Wednesday, August 7, 2013

ഗുളിക പൊളിച്ച ജനല്‍വാതില്‍

വായപ്പാറപ്പടി എന്ന എന്‍റെ സ്വദേശത്തു ഒരുപാട് മെഡിക്കല്‍ റപ്പുമാര്‍ ഉണ്ട്... അതില്‍ മിക്കവരും എന്‍റെ സുഹൃത്തുക്കളും ആണ്... അതുകൊണ്ട് തന്നെ ചില്ലറ മരുന്നുകള്‍ കിട്ടാനും വലിയ പഞ്ഞമില്ല.. അത്യാവശ്യ സമയങ്ങളില്‍ സ്വയം വൈദ്യനാവാന്‍ അവര്‍ തരുന്ന മരുന്നുകള്‍ ധാരാളം...!!

ഞാന്‍ പത്തില്‍ പഠിക്കുന്ന സമയം... ബ്രയിന്‍സ്‌ അകാദമി എന്ന ട്യുഷന്‍ സെന്ററില്‍ എന്‍റെ കൂടെ ഗിരിഷും ഉണ്ടായിരുന്നു...ഗിരിയുടെ ചേട്ടന്‍ അന്നേ മെഡിക്കല്‍ റപ്പയിരുന്നു...അക്കാലത്ത് എനിക്ക് ഒരു പനി വന്നു... ട്യുഷന്‍ ക്ലാസ്സില്‍ വച്ച് ഗിരി എനിക്ക് ഒരു ഗുളികയും തന്നു...

"ഡാ, കഴിച്ചോടാ... പനി അപ്പൊ മാറും... "

ഞാന്‍ അതും വാങ്ങി വീട്ടില്‍ പോയി, വൈകീട്ട് അമ്മയും അനിയത്തിയും അമ്പലത്തില്‍ പോവാന്‍ ഒരുങ്ങി നില്‍ക്കുന്നു.. പനി ആയതു കാരണം ഞാന്‍ പോയില്ല... അവര്‍ പോയിക്കഴിഞ്ഞു ഗിരിഷ് തന്ന ഗുളികയും കഴിച്ചു ഞാന്‍ കിടന്നു...നല്ല മയക്കത്തിലേക്ക് ഒഴുകിപ്പോവാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില്ല...അസ്സലായി ഞാന്‍ മയങ്ങി...!!

ഒന്നുരണ്ടു മണിക്കൂറ് കഴിഞ്ഞു അമ്മയും അനിയത്തിയും തിരിച്ചെത്തി... അകത്തു നിന്നു പൂട്ടിയ വാതിലില്‍ അവര്‍ മുട്ടി വിളിച്ചു.... ഞാനുണ്ടോ അറിയുന്നു...!! അവര്‍ പേടിച്ചു തുടങ്ങി... ഒന്നാമത് പത്താം ക്ലാസ് ആണ്, എപ്പോഴാ വേണ്ടാത്ത വിചാരം തോന്നുക എന്ന് പറയാന്‍ പറ്റില്ല.. പത്താം ക്ലാസ് എന്ന് പറഞ്ഞാല്‍ എന്തോ വല്യക്കാട്ടെ സംഭവം ആണ് എന്നായിരുന്നു അന്നത്തെ വിശ്വാസം...!!

പതിയെ വീടിനു ചുറ്റും ആള് കൂടാന്‍ തുടങ്ങി... അകത്തു നിന്നും ഒരു അനക്കവും ഇല്ല... അകത്തു കാറ്റ് കയറി പനി കൂടാതിരിക്കാന്‍ മുറിയുടെ ജനലുകള്‍ ഞാന്‍ അടച്ചു കുറ്റിയിട്ടു വച്ചിരുന്നു... അത് തുറക്കാനുള്ള നാടുകാരുടെ ആദ്യ ശ്രമം പരാജയമായി...പിന്നീടു ആരൊക്കെയോ വീടിന്‍റെ മുകളില്‍ കയറി ഓടു തുരന്നു നോക്കി...ഞാന്‍ സുഖമായി കിടന്നുറങ്ങുന്നത് അവര് കണ്ടു... കൂര്‍ക്കം വലി കേട്ടത് കാരണം ചത്തില്ല എന്ന് അവര്‍ ഉറപ്പു വരുത്തി...!!

അപ്പോഴേക്കും ആരൊക്കെയോ ജനല്‍ പൊളിച്ചു... അതിലൂടെ കയ്യിട്ടു എന്നെ തട്ടി ഉണര്‍ത്തി... പാതി ഉറക്കത്തില്‍ ഞാന്‍ എഴുന്നേറ്റു, നടന്നു വാതില്‍ തുറന്നു.. പുറത്തു അമ്മയും അനിയത്തിയും ഒരു പത്തിരുപതു നാട്ടുകാരും... വാതില്‍ തുറന്ന പാടെ ഞാന്‍ നേരെ തിരിച്ചു എന്‍റെ കട്ടിലില്‍ പോയി വീണ്ടും കിടന്നു... പാതി വഴിയില്‍ നിര്‍ത്തിയ ഉറക്കവും കൂര്‍ക്കം വലിയും തുടര്‍ന്നു, പിറ്റേന്ന് രാവിലെ വരെ....!!

"മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്നു...." പകുതിക്ക് വച്ച് നിര്‍ത്തിയ ഡയലോഗും പറഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു പോയി...

രാവിലെ ഉണര്‍ന്നപ്പോഴാണ് തലേ ദിവസത്തെ സംഭവങ്ങള്‍ ഞാന്‍ അറിഞ്ഞത്... എന്തൊക്കെ ആയാലും ഗിരീഷിന്റെ ഗുളിക ഏറ്റു... പിറ്റേ ദിവസം പനി പമ്പയും ശബരിമലയും കടന്നു... പക്ഷെ പിറ്റേന്ന് മുതല്‍ നാട്ടുകാരുടെ മുഖത്തു എന്തൊക്കെയോ ഭാവമാറ്റം...!! ഹേയ്, എനിക്ക് തോന്നിയതാവും....

No comments: