Tuesday, September 1, 2015

പൂരാടത്തിലെ പൂരപ്പാട്ട്

ഉത്രാടത്തലേന്ന് വീട്ടിലേക്കുള്ള യാത്രക്കൊരുങ്ങി കാരമലാരം റെയില്‍വേ സ്റ്റേഷനില്‍ ഒരുമണിക്കൂര്‍ മുന്‍പേ വന്നു നിലയുറപ്പിച്ചു ഞാന്‍. നിലവിലെ സ്ഥാന-അവസ്ഥാന്തരങ്ങള്‍ അപ്പപ്പോത്തന്നെ നാട്ടിലുള്ള രേഷ്മയെ വിളിച്ചറിയിച്ചു കൊണ്ടിരുന്നു. സ്റ്റേഷനില്‍ നേരത്തെ എത്തിയാല്‍ പൊതുവേ രണ്ടു കാര്യങ്ങളാണ് സമയം കൊല്ലാന്‍ പ്രയോഗിക്കാറ്. ഒന്ന്, ഏതെങ്കിലും  ഒരു പരിചയക്കാരനെ കിട്ടും, പിന്നെ ഭാവി ഭൂത വര്‍ത്തമാന വിശേഷങ്ങളില്‍ മസാല പുരട്ടി, സ്ഥിരമായി വൈകി വരാറുള്ള വണ്ടിയേയും കുറ്റം പറഞ്ഞ്,  വണ്ടിയുടെ സൈറന്‍ കേള്‍ക്കുന്നത് വരെ നിന്ന്, പറഞ്ഞു കൊണ്ടിരുന്ന കാര്യം മുഴിമിക്കാന്‍ നില്‍ക്കാതെ വണ്ടി കേറി യാത്രയാവും. രണ്ട്, താരാട്ടിന്‍റെ ഈണം മൂളി പാറിപ്പറന്ന് കൂര്‍ത്ത കൊമ്പുകൊണ്ട് തൊലിക്കട്ടിയളക്കുന്ന കൊതുകിന്‍റെ മുതുകത്ത് തട്ടി നിത്യ നിദ്രയേകുന്ന കര്‍മ്മത്തില്‍ നിരതനാവും.

ഇത്തവണ പരിചയക്കാരെ കണ്ടില്ല, കൊതുക് തന്നെ ശരണം. പക്ഷെ ഇത്തവണ കൊതികിനെ മൂളല്‍ കേള്‍ക്കുന്നതിനു മുന്‍പ് കേട്ടത് ഒരു ഞെരക്കമാണ്. തറയില്‍ "ഗ" പോലെ പുളഞ്ഞു കിടക്കുന്നു ഒരു മലയാളി പുംഗവന്‍. മുണ്ടും ഷര്‍ട്ടും വേഷം. അതും മുഷിഞ്ഞത്. വയറ്റില്‍ നിറഞ്ഞ്, വിയര്‍പ്പില്‍ കവിഞ്ഞ റമ്മിന്‍റെ നാറ്റം. കണ്ടതും  കാര്യം പിടികിട്ടി. ഉസ്താത് ഫ്ലാറ്റാണ്..!! കൂടെ നാലഞ്ച് പേര്‍ ഉണ്ടെങ്കിലും അവര്‍ക്കിനിയും "ഫ്ലാറ്റ്" കിട്ടിയിട്ടില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ എന്തോ താല്‍ക്കാലിക ജോലിക്ക് വന്നവരാണ് എല്ലാവരും. നമ്മുടെ കഥാനായകന്‍ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ വാക്കുകള്‍ വെറുതെ ചേര്‍ന്നാല്‍ വരികളാവില്ലാലോ..!! 

"കു" "മ" "പൂ" "ത" "പൊ" "കൊ""ന" എന്നൊക്കെ ആദ്യാക്ഷരം ചേര്‍ത്തു പാലക്കാടന്‍ ശൈലിയില്‍ മൂപ്പര് ശ്രേഷ്ഠ ഭാഷ ഉറക്കെ ചൊല്ലി...!! സഭ്യതയുടെ അതിരുകള്‍ കടന്നപ്പോള്‍ പണ്ടേ ഇത്തിരി തിളപ്പുള്ള ചോര പൊള്ളയിട്ടു തിളച്ചിരമ്പി... അടുത്തുള്ള കുടുംബമായി യാത്ര ചെയ്യാന്‍ ഇരുന്നവരെ ഞാനൊന്ന്  നോക്കി, അവിടെ ആര്‍ക്കും ഒരു ഭാവവ്യത്യാസമില്ല. ഇതൊന്നും അവര്‍ കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. ന്യുജെന്‍ പടങ്ങള്‍ കണ്ട്  തെറിയൊന്നും കേള്‍ക്കുന്നത് ഒരു വിഷയമേ അല്ലാതായിരിക്കുന്നു. അല്ലെങ്കില്‍ പലരെയും പോലെ  ബാംഗ്ലൂര്‍ നഗരം അവരെയും പ്രതികരിക്കാന്‍ അറിയാത്തവരായി തീര്‍ത്തിരിക്കുന്നു. പിന്നെ ഞാന്‍ മാത്രം എന്തിന്?? എന്നിലെ തീ കെടുത്തി ഞാന്‍ തിള മാറ്റി. 

വണ്ടി വരാന്‍ പത്തു മിനിറ്റുകള്‍ ഉണ്ട്, തെറി പറയുന്നതിനിടയില്‍ കിടപ്പ് മാറ്റി നായകന്‍ കഷ്ട്ടപ്പെട്ട് രണ്ടു കാലില്‍ നില്‍ക്കാന്‍ തുടങ്ങി, തെക്കന്‍ കാറ്റില്‍ ശീമക്കൊന്ന ആടുന്നത് പോലെ..!! താഴെ വീഴാതെ ഒരുവിധം അയാള്‍ നിന്നു. മുണ്ട് മുറുക്കുന്നതിനിടയില്‍ അയാളുടെ മടിക്കുത്തില്‍ നിന്നും ചുരുട്ടി വച്ച പണം താഴെ വീണു. ഒരുപക്ഷെ അയാള്‍ ബാംഗ്ലൂര്‍ വരെ വന്നത് ആ താഴെ വീണ പണത്തിനു വേണ്ടിയാകാം, പക്ഷെ തന്നോടോ സമൂഹത്തോടോ ഒരു പ്രതിഭദ്ധതയുമില്ലാതെ മൂക്കറ്റം കുടിച്ചു ഉച്ചത്തില്‍ തെറി പറഞ്ഞ അയാളോട് എനിക്ക് ഒരു സഹതാപവും തോന്നിയില്ല. അതുകൊണ്ട് തന്നെ താഴെ പണം വീണ കാര്യം ഞാന്‍ അയാളെ അറിയിച്ചില്ല..

വണ്ടി അനൌണ്‍സ് ചെയ്തു, പെട്ടന്ന് അത് വഴി സുഖമില്ലാത്ത മകനുമായി തോളില്‍ പഴകിയ ബാഗും  തൂക്കി വന്ന ഒരമ്മ, തന്‍റെ കയ്യില്‍ നിന്ന് വീണതെന്ന മട്ടില്‍ ആ പണമെടുത്ത് നടന്നു. അവരുടെ കണ്ണില്‍ പൊന്നിന്‍ തിളക്കം..!! അപ്പോഴും മലയാളക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിയെടുത്ത് തെറിയാക്കി റമ്മിന്‍റെ കിക്കില്‍ പൂരപ്പാട്ട് പുലമ്പിക്കൊണ്ടിരുന്നു അയാള്‍. തന്നില്‍ നിന്ന് പൊഴിയുന്നതൊന്നും അറിയാതെ...!!