Monday, June 11, 2012

"സ്വം..."

എനിക്കൊരിക്കല്‍ ഒരു കൂട്ടുകാരനെ കിട്ടി...അതെ, തീര്‍ത്തും പ്രതീക്ഷിക്കാതെ തന്നെ...അന്നത്തെ സാഹചര്യങ്ങള്‍ എനിക്ക് സമ്മാനിച്ച മടുപ്പിക്കുന്ന, ഒരിക്കലും ഞാന്‍ ആഗ്രഹിചിരുന്നതല്ലാത്ത ആ ഒറ്റപെടല്‍ ആയിരിക്കാം അവനിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത്.കാരണങ്ങള്‍ പലതാവാം..

ഒന്നുകില്‍..
 ഗ്രാമം ഉണരുന്നതിനു മുന്‍പ് തന്നെ എഴുനേറ്റൊടി അയലത്തെ സകല മാവിന്ചോട്ടിലും വീണു കിടക്കുന്ന മാമ്പഴം പെറുക്കിക്കൂട്ടി വീട്ടിലെതിക്കുന്ന, എല്ലാ മാമ്പഴക്കാലത്തും ചുണ്ടിന്റെ അറ്റത്ത് നടന്‍ മാങ്ങാക്കറ  കോറിയിട്ട പൊള്ളല്‍ പാടുകള്‍ അലങ്കാരമായി കൊണ്ട് നടന്ന, കണ്ണുനിറയെ കണ്മഷിയിട്ട് കണ്ണുപറ്റാതിരിക്കാന്‍ ഇടത്തേകവിളില്‍ മഷിപ്പുള്ളിയിട്ട  എന്‍റെ അനിയത്തിക്കുട്ടിക്കു എന്നോട് കൂട്ട് കൂടാന്‍ ഇഷ്ടമാല്ലാതിരുന്നതാവാം...

അല്ലെങ്കില്‍,
പറമ്പ് മുഴുവനും കൂനി നടന്നു തേങ്ങയും അടക്കയുമെല്ലാം നോക്കിനടക്കുന്ന, അന്തിത്തിരി തെളിഞ്ഞാല്‍ രാമനാമ ജപം തുടങ്ങുന്ന അമ്മമ്മ, എന്നും വീട്ടിലുള്ള എന്നെക്കാളും ഒരുപാടു ഒരുപാടു ഇഷ്ടപെടുന്നത് അവധിക്കു മാത്രം വീട്ടിലെത്തുന്ന വല്യമ്മമാരുടെ മക്കളെയാണ് എന്ന് തോനിയത് കൊണ്ടുമാവാം..

അതുമല്ലെങ്കില്‍,
അക്കാലത്ത് സ്നേഹത്തോടെ ഞാന്‍ "അമ്മേ" എന്ന് വിളിക്കാന്‍ വിട്ടുപോയ  എന്‍റെ അമ്മ, എന്‍റെ ചുറ്റിലും ഞാന്‍ കണ്ട അമ്മമാരേ പോലെ വാത്സല്യം പുറത്തു കാണിക്കാത്തതുമാവാം...

അതെന്തായാലും തന്നെ..ആ കൂട്ടുകാരന്‍ എനിക്ക് വളരെ പ്രിയമുള്ളവനായി. ഒരു കൂട്ടില്ലാതെ ശ്വാസംമുട്ടിയിരുന്ന എനിക്ക് എന്തിനും ഏതിനും അവന്‍ കൂട്ടായി...

ഉമ്മറത്തെ ഉത്തരത്തില്‍ ചാക്കുംനൂലുകെട്ടി ബസാണ്‌ എന്ന് പറഞ്ഞു, "ടിം...ടിംടിം ..." എന്ന്  ഞാന്‍ ബെല്ലടിച്ചപ്പോള്‍, അവന്‍ മടിയൊന്നും കൂടാതെ ആ ബസ്‌ ഓടിച്ചു...

കടലാസുകള്‍ പ്ലാസ്റ്റിക്‌ കവറില്‍ വച്ച് വഴനാരുകൊണ്ട് വരിഞ്ഞുകെട്ടി പന്തുണ്ടാക്കി ചുമരില്‍ എറിഞ്ഞു പിടിച്ചു കളിച്ചപ്പോള്‍ എനിക്ക് ജയിക്കാന്‍ വേണ്ടി പലപ്പോഴും അവന്‍ പന്ത് താഴെയിട്ടു തോറ്റു തന്നു...

അവന്‍റെ പേരു വിളിച്ചപ്പോള്‍ വിളി കേട്ട അവനോട്, വായിലിട്ടു ചപ്പി വറ്റിച്ച മാങ്ങയണ്ടി ഞാന്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു കൂടെ തുണപോവാന്‍ പറഞ്ഞു വാ പൊത്തി ചിരിച്ചു....

സ്കൂള്‍ വിട്ടു വരുമ്പോള്‍ വഴിയില്‍ നിന്ന് കിട്ടിയ മോച്ചിങ്ങ ഞങ്ങള്‍ ഇരുവരും കൂടി തട്ടി തട്ടി വീട് വരെ എത്തിച്ചു...
വീടിനു താഴത്തെ കുളത്തില്‍ തോര്‍ത്തിട്ടു പരല്‍ മീനിനെ പിടിച്ചപ്പോഴും , തവളക്കുഞ്ഞിനെ തലയ്ക്കു മീതെ കൈ കറക്കി ഓര്‍ക്കാപ്പുറത്ത് ചാടി പിടിച്ചപ്പോഴും, വീടിലേക്കുളള വഴിയില്‍ ചേരയും പാമ്പിനെയും കണ്ടു പേടിച്ചു തിരിചോടിയപ്പോഴും അവന്‍ കൂടെ ഉണ്ടായിരുന്നു...
പരിഭവമില്ലാതെ പരാതിയില്ലാതെ...
അവന്‍ എന്നോട് ഒരിക്കലും മത്സരിച്ചില്ല....എന്നെ എവിടെയും തോല്‍പ്പിക്കാനും ആഗ്രഹിച്ചില്ല...ഞാന്‍ ചെയുന്നത് എല്ലാം തന്നെ അവനു സമ്മതമായിരുന്നു..

എന്നെ പരിപൂര്‍ണമായും മനസിലാക്കിയ അവനെ ഒരല്‍പം വൈകിയാണ് ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയത്...
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് എനിക്ക് മുന്നിലുള്ള സുഹൃത്തുക്കളിലും അവന്‍റെ നിഴലുകള്‍ ഞാന്‍ കാണുന്നു..ഞാന്‍ പ്രണയിച്ച പെണ്‍കുട്ടികളിലും അവന്‍റെ ലക്ഷണങ്ങള്‍ കാണുന്നു. പക്ഷെ അവരിലൊന്നും അവന്‍റെ പൂര്‍ണ സത്വം ഇല്ല. അവന്‍ എന്നും സമാനതകള്‍ ഇല്ലാത്തവന്‍ ആയിരുന്നു..പകരമാകാന്‍ ആര്‍ക്കും കഴിയാത്തത്ര അവന്‍ എന്നോട് ചേര്‍ന്ന് കിടക്കുന്നു.. അത് ഞാന്‍ തന്നെ ആയിരുന്നു...എനിക്കല്ലാതെ ആര്‍ക്കാണ് എന്നെ ഇത്ര സ്നേഹിക്കാന്‍ പറ്റുന്നത്.???
സ്വം....