Sunday, August 18, 2013

മൈ ഫോണ്‍ നമ്പര്‍ ഈസ്‌..

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്... പ്രണയിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ഇത് എപ്പോ വേണമെങ്കിലും തോന്നാം... അങ്ങനെ മുട്ടി നിന്ന സമയത്ത് എനിക്കും ഇത് പലവട്ടം തോന്നിയിട്ടുണ്ട്....അങ്ങനെ ഒന്നാണ്, പണ്ട് ട്രെയിനില്‍ വച്ച് ഒരിക്കല്‍ തോന്നിയത്...!!

കാലം, അവസാന വര്‍ഷ ഡിഗ്രി സമയം... യാത്ര എറണാകുളം മുതല്‍ തിരൂര്‍ വരെ... കൂടെ "സ്നേഹമതികളായ" ഒരു കൂട്ടം സുഹൃത്തുക്കള്‍..., വേറെ എന്ത് വേണം..!!

ഞങ്ങള്‍ ഇരുന്നതിനു എതിര്‍വശത്തായി ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നു... അവിടെ ഞങ്ങള്‍ മനപൂര്‍വ്വം പോയി ഇരുന്നതാണ് എന്ന് ആരെങ്കിലും ആരോപിച്ചാല്‍, മാനനഷ്ടത്തിന് കേസ് കൊടുക്കുകയല്ലാതെ വേറെ വഴിയില്ല...!! എന്തായാലും ഇരുന്നു പോയി, അവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് ചുറ്റും വെണ്‍മേഘങ്ങളും അതിലൂടെ ചിറകു വീശി ഇറങ്ങി വന്ന മാലാഖമാരും ബാല ഭാസ്കര്‍ അടക്കമുള്ളവരുടെ വയലില്‍ വായനയും അനുഭവപ്പെടാന്‍ തുടങ്ങി... കൂടെ ഉള്ള സുഹൃത്തുക്കളുടെ ഭാവനയിലെ വയലിന്‍ വായന കൂടെ ആയപ്പോള്‍ സംഗതി ആകെ അലുക്കുലുത്തായി... !!

ഞാന്‍ അവളുടെ കണ്ണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു...കണ്ണുകള്‍ കൊണ്ടുള്ള എന്‍റെ സന്ദേശങ്ങളെ അവള്‍ക്കു തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല... അതിനുള്ള മറുപടിയായി ചില ചെറു പുഞ്ചിരികള്‍ അവള്‍ എനിക്കും സമ്മാനിച്ചു...!! ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം...!! എങ്ങനെയെങ്കിലും അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങണം... അടുത്ത് തന്നെ അവളുടെ അച്ഛന്‍ ഇരിക്കുന്നുണ്ട്‌......, അത്കൊണ്ട് തന്നെ അവളുടെ കയ്യില്‍ നിന്നും നമ്പര്‍ മേടിക്കുന്നത് അത്ര എളുപ്പമല്ല... പിന്നെ ഉള്ള വഴി എന്‍റെ നമ്പര്‍ കൊടുക്കുക എന്നതാണ്...!!

എന്താണൊരു വഴി...?? തല്‍ക്കാലം പറഞ്ഞു കൊടുക്കാം... പക്ഷെ നേരിട്ട് പറയാന്‍ അവസരം ഇല്ല... പോരാത്തതിന് ചുറ്റുമുള്ള പലരും ശ്രദ്ധിക്കുന്നതായും തോന്നി...!!

"അരുണേ, നീ എന്‍റെ പുതിയ നമ്പര്‍ എഴുതി എടുത്തോ... " എന്നും പറഞ്ഞു അന്നത്തെ എന്‍റെ മൊബൈല്‍ നമ്പര്‍ മൂന്ന് നാല് തവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു... "അവന്‍""," എഴുതി എടുത്തോ എന്തോ...!!

"കിട്ടിയേ..." എന്തോ അര്‍ത്ഥം വച്ചുകൊണ്ട് എന്‍റെ കുടുംബക്കാരന്‍ കൂടിയായ അരുണ്‍ തിരിച്ചു പറഞ്ഞു...

ഛെ..!! അത് പോര, ഒന്ന് എഴുതി കൊടുത്തേക്കാം...ഒരു ഉറപ്പിന്..!! ബാഗില്‍ നിന്നും ഒരു കഷ്ണം കടലാസെടുത്ത്‌ വടിവൊത്ത കയ്യക്ഷരത്തില്‍ നമ്പര്‍ എഴുതി... ആരുമറിയാത്ത പോലെ അത് എന്‍റെ കയ്യില്‍ നിന്നും വീണെന്ന പോലെ അവളുടെ കാല്ച്ചുവട്ടിലേക്ക് ഇട്ടു... അവളതു സൗകര്യപൂര്‍വ്വം എടുത്തോളും എന്ന് സമാധാനിച്ചു കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്ന എന്നെ ആരോ തട്ടി ഉണര്‍ത്തി...!!

കണ്ണു തുറന്നു നോക്കിയപ്പോള്‍ ആറടി നീളവും ഒത്ത തടിയും ഉള്ള ഒരു പുരുഷ രൂപം, അവളുടെ ചേട്ടന്‍..., ഇത്രയും നേരം തൊട്ടപ്പുറത്ത് നില്‍ക്കുകയായിരുന്നു അയാള്‍...,...!!

"എന്താ..??" ഒന്നുമറിയാത്ത പോലെ വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു... കോട്ടക്കലിലെ ഉഴിച്ചില്‍ മിക്കവാറും വേണ്ടി വരും...!! മനസ്സ് പറഞ്ഞു..

"ഇത് നിങ്ങളുടെ കയ്യില്‍ നിന്നും വീണു പോയതാ..." എന്നും പറഞ്ഞു അയാള്‍ ഞാന്‍ നേരത്തെ താഴെയിട്ട കടലാസ്സു കഷ്ണം എനിക്ക് നേരെ നീട്ടി...

ഞാന്‍ അത് തിരിച്ചു മേടിച്ചതും, എന്‍റെ "സ്നേഹമതികളായ" സുഹൃത്തുക്കള്‍ ഒന്നടങ്കം വാവിട്ടു ചിരിച്ചു... വളിച്ചു പോയ ഒരു ചിരിയുടെ സഹായത്താല്‍ ഞാന്‍ തല്‍ക്കാലം പിടിച്ചു നിന്നു...തൃശ്ശൂരില്‍ എത്തിയപ്പോള്‍ അവളും അച്ഛനും ചേട്ടനും അവിടെ ഇറങ്ങിപ്പോയി... തുരുമ്പു പിടിച്ച ആ ജാലക കമ്പികള്‍ക്കിടയിക്കൂടെ അവളെ നോക്കി... അവളൊന്നു തിരിഞ്ഞു പോലും നോക്കിയില്ല... എന്നെയും എന്‍റെ കണ്‍ സന്ദേശങ്ങളെയും ഞാന്‍ വിളിച്ചു പറഞ്ഞ പത്തു അക്കങ്ങളേയും അവള്‍ മറന്നിരിക്കുന്നു...!! ആരും വിളിക്കനില്ലാതെ എന്‍റെ മൊബൈല്‍ പിന്നെയും നന്നായി വിശ്രമിച്ചു...!!

No comments: