Friday, August 23, 2013

ആശ്വാസ നിശ്വാസം

കൊച്ചു പുസ്തകങ്ങളുടെ കാലം കഴിഞ്ഞു കൊച്ചു സിഡികള്‍ ഇറങ്ങിയ കാലം... ഇന്നത്തെക്കൂട്ടിനു മൊബൈലും ഇന്റര്‍നെറ്റും അത്രയ്ക്കങ്ങു പ്രചാരത്തില്‍ എത്തിയിട്ടില്ലാത്തത് കൊണ്ട് ഇത്തരം സിഡികള്‍ക്ക് നല്ല ഡിമാണ്ട് ഉണ്ടായിരുന്നു... കിട്ടിയ സിഡികള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ യഥേഷ്ടം കൈമാറുകയും ചെയ്തിരുന്നു... ഈ പരസ്പര സ്നേഹം എന്നൊക്കെ പറയുന്നത് ഇതാണല്ലോ...!!

ആ കാലഘട്ടത്തിനു ഒടുവില്‍ എനിക്ക് ജോലി കിട്ടി... മൈസൂരില്‍ ഇന്‍ഫോസിസ് എന്ന ഐ ടി കമ്പനിയില്‍.., ജനുവരി ഇരുപത്തി രണ്ടിന് ജോയിന്‍ ചെയ്യണം...  പെട്ടിയും കിടക്കയും കെട്ടി പൊതിഞ്ഞു ഇറങ്ങാന്‍ നേരത്ത് ഞാന്‍ അത് ശ്രദ്ധിച്ചു..!! ഒരു കൊച്ചു സിഡി അവിടെ ഇരിക്കുന്നു... അതങ്ങനെ വിട്ടിലിട്ടു പോവുന്നത് അബദ്ധമാണ്... മുന്‍പ് ഒരു കൂട്ടുകാരന്‍ തന്നതാണ്... തിരിച്ചു കൊടുക്കയും വേണം...!! പക്ഷെ അതാണ് പ്രശ്നം അവന്‍ ആ സമയത്ത്നാട്ടില്‍ ഇല്ല... ആരുടെ കയ്യിലും കൊടുത്തേല്‍പ്പിക്കാനും വയ്യ...!!

തല്ക്കാലം അതെന്‍റെ ബാഗില്‍ തന്നെ വച്ചു...അവനു പിന്നീടു എപ്പോഴെങ്കിലും കൊടുക്കാം..അങ്ങനെ വണ്ടി കയറി മൈസൂരിലേക്ക്... മൈസൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇന്‍ഫോസിസ് വരെ ഓട്ടോ വിളിച്ചു... ഓട്ടോക്കാരന്റെ കത്തിയില്‍ എന്‍റെ ചോര പറ്റി... ഇന്‍ഫോസിസ് എന്നൊക്കെ കേട്ടാല്‍ തന്നെ അവന്മാര്‍ നമ്മളെ ഊറ്റിയെടുക്കുമത്രേ...!! എന്തായലും ഓട്ടോ കാശ് നുള്ളിപ്പെറുക്കി എടുത്തു കൊടുത്ത് ബാഗും പെട്ടിയും എല്ലാം എടുത്ത് സെക്യൂരിറ്റി യുടെ അടുത്തേക്ക് പോയി...

ഓഫര്‍ ലെറ്ററും ജോയിനിംഗ് ലെറ്ററും എടുത്തു കാണിച്ചു, ഒരു ഗോള്‍ഫ്കാര്ട്ടില്‍ ഗേറ്റില്‍ നിന്നും അകത്തു മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ട് പോയി.. അവിടെ വച്ച് അവര്‍ ട്രെയിനിംഗ് സമയത്ത് താമസിക്കാനുള്ള മുറിയുടെ ചാവി തന്നു... ഇനിയവര്‍ക്ക് പെട്ടിയും ബാഗുമെല്ലാം പരിശോദിക്കണമാത്രേ...!!

എന്‍റെ പെട്ടിയും ബാഗും ഒരു മേശപ്പുറത്തേക്ക് വച്ചു...അതിനടുത്ത് ഒരു കമ്പ്യൂട്ടറും ഉണ്ട്... !!

"ഈശ്വരാ... ആ സിഡി എങ്ങാനും ഇവരെ കണ്ടു പിടിച്ചാല്‍... എല്ലാം തീര്‍ന്നു... എന്താണെന്നു പരിശോദിക്കാന്‍ തൊട്ടടുത്ത്‌ കമ്പ്യൂട്ടറും ഉണ്ട്... എനിക്കൊപ്പം ജോയിന്‍ ചെയ്യാന്‍ വന്ന കുറെ പേര്‍ അവിടെ വേറേയും ഉണ്ട്... ഹോ..!! എന്‍റെ മാനം...!! എന്‍റെ ജോലി...!! മിക്കവാറും ഇന്ന് തന്നെ തിരിച്ചു വണ്ടി കയറേണ്ടി വരും...!! കൂട്ടുകാര്‍ക്കു കൊടുത്ത ട്രീറ്റ്‌ വേസ്റ്റ്...!!"

ടെന്‍ഷന്‍ അടിച്ചു ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി....കൈകാലുകള്‍ക്കു ഒരു വിറയല്‍..

ഒരു മീശക്കാരന്‍ സെക്യൂരിറ്റി എന്‍റെ ബാഗില്‍ നിന്നും സിഡി എടുത്തു,
"യേ ആപ്കാ ഹേ ക്യാ..?"

അല്ലായെന്ന് പറഞ്ഞു മുങ്ങിയാലോ എന്ന് ചിന്തിച്ചു... പക്ഷെ അതെയെന്നു ഞാന്‍ തലയാട്ടി...!!

പോയെടാ പോയി....ജോലിയും പോയി മാനവും പോയി...!! എനിക്ക് ജോലികിട്ടിയപ്പോള്‍ ഏതെങ്കിലും ഒരുത്തന്‍ കണ്ണു വച്ചിട്ടുണ്ടാവും...!!

"ഐ ഡോണ്ട് വാണ്ട്‌ ദിസ്‌ സിഡി... യു കാന്‍ ബ്രേക്ക്‌ ആന്‍ഡ്‌ ലീവ് ഇറ്റ്‌ ഇന്‍ ദി വേസ്റ്റ് ബസ്കെറ്റ്.." ഞാന്‍ പറഞ്ഞു

മീശക്കാരന്‍ എന്നെ നോക്കി വിനയത്തോടെ പറഞ്ഞു, "നോ ഇഷ്യൂസ് സര്‍, പ്ലീസ് എന്റര്‍ ഇറ്റ്‌ ഇന്‍ ദി രജിസ്റ്റര്‍"".,"

ഹോ, അത്രേയുള്ളൂ... എന്‍റെ നല്ല ജീവന്‍ പോയി... വെറുതെ ടെന്‍ഷന്‍ അടിച്ചു...നല്ല വടിവൊത്ത അക്ഷരത്തില്‍ സംഗതി രജിസ്റ്ററില്‍ എഴുതി കൊടുത്ത് സമാധാനത്തോടെ ഞാന്‍ സിഡി അടക്കം എല്ലാം വാരിപ്പെറുക്കി മുറിയിലേക്ക് പോയി... എന്നിട്ട് ഞാന്‍ ആഞ്ഞു വിട്ടു, എന്‍റെ ആശ്വാസ നിശ്വാസം...!!

അന്ന് നിര്‍ത്തി ഈ കൊച്ചു സിഡിയുടെ ഏര്‍പ്പാട്...!!

No comments: