Monday, October 7, 2013

തടിയണ്ടാമോൾ


ശനിയഴ്ച്ച പുലർച്ചെ മൂന്നു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി.. ഞാനും, വിനോദ് ഭായിയും ശ്രീജിത്തും... കെ ആർ പുരം റെയിൽ വേ സ്റ്റേഷനിൽ നിന്നും മൈസൂരിലേക്ക് നേരിട്ട് വണ്ടി കയറാം എന്ന് കരുതി... ഉദ്ദേശിച്ച ട്രെയിൻ കിട്ടിയില്ല... എന്നാലും അരമണിക്കൂർ കഴിഞ്ഞു ബാംഗ്ലൂർ സിറ്റി വരെ ട്രെയിൻ ഉണ്ട്... അവിടുന്ന് മൈസൂർ വരെ അടുത്ത ട്രെയിനും ഉണ്ട്... എല്ലാം നിനച്ച പോലെ നടന്നു... കൃത്യ സമയത്ത് ട്രെയിൻ ...മൈസൂരിൽ പതിവില്ലാതെ കൃത്യ സമയത്ത് തന്നെ അനൂപും ഹാജർ കൂടെ അനൂപിൻറെ ഭാര്യ അഖിലയും..!!

ഹോ ..!! അത്ഭുതം...!! മുൻപേ പ്ലാൻ ചെയ്ത പോലെ എല്ലാം നടക്കുന്നു, ഇതൊന്നും പതിവില്ലാത്തതാണ്...!! മൈസൂരിൽ നിന്നും തന്നെ ഭക്ഷണം കഴിച്ചു ഞങ്ങൾ അടുത്ത ബസ്‌ പിടിച്ചു... വിരാജ്പെട്ടിലേക്ക്...!! ഉച്ചക്ക് അവിടെ എത്തിയത് മുതൽ മഴ..!! തല്ക്കാലം അവിടെ നിന്നും ഭക്ഷണം കഴിച്ചു ഞങ്ങൾ കക്കബെ എന്നാ സ്ഥലത്തേക്ക് തിരിച്ചു..!!

കയ്യിൽ കരുതിയത്‌, അത്യാവശ്യ ഭക്ഷണം, വെള്ളം, അഞ്ചു പേർക്ക് സ്ലീപ്പിങ്ങ് ബാഗ്‌, അനൂപിനും ഭാര്യക്കും കിടക്കാൻ ഒരു ടെന്റ്... ഞങ്ങൾ മൂന്നു പേർക്ക് കിടക്കാൻ ഒരു ടാർപോളിൻ...കക്കബെ ചെന്ന് ഇറങ്ങിയത്‌ മുതൽ ഒരു കാര്യം എനിക്ക് മനസ്സിലായി... പെയ്തു കൊണ്ടിരുന്ന മഴ തീരാൻ ഒരു സാധ്യതയും ഇല്ല... ഇത്രയും നേരം ഒരു പ്രശ്നവും ഇല്ലാതിരുന്ന ഈ യാത്രയിൽ ഒരു വില്ലൻ വരാൻ പോവുന്നു... ചില്ലറ വിശ്രമവും ഭക്ഷണവും സൊറ പറച്ചിലും എല്ലാം കഴിഞ്ഞിട്ടും മഴയ്ക്ക് അറുതിയില്ല...!!

സ്ഥിരമായി തടിയണ്ടാമോളിൽ ഞങ്ങൾ തങ്ങുന്ന ഇടം ഉണ്ട്... അത് വരെ എന്തായാലും എത്താൻ തീരുമാനിച്ചു...അവിടെ എത്തിയപോഴേക്കും സമയം ഇരുട്ടി... ഒരൽപം പിറകിലായ ശ്രീജിത്ത്‌ വഴി തെറ്റി പോവേണ്ടതും ആയിരുന്നു... എല്ലാരും വന്നു ചേർന്ന് ഞങ്ങൾ ടെന്റ് അടിക്കാനുള്ള സ്ഥലം കണ്ടെത്തി... മഴയ്ക്ക് അപ്പോഴും കുറവില്ല.. നല്ല തണുപ്പും കാറ്റും വേറെ...!! ഒരു വിധം ഞങ്ങൾ അവിടെ ടെന്റ് കെട്ടി...!!

തണുപ്പിൽ നിന്നും രക്ഷപെടാൻ കുറച്ചു നേരം എല്ലാരും ടെന്റിൽ കയറാൻ തീരുമാനിച്ചു.. ഞങ്ങൾ നേരത്തെ മഴ കൊണ്ടത്‌ കാരണം, ടെന്ടിനു അകത്തും അത്യാവശ്യം വെള്ളമായിരുന്നു...!! ഞങ്ങളുടെ വസ്ത്രത്തിൽ നിന്നും ബാഗിൽ നിന്നും ഉള്ള വെള്ളം തന്നെ കാരണം...!! മഴ നില്ക്കുന്ന ലക്ഷണം ഇല്ല..!! ഞങ്ങള്ക്ക് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥ..!! രണ്ടുപേർക്ക് ഉള്ള ടെന്റ് ആണ്... പുറത്തു കിടക്കുക അപ്രാപ്യമായത് കൊണ്ട് എല്ലാരും ആ ടെന്റിൽ തന്നെ കിടക്കാം എന്ന് ഞാൻ അഭിപ്രായപ്പെട്ടു...!!

അനൂപും അഖിലയും ഹണിമൂണ്‍ ആഘോഷിക്കാൻ വന്നതാണ്... അത് തല്ക്കാലം ക്യാൻസൽ...തണുപ്പ് കുറക്കാൻ ടെന്റിനു താഴെ ടാർപോളിൻ വിരിച്ചു ആ ചെറു ടെന്റിൽ അഞ്ചു പേരും അത്താഴം കഴിച്ചു കിടന്നു... നല്ല തണുപ്പ്, പോരാത്തതിനു ടെന്റിൽ നിന്നുള്ള ഈർപ്പവും ... കിടന്ന അഞ്ചു പേരും നന്നായി വിറക്കുന്നതു പരസ്പരം അറിഞ്ഞു...!!അത്രയ്ക്ക് ഇടുങ്ങിയാണ് എല്ലാരും കിടന്നത്...

കുറെ കഴിഞ്ഞപ്പോൾ ഏറ്റവും ഉള്ളിൽ കിടന്ന എനിക്ക് കലശലായ മൂത്ര ശങ്ക...!! നേരം വെളുക്കാറായി എന്ന് കരുതിയ ഞാൻ അറിഞ്ഞു സമയം പന്ത്രണ്ടാവുന്നതെ ഉള്ളൂ... എല്ലാരേം ഉണർത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ ഞാൻ തണുപ്പിന്റെ തീവ്രത ശരിയായി അറിഞ്ഞു...!!ഇനിയും ഉണ്ട് കുറെ നേരം, നേരം വെളുക്കാൻ...!!

കാര്യം സാധിച്ചു പെട്ടന്ന് തന്നെ ഞാൻ ആകത്തു കയറി... രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു ബാക്കി മല കയറൽ ആയിരുന്നു നിശ്ചയിച്ചത്... ഇനി ഒരു ചോലവനവും...ഒരു ചെറു മലയും താണ്ടണം...!! പക്ഷെ രാവിലെ നല്ല മഴയും കാറ്റും കോടയും...!! ഈ അവസരത്തിൽ മലകയറുക കുറച്ചധികം പ്രയാസമാണ്...!! അത്യാവശ്യം വെളിച്ചം വരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു...!! ഇടയ്ക്കു ആരൊക്കെയോ മലകയറുന്ന ശബ്ദം കേട്ടു ... മുകളിൽ ആനയുണ്ടോ എന്ന് അവർ ഞങ്ങളോട് അന്വേഷിച്ചു... ഒന്നുമില്ല എന്ന ഞങ്ങളുടെ ഉറപ്പിൽ അവർ തുടർന്നും കയറി..!! അധികം വൈകാതെ അവരും മലയിറങ്ങിയത് ഞങ്ങൾ അറിഞ്ഞു...!!

പിന്നെ എല്ലാം കെട്ടികൂട്ടി ഞങ്ങൾ മലയിറങ്ങി...!! ചുറ്റിലും കോട...!! മഴ ചീളുകളും തണുത്ത കാറ്റും അകമ്പടി..!! നടവഴിയിലെല്ലാം നിറയെ അട്ടകൾ...!! മലകയറ്റം മുഴുമിക്കാൻ ആയില്ലെങ്കിലും ആ മനോഹര ദിനം ആസ്വദിച്ചു ഞങ്ങൾ നടന്നിറങ്ങി..!! താഴെ എത്താറായപ്പോൾ ആണ് അത് അറിയുന്നത്.. കഴിഞ്ഞ രാത്രി മലയിൽ ആനയിറങ്ങിയിരുന്നു എന്ന്..!! അതും പതിമൂന്നെന്നം..!! ഫോറെസ്റ്റ്കാരെ അറിയിക്കാതെ പോയത് കൊണ്ട് മാത്രം അന്ന് രാത്രി അവിടെ കിടക്കാനായി.. !! ഭാഗ്യം രണ്ടു രീതിയിൽ കൂടെ നിന്നു.. ഒന്ന് ഫോറെസ്റ്റ്കാര് ഞങ്ങൾ പോയത് അറിഞ്ഞില്ല... രണ്ടു ആനകള ഞങ്ങൾ കിടന്ന വഴിയിൽ വന്നില്ല...!!

അട്ടകൾ അപ്പോഴും ഞങ്ങളെ പിന്തുടർന്നു .. ഒരുപാട് തമാശകളും മഴയും കാറ്റും കോടയും നിറഞ്ഞ ഒരു യാത്ര തിരിച്ചുള്ള ഒരു ബസ്സിൽ അങ്ങനെ അവസാനിച്ചു...!! ഏറ്റവും കുറച്ചു ഫോട്ടോ പകർത്തിയ എന്റെ യാത്രകളിൽ ഒന്നായിരിക്കാം ഇത്... യാത്ര അവസാനിപ്പിച്ചു തിരിച്ചിറങ്ങുമ്പോഴും മുഴുമിക്കാൻ ആയില്ലെങ്കിലും ഞങ്ങളുടെ മനസ്സ് നിറഞ്ഞു തന്നെ ഉണ്ടായിരുന്നു..!! ഒട്ടും വൈകാതെ അടുത്ത യാത്ര ഉണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു...
 

No comments: