Monday, June 13, 2016

മല്ലള്ളിയില്‍ നീരാട്ട്

മന്സരബാദില്‍ നിന്ന് യാത്രയുടെ തുടര്‍ച്ച....
നേരത്തെ നിശ്ചയിച്ച ഒന്നായിരുന്നില്ല മല്ലള്ളി കാണാനുള്ള തീരുമാനം. മന്സരബാദില്‍ നിന്ന് എങ്ങോട്ട് എന്ന അന്വേഷണത്തില്‍ വഴിവാണിഭക്കാരാണ് ഞങ്ങളുടെ കാഴ്ച്ച കാണാനുള്ള വിശപ്പിനെ മല്ലള്ളിയെന്ന ബിരിയാണി കാണിച്ച് കൊതിപ്പിച്ച് വഴി തിരിച്ച് വിട്ടത്. മന്സരാബാദില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന ചെറിയ വഴിയിലായിരുന്നു ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നത്. താഴെ വലിയ വഴി ഉണ്ടായിട്ടും, അതുവഴി തന്നെ മുന്‍പോട്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞ് വീണ്ടും ഗൂഗിള്‍ അമ്മാച്ചി സാനിദ്ധ്യം അറിയിച്ചു. അതൊരു വന്‍ "ചതി" ആയിരുന്നു. കുറച്ച് ദൂരം മുന്‍പോട്ടു പോയി, വണ്ടി അറഞ്ചം പുറഞ്ചം കുഴികളില്‍ വീണ്, ടാറുള്ള റോഡിന്‍റെ ഭാഗം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വരെ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞില്ല. വയറിന്‍റെ വിളി പതിവ് സമയത്ത് തന്നെ തുടങ്ങി. വഴികളില്‍ ഹോട്ടലുകള്‍ ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ വനങ്കൂര്‍ എന്ന ചെറിയ ടൌണില്‍‌ എത്തി. നാട്ടിലെ മക്കാനികളെ ഓര്‍മ്മിപ്പിക്കും വിധം ബെഞ്ചും മേശയും ചില്ലലമാറയും ഭരണികളും ഒക്കെയുള്ള ആ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് വാഴയിലയില്‍ ചൂട് ചോറും കറികളും മീന്‍ വറുത്തതും കൂട്ടി ഊണ്. കിട്ടിയ മീന്‍ ഭംഗി പോര എന്നും പറഞ്ഞ് കെ കെ യും പ്രവിയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കൈ കഴുകി ഇടുങ്ങിയ അടുക്കളയിലേക്ക് കിളി വാതില്‍ വഴി എത്തി നോക്കിയപ്പോള്‍ അടുപ്പത്ത് വരിവരിയായി വറുക്കാന്‍ ഇട്ടിരിക്കുന്ന മീനുകള്‍.
അല്‍പ്പം വിശ്രമിച്ച്‌ ഞങ്ങള്‍ മല്ലള്ളിയിലേക്കുള്ള വളവുള്ള കയറ്റങ്ങള്‍ കയറിത്തുടങ്ങി.
മല്ലള്ളിയിലേക്കുള്ള മണ്‍പാതയില്‍ പണി നടക്കുകയാണ്, വണ്ടി കൊണ്ടുപോവാം എന്ന് പല ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും അത് വേണ്ട എന്ന് വച്ചു. അത് നന്നായി എന്ന് മുന്‍പോട്ടുള്ള വഴികളില്‍ നടന്നപ്പോള്‍ മനസ്സിലായി. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ നടത്തമുണ്ട് മല്ലള്ളിയുടെ മുകള്‍ ഭാഗത്തേക്ക്‌. മുന്‍പൊരിക്കല്‍ മറ്റൊരു യാത്രക്കിടയില്‍ മല്ലള്ളിയുടെ ദൂരക്കാഴ്ച കണ്ടിട്ടുണ്ട്. അന്ന് അവിടെ സന്ദര്‍ശനം സൗജന്യമായിരുന്നു. ഇന്നുപ്പോ അവിടേക്ക് ചെറിയ ഒരു പ്രവേശന ഫീസ്‌ ഉണ്ട്. രണ്ടു കടകളും തുറന്നിരിക്കുന്നു. മുകളില്‍ നിന്ന് മുന്‍പ് ഞാന്‍ മഴക്കാലത്ത്‌ കണ്ട ആ വലിയ വെള്ളച്ചാട്ടം വേനലില്‍ വല്ലാത്ത മെലിഞ്ഞിരിക്കുന്നു. എങ്കിലും സുന്ദരി തന്നെ.!!
മുകളില്‍ നിന്ന് വെള്ളച്ചാട്ടത്തിനു കീഴെ വരെ പുതുതായി പണിത സിമെന്റ് പടികള്‍, ഞങ്ങള്‍ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. ഒരല്‍പം താഴെയായി ഒരു ചെറിയ വ്യൂ പോയന്‍റ് പോലെ ഒരു മുനമ്പ്, ഞങ്ങള്‍ കുറച്ച് ഫോട്ടോ എടുത്തു. ഒരല്‍പ്പം സാഹസികത ഉണ്ട് അവിടത്തെ നില്‍പ്പിനു. താഴേക്ക് വീണാല്‍ പിന്നെ സ്വാഹ..!! അത് വഴിവന്ന മുറിമലയാളം അറിയാവുന്ന ഒരു സ്ത്രീ ഞങ്ങളെ ഉപദേശിച്ചു. ഇവിടെ നിന്ന് വീണ് ചവണോ എന്നൊക്കെ ചോദിച്ചു. അവിടെ നിന്നുള്ള മനോഹര മരണവും പാണ്ടി ലോറി കയറിയുള്ള ഭീകര മരണവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു പ്രവിയുടെ തിരിച്ചുള്ള മറുപടി. ഭര്‍ത്താവിനൊപ്പം "ടൂറിസ്റ്റ്" ആയി വന്ന അവര്‍ കൂടുതല്‍ ഒന്നും പറയാതെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. പുറകെ ഞങ്ങളും. പത്തു പടികള്‍ കഴിഞ്ഞില്ല, താഴേക്കുള്ള പടികളും ദൂരവും കണ്ട നെടുവീര്‍പ്പില്‍ അവര്‍ താഴേക്ക്‌ പോവാനുള്ള ഉദ്യമം അവസാനിപ്പിച്ചു. കഷ്ടപ്പെടാന്‍ വയ്യ...!! ഞങ്ങള്‍ താഴേക്ക്‌ വീണ്ടും നടന്നു.
മല്ലള്ളിയുടെ മടിത്തട്ടില്‍ എത്തി. കയ്യില്‍ വടിയേന്തിയ ഒരാള്‍ വെള്ളച്ചാട്ടത്തിനു അടുത്ത് നിന്ന് കൈ വീശി വഴി കാണിച്ചു. ഒരു വലിയ പാറപ്പുറത്ത് വെള്ളം താഴെ പതിക്കുന്നതിന് അടുത്ത് ഞങ്ങള്‍ കുറച്ച് വിശ്രമിച്ചു. കുറച്ച് നേരം ഞങ്ങള്‍ക്ക് വഴി കാണിച്ചു തന്ന ആളോട് കുശലം പറഞ്ഞു. ആ മലക്ക് കീഴെയുള്ള ഒരു കൃഷിക്കാരനാണ്‌ അയാള്‍. കയ്യില്‍  മദ്യമുണ്ടോ എന്ന ഞങ്ങളോടുള്ള ചോദ്യത്തിന് അയാള്‍ക്ക് സന്തോഷമുള്ള ഒരുത്തരം കിട്ടാതെ അയാളുടെ മുഖം വാടി. കുറച്ച് നേരം അയാളോട് സംസാരിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി ഞങ്ങള്‍ എണീറ്റു. അവിടെ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതിലും നല്ലത് കുറച്ച് കൂടെ താഴെ പോയി ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത് എന്ന് തോന്നി ഞങ്ങള്‍ കുറച്ച് കൂടെ താഴേക്ക്‌ ഇറങ്ങി.
നല്ല ചൂടുള്ള സമയത്ത് നടന്ന ക്ഷീണം തീരാന്‍ ആ തണുത്ത ജലധാരയുടെ ഒരു സ്പര്‍ശനം മതിയായിരുന്നു. മുക്കാലും നഗ്നമായ ഞങ്ങളുടെ ശരീരങ്ങള്‍ പാറകളിലൂടെ വേഗത്തില്‍ താഴേക്ക്‌ കുതിച്ച ആ വെള്ളച്ചാട്ടത്തില്‍ ഒളിപ്പിച്ചു. ഒരുവശത്ത് കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുറച്ച് നേരം നീന്തി. നല്ല വഴുക്കുള്ള പാറയില്‍ വീഴാന്‍ ഊഴം വന്നത് പ്രവിക്ക്. നേരത്തെ ഉപദേശിച്ച ചേച്ചിയുടെ പ്രാക്കാനെന്നും പറഞ്ഞ് നൊന്തയിടം തടവി അവന്‍ വേദനയമര്‍ത്തി. സുബിയും കെകെ യും ഫോട്ടോ എടുത്ത് മരിച്ചു. ഒരുപാട് വൈകാതെ സന്ധ്യക്ക്‌ മുന്‍പ് ഞങ്ങള്‍ തിരിച്ച് കയറി.
തിരിച്ച് കയറും വഴി സുബി പടികള്‍ ഒഴിവാക്കി മറ്റൊരു മണ്‍പാത വഴി കയറാം എന്ന ആശയം വച്ചു. അത് "കൊല ചതി" ആയിരുന്നു. മെലിഞ്ഞിരിക്കുന്ന അവന്‍ ഓടിക്കേറി പോയി. സാമാന്യം തടിയുള്ള ഞാനും കെ കെ യും നന്നേ പാട് പെട്ടു. അത്രയ്ക്ക് കുത്തനെ ആയിരുന്നു ആ കയറ്റം. കിതപ്പ് കാരണം മിണ്ടാന്‍ പറ്റാത്തത് അവന്‍റെ ഭാഗ്യം, പച്ച തെറി ആയിരുന്നു മനസ്സില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. അതിന്‍റെ ഭാവമാറ്റങ്ങള്‍ ആ ക്ഷീണത്തിലും ഞങ്ങളുടെ മുഖത്തുണ്ടായിരുന്നു. മുകളിലെത്തി ഒരു കടയില്‍ നിന്ന് വെള്ളവും കപ്പ വറുത്തതും കഴിച്ച ആശ്വാസത്തില്‍ സുബിയോടുള്ള ദേഷ്യം മറന്നു പോയി.
ഇരുട്ടാകും മുന്‍പ് തിരിച്ച് വണ്ടി വരെ നടന്നെത്തി. വണ്ടിയില്‍ കയറും മുന്‍പ് തൊട്ടടുത്തു കണ്ട തോട്ടില്‍ കാല്‍ കഴുകി, എന്താ ഒരു സുഖം..!! ഈ വേനലിലും എന്താ ആ വെള്ളത്തിന്‌ തണുപ്പ്...!! വണ്ടിയെടുത്ത് വീണ്ടും വനങ്കൂരിലേക്ക്, എന്തെങ്കിലും കഴിക്കണം, നല്ല ക്ഷീണമുണ്ട്, പെട്ടന്ന് തല ചായ്ക്കാന്‍ സ്ഥലം കണ്ടെത്തണം..!!
(തുടരും..)

No comments: