ബാംഗ്ലൂരില്‍ എന്‍റെ അയല്‍വാസിയുടെ ടെറസ്സിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് ഈ പരുന്ത്... ആരും അതിനു തീറ്റ കൊടുക്കുകയോ പരിപാലിക്കാറോ ഇല്ല... എന്നാലും ദിവസവും ഈ പക്ഷി മുറ തെറ്റാതെ ഇവിടെ വന്നു പോവുന്നു...!!
എന്‍റെ ഒരു സുഹൃത്ത് ഒരിക്കല്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പറഞ്ഞു... അവനു പരിചയമുള്ള ഒരാള്‍ വീട്ടില്‍ ഒരു പരുന്തിനെ വളര്‍ത്തിയിരുന്നത്രെ... അത് കുഞ്ഞായിരിക്കുമ്പോള്‍ അവന്‍റെ കയ്യില്‍ വന്നു ചേര്‍ന്നതായിരുന്നു... ചില്ലറ തീറ്റയും വെള്ളവും കൊടുത്തപ്പോള്‍ പിന്നെ അത് അവിടെ നിന്നും പോവാതായി... വീടിനു ഏറ്റവും മുകളിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ എപ്പോഴും ഉണ്ടാവും അത്.. അവന്‍ വന്നു വിളിച്ചാല്‍ മാത്രം താഴെ മുറ്റത്തേക്കിറങ്ങി വരും, അവന്‍ തോട്ടില്‍ നിന്നും പിടിച്ചു കൊണ്ട് വരുന്ന പരല്‍ മീനുകളെ തിന്നും...!!
പരുന്തിനെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണ് എന്ന കാര്യം അവന്‍ വളരെ വൈകിയാണ് അറിഞ്ഞത്... അതറിഞ്ഞതും അവന്‍ പരുന്തിനെ അവിടെ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു, മനസ്സില്ലാമനസ്സോടെ... പക്ഷെ എങ്ങനെ ഉപേക്ഷിച്ചിട്ടും, അത് അവന്‍റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു കൊണ്ടേ ഇരുന്നു...!!
ഒടുവില്‍ ഇക്കാര്യം ചില ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ അറിഞ്ഞു, അവര്‍ അവന്‍റെ വീട്ടില്‍ വന്നു.. അത് വരെ മുറ്റത്ത് അവനോടൊപ്പം ഉണ്ടായിരുന്ന പരുന്ത് പറന്നു മുകളില്‍ പോയി..
"പരുന്തിനെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ല എന്നറിയില്ലേ..??" അവര്‍ ചോദിച്ചു..
"അറിയാഞ്ഞിട്ടല്ല സര്‍, എങ്ങനെ ഒഴിവാക്കിയിട്ടും ഇത് പോവുന്നില്ല ഇപ്പൊ.."
"ഇതൊക്കെ വലിയ കേസ് ആവുന്ന പ്രശ്നമാണ്... താന്‍ പെട്ടന്ന് ഇതിനെ നിന്നും ആട്ടിയോടിച്ചോ, അതാ നല്ലത്..."
"പ്രേശ്നമാക്കരുത് സര്‍, ഞാന്‍ ഇതിനെ നിങ്ങള്‍ക്ക് പിടിച്ചു തരാം, നിങ്ങള്‍ കൊണ്ട് പൊയ്ക്കോള്ളൂ..."
മാനത്തേക്ക് നോക്കി അവന്‍ കൈ കാണിച്ചപ്പോള്‍ വട്ടമിട്ടു പറന്നുകൊണ്ടിരുന്ന പരുന്ത് താഴെ മുറ്റത്തെത്തി... അവന്‍ പതുക്കെ അതിനെ ചേര്‍ത്തു പിടിച്ചു.. അവസാനമായി അതിന്‍റെ പുറത്ത് തലോടി അവന്‍ അതിനെ ഫോറെസ്റ്റ്കാര്‍ക്ക് കൊടുത്തു... അവര്‍ അതിനെയും കൊണ്ട് ദൂരങ്ങളിലേക്ക് നടന്നകന്നു...!! അതിനു ശേഷം ഇതുവരെ അത് തിരിച്ചു വന്നിട്ടില്ല...!!
ചില ഓര്‍മ്മകളും ഈ പരുന്തിനെ പോലെ ആണ്... ഒരിക്കല്‍ കൂട്ട് കൂടിയാല്‍ പിന്നെ എത്ര ആട്ടിയോടിച്ചാലും ചിന്തകളിലേക്ക് തന്നെ തിരിച്ചു പറന്നു വരും... അതിന്‍റെ തീറ്റയും വെള്ളവും നമ്മുടെ ചിന്തകള്‍ തന്നെ...!!
No comments:
Post a Comment