Wednesday, October 30, 2013

ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ..!!

ബാംഗ്ലൂരില്‍ ബസ്സിലെ ടിക്കറ്റ്‌ ചെക്കിംഗ് കുറച്ചു കടുത്തിരിക്കുന്നു..ഇടയ്ക്കിടയ്ക്ക് ടിക്കെറ്റും ചോദിച്ചു ചെക്കര്‍മാര്‍ വണ്ടി കയറുന്നു... കണ്ടെക്ടര്‍ വരുന്നതും കാത്ത് കയ്യില്‍ ചുരുട്ടിയ നോട്ടും പിടിച്ചിരുന്ന പലര്‍ക്കും പണി കിട്ടുന്നു... ഇതൊക്കെ സ്ഥിരമായി കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ ആണ്... !!

ഞാന്‍ ബസ്സില്‍ കയറുന്നത് ചുരുക്കമാണ്... വല്ലപ്പോഴും നാട്ടില്‍ പോവുമ്പോഴാണ് ബസ്സിനെ ആശ്രയിക്കുന്നത്... കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോവാന്‍ ബാനസവാടിയില്‍ നിന്നും മെജസ്റ്റിക്കിലേക്ക് ഞാന്‍ ബസ്‌ കയറി...പതിനെട്ടു രൂപ... ഇരുപതു കൊടുത്തപ്പോള്‍ ടിക്കെറ്റിനു പുറത്തു രണ്ടെന്നു എഴുതി വട്ടം വരയ്ക്കാന്‍ പോയ കണ്ടെക്ടറിന് എട്ടു രൂപാ ചില്ലറ എടുത്തു കൊടുത്ത് പത്തു രൂപ ഞാന്‍ തിരിച്ചു മേടിച്ചു വായില്‍ ചുയിഗവും ചവച്ചു ഞാന്‍ ഇരുന്നു...ഇല്ലെങ്കില്‍ പിന്നെ ഞാന്‍ രണ്ട് രൂപ ഭിക്ഷയെടുക്കാന്‍ അയാളുടെ പുറകെ നടക്കേണ്ടി വരും...!!

കിട്ടിയ ടിക്കറ്റ്‌ കയ്യില്‍ തന്നെ ചുരുട്ടി പിടിച്ചു ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ വായില്‍ ചുയിഗം മധുരം മാറി ചവര്‍ത്തു കൊണ്ടിരിന്നു...പൊതുവേ ഞാന്‍ ചുയിഗം കടലാസ്സില്‍ പൊതിഞ്ഞാണ് കളയാറ്....ആരുടേം കാലില്‍ അത് ഒട്ടിപിടിക്കേണ്ട എന്നത് തന്നെ കാരണം...!! 

അങ്ങനെ ചുയിഗം തുപ്പാന്‍ നേരത്ത് കയ്യിലെ ടിക്കെറ്റില്‍ പൊതിഞ്ഞു ഞാന്‍ പുറത്തു കണ്ട ഒരു ചവറു കൂനയിലേക്ക് എറിഞ്ഞു...എറിഞ്ഞു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് അത് ആ യാത്രയുടെ ടിക്കറ്റ്‌ ആയിരുന്നു...നോര്‍മ്മല്‍ ആയി അടിച്ചിരുന്ന ഹൃദയം പട പടാന്ന് തായമ്പക കൊട്ടാന്‍ തുടങ്ങി... വേറെ ടിക്കറ്റ്‌ എടുക്കണോ...വല്ല ചെക്കര്‍മാരും കയറിയാല്‍ പണവും മാനവും പോവും... ഇനി ഒന്ന് രണ്ട് സ്റ്റോപ്പ്‌ മാത്രമേ ഉള്ളൂ... അതിനു വേണ്ടി വേറെ ഒരു ടിക്കറ്റ്‌ എടുക്കേണ്ട എന്ന് ഞാന്‍ കരുതി... പക്ഷെ ടെന്‍ഷന്‍ എന്നിട്ടും മാറിയില്ല...!!

ഒടുവില്‍ സ്റ്റാന്റ് എത്തി... ഞാന്‍ ഇറങ്ങാന്‍ നേരത്ത് കാക്കിയിട്ട ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍പില്‍... അവര്‍ ചിലരോട് ടിക്കറ്റ് ചോദിക്കുന്നു... ഒന്നും അറിയാത്ത പോലെ നടന്നു പോയ ഞാന്‍ ഏതോ ഭാഗ്യത്തിന് രക്ഷപ്പെട്ടു...!! നടന്നു പോവുന്നതിനിടക്ക് അവര്‍ ടിക്കറ്റ്‌ എടുക്കാത്ത വേറെ ആരോടോ കയര്‍ക്കുന്നത് ഞാന്‍ കേട്ടു... തിരിഞ്ഞു നോക്കാതെ ഞാന്‍ ഒറ്റ നടത്തം... ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ..!!

No comments: