Wednesday, November 6, 2013

ഒരു ചെറിയ കച്ചോടക്കാരന്‍

പണ്ട് കോളേജില്‍ പഠിക്കുന്ന സമയത്ത് പോക്കറ്റ്‌ മണി ഉണ്ടാക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയി ജോലി ചെയ്തിരുന്നു.. ഒരു കുഞ്ഞു ഡിക്ടറ്റീവ് പണി...സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ (ബ്ലേഡ് എന്നൊക്കെ ചിലപ്പോ അസൂയക്കാര്‍ പറഞ്ഞു എന്ന് വരും, മൈന്‍ഡ് ചെയ്യണ്ട)  നിന്ന് വായ്പ്പക്ക്‌ അപേക്ഷിച്ചവരുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ അറിഞ്ഞു റിപ്പോര്‍ട്ട്‌ കൊടുക്കുക എന്നതാണ് ജോലി...!! വട്ട ചിലവു നടത്താനുള്ളത്, അതായത് പതിവ് സിനിമ കാണല്‍ കാര്യപരിപാടിക്കും, ബിംബീസ് ബേക്കറിയിലെ ലൈം-ആവിലും വെള്ളം മോന്തല്‍ ചടങ്ങിനും, മൊബൈല്‍ റീച്ചാര്‍ജിനും ഒക്കെ ഉള്ളത് ആ വഴിക്ക് തരപ്പെടും..!!

അങ്ങനെ ഒരു ദിവസം ഓഫീസില്‍ നിന്നും വിളി വന്നു...പോയി കാണേണ്ട ആളിന്‍റെ പേരും അഡ്രസ്സും തന്നു... തല്‍ക്കാലം ആളെ നമുക്ക് ഉമ്മറിക്ക എന്ന് വിളിക്കാം... വേറൊന്നും അല്ല, ആളുടെ പേര് ഞാന്‍ മറന്നു പോയി... :)

അപ്പൊ ഉമ്മറിക്ക, മഞ്ചേരിയില്‍ സ്വന്തമായി ബിസ്സിനെസ്സ് ഒക്കെ ഉള്ള ആളാണ്‌..

"ഏതു വലിയ കച്ചോടക്കാരനും ഒരു ടൈറ്റ് വരുമല്ലോ, അതോണ്ടാ ഈ എടങ്ങേറ് പിടിച്ച പരിപാടിക്ക് പോയത്...!!" ഇത് ഞാന്‍ പറഞ്ഞതല്ല, ഉമ്മറിക്ക എന്നോട് പറഞ്ഞതാണ്..

അമ്പതു ലക്ഷത്തിന്‍റെ വായ്പ്പയാണ്...ഞാന്‍ ഉമ്മറിക്കയെ പോയി കണ്ടു...ഒരു സിമ്പിള്‍ മലപ്പുറം കാക്ക..!! വെള്ള മുണ്ട്, വെള്ള ഷര്‍ട്ട്‌, കയ്യില്‍ റാഡോ വാച്ച്, കുത്തുന്ന അത്തര്‍ മണം, നെറ്റിയില്‍ നല്ല അസ്സല്‍ നിസ്ക്കാര തഴമ്പ്..!! പരിചയപ്പെട്ടപ്പോള്‍ തന്നെ കക്ഷി മേലെ പറഞ്ഞ ഡയലോഗ് കാച്ചി..!!

"ഇക്ക, എന്ത് ബിസ്സിനെസ്സ് ആണ് നടത്തുന്നത്..?" ഞാന്‍ പണി തുടങ്ങി..

"അത് മോനെ, കൊപ്രേന്റെ കച്ചോടാ...പിന്നെ, കൊറച്ച് പീടിക മുറി ഇണ്ട്, അയിന്റെ വാടക കിട്ടും... !!"

ഞാന്‍ പറഞ്ഞത് എഴുതാന്‍ തുടങ്ങിയപ്പോ ഉമ്മറിക്ക ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു, "എല്ലാത്തിനും ഒരു ഒളീം മറയും ഒക്കെ വേണല്ലോ...!!"

"ഒളീം മറയുമോ? വേറെ എന്താ ബിസിനെസ്സ്..??"

"കൊറച്ച് സ്വര്‍ണത്തിന്റെ ഏര്‍പ്പാടുണ്ട്‌, ചെറിയ കൊയലും..." ഉമ്മറിക്ക കണ്ണിറുക്കി കാണിച്ചു... പാവം...നിഷ്കളങ്കനായ മനുഷ്യന്‍...!!

"ഇക്കാന്റെ വീടിന്‍റെ അഡ്രെസ്സ് വേണം, പറയൂ..."

"അയിനെന്തിനാ അഡ്രസ്‌, മ്മക്ക് അങ്ങട്ട് പോവാം...ഇനി അത് കാണാത്തോണ്ട് ലോണ്‍ കിട്ടാണ്ടിരിക്കണ്ട...ബാ..!!"

ഒരു വിലകൂടിയ കാറില്‍ അയാള്‍ എന്നെ വീട്ടിലേക്കു കൊണ്ട് പോയി... കൊട്ടാരം പോലെ ഉള്ള വീട്...ആയാളും കുടുംബവും അവിടെ താമസിക്കുന്നു...ദേഹമാസകലം സ്വര്‍ണം ധരിച്ച അയാളുടെ ഭാര്യ എനിക്ക് തണുത്ത ജ്യൂസ്‌ തന്നു സ്വീകരിച്ചു...വീട് മുഴുവന്‍ ഗള്‍ഫ്‌ ബസാര്‍ പോലെ ഉണ്ട്...!!

"ഇക്ക ഗള്‍ഫില്‍ ആയിരുന്നോ..??"

"ഹാ..ഹാ..." അയാള്‍ ഉറക്കെ ചിരിച്ചു..
"ഗള്‍ഫ്‌ ഒക്കെ ഞമ്മടെ കയ്യില് തന്നെ അല്ലേ..."
"എന്ന് വച്ചാല്‍...??" എന്‍റെ സംശയം തീര്‍ന്നില്ല...

എന്നെ അയാള്‍ വീടിന്‍റെ പുറകിലേക്ക് വിളിച്ചു കൊണ്ട് പോയി.. അവിടെ ഒരു ഷീറ്റ് മേഞ്ഞ ഒരു വലിയ ഷെഡ്‌...അതിലേക്കു ചൂണ്ടി അയാള്‍ പറഞ്ഞു..

"ജ്ജ് അത് കണ്ടാ...?? ഇന്‍റെ സ്റ്റോക്ക്‌ ഷെഡ്‌ ആണ്...ഗള്‍ഫ്ന്ന് സാദനം ഏറക്കി ഇവിടയാ വക്കാറു...!! സ്വര്‍ണ്ണം, ഇലക്ട്രോണിക് ഐറ്റംസ്, (ചുറ്റും ആരും ഇല്ലാ എന്ന് ഉറപ്പിച്ചതിനു ശേഷം) കൊറച്ച് മരുന്നിന്‍റെ പരിപാടീം ഇണ്ട്..."

എല്ലാം കൂടെ കേട്ട് എന്‍റെ തൊണ്ട വരളാന്‍ തുടങ്ങി...കയ്യില്‍ ഇല്ലാത്ത കുത്തിത്തിരുപൊന്നും ഇല്ല ഈ പഹയന്റെ കയ്യില്‍..!! എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങാന്‍ നേരത്ത് ഉമ്മറിക്ക അടുത്തു വന്നു പറഞ്ഞു,

"അന്നോട്‌ ഇതൊക്കെ പറഞ്ഞതെന്താച്ചാല്, ലോണ്‍ തിരിച്ചടക്കാനായിട്ട് ഇക്ക് വല്യ ബുദ്ധിമുട്ടില്ല  എന്ന് അറിയിക്കാനാ...ജ്ജ് ഇതൊക്കെ അന്‍റെ ആപ്പീസറോടും പറഞ്ഞോണ്ടി...!!"

"ഞാന്‍ പറയാം ഇക്കാ.." എന്നും പറഞ്ഞു ഞാന്‍ വേഗം സ്ഥലം കാലിയാക്കി..റിപ്പോര്‍ട്ട്‌ ഫോറം എടുത്തു ചോദ്യാവലി വായിച്ചു..

1) ലോണ്‍ എടുക്കുന്ന ആളുടെ സാമൂഹിക പശ്ചാത്തലം
2) ലോണ്‍ എടുക്കുന്ന ആളുടെ ക്രിമിനല്‍ പശ്ചാത്തലം

പിന്നെ ഞാന്‍ വായിക്കാന്‍ നിന്നില്ല...എനിക്ക് തൃപ്തിയായി...!!  

No comments: