയുള്ള ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ്‌ ഇന്ന് പടിയിറങ്ങുന്നത്.. വര്‍ഷാന്ത്യം പുതുവര്‍ഷം എന്നൊക്കെ പറയുന്നത് വീട്ടിലെ ചുമരിലെ ആണിയില്‍ തൂങ്ങിയാടുന്ന കലണ്ടര്‍ നോട്ടു പുസ്തകം പൊതിയാനുള്ള പേപ്പറായി പരിണാമം സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണെങ്കിലും, ഓര്‍മ്മകളെ വാര്‍ഷികാടിസ്ഥാനത്തില്‍ അക്കമിട്ടു വേര്‍തിരിച്ചു വച്ചു കഴിഞ്ഞാല്‍, ഇക്കഴിഞ്ഞ ഇരുപത്തൊന്‍പതു വര്‍ഷങ്ങളില്‍ 2014 എന്നത് പട്ടു കച്ചയണിഞ്ഞു തിലകം ചാര്‍ത്തി കിരീടം വച്ച് ചെങ്കോലുമേന്തി തലയുയര്‍ത്തി നില്‍ക്കും എന്‍റെ ഓര്‍മ്മകളില്‍.

ഊരുതെണ്ടി നടക്കുന്നതിനു അച്ഛന്റെയും അമ്മയുടെയും വായില്‍ നിന്ന് കണക്കിന് കേട്ടിട്ടും നന്നാവാതെ അന്സു എന്നാ ഓണ്‍ലൈന്‍ സൗഹൃദവുമായി ചേര്‍ന്ന് ഊരുതെണ്ടികളുടെ വഴിയമ്പലം എന്ന പേരില്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പ് തുടങ്ങിയത് അതിനു മുന്‍പത്തെ വര്‍ഷമായിരുന്നെങ്കിലും ആ കൂട്ടായ്മ്മ വളര്‍ന്നു കെട്ടുറപ്പ് വന്നത് ഈ വര്‍ഷം ആയിരുന്നു.. യാത്രകളും സൗഹൃദങ്ങളും ആഴവും പരപ്പും കൈവരിച്ച് ഇക്കഴിഞ്ഞ വര്‍ഷം മുഴുവന്‍ നിറഞ്ഞു നിന്നു..!! ലവ് യൂ ഡിയര്‍ തെണ്ടീസ്...!!

"ഇവനിങ്ങനെ തെണ്ടി നടന്നാല്‍ എങ്ങനെ ശരിയാവും, പ്രായം ഇത്രയൊക്കെ ആയില്ലേ...ഒരു ഉത്തരവാദിത്തമൊക്കെ വേണം..!!" 
അങ്ങനെ ഉത്തരവാദിത്തം എന്നാ സാധനം വിവാഹമെന്ന ചടങ്ങിലൂടെ കിട്ടും എന്ന് വിശ്വസിച്ച എന്റെ വീട്ടുകാര്‍ ആ കടുംകൈ ചെയ്തു..!! ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രേഷ്മയുമായി അവര്‍ എന്നെ കൂട്ടി മുട്ടിച്ചു (ആ മുട്ടലില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ ഇല്ല), ഏപ്രിലില്‍ നിശ്ചയം, സെപ്റ്റംബറില്‍ കല്യാണം...!! എല്ലാം ശടപടെ ശടപടെ ന്ന് കഴിഞ്ഞു..!! എന്റെ ജീവിതത്തിലെയും മനസിലെയും ഏറ്റവും പ്രാധാന്യമുള്ള സ്ഥാനം രേഷ്മ കയ്യേറി കുടില്‍ കെട്ടി താമസിച്ചത് ഈ കഴിഞ്ഞയാന്‍ പോവുന്ന വര്‍ഷത്തില്‍ തന്നെ..!!

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ...!! മൂന്നാമത്തെ കമ്പനിയില്‍ ജോലിക്ക് കയറിയതും 2014 ല്‍ തന്നെ..!!

ഹിമാലയത്തില്‍ പോവണം..!! യാത്ര ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഉള്ള ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മോഹം..!! ആഗ്രഹം പരിപൂര്‍ണ്ണമായി എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഹിമാലയം എന്നാ അത്ഭുതം അടുത്ത് കാണാന്‍ ഭാഗ്യം സിദ്ധിച്ചത്‌ കല്യാണം കഴിഞ്ഞു നടത്തിയ മധുവിധു യാത്രയില്‍ ആയിരുന്നു..!!

പെണ്ണൊക്കെ കെട്ടിയില്ലേ, ഇനി തലയ്ക്കു മീതെ ശൂന്യാകാശം എന്ന് പറഞ്ഞു നടന്നാല്‍ ശരിയാവില്ല.. രേഷ്മയുടെ നിര്‍ബന്ധത്തില്‍, ബാംഗ്ലൂര്‍ നഗരത്തില്‍ സ്വന്തമായി ഒരു കൂര എന്ന നേട്ടവും 2014 ന്‍റെ അക്കൗണ്ട്‌ പുസ്തകത്തില്‍ ഇടം നേടി..!! അങ്ങനെ അവളെന്നെ ആന്ത്ര ബാങ്കിന് കടപ്പെട്ടവനാക്കി..!! 

കല്യാണം, ജോലി, വീട്, യാത്ര, സൗഹൃദങ്ങള്‍ അങ്ങനെ സൗഭാഗ്യങ്ങള്‍ വാരിക്കോരി തന്ന 2014, നിന്നോട് വിട..!! നിനക്ക് പുറകെ വരുന്നത് ഇതിലും ഗംഭീരമായതാവട്ടെ (അത്യാഗ്രഹം)..!!  

Sunday, July 27, 2014

വിക്രമാദിത്യന്‍

ഒറ്റവാക്കില്‍ പച്ചവെള്ളം പോലെ ഒരു പടം. എന്നുവച്ചാല്‍ രുചിയുമില്ല നിറവുമില്ല, വെറുതെ കുടിക്കാം...കാണാന്‍ വേറെ സിനിമകള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ കാണാം..!! കുടിച്ചിട്ട് ദാഹം മാറിയോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ഇല്ലാ എന്ന്... ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാള പടം കണ്ടു ദാഹം മാറ്റാന്‍ ചെന്ന എനിക്ക് രുചിയില്ലാത്ത കഠിന ജലമാണ് സിനിമാക്സിലെ ശീതീകരിച്ച ഇരുട്ടുമുറിയില്‍ കിട്ടിയത്..!!

കമല്‍ ആണ് എനിക്ക് മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍.. അദ്ദേഹത്തിന്റെ ശിഷ്യര്‍ എനിക്ക് പിന്നീട് പ്രിയരായി.. പക്ഷെ, അടുത്ത കാലത്ത് കമലിനെ പോലെ അവരും എന്നെ നിരാശപ്പെടുത്തുന്നു... ഇടയ്ക്കിടെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ലാലുവിന്‍റെ ശീലമാണ്.. അതുകൊണ്ട് അടുത്ത പടം വരെ കാത്തിരിക്കാം...ഇതിനെ അബദ്ധത്തിന്റെ ലിസ്റ്റില്‍ ചേര്‍ക്കാം..

കുറ്റം പറയുന്നതിന് മുന്‍പ് നല്ലത് പറയാം... നിറമുള്ള ഫ്രേമുകള്‍ തീര്‍ത്ത്‌ ജോമോന്‍ കണ്ണിനു നല്ല കാഴ്ചകള്‍ തന്നു.. തന്ന കഥാപാത്രങ്ങളോട് നൂറ്റിക്ക് നൂറും നല്‍കി, ദുല്ഖറും ഉണ്ണിയും നമിതയും ജോയേട്ടനും അനൂപ്‌ മേനോനും ലെനയും..!! തെറ്റില്ല എന്ന ഗണത്തില്‍ പെടുത്താം ബിജിപാലിന്റെ ഈണങ്ങള്‍.. പക്ഷെ ഹിറ്റാവാനുള്ള ആമ്പിയര്‍ ഇല്ല..!! ഈഗോ എന്ന മൂന്നു ആഗലേയ അക്ഷരങ്ങള്‍ കലര്‍ന്നു പോയ സൗഹൃദം, അത് എപ്പോഴൊക്കെയോ എന്നെയും സ്പര്‍ശിച്ചു..!! നമ്മുടെയൊക്കെ പല സൗഹൃദങ്ങളും അങ്ങനെ തന്നെ ആവാം.. എനിക്കങ്ങനെ ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു...!!

രണ്ടര മണിക്കൂറിനടുത്ത് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള മരുന്നില്ലാതെ പോയി വിക്രമനും ആദിത്യനും... അത്ര പെട്ടന്നൊന്നും ദഹിക്കാത്ത എന്നും നായകന്‍ മാത്രം ജയിക്കുന്ന ക്ലൈമാക്സും മടുപ്പിന് ആക്കം കൂട്ടും.. ഒട്ടും മാറ്റി ചിന്തിക്കാന്‍ എഴുത്തുകാരനും സംവിധായകനും താല്‍പര്യമില്ല എന്ന് ചുരുക്കം.!!

ഈ പടം കാണാന്‍ പോവുന്ന വഴി ഇടിവെട്ടി മഴ പെയ്തു എന്ന് വിചാരിക്കുക, ഒട്ടും മടിക്കണ്ട, മൊബൈലും വാച്ചും പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു  ഭദ്രമാക്കി വച്ചു, ആസ്വദിച്ചു മഴ നനയുക.. അതില്‍ കിട്ടുന്നതില്‍ കൂട്ടുതല്‍ ആനന്ദം തിയേറ്ററില്‍ ഇല്ല...!! (2/5)


Sunday, June 1, 2014

ഇതും ബാംഗ്ലൂര്‍ ഡെയ്സ്..!!

തുടക്കം മുതല്‍ ഒടുക്കം വരെ ക്ലീഷേകള്‍, ആവോളം നിറച്ചു വച്ചിരിക്കുന്ന യാദൃശ്ചിക നിമിഷങ്ങള്‍, സുരക്ഷിത മേഖലകള്‍ വിട്ടു വരാത്ത "പുതുതലമുറ" താരങ്ങള്‍, കണ്ടു പരിചിതമായ കഥാ സന്ദര്‍ഭങ്ങള്‍... ഒരു ബോറന്‍ പടം എന്ന് തോന്നിക്കുന്ന എല്ലാ ഘടകങ്ങള്‍ ഉണ്ടായിട്ടും ബാംഗ്ലൂര്‍ ഡെയ്സ് അതില്‍ നിന്നും ബഹുദൂരം മാറി നില്‍ക്കുന്നു.. കാരണം അഞ്ജലി മേനോന്‍ എന്ന പ്രതിഭ തന്നെ... ഉള്ളില്‍ തട്ടി അഞ്ജലി ചേച്ചി എന്ന് ഞാന്‍ വിളിക്കുന്ന (നേരിട്ട് ഇത് വരെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല) ആ സ്ത്രീയുടെ കഴിവുകള്‍ ഇവിടെ ഒരിക്കല്‍ കൂടെ അരക്കിട്ട് ഉറപ്പിച്ചിരിക്കുന്നു...!! മൂന്ന് മണിക്കൂര്‍ തിയേറ്ററില്‍ പ്രേക്ഷകരെ മടുപ്പിക്കാതെ ഇരുത്താന്‍ കഴിഞ്ഞു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം... അഭിനയിച്ചു തകര്‍ക്കാന്‍ ഒന്നും ആര്‍ക്കും സന്ദര്‍ഭം ലഭിച്ചില്ലെങ്കിലും കിട്ടിയ വേഷം പരിപൂര്‍ണ്ണമാക്കാന്‍ ദുല്‍ക്കറിനും, നിവിനും, നസ്രിയക്കും, ഫഹദിനും, പാര്‍വതിക്കും, കല്‍പ്പനക്കും കഴിഞ്ഞു...

എടുത്തു പറയേണ്ട മറ്റൊന്ന് ഗോപിയുടെ പശ്ചാത്തല സംഗീതമാണ്.. "അഞ്ജന കണ്ണെഴുതി" എന്ന ഒരൊറ്റ ഈണം മതി അതിനു തെളിവായി... പാട്ടുകള്‍ നല്ലതാണെങ്കില്‍ കൂടെ ഓര്‍ത്തു വച്ചു മലയാളി പാടിക്കൊണ്ടിരിക്കാന്‍ സാധ്യത കുറവാണ്..അതൊരു കുറവും അല്ല..!! ആവശ്യത്തിനു കോമഡി, പാകത്തിന് സെന്റി, ഭാര്യ, കുടുംബം, കാമുകി, കാമുകിയുടെ അപ്പനും അമ്മയും, നന്മ, കുശുമ്പ്, ചില്ലറ വില്ലത്തരം, ഫിലോസഫി എല്ലാം ഉണ്ട് ഇതില്‍...

മടിവാലയില്‍ കൈരളി ഹോട്ടലില്‍ പൊറോട്ടയും ബീഫും അടിച്ചു ടൂ ബീ എച് കെ വീട്ടില്‍ ആറോ ഏഴോ പേര്‍ ഒരുമിച്ചു താമസിച്ചു കേരള റെജിസ്ട്രേഷന്‍ മൈലേജുള്ള ബൈക്കില്‍ നഗരം ചുറ്റുന്ന വെള്ളിയാഴ്ച്ചകില്‍ കല്ലടയില്‍ നാടുപിടിക്കുന്ന ശരാശരി മലയാളി ബാച്ചിയുടെ കഥയാണെന്ന് കരുതി ആരും ഓടിക്കേറണ്ട.. ഇത് സംഗതി വേറെ...ഇങ്ങനെ ഒന്നും അല്ല ബാംഗ്ലൂര്‍ മലയാളി ജീവിതം എന്ന പരിഭവവും ആര്‍ക്കും വേണ്ട.. അപ്പര്‍ മിഡില്‍ ക്ലാസ് ബാംഗ്ലൂര്‍ മലയാളിയുടെ കഥയാണ്‌ ഇത്, അതില്‍ ചിലത് ഇങ്ങനെയൊക്കെയാണ് ഭായ്... ചുരുങ്ങിയ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞതാണ്...!!

ഒന്നിരുന്നാല്‍ പറയാന്‍ കുറെ കുറവുകള്‍ ഉണ്ടാകാം.. മറന്നേക്കുക, മസില്‍ ഒക്കെ അയച്ചു വച്ചു ബുദ്ധി ജീവി ഇമേജുകള്‍ കത്തിച്ചു കളഞ്ഞു ആസ്വദിച്ചു കാണുക.. അങ്ങനെയാണെങ്കില്‍ കൊടുക്കണ കാശിനു മൊതലാവുന്ന പൊന്നാണ്‌ ബാംഗ്ലൂര്‍ ഡെയ്സ്... 4/5

Thursday, May 22, 2014

നിരുപമയുടെ ചോദ്യം

മഞ്ജു-ദിലീപ് ബന്ധത്തിലെ സ്വരചേര്‍ച്ചകളെ ഗോസിപ്പ് കോളങ്ങള്‍ ആഘോഷകാരണങ്ങളായി ഏറ്റെടുത്ത സമയത്താണ് ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന "മലയാള"പടം ഇറങ്ങുന്നത്.. അതുകൊണ്ട് തന്നെ മലയാളിയുടെ ആത്മ സംതൃപ്തിക്കു വേണ്ടി കഥയേയും സന്ദര്‍ഭങ്ങളെയും വലിയ പാടില്ലാതെ വളച്ചോ നീട്ടിയോ കുറുക്കിയോ പ്രേക്ഷകന് ഉപകാരപ്പെടുത്താം... പക്ഷെ എന്‍റെ വിഷയം അതല്ല... നിരുപമ രാജീവ് എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന്‍റെ ചോദ്യമാണ്..!!

മുഖ്യധാരകളില്‍ സ്ത്രീ ശബ്ദങ്ങള്‍ നന്നേ കുറഞ്ഞു പോവുനതിനുള്ള കാരണങ്ങള്‍ അക്കമിട്ടു നിരത്തുന്നു നിരുപമ... മറ്റാരുടെയോക്കയോ സ്വപ്നങ്ങള്‍ക്ക് വളവും വെള്ളവും കൊടുത്ത് ഭാരത സ്ത്രീകള്‍ സ്വയം സ്വപ്‌നങ്ങള്‍ മറന്നു പോവുന്ന യാഥാര്‍ത്ഥ്യം റോഷന്‍റെ ഈ സിനിമയിലൂടെ ബോബി-സഞ്ജയ്‌ പ്രതിഭകളുടെ തിരക്കഥയിലൂടെ പ്രേക്ഷകന് മുന്‍പിലെത്തുന്നു...  സത്വം മറന്നു പോയ ജീവനുകളില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കി സ്വപ്നങ്ങളെ തിരികെ ഉണര്‍ത്തുന്നതിനോടൊപ്പം ഗ‌‍ൌരവമേറിയ സാമൂഹിക പ്രശ്നങ്ങളും സിനിമയില്‍ പറഞ്ഞു പോവുന്നു..

കുഞ്ചാക്കോ ബോബനും, വിനയ് ഫോര്‍ട്ടും എല്ലാം തങ്ങളുടെ പതിവ് മാനറിസങ്ങളില്‍ ആയിരുന്നെകിലും അത് കഥാപത്രങ്ങളെ പൂര്‍ണ്ണതയില്‍ എത്തിച്ചു... തെസ്നിഖാനും കലാരഞ്ജിനിയും പേരറിയാത്ത ആ ബസ്‌ യാത്രക്കരിയും എന്നെ ഒരുപാട് ചിരിപ്പിച്ചു.. ചിരിപ്പിച്ചതിലും ചിന്തിപ്പിച്ചതിലും മുന്‍ നിരയില്‍ പക്ഷെ നിരുപമ എന്ന മഞ്ജു തന്നെ, അവര്‍ തന്നെ ആണ് ശരിക്കും സുപ്പര്‍ സ്റ്റാര്‍..

ഇത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.. ഒരു പക്ഷെ ദാമ്പത്യ ജീവിതത്തിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കാം, ഈ സിനിമയുടെ പ്രസക്തി ചില്ലറയല്ല എന്ന് എനിക്ക് തോന്നുന്നു.. എന്‍റെ ജിവിതത്തിന്റെ (തിരിച്ചും) പങ്കു പറ്റാന്‍ രേഷ്മ വരുമ്പോള്‍ അവളോട്‌ ഞാന്‍ നേരിട്ട് പറഞ്ഞിട്ടുള്ള കാര്യം ഒരിക്കല്‍ കൂടെ പറയുന്നു, നിന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും രീതികളും ശൈലികളും ഉപേക്ഷിച്ച് എന്‍റെ വഴിക്ക് വരാതിരിക്കുക.. നീ നിന്‍റെ സ്വപ്നങ്ങളെ പിന്തുടര്‍ന്നുകൊള്‍ക..!! 

Tuesday, April 15, 2014

ഗുണ്ട്- വിഷു സ്പെഷ്യല്‍


കുട്ടിക്കാലത്ത് വിഷുവിന് പടക്കം പൊട്ടിക്കാന്‍ എനിക്ക് വലിയ താല്‍പ്പര്യമായിരുന്നു.. താല്‍പ്പര്യത്തിനോളം തന്നെ പേടിയും ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ നിഷേധിക്കുകയില്ല..!! കാരണം അതൊരു സത്യമായിരുന്നു എന്നത് തന്നെ..
അതുകൊണ്ട് തന്നെ ഇളയൂരിലെ തറവാട്ടില്‍ മുറ്റത്തിന്‍റെ ഒരു മൂലയില്‍, ഓലപടക്കം എടുത്ത്, കണ്ണില്‍ തുളയിട്ട കണ്ണന്‍ ചിരട്ടയുടെ ഉള്ളില്‍ വച്ച്, പടക്കത്തിന്‍റെ തിരി ചിരട്ടത്തുളയുടെ ഉള്ളിലൂടെ പുറത്തേക്കിട്ട്, തിരിയുടെ മുകളില്‍ രണ്ടിഞ്ചു നീളത്തില്‍ കടലാസ് പിരിച്ചത് ചേര്‍ത്ത് വച്ചു തീയും കൊടുത്ത്, ഞാന്‍ വീടിന്‍റെ ഇറയത്തേക്കു ഓടി പോയി ചെവിയും പൊത്തി നില്‍ക്കും.. പടക്കം ചീറ്റിയില്ലെങ്കില്‍ അത് പൊട്ടി കണ്ണന്‍ ചിരട്ട ചിതറിത്തെറിക്കുന്നത്‌ കാണാം..!! അത്രേം വലിയ ചടങ്ങായിരുന്നു എന്‍റെ ഒരു പടക്കം പൊട്ടിക്കല്‍...!!
ഇത്രേം പറഞ്ഞത് എന്താണ് എന്ന് വച്ചാല്‍, ഞാന്‍ കെട്ടാന്‍ പോവുന്ന പെണ്ണ് എന്നെ വിളിച്ചിട്ട് പറയാണ്, അവള് രാവിലെ തന്നെ വിഷു സ്പെഷ്യല്‍ ഗുണ്ടോക്കെ തിരിയും കത്തിച്ചുകൊണ്ട് അമ്മാനമാടി ചുമ്മാ ഇങ്ങനെ കയ്യില്‍ വച്ചു പൊട്ടിച്ചു കളിച്ചു എന്ന്.. "ഇതൊക്കെ എന്ത്, സിമ്പിള്‍" എന്ന്...!! ഫയങ്കരം ലേ..!!
ഈ പറഞ്ഞതാണോ അതോ കയ്യില്‍ വച്ചു പൊട്ടിച്ചതാണോ ഗുണ്ട് എന്നറിയാന്‍ വല്ല മെഷീനും കണ്ടു പിടിക്കണം...!!

Sunday, March 30, 2014

സണ്‍‌ഡേ ഡയറി

രാവിലെ എഴുന്നേറ്റു എവിടെയെങ്കിലും പോവുക, കുറച്ചു ഫോട്ടോ എടുക്കുക, വെയില്‍ മൂക്കുമ്പോഴേക്കും തിരിച്ചെത്തുക.. ഇത്രയേ ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ.. വിനോദ് ഭായ് ഇന്നലെ രാത്രി തന്നെ ഇവിടെ എത്തി.. ഭായ് തന്നെ ആണ് ഐ ഐ എസ് സി യില്‍ പോവാം എന്ന് നിര്‍ദേശിച്ചത്... ആറരക്കു വീട്ടില്‍ നിന്നിറങ്ങി എന്‍റെ ബൈക്കില്‍ അങ്ങോട്ട്‌ വിട്ടു... വിനോദ് ഭായിയുടെ ഒരു സുഹൃത്ത് അവിടെ ഗവേഷണ വിദ്യാര്‍ത്ഥി ആണ്..

ഗെയിറ്റില്‍ എത്തി സുഹൃത്തിനെ കാണാന്‍ വേണ്ടിയാണു എന്ന് പറഞ്ഞപ്പോള്‍ സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതി വയ്ക്കാന്‍ പറഞ്ഞു... ആ കര്‍മ്മം നിര്‍വ്വഹിച്ചു, പച്ചപ്പ്‌ പുതച്ചു ഇളം വെയില് കൊണ്ട് കിടക്കുന്ന ആ ക്യാംപസിലൂടെ കുറച്ചു ദൂരം വണ്ടി ഓടിച്ചു, പിന്നെ വണ്ടി ഒതുക്കി ക്യാമറ പുറത്തെടുത്തു നടന്നു... ഈ നഗരത്തിനു നടുവില്‍ ഇത്രയധികം മരങ്ങളും കിളികളും ഉണ്ട് എന്നത് എനിക്ക് അത്ഭുതമായി തോന്നി..!! മരക്കൊമ്പിലെ കിളികളെ ഫോക്കസ് ചെയ്തു തുടങ്ങിയതും സെക്യൂരിറ്റി ഗാര്‍ഡ് വന്നു ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് മുന്നറിയിപ്പ് തന്നു... ക്യാമറ പൂട്ടി ബാഗില്‍ ഇടേണ്ടി വന്നു... 

പിന്നെ അവിടെ നടന്നു സമയം കളഞ്ഞിട്ടു കാര്യമില്ല...ഫോട്ടോ എടുക്കാന്‍ പുതിയ സ്ഥലം നോക്കണം.. മുന്‍പ് കേട്ട് പരിചയമുള്ള ഒരു സ്ഥലമുണ്ട്.. പോട്ടറി ടൌണ്‍.. നഗരത്തിനുള്ളില്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു തെരുവ്..വഴി അറിയില്ല...കുറച്ചു വഴി തെറ്റിയപ്പോള്‍ പിന്നെ ഗൂഗിള്‍ മാപ്പ് ശരണം..!! അത് കൃത്യമായി ഞങ്ങളെ ആ തെരുവില്‍ എത്തിച്ചു..!! വഴിവക്കില്‍ തന്നെ ധാരാളം മണ്‍പാത്രങ്ങള്‍ കാണാം... പല വലിപ്പത്തില്‍, പല രൂപത്തില്‍...!! ഞങ്ങള്‍ ആ ചെറിയ തെരുവിലൂടെ നടന്നു തുടങ്ങി.. പാത്രം വാങ്ങാന്‍ വന്നവര്‍ ആണെന്ന് കരുതി ഒരു സ്ത്രീ ഞങ്ങളോട് കാര്യം അന്വേഷിച്ചു.. പാത്രം ഉണ്ടാക്കുന്നത് കാണണം എന്ന് പറഞ്ഞപ്പോള്‍ ഒരു വീട്ടിനുള്ളിലേക്ക് കൊണ്ട് പോയി... 

അവിടെ ഒരാള്‍ കളിമണ്ണ് കൊണ്ട് ചിരാതുകള്‍ നിര്‍മ്മിക്കുകയാണ്... !! മോട്ടോര്‍ ചക്രത്തില്‍ കളിമണ്ണ് വച്ചു തിരിച്ച് കൈകൊണ്ടു അയാള്‍ ചിരാതുകള്‍ ഓരോന്നോരോന്നായി പെട്ടന്ന് തന്നെ കടഞ്ഞെടുത്തു കൊണ്ടിരുന്നു..കുറച്ചു ഫോട്ടോ എടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.. അവിടെ ഒരാള്‍ കളിമണ്ണ് ചവിട്ടി പതം വരുത്തുന്നു...!! പിന്നെ ഞങ്ങള്‍ പോയത് ഒരു ചൂളക്കളത്തിലേക്ക്.. ചൂളയില്‍ വച്ച് പാകപ്പെടുത്തിയ ചിരാതുകള്‍ കുറേ പേര്‍ കുട്ടയില്‍ വാരി കൊണ്ട് പോകുന്നു.. വഴിയരികില്‍ പുതിയ ചെറു കലങ്ങള്‍ ഉണങ്ങാന്‍ നിരത്തി വച്ചിട്ടുണ്ട്.. ക്യാമറക്ക് നല്ല പണിയായി..!!


ഞങ്ങളെ കണ്ടു ബാബു എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ അടുത്തു വന്നു അയാളുടെ നിര്‍മ്മാണ ശാലയിലേക്ക് ക്ഷണിച്ചു.. അവിടെ ബാബു അണ്ണന്‍റെ മകന്‍ പുതു തലമുറയെ പാത്ര നിര്‍മ്മാണം പഠിപ്പിക്കുകയായിരുന്നു.. ബാബു അണ്ണന്‍ നിര്‍മ്മാണത്തിന് പുറമേ സ്കൂളിലും ഓഫീസുകളിലും പരിശീലനവും നടത്താറുണ്ട്‌... ഞങ്ങള്‍ക്കും ബാബു അണ്ണന്‍ പരിശീലനം തന്നു... തണുത്തു മാര്‍ദ്ദവമുള്ള കളിമണ്ണില്‍ നനഞ്ഞ കൈ കൊണ്ട് ഞാനും ബാബു അണ്ണന്റെ സഹായത്തോടു കൂടി ഒരു ചെറിയ മണ്‍പാത്രം കടഞ്ഞെടുത്തു.. !! കുറച്ചു നേരം കൂടി അണ്ണനോട് സംസാരിച്ചതിന് ശേഷം ഞങ്ങള്‍ ഗുരുദക്ഷിണ വച്ചു വീട്ടിലേക്കു തിരിച്ചു...!!

തിരിച്ചുള്ള വരവില്‍, ആദ്യം ട്രാഫിക് പോലീസ് പിടിച്ചു, എമിഷന്‍ കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞത് അറിഞ്ഞില്ല, പോരാത്തതിന് തമിഴ്നാട്‌ റെജിസ്ട്രെഷന്‍ വണ്ടിയും (കര്‍ണാടക ടക്സ് അടച്ചിട്ടില്ല).. കൈക്കൂലി കൊടുത്ത് സംഗതി ഒതുക്കി.. തീര്‍ന്നില്ല, കുറച്ചു കൂടെ പോയപ്പോള്‍ വണ്ടിയുടെ ആക്സിലറെട്ടര്‍ കേബിള്‍ പൊട്ടി... ഞായര്‍ ആയതുകൊണ്ട് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഒന്നും തുറന്നിട്ടില്ല... വീട് വരെ വെയിലത്ത്‌ വണ്ടി തള്ളി.. ഞായര്‍ തീരാന്‍ ഇനിയും സമയം ഉണ്ട്... ഇന്നിനി കൂടുതല്‍ ഒന്നും താങ്ങില്ല.. ഇനി വിശ്രമം..!!

Wednesday, March 26, 2014

പ്രെയ്സ് ദി ലോര്‍ഡ്‌

ജിനോ എന്ന ഒരു സുഹൃത്തുണ്ട് എനിക്ക്... ജിനോ ബൈക്ക് ഓടിക്കുന്നത് എപ്പോഴും നല്ല വേഗത്തില്‍ ആണ്, അതും നല്ല അസ്സല്‍ റാഷ് റൈഡിംഗ്...!! ഒരിക്കല്‍ എന്‍റെ മറ്റൊരു സുഹൃത്തായ മുകേഷ് ജിനോയുടെ കൂടെ ബൈക്കില്‍ ഒരിടം വരെ പോയി...കുറച്ചു കഴിഞ്ഞു ഞാന്‍ മുകേഷിന്‍റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു,
"അളിയാ, എത്തിയോ...??"
"എത്തി അളിയാ, പ്രെയ്സ് ദി ലോര്‍ഡ്‌...!!" ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ മുകേഷിന്‍റെ മറുപടി അതായിരുന്നു...

ഇന്ന് "പ്രെയ്സ് ദി ലോര്‍ഡ്‌" എന്ന പടം കണ്ടു തിരിച്ചിറങ്ങിയപ്പോള്‍ ഞാനും അറിയാതെ മനസ്സില്‍ പറഞ്ഞു പോയി, 
"പ്രെയ്സ് ദി ലോര്‍ഡ്‌.... ഹലെലൂയ...ഹലെലൂയ... അവന്‍ വലിയവനാണ്‌...!!"

ഇതില്‍ കൂടുതലൊന്നും ഒരു റിവ്യൂ എഴുതാനുള്ള യോഗ്യത ആ പടത്തിനില്ല, അതിനു കളയാന്‍ എനിക്ക് സമയവും ഇല്ല... വേറെ പണിയുണ്ട്...!!

Tuesday, March 25, 2014

ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌...

അഗസ്ത്യാര്‍കൂടത്തിലെ ഒരു തീര്‍ത്ഥാടന കാലം.. തീര്‍ത്തും അവിചാരിതമായി അവിടം സന്ദര്‍ശിക്കാന്‍ ഒരു ഭാഗ്യം കിട്ടി.. മോനോജേട്ടന്‍, എല്‍ദോ, മിഥുന്‍ പിന്നെ സി ബി ഐ യിലെ ധീര വീര ശൂര പരാക്രമിയായ അരവിന്ദ് രാഘവന്‍ ഐ പി എസ് എന്ന മഹാബുദ്ധിമാനും കൂട്ടിനു...!!

മുപ്പത് കിലോമീറ്ററോളം നടക്കാനുണ്ട്..!! അപ്പൂര്‍വ്വമായ കല്ലാനയടക്കം ധാരാളം ആനകള്‍ ഉള്ള കാട്ടിലൂടെ വേണം യാത്ര... വഴി തെളിഞ്ഞു തന്നെ കിടക്കുന്നുണ്ട്...അതിനിടക്ക് ധാരാളം ആനത്താരുകളും... ഇടവിട്ട്‌ അരുവികള്‍... തീര്‍ത്തും വശ്യമായ കാനന സൗന്ദര്യം...!!

ഈ യാത്രക്ക് സഹായിച്ച മിഥുന്‍ വഴി തുടങ്ങിയപ്പോഴേക്കും സുല്ലിട്ടു തിരിച്ചു പോയി...!! പഴയപോലെ പിക്ക്അപ്പ്‌ ഇല്ലത്രേ..!! നടന്നു നടന്നു ക്ഷീണിച്ചു തലമിന്നി ബോധം പോയപ്പോള്‍ ആണ് മനോജേട്ടന് അങ്ങനെ ഒരു സാധനം ഉണ്ട് എന്ന് തന്നെ ഞങ്ങള്‍ അറിഞ്ഞത്...!! എല്‍ദോക്കും എനിക്കും വലിയ തട്ടുകേടില്ല...!! അരവിന്ദ് മുന്‍പില്‍ പടനയിച്ചു..!! അങ്ങനെ തളര്‍ച്ചയും വെള്ളം കുടിയും അരുവിയിലെ കുളിയും ഒക്കെയായി ഞങ്ങള്‍ കുറെ നടന്നു... !! കുളിയൊക്കെ കഴിഞ്ഞപ്പോള്‍ മനോജേട്ടനും ഉഷാറായി..!! പൊടിക്ക് താടിയും വച്ചു കഴുത്തില്‍ കാവിമുണ്ട്‌ ചുറ്റി ഉണങ്ങിയ ശീമകൊന്നയുടെ കമ്പും കുത്തി നടക്കുന്ന മനോജേട്ടനെ കണ്ടാല്‍ തികഞ്ഞ സാത്വിക ഭാവം..(കയ്യിലിരുപ്പ് പക്ഷെ വേറെയാണ്..) ആനയുടെ ഇറക്കം ഇറങ്ങാനുള്ള പ്രയസത്തെ കുറിച്ചും കയറ്റം കയറാനുള്ള കഴിവിനെ കുറിച്ചും വേഗതയെ കുറിച്ചുമൊക്കെ മനോജേട്ടനും അരവിന്ദും ഞങ്ങള്‍ക്ക് ക്ലാസുകള്‍ തന്നു കൊണ്ടേ ഇരുന്നു...!!

ഞങ്ങള്‍ ഒരു തുറന്ന സ്ഥലത്തെത്തി..!! കരിയാറായ ഒരു പുല്ല്മേട്‌...!! വലതു വശത്തേക്ക് ഇറക്കമാണ്..!!  തീര്‍ത്ഥാടകരെ ആരെയും തന്നെ അടുത്തു കാണാനില്ല..!! ഞങ്ങള്‍ ഒരുപാട് പുറകിലായിരിക്കുന്നു..!! വഴിയില്‍ നിറയെ ആന പിണ്ഡം...!! ചെറിയ ഭയം എല്ലാര്‍ക്കും വന്നു തുടങ്ങി... പൂര്‍ണ്ണമായ നിശബ്ദത പാലിച്ചു ഞങ്ങള്‍ നടന്നു...!! മുന്‍പില്‍ നടന്നു കൊണ്ടിരുന്ന അരവിന്ദനെ മനോജേട്ടന്‍ പിടിച്ചു നിര്‍ത്തി, പുറകോട്ടു വലിച്ചു... വലതു വശത്തെ പുല്‍മേട്ടിലേക്ക് വിരല്‍ ചൂണ്ടി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു,
"ആന...!!"
ഉള്ളില്‍ ഒരു വെള്ളിടി വെട്ടി... പുല്ലുകള്‍ക്കു ഇടയിലൂടെ താഴെ ഒരു കറുത്ത നിറം മാത്രം കാണാം...
"പുറം തിരിഞ്ഞു നില്‍ക്കുകയാണ്, ശബ്ദമുണ്ടാക്കരുത്..." ചുണ്ടിനു കുറുകെ വിരല്‍ വച്ചുകൊണ്ട് അരവിന്ദ് താക്കീത് ചെയ്തു...
എനിക്കും എല്‍ദോക്കും അത് പക്ഷെ ആനയാണ് എന്ന് തോന്നിയില്ല...
അരവിന്ദ് രണ്ടടി മുന്‍പോട്ടു വച്ചു, സിനിമയില്‍ കള്ളക്കടത്തുകാരെ പിടിക്കാന്‍ പോവുന്ന സി ബി ഐ ക്കാരെ പോലെ തന്നെയാണ് ശരിക്കും സി ബി ഐ ക്കാര്‍ നടക്കുന്നത് എന്ന് അന്ന് അരവിന്ദ്‌ നടക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമായത്...
ചെറുതായി കുനിഞ്ഞു നടന്നുകൊണ്ട് സ്ഥിതി വിലയിരുത്തി ഐ പി എസ്സുകാരന്‍, എന്നിട്ട് തിരിഞ്ഞു നിന്ന് തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചു സംഗതി ആന തന്നെ എന്ന് സിഗ്നല്‍ തന്നു...
"എല്ലാം തീര്‍ന്നു, ആന ഇപ്പൊ മുകളിലേക്ക് മുപ്പത് കിലോമീറ്റര്‍ സ്പീഡില്‍ ഓടി വന്നു പനമ്പട്ട ചീന്തുന്നത് പോലെ എന്നെ നൂഡില്‍സ് ആക്കും...!!"  ചിന്തകള്‍ക്ക് ഭാരമേറാന്‍ തുടങ്ങി..!! മനോജേട്ടന്‍ പറഞ്ഞു തന്ന തിയറികള്‍ അതിനു ആക്കം കൂട്ടി... എന്നാലും അത് ആനയാണ് എന്ന് എനിക്ക് മുഴുവനും വിശ്വാസമായില്ല...
"കണ്ടോ കണ്ടോ, ആന ചെവിയാട്ടുന്നു... ദേ വാല് പോക്കുന്നു..." അരവിന്ദ് എന്നെ വിശ്വസിപ്പിക്കാന്‍ പാട് പെടുകയായിരുന്നു...
എന്തായാലും കയ്യില്‍ നിന്ന് പോയി, ഇനി ആനയാണെങ്കില്‍ ഒരു രക്ഷയും ഇല്ല.. ഒന്നുകില്‍ ആന ടച്ചിങ്ങ്സ് ആക്കും, അല്ലെങ്കില്‍ കാട്ടിലൂടെ ഓടി വഴി തെറ്റി  ഒരു വഴിയാവും..അപ്പൊ ആ കാര്യത്തില്‍ ഒരു തീരുമാനം ആയി...!! എന്നാല്‍ പിന്നെ ഇത് ആനയാണോ എന്ന് ഞാന്‍ തന്നെ ഉറപ്പിക്കാം എന്ന് കരുതി കുറച്ചു മുന്‍പിലേക്ക് നടന്നു...

ആനയും അല്ല മുയലും അല്ല, നല്ല രസികന്‍ ഒരു പാറ..!! അടുത്തുള്ള ഒരു തേക്ക് മരത്തിന്‍റെ ഇല ആടുന്നത് കണ്ടിട്ടാണ് അരവിന്ദ് ആനയുടെ ചെവിയാടുന്ന കണ്ടെത്തല്‍ നടത്തിയത്... ആടിക്കൊണ്ടിരുന്ന ഒരു പുല്ലാണ് അവന്‍റെ ആനവാല്‍...!! ഞാന്‍ ഒരു കല്ലെടുത്ത് ആ പാറയിലേക്ക്‌ ഒറ്റ ഏറ്...
"ടിം" എന്ന ശബ്ദത്തില്‍ അത് തെറിച്ചു പോയി...
"ഇതാണോ ടോ തന്‍റെ ആന..." വെറുതെ ബി പി കേറ്റിയ അരവിന്ദനെ നോക്കി ഞാന്‍ ചോദിച്ചു... മനോജേട്ടനും എല്‍ദോയുടേം വക അവനു വേറെ കിട്ടി... പിന്നെ അവന്‍ അധികം കണ്ടുപിടുത്തങ്ങള്‍ നടത്താതെ മുന്‍പില്‍ കയറി നടന്നു...!!

പട പടാന്ന് കയറ്റം കയറിയ അവനെ നോക്കി എല്‍ദോ പറഞ്ഞു, " അപ്പൊ ഇതാണല്ലേ സി ബി ഐ എന്ന് പറയുന്നത്...ബെസ്റ്റ് കണ്ണാ ബെസ്റ്റ്..!!"

Thursday, March 20, 2014

കൊന്തയും പൂണൂലും

പൂര്‍വ്വജന്മ പാപങ്ങള്‍ തീര്‍ക്കാന്‍ കഠിനമായ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ വേണ്ടി വരും എന്ന് കേള്‍ക്കാറുണ്ട്... അങ്ങനെ എന്‍റെ സകല ജന്മ പാപങ്ങളും തീരാന്‍ കൊന്തയും പൂണൂലും കാരണമായി...!! കൊന്തയും പൂണൂലും എന്ന ഒരു പേര് കേട്ടപ്പോള്‍ ഒരു മിശ്രമത പ്രണയകഥയും പ്രതീക്ഷിച്ചു തിയേറ്ററില്‍ എത്തിയ ഞാന്‍ കണ്ടത് വേറെ എന്തോ ആയിരുന്നു...!! പടം കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് എന്തിന് ഇങ്ങനെ ഒരു പേര് എന്നതായിരുന്നു... പക്ഷെ ആ തെറ്റ് ഞാന്‍ തിരുത്തി.. എന്തിന് ഇങ്ങനെ ഒരു പടം എന്ന ചിന്തയായി പിന്നെ...!!

പലതരം പുസ്തകങ്ങളിലെ ഏടുകള്‍ കീറിയെടുത്തു ഒട്ടിച്ചു ഒരു പുസ്തകമാക്കിയ അവസ്ഥയില്‍ ആണ് പടം തുടങ്ങിയത്.. ഏടുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല.. അവസാനിച്ചതും ഏതാണ്ട് അത് പോലെ തന്നെ.. ജിജോ ആന്റണി സംവിധാനം ചെയ്തു എന്ന് പറയുന്നു, ഇതാണോ സംവിധാനം...?? ഒരു നല്ല കഥയോ തിരക്കഥയോ കൊന്തക്കും പൂണൂലിനും ഇല്ല...!! പിന്നെ തെറ്റ് പറയരുതല്ലോ... അഭിനയിച്ചവര്‍ ആരും മോശമായില്ല...!! ഇരുട്ടില്‍ ശബ്ദമുണ്ടാക്കി കുറച്ചൊക്കെ പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമ്പൂര്‍ണ്ണ പരാജയമായി..!! അതൊക്കെ കണ്ടു മഞ്ചേരി ദേവകീസിലെ പ്രേക്ഷകര്‍ നന്നായി ചിരിച്ചു...!!

സത്യത്തില്‍ സംവിധായകനും കഥാകൃത്തും എന്താണ് ഉദ്ദേശിച്ചത് എന്ന് ഈ നിമിഷം വരെ എനിക്ക് മനസിലായില്ല... ഇത്തരം ഉദാത്ത സൃഷ്ടികള്‍ കണ്ടു മനസിലാക്കാന്‍ ഞാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു... പ്രേതം എന്നത് വെറും തോന്നല്‍ ആണ് എന്ന് കാണിക്കുന്ന ചില സീനുകള്‍ കണ്ടു.. പണ്ട് രാജേസേനന്‍ പോലുള്ളവര്‍ അവരുടെ സിനിമകളില്‍ കോമഡി കാണിക്കാന്‍ പ്രയോഗിച്ചിരുന്ന ഇത്തരം സീനുകള്‍ നമ്മെ ചിരിപ്പിച്ചിരുന്നു, പക്ഷെ അതിനു ഗൗരവത്തിന്റെ മുഖം കൊടുത്തപ്പോള്‍ അമ്പേ പരാജയമായി...!! ഇതിലും കൂടുതല്‍ ദുര്‍ഗതി ഒരു കലാരൂപത്തിനും വരാനില്ല...!!

വളരെ വളരെ മോശം പടം.. 1/5

Tuesday, March 11, 2014

അയ്യാവും അമ്മാവും

നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍... മെജെസ്റ്റിക്കില്‍ എത്തി സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡിലേക്കുള്ള ഷട്ടില്‍ കയറി ഇരുന്നു ഞാന്‍... ഒരു ലോഡ് ലെഗേജും കൊണ്ട് ഒരു സ്ത്രീ എന്‍റെ എതിര്‍ വശത്തെ സീറ്റില്‍ സ്ഥാനമുറപ്പിച്ചു..

നല്ല എണ്ണക്കറുപ്പ് നിറം... ചുളിവു വീണു തുടങ്ങിയ ശരീരം...!! കല്ല്‌ വച്ച മൂക്കുത്തി...!! കയ്യില്‍ പഴകിയ കുപ്പി വളകള്‍...!! അഴുക്ക് പുരുണ്ട പച്ച ചേല... ഇതാണ് അവരുടെ ഏകദേശ രൂപം... യാത്ര സേലത്തേക്ക് മകളുടെ വീട്ടിലേക്കാണ് ആണ്... തമിഴ് മാതൃഭാഷ...!!

എന്‍റെ അടുത്തിരുന്ന ആള്‍ അവരുമായി സംസാരിക്കാന്‍ തുടങ്ങി...
"എന്ന ഇത്??" വലിയ ലേഗേജ് ചൂണ്ടി അയാള്‍  ചോദിച്ചു...
"ഗ്യാഷ് സ്റ്റവ്‌..." വായില്‍ കിടക്കുന്ന മുറുക്കാന്‍ പുറത്തേക്കു പടരാതെ അവര്‍ പറഞ്ഞൊപ്പിച്ചു...
"ഉങ്കളുക്കു ഗ്യാസ് കെടക്കലെയാ...??"
"ഇല്ലയേ...!!"
"അമ്മാവും അയ്യാവും കൊടുക്കലെയാ...??"
"അമ്മ എങ്കെ കൊടുത്താച്ച്, അവര്‍ മിക്സി ഗ്രൈന്ടെര്‍ ഫാന്‍ എല്ലാം കൊടുത്താച്ച്... അയ്യാ ടി വി താന്‍ കൊടുത്തത്... ഗ്യാഷ് നമ്മ താന്‍ വാങ്കണം..." പരിഭവം ഒളിച്ചു വച്ചു അവര്‍ പറഞ്ഞു..എന്നിട്ട് വായിലെ വെറ്റില നീര് ചൂണ്ടു വിരലിന്റെയും നടു വിരലിന്റെയും ഇടയിലൂടെ ചില്ലിട്ട ജനലിലൂടെ പുറത്തേക്ക് നീട്ടിത്തുപ്പി

ഇത്രയും പറഞ്ഞത്, ഒരു ചിന്തക്ക് വേണ്ടിയാണ്... വാര്‍ദ്ധക്യത്തില്‍ എത്തിയ ആ തമിഴ് സ്ത്രീ ജയലളിതയെക്കാളും ഒരു പക്ഷെ കരുണാനിധിയേക്കാളും പ്രായം ഉള്ളവര്‍ ആയിരിക്കാം... ഏതൊരു തമിഴനെയും പോലെ അവര്‍ക്കും ഒരു തെളിഞ്ഞ രാഷ്ട്രീയം ഉണ്ടായിരിക്കാം... എന്നിട്ടും അവര്‍ അവരെ അമ്മ എന്നും അയ്യാ എന്നുമാണ് സംബോധന ചെയ്യുന്നത്... നമ്മള്‍ തൊണ്ണൂറു തികഞ്ഞ പ്രതിപക്ഷ നേതാവിനെ വി എസ് എന്നും അറുപതു കഴിഞ്ഞ മുഖ്യനെ ഉമ്മന്‍ചാണ്ടി എന്നും പച്ചക്ക് പേര് വിളിച്ചു ശീലിച്ചവര്‍ ആണ്, തെറ്റ് പറയുന്നില്ല... പക്ഷെ പരസ്പരം ബഹുമാനം ആവോളം കൊടുക്കുന്ന തമിഴനെ  അണ്ണാച്ചി എന്ന് വിളിച്ചു തരം താഴ്ത്തുമ്പോള്‍ ഒന്ന് ആലോചിച്ചാല്‍ കൊള്ളാം, നമ്മുടെ യോഗ്യത, അണ്ണാച്ചി എന്നതിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം...!!

പിന്‍കുറിപ്പ്: തമിഴന് അമ്മ ജയലളിതയും അയ്യ കരുണാനിധിയും ആണ്... ഈ പോസ്റ്റ്‌ ജയലളിതയെയും കരുണാനിധിയും അപമാനിക്കണോ പിന്തങ്ങാണോ ഉള്ളതല്ല... രണ്ടുപേരോടും എനിക്ക് മതിപ്പില്ല...

Monday, March 10, 2014

ഹാങ്ങ്‌ഓവര്‍... എന്റമ്മോ...!!

എന്ത് പടമാണിത്...!! കമല്‍ ശിഷ്യന്‍ ശ്രീജിത്ത്‌ സുകുമാരന്‍ കഥയെഴുതിയെന്നോ സംവിധാനം ചെയ്തെന്നോ ഒക്കെ പറയുന്നത് കേട്ടു... കഥയെന്താണ് എന്നും സംവിധാനം എന്താണെന്നും കമല്‍ ആ വിദ്വാന് പറഞ്ഞു കൊടുത്തില്ലേ ആവോ...?? ഒരു കൂട്ടം നല്ല സിനിമകള്‍ മാത്രമല്ല, ഒരു പിടി പ്രതിഭാ ശാലികള്‍ ആയ സംവിധായകരെയും അഭിനേതാക്കളെയും സമ്മാനിച്ച കമലിന് പച്ചക്കുതിര പോലെ ഒരു സിനിമ എടുത്തതിലും വലിയ അബദ്ധമാണ് ഇതുപോലെ ഉള്ള ഒരു ശിഷ്യന്‍ ഉണ്ടായത്...!!

ഒരു സിനിമയെന്നാല്‍ കുറഞ്ഞത്‌, നല്ല കഥയോ തിരക്കഥയോ വേണം, വലിയ തെറ്റില്ലാതെ അഭിനയിക്കുന്ന നടീനടന്മാര്‍ വേണം, ഇത്തിരിയെങ്കിലും പ്രതിഭയുള്ള ഒരു സംവിധായകന്‍ വേണം...ഇതില്‍ ഒന്ന് പോലും ഇല്ലാതെ പോയി എന്നതാണ് ഹാങ്ങ്‌ഓവര്‍ എന്ന സിനിമയെന്ന കൊപ്രായത്തിനു പറ്റിയത്...പാട്ടുകള്‍ ശരാശരി പോലും എത്തിയില്ല... പതിവ് ശൈലിയില്‍ ആയെങ്കിലും ഭഗത് വലിയ തെറ്റില്ലാതെ അഭിനയിച്ചത് മാറ്റി നിര്‍ത്തിയാല്‍, പിന്നെ എല്ലാരും ശരാശരിയുടെ അഗാധങ്ങളില്‍ അഭിനയം അറിയാതെ മുങ്ങി തപ്പുകയായിരുന്നു... ഷൈന്‍ മുന്‍പ് കിട്ടിയ ചെറിയ വേഷങ്ങളില്‍ പോലും തന്‍റെ സാനിധ്യം അറിയിച്ചിരുന്നെങ്കില്‍ ഇത്തവണ അമിതാഭിനയത്തിന്റെ വേഷ പകര്‍ച്ച മാത്രമായിപ്പോയി...!! കഷ്ടം..!!

ത്രിശൂര്‍ കൈരളിയില്‍ ആണ് ഞാന്‍ പടം കണ്ടത്, തിയെറ്റര്‍ പരിസരത്ത് ഇപ്പോള്‍ തന്നെ മക്ബൂല്‍ സല്മാന് ഫാന്‍സ്‌ അസോസിയേഷന്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു... ആരോക്കെയാണാവോ മെമ്പര്‍മാര്‍...!! അവന്‍റെ എന്ത് കണ്ടിട്ടാണാവോ ഇവനൊക്കെ ഫാന്‍ ആയത്... അതോ മക്ബൂല്‍ തന്നെ സ്വയം വന്നു കെട്ടി തൂക്കിയ ഫ്ലെക്സ് ആയിരുന്നോ അത്... ഏതായാലും അതിനു മേലെ പശു ചാണകം ഇടുന്നതിനു മുന്പ് അഴിച്ചു കൊണ്ട് പോയി വല്ല ചായക്കടക്കും ചോര്‍ച്ച മാറ്റാന്‍ അട്ടത്തു കെട്ടിവച്ചോ... അതാ നല്ലത്...!! ഒരു പ്രതീക്ഷയും ഇല്ല..!! എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പറയും, അടുത്ത കാലത്ത് ഞാന്‍ തിയേറ്ററില്‍ കണ്ട ഏറ്റവും മോശം സിനിമ... 0.5/5

പിന്‍കുറിപ്പ്: ഹാങ്ങ്‌ഓവറിന്റെ ലക്ഷണങ്ങള്‍ തലവേദനയും ഉറക്ക ക്ഷീണവും ആണ്, ആവശ്യത്തിനു തലവേദന ഈ പടം നല്‍കുന്നു, ക്ഷീണം മാറാന്‍ എ സി തിയേറ്ററില്‍ കിടന്നു ഉറങ്ങിയാല്‍ മതി...

Monday, March 3, 2014

ഒരു കവിയുടെ ജനനം അഥവാ മരണം

ക്ലാസ്സിലെ മുന്‍വരിയില്‍ ഇരുന്ന തടിച്ച സുന്ദരി ഒരുപാട് പ്രകോപിപ്പിച്ചു...!! ലോല മനസുള്ള ഞാന്‍ അതില്‍ തലയും കുത്തി കരണം മറിഞ്ഞ് വീണു...എന്നാല്‍ പിന്നെ പ്രകോപനത്തിനു കീഴ്പ്പെട്ടേക്കാം... പോരാത്തതിന് ഇച്ചിരി പ്രേമമൊക്കെ വന്നതല്ലേ, ഒരു കവിതയെഴുതിയെക്കാം... വളരെ സിമ്പിള്‍ ആയി, ഒരു ചെറു കവിത അന്യന്‍ സ്റ്റൈലില്‍ മാര്‍ജിനിട്ട വെള്ളപേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതി, കൃത്യമായി മടക്കി പോക്കറ്റില്‍ വച്ചു...!!

കോളേജില്‍ ഇടത് കാല്‍ വച്ചു കയറിയതും സീനിയറിന്റെ കണ്ണില്‍ പെട്ടു, അവന്‍ കൃത്യമായി പോക്കറ്റില്‍ വച്ച പേപ്പറും കണ്ടു...ആ തടിച്ചി സുന്ദരിയുടെ മുന്‍പില്‍ വച്ചു അവന്‍ എന്നെ കൊണ്ട് ആ വരികള്‍ ഉറക്കെ വായിപ്പിച്ചു,

"ദൂരെ ദൂരെയൊരു താരം,
എന്നെക്കൊതിപ്പിച്ചു മിന്നി...
ഞാനൊന്നെത്തി നോക്കി
പക്ഷെ,
നീയകലെ....
ഒരുപാടൊരുപാട് അകലെ...
കാലത്തിന്‍റെ കൈ പിടിച്ച്
ഞാനൊരിക്കല്‍ വരും,
നീ കാത്തിരിക്കുക, എനിക്കായ്
എനിക്കായ് മാത്രം..."

ഇത് കേട്ടതും ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ അവള്‍ ഒറ്റ പോക്ക്... അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല... എന്‍റെ കയ്യിലും തെറ്റുണ്ട്... :)

Thursday, February 27, 2014

ഞാനല്ല, എന്‍റെ ഗര്‍ഭം ഇങ്ങനല്ലാ...!!

"ഡാ... നീ വരുന്നോ..??"
വിറച്ചും തുമ്മിയുമിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് മച്ചുനന്റെ ശബ്ദം...ടിയാന്‍ ഒരു ജിമ്മന്‍ ആണ്... ജോലി ചെയ്യുന്നത് പേരുകേട്ട ജമണ്ടന്‍ ജിമ്മില്‍...!!
"എങ്ങോട്ട്..?" ചോദ്യത്തിന് ഉത്തരം ചോദ്യം...
"ഞങ്ങളുടെ ജിമ്മിന്റെ പാര്‍ട്ടി ഉണ്ട്, 'സൂത്ര' പബില്‍, ഞങ്ങള്‍ക്ക് ഫ്രീ എന്‍ട്രി ആണ്..."
ബാംഗ്ലൂരിലെ പഞ്ച നക്ഷത്ര പബുകളില്‍ ഒന്നാണ് സൂത്ര എന്നറിയാം... ഈ സംഭവം നടക്കുനതു ഒരു ആറു വര്‍ഷം മുന്‍പായിരുന്നു എന്നത് കൊണ്ട് തന്നെ, അന്ന് സൂത്രയില്‍ പോവാനുള്ള സാമ്പത്തിക സ്ഥിതി കൈവരിച്ചിട്ടിലായിരുന്നു...!! അത് കൊണ്ട് തന്നെ കേട്ട പാതി സമ്മതം മൂളി..!!

വൈകീട്ട് സൂത്രയില്‍ എത്തി... മച്ചുനന്റെ കൂടെ അകത്തു കയറി...ഇരുട്ടിനെ അവഗണിച്ചു തെളിഞ്ഞ മങ്ങിയ വെളിച്ചങ്ങള്‍ക്ക് നടുവില്‍ ഞങ്ങള്‍ ഇരുന്നു.. സമ്പന്നരുടെ ഒരു പട തന്നെ ഉണ്ടവിടെ, അവരുടെ വിലയേറിയ വസ്ത്രങ്ങളും കോട്ടുകളും എല്ലാം എന്നില്‍ അപകര്‍ഷതയുടെ കൊടുമുടി പണിതു കയറ്റി.. മച്ചുനന്‍ അഞ്ഞൂറ് രൂപക്ക് വാങ്ങി തന്ന ആദ്യ പെഗ് അതിനു കുറച്ചു ആശ്വാസം നല്‍കി...
"ഇനി ഞാന്‍ വാങ്ങി തരില്ല, പോക്കറ്റ് കാലിയാവും"  മച്ചുനന്‍ ചെവിയില്‍ ഓതി..!!
ബോധത്തിന് മയക്കം നല്‍കാന്‍ പിന്നെ സഹായിച്ചത് സമ്പന്നരായ മച്ചുനന്‍റെ ക്ലൈന്റ്റ്സ് ആയിരുന്നു...അവര് വച്ചു നീട്ടിയ സോമരസം ആവോളം സേവിച്ചു... പിന്നെ പാര്‍ട്ടി ഡാന്‍സ്..!! എല്ലാരും വട്ടം കൂടി ദ്രുത താളത്തില്‍ നൃത്തം...!! ആനന്ദത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുമ്പോള്‍, എന്‍റെ തോളില്‍ ഒരു ബലിഷ്ഠ കരം സ്ഥാനം പിടിച്ചു... !!
തിരിഞ്ഞു നോക്കിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരു ആജാനു ബാഹു..!! കൂടെ വടക്ക് കിഴക്കന്‍ മുഖഛായയുള്ള മിഥുനങ്ങള്‍..!! അതിലെ പെണ്‍കൊച്ചിന്റെ ചൂണ്ടു വിരല്‍ ഒരാവശ്യവും ഇല്ലാതെ എനിക്ക് നേരെ ചൂണ്ടിയിരിക്കുന്നു...
"യുവര്‍ ടൈം ഈസ് ഓവര്‍.." ആ ബൌണ്‍സര്‍ മാന്യമായി പറഞ്ഞു...
"ഓ, ചിലപോ സൗജന്യ സമയം കഴിഞ്ഞിരിക്കും" എന്നും കരുതി ഞാന്‍ ആദ്യം പുറത്തോട്ട് ഇറങ്ങി..അകത്തു വച്ചിരുന്ന എന്‍റെ ബാഗ്‌ എടുത്തു മച്ചുനന്‍ കുറച്ചു കഴിഞ്ഞു പുറത്തെത്തി..
"ഡാ, നീയാ പെണ്ണിന്‍റെ വേണ്ടാത്തിടത്ത് തോണ്ടിയോ..??"
മച്ചുനന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി...
"ങേ..??"
"അവളെ തോണ്ടിയതിന്റെ പേരിലാണ് നമ്മളെ എടുത്തു പുറത്തിട്ടത്.."
"ഹേയ്, ഞാന്‍ മനസാ, വാചാ, കര്‍മ്മണാ...!!"
"ഒരു കണ്ണട വച്ചവന്‍ തോണ്ടി എന്നാ അവള്‍ പറഞ്ഞത്... നീ തന്നെ ആവും അത്.." മച്ചുനന്‍ അത് ഞാന്‍ തന്നെയായിരിക്കും ഉറപ്പിച്ചു..!! കുടുംബ സ്നേഹമില്ലാത്തവന്‍...!!

ഇതും കേട്ട് മത്തങ്ങാ വലിപ്പത്തില്‍ കണ്ണും ഉരുട്ടി മച്ചുനന്റെ ബൈക്കില്‍ ഞാന്‍ വീട്ടിലേക്കു പോയികൊണ്ടിരിക്കുമ്പോള്‍ വേറെ ഏതോ ഒരു കണ്ണട വച്ചവന്‍ പെണ്ണിന്‍റെ മാര്‍ദ്ധവഭാഗത്തെവിടെയോ കൈ വച്ചതില്‍ ആനന്ദനിര്‍വൃതി അടഞ്ഞിരിക്കുകയായിരുന്നു..!!

Wednesday, February 26, 2014

അടിപതറാതെ ചന്നനാരായണ ദുര്‍ഗ്ഗയില്‍

ചന്നനാരായണ ദുര്‍ഗ്ഗ പോവാം എന്ന് പറഞ്ഞത് അരുണ്‍ ആയിരുന്നു, കൂടെ വരാം എന്നേറ്റവര്‍ തരം പോലെ മുങ്ങി... പ്രതീക്ഷിക്കാതെ സന്തോഷും സത്താറും കൂടെ വരുന്നെന്നു പറഞ്ഞു, രണ്ട് ബൈക്കില്‍ ഞായറാഴ്ച്ച പുലര്‍ച്ചക്ക് യാത്ര തുടങ്ങി...
വഴി: ബാംഗ്ലൂരില്‍ നിന്നും തുംകൂര്‍ റൂട്ടില്‍ 55 കിലോമീറ്റര്‍ പോയാല്‍ ഡോബ്ബാസ്പെട്ട്, അവിടെ നിന്നും വലത്തോട്ട് മധുഗിരി റൂട്ടില്‍ പോയി തുംബാടിയില്‍ നിന്നും ഇടത്തോട്ടു പോയാല്‍ ചന്നനാരായണ ദുര്‍ഗ്ഗ ഗ്രാമത്തില്‍ എത്തിച്ചേരും...

ഏതാണ്ട് എട്ടരയോടെ ഞങ്ങള്‍ അവിടെ എത്തി...ഗ്രാമത്തിലെ ഒരു ആല്‍മര ചുവട്ടില്‍ വണ്ടി നിര്‍ത്തി, ഹെല്‍മെറ്റ്‌ ഒരു കടയില്‍ കൊടുത്തേല്‍പ്പിച്ചു, അവിടെ നിന്ന് തന്നെ ആവശ്യത്തിനു വെള്ളം വാങ്ങി...വെയില് കടുക്കുന്നതിനു മുന്‍പുതന്നെ മല കയറാം എന്ന് കരുതി... മലകയറാന്‍ വൃത്തിയായ ഒരു വഴി തിരഞ്ഞ ഞങ്ങള്‍ക്ക് തെറ്റി... അങ്ങനെ പ്രത്യേകിച്ച് ഒരു വഴി ഇല്ല..!! ചെങ്കുത്തായ പാറ മലയാണ് അത്, ജീവന് ഭയമുണ്ടെങ്കില്‍ ആദ്യമേ പിന്മാറണം... അതില്ലാത്തവര്‍ക്ക് ശ്രദ്ധയോടെ അടി വച്ചു തുടങ്ങാം..!! നാല്പത്തി അഞ്ചു മുതല്‍ എഴുപതു വരെ ഡിഗ്രിയില്‍ കുത്തനെ കിടക്കുന്ന ആ പാറമല കയറാന്‍ കുറച്ചു കൂടുതല്‍ തന്നെ ധൈര്യം വേണം...!! അത് മാത്രം പോര ശാരീരിക ക്ഷമതയും... കൂട്ടത്തില്‍ മെലിഞ്ഞ സത്താറും അരുണും വലിയ തെറ്റില്ലാതെ ആദ്യത്തെ കയറ്റം കയറി... ദുര്‍മേധസ്സ് സമ്പാദ്യമായുള്ള എനിക്കും സന്തോഷിനും അതത്ര എളുപ്പമായില്ല...!! 

കുറച്ചു വലിഞ്ഞു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും തളര്‍ന്നു...സന്തോഷിനു തലകറക്കം തുടങ്ങി, വലിയ താമസമില്ലാതെ വാളും (ചര്‍ദ്ദി) വച്ചു..!! ഒരു ശ്രിലങ്ക ഭൂപടം മാത്രമേ പ്രതീക്ഷിച്ചെങ്കിലും തെളിഞ്ഞത് ഇഡലി വട കൊണ്ട് ഒരു ലോക ഭൂപടം...!!  ചെറിയ തലകറക്കം തോന്നിയപ്പോള്‍ തന്നെ ഞാന്‍ വിശ്രമിച്ചു വെള്ളം കുടിച്ചിരുന്നു... അവിടെ നില്‍ക്കേണ്ടതായിരുന്നു ആ യാത്ര... കുറച്ചു വെള്ളംകൂടെ കുടിച്ചു, രണ്ടും കല്‍പ്പിച്ചു ഞാന്‍ മുകളിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങി... !! കളയനുള്ളത് കളഞ്ഞു കഴിഞ്ഞപ്പോള്‍ സന്തോഷ്‌ കൂടുതല്‍ ഉഷാര്‍...!! ഇതൊക്കെ എന്ത് എന്ന് വിചാരിച്ചിരുന്ന സത്താറിനോട് ഒറ്റ ഡയലോഗ്,
"മാറി നില്‍ക്കടാ...!!"
പിന്നെ ഏതോ ആക്ഷന്‍ പടത്തിലെ ഹീറോയെ പോലെ സന്തോഷ്‌ പുട്ടുപോലെ ബാക്കി ദൂരം കയറി... വാള് വച്ചാല്‍ ഒരു മനുഷ്യന് ഇത്രയും ഊര്‍ജം കിട്ടുമോ..???
പോവുന്ന വഴിയില്‍ ഇഷ്ടം പോലെ ഫോട്ടോ സെഷന്‍, പാറമേല്‍ നിന്ന് ചാടിയും ചാഞ്ഞും ചെരിഞ്ഞും ഇരുന്നും നിന്നുമെല്ലാം...!! ഇത്തവണ പക്ഷെ ഞാന്‍ അധിക നേരം ക്യാമറ പുറത്തെടുത്തില്ല, വെറും കയ്യില്‍ പാറ കയറുന്നത് തന്നെ വലിയ കാര്യം, അപ്പോഴാ കയ്യില്‍ ക്യാമറ കൂടെ...!! അതുകൊണ്ട് അരുണ്‍ ആ കൃത്യം ഭംഗിയായി ഏറ്റെടുത്തു..!!

കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നിനു മുകളിലെ കോട്ടയിലേക്കുള്ള കവാടം കണ്ടു... കരിയില കൊണ്ട് മൂടിയ വഴികള്‍...പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കില്‍ എത്തിയ ചെറിയ കൊത്തുപണികള്‍ ഉള്ള പഴയ കോട്ട.. കവാടം കഴിഞ്ഞു കയറി ചെന്നത് കുന്നിന്‍ മുകളിലെ തടാകത്തിലേക്ക്... ഇപ്പോഴും ആവശ്യത്തിനു വെള്ളമുണ്ട് തടാകത്തില്‍ (അത് വറ്റാറില്ല എന്ന കേട്ടറിവുണ്ട്‌), അതിനു അരികിലായി പഴയ ക്ഷേത്ര ഗോപുരങ്ങളും മറ്റും...!! 
അതിലൊന്ന് മറപ്പുര പോലെ തോന്നിച്ചു, അകത്തു കയറിനോക്കിയ ഞങ്ങള്‍ക്ക് കിങ്ങ്സ് സിഗരറ്റിന്റെ കൂട് കിട്ടി, കണ്ടപാടെ സന്തോഷ്‌ സ്ഥിരീകരിച്ചു,
"രാജാവ് കിങ്ങ്സ് ആയിരുന്നു വലിച്ചിരുന്നത്‌"
"രാജാവിന്‍റെ സ്വന്തം ബ്രാന്‍ഡ്‌ ആയിരുന്നു കിങ്ങ്സ്", ഞാന്‍ തിരുത്തി

കുളക്കടവില്‍ പാറയില്‍ ഒരു ദ്വാരം, "വെള്ളം വീണു കുഴി ഉണയതാ.." ആ കണ്ടു പിടിത്തം സത്താറിന്‍റെ...
ഇത്തവണ ഊളത്തരം പറഞ്ഞത് സന്തോഷ്‌ തന്നെ, "അല്ല, ഇത് രാജാവിന്റെ കല്യാണത്തിനു പന്തലിട്ടതിന്റെ കുഴിയാണ്..." 
ഇജ്ജാതി വലിയ ചരിത്ര പണ്ഡിതന്മാരുടെ വിവരണത്തിന് അധികം സാവകാശം കൊടുക്കാതെ ഞങ്ങള്‍ നടത്തം തുടര്‍ന്നു...
അവിടെ നിന്നും ഇടത്തു ഭാഗത്ത്‌ കണ്ട വഴിയിലൂടെ ആണ് ആദ്യം ഞങ്ങള്‍ കയറിയത്.. വഴി നീളെ ഉണങ്ങിയ നീളന്‍ പുല്ലുകള്‍, മുള്ളുകള്‍...!! അവയെ തന്ത്രപൂര്‍വം മറികടന്നു ഞങ്ങള്‍ കയറ്റം കയറി.. പാറമേല്‍ ഗ്രിപ്പ് കിട്ടാന്‍ വേണ്ടി കാണിച്ച സര്‍ക്കസ്സ് താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ലളിതം...!! പക്ഷെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്നും വഴിയില്ല എന്ന് മനസ്സിലായി..!! ആരെയൊക്കെയോ പ്രാകി തിരിച്ചിറങ്ങി, പിന്നെ യാത്ര വലതു വശം ചേര്‍ന്ന്... സൂര്യന്‍ ഒരു ദയയുമില്ലാതെ ഞങ്ങളെ ദഹിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു...ക്ഷീണം വക വക്കാതെ ഞങ്ങള്‍ കോട്ടയുടെ മുകളില്‍ എത്തി...അവിടെയെത്താന്‍ ഏതാണ്ട് മൂന്ന് മണിക്കൂര്‍ എടുത്തു ഞങ്ങള്‍... കുറച്ചു ഫോട്ടോ എടുത്തതിനു ശേഷം അവിടെ ആകെ കണ്ട ഒരു ചെറു മര ചുവട്ടില്‍ കിടന്നുറങ്ങി...താരാട്ട് മൂളാന്‍, തുമ്പികളുടെ ചിറകടികളും മണിയനീച്ചകളും...!!

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞത് അറിഞ്ഞില്ല...ക്ഷീണവും നിദ്രയും അത്രയും കൂട്ടായിരുന്നു.. സമയം ഉച്ചക്ക് ഒരുമണി, തിരിച്ചിറങ്ങുമ്പോള്‍ വീണ്ടും സൂര്യന്‍റെ പീഡനം..!! കോട്ടവാതില്‍ ഇറങ്ങിയതിനു ശേഷം ശരിക്കും ബുദ്ധിമുട്ടി... സ്പൈഡര്‍മാന്‍ കളിച്ചു കയറി വന്ന വഴി ഇറങ്ങാന്‍ ഇരട്ടി ബുദ്ധിമുട്ടാണ്... ഇരുന്നും നിരങ്ങിയും താഴെയെത്താം എന്ന് കരുതിയപോള്‍ പാറയെല്ലാം അടുപ്പത്തിരിക്കുന്ന ദോശചട്ടിയുടെ അവസ്ഥ.. കയ്യും ചന്തിയും പൊള്ളി വെന്ത് പോവുന്ന ചൂട്...!! താഴോട്ട് നോട്ടം പോയാല്‍ പിന്നെ ഭയം കൂട്ടാവും... ഒരടി തെറ്റിയാല്‍ തീര്‍ന്നു, പിന്നെ മരണം വന്ന് ഉമ്മവക്കും...!! അമ്മയെ കരയിക്കാന്‍ വയ്യ, അത് കൊണ്ട് ഒരു ദീര്‍ഘശ്വാസം എടുത്തു, കാലടികളില്‍ മാത്രം ശ്രദ്ധ കൊടുത്തു ഇറങ്ങാന്‍ തുടങ്ങി... വുഡ്ലാന്ട്സിന് പ്രണാമം... മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അപകടം ഇല്ലാതെ താഴെയെത്തി...!! നേരത്തെ എടുത്ത ശ്വാസം നേരെ വിട്ടത് അപ്പോഴായിരുന്നു...!!  ഒരിക്കല്‍ കൂടി ഏതോ കലഹത്തില്‍ പാതി മൃത്യു വരിച്ച  ചന്നനാരായണ ദുര്‍ഗ്ഗയെ തിരിഞ്ഞു നോക്കി, ബൈക്ക് എടുത്തു തിരിച്ചു യാത്ര, കലഹങ്ങളുടെ നഗരത്തിലേക്ക്...!!

Monday, February 24, 2014

ഗഞ്ചിക്ക മണക്കുന്ന ഗോകര്‍ണ്ണ തീരങ്ങള്‍(ഭാഗം രണ്ട്)

വഴിയില്‍ അധികം ആരേയും കാണാതിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് വഴിതെറ്റിയോ എന്ന് സംശയമായി.. കുറച്ചു നേരം കൂടെ നടന്നപ്പോള്‍ ചില വിദേശികളെ കണ്ടു.. അവരോടു വഴിചോദിച്ചു, തെറ്റിയില്ല എന്നുറപ്പിച്ചു...അങ്ങനെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ കുഡ്ളെ ബീച്ചിലേക്ക് ഇറങ്ങാനുള്ള വഴി കണ്ടു..പലനാളായുള്ള മനുഷ്യ സഞ്ചാരം കൊണ്ട് സ്വയം ആകൃതികൊണ്ട വെട്ടുകല്‍ പടികള്‍, ഇടവഴികള്‍...നേരെ ഇറങ്ങി ചെന്നത് ബീച്ചില്‍... തീരം മുഴുവനും ബീച്ച് ഷാക്ക് എന്നറിയപ്പെടുന്ന ചെറു കുടിലുകളും  റസ്റ്റോറന്‍റ്കളും...അവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഓലമേഞ്ഞ കുടിലുകള്‍ ആണ് ഷാക്കുകള്‍... സഞ്ചാരികള്‍ കൂടുതലും തങ്ങുന്നത് ചിലവു കുറഞ്ഞ ഇത്തരം ഷാക്കുകളില്‍ ആണ്... അതിലൊന്നില്‍ (ഓം ശാന്തി കഫെ) ഞങ്ങളും താമസിക്കാന്‍ ഉറപ്പിച്ചു... രണ്ടുപേര്‍ക്കും കൂടെ താമസിക്കാന്‍ ഒരു ദിവസം ചിലവ് വെറും 200 രൂപ..!! മണ്ണ്തറയില്‍ വിരിച്ച രണ്ട് മെത്തകള്‍, മിന്നാമിനുങ്ങ് പോലെ നുറുങ്ങു വെട്ടം തരുന്ന ഒരു സീറോ ബള്‍ബ്, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, കൊതുക് വല, പുറത്തുള്ള ഓല മേഞ്ഞ ബാത്ത്റൂം വരെ വിത്ത്‌ വൈഫൈ..!! പരമാനന്ദം..!!
ഷാക്കില്‍ ബാഗ്‌ വച്ചു ഒരു ചെറിയ കുളി പാസ്സാക്കി ഞങ്ങള്‍ മുന്‍പിലെ റസ്റ്റോറന്‍റ്ല്‍ പോയി ഇരുന്നു...അവിടെ ഉള്ളത് മുഴുവനും വിദേശികള്‍ ആണ്... മിക്കവരും ഹൈന്ദവ ചിഹ്നങ്ങളും ദൈവ രൂപങ്ങളും ഉള്ള പരുത്തി വേഷങ്ങളില്‍... മുടിനീട്ടി ജട പിടിപ്പിച്ചു നടക്കുന്നവര്‍, ലക്ഷ്യമില്ലാതെ എങ്ങോ കണ്ണെറിഞ്ഞു ചിന്തിച്ചിരിക്കുന്നവര്‍, ധ്യനിക്കുന്നവര്‍, വായനയില്‍ ലയിച്ചിരിക്കുന്നവര്‍, ചിത്രം വരക്കുന്നവര്‍ അങ്ങനങ്ങനെ പലകൂട്ടര്‍ ഉണ്ട്..

നല്ല വെയില്‍, കടലില്‍ നിന്നും കാറ്റടിക്കുന്നുണ്ട് പക്ഷെ അതും ചൂടാണ്..!!
"ടൂ ചില്‍ഡ് ബിയര്‍, കെ എഫ് സ്ട്രോങ്ങ്‌" എന്ന് ഓര്‍ഡര്‍ ചെയ്യാന്‍ വലിയ സമയം എടുത്തില്ല...!!
ജലകണികകളാല്‍ ആലിംഗനം ചെയ്യപ്പെട്ട ബിയര്‍ ബോട്ടിലിന്റെ വായ് വക്കില്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്നു..ഉള്ളിലെ ഉഷ്ണത്തിന് ആശ്വാസം..!!
ഞങ്ങളുടെ പുറകില്‍ ഇരുന്ന പ്രായമേറിയ ഒരാള്‍ വളരെ പരസ്യമായി തന്നെ റോളിംഗ് പേപ്പറില്‍ കഞ്ചാവ് ചുരുട്ടി കത്തിച്ചു വലി തുടങ്ങി..!!ഒരു  കൂസലും  ഇല്ലാതെ...പിന്നെ  പിന്നെ  ഇതൊരു  പതിവ്  കഴ്ച്ചയായി...അവിടെ  പ്രായവും  ലിംഗവും  രാഷ്ട്രവും ഒന്നും അതിരുകളായില്ല... ഗഞ്ചാ  ഗോകര്‍ണ്ണയുടെ  ആത്മഗന്ധമാണ്  എന്ന്  ഞാന്‍ മനസിലാക്കാന്‍ തുടങ്ങി..!!

അത്യാവശ്യം ഭക്ഷണവും കഴിഞ്ഞു ക്യാമറയും തൂക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി... ഓം ബീച്ച് ആണ് ലക്ഷ്യം..!! കുഡ്ളെ കഴിഞ്ഞു, ഒരു ചെറിയ കുന്നും താണ്ടി വേണം അങ്ങെത്താന്‍... അത് വഴി നടന്നു കയറി ഇറങ്ങി ചെല്ലുമ്പോള്‍ "ഓം" (മലയാളത്തില്‍ അല്ല) എന്ന ആകൃതിയില്‍ ഒരു കടല്‍ തീരം... അതാണ് ഓം ബീച്ച്...ഇവിടെ വിദേശികള്‍ മാത്രമല്ല ഇന്ത്യക്കാരും ഒരുപാടുണ്ട്.. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് ഇവിടെയാണ്... ഒരു നല്ല സായാഹ്നം  ക്യമറയിലും മനസിലും പകര്‍ത്തി ഞങ്ങള്‍ ഇരുളാന്‍ തുടങ്ങിയ ആ അപരിചിത പാതയിലൂടെ തിരിച്ചു നടന്നു...!! കൂടുതല്‍ ശാന്തമായ കുഡ്ളെയിലേക്ക് തന്നെ..!!

തിരിച്ചെത്തിയപ്പോഴേക്കും റസ്റ്റോറന്‍റ്കളില്‍ അലങ്കാര വിളക്കുകള്‍ തെളിഞ്ഞിരുന്നു.. ചില്ലു വിളക്കുകളിലെ ആ മങ്ങിയ നിറ വെളിച്ചം, കടലിന്‍റെ താളത്തില്‍ ഉള്ള ഇരമ്പലുകള്‍, കടല്‍ത്തീരത്ത്‌ വട്ടമിട്ടിരുന്നു  വിദേശികള്‍ കെട്ടഴിച്ചു വിട്ട പാശ്ചാത്യ സംഗീതം, കാറ്റില്‍ ഇഴുകി ചേര്‍ന്ന ഗഞ്ചാ മണം...!! എല്ലാം കൂടെ ആ രാത്രിക്ക് ഇരട്ടി പൊലിമയേകി...!!

 അത്താഴം കഴിഞ്ഞു കിടന്നയുടനെ ഉറക്കത്തിലേക്ക് വഴുതി... പാതി രാത്രിയില്‍ എന്‍റെ കാല്‍ ചുവട്ടില്‍ എന്തോ അനക്കം അനുഭവപ്പെട്ടു...മൊബൈലിന്റെ വെളിച്ചത്തില്‍ എന്‍റെ കാല്‍ചുവട്ടില്‍ ഒരു പട്ടി കിടന്നുറങ്ങുന്നത് കണ്ടു.. അത് എന്‍റെ കിടക്കയുടെ കാല്‍ ഭാഗം കൈവശപ്പെടുത്തിയിരിക്കുന്നു...!! പെട്ടന്ന് എഴുന്നേറ്റു ലൈറ്റ് ഇട്ടു... അപ്പോഴാണ് കണ്ടത്, ഒന്നല്ല രണ്ടെണ്ണം ഉണ്ട്.. ഷാക്കിന്റെ വിടവിലൂടെ അകത്തു കയറിക്കൂടിയതാണ്...രണ്ടിനെയും ഞാന്‍ ഇറക്കി വിട്ടു കതകു മുറുക്കിയടച്ചു..!!ഹല്ല പിന്നെ..!!

പിറ്റേന്ന് രാവിലെ എഴുന്നേറ്റു പുറത്തു നോക്കിയപ്പോള്‍ മിക്ക വിദേശികളും വ്യായാമത്തിലും യോഗയിലും എല്ലാം മുഴുകിയിരിക്കുന്നു...കുളിച്ചൊരുങ്ങി ബാഗെടുത്തു  ഞങ്ങള്‍ ആ തീരത്തോട് യാത്രചോല്ലി.. തീര്‍ച്ചയായും ഇനിയും വരും എന്ന മനസ്സുമായി...!!

Friday, February 21, 2014

ഗഞ്ചിക്ക മണക്കുന്ന ഗോകര്‍ണ്ണ തീരങ്ങള്‍(ഭാഗം ഒന്ന്)

യാത്ര എങ്ങോട്ട് എന്ന് തീരുമാനം ഉണ്ടായിരുന്നില്ല...ഗോകര്‍ണ്ണയില്‍ പോയാലോ, അധികമൊന്നും ചിന്തിക്കാതെ യാത്ര ഗോകര്‍ണ്ണയിലേക്ക് തന്നെ എന്ന് തീരുമാനിച്ചു...!! തീരുമാനം വടകരയില്‍ നിന്നാണ്, സമയം രാത്രി ഒന്‍പതായി, ഇനി ട്രെയിന്‍ കുറച്ചു വൈകിയാണ്, ഒരു ട്രെയിന്‍ ഇപ്പൊ കണ്ണൂര്‍ക്കുണ്ട്, തല്‍ക്കാലം അത് പിടിക്കാം... കണ്ണൂരില്‍ എത്തിയപ്പോ അടുത്ത ട്രെയിന്‍ ഈസ്റ്റ്‌ കോസ്റ്റ് ആണ്, ഒരു ഞായറാഴ്ച്ച രാത്രി ഈസ്റ്റ്‌ കോസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറിയാല്‍ തടി കഷായമാവും എന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മംഗലാപുരം വരെ ബസ്സിനെ ആശ്രയിച്ചു, അതും രണ്ട് ബസ്സ്‌ മാറി കയറി..!!

മംഗലാപുരത്ത് നിന്നും പുലര്‍ച്ചെ ഗോവ പാസഞ്ചര്‍ ഉണ്ട്.. അതില്‍ കയറി, ആളുകുറഞ്ഞ ഭാഗത്ത്‌ നീട്ടി വിരിച്ചു കിടന്നു ഭേഷായി ഉറങ്ങി ഗോകര്‍ണ്ണയില്‍ എത്തി.. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതും ആദ്യ സന്തോഷവാര്‍ത്ത‍ ഒരു ഫോണ്‍ വിളിയുടെ രൂപത്തില്‍... കഴിഞ്ഞയാഴ്ച്ച പോയ ഇന്റര്‍വ്യൂ കടന്നു കൂടിയിരിക്കുന്നു...!! ആ സന്തോഷം വിടാതെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടൌണിലേക്ക് ബസ്സു കയറി...ബസ്സിലെ ശബ്ദം ട്രെയിനില്‍ നിന്നും അധികം വിഭിന്നമായിരുന്നില്ല..!! എന്തായാലും ഒരു ഉപ്പു പാടത്തിനു നടുവിലൂടെ പോയ ബസ്‌ ഗോകര്‍ണ്ണ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ചു...

സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ വഴി മുതല്‍ ചെറു കച്ചവട സ്ഥാപനങ്ങള്‍ ആണ്... പരുത്തി തുണികള്‍, പുരാതന വസ്തുക്കള്‍, ആഭരണങ്ങള്‍, പൂജ ദ്രവ്യങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നുവേണ്ട ഒരു വിദേശിയെ ആകര്‍ഷിക്കാന്‍ വേണ്ട ഏതു സംഗതിയും ഇവിടെ ഉണ്ട്...!! ഗോകര്‍ണ്ണം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്... പക്ഷെ ഞങ്ങളുടെ ഈ യാത്രയില്‍ അതിനു വകുപ്പില്ല..ലക്ഷ്യം ബീച്ചുകള്‍ ആണ്... ആദ്യം ഒന്നുരണ്ടു കടകളില്‍ കയറി കുര്‍ത്തയും ചെരിപ്പും എല്ലാം മേടിച്ചു... പിന്നെ നടക്കാന്‍ തുടങ്ങി...

നടത്തത്തിനു ഇടയ്ക്കു പലരും ഓട്ടോ പിടിക്കാന്‍ ഉപദേശിച്ചു.. പക്ഷെ ഞങ്ങള്‍ അത് കേട്ടില്ലെന്ന് നടിച്ചു... ഗോകര്‍ണ്ണയുടെ തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ വഴി അന്വേഷിച്ചു ഉറപ്പിച്ചു ഞങ്ങള്‍ നടന്നു... വഴി കൂടുതല്‍ ഇടുങ്ങി തുടങ്ങി, ഒരു കുത്തനെയുള്ള കോണ്ക്രീറ്റ് ചെയ്ത വഴി... ശ്വാസം വലിച്ചു വിട്ടു നടന്നു കയറിയപ്പോള്‍ ഒരു വലിയ വെട്ടുകല്‍ പാറക്കുന്ന്‍... അതിലവിടവിടെയായി കരിഞ്ഞുണങ്ങിയ പുല്ലുകള്‍...അവക്കെല്ലാം അപ്പുറം ദൂരെ, നീലനിറം പൂണ്ടു ഗര്‍ജിക്കുന്ന അറബിക്കടല്‍...!! അവയുടെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ പശ്ചാത്തല സംഗീതമായ് ഞങ്ങളുടെ കിതപ്പുകളും...!! (തുടരും)

Tuesday, February 18, 2014

1983 ഉം ഓശാനയും

അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളില്‍ രണ്ട് പടം കണ്ടു, 1983 ഉം ഓം ശാന്തി ഓശാനയും... രണ്ടും കാണുന്നതിനു മുന്‍പ് കേട്ടറിഞ്ഞത് 1983 കിടിലന്‍ എന്നും ഓശാന അത്ര പോര എന്നും... കണ്ടാലല്ലേ സ്വയം അഭിപ്രായം ഉണ്ടാകൂ എന്നത് കൊണ്ട് രണ്ടും പോയി കണ്ടു... വെവ്വേറെ അനുഭവം എഴുതുന്നതിനു പകരം ഒറ്റ കുറിപ്പില്‍ അവസാനിപ്പിക്കുന്നു ഇത്തവണ, താരതമ്യം ഒരു ശരിയായ നിരൂപണ മാര്‍ഗം അല്ല എന്നറിയാം... എന്നാലും എഴുതുന്നത്‌ നിരൂപണം അല്ലാത്തത് കൊണ്ട് ഇപ്പൊ അതാവാം...

കഥ/തിരക്കഥ:-
1983 യുടെ കഥ മലയാള സിനിമയില്‍ കണ്ടു പരിചയമുള്ള ഒന്നല്ല... സച്ചിന്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയില്‍ അബ്രിദ് എഴുതിയ കഥ എനിക്ക് ഹൃദ്യമായി തന്നെ അനുഭവപ്പെട്ടു... തമാശയെന്ന പേരില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ഇല്ല എന്നത് തന്നെ ഒരു കാരണം... ഒരു നാട്ടിപുറത്തെ വീട്ടിലും സൗഹൃദ സദസ്സിലും പറയുന്ന നുറുങ്ങു തമാശകള്‍ ആണ് ഈ കഥയുടെ ആണിക്കല്ല്...ക്രിക്കറ്റ് എന്ന പശ്ചാത്തലം പൂര്‍ണ്ണമായും നിലനില്‍ക്കുന്നു, അത് നന്നായി ഉപയോഗിച്ചിരിക്കുന്നു...
ഒശാനക്ക് അവകാശപ്പെടാന്‍ ഒരു വ്യത്യസ്ഥമായ കഥാതന്തു ഇല്ല എന്നത് ഒരു കുറവായി കാണാത്ത വിധം അതിന്‍റെ ഒരുക്കി എന്നതാണ് മിഥുന്‍ ഒരുക്കിയ തിരക്കഥയുടെ വിജയം...തമാശകള്‍ ഉണ്ട്, അത് നാടന്‍ നുറുങ്ങുകള്‍ അല്ല, ഇന്നത്തെ യുവ തലമുറയ്ക്ക് ആസ്വദിക്കാവുന്ന വിധം എഴുതിയ തമാശകള്‍ ആണ് ഇതിന്‍റെ നട്ടെല്ല്...പ്രണയത്തില്‍ പഴയകാല സിനിമകളുടെ നല്ല വശങ്ങള്‍ മേമ്പൊടിയായി വിതറി രസിപ്പിചിരിക്കുന്നു...എന്നാല്‍ ആ സിനിമകളെ ഓശാന പൂര്‍ണ്ണമായും ആശ്രയിച്ചില്ല താനും..

സംവിധാനം:-
പുതിയ സംവിധായകര്‍ രണ്ടും ഒന്നിനൊന്നു മെച്ചം... പക്ഷെ അവരുടെ തനതായ പ്രതിഭയറിയാന്‍ അടുത്ത പടം വരെയെങ്കിലും കാത്തിരിക്കണം.. ഇന്നത്തെ പ്രേക്ഷകരുടെ തുടിപ്പറിഞ്ഞു രണ്ടുപേരും ആദ്യ പടം ചെയ്തു...ചില്ലറ തെറ്റുകള്‍ രണ്ടുപേര്‍ക്കും ഉണ്ടായി എന്നതും വാസ്തവമാണ്...

സംഗീതം:-
ഒരുപാടു കാലം ഓര്‍ത്ത്‌ വക്കാവുന്ന മാന്ത്രിക ശക്തിയുള്ള പാട്ടുകള്‍ രണ്ടിലും ഇല്ല... എന്നാല്‍ സിനിമക്ക് വേണ്ട മൂഡ്‌ പകരാന്‍ പോന്നതും എന്നാല്‍ പ്രേക്ഷകരെ മടുപ്പിക്കാത്തതും ആയ സംഗീതം ഷാനും ഗോപിയും പകര്‍ന്നു തന്നു..

അഭിനയം:-
രണ്ടിലും ഒരേ നായകന്മാര്‍ ആണ്.. 1983 ല്‍ നിവിന്‍ പോളി തീരെ പോര... ക്രിക്കറ്റ്‌ കളിക്കുന്ന സീനില്‍ ഒഴികെ മറ്റൊന്നിലും ശരാശരി നിലവാരം പോലും കാണിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.. പോരാത്തതിനു പ്രായം കാണിക്കാന്‍ വച്ച വിഗ്ഗ് ഭീകരമായിപ്പോയി...പക്ഷെ കൂടെ അഭിനയിച്ച ബാക്കി എല്ലാവരും തര്‍ത്തു... അതില്‍ ജോയ് ഏട്ടന്‍ മുതല്‍ ഗ്രിഗറി വരെ ഉള്ളവര്‍ പെടും...സ്രിന്ധക്ക് ഒരു സ്പെഷ്യല്‍ കയ്യടി...!!
ഒശാനയില്‍ നിവിന് അധികമൊന്നും ചെയ്യേണ്ടി വന്നില്ല, ഭാഗ്യം...!! ഇത് പൂര്‍ണ്ണമായും നസ്രിയ പടമാണ്...അതില്‍ നൂറില്‍ കുറഞ്ഞത്‌ തൊണ്ണൂറു മാര്‍ക്കെങ്കിലും ഞാന്‍ ആ സുന്ദരിക്ക് കൊടുക്കും...രണ്‍ജി പണിക്കര്‍ ഇത്രയും നന്നായി അഭിനയിക്കുമായിരുന്നെങ്കില്‍ എന്തിന് ഇത്രയും വൈകി...!! അഥിതി താരമായ ലാല്‍ജോസും വിനീതും വരെ തങ്ങളുടെ ഭാഗം ഭംഗിയാക്കി...!!

എന്നോട് മാര്‍ക്ക് ചോദിച്ചാല്‍ ഞാന്‍ രണ്ടിനും 4/5 കൊടുക്കും..

Saturday, February 15, 2014

മാജിക്‌ മോപ് വേണോ മാജിക്‌ മോപ്

"ഡാ..നീ വീട്ടില്‍ക്ക്‌ വാ...ഫുഡ്‌ അവിടുന്നാവാം..!!" മനോജേട്ടന്റെ ക്ഷണം,
വേണ്ടാന്ന് വച്ചില്ല... രമ്യ ചേച്ചിയുടെ വക നല്ല ഭക്ഷണത്തിനുള്ള ക്ഷണം മനോജേട്ടന്റെ രൂപത്തില്‍ വന്നതാണ്... ജാട കാണിച്ചാല്‍ അത് ആ വഴിക്ക് പോവും...വേണ്ടാന്ന് വച്ച കുളി ഉണ്ടെന്ന് വരുത്തി കളര്‍ഫുള്‍ ഡ്രസ്സ്‌ ചെയ്തു ബൈക്കും സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ വച്ച് പിടിച്ചു...!! പോണ വഴിക്ക് ഓര്‍മ്മ വന്നത് പഴയ ഒരു കഥയാണ്‌,

കുറച്ചു കാലം മുന്‍പ്, ഇത് പോലെ മറ്റൊരു ക്ഷണം ഉണ്ടായി... മനോജേട്ടന്‍റെയും രമ്യചേച്ചിയുടെ മകള്‍ അമ്മുവിന്‍റെ പിറന്നാളിന്... അന്നത്തെ സ്പെഷ്യല്‍ ബിരിയാണിയാണ് എന്ന് അറിഞ്ഞതും ഞാന്‍ സമയം കളഞ്ഞില്ല, ഇലക്ട്രോണിക് സിറ്റിയിലെ അവരുടെ വീട്ടില്‍ ഞാന്‍ ഹാജര്‍... മനോജേട്ടന്‍ പുറത്തു ഷോപ്പിങ്ങിനു പോയതാണ് എന്ന് രമ്യചേച്ചി പറഞ്ഞു...അത്യാവശ്യം പോസ്റ്റ്‌ ആയതിനു ശേഷം ആ മഹാന്‍ ആഗതനായി, ഒരു കൂട്ടം വീട്ടു സാധനങ്ങളുമായി..!! അതില്‍ ഒന്നിന്‍റെ പേര് മാജിക്‌ മോപ്... മലയാളത്തില്‍ പറഞ്ഞാല്‍ മാന്ത്രിക ചൂല്... ചൂലിന് ഇന്നത്തെ ആപ്പ് വിലയൊന്നും അന്നില്ല... എന്നിട്ടും അഞ്ഞൂറിന്റെ ഗാന്ധി കൊടുത്തു ആ സംഗതി വാങ്ങാന്‍ ഒരു കാരണം മാത്രം... പരസ്യം...!! തറയില്‍ വീണ കടുത്ത കറകള്‍ ഈ പറഞ്ഞ സാധനം വച്ച് തൈര് കടയുന്നത് പോലെ നാലു തവണ വട്ടം കറക്കി ആ മദാമ്മ എത്ര തവണ നിലം കവടിയാര്‍ കൊട്ടാരം പോലെ മിനുക്കി എടുത്തിരിക്കുന്നു...!!

വീട്ടിലെത്തി മനോജേട്ടന്‍ മോപ്പിന്റെ കവര്‍ വലിച്ചൂരി... ഇനി ആദ്യ പരീക്ഷണം ആണ്... അടുക്കളയില്‍ ചൂടാറാന്‍ കാത്തിരുന്ന ചായ എടുത്തു താഴെ ഒഴിച്ചു... മോപ്പെടുത്തു കുത്തി അഞ്ചാറു തവണ കടഞ്ഞു നോക്കി... ഒരു സ്കൊയര്‍ മീറ്ററില്‍ ഒഴിച്ച ചായ ഇപ്പൊ പത്തു സ്കൊയര്‍ മീറ്ററില്‍ പരന്നിരിക്കുന്നു... മോപ്പിനു വലിയ മാറ്റമില്ല... നിലത്തിനു നല്ലത് പോലെ ഉണ്ട് താനും...!! വലിയ തെറ്റില്ലാതെ ഇരുന്ന നിലത്തില്‍ ഇപ്പൊ ചായകൊണ്ട് ആഫ്രിക്കന്‍ ഭൂപടം തെളിഞ്ഞിരിക്കുന്നു....!! നിലമാകെ പരന്നിരിക്കുന്ന ചായക്കറയേയും മനോജേട്ടനെയും രമ്യചേച്ചി മാറി മാറി നോക്കി... രമ്യചേച്ചിയുടെ കണ്ണുകള്‍ ചുവന്നതാണോ അതോ എനിക്ക് തോന്നിയതാണോ...??? അടുക്കളയില്‍ നിന്നും മൂലയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന പഴംതുണി എടുത്തു വന്ന് രമ്യ ചേച്ചി തന്നെ നിലം വൃത്തിയായി തുടച്ചു മുഖം വെട്ടിച്ചു തിരിച്ചു പോയി... വെറുതേ ടി വി യിലെ ചാനല്‍ മാറ്റിയപ്പോള്‍ അതില്‍ ഒന്നില്‍ ഇങ്ങനെ കേട്ടു

"നിങ്ങളുടെ വീട്ടിലെ തറയിലെ കടുത്ത കറകള്‍ തുടച്ചെറിയാന്‍ ഇതാ മാജിക്‌ മോപ്....!!"  മനോജേട്ടന്റെ കയ്യില്‍ ഇരുന്നു റിമോട്ട് വിറകൊണ്ടു...!!

ആ ഫ്ലാറ്റിന്‍റെ ഏതോ മൂലയില്‍ ഇന്നും ആ "കോപ്പ്" അന്ത്യ വിശ്രമം കൊള്ളുന്നു...!!

പിന്‍കുറിപ്പ്: ഇന്ന് കഴിച്ച ചോറിന്റെയും മീന്‍കറിയുടെയും ആയില വറുത്തതിന്റെയും നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു 

Wednesday, February 5, 2014

ഉച്ചക്കള്ളം

"ടിം...ഠിം..."
മണി മുഴങ്ങിയത് കേട്ടപ്പോള്‍ വീട്ടില്‍ നിന്ന് കൊണ്ട് വന്നത് വേണേല്‍ വിഴുങ്ങിക്കോ എന്ന് ഹെഡ്മാഷ് പറഞ്ഞത് പോലെ തോന്നി..!! വിളി മുട്ടിയവന്‍ കക്കൂസിലേക്കെന്നപോല്‍ സകല പിള്ളേരും പൈപ്പിന്‍റെ ചുവട്ടിലേക്ക്‌ കൈ കഴുകാന്‍ ഓടി... ക്ലാസ്സിന്റെ അരമതിലിനു താഴെ ഏതോ ഉമ്മച്ചിക്കുട്ടി വീട്ടില്‍ നിന്ന് കൊണ്ട് വന്ന ചുക്കുവെള്ളത്തില്‍ ഞാന്‍ കൈ കഴുകി, കുപ്പി ഭദ്രമായി അടച്ചു തിരിച്ചു വച്ചു...!!

തോള്‍ സഞ്ചിയില്‍ നിന്നും ചോറുപാത്രം പുറത്തെടുത്തു... തുണികൊണ്ട് കെട്ടിയ അതിന്‍റെ വക്കിലൂടെ കറി ചോര്‍ന്നിരിക്കുന്നു...കറിയിലെ മഞ്ഞള്‍ക്കറ സഞ്ചിയില്‍ ഉണ്ടായിരുന്ന സാമൂഹ്യപാഠം ടെക്സ്റ്റ്‌ ബുക്കിന്റെ പേജുകളിലേക്കും പടര്‍ന്നിരിക്കുന്നു...!! ഇപ്പൊ പുസ്തകത്തിന്‌ സാമ്പാറിന്റെ മണം...!! തുണിക്കെട്ടഴിച്ചു പാത്രം ഡസ്ക്കിന്റെ വക്കില്‍ രണ്ടുതവണ മേടി, എന്‍റെ വായില്‍ വരിതെറ്റി വളര്‍ന്ന പല്ലുകൊണ്ട് കടിച്ചു അത് തുറന്നു...!! സാമ്പാറില്‍ കുതിര്‍ന്ന കുത്തരി ചോറും, അതിനു മീതെ ചീര തോരനും, ഒരു മൂലയില്‍ കടുമാങ്ങാ ഉപ്പിലിട്ടതും...!! ഒരു പ്ലാസ്റ്റിക്‌ കവറില്‍ പപ്പടവും അമ്മ തന്നു വിട്ടിട്ടുണ്ട്, പക്ഷെ അതിപ്പോ തണുത്ത് ചപ്പാത്തി പോലെ ആയിട്ടുണ്ട്‌...!!

വിശപ്പ്‌ നല്ലതുപോലെ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു, രുചിയോ മണമോ ഇഷ്ടമോ കാര്യമാക്കാതെ അതെല്ലാം വടിച്ചു തുടച്ചു ശാപ്പിട്ടു....!! ആരും കാണാതെ ഒരു ഏമ്പക്കവും പാസ്സാക്കി..!! കഴുകാത്ത ചോറ്റു പാത്രം തിരിച്ചടച്ചു കൊണ്ടുവന്ന അതെ തുണിയില്‍ കെട്ടി തിരിച്ചു വച്ചു... ഇനി കുറച്ചു കുടിവെള്ളം വേണം, പൈപ്പില്‍ നിന്നും കുടിക്കാന്‍ വയ്യ, ഇടത് വശത്തെ ഡെസ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മുകുല്‍സുവിന്‍റെ അടുത്തു ചെന്ന് ഞാന്‍ ചോദിച്ചു,

"കുറച്ചു വെള്ളം തരുമോ, കുടിക്കാന്‍...??"
മടിയൊന്നും കൂടാതെ വെള്ളക്കുപ്പി എടുത്തു എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു  "ദാ, കുറച്ചേ എടുക്കാവൂ... എനിക്കും വേണം, ഇതിനു മുന്‍പേ ഞാന്‍ അറിയാതെ ഇതിലെ കുറെ വെള്ളം വേറെ ആരോ എടുത്തു..."
ആ കുപ്പിയുടെ നിറവും വലിപ്പവും ആകൃതിയും കണ്ടു ഞാന്‍, വരണ്ടു പോയ എന്‍റെ കണ്ഠത്തിലൂടെ രണ്ട് മുറുക്ക് ചുക്ക് വെള്ളം കുടിച്ചു നന്ദി പറഞ്ഞു കുറ്റബോധത്തോടെ പൈപ്പിന് അടുത്തേക്ക്‌ നടന്നു...വിരലുകള്‍ക്കിടയില്‍ ഒട്ടി നിന്നിരുന്ന വറ്റുകളെ ഞരടി മാറ്റി കഴുകി വൃത്തിയാകി, വായും കഴുകിയെന്നു വരുത്തി...ഇനി സ്കൂളിന്റെ ഗയിറ്റിന്റെ പുറത്തേക്ക്....

അവിടെ ഒരു പെട്ടിക്കടയില്‍ കുട്ടികളുടെ തിരക്കാണ്... ഒരതി ഐസ് കഴിക്കുന്നതിനാണ് ഈ തിരക്ക്...പാന്റിന്റെ പോക്കെറ്റില്‍ കൈ പരാതി...ഭാഗ്യം രണ്ട് രൂപയുണ്ട്, രാവിലെ അമ്മയുടെ ബാഗില്‍ കയ്യിട്ടപ്പോള്‍ കിട്ടിയതാണ്..രണ്ട് രൂപക്ക് ഒരതി കിട്ടും... നേരെ പോയി തിരക്കിനിടയില്‍ തിക്കി കയറി സര്‍ബത്തൊഴിച്ച ഒരതി ഐസ് വാങ്ങി...തൊട്ടടുത്ത്‌ ബഞ്ചില്‍ ഇരുന്നു ഒരതി ഐസ് സ്പൂണില്‍ എടുത്തു നാവില്‍ വച്ചു വലിച്ചു കുടിക്കുമ്പോള്‍, ഹാ...!! എന്തൊരു നിര്‍വൃതി...!!

സ്പൂണിനും ഗ്ലാസിലെ ഐസിനും ഇടയില്‍ ഉടക്കിയിരുന്ന കണ്ണ്, അറിയാത്ത ആ വഴി നടന്നു പോയ ചില കോളേജ് വിദ്യാര്‍ത്ഥികളിലേക്ക് പോയി...
"അയ്യോ, ചിണ്ടുവേട്ടന്‍....പെട്ടു!!" തല്‍ക്കാലം കണ്ടില്ല എന്ന് നടിച്ചു...
വീടിനടുത്തുള്ള ചേട്ടനാണ്, ഒരതി ഐസ് കഴിച്ച വിവരം വീട്ടില്‍ എത്തും ഉറപ്പ്... എന്നാല്‍ തീര്‍ന്നു, പണത്തിന്റെ സ്രോതസ്സ് അന്വേഷണ പരിധിയില്‍ വരും... എനിക്ക് മേല്‍ മോഷണകുറ്റം ചുമത്തും, ക്രൂശിക്കും...!! പിന്നെ ഒന്നും ശുഭമാവില്ല..!! എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി...!!

വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലെത്തി, പതിവിനപ്പുറം വലിയ മാറ്റമൊന്നും അന്തരീക്ഷത്തില്‍ ഇല്ല... അപ്പൊ തല്‍ക്കാലം എസ്കേപ്...!! വൈകുന്നേരങ്ങളില്‍ ചിണ്ടുവേട്ടന്റെ വീട്ടില്‍ കളിക്കാന്‍ പോവുന്ന പതിവുണ്ട്, അവിടെ ഇന്ന് പോയില്ലെങ്കില്‍ പിന്നെ കള്ളി വെളിച്ചത്താവും... അതുകൊണ്ട് മാത്രം അന്നും അവിടെ പോയി...അര്‍ത്ഥം വച്ചുള്ള പല ചോദ്യങ്ങളില്‍ നിന്നും ഞാന്‍ അവിടെ നിന്നും വഴുതി മാറി, ഒടുവില്‍ നേരിട്ടായി ചോദ്യം... മുന്‍പേ തീരുമാനിച്ചുറപ്പിച്ച പോലെ ഞാന്‍ അതിനെ ശക്തിയായി നിഷേധിച്ചു... മ്മളോടാ കളി, ഒന്നും ഇല്ലെങ്കിലും എന്‍റെ അച്ഛന്‍ പഴയ കോണ്‍ഗ്രസ്‌കാരന്‍ അല്ലെ..!! ചിണ്ടുവേട്ടന്‍ കണ്ടത് എന്നെ ആയിരിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഞാന്‍ അവിടെ നിന്നും തിരിച്ചു വരുമ്പോള്‍, എന്‍റെ മനസ്സില്‍ കള്ളത്തരത്തിന് മുകളില്‍ ആശങ്കയുടെ ഭീമന്‍ തിരകള്‍ അടിക്കുകയായിരുന്നു...

അതേസമയം, "ഇനി ഞാന്‍ കണ്ടത് വേറെ ആരെങ്കിലും ആയിരുന്നോ...??" ചിണ്ടുവേട്ടന്‍ ഒന്നൂടെ ചിന്തിക്കാന്‍ തുടങ്ങി...!! കുഴപ്പിക്കുന്ന ചിന്തകളാല്‍ വശംകെട്ടവന്‍ ചിണ്ടുവേട്ടന്‍...!! എനിക്കൊന്നേ പറയാനുള്ളൂ, അന്നും ഇന്നും,  "ചിണ്ടുവേട്ടാ, സോറി...!!"

Sunday, February 2, 2014

നീലഗിരിയില്‍ ഒരു പച്ച തടാകം, ചുറ്റിലും കുറെ മഞ്ഞ പൂക്കള്‍

അനൂപ്‌ ആണ് വിളിച്ചു ഓര്‍മ്മിപ്പിച്ചത്, നമ്മള്‍ ഒരുമിച്ചു യാത്ര പോയിട്ട് കുറച്ചായി.. ഒരു ട്രെക്കിംഗ് പെട്ടന്ന് പോയേ തീരൂ... ഇടക്കെപോഴോ ഒരു യാത്രാ വിവരണം കണ്ടത് ഓര്‍മ്മിച്ചു, ഊട്ടിയിലെ ഗ്രീന്‍ ലേയ്ക്ക്...!!പറഞ്ഞ പാതി, അനൂപിന് സമ്മതം... കൂടെ ശ്രീകാന്തും മനുവും.... സമ്മതം മൂളാന്‍ വൈകിയ സോണിയെ കാത്തു നിന്നില്ല അവനും കൂടെ ബസ്സില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു... എല്ലാം സംഭവിച്ചത് വെറും ഒരു ദിവസം മുന്‍പേ..!!

മേല്‍പ്പറഞ്ഞ എല്ലാവരും കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാംഗ്ലൂര്‍ ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ ഹാജര്‍..!! വിത്ത്‌ സ്ലീപിംഗ് ബാഗ്‌ ആന്‍ഡ്‌ ടെന്റ്..!! ആനന്ദ ഭവനിലെ അത്താഴത്തോട് കൂടി യാത്ര തുടങ്ങി..!!രാവിലെ ഇത്തിരി വൈകി ഊട്ടിയില്‍ എത്തി...തൊട്ടടുത്തുള്ള പൊതു ശൌചാലയത്തില്‍ കാര്യം സാധിച്ചു ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ഒരു ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു, അല്ലെങ്കില്‍ വിശപ്പ്‌ ഞങ്ങളെ നടത്തിച്ചു...വഴിയില്‍ കണ്ട ബിസ്മില്ലാ ഹോട്ടല്‍ എന്ന ബോര്‍ഡ് ഞങ്ങളെ ആകര്‍ഷിച്ചു, ആ ബോര്‍ഡില്‍ കണ്ട ബീഫ് വിഭവങ്ങളുടെ പേരുകള്‍ തന്നെ കാരണം... അവിടെ ചെന്ന് ബോര്‍ഡില്‍ കണ്ട ഭക്ഷണം രുചിച്ചു കഴിഞ്ഞപ്പോള്‍ ചെയ്ത അബദ്ധം ബോധ്യമായി...!!

പിന്നെ സമയം കളഞ്ഞില്ല... നേരെ എച് പി എഫ് എന്ന സ്ഥലത്തേക്ക് ബസ്‌ പിടിച്ചു... അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം.... അവിടെ ഇറങ്ങി ഇടത്തോട്ട് വഴി...ഞങ്ങള്‍ ആദ്യം കുറച്ചു വഴി മാറി സഞ്ചരിച്ചു.. ഇടത്തോട്ടുള്ള വഴിയിലെ ആദ്യത്തെ വലത്തേക്കുള്ള വഴിയില്‍ കുറച്ചു നടന്നു...! ശരിക്കുമുള്ള വഴി ഇങ്ങനെ, എച് പി എഫ് ഇല്‍ നിന്നും ഇടത്തോട്ടുള്ള വഴി ഏതാണ്ട് മുന്നൂറു മീറ്റര്‍ നടനാല്‍ ഹിന്ദുസ്ഥാന്‍ ഫോട്ടോ എക്സ് റേ യുനിട്ടിന്റെ ബോര്‍ഡ് കാണാം,... അവിടെ നിന് വലത്തോട്ടുള്ള വഴിയില്‍ ആദ്യം കാണുന്ന ചെറിയ കുന്നിലേക്കുള്ള നടവഴിയില്‍ കയറിയാല്‍ ഒരു ഗോള്‍ഫ് കോര്‍ട്ട് കാണാം, അതും കടന്നു വീണ്ടും നടവഴി.... അത് ചെന്ന് കയറുന്നത് ഒരു റോഡില്‍ ആണ്... അവിടെ നിന്നും ഇടത്തോട്ട് നടക്കുക, ഒരു മണ്‍പാത കാണാം... അത് വഴി നേരെ നടന്നാല്‍ ഗ്രീന്‍ ലേയ്ക്ക് കാണാം..!!

ഇനിയുള്ളത് മനോ ധര്‍മ്മം ആണ്, ഞങ്ങള്‍ വായിച്ച ബ്ലോഗിലെ വഴി വേറെ, അന്നില്ലാത്ത വഴിയൊക്കെ ഇന്നുണ്ട്... തല്‍ക്കാലം ഞങ്ങള്‍ സഞ്ചരിച്ച വഴി പറയാം...മണ്‍വഴി നേരെ നടന്നു ഒരു മരപ്പാലം കടന്നു... ബ്ലോഗില്‍ ഈ ഈ മരപ്പാലത്തെ കുറിച്ച് വിശദീകരണം ഇല്ല... അത് കാരണം തന്നെ ഇനിയുള്ള വിവരണം മറ്റൊരു വഴിക്ക്... പാലം കടന്ന ഉടന്‍ താനെ ഞങ്ങള്‍ തിരിച്ചു തടാകം മറികടന്നു... അതും നിറഞ്ഞു കിടന്ന മാലിന്യത്തിന് മുകളിലൂടെ... ഈ യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ ഞാന്‍ ജിഫി അടക്കമുള്ള എന്‍റെ സൗഹൃദവലയത്തില്‍ ഗ്രീന്‍ ലെയ്കിനെ കുറിച്ച് അന്വേഷിച്ചു... കിട്ടിയ മറുപടി, "ഊട്ടിയിലെ എല്ലാ ലേയ്ക്കും ഇപ്പൊ ഗ്രീന്‍ ആണ്" എന്നായിരുന്നു.... സത്യം, സകല തടാകങ്ങളും മാലിന്യം അടിഞ്ഞു കൂടി പച്ചപിടിച്ചു കിടക്കുന്നു ഇപ്പോള്‍....കഷ്ടം...!!

കുറെ മാലിന്യത്തിനും പ്ലാസ്ടിക്കിനും ഇടയിലൂടെ കടന്ന്, ലെയ്ക്കിന്റെ മറുഭാഗം ചേര്‍ന്ന് നടന്നു... ഇടയ്ക്കു ഒരു യുക്കാലി കാട്ടില്‍ ഞങ്ങള്‍ വിശ്രമിച്ചു..ചുറ്റിലും മഞ്ഞ നിറത്തില്‍ ഊട്ടി പൂക്കള്‍.. പിന്നെയും കുറെ നടന്നപ്പോള്‍  ഞങ്ങള്‍ പണ്ടേ വഴി തെറ്റി എന്ന് തിരിച്ചറിഞ്ഞു... പിന്നെ കിട്ടിയ വഴിയില്‍ ഉള്ള സഞ്ചാരം... വഴി നീളെ മദ്യത്തിന്റെ അകമ്പടിയില്‍ മീന്‍ പിടിക്കുന്നവന്‍... തടാകത്തിന്റെ ഒരു മൂലയില്‍ എത്തി... ഇനി  മുറിച്ചു കടക്കണം.... ചതുപ്പില്ലാത്ത ഇടം നോക്കി കുറെ നടന്നു... ചതുപ്പിന്റെ വണ്ണം കുറച്ചു കുറഞ്ഞ ഒരിടത്തില്‍ ചാടി കടക്കാന്‍ ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു... ശ്രീകാന്തും മനുവും ചാടി കടന്നു... ഞാനും അനൂപും ചേറില്‍ നെഞ്ചും കുത്തി വീഴാന്‍ വിധിക്കപ്പെട്ടവര്‍ ആയിരുന്നു...ഭൂമീ ദേവിക്ക് വന്ദനം..!! സോണി ലോകം മുഴുവന്‍ ചുറ്റി എപ്പടിയോ മറുഭാഗത്ത്‌ എത്തി...!!

ചെളി പുരണ്ട ഷൂസും ജീന്സുമായി ഞങ്ങള്‍ മുല്‍കാടുകള്‍ താണ്ടി എന്തിയത്, തടാക തീരത്തെ ഒരു മണ്‍ തിട്ടയില്‍... സമയം കളയാതെ ടെന്റു കെട്ടി...പിന്നെ വിശ്രമവും ഫോട്ടോ എടുക്കലും വെടി വെട്ടവും..!! ആ സായാഹ്നത്തില്‍ തടാകത്തിനും പൈന്‍ കാടുകള്‍ക്കും നടുവില്‍ ഞങ്ങള്‍ മാത്രം... അകലെ അടുത്തെ ഗ്രാമത്തിലെ ചില വിളക്കുകളിലെ വെളിച്ചം തടാകത്തില്‍ തട്ടി പ്രതിഫലിച്ചു.. രാത്രിയായപ്പോള്‍ ഞങ്ങളുടെ ശരീരം വിറക്കാന്‍ തുടങ്ങി... വേഗം ടെന്റില്‍ കയറി ശരീരം സ്ലീപ്പിംഗ് ബാഗിന് അകത്തു കയറ്റി ചൂടാക്കി...പിന്നെ ഉറക്കം...

ഞാന്‍ രാത്രി മുഴുവന്‍ കൂര്‍ക്കം വലിച്ചത്രേ.... എന്‍റെ അച്ഛനും വന്‍ കൂര്‍കേശന്‍ ആണ്...ആ പാരമ്പര്യം ഞാന്‍ ഉയര്‍ത്തിക്കെട്ടി വെന്നിക്കൊടി പാറിച്ചു, അതുകൊണ്ട് നഷ്ടം സംഭവിച്ചത് സോണിക്കും മനുവിനും...എന്നെ തട്ടിയും തോണ്ടിയുമെല്ലാം കൂര്‍ക്കം വലികുറക്കാന്‍ അവര്‍ ശ്രമിച്ചു, പരാജയം..!! ഒരു രാത്രിയിലെ ഉറക്കം സ്വാഹ...!! രാവിലെ എഴുന്നേറ്റത് മുതല്‍ ഉണ്ടായ പ്രധാന ചര്‍ച്ചയും എന്‍റെ കൂര്‍ക്കം വലിയും ഇഴപിയാത്ത കൂട്ടുകാരായിരുന്നു..!!

കിഴക്കേങ്ങോ ഉദിച്ച സൂര്യന്‍റെ തെറിച്ചു വന്ന ചില രശ്മികള്‍ കൊണ്ടത്‌ ഞങ്ങളുടെ ഇടത് വശത്തെ ചില പൈന്‍ കാടുകളില്‍ ആയിരുന്നു... അവിടെ നിന്നും ലോപിച്ച് പോയ വെളിച്ചത്തിന്‍റെ ചീളുകള്‍ക്ക് നിറങ്ങളുടെ മാസ്മരിക സൗന്ദര്യം പ്രകൃതിയില്‍ നിറക്കാന്‍ തുടങ്ങി... വിറയാര്‍ന്ന ശരീരത്തില്‍ ഊഷ്മാവ് വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളില്‍ ചിലര്‍ വട്ടമിട്ടു ഓടി...വെള്ളം വീണാല്‍ മരവിച്ചു പോവുന്ന ആ തണുപ്പില്‍ പല്ല് തേച്ചു...കൈ കഴുകിയപ്പോള്‍ വിലരുകളില്‍ ഐസ് കെട്ടി വച്ചത് പോലെ...!!

ഒരല്‍പ്പം കൂടെ വെളിച്ചം വന്നപ്പോള്‍ പൈന്‍ കാടിന് പുറത്തുള്ള റോഡിലേക്ക് നടന്നു... അടുത്ത ഗ്രാമത്തില്‍ നിന്നും ഭക്ഷണം കഴിച്ചു, പിന്നെ ഊട്ടിയിലേക്ക്.. റിപ്പബ്ലിക് പരേഡ് കണ്ടും, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി ലേയ്ക്ക് എന്നിവടങ്ങളില്‍ കറങ്ങിയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ചും ഞങ്ങള്‍ വൈകിട്ട് അഞ്ചു മണിയാക്കി... പിന്നെ അവിടെ നിന്നും നേരത്തെ ബുക്ക്‌ ചെയ്ത ബസില്‍ ചുരമിറങ്ങി കാട് കടന്നു നഗരത്തിലേക്ക്... അന്നത്തിനു വകയുണ്ടായ ബാംഗ്ലൂര്‍ നഗരത്തിലേക്ക്...!!

Tuesday, January 28, 2014

ഏഷ്യാനെറ്റ്‌ അവാര്‍ഡ് അഥവാ ശുദ്ധ തെമ്മാടിത്തം

ഒരു യാത്രാ വിവരണം എഴുതാന്‍ വിചാരിച്ചതാ, പലരും കണ്ട് നല്ലതും ചീത്തയും പറഞ്ഞ ഏഷ്യാനെറ്റ്‌ അവാര്‍ഡ് നിശ യുടുബില്‍ കണ്ടപ്പോള്‍ അതിനെ പറ്റി നാല് വാക്ക് പറഞ്ഞിട്ടാവാം യാത്രാ വിവരണം എന്ന് കരുതി അത് മാറ്റി വച്ചു... വേറെ ഒന്നും കൊണ്ടല്ല അത്രയ്ക്ക് ചൊറിഞ്ഞു വന്നു ആ കോപ്പ്രായം കണ്ടപ്പോള്‍...!! ഇരുപതു വര്‍ഷമായത്രേ തുടങ്ങിയിട്ട്, പതിനാറ് കൊല്ലമായി അവാര്‍ഡ് കൊടുക്കുന്നു പോലും, ത്ഫു..!!!

അവാര്‍ഡ്‌ എന്താണ് എന്ന് കഴിഞ്ഞ ഇരുപതു വര്‍ഷത്തിന് ഇടയ്ക്ക് ഒരിക്കലെങ്കിലും മാധവനും കൂട്ടര്‍ക്കും ആലോചിക്കാന്‍ സമയം കിട്ടിയിരുന്നെങ്കില്‍ ഇമ്മാതിരി പേക്കൂത്ത് കാണിക്കില്ലായിരുന്നു...!! വിളിച്ചു വരുത്തിയ എല്ലാര്‍ക്കും അവാര്‍ഡ്, അത് കൈരളി ചെയര്‍മാന്‍ കൂടിയായ മമ്മുട്ടി പറയുകയും ചെയ്തു... അങ്ങനെ ആണെങ്കില്‍ ഇത് അവാര്‍ഡ് അല്ല ഗിഫ്റ്റ് ആണ്...കുറെയേറെ നേരം ഇത് കുടുംബ അവാര്‍ഡ്‌ ആണോ എന്നും സംശയം ജനിപ്പിച്ചു..!!

എന്തിനായിരുന്നു കമലാഹസനെ പോലെ ഒരു പ്രതിഭയെ അവിടെ വിളിച്ചു അപമാനിച്ചത്...ഷാരുക് ഖാന്‍ എന്ന നിലവാരം കുറഞ്ഞ ഹിന്ദി നടന്‍ എത്തിയപ്പോള്‍ കമല്‍ എന്ന അപൂര്‍വ്വ പ്രതിഭയെ സൗകര്യപൂര്‍വ്വം തഴഞ്ഞു... അല്ലെങ്കിലും ഗോസായിക്ക് മുന്‍പില്‍ നമ്മള്‍ കൂനും കുത്തി നിന്ന് വിധേയരാവുന്നത് ആദ്യമായിട്ടല്ലല്ലോ...!! ഷാരൂഖിന്റെ സ്ഥാനത് നസറുദ്ദീന്‍ ഷാ യോ നാനാ പടേക്കറോ ആയിരുന്നെങ്കില്‍ എനിക്കിങ്ങനെ പറയേണ്ടി വരില്ലായിരുന്നു...!!

മലയാളം അറിയാത്ത ഷാരുഖിനെ വേദിയില്‍ നിര്‍ത്തി മലയാളം പറയാതിരുന്ന മ-മോ താരങ്ങള്‍ അവസരത്തിന് അനുസരിച്ച് പെരുമാറി എന്ന് പറയാം... എന്നാല്‍ മറ്റുള്ള നടീ നടന്മാര്‍ക്ക് എന്തിന്‍റെ സൂകേടായിരുന്നു.. ഇവരൊക്കെ വീട്ടിലും സായിപ്പ് പോലും കേട്ടാല്‍ അറയ്ക്കുന്ന ഇംഗ്ലീഷ് പോലുള്ള ഈ വെടക്ക് ഭാഷയില്‍ ആണോ സംസാരിക്കാറ്...?? അതോ നാല് പേരുടെ മുന്‍പില്‍ മാതൃഭാഷ പറഞ്ഞാല്‍ മാനം ദുബായിലേക്ക് കപ്പല് കേറുമോ..?? ഇവിടെയും മാതൃകയായ പലരും ഉണ്ടായിരുന്നു, നെടുമുടി വേണു, ഇന്നെസെന്റ്റ്, പ്രിത്വിരാജ് തുടങ്ങിയവര്‍... അവതാരികയുടെ അവതാരോദ്ദേശം ഭംഗിയായി, പക്ഷെ അതിലും മലയാളം അന്യം നിന്നു എന്ന വിഷമം മാത്രം...!! പോരാത്തതിനു ആ അവതാരം "ചന്ത" നിലവാരം കാണിക്കുമ്പോള്‍ മാത്രം മലയാളം എടുത്തു ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നി... ഭാഷയുടെ മറ്റ് തലങ്ങള്‍ ഇന്നും ആ "മഹിളാ രത്നത്തിന്" അന്യമാണല്ലോ എന്‍റെ രമാനുജാ..!!

പിന്നെ സ്ഥിരം അങ്കംവെട്ടു തന്നെ... ലിപ് സിന്ഗിംഗ് എന്ന ശുദ്ധ തട്ടിപ്പ്.... അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മുന്‍പില്‍ അമേദ്യം സേവിക്കുന്ന ഊളകള്‍ കാട്ടിക്കൂട്ടിയ നാടകം... റെക്കോര്‍ഡ്‌ ചെയ്തു വച്ച പാട്ട് കേള്‍പ്പിക്കാന്‍ വേഷം കെട്ടി കഷ്ടപ്പെട്ട് ചുണ്ടനക്കാന്‍ നാണമില്ലേ ഇവറ്റക്ക്...!! ഇതിലും ഭേദം നിങ്ങളുടെ അധോവായു സ്വരം കേള്‍പ്പിക്കുന്നതാണ്...!! ഒന്നുമില്ലെങ്കിലും ലൈവ് ആവുമല്ലോ..!! ആ കൂട്ടത്തില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറും ഉണ്ടായിരുന്നു കേട്ടോ...!!

ഈ പരിപാടിയില്‍ അഭിനന്ദനം അര്‍ഹിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു... എം ജെ 5 എന്ന ചെറുപ്പക്കാര്‍.. നൃത്തം കൊണ്ട് നിങ്ങള്‍ ഞങ്ങളുടെ മനം കവര്‍ന്നു...മനസ് കൊണ്ട് കെട്ടിപിടിച്ചു പറയുകയാണ്‌, മക്കളെ നിങ്ങളെങ്കിലും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരെ പോലെ ഊളകള്‍ ആവരുത്, പ്ലീസ്...!! നിങ്ങള്‍ക്ക് ഒരു ഭാവി ഉള്ളതാ..!!

Thursday, January 23, 2014

കാനനം, കന്നിക്കയറ്റം (ഭാഗം 2)

 "ഠോ..!!"
മരചില്ലയുടെ ഉച്ചിയില്‍ നിന്നും കാരണം മറിഞ്ഞുകൊണ്ട്‌ ഭാരമുള്ള എന്തോ ഒന്ന് താഴേക്ക്‌ പതിച്ചു...എല്ലാരും അതിനടുത്തേക്ക് ഓടി.. കടുംകാപ്പി നിറമുള്ള പഞ്ഞിക്കെട്ടു പോലെയുള്ള ശരീരമുള്ള ഒരു ജീവി... അത് മലയണ്ണാന്‍ ആണ് എന്ന് കൂടെ വന്നവര്‍ പറഞ്ഞു തന്നു... ജീവനറ്റ് പോവാതെ ശേഷിച്ച അതിന്‍റെ കണ്ണുകളില്‍ ദയക്ക് വേണ്ടിയുള്ള അപേക്ഷ എഴുതി വച്ചെന്നപോലെ കാണാമായിരുന്നു...!! അതൊന്നും കണ്ടില്ലെന്നു വരുത്തി, കൂട്ടത്തിലൊരുത്തന്‍ അതിന്‍റെ വാലില്‍ പിടിച്ചു ചുഴറ്റി വഴിയരികില്‍ കണ്ട പായല് പിടിച്ച ചെങ്കല്‍പ്പാറയില്‍ ഒറ്റയടി..!!

അതിന്‍റെ പിടച്ചില്‍ അവസാനിച്ചു... അതിനെ എനിക്ക് നേരെ വച്ചു നീട്ടി... ഇനിയങ്ങോട്ട് മാര്ദ്ദവമായ അതിന്‍റെ വാലില്‍ പിടിച്ചു താങ്ങി നടക്കാന്‍ വിധിക്കപ്പെട്ടത് ഞാനായിരുന്നു..!! ഒരു ചെറിയ അറപ്പോടും ഭീതിയോടും കൂടി ഞാന്‍ അതിനെ വലതു തോളിലൂടെ തൂക്കിയിട്ടു വാലില്‍ പിടി വിടാതെ നടന്നു തുടങ്ങി... അതിന്‍റെ ശരീരത്തില്‍ ചൂടാറിയിട്ടില്ല.... അതെന്റെ ചുമലില്‍ ശരിക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു... ചൂര് എന്‍റെ മൂക്കിലും...!! ഇതുവരെ കണ്ട കാഴ്ച്ചകളുടെ പുനസംപ്രേക്ഷണം പോലെ വീണ്ടും മലയണ്ണാന്‍മാര്‍ പള്ളയില്‍ തിരകളേറ്റു വാങ്ങി...!! അതിനിടയില്‍ ആരോ എനിക്ക് കാലില്‍ തേക്കാന്‍ പുകയില തന്നു...അട്ട കടിക്കാതിരിക്കാന്‍ ആണത്രേ...!! പുകയില തട്ടി ചത്തുപോയ അട്ടകളെ കാലില്‍ നിന്നും തുടച്ചു കളയുന്ന കലാപരിപാടിയും ഇടയ്ക്കിടെ നടന്നു..!!

നേരമിരുളാന്‍ തുടങ്ങി...കൂടെയുള്ളവര്‍ ദൃതി വച്ചു, എത്രയും പെട്ടന്ന് ഒരു കുന്നു കയറിയിറങ്ങി അന്ന് താമസിക്കാനുള്ള സ്ഥലത്ത് എത്തണം..!! വെളിച്ചം പൂര്‍ണ്ണമായും അണയുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അവിടെ എത്തി... ഒരു ചെറിയ കാട്ടരുവിക്കു സമീപമുള്ള ഒരു ഗുഹയാണ് സ്ഥലം... സ്ഥരമായി വേട്ടക്ക് പോവുന്നവര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്...!! ഞാന്‍ നന്നേ ക്ഷീണിച്ചിരുന്നു... പച്ചമണ്ണില്‍ തന്നെ ഞാന്‍ പടിഞ്ഞിരുന്നു... വലിയ ആളുകള്‍ തീ കത്തിച്ചു ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി... അതിനു വേണ്ട അരിയും സാധനങ്ങളും അവര്‍ കരുതിയിരുന്നു... ചിലപ്പോഴൊക്കെ ആഴ്ച്ചകളോളം അവര്‍ കാട്ടില്‍ ഇത് പോലെ കഴിയാറുണ്ടത്രേ...!! ചോറും കറിയും ഉണ്ടാക്കാനാണ് തയ്യാറെടുപ്പുകള്‍... കറിയാവുന്നത് മലയണ്ണാന്‍ തന്നെ...!! തലയറുത്തു കളഞ്ഞു തൊലിയുരിഞ്ഞു അതിനെ നഗ്നനാക്കി...!! വയറ്റില്‍ തുളച്ചു കയറിയ തിരകളുടെ പാടുകള്‍ വ്യക്തമായി കാണാം... അവിടം രക്തം കല്ലിച്ചു കിടക്കുന്നു..!!

വലിയ താമസമില്ലാതെ അത്താഴം തയ്യാര്‍..!! ചോറിലേക്ക്‌ ഒഴിച്ച് തന്ന മലയണ്ണാന്‍ കറിയിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി... പേരറിയാത്ത ഭാഗങ്ങള്‍ മഞ്ഞളിലും മുളകിലും വെന്ത് കിടക്കുന്നു... പക്ഷെ, എനിക്ക് അത് ചാവുന്നതിനു മുന്‍പ് കണ്ട അതിന്‍റെ മുഖവും കണ്ണുകളുമാണ് മനസ്സില്‍ വന്നത്..!! കഴിക്കുകയല്ലാതെ വഴിയില്ല... വിശപ്പ്‌ അത്രയധികമാണ്...!! നാളെയും വൈകീട്ട് വരെ ഇത് പോലെ നടക്കാന്‍ ഉള്ളതാണ്..!! മനസ് കല്ലാക്കി ചിക്കന്‍ കറിയാണ് മുന്‍പില്‍ ഇരിക്കുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്തു..!!

നിലത്തു ഒരു ചാക്ക് വിരിച്ചു ഉറങ്ങാന്‍ കിടന്നു...കണ്ണടച്ച നിമിഷം തന്നെ ഉറക്കമെന്നെ കവര്‍ന്നു..!! മറ്റുള്ളവരുടെ സംസാരമോ അവര്‍ വലിച്ചിരുന്ന ബീഡിയുടെ രൂക്ഷ ഗന്ധമോ പോലും എന്നെ അലോസരപ്പെടുത്തിയില്ല... പിറ്റേന്ന് രാവിലെ പുലര്‍ന്നു, അല്‍പ്പം ദൂരെ മാറി കാര്യം സാധിച്ചു അരുവിയുടെ കാരുണ്യത്തില്‍ ശുദ്ധി വരുത്തി..!! അത്താഴ വിഭവങ്ങള്‍ തന്നെ ചൂട് തട്ടിച്ച് പ്രാതലായി മുന്‍പിലെത്തി...!! കുറച്ചു മാത്രം കഴിച്ചെന്നു വരുത്തി ഞാന്‍ പതിയെ വലിഞ്ഞു...!! ഇനി വീണ്ടും നടത്തമാണ്..!! കാലില്‍ പുകയില തേച്ച് നടത്തം തുടങ്ങി..!!

പേരറിയാവുന്നതും അല്ലാത്തതുമായ പല കുഞ്ഞു ജീവികളും മരചില്ലകളില്‍ നിന്നും വെടികൊണ്ട് താഴേക്ക്‌ വീണു..ചുരുക്കം ചിലത് ഉന്നം തെറ്റി ആയുസ്സ് നീട്ടിക്കിട്ടി രക്ഷപ്പെട്ടു..!! കൂടെ വന്നവരുടെ രണ്ട് കാര്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ഒന്ന് അവരുടെ ഉന്നം പിന്നെ അവരുടെ നിരീക്ഷണം... ഇത്രയധികം ഉയരമുള്ള മരങ്ങളുടെ മുകളില്‍ അത്രയധികം വെളിച്ചമില്ലാതിരുന്നിട്ടും അവര്‍ അവരുടെ അന്നത്തിനുള്ള വഴി കണ്ടെത്തി വെടി വച്ചിടുന്നത് അത്ഭുതത്തിനപ്പുറം മറ്റൊന്നുമായി എനിക്ക് തോന്നിയില്ല..!!

ഉച്ച വരെ വേട്ടയും നടപ്പുമായി നീങ്ങി..!! ഉച്ചക്ക് വിശ്രമിക്കാനും അവര്‍ക്ക് കൃത്യമായ ഇടമുണ്ട്... ഒരു വലിയ പാറമലയുടെ താഴെ...അവിടെ വേറെ രണ്ട് വേട്ടക്കാര്‍ ഉണ്ടായിരുന്നു... ഇവരുടെ പരിചയക്കാര്‍ തന്നെ... അവര്‍ കാട്ടില്‍ കയറിയിട്ട് ഒരാഴ്ച്ചയായി എന്നറിഞ്ഞു...അതിന്‍റെ കഥകള്‍ പറയുന്ന തിരക്കിലായി അവര്‍... ഇടയ്ക്കു ആദ്യമായി കാട് കാണാന്‍ ഇറങ്ങിയ ഞങ്ങളെ ഒരു പരിഹാസത്തോട്‌ കൂടെ നോക്കുന്നതും കണ്ടു...!!

പെട്ടന്നാണ് വലതു വശത്തെ മരച്ചില്ലയില്‍ ഒരു കുലുക്കം കണ്ടത്...!! ഏതോ ഇനത്തില്‍ പെട്ട ഒരു കുരങ്ങനും മക്കളും ആണ്...!! ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന്‍ വീണ്ടും തോക്കെടുത്ത് ലോഡ് ചെയ്തു കാഞ്ചി വലിച്ചു...ഒരു വലിയ ശബ്ദത്തോട് കൂടി ആ തള്ള കുരങ്ങു താഴെ വീണു... അതിന്‍റെ കരച്ചില്‍ വേറെയും...അതിന്‍റെ കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ട് മരത്തിന്‍റെ തുഞ്ചത്തേക്ക് കയറിപ്പോയി..!! ഒരു വലിയ കത്തിയെടുത്തു ഞങ്ങള്‍ അപ്പോള്‍ കണ്ടുമുട്ടിയവരില്‍ ഒരാള്‍ അതിനടുത്തേക്ക് ഓടി... കുറച്ചു സമയത്തിന് ശേഷം, അതിന്‍റെ കരച്ചില്‍ കേള്‍ക്കാതെയായി... എല്ലാരും കൂടെ ആ കുരങ്ങനെ താങ്ങിയെടുത്ത് കൊണ്ട് വന്നു അതിനെയും വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി...!! കുരങ്ങന്‍റെ കയിപ്പ് ആരോഗ്യത്തിനു നല്ലതാണു എന്നും പറഞ്ഞു കൊണ്ട് അതെടുത്തു ഒരുത്തന്‍ തൊണ്ട തൊടാതെ പച്ചക്ക് വിഴുങ്ങി...!! "ഹൌ....!!"

അന്നത്തെ ഉച്ചഭക്ഷണത്തിന് ആ കുരങ്ങിന്‍റെ രുചിയും മണവും ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ അധികം കഴിക്കാന്‍ കഴിഞ്ഞില്ല...എല്ലാ ഇറച്ചികളും കൂടെ മഞ്ഞളും ഉപ്പും ചേര്‍ത്ത് കുഴച്ചു ചാക്കിലാക്കി കെട്ടി ഞങ്ങള്‍ യാത്ര തുടര്‍ന്ന്... ഇനി കാടിറക്കമാണ്..!! പക്ഷെ അപ്പോള്‍ നിനച്ചിരിക്കാതെ മഴ വന്നു...ഹവായ് ചെരിപ്പുകള്‍ വഴുതാന്‍ തുടങ്ങി..!! അതഴിച്ചു കയ്യില്‍ പിടിച്ചു നടന്നു...!! മുള്ളുകള്‍ ഇടതടവില്ലാതെ കാലില്‍ ചുംബിച്ചു കൊണ്ടിരുന്നു...!! കാലില്‍ തേച്ച പുകയിലയെല്ലാം മഴയില്‍ ഒലിച്ചു പോയിരിക്കുന്നു, അതുകൊണ്ട് തന്നെ അട്ടകള്‍ എന്‍റെ കാലില്‍ പെരുന്നാള്‍ ആഘോഷം തുടങ്ങി..!! എല്ലാം കൂടെ ചേര്‍ന്ന് കാലില്‍ ശ്വേത വര്‍ണ്ണ ചാലുകള്‍ ഒഴുക്കാരംഭിച്ചു...!! മഴകാരണം വെളിച്ചവും കുറഞ്ഞു...ചിലരുടെ തലയില്‍ ഉള്ള ഹെഡ് ലാമ്പ് മാത്രമാണ് ശരണം...!!കാഴ്ച്ച കുറഞ്ഞത്‌ കൊണ്ട് തന്നെ ഞാന്‍ പല തവണ കാലു തെറ്റി താഴെ വീണു..!! പിന്നെയും മണിക്കൂറുകള്‍ നടന്നതിനു ശേഷമാണ് ഞങ്ങള്‍ നാടെത്തിയത്...!!

മനോഹരമായ ഹരിതവന്യ സൗന്ദര്യം ആസ്വദിക്കുന്നതിനു പകരം കുറെ ക്രൂരമായ കാഴ്ചകളും അട്ടകളും മുള്ളുകളും മഴയുമേല്‍പ്പിച്ച ചില വേദനകളും വെറുപ്പും മാത്രമായി എന്‍റെ ആദ്യ കാനന യാത്ര...!! വീട്ടിലെ ഷവറിന്റെ താഴെ നിന്നപ്പോള്‍ കാലിലെ മുറിവുകളില്‍ നിന്നും നീറ്റല്‍..!! പക്വതയെത്താത്ത ഈ ചെറു പോറലുകള്‍ എനിക്കിത്രയും നീറ്റല്‍ സമ്മാനിച്ചുവെങ്കില്‍ തിര തറഞ്ഞു പോയ ആ കുഞ്ഞു മൃഗങ്ങളുടെ അവസ്ഥയെന്തായിരുന്നിരിക്കും...???
(അവസാനിച്ചു)

Wednesday, January 22, 2014

കാനനം, കന്നിക്കയറ്റം (ഭാഗം 1)

മീശ മുളക്കാന്‍ തുടങ്ങിയ കാലം, നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് ഒരു യാത്ര പോയി.. കൂടെ മറ്റൊരു ബന്ധുവം..!! ചെന്ന പാടെ ഓഫര്‍ വന്നു, അവിടെ ചില ചേട്ടന്മാര്‍ കാട്ടില്‍ വേട്ടക്ക് പോവുന്നു, വരുന്നോ എന്ന് ചോദിച്ചു...!! ഇത് വരെ കാട്ടില്‍ പോയിട്ടില്ല, കൈവന്നു കിട്ടിയ അവസരമാണ്, വേണ്ടെന്നു വയ്ക്കാന്‍ തോന്നിയില്ല...!! കണ്ണില്‍ തിളക്കവും തലകൊണ്ട് ആട്ടവുമായി ഞങ്ങള്‍ സമ്മതം മൂളി.. സത്യം പറഞ്ഞാല്‍ "കാട്" എന്ന് മാത്രമേ കേട്ടുള്ളൂ, "വേട്ട" കേട്ടില്ലായിരുന്നു..!!

ഒരുക്കം തുടങ്ങി, സത്യം പറഞ്ഞാല്‍ അപ്പോഴാണ്‌ ഇതിന്‍റെ ഗൗരവം മനസിലായത്... ചില്ലറ ഏര്‍പ്പാടല്ല, തട്ടുമ്പുറത്തു നിന്നും ഡബിള്‍ ബാരല്‍ ഗണ്ണ്‍ എടുത്തു അതില്‍ എണ്ണയിട്ടു മിനുക്കി, പല വലിപ്പത്തില്‍ വെടിയുണ്ടകള്‍... ബുള്ളെറ്റ് കേസില്‍ ഇരുമ്പുണ്ടകളും വെടിമരുന്നും നിറച്ചു ഉണ്ടയും റെഡി...!! ഞങ്ങള്‍ക്ക് ധരിക്കാന്‍ കറപുരണ്ട രണ്ട് കാക്കി ഷര്‍ട്ടും ലുങ്കിയും രണ്ട് ജോഡി തേഞ്ഞു ബ്ലേഡ് രൂപത്തിലായി പുള്ളി വീണ ഹവായ് ചെരിപ്പുകളും..!!

ഉച്ച തിരിഞ്ഞു കാടു കയറാന്‍ തുടങ്ങി... കുറച്ചു നീങ്ങയപ്പോള്‍ മുതല്‍ അന്തരീക്ഷം മാറി... കൊടും കാട്, വെളിച്ചം നന്നേ കുറവ്...മിണ്ടാന്‍ പോലും പാടില്ല..!! കാട് പുതിയ അനുഭവമായ ഞങ്ങള്‍ക്ക് പക്ഷെ ഈ നിയമങ്ങളെ പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല..!! പക്ഷെ മറ്റുളവരുടെ തീക്ഷ്ണമായ നോട്ടങ്ങള്‍ ഞങ്ങളുടെ രസം കെടുത്തി...!! നടക്കുന്നതിനിടയില്‍ കാലിന്റെ മടമ്പില്‍ ഹവായിയുടെ പിന്‍ഭാഗം ദയയില്ലാതെ തിരിച്ചടിച്ചു കൊണ്ടിരുന്നു...!! ആ സംഘര്‍ഷത്തില്‍ ഉണ്ടായ ശബ്ദത്തിനും നിഭാഗ്യവശാല്‍ ഞങ്ങള്‍ ഉത്തരവാദിയായി..!! അര്‍ത്ഥ ഗര്‍ഭങ്ങളായ ചുവന്ന കണ്ണിണകള്‍ ഞങ്ങള്‍ക്ക് നേരെ വീണ്ടും തിരിഞ്ഞു..!!

വളരെ പാടുപെട്ടു വായില്‍ നിന്നും കാലില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന ശബ്ദങ്ങളെ ഒളിപ്പിച്ചു നിര്‍ത്തി..!! കുറച്ചു കഴിഞ്ഞപ്പോള്‍  മുന്‍പില്‍ നടന്നിരുന്നവര്‍ എല്ലാം പോടുന്നനെ നിന്നു...!! അവരുടെ ചുണ്ടിനു കുറുകെ ചൂണ്ടു വിരല്‍ വച്ചുകൊണ്ട് ശബ്ദിക്കരുത് എന്ന് ആഗ്യം കാണിച്ചു..!! കൂട്ടത്തില്‍ മുന്‍പേ നടന്നവന്‍ വലതു തോളില്‍ ചേര്‍ത്ത് തോക്ക് മുകളിലേക്ക് ഉന്നം പിടിച്ച് ഒറ്റക്കണ്ണടച്ചു നിന്നു..!! ഞാന്‍ മുകളിലേക്ക് നോക്കി പരത്തി... പക്ഷെ മരച്ചില്ലകളും ഉണങ്ങിയതും അല്ലാത്തതുമായ ഇലകളും അല്ലാതെ മറ്റൊന്നും കണ്ടില്ല...!! പെട്ടന്ന് ആ തോക്ക് തീ തുപ്പി... "ഠോ..!!"

(തുടരും)

Thursday, January 16, 2014

ഹംപി, നഷ്ടപ്രതാപങ്ങളുടെ വില്‍പ്പന കാഴ്ചകള്‍..(ഭാഗം 3)

പുലര്‍ച്ചക്ക് നാല് മണിക്ക് തന്നെ എഴുന്നേറ്റ് ഓരോരുത്തരായി ഒന്നും രണ്ടുമൊക്കെ സാധിച്ചു തയ്യാറായി.. അഞ്ചു മണിയോടെ റൂമില്‍ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി.. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്നാണ് മാതംങ്ക ഹില്‍ കയറാനുള്ള വഴി തുടങ്ങുന്നത്...ഒരു ടോര്‍ച്ചിന്റെ വെളിച്ചത്തിന്റെ സഹായത്തോടെ ഞങ്ങള്‍ മൂന്ന് പേരും കുന്നു കയറാന്‍ തുടങ്ങി... അത്ര അധികമൊന്നും കയറാന്‍ ഉണ്ടായിരുന്നില്ല...പക്ഷെ ഉള്ളത് കുറച്ചു കുത്തനെ ഉള്ള കയറ്റമായിരുന്നു.. ചില സ്ഥലങ്ങളില്‍ മിനുസമുള്ള പാറയില്‍ സൂക്ഷിച്ച് ചവിട്ടി ചെറിയ സര്‍ക്കസ്സ് കളിച്ചു വേണം മുകളില്‍ കയറിപ്പറ്റാന്‍... കാലു തെന്നിയാല്‍ പരിപാടി തീര്‍ന്നു, ജീവിതത്തിനു കര്‍ട്ടന്‍ വീഴും എന്നുറപ്പ്... കാരണം, താഴെ പാറക്കൂട്ടങ്ങള്‍ അല്ലാതെ ഒന്നും ഇല്ല..!! വഴിയറിയാതെ നിന്ന ഒരു വിദേശി ദമ്പതികളെ സഹായിച്ചു ഏതാണ്ട് ഒരു അരമണിക്കൂറില്‍ ഞങ്ങള്‍ മുകളില്‍ എത്തി..!!

ആ കുന്നിന്‍റെ മുകളില്‍ ഒരു മുനയിലെന്നോണം നില്‍ക്കുന്ന ഒരു അമ്പലം ഉണ്ട്...സൂര്യന്‍ ഉദിക്കുന്ന ദിശ നോക്കിയപ്പോള്‍ അവിടേക്ക് ശരിയായ ഒരു കാഴ്ച്ച കിട്ടുന്നത് പോലെ അല്ല ക്ഷേത്രത്തിന്‍റെ കിടപ്പ്... അപ്പൊ ഇതിനു മുന്‍പ് കണ്ട ഫോട്ടോകള്‍ എവിടെ നിന്നും എടുത്തതാണാവോ..??? അതോ ഞങ്ങള്‍ കയറി എത്തിയ സ്ഥലം മാറിയോ...?? ഇവിടെയാണെങ്കില്‍ ഞങ്ങളും കൂടെ വന്ന രണ്ട് വിദേശികളും അല്ലാതെ വേറെ ആരുമില്ല..!! ആകെ സംശയമായി... ടോര്‍ച്ചെടുത്ത് അകത്തു കയറി നോക്കി... ക്ഷേത്രത്തിന്‍റെ മുകളില്‍ കയറാന്‍  ചെറിയ പടികള്‍ കണ്ടു... അവിടെ ആളനക്കവും ഉണ്ട്...!! മുകളില്‍ കുറെ വിദേശികള്‍ സ്ഥലം പിടിച്ചിരിക്കുന്നു... കണ്ടിട്ട് തലേ ദിവസം തന്നെ വന്നു തമ്പടിച്ച ലക്ഷണം ഉണ്ട്...!! പുലര്‍ച്ചക്ക് ടോര്‍ച്ചടിച്ചു വന്ന ഞങ്ങള്‍ അവരുടെ ഉറക്കം കെടുത്തി..!!

ക്ഷേത്രത്തിന്‍റെ മുകളില്‍ നിന്നും നോക്കിയാല്‍ ഒരുവിധം ഹംപി മുഴുവനും കാണാം...!! ചെറിയ തണുപ്പുള്ള കാറ്റടിച്ചു കൊണ്ടിരുന്നു അവിടെ...ഇതിലൊന്നും നമ്മുടെ നാട്ടുകാര്‍ക്ക് താല്‍പ്പര്യം ഇല്ല എന്ന് തോന്നുന്നു...നാലോ അഞ്ചോ പേരൊഴിച്ചാല്‍ അന്നവിടെ ഉണ്ടായിരുന്നത് മുഴുവനും വിദേശികള്‍ ആയിരുന്നു... സൂര്യന്‍ ഉദിക്കുന്നത് വരെ ഞങ്ങള്‍ കാത്തു നിന്നു...!! ചിലര്‍ ആ സമയം അവിടെ പ്രാണായാമം ചെയ്യുന്നുണ്ടായിരുന്നു..!! ഇടയ്ക്കു ഒരു ട്രൈപോടും കൊണ്ട് നില്‍ക്കുന്ന ഒരു സായിപ്പിനെ കണ്ടപ്പോള്‍ തലേ ദിവസത്തെ ട്രൈപോട് ഖാണ്ഡം വിവരിച്ചു...!! ആ നിയമത്തെ കുറിച്ച് കേട്ടപ്പോള്‍, ഒറ്റ വാക്കായിരുന്നു പ്രതികരണം..

"ബുള്‍ഷിറ്റ്‌...!!"

ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു.. 1983 മുതല്‍ വീട് വിട്ടു യാത്ര തുടങ്ങിയ അയാളുടെ പേര് റെനോണ്‍.. ഇംഗ്ലണ്ട് സ്വദേശം..ഇത് വരെ 60 രാജ്യങ്ങളില്‍ സഞ്ചരിച്ചു..!! ഇന്ത്യയില്‍ ആദ്യമായിട്ടാണ്...ഇന്ത്യയുടെ ചരിത്രത്തില്‍ ആകൃഷ്ടനായി ഇവിടെയെത്തിയ അദ്ദേഹം ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടു നിരാശനായിരുന്നു..!! ഈ രാജ്യം കുളം തോണ്ടുന്നത് ഇവിടത്തെ രാഷ്ട്രിയക്കാര്‍ ആണ് എന്ന് അദ്ദേഹവും മനസിലാക്കിയിരിക്കുന്നു...!! റെനോണ്‍ സംസാരിക്കുന്നതിനിടയില്‍ കണ്ണും തിരുമ്മിക്കൊണ്ട് സൂര്യന്‍ ഉണര്‍ന്നു, തിരുമ്മിയത്‌ കൊണ്ടാവാം ഉദയത്തിനു നല്ല ചുവപ്പ്..!! കുറേയധികം ഫോട്ടോ എടുത്തു...!! നല്ല വെളിച്ചം വന്നപോഴേക്കും സഹമുറിയന്‍ പ്രമോദ് പതിവ് പോലെ ദൃതി വച്ചു തുടങ്ങി...!! ഈ ദൃതി എന്ന സംഭവം കണ്ടു പിടിച്ചത് തന്നെ ഇവനാണ് എന്ന് തോന്നുന്നു..!! പതുക്കെ ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി..!!

വെളിച്ചം വന്നതോടെ ചുറ്റിലുമുള്ള അഗാധ ഗര്‍ത്തങ്ങള്‍ ഞങ്ങളെ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആക്കി..!! ഇരുന്നും നിരങ്ങിയുമെല്ലാം പതിയെ ഞങ്ങള്‍ താഴെ എത്തി...ഞങ്ങള്‍ കയറാന്‍ തുടങ്ങിയ സ്ഥലമെത്തിയപ്പോള്‍ ഇടത്തോട്ട് വേറെ ഒരു വഴി, ഒരു ബോര്‍ഡും "easy route to the hilltop"..!! പ്രമോദിന്‍റെ രൂക്ഷമായ നോട്ടത്തില്‍ ഞാന്‍ ദഹിച്ചില്ല എന്നെ ഉള്ളൂ..!!

തിരിച്ചു മുറിയിലെത്തി, പെട്ടന്ന് തന്നെ കുളിച്ചു റെഡിയായി റൂം വെക്കേറ്റ് ചെയ്തു ഞങ്ങള്‍ ഇറങ്ങി... രാവിലെ ദോശ കഴിച്ചേക്കാം എന്ന് കരുതി ബസാറിന്റെ തുടക്കത്തില്‍ ഉള്ള ആദ്യത്തെ കടയില്‍ തന്നെ കയറി... നല്ല ബോറന്‍ ഭക്ഷണം.. അതിന്‍റെ ക്ഷീണം മാറ്റാന്‍ റോഡരികിലെ തട്ടുകടയില്‍ കയറി ഒന്നുകൂടെ ഭക്ഷണം കഴിച്ചു... ഇത് കുറച്ചു ഭേദമാണ് എന്ന് മാത്രം..!! കടകള്‍ ഒന്നൊന്നായി തുറന്നു തുടങ്ങി ബസാറില്‍... ഇന്ത്യന്‍ സംസ്കാരം നിറമാര്‍ന്ന പരുത്തി തുണികളിലും, കരിങ്കല്ലിലും, ലോഹാഭരണങ്ങളിലും, ആയുര്‍വേദത്തിലും ഭക്ഷണത്തിലും എല്ലാം നിറച്ചു തെരുവില്‍ വാണിഭത്തിനു നിരന്നു..!!

വണ്ടിയെടുത്തു നേരെ പോയത് വിട്ടാള ക്ഷേത്രത്തിലേക്ക്, വണ്ടി പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ ഗോള്‍ഫ് കാര്‍ട്ടില്‍ കയറി.. ഇനി ഒരു കിലോമീറ്റര്‍ ഇതിലാണ് യാത്ര... മണ്പാതയുടെ അരികില്‍ ചില ചെറിയ ക്ഷേത്രങ്ങളും പുഷ്കരണിയും എല്ലാം ഉണ്ട്..അത് ചെന്ന് ചേരുന്നത് വിട്ടാള ക്ഷേത്രത്തിന്‍റെ മുറ്റത്താണ്‌... പ്രമോദ് ടിക്കറ്റ്‌ എടുക്കാന്‍ പോയ സമയത്ത് ഞാന്‍ ആ പാതി പൊളിഞ്ഞ ഗോപുരത്തിന്റെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു...!!

വിട്ടാളയില്‍ പ്രധാനമായും നാല്  ഭാഗങ്ങള്‍ ആണ് ഉള്ളത്, കരിങ്കല്‍ തേര്, ഭജമണ്ഡപം, കല്യാണമണ്ഡപം, മ്യൂസിക്കള്‍ പില്ലെര്സ്, പ്രധാന മണ്ഡപം ചേര്‍ന്ന ക്ഷേത്രം..!! ഇതില്‍ തന്നെ ഏറ്റവും വിശേഷപ്പെട്ടത് കരിങ്കല്‍ തേരാണ്..!! ഇന്ത്യയില്‍ ആകെ മൂന്ന് സ്ഥലത്ത് മാത്രമേ ഇത് പോലുള്ള കരിങ്കല്‍ തെരുള്ളൂ.. ഒറീസയിലെ കൊനാര്‍കിലും പിന്നെ ചെന്നൈയിലെ മഹാബളിപുരത്തും ആണ് മറ്റു രണ്ടെണ്ണം..!! രാജാക്കന്‍മാരുടെ കല്യാണം നടക്കാറുള്ള കല്യാണ മണ്ഡപം കൊത്തു പണി കൊണ്ട് സമ്പന്നമാണ്..!! പ്രധാന മണ്ഡപത്തില്‍ എന്തൊക്കെയോ മരാമത്ത് പണികള്‍ നടക്കുന്നു.. അങ്ങോട്ട്‌ പ്രവേശനമില്ല... അത്ഭുതങ്ങള്‍ കൊതി വച്ച വിട്ടാളയില്‍ ഞങ്ങള്‍ കുറെ നേരം ചിലവഴിച്ചു... ക്ഷേത്രത്തിന്‍റെ അരികിലൂടെ തന്നെ തുംഗഭദ്ര ഒഴുകുന്നു...നദിക്കു മറുവശത്ത് ദൂരെ മലമുകളില്‍ ആനെഗുടിയും ക്ഷേത്രവും കാണാം..!! ക്ഷേത്രത്തിനു പുറത്തിറങ്ങി അവിടത്തെ പുഷ്കരണിയും കണ്ടു..!! പുറത്തു വില്‍പ്പനക്കുണ്ടായിരുന്ന കോല്‍ഐസ് വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചു പോയി..!! പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നല്ല തിരക്ക്, കൂടുതലും വിനോദയാത്രക്ക് വന്ന കുട്ടികള്‍... ക്ഷേത്രം കാണുന്നതിലും ആവേശത്തില്‍ ഐസും സോഡാസര്‍ബത്തും അരിനെല്ലിക്കയും ഉപ്പിലിട്ട മാങ്ങയുമെല്ലാം വാങ്ങുന്ന ബഹളത്തിലായിരുന്നു അവര്‍..!!

വണ്ടിയില്‍ കയറി ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയില്‍ ജൈനക്ഷേത്രവും ഭീമ ഗെയിറ്റ് എന്ന ഭീമന്‍ കവാടവും കണ്ടു..!! പിന്നെ നേരെ ബാംഗളൂര്‍ക്ക്..!!
(അവസാനിച്ചു)

Tuesday, January 14, 2014

ഹംപി, നഷ്ടപ്രതാപങ്ങളുടെ വില്‍പ്പന കാഴ്ചകള്‍..(ഭാഗം 2)

അധികം വിശ്രമിക്കാന്‍ സമയമില്ല...  കുറേയേറെ കാണാന്‍ ഉണ്ട്, പെട്ടന്ന് തന്നെ മുറി പൂട്ടി ഞങ്ങള്‍ ഇറങ്ങി.. വേണ്ടും ഹംപി ബസാറിന്‍റെ വിരിമാറിലൂടെ നടന്നു... നേരെ തുംഗഭദ്ര നദിയുടെ തീരത്തേക്ക്... അവള്‍ അതീവ ശാന്തയായി കാണപ്പെട്ടു, എന്നാല്‍ അവളുടെ ഗര്‍ഭത്തില്‍ ഒളിച്ചിരിക്കുന്ന അപാര ചുഴികളെ കുറിച്ച് അപകട മുന്നറിയിപ്പുകള്‍ അങ്ങിങ്ങായി കാണാം..!! തീരം എന്ന് പറയുന്നത് മിനുസമുള്ള വലിയ പാറയാണ്‌... അതില്‍ തുണിയലക്കി കുളിക്കുന്ന ഒരുകൂട്ടര്‍... കുറെപേര്‍ കുട്ടവഞ്ചിയില്‍ നദിയിലൂടെ സഞ്ചരിക്കുന്നു... തീരത്തോട് ചേര്‍ന്ന് നീളത്തില്‍ ഒരു കല്‍മണ്ഡപവും..കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം ഞങ്ങള്‍ വീണ്ടും നടന്നു...!!

പോവുന്ന വഴിയിലെല്ലാം വിട്ടാള ക്ഷേത്രത്തിലേക്കുള്ള വഴി കാണിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍.. ഞങ്ങളുടെ മുറിയില്‍ നിന്നും ഏതാണ്ട് 2 കിലോമീറ്റര്‍ നടക്കാനുണ്ട് ആ ക്ഷേത്രത്തിലേക്ക്... കുറച്ചു നടന്നപോഴേക്കും എല്ലാരും തളര്‍ന്നു.. തലയ്ക്കു മീതെ ഒരു ദയയും ഇല്ലാതെ കത്തി ജ്വലിച്ച സൂര്യന്‍ ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിച്ചു...!! പാറകൊണ്ട് പണിത വഴിയിലൂടെ നടന്നു ഞങ്ങള്‍ ഒടുവില്‍ പ്രധാന പുഷ്കരണിയില്‍ എത്തി..!! പുഷ്കരണി എന്നാല്‍ കുളമാണ്... നടുവില്‍ ഒരു മണ്ഡപം, ചുറ്റിലും കരിങ്കല്‍ പടവുകള്‍..!! പക്ഷെ, ഈ സമയത്ത് പുഷ്കരണിയില്‍ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നില്ല..ഉള്ളത് തന്നെ ആവശ്യത്തിലധികം മലിനമായിരിക്കുന്നു... ഞങ്ങള്‍ വീണ്ടും നടന്നു...

കുറച്ചു കൂടെ നടന്നപ്പോള്‍, ഹംപിയിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ കിങ്ങ്സ് ബാലന്‍സില്‍ എത്തി... രാജാവിനെ തുലാഭാരം തൂക്കുന്ന സ്ഥലമാണ്‌ അത്... അതിന്‍റെ ശേഷിപ്പുകളായി ചങ്ങലകെട്ടാന്‍ വേണ്ടുന്ന കൊളുത്തുകളോടു കൂടിയ കരിങ്കല്‍ തൂണുകള്‍ നിലനില്‍ക്കുന്നു... തൊട്ടടുത്ത്‌ കിടക്കുന്ന വിട്ടാള ക്ഷേത്രം നാളെ കാണാം എന്ന് കരുതി ഞങ്ങള്‍ തിരിച്ചു നടന്നു.. അടുത്തത് അച്ചുതരായ ക്ഷേത്രമാണ്...പുഷകരണി വഴി തന്നെ തിരിച്ചു പോവണം.. കല്‍ത്തൂണുകള്‍ നിരന്നിരിക്കുന്ന പുഷ്കരണിയുടെ അരികിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് നടന്നു.. പാതി ക്ഷയിച്ച ഒരു ഗോപുരവും കടന്ന് ഞങ്ങള്‍ അകത്തു കയറി...മേല്‍ക്കൂര നഷ്ടമായ തൂണുകളും കൊത്തു പണി കൊണ്ട് സമ്പന്നമായ ക്ഷേത്ര വളപ്പും ഇവിടത്തെ പ്രത്യേകതയാണ്...!! അല്‍പ്പ നേരം അവിടെ ചിലവിട്ടു ഞങ്ങള്‍ തിരിച്ചു കാറിനടുത്തേക്ക് പോയി...!!

ഇനി പോവനുള്ള സ്ഥലങ്ങള്‍ അല്‍പ്പം ദൂരെയാണ്, ആദ്യം അണ്ടര്‍ഗ്രൌണ്ട് ടെമ്പിള്‍ എന്ന ക്ഷേത്രത്തിലേക്ക്... ക്ഷേത്രത്തിന്റെ മുക്കലും ഭൂമിക്കടിയിലാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത...!! കൂടുതല്‍ കൊത് പണികള്‍ ഒന്നുമില്ല... ശ്രീകോവിലിലേക്ക് നടന്നു പോവാന്‍ കഴിയില്ല.. അവിടെ വെള്ളം മൂടിയിരിക്കുന്നു... അത് വളരെയധികം മലീമസമായിരിക്കുന്നു..!! അത് കഴിഞ്ഞു ഞങ്ങള്‍ പോയത് ഹസാരരാമ ക്ഷേത്രത്തിലെക്കായിരുന്നു..!! വിട്ടാലക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ ക്ഷേത്രമാണ്..!!

കൊത്തുപണികള്‍ കൊണ്ട് സമ്പുഷ്ടമായ ക്ഷേത്രം, രാമായണത്തിലെ അദ്ധ്യായങ്ങള്‍ അവിടത്തെ ചുവര്കളില്‍ മനോഹരമായി കൊത്തിവച്ചിരിക്കുന്നു...!! എന്‍റെ ക്യാമറ നിലക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു..!! ഹംപി സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ഇവിടം സന്ദര്‍ശിക്കാതെ തിരിച്ചു വരരുത്..!! 

അവിടെ നിന്നും പിന്നെ പോയത് ലോട്ടസ് മഹലിലെക്കും പിന്നെ എലഫന്റ്റ് സറ്റാബള്‍ എന്ന ആനക്കോട്ടയിലെക്കും ആയിരുന്നു... ഇത് രണ്ടും സുല്‍ത്താന്മാരുടെ സംഭാവനയാണ്..!! ഇതിനു രണ്ടിനും മുന്‍പില്‍ ചിത്രം വരയ്ക്കാന്‍ ഇരിക്കുന്ന ഒരു കൂട്ടം ചിത്രകലാ വിദ്യാര്‍ത്ഥികളെ കണ്ടു.. അധികമാരെയും ശല്യപെടുത്താതെ ഞങ്ങള്‍ അടുത്ത കേന്ദ്രത്തിലേക്ക്, 

വിശാലമായ മൈതാനം, അതിന്‍റെ അറ്റത്ത്‌ രാജാവിന്‌ പ്രജകളെ കാണാന്‍ വേണ്ടിയുള്ള വലിയ കരിങ്കല്‍ മേട, കിങ്ങ്സ് എന്ക്ലോഷര്‍..!! മൈതാനത്തില്‍ മറ്റൊരു ഭൂഗര്‍ഭ ക്ഷേത്രം കൂടി... പിന്നെ ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ പുഷ്കരണിയും...!! സൂര്യാസ്തമയം ഇവിടെ നിന്ന് തന്നെയാവാം എന്ന് നിശ്ചയിച്ചു... !! കുറച്ചു കൂടെ സമയം ഉണ്ട്... വിലപ്പെട്ട സമയം പാഴാക്കാതെ ഞങ്ങള്‍ തൊട്ടടുത്ത ക്യൂന്‍സ് ബാത്തിലേക്ക്...!! 

പഴയ രാജ്ഞിയുടെ കുളിപ്പുരയാണ് ക്യൂന്‍സ് ബാത്ത്...കുളിസീന്‍ നാടുകാര്‍ കാണാതിരിക്കാന്‍ നാല് ചുമരുകളും അതില്‍ പടികളും കൂടാരവും ഉള്ള ഒരു സുന്ദരന്‍ കുളിപ്പുര, ഇന്ന് പക്ഷെ അവിടെ വെള്ളമില്ല...ചുമരില്‍ നിറയെ സഞ്ചാരികളുടെ പേരുകള്‍ കല്ലുകൊണ്ട് വരഞെഴുതി വൃത്തികേടാക്കി വച്ചിരിക്കുന്നു...!! ഞങ്ങള്‍ തിരിച്ചു  കിങ്ങ്സ് എന്ക്ലോഷറിലേക്ക് പോയി...!! ആ വലിയ സ്റ്റേജിന്റെ മുകളില്‍ കയറി... സൂര്യന്‍ അസ്തമിക്കാറായി...!! 

ഞാന്‍ ട്രൈപോഡ് തയ്യാറാക്കിയപോഴേക്കും ഗാര്‍ഡ് ഓടി വന്നു.. അവിടെ ട്രൈപോഡ്‌ പാടില്ലത്രേ...!! വിചിത്രമായ നിയമം... അതിനുള്ള കാരണം ചോദിച്ചിട്ട് അങ്ങേര്‍ക്കു വലിയ പിടിയില്ല..!! ട്രൈപോഡ്‌ ഉപയോഗിക്കാന്‍ പ്രത്യേകം കാശു കൊടുത്തു അനുമതി വാങ്ങണം...!! കഷ്ടം..!! ബോധമില്ലാത്തവര്‍ ഉണ്ടാക്കിയ ഒരോ നിയമങ്ങള്‍...!! അസ്തമിക്കാന്‍ തുടങ്ങിയ സൂര്യനോട് പരിഭവം പറഞ്ഞുകൊണ്ട് ഞാന്‍ കുറച്ചു പടമെടുത്തു...!! ചക്രവാളത്തില്‍ ചെംചായം പൂശി സൂര്യന്‍ താഴ്ന്നിറങ്ങി..!!

റൂമിലെത്തി കുളിച്ചു വൃത്തിയായി ഞങ്ങള്‍ ബാസാറിലേക്കിറങ്ങി, ഇനി ഭക്ഷണം കഴിക്കണം....ചില്‍ഔട്ട്‌ എന്ന ഒരു ഹോട്ടലില്‍ കയറി, നല്ല ഭക്ഷണം വലിയ കത്തിയല്ലാത്ത ബില്ലും..!! തിരിച്ചു റൂമിലേക്ക്‌, ക്ഷീണം ഉള്ളത് കൊണ്ട് ഉറങ്ങാന്‍ പണിപ്പെട്ടില്ല..!! പിറ്റേന്ന് രാവിലെ പുലര്‍ച്ചക്ക് എഴുന്നേറ്റു മതംഗ ഹില്ല്സ് കയറണം, ഉദയം കാണാന്‍..!!

(തുടരും)

Wednesday, January 8, 2014

ഹംപി, നഷ്ടപ്രതാപങ്ങളുടെ വില്‍പ്പന കാഴ്ചകള്‍..(ഭാഗം 1)

ഏഴു വര്‍ഷമായി കര്‍ണാടകയില്‍ താമസിക്കുന്നു, എന്നിട്ടും ഹംപിയില്‍ പോയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... ഒറ്റയ്ക്കുള്ള ഒരു അലച്ചില്‍ ആയിരുന്നു ആദ്യം മനസ്സില്‍, പക്ഷെ കുറച്ചു കൂട്ടുകാര്‍ക്ക് കൂടെ വരാന്‍ താല്‍പര്യം ഉണ്ട് എന്നറിഞ്ഞത് കൊണ്ട് ദിവസവും സമയവും എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച ഒരു യാത്രയായി അത് മാറി...!! ശനിയാഴ്ച്ച പുലര്‍ച്ചക്ക് ഇറങ്ങാന്‍ തീരുമാനിച്ചു... കൂടെ വരാമന്നേറ്റ രണ്ട് പേര്‍ തലേന്ന് രാത്രി തന്നെ വരാന്‍ കഴിയില്ല എന്നറിയിച്ചു... എന്തായാലും നിശ്ചയിച്ച യാത്ര മാറ്റാന്‍ ഭാവമില്ല, അതുകൊണ്ട് ഉള്ളവരുമായി യാത്ര പോവാന്‍ തീരുമാനിച്ചു, പ്രമോദ് എന്ന സഹമുറിയന്‍, പിന്നെ പഴയ സഹമുറിയന്‍ ഹരീഷ്... പുലര്‍ച്ചക്ക് തന്നെ ഹരീഷിന്‍റെ കാറില്‍ ഞങ്ങള്‍ യാത്ര തുടങ്ങി...!!

പോവുന്ന വഴിയില്‍ ഭക്ഷണം കഴിച്ചു, നല്ല അറുബോറന്‍ ഭക്ഷണം, കഴുത്തറുപ്പന്‍ വില, കട നടത്തുന്നത് മലയാളികളും...!! യാത്ര തുടര്‍ന്നു, ചിത്രദുര്‍ഗ്ഗ വരെ നല്ല റോഡുണ്ട്‌, നാലുവരി പാത തന്നെ... പക്ഷെ പിന്നെ കഥ മാറും.. !! വാരിക്കുഴി പോലുള്ള ഗര്‍ത്തങ്ങള്‍ റോഡിന്‍റെ നടുക്കുതന്നെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു...!! അതില്‍ ഇറങ്ങിയും കയറിയും വട്ടം പിടിച്ചും ഒക്കെ വേണം ഹോസപെട്ട് വഴി ഹംപിയിലേക്ക്..!! വഴി നിറയെ വലിയ ലോറികള്‍ വരി വരിയായി പോവുന്നു.. അതിനിടയിലൂടെ ഉള്ള ഡ്രൈവിംഗ് വലിയ സുഖമൊന്നും തോന്നിയില്ല..!! വഴിയരികില്‍ കണ്ടു തുടങ്ങിയ പാറക്കൂട്ടങ്ങളും കരിങ്കല്‍ മണ്ഡപങ്ങളും ഹംപി എത്താറായി എന്ന ലക്ഷണം കാണിച്ചു..!! 

വണ്ടി പാര്‍ക്ക് ചെയ്ത് ആദ്യം പോയത് അവിടത്തെ ഗണേശ ക്ഷേത്രത്തിലേക്കായിരുന്നു..!! അതിനോട് ചേര്‍ന്ന് ഒട്ടനവധി മറ്റ് ക്ഷേത്രങ്ങളും ഉണ്ട്... എല്ലാം ഒരു പറക്കുന്നിനു മുകളില്‍ പലയിടത്തായി ചിതറി കിടക്കുന്നു...പാറക്കുന്നിനു അപ്പുറം പ്രസിദ്ധമായ വീരുപക്ഷ ക്ഷേത്രം..!! അതിന്‍റെ ഗോപുരം നല്ല ഉയരത്തില്‍ തന്നെ കാണാം..!! ഹംപിയില്‍ സ്ഥിരമായി ഇന്ന് പൂജ നടക്കുന്നത് വീരുപക്ഷ ക്ഷേത്രത്തില്‍ മാത്രമാണ്... ഗണേശ ക്ഷേത്രവും മറ്റും ചുറ്റി നടന്നു ഫോട്ടോ എടുത്തു ഞങ്ങള്‍ വീരുപക്ഷ ക്ഷേത്രത്തിലേക്ക് നടന്നു...!!

പോവുന്ന വഴിയില്‍ സന്യാസികളുടെ വേഷമിട്ട മൂന്ന് പേര്‍, വിദേശികള്‍ അവരുടെ കൂടെ നിന്ന് തൊഴുതു ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു..!! ഹംപിയിലെ സന്ദര്‍ശകര്‍ കൂടുതലും വിദേശികള്‍ ആയതുകൊണ്ട് തന്നെ അവരെ കൗതുകപ്പെടുത്താന്‍ ഇത്തരം ഒരുപാട് കാഴ്ചകള്‍ ഇവിടെ ഉണ്ട്... കപട സന്യാസികളുടെ ഫോട്ടോ ദൂരെ നിന്നെടുത്ത് ഞങ്ങള്‍ ക്ഷേത്രത്തിനു അകത്തേക്ക് നടന്നു... ക്ഷേത്രം ദര്‍ശനത്തിനും ഫീസ്‌ ഉണ്ട്... 3 രൂപ, പക്ഷെ കടുത്തത്‌ ക്യാമറ ഫീ ആണ്, 50 രൂപ..!! നമ്മളെയും പിഴിഞ്ഞു...!! 50 രൂപ കൊടുത്ത് ഫോട്ടോ എടുക്കാന്‍ മാത്രം ഒരു കോപ്പും അതിനകത്തില്ല എന്നതാണ് വാസ്തവം...!! എന്തായലും കാശ് കൊടുത്തതല്ലേ എന്ന് കരുതി അവിടെയും ഇവിടെയും എല്ലാം ഫോട്ടോ എടുത്തു.. അമ്പലത്തിലെ പൂജാരി കൂട്ടമണി അടിച്ചു ആളുകളെ അകത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പോക്കറ്റിലെ കാശില്‍ തന്നെ അവരുടെയും കണ്ണ്..!! അതുകൊണ്ട് തന്നെ ശ്രീകോവിലിനു അടുത്ത് പോവാന്‍ പോലും എനിക്ക് മനസ്സ് വന്നില്ല..!!

വിനോദയാത്രക്ക് വന്ന കുറെ സ്കൂള്‍ കുട്ടികള്‍ ശബ്ദമുണ്ടാക്കി അവിടെ ഓടി നടക്കുന്നുണ്ടായിരുന്നു... വീരുപക്ഷ ക്ഷേത്രത്തില്‍ ഒരു അത്ഭുദമുണ്ട്, അവിടെ ഒരു ഇരുട്ട് മൂലയില്‍ പുറത്തുള്ള ഗോപുരത്തിന്‍റെ തലമറിഞ്ഞുള്ള നിഴല്‍ കാണാം...!! മിടുക്കനായ ഒരു തച്ചന്‍റെ കയ്യൊപ്പ്..!!

ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി, കൂടെ പടം പിടിച്ച വിദേശികളുടെ കയ്യില്‍ നിന്നും പണം വാങ്ങുന്ന സന്യാസിമാരുടെ മുന്‍പിലൂടെ നടന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഹംപി ബസാറിലെ ഏറ്റവും പേരുള്ള "മാന്ഗോ ട്രീ" എന്ന ഹോട്ടലിലെക്ക് പോയി... അവിടെയും കൂടുതല്‍ വിദേശികള്‍ തന്നെ...!! ചെറിയ ഹോട്ടല്‍ മോശമില്ലാത്ത ഭക്ഷണം..!! ഹംപി ബസാറില്‍ സസ്യാഹാരവും മുട്ടയും മാത്രമേ കിട്ടൂ... മാംസാഹാരം തീരെ ലഭ്യമല്ല..!! ഊണ് കഴിഞ്ഞു ഞങ്ങള്‍ മുറി അന്വേഷിച്ചു ഇറങ്ങി...!! ആയിരത്തി അഞ്ഞൂറ് രൂപക്ക് ഒരു മുറി തരപ്പെട്ടു മൂന്ന് പേര്‍ക്കും താമസിക്കാം...!! അവശ്യ സൗകര്യങ്ങള്‍ മാത്രം..!! 

ഇനി ഒരല്‍പ്പം വിശ്രമം..!!
(തുടരും)

Thursday, January 2, 2014

ഇടിവെട്ടി, പാമ്പും കടിച്ചു..തലയില്‍ തന്നെ..!!

ചറപറാന്ന് പുതുവര്‍ഷാശംസകള്‍ പ്രവഹിച്ചപ്പോള്‍ ഇത്രേം നിരീച്ചില്ല..!!

ഇടിവെട്ട്:-
----------------
ശകടത്തിന്‍റെ ചില്ലറ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ബൈക്കും കൊണ്ട് വര്‍ക്ക്‌ഷോപ്പില്‍ പോയി... ചാഞ്ഞും ചരിഞ്ഞും ഒക്കെ നോക്കിയിട്ട് ഷോപ്പ് "മൊയലാളി" പറയാണ്, "മൂ...!! മൂവായിരത്തില്‍ നിര്‍ത്താന്‍ നോക്കാം.." ന്ന്..!!

അതിനുള്ള അഡ്വാന്‍സും കൊടുത്ത് ഒരു അതി ദീര്‍ഘനിശ്വാസം വിട്ട് ഞാന്‍ സ്ഥലം കാലിയാക്കി..!!

പാമ്പു കടി :-
------------------
 വീടിന്‍റെ വാടക കൊടുക്കാനുള്ള കാശും എടുത്തു കൊണ്ട് വീട് മുതലാളിയുടെ വാതില്‍ക്കല്‍ എത്തിയതെ ഉള്ളൂ, പുള്ളിക്ക് പച്ചനോട്ടിന്‍റെ മണം മൂക്കിലടിച്ചു എന്ന് തോന്നുന്നു... കാളിംഗ് ബെല്‍ അടിക്കുന്നതിനു മുന്‍പ് തന്നെ "മൊയലാളി" വാതില്‍ തുറന്നു എനിക്ക് ദര്‍ശനം തന്നു... ടിയാന്‍റെ മുഖത്ത് സിനിമസ്കോപ് ചിരി, വാടകയും കൊണ്ട് ഞാന്‍ വരുമ്പോള്‍ മാത്രം കണ്ടു വരുന്ന ഒരുതരം പ്രതിഭാസമാണത്..!! ഒരു ചരിച്ച ചിരി ഞാനും തിരിച്ചു കൊടുത്തു...

ഞാന്‍ ഗാന്ധി തലകള്‍ എണ്ണി ഉറപ്പിക്കുന്നതിനിടയില്‍ പുള്ളി പറഞ്ഞു, "ഫെബ്രവരി മുതല്‍ വാടക നാല്‍പ്പതു ശതമാനം കൂട്ടാന്‍ പോവുന്നു...ഈ ഭാഗത്തൊക്കെ ഇപ്പൊ വാടക കൂടിയിട്ടുണ്ട്...!!"

"അമ്മേ...!!" എന്ന് ഞാന്‍ ഉള്ളില്‍ നിലവിളിച്ചു....

"നടക്കൂല ഭായ്, പിച്ച ചട്ടിയാണ്...!!" ഞാന്‍ കാലുപിടിച്ചു...

അമ്പിനും വില്ലിനും അടുക്കാത്ത അസ്ഥ, ഒടുവില്‍ ഒരു ഇരുപതു ശതമാനം വര്‍ധനയില്‍ കച്ചോടം ഉറപ്പിച്ചു...!!

കൊല്ലം തുടങ്ങിയപ്പോള്‍ തന്നെ ഇതാ അവസ്ഥ..!! അല്ലെങ്കിലുമതെ, കറുത്ത നായന്മാര്‍ക്ക് ഇപ്പൊ സമയം തീരെ ശരിയല്ല...!!

Wednesday, January 1, 2014

ഒരു ഇന്ത്യന്‍ പ്രണയകഥ

പുതുവര്‍ഷമല്ലേ, തുടങ്ങുന്നത്  ഒരു സിനിമ കണ്ടിട്ട് തന്നെ ആവാം... രാവിലെ തന്നെ വിട്ടു ഇന്നൊവേറ്റീവ് മള്‍ടിപ്ലെക്സിലേക്ക്... ഒഴിവു ദിവസം ആയിട്ടും വലിയ തിരക്കില്ല... മൂന്നോ നാലോ വരിയില്‍ മാത്രം ആളുകള്‍ ഉണ്ടായിരുന്നു...  അതില്‍ ഒരു വരിയില്‍ ഇരുന്നവര്‍ മുഴുവനും ഒരുമിച്ചു വന്നവര്‍ ആയിരുന്നു... ഫഹദിനെ കാണിച്ചത്‌ മുതല്‍ അവര്‍ കയ്യടിയും കൂട്ട ചിരിയും എല്ലാം തുടങ്ങി.. കട്ട ഫാന്‍സ്‌ ആണ് എന്ന് തോന്നുന്നു... തിയേറ്ററില്‍ വേറെ ആരുംതന്നെ അതില്‍ പങ്കെടുക്കുന്നില്ല...!! ഹോ, ഫഹദ് ഫാന്‍ ആയാല്‍ മതിയായിരുന്നു... കൊടുത്ത കാശ് മൊതലായേനെ...!!

ഇനി കാര്യത്തിലേക്ക് കടക്കാം, സിനിമ എന്ന നിലയില്‍ ഓ.ഇ.പ്ര ഏതാണ്ട് പരാജയമാണ്..ഇക്ബാല്‍ കുറ്റിപ്പുറം കയ്യാളിയ തിരക്കഥ ശരിക്കും പാളി... അങ്ങിങ്ങായി ചില നുറുങ്ങു തമാശകള്‍ അല്ലാതെ കാര്യമായി ഒന്നും രസിപ്പിക്കുന്നതായി അതില്‍ ഇല്ല... സത്യന്‍ അന്തിക്കാടിന്റെ പ്രതിഭ അഭ്രപ്പാളിയില്‍ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി... അതിനു ഇത്തവണയും മാറ്റാമില്ല... !! പ്രദീപ്‌ നായരുടെ ക്യാമറയും വിദ്യാസാഗറിന്റെ ഗാനങ്ങളും തെറ്റില്ല...!! ഫഹദും അമലയും അടങ്ങുന്ന അഭിനേതാക്കള്‍ ശരാശരി നിലവാരം കാഴ്ച്ച വച്ചു...!! എടുത്തു പറയേണ്ടത് ഇന്നസെന്റിന്റെ തിരിച്ചു വരവാണ്...!!

അത്ര വലിയ സ്കോപ് ഒന്നും ഇല്ലാത്ത ഒരു കഥ ഒരു വഴിക്ക്, രാഷ്രീയക്കാര്‍ക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ക്ക് ചില ചില്ലറ കൊട്ടും കൊടുത്തു ചില സംഭവങ്ങള്‍ വേറെ വഴിക്ക്, ഇതായിരുന്നു സിനിമയുടെ അവസ്ഥ...കുറച്ചു സമയമെടുത്തു ആലോചിച്ചു എഴുതി ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ കുറച്ചു രസിപ്പിക്കാന്‍ പാകത്തില്‍ രുചിയുള്ള ഒരു മാസലയാക്കി മാറ്റമായിരുന്നു ഇതിനെ...ഇതിപ്പോ ഒരുമാതിരി ഉപ്പില്ലാത്ത പച്ചരിക്കഞ്ഞി പോലെയായി...!!

ഒരു ബോറന്‍ പടമെന്നു ഞാന്‍ ഇതിനെ വിലയിരുത്തില്ല... വലിയ സംഭവം ഒന്നുമല്ല എന്ന് മാത്രം...!! ആവശ്യത്തിനു സമയവും കാശും ഉണ്ടെങ്കില്‍ തിയേറ്ററില്‍ പോയി കാണാം, ഇല്ലെങ്കില്‍ അടുത്ത വിഷുവിനു ടി വി യില്‍ വരുമ്പോള്‍ കാണാം...!! 2.5/5