Thursday, January 23, 2014

കാനനം, കന്നിക്കയറ്റം (ഭാഗം 2)

 "ഠോ..!!"
മരചില്ലയുടെ ഉച്ചിയില്‍ നിന്നും കാരണം മറിഞ്ഞുകൊണ്ട്‌ ഭാരമുള്ള എന്തോ ഒന്ന് താഴേക്ക്‌ പതിച്ചു...എല്ലാരും അതിനടുത്തേക്ക് ഓടി.. കടുംകാപ്പി നിറമുള്ള പഞ്ഞിക്കെട്ടു പോലെയുള്ള ശരീരമുള്ള ഒരു ജീവി... അത് മലയണ്ണാന്‍ ആണ് എന്ന് കൂടെ വന്നവര്‍ പറഞ്ഞു തന്നു... ജീവനറ്റ് പോവാതെ ശേഷിച്ച അതിന്‍റെ കണ്ണുകളില്‍ ദയക്ക് വേണ്ടിയുള്ള അപേക്ഷ എഴുതി വച്ചെന്നപോലെ കാണാമായിരുന്നു...!! അതൊന്നും കണ്ടില്ലെന്നു വരുത്തി, കൂട്ടത്തിലൊരുത്തന്‍ അതിന്‍റെ വാലില്‍ പിടിച്ചു ചുഴറ്റി വഴിയരികില്‍ കണ്ട പായല് പിടിച്ച ചെങ്കല്‍പ്പാറയില്‍ ഒറ്റയടി..!!

അതിന്‍റെ പിടച്ചില്‍ അവസാനിച്ചു... അതിനെ എനിക്ക് നേരെ വച്ചു നീട്ടി... ഇനിയങ്ങോട്ട് മാര്ദ്ദവമായ അതിന്‍റെ വാലില്‍ പിടിച്ചു താങ്ങി നടക്കാന്‍ വിധിക്കപ്പെട്ടത് ഞാനായിരുന്നു..!! ഒരു ചെറിയ അറപ്പോടും ഭീതിയോടും കൂടി ഞാന്‍ അതിനെ വലതു തോളിലൂടെ തൂക്കിയിട്ടു വാലില്‍ പിടി വിടാതെ നടന്നു തുടങ്ങി... അതിന്‍റെ ശരീരത്തില്‍ ചൂടാറിയിട്ടില്ല.... അതെന്റെ ചുമലില്‍ ശരിക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു... ചൂര് എന്‍റെ മൂക്കിലും...!! ഇതുവരെ കണ്ട കാഴ്ച്ചകളുടെ പുനസംപ്രേക്ഷണം പോലെ വീണ്ടും മലയണ്ണാന്‍മാര്‍ പള്ളയില്‍ തിരകളേറ്റു വാങ്ങി...!! അതിനിടയില്‍ ആരോ എനിക്ക് കാലില്‍ തേക്കാന്‍ പുകയില തന്നു...അട്ട കടിക്കാതിരിക്കാന്‍ ആണത്രേ...!! പുകയില തട്ടി ചത്തുപോയ അട്ടകളെ കാലില്‍ നിന്നും തുടച്ചു കളയുന്ന കലാപരിപാടിയും ഇടയ്ക്കിടെ നടന്നു..!!

നേരമിരുളാന്‍ തുടങ്ങി...കൂടെയുള്ളവര്‍ ദൃതി വച്ചു, എത്രയും പെട്ടന്ന് ഒരു കുന്നു കയറിയിറങ്ങി അന്ന് താമസിക്കാനുള്ള സ്ഥലത്ത് എത്തണം..!! വെളിച്ചം പൂര്‍ണ്ണമായും അണയുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അവിടെ എത്തി... ഒരു ചെറിയ കാട്ടരുവിക്കു സമീപമുള്ള ഒരു ഗുഹയാണ് സ്ഥലം... സ്ഥരമായി വേട്ടക്ക് പോവുന്നവര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്...!! ഞാന്‍ നന്നേ ക്ഷീണിച്ചിരുന്നു... പച്ചമണ്ണില്‍ തന്നെ ഞാന്‍ പടിഞ്ഞിരുന്നു... വലിയ ആളുകള്‍ തീ കത്തിച്ചു ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി... അതിനു വേണ്ട അരിയും സാധനങ്ങളും അവര്‍ കരുതിയിരുന്നു... ചിലപ്പോഴൊക്കെ ആഴ്ച്ചകളോളം അവര്‍ കാട്ടില്‍ ഇത് പോലെ കഴിയാറുണ്ടത്രേ...!! ചോറും കറിയും ഉണ്ടാക്കാനാണ് തയ്യാറെടുപ്പുകള്‍... കറിയാവുന്നത് മലയണ്ണാന്‍ തന്നെ...!! തലയറുത്തു കളഞ്ഞു തൊലിയുരിഞ്ഞു അതിനെ നഗ്നനാക്കി...!! വയറ്റില്‍ തുളച്ചു കയറിയ തിരകളുടെ പാടുകള്‍ വ്യക്തമായി കാണാം... അവിടം രക്തം കല്ലിച്ചു കിടക്കുന്നു..!!

വലിയ താമസമില്ലാതെ അത്താഴം തയ്യാര്‍..!! ചോറിലേക്ക്‌ ഒഴിച്ച് തന്ന മലയണ്ണാന്‍ കറിയിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി... പേരറിയാത്ത ഭാഗങ്ങള്‍ മഞ്ഞളിലും മുളകിലും വെന്ത് കിടക്കുന്നു... പക്ഷെ, എനിക്ക് അത് ചാവുന്നതിനു മുന്‍പ് കണ്ട അതിന്‍റെ മുഖവും കണ്ണുകളുമാണ് മനസ്സില്‍ വന്നത്..!! കഴിക്കുകയല്ലാതെ വഴിയില്ല... വിശപ്പ്‌ അത്രയധികമാണ്...!! നാളെയും വൈകീട്ട് വരെ ഇത് പോലെ നടക്കാന്‍ ഉള്ളതാണ്..!! മനസ് കല്ലാക്കി ചിക്കന്‍ കറിയാണ് മുന്‍പില്‍ ഇരിക്കുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്തു..!!

നിലത്തു ഒരു ചാക്ക് വിരിച്ചു ഉറങ്ങാന്‍ കിടന്നു...കണ്ണടച്ച നിമിഷം തന്നെ ഉറക്കമെന്നെ കവര്‍ന്നു..!! മറ്റുള്ളവരുടെ സംസാരമോ അവര്‍ വലിച്ചിരുന്ന ബീഡിയുടെ രൂക്ഷ ഗന്ധമോ പോലും എന്നെ അലോസരപ്പെടുത്തിയില്ല... പിറ്റേന്ന് രാവിലെ പുലര്‍ന്നു, അല്‍പ്പം ദൂരെ മാറി കാര്യം സാധിച്ചു അരുവിയുടെ കാരുണ്യത്തില്‍ ശുദ്ധി വരുത്തി..!! അത്താഴ വിഭവങ്ങള്‍ തന്നെ ചൂട് തട്ടിച്ച് പ്രാതലായി മുന്‍പിലെത്തി...!! കുറച്ചു മാത്രം കഴിച്ചെന്നു വരുത്തി ഞാന്‍ പതിയെ വലിഞ്ഞു...!! ഇനി വീണ്ടും നടത്തമാണ്..!! കാലില്‍ പുകയില തേച്ച് നടത്തം തുടങ്ങി..!!

പേരറിയാവുന്നതും അല്ലാത്തതുമായ പല കുഞ്ഞു ജീവികളും മരചില്ലകളില്‍ നിന്നും വെടികൊണ്ട് താഴേക്ക്‌ വീണു..ചുരുക്കം ചിലത് ഉന്നം തെറ്റി ആയുസ്സ് നീട്ടിക്കിട്ടി രക്ഷപ്പെട്ടു..!! കൂടെ വന്നവരുടെ രണ്ട് കാര്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ഒന്ന് അവരുടെ ഉന്നം പിന്നെ അവരുടെ നിരീക്ഷണം... ഇത്രയധികം ഉയരമുള്ള മരങ്ങളുടെ മുകളില്‍ അത്രയധികം വെളിച്ചമില്ലാതിരുന്നിട്ടും അവര്‍ അവരുടെ അന്നത്തിനുള്ള വഴി കണ്ടെത്തി വെടി വച്ചിടുന്നത് അത്ഭുതത്തിനപ്പുറം മറ്റൊന്നുമായി എനിക്ക് തോന്നിയില്ല..!!

ഉച്ച വരെ വേട്ടയും നടപ്പുമായി നീങ്ങി..!! ഉച്ചക്ക് വിശ്രമിക്കാനും അവര്‍ക്ക് കൃത്യമായ ഇടമുണ്ട്... ഒരു വലിയ പാറമലയുടെ താഴെ...അവിടെ വേറെ രണ്ട് വേട്ടക്കാര്‍ ഉണ്ടായിരുന്നു... ഇവരുടെ പരിചയക്കാര്‍ തന്നെ... അവര്‍ കാട്ടില്‍ കയറിയിട്ട് ഒരാഴ്ച്ചയായി എന്നറിഞ്ഞു...അതിന്‍റെ കഥകള്‍ പറയുന്ന തിരക്കിലായി അവര്‍... ഇടയ്ക്കു ആദ്യമായി കാട് കാണാന്‍ ഇറങ്ങിയ ഞങ്ങളെ ഒരു പരിഹാസത്തോട്‌ കൂടെ നോക്കുന്നതും കണ്ടു...!!

പെട്ടന്നാണ് വലതു വശത്തെ മരച്ചില്ലയില്‍ ഒരു കുലുക്കം കണ്ടത്...!! ഏതോ ഇനത്തില്‍ പെട്ട ഒരു കുരങ്ങനും മക്കളും ആണ്...!! ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന്‍ വീണ്ടും തോക്കെടുത്ത് ലോഡ് ചെയ്തു കാഞ്ചി വലിച്ചു...ഒരു വലിയ ശബ്ദത്തോട് കൂടി ആ തള്ള കുരങ്ങു താഴെ വീണു... അതിന്‍റെ കരച്ചില്‍ വേറെയും...അതിന്‍റെ കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ട് മരത്തിന്‍റെ തുഞ്ചത്തേക്ക് കയറിപ്പോയി..!! ഒരു വലിയ കത്തിയെടുത്തു ഞങ്ങള്‍ അപ്പോള്‍ കണ്ടുമുട്ടിയവരില്‍ ഒരാള്‍ അതിനടുത്തേക്ക് ഓടി... കുറച്ചു സമയത്തിന് ശേഷം, അതിന്‍റെ കരച്ചില്‍ കേള്‍ക്കാതെയായി... എല്ലാരും കൂടെ ആ കുരങ്ങനെ താങ്ങിയെടുത്ത് കൊണ്ട് വന്നു അതിനെയും വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി...!! കുരങ്ങന്‍റെ കയിപ്പ് ആരോഗ്യത്തിനു നല്ലതാണു എന്നും പറഞ്ഞു കൊണ്ട് അതെടുത്തു ഒരുത്തന്‍ തൊണ്ട തൊടാതെ പച്ചക്ക് വിഴുങ്ങി...!! "ഹൌ....!!"

അന്നത്തെ ഉച്ചഭക്ഷണത്തിന് ആ കുരങ്ങിന്‍റെ രുചിയും മണവും ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ അധികം കഴിക്കാന്‍ കഴിഞ്ഞില്ല...എല്ലാ ഇറച്ചികളും കൂടെ മഞ്ഞളും ഉപ്പും ചേര്‍ത്ത് കുഴച്ചു ചാക്കിലാക്കി കെട്ടി ഞങ്ങള്‍ യാത്ര തുടര്‍ന്ന്... ഇനി കാടിറക്കമാണ്..!! പക്ഷെ അപ്പോള്‍ നിനച്ചിരിക്കാതെ മഴ വന്നു...ഹവായ് ചെരിപ്പുകള്‍ വഴുതാന്‍ തുടങ്ങി..!! അതഴിച്ചു കയ്യില്‍ പിടിച്ചു നടന്നു...!! മുള്ളുകള്‍ ഇടതടവില്ലാതെ കാലില്‍ ചുംബിച്ചു കൊണ്ടിരുന്നു...!! കാലില്‍ തേച്ച പുകയിലയെല്ലാം മഴയില്‍ ഒലിച്ചു പോയിരിക്കുന്നു, അതുകൊണ്ട് തന്നെ അട്ടകള്‍ എന്‍റെ കാലില്‍ പെരുന്നാള്‍ ആഘോഷം തുടങ്ങി..!! എല്ലാം കൂടെ ചേര്‍ന്ന് കാലില്‍ ശ്വേത വര്‍ണ്ണ ചാലുകള്‍ ഒഴുക്കാരംഭിച്ചു...!! മഴകാരണം വെളിച്ചവും കുറഞ്ഞു...ചിലരുടെ തലയില്‍ ഉള്ള ഹെഡ് ലാമ്പ് മാത്രമാണ് ശരണം...!!കാഴ്ച്ച കുറഞ്ഞത്‌ കൊണ്ട് തന്നെ ഞാന്‍ പല തവണ കാലു തെറ്റി താഴെ വീണു..!! പിന്നെയും മണിക്കൂറുകള്‍ നടന്നതിനു ശേഷമാണ് ഞങ്ങള്‍ നാടെത്തിയത്...!!

മനോഹരമായ ഹരിതവന്യ സൗന്ദര്യം ആസ്വദിക്കുന്നതിനു പകരം കുറെ ക്രൂരമായ കാഴ്ചകളും അട്ടകളും മുള്ളുകളും മഴയുമേല്‍പ്പിച്ച ചില വേദനകളും വെറുപ്പും മാത്രമായി എന്‍റെ ആദ്യ കാനന യാത്ര...!! വീട്ടിലെ ഷവറിന്റെ താഴെ നിന്നപ്പോള്‍ കാലിലെ മുറിവുകളില്‍ നിന്നും നീറ്റല്‍..!! പക്വതയെത്താത്ത ഈ ചെറു പോറലുകള്‍ എനിക്കിത്രയും നീറ്റല്‍ സമ്മാനിച്ചുവെങ്കില്‍ തിര തറഞ്ഞു പോയ ആ കുഞ്ഞു മൃഗങ്ങളുടെ അവസ്ഥയെന്തായിരുന്നിരിക്കും...???
(അവസാനിച്ചു)

No comments: