Tuesday, August 6, 2013

ആദ്യ സൈക്കിള്‍ പഠനം..

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മിക്കവാറും വെക്കേഷന്‍ സമയത്ത് ബാംഗ്ലൂരില്‍ വരാറുണ്ടായിരുന്നു... ബിബിയേട്ടനും കണ്ണേട്ടനും ആയിരന്നു അന്നത്തെ എന്‍റെ ഇവിടത്തെ കൂട്ട്.. രണ്ടു പേരും എന്‍റെ കസിന്‍സ്... കണ്ണേട്ടനെ ഞാന്‍ കണ്ടിരുന്നത്‌ ഒരു മിസ്റ്റര്‍ പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു... ബിബിയേട്ടന്‍ ആണെങ്കില്‍ തനി പോക്കിരി... റോട്ടില്‍ വണ്‍ പിച്ച് ഔട്ട്‌ ക്രിക്കറ്റ്‌ കളിയും മണലില്‍ പള്ട്ടി അടിച്ചും ചില്ലറ സൈക്കിള്‍ നഗര പ്രദക്ഷിണവും ആയിരുന്നു അന്നത്തെ നേരം പോക്ക്...

അന്ന് സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തത് കൊണ്ട് ആരെങ്കിലും ഓടിക്കുന്ന സൈക്കിളിന്റെ പിറകില്‍ കയറാന്‍ മാത്രമായിരുന്നു എന്‍റെ യോഗം...അതിനു ഒരു അറുതി വരുത്താന്‍ തന്നെ തീരുമാനിച്ചു... എത്രയും പെട്ടന്ന് സൈക്കിള്‍ ഓടിക്കാന്‍ പഠിക്കണം....! കണ്ണേട്ടന്‍ എന്നെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കാം എന്ന് ഏറ്റു...

ദിവസവും മണികൂറിനു ഒരു രൂപ കൊടുത്ത് അര വണ്ടി സൈക്കിള്‍ വാടകയ്ക്ക് എടുത്തു പരിശീലനം തുടങ്ങി... ഗുരു സ്ഥാനത്ത് കണ്ണേട്ടനും ബിബിയേട്ടനും...!! രണ്ടു മൂന്നു ദിവസം ഈ കലാ പരിപാടി തുടര്‍ന്നു... ഏകദേശം ബാലന്‍സ് ഒക്കെ കിട്ടി, പക്ഷെ ആത്മവിശ്വാസം ലവ ലേശം ഇല്ല... പുറകില്‍ ആരും പിടിച്ചില്ല എന്ന് അറിഞ്ഞാല്‍ തീര്‍ന്നു, അപ്പൊ താഴെ കിടക്കും...!!

അങ്ങനെ വണ്ടി വടകക്കെടുത്തു അഭ്യാസം തുടര്‍ന്ന ഒരു ദിനം, എന്നെക്കൊണ്ട് നേരാം വണ്ണം സൈക്കിള്‍ ഓട്ടിക്കും എന്ന് എന്‍റെ ഗുരുക്കന്മാര്‍ തീരുമാനിച്ചിറങ്ങി... ഞാന്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ ഇടയില്‍ പതിയെ അവന്മാര്‍ സൈക്കിളില്‍ നിന്നും പിടി വിട്ടു... ഞാന്‍ ആദ്യം അത് അറിഞ്ഞില്ല...  കുറച്ചു കഴിഞ്ഞു ഒരു സംശയം തോന്നി തിരിഞ്ഞു നോക്കിയപ്പോ ലവന്മാര്‍ രണ്ടു പേരും കയ്യും കെട്ടി നില്‍ക്കുന്നു...!!

പേടിയുടെ സിഗ്നലുകള്‍ തലച്ചോറില്‍ നിന്നും കൈകളിലേക്ക് പാഞ്ഞിറങ്ങി... ബ്രേക്ക്‌ പിടിക്കാനുള്ള സിഗ്നല്‍ മാത്രം വന്നില്ല... വണ്ടിയുടെ ഹാന്റില്‍ തലങ്ങും വിലങ്ങും വെട്ടി...

"നേരെ ഓടിച്ചു പോടാ..." അതും പറഞ്ഞു ബിബിയേട്ടന്‍ ഒരൊറ്റ തള്ള്...

നിയന്ത്രണം വിട്ടു ഞാന്‍ നേരെ പോയത് വഴിയരികില്‍ പായ നെയ്തു കൊണ്ടിരിക്കുകയായിരുന്ന ഒരു പാവത്തിന്‍റെ മടിയിലേക്ക്‌..., അയാളെയും ഇടിച്ചു സൈക്കിളും ഞാനും താഴെ വീണു... കാല്‍മുട്ടിലെ തൊലി പോയി ചോര വന്നു... പാവം പായ വില്‍പ്പനക്കാരന്‍ തൊട്ടടുത്ത ഓടയിലും വീണു... !!

എഴുന്നേറ്റ വഴിക്ക് തന്നെ അയാള്‍ തെറി തുടങ്ങി, കന്നടയില്‍ ആയതു കൊണ്ട് എനിക്കൊന്നും അര്‍ത്ഥം മനസ്സിലായില്ല... പിന്നെ, തെറി ഏതു ഭാഷയില്‍ ആയാലും മനസിലാക്കാന്‍ വലിയ പാടില്ലല്ലോ..!! അച്ഛനും അമ്മയും അപ്പോള്‍ എവിടെയോ ഇരുന്നു തുമ്മിയിട്ടുണ്ടാവും...!!

മുറിവില്‍ വക്കാന്‍ ഒരു കമ്യുണിസ്റ്റ് അപ്പ പോലും കിട്ടാതെ ഞാന്‍ സൈക്കിളും തള്ളി കണ്ണേട്ടന്റെ വീടിനു മുന്‍പില്‍ എത്തിയപ്പോള്‍ കൊലചിരിയും മുഖത്തു ഫിറ്റ് ചെയ്തു രണ്ടു പേര്‍, എന്‍റെ ഗുരുക്കന്മാര്‍... കണ്ണേട്ടനും ബിബിയേട്ടനും...!! വൈകീട്ട് വല്യച്ചന്‍ വന്നു കാര്യമറിഞ്ഞു രണ്ടിനേയും കണക്കിന് ചീത്ത വിളിച്ചിട്ടേ എന്‍റെ മുറിവുണങ്ങിയുള്ളൂ...!! എന്തായാലും അതോടെ ബാംഗ്ലൂരില്‍ വച്ചുള്ള എന്‍റെ സൈക്കിള്‍ പഠനം അവസാനിച്ചു...!! പലരും അതോടെ സമാധാനമായി അവിടെ പായ നെയ്യാനും തുടങ്ങി...!!

No comments: