Monday, August 26, 2013

രണ്ട്‌ സീന്‍, രണ്ടു നീതി

സീന്‍:: ഒന്ന്: ലൊക്കേഷന്‍ - ബിവറേജിന്‍റെ പടിക്കല്‍

ഠിം...!!
ആ ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി..

എല്ലാവരുടെയും മുഖത്തു ശോക ഭാവം..

ആളുകള്‍ പരസ്പരം മുറുമുറുക്കാന്‍ തുടങ്ങി...

ഒരാള്‍ തന്‍റെ ബൈക്കിനടുത്തു നില്‍ക്കുന്നു, അയാളുടെ കാല്‍ച്ചുവട്ടില്‍ കുറച്ചു നുരയും കുപ്പി കഷ്ണങ്ങളും...

ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍ അയാളുടെ കയ്യില്‍ നിന്നും വഴുതി വീണത്‌ അരമണിക്കൂര്‍ നേരം ക്ഷമിച്ചു അച്ചടക്കത്തോടെ വരി നിന്നു നേടിയെടുത്ത കൂട്ടത്തിലെ ഒരു കുപ്പി ബിയര്‍ ആയിരുന്നു... !!

അത്രയും നേരത്തെ പ്രതീക്ഷകള്‍, അതാണവിടെ റോഡില്‍ ചിതറി വീണു കിടക്കുന്നത്...അതില്‍ നിന്നും കണ്ണെടുക്കാതെ അയാള്‍ നിന്നു.. "ദയനീയമായ" ആ കാഴ്ച്ചകണ്ടു ഹൃദയം തരിച്ചു പോയ ഒരു കൂട്ടരും...!!

ബിവറേജില്‍ നിന്നും ഒരു പൈന്റ്റ് കുപ്പി അരയില്‍ തിരുകി ഇറങ്ങി വന്ന മധ്യവയസ്കന്‍ അപരിചിതനായ അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു, "സാരമില്ല പോയി വേറെ ഒരെണ്ണം വാങ്ങി വാ.. ഈ കുപ്പിച്ചില്ലുകള്‍ ഞാന്‍ വാരി കളഞ്ഞു കൊള്ളാം... കാശു വല്ലതും വേണോ..??"

സീന്‍:: രണ്ട് : ലൊക്കേഷന്‍ - നഗരത്തിലെ തിരക്കേറിയ റോഡ്‌

ഠിം...!!
ഓടിക്കൊണ്ടിരുന്ന ഒരു ബൈക്ക് മഴവെള്ളം നിറഞ്ഞ റോഡിലെ ഒരു കുഴിയില്‍ പെട്ട് താഴെ വീണു..ബാലന്‍സ് തെറ്റി താഴെ വീണ യാത്രക്കാരന് പരിക്കേറ്റു... കയ്യും കാല്‍മുട്ടും പൊട്ടി ചോരയൊലിക്കുന്നു...

തൊട്ടു പുറകെ കാറില്‍ വന്നയാള്‍ അയാളെ എടുത്തു വഴിയരികിലേക്ക് മാറ്റി ഇരുത്തി, ബൈക്കും മാറ്റി വച്ചു.... തന്‍റെ മാര്‍ഗ്ഗ തടസ്സങ്ങള്‍ മാറ്റിയ അയാള്‍ കാര്‍ ഓടിച്ചു പോയി...

പരിക്കേറ്റ്‌ അവശനായ യാത്രക്കാരന്‍ സഹായം പോലും ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വഴിയരികില്‍ ഇരുന്നു...

തിരക്കേറിയ ആ വീഥിയില്‍, ദുഖാര്‍ദ്രമായ കണ്ണുകള്‍ ഇല്ല.. കരുണയില്ല... സഹായമില്ല... ധൃതി പിടിക്കുന്ന സ്വാര്‍ത്ഥമനങ്ങള്‍ മാത്രം...

No comments: