Thursday, August 29, 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി...

പല കാരണങ്ങള്‍ കൊണ്ടും ഒരല്‍പ്പം വൈകി ഇന്നാണ് ഈ സിനിമ കണ്ടത്... സിനിമയുടെ ഇതിവൃത്തം യാത്രയാണ് എന്നതും എടുത്തിരിക്കുന്നത് സമീര്‍ താഹിര്‍ ആണ് എന്നതും ഇത് തിയേറ്ററില്‍ തന്നെ കാണണം എന്ന പിടിവാശി ഉണ്ടായിരുന്നു....അത് തെറ്റിയില്ല, ഈ സിനിമ കാണാന്‍ ഉദ്ദേശിക്കുന്നവര്‍ അത് തിയേറ്ററില്‍ വച്ച് തന്നെ കാണണം... അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഇതിലെ ഓരോ ഫ്രെയിമുകളും, ഗിരീഷിനു അഭിമാനിക്കാം... റെക്സ് വിജയന്‍റെ സംഗീതം പടത്തിലുടനീളം ഒരു യാത്രയുടെ മൂട് നിലനിര്‍ത്തി... ദുല്ഖറും സണ്ണിയും സുര്‍ജാ ബാലയും ജോയ് ചേട്ടനും അടങ്ങുന്ന അഭിനേതാക്കളും മോശമാക്കിയില്ല, അഭിനന്ദനങ്ങള്‍...

എന്നിട്ടും പക്ഷെ ഒരു സിനിമ എന്ന നിലയില്‍ ഇതിനെ ഒരു ഉഗ്രന്‍ സൃഷിയായി കാണാന്‍ കഴിഞ്ഞില്ല എന്നതാണ് വിഷമം... യാത്രകള്‍ (എ സി കോച്ചില്‍ സഞ്ചരിച്ചു ബുക്ക്‌ ചെയ്ത റിസോര്‍ട്ടില്‍ പോയി രണ്ടു ദിവസം താമസിച്ചു അടയിരുന്നു പോരുന്ന ഏര്‍പ്പാടല്ല ഉദ്ദേശിച്ചത്) ഇഷ്ടപെടുന്ന ഒരാള്‍ക്ക് ഈ സിനിമ ഒരു പക്ഷെ ഇഷ്ടഗാനം അല്‍പ്പം ശ്രുതി തെറ്റി കേട്ടപോലെ തോന്നിയേക്കാം... യാത്രകള്‍ ഇഷ്ടമല്ലാത്ത ഒരാളാണെങ്കില്‍, പാട്ട് ഇഷ്ടമില്ലാത്ത ഒരാള്‍ പാട്ട് കേട്ട പോലെയും തോന്നിയേക്കാം... 

ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴും സിനിമ കഴിഞ്ഞു നിയോണ്‍ വിളക്കുകളുടെ അരണ്ട വെളിച്ചം വീണ റോഡിലൂടെ ബൈക്ക് ഓടിച്ചു തിരിച്ചു വീട്ടിലേക്കു വരുമ്പോഴും മനസ്സില്‍ മുഴുവന്‍ മുന്‍പ് നടത്തിയ ചില യാത്രകള്‍ ആയിരുന്നു... മലകള്‍, കാടുകള്‍, കോടമഞ്ഞ്‌, മഴ, പൊള്ളുന്ന ചൂട്, അലസമായ കടല്‍ തീരങ്ങള്‍, ആര്‍ഭാടത്തിന്റെ അതിരുകള്‍ താണ്ടുന്ന നഗരങ്ങള്‍, നഷ്ട പ്രതാപങ്ങള്‍ പേറുന്ന ചരിത്ര ഭൂമികള്‍ അങ്ങനെ പല മുഖങ്ങള്‍ ഉണ്ടായിരുന്നു എന്‍റെ യാത്രകള്‍ക്ക്... വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഭ ചേച്ചിയോട് ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു, "എനിക്ക് ഒരു വര്‍ഷം ഒരു സംസ്ഥാനം എന്ന കണക്കില്‍ സഞ്ചരിക്കണം" എന്ന്... അന്നെനിക്ക് യാത്ര, വെറും ഒരു ആഗ്രഹം മാത്രമായിരുന്നു, ഒരിക്കലും അന്ന് വരെ അനുഭവിക്കാത്ത ആഗ്രഹം...!! പിന്നീടു പക്ഷെ അതിനു വലിയ പ്രാധാന്യമൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ലാതായി...

ഇന്‍ഫോസിസ് പൂനെയില്‍ നിന്നും ബാംഗ്ലൂര്‍ നഗരത്തിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതോടെയാണ് എന്‍റെ ജീവിത രീതികളില്‍ പുതിയ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്... മനസ്സുമുട്ടെ വളര്‍ന്ന നിരാശകളും ആള്‍ക്കൂട്ടങ്ങളിലെ ഒറ്റപ്പെടലുകളും എന്‍റെ നാളുകളെ പ്രസന്ന ശൂന്യമാക്കിയ കാലമായിരുന്നു അത്... അക്കാലത്താണ് ശ്രീധര്‍ എന്ന സുഹൃത്തിനെ പരിചയപ്പെടുന്നത്... പ്രകൃതിയെയും പക്ഷിമൃഗാതികളെയും അങ്ങേയറ്റം സ്നേഹിക്കുന്നവന്‍, ചരിത്രങ്ങളുടെ ഉള്ളറകള്‍ അന്വേഷിക്കുന്നവന്‍ അങ്ങനെ പല വ്യാഖ്യാനങ്ങള്‍ കൊടുക്കാം ശ്രീധരന്‍ എന്ന വ്യക്തിക്ക്... അഞ്ഞൂറ് രൂപയ്ക്കു മൂന്ന് ദിവസം വരെ കറങ്ങിയടിച്ചു വരാനുള്ള മാജിക് അവന്‍റെ കയ്യില്‍ നിന്നാണ് ഞാന്‍ പഠിച്ചത്... ലോക്കല്‍ ക്ലാസ്സിലെ ടോയ്ലെറ്റിനടുത്തും ട്രാക്ക്ടറിലും ഒക്കെ ഇരുന്നു പലഘാതങ്ങള്‍ താണ്ടിയും, ബസ്‌ സ്റ്റാന്റിലും അമ്പലപ്പറമ്പിലും ഒക്കെ കിടന്നുറങ്ങിയും ഞങ്ങള്‍ പല യാത്രകളും നടത്തി... 

ശ്രീധര്‍ വഴി ബാലരാജിനെയും പീയുഷിനെയും അനൂപിനെയും ഒക്കെ പരിചയപ്പെട്ടു... എലാവരും യാത്രകളെ പിന്തുടരുന്നവര്‍...,...!! അക്കാലത്താണ് വിനോദ് ഭായ് എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിനോദ് വര്‍ഗ്ഗീസ് എന്ന കഥാപാത്രത്തെ പരിചയപ്പെടാന്‍ ഇടവന്നത്... കാടിന്റെയും പച്ചപ്പിന്റെയും ഇടയിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചത് വിനോദ് ഭായ് ആയിരുന്നു... ഒരാഴ്ച്ച നീണ്ട ഒരു യാത്രക്ക് ഞാന്‍ തയ്യാറെടുത്തപ്പോള്‍ കൂട്ടിനാളില്ലാതെ അത് ഉപേക്ഷിക്കേണ്ടി വരും എന്ന് കണ്ടപ്പോള്‍ എന്തുകൊണ്ട് ഒറ്റയ്ക്ക് പൊയ്ക്കോടാ എന്ന് ചോദിച്ചു, അതിനു വേണ്ട സഹായവും പ്രോത്സാഹനവും തന്നതും വിനോദ് ഭായ് തന്നെ ആണ്... ഇന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട യാത്ര ഏഴ് ദിവസം ആയിരത്തി എഴുന്നൂറോളം കിലോമീറ്റര്‍ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ച ആ യാത്ര തന്നെയാണ്....

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഈ സിനിമ എന്നെ എത്രയും പെട്ടന്ന് ബാക്ക്പായ്ക്ക് മുറുക്കുവാന്‍ വീണ്ടും പ്രേരിപ്പിക്കുന്നു...!! ഒരു ബുള്ളറ്റിന്റെ തുടിപ്പുകള്‍ എന്‍റെ ചെവിയില്‍ അലയടിപ്പിക്കുന്നു..!! ഒരു പുല്‍മേടിനു മുകളില്‍ ഞാന്‍ ഒറ്റക്കിരുന്നു സൂര്യോദയം കാണുന്ന ചിത്രം മനസ്സില്‍ തെളിയിക്കുന്നു...!! താമസിയാതെ വീണ്ടും ഒരു യാത്രയാവാം...!!

No comments: