Saturday, November 2, 2013

ബോംബാവലി..!!

ഇന്നലെ ഹോസൂര്‍ വഴിയാണ് ധര്‍മ്മപുരിക്ക് പോയത്... ദീപാവലിക്ക് ബാംഗളൂര്‍കാര്‍ക്ക് പൊട്ടിക്കാനുള്ള പടക്കങ്ങള്‍ നിരത്തി വച്ചിരിക്കുന്നു, ഒന്നോ രണ്ടോ അല്ല നൂറു കണക്കിന് കടകള്‍... എല്ലാ കടകളിലും നല്ല തിരക്ക്... നാഷണല്‍ ഹൈവേയില്‍  ഇതേ കാരണം കൊണ്ട് ഗതാഗത തടസ്സം...!! ഹോസുരില്‍ നിന്ന് പുറപ്പെടുന്ന മിക്കവാറും എല്ലാ വണ്ടികളിലും പെട്ടിക്കണക്കിനു പടക്കങ്ങള്‍ നീലക്കവറില്‍...!!

ദീപാവലിയല്ലേ, പടക്കമില്ലാതെ പിന്നെന്ത് ദീപാവലി...!! അങ്ങനെ കരുതി രാത്രി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ തുടങ്ങി...പത്തഞ്ഞൂറു കിലോമീറ്റര്‍ ബൈക്ക് ഓടിച്ചു വന്നതല്ലേ ഒന്ന് കിടക്കാം എന്ന് കരുതിയപ്പോ തുടങ്ങിയതാ ഇപ്പോഴും നിലക്കാത്ത അങ്കം...!!! ഇപ്പൊ പുറത്തേക്കു നോക്കിയാല്‍ ഏതാണ്ട് യുദ്ധക്കളം പോലെ തന്നെ ഉണ്ട്...ബോംബും മിസൈലും ഒക്കെ ധാരാളം...!!ഓരോന്ന് പൊട്ടിക്കഴിഞ്ഞാല്‍ ചെവിയില്‍ ഒരു മൂളക്കം മാത്രം...!! 

ഇത്തിരിയില്ലാത്ത ചിടുങ്ങുകള്‍ വരെ ഗുണ്ട് വച്ചാ കളി...!! തൊട്ടപ്പുറത്ത് പടക്കത്തിന്റെ പെട്ടി വച്ചിട്ട് ലവ ലേശം ശ്രദ്ധയില്ലാത്ത ഏര്‍പ്പാടാണ്... അവരുടെ രക്ഷിതാക്കളും ഇത് ശ്രദ്ധിക്കുന്നില്ല...!! ഇതൊന്നും അവരുടെതല്ലേ...??
മോഡിയെ കൊല്ലാന്‍ ഓല പടക്കം വച്ച  ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഒക്കെ ഈ ബോംബ്‌ പൊട്ടിക്കുന്ന കുഞ്ഞി പിള്ളേരെ കണ്ടാല്‍ നാണിച്ചു തല താഴ്ത്തും...!!

 ഓരോ പടക്കം പൊട്ടുമ്പോഴും അടുത്ത വീട്ടിലെ കാറിന്‍റെ ബസര്‍ അടിച്ചു കൊണ്ടേ ഇരിക്കുന്നു...!! പടക്കത്തിന്റെ ഒച്ചക്ക് പുറമേ ഇത് വേറെ...!! റോഡിലൂടെ നടക്കാന്‍ പേടിയാണ്, ചിലപ്പോ നേരം വൈകി പൊട്ടാന്‍ വിധിക്കപ്പെട്ട ഏതെങ്കിലും ഒരു പടക്കം കാലിന്‍റെ അടിയില്‍ നിന്ന് പൊട്ടി എന്ന് വരാം...അല്ല, പണ്ട് അങ്ങനെ ഒരു അനുഭവമുണ്ടേ...!!

സാധാരണക്കാരുടെ വീടുകളില്‍ പോലും വാങ്ങുന്നത് പതിനായിരങ്ങളുടെ പടക്കമാണ്... ഒരു സുഹൃത്തിന്റെ വീട്ടില്‍ വാങ്ങി വച്ചിരിക്കുന്ന പടക്ക പെട്ടിയുടെ വലിപ്പം കണ്ടു ഞാന്‍ ശരിക്കും ഞെട്ടി...!! അതുണ്ട് ഒരു പടക്കകട തുടങ്ങാന്‍ മാത്രം....!! ദീപാവലി എന്ന പേരുമാറ്റി പടക്കാവലി എന്നോ മറ്റോ ആക്കേണ്ടി വരും...!! 

അന്തരീക്ഷം മുഴുവനും ഇപ്പൊ വെടിമരുന്നിന്റെ ഗന്ധമാണ്...!! നവജാത ശിശുക്കളും ഗര്‍ഭിണികളും ഹൃദ്രോഗികളും എല്ലാം ഇവിടെ എങ്ങനെ കഴിയുന്നു ആവോ...?? അടുത്ത വീടിന്‍റെ മുകളില്‍ സ്ഥിരമായി വരാറുള്ള പരുന്ത് എവിടെക്കോ പേടിച്ചു പറന്നു പോവുന്നത് കണ്ടു...!!

ദീപാവലി എന്ന് ഓര്‍ക്കുമ്പോള്‍, നൊസ്റ്റാള്‍ജിയ പടര്‍ത്തുന്ന ഒരു രംഗം ഉണ്ട്...!! ഷാജി കൈലാസിന്‍റെ സെറ്റ് പോലെ ഞാന്‍ താമസിച്ച വടകവീടും അടുത്തുള്ള അങ്കിളിന്റെ വീടും അനിയത്തിയും ആഭചേച്ചിയും ചേര്‍ന്ന് ദീപങ്ങള്‍ കത്തിച്ചു വച്ച് അലങ്കരിച്ചിരുന്ന ഒരു പഴയ രംഗം...കര്‍ണ്ണപടം തകര്‍ത്ത് കൊണ്ടുള്ള ഇപ്പോഴത്തെ ഈ ആഘോഷം സത്യത്തില്‍ ഈ ആഘോഷത്തെ തന്നെ വെറുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു...!!

പുലര്‍ച്ചക്ക് ഒരു യാത്രയുണ്ട്, നേരത്തെ കിടക്കണം എന്ന് കരുതിയതാ...അതിനി സ്വാഹാ...!!

പിന്‍കുറിപ്പ്: ഇതുകൊണ്ട് എനിക്ക് ഒരു ഗുണവും ഇല്ല എന്ന് പറയാന്‍ വയ്യ, ഹെല്‍മറ്റില്ലാതെ എന്നെ കണ്ടാല്‍ കുരച്ചു കൊണ്ട് എന്‍റെ നേര്‍ക്ക്‌ ഓടി അടിക്കുന്ന തെരുവ് നായ് കൂട്ടങ്ങളെ ഇന്ന് ഈ പരിസരത്ത് കാണാനില്ല...അല്ലെങ്കിലും മീശയുള്ള അപ്പനെയല്ലേ പെടിയുള്ളൂ..!!

No comments: