Friday, November 15, 2013

ഫിലിപ്പ്സ് ആന്‍ഡ്‌ ദി മങ്കിപ്പെന്‍

ഇതൊരു വെറും പേനയല്ല.. അഭ്രപ്പാളിയില്‍ ജാലവിദ്യ കാണിച്ച അത്ഭുത പേനയാണ്...!! പല മഹാരഥന്മാര്‍ ജാലവിദ്യ കാണിച്ച സിനിമയുടെ ലോകത്തേക്ക് ഷാനിലിനും റോജിനും സ്വാഗതം.. നിങ്ങളുടെ വരവ് ഗംഭീരമായി..!!

 ഈ സിനിമ കണ്ടു പുറത്തിറങ്ങുന്നവരുടെ ഉള്ളില്‍ മുഴുവന്‍ കുസൃതി നിറഞ്ഞ ആ കുട്ടിപ്പട്ടാളം ആയിരിക്കും....പ്രത്യേകിച്ചു റയാന്‍ ഫിലിപ്പ് എന്ന സനൂപും ജുങ്ക്രു എന്ന കൊച്ചു മിടുക്കനും...മനോഹരമായ അഭിനയം...തീര്‍ത്തും സ്വാഭാവികവും...!!  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കമലാഹാസന്‍ ഒഴികെ മറ്റൊരാളും ബാലതാരത്തില്‍ തുടങ്ങി നായക പദവിയില്‍ എത്തി തിളങ്ങിയിട്ടില്ല എന്ന ദുര്‍വിധി ഈ മിടുക്കന്മാര്‍ക്ക്‌ ഉണ്ടാവാതിരിക്കട്ടെ..!! കുട്ടികളെ അഭിനയം പരിശീലിപ്പിച്ച വിജീഷിനും (അങ്ങനെ എഴുതി വയിച്ചതായിട്ടാണ് ഓര്‍മ്മ) നന്ദി...!!

രമ്യാ നമ്പീശന്റെ അനിയന്‍ രാഹുലിന്‍റെ സംഗീതവും നെയിലിന്റെ ക്യാമറയും സിനിമയുടെ മൂഡ്‌ നിലനിര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്...!! കുട്ടികളുടെ മികവിന് മുന്‍പില്‍ ഒരല്‍പ്പം മാറ്റ് കുറഞ്ഞെങ്കിലും ജയസൂര്യയും രമ്യയും ജോയി ഏട്ടനും മുകേഷും വിജയ്‌ ബാബുവും മോശമില്ലാത്ത പ്രകടനം തന്നെ കാഴ്ച്ച വച്ചു..!! അഭിനന്ദനങ്ങള്‍...!! 

ഈ സിനിമയില്‍ വലിയ സന്ദേശങ്ങള്‍ ഉണ്ട്, നമ്മള്‍ മറന്നു പോവുന്ന പല പാഠങ്ങള്‍ ഉണ്ട്, ശുദ്ധ നര്‍മ്മം ഉണ്ട്, സൗഹൃദവും പ്രണയവും കുടുംബവും എല്ലാം ഉണ്ട്..!! അതിമധുരമായ കള്ളങ്ങളും കയ്പ്പില്ലാത്ത സത്യങ്ങളും ഉണ്ട്...!! കുട്ടികളും വലിയവരും ഒരുമിച്ചിരുന്നു ഈ സിനിമ കാണട്ടെ...!! കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപാട് പഠിക്കാനുണ്ട് ഇതില്‍..!!

ബാംഗ്ലൂര്‍ ഗോപാലന്‍ സിനിമാസില്‍ ആണ് ഞാന്‍ പടം കണ്ടത്... ഒരുപാടു കുട്ടികളുടെ കൂടെ...മിക്കവാറും പന്ത്രണ്ടില്‍ താഴെ പ്രായമുള്ളവര്‍...!! സാധാരണ കുട്ടികളുടെ കൂടെ ഇരുന്നു പടം കാണുന്നത് എനിക്കിഷ്ടമല്ല...അവരുടെ കരച്ചിലും സംശയങ്ങളും ഒച്ചപ്പാടും ബഹളവും എല്ലാം വലിയ ശല്യമായിട്ടാണ് തോന്നാറ്...എല്ലാം കഴിഞ്ഞു ഇറങ്ങാന്‍ നേരത്തെ എല്ലാരും തൂങ്ങി പിടിച്ചിരിക്കുന്ന കാഴ്ച്ചയാണ് പതിവ്... പക്ഷെ ഇന്ന് എല്ലാം മറിച്ചായിരുന്നു...അവര്‍ എല്ലാം അടങ്ങി ഇരുന്നു പടം കണ്ടു.. എന്‍റെ അടുത്തിരുന്ന കുഞ്ഞിനു അവന്‍റെ അമ്മ ഓരോ സീനും വിവരിച്ചു കൊടുക്കുന്നത്.. അവര്‍ സിനിമക്കൊപ്പം ജീവിക്കുകയായിരുന്നു...!! സിനിമ കഴിഞ്ഞപ്പോഴും ഒരു കുഞ്ഞു പോലും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..!!! 

ഈ സിനിമയെ ഞാന്‍ എന്ത് വിളിക്കണം, ചെറിയ കാര്യം പറഞ്ഞ വലിയ സിനിമയെന്നോ, അതോ വലിയ കാര്യം പറഞ്ഞ ഒരു ചെറിയ സിനിമയെന്നോ..?? എന്തുതന്നെ ആയാലും തീര്‍ച്ചയായും ഈ സിനിമ കാണുക, തിയേറ്ററില്‍ തന്നെ...!! 4.5/5 

No comments: