Friday, August 16, 2013

സാഹചര്യം പറയിച്ച നുണ

അച്ഛന്റെ ബിസ്സിനെസ്സ് മുഴുവനും നിലംപൊത്തി... എന്‍റെ താമസം അമ്മയുടെ ഇളയൂരിലെ തറവാട്ടില്‍ ആയി... പഠനം കുറച്ചു കാലം കൂടെ മഞ്ചേരി എന്‍ എസ് എസ് സ്കൂളില്‍ തുടര്‍ന്നു...യാത്ര പ്രൈവറ്റ് ബസ്സില്‍..., അത് കണ്‍സഷന്‍ ടിക്കെറ്റ് എടുത്തുകൊണ്ട്...!!

മഞ്ചേരിയില്‍ നിന്നും ഇളയൂര്‍ വരെ ഇരുപതു പൈസയായിരുന്നു അന്നത്തെ സി ടി ബസ്‌കൂലി... ദിവസവും സ്കൂളില്‍ പോയി വരാന്‍ നാല്‍പ്പതു പൈസ അമ്മ തരും...

"ഭദ്രമായി പെന്‍സില്‍ ബോക്സില്‍ വക്കണം..." എന്ന അമ്മയുടെ നിര്‍ദേശം എന്നും ഞാന്‍ സൗകര്യപൂര്‍വ്വം മറക്കും... രണ്ടു ഇരുപതു പൈസ നാണയങ്ങളും നീല നിക്കറിന്റെ പോക്കറ്റില്‍ വയ്ക്കും... മഞ്ചേരിക്ക് പോവുമ്പോള്‍ അതില്‍ ഒരു നാണയം മറക്കാതെ കണ്ടക്ടര്‍ക്ക് കൊടുക്കും...!

പക്ഷെ സ്കൂളില്‍ എത്തിയാല്‍ സ്ഥിതി മാറി... പോക്കറ്റില്‍ തിരിച്ചു പോവാനുള്ള ബസ്സ്‌ കൂലി ഉള്ള കാര്യം മറക്കും... ചന്ദന നിറത്തില്‍ ഉള്ള ഷര്‍ട്ടില്‍ ചെളി പുരളുന്നത് വരെ കളിക്കും... മിക്കവാറും നിക്കറിന്റെ പോക്കറ്റില്‍ വച്ചിരുന്ന തിരിച്ചു പോവാനുള്ള ഇരുപതു പൈസ കളിക്കിടെ നഷ്ടപ്പെട്ടിരിക്കും...!!

തിരിച്ചു പോവാന്‍ മഞ്ചേരിയില്‍ പുതിയ സ്റ്റാന്‍ഡില്‍ അരീക്കോട് ബസ്സിന്‍റെ വാതില്‍ക്കല്‍ വരി നില്‍ക്കും... ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യാതെ ഞങ്ങള്‍ കണ്‍സഷന്‍ ടിക്കെറ്റ് പിള്ളേര്‍ കയറാന്‍ പാടില്ല... അത് മലബാറിലെ അലിഖിത നിയമമാണ്.. അങ്ങനെ പുക തുപ്പി ബസ്‌ സ്റ്റാര്‍ട്ട്‌ ആവുന്നത് വരെ ഞാനടക്കം ഉള്ള വിദ്യാര്‍ത്ഥികള്‍ കാത്തു നില്‍ക്കും.... ബസ്സിന്‍റെ മുരള്‍ച്ച കേട്ടാല്‍ ഉടന്‍ ഞങ്ങള്‍ വണ്ടിയില്‍ ഇടിച്ചു കയറും...!!

കണ്ടക്ടര്‍ അടുത്ത് വരുമ്പോഴായിരിക്കും പോക്കറ്റില്‍ തപ്പുക...

ഇല്ല, പോക്കറ്റില്‍ കാശില്ല...!! അത് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു... എട്ടു കിലോമീറ്റര്‍ അപ്പുറത്തെ വീട്ടില്‍ പോവാന്‍ ഇനി വഴി ഇല്ല... അത്രയും നടക്കുക ആ അവസരത്തില്‍ പ്രായോഗികമല്ല... ഇനി എന്ത് ചെയ്യും...!!

"അവിടെ...അവിടെ.."

കണ്ടക്ടര്‍ അടുത്തെത്തി... എന്ത് ചെയ്യണം എന്നറിയില്ല.... കള്ളം പറയരുത് എന്ന് അച്ഛമ്മ പഠിപ്പിച്ചിട്ടുണ്ട്.. തല്‍ക്കാലം അത് മറന്നു...

"മുന്നില്‍ ആളുണ്ട്..." ഞാന്‍ ഒരു അടവ് പുറത്തെടുത്തു... 

അത് വിശ്വസിച്ചു കണ്ടകടര്‍ പോയി...

പക്ഷെ ഇളയൂരിലെ ബസ്‌സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ ഹൃദയം പേടികൊണ്ടു പടപടാന്നു സ്പന്ദിച്ചു കൊണ്ടേ ഇരുന്നു...

തല്ക്കാലം ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു....!! ഒരു വശത്ത്‌ ആശ്വാസം... പക്ഷെ മറുവശത്ത്‌ കുറ്റബോധം ആയിരുന്നു... ഒരു നുണപറഞ്ഞ എട്ടു വയസ്സുകാരന്‍റെ നിഷ്കളങ്കമായ കുറ്റബോധം...!! ഒരു ദീഘനിശ്വാസത്തിന്റെ സമാധാനത്തില്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്കു നടന്നു...

അന്നത്തെ ആ മനസ്സ് എനിക്ക് ഇന്ന് കൈമോശം വന്നിരിക്കുന്നു....!! ഇത്രയൊന്നും വളരേണ്ടായിരുന്നു എന്നും തോന്നുന്നു...!! അന്ന് ഞാന്‍ എത്ര നല്ലവനായിരുന്നു...!!

No comments: