Thursday, November 7, 2013

ജസ്റ്റ്‌ ഫോര്‍ ഹൊറര്‍..!!

ഞാന്‍ ആദ്യമായി കണ്ട പ്രേത പടം "വീണ്ടും ലിസ"യാണ്...സ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് അത്... അന്നൊക്കെ ചില വെള്ളിയാഴ്ചകളില്‍ സ്കൂള്‍ വിട്ടാല്‍ കുട്ടിമാമയുടെ വീട്ടിലേക്കു പോവും... ഞായറാഴ്ച്ച വൈകീട്ടേ തിരിച്ചു വരൂ.. അങ്ങനെ ഞാന്‍ വരുന്നുണ്ടെങ്കില്‍ മിക്കവാറും കുട്ടിമാമയുടെ മകന്‍ സജുവേട്ടന്‍ ഏതെങ്കിലും സിനിമയുടെ വീഡിയോ കാസറ്റ് വാടകയ്ക്ക് എടുത്തു കൊണ്ട് വയ്ക്കും...ഒരിക്കല്‍ അങ്ങനെ കൊണ്ട് വന്നത് "വീണ്ടും ലിസ" ആയിരുന്നു...!!

രാത്രി അത്താഴം കഴിഞ്ഞു എല്ലാരും സിനിമ കാണാന്‍ ഇരുന്നു... എല്ലാവരുടെയും പുറകില്‍ ആയിരുന്നു ഞാന്‍ ഇരുന്നിരുന്നത്...സിനിമ തുടങ്ങിയപ്പോള്‍ തന്നെ ഏതാണ്ട് അന്തരീക്ഷം പിടികിട്ടി...സിനിമയുടെ പശ്ചാത്തല സംഗീതവും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട പ്രേതവും ഇരുട്ടും എല്ലാം കൂടെ എന്നെ പേടിപ്പിച്ചു ഒരു വഴിയാക്കി..!!! പ്രേതം വരുന്ന സീന്‍ എത്തിയിരുന്നപ്പോള്‍ ഞാന്‍ ടിവി യില്‍ നിന്നും ദൃഷ്ടി മാറ്റി...!!

" പിന്നേ, ഒരു കാര്യവും ഇല്ലാതെ പേടിക്കാന്‍ എന്നെ കിട്ടില്ല..!!" ആത്മഗതം..

സിനിമ തീര്‍ന്നപ്പോള്‍ ഏതാണ്ട് പതിനൊന്ന് മണിയായി...സമാധാനമായി...!! മാരണം കഴിഞ്ഞല്ലോ, ഇനി കിടക്കാലോ...!!

ഒരു ദീര്‍ഘ നിശ്വാസത്തോട് കൂടി ഞാന്‍ കിടന്നു...ഒറ്റക്കാണ് കിടത്തം..കണ്ണടച്ചപ്പോള്‍ മുതല്‍ ലിസ കണ്മുന്‍പില്‍..!! അമ്മേ..!! ഞാന്‍ കണ്ണ് തുറന്നു... ഉറക്കം പോയിക്കിട്ടി...!!

തുറന്നിട്ട ജനല്‍ പാളിയിലൂടെ ചെറിയ കാറ്റടിച്ചു തുടങ്ങി...ഞാന്‍ പുറത്തേക്ക് നോക്കി..നിലാവൊന്നും ഇല്ല, അമാവാസിയാണ് എന്ന് തോന്നുന്നു..!! വഴി വിളക്കുകളുടെ പ്രകാശം കാരണം ജനല്‍ പാളികളില്‍ ചെടികളുടെയും മരങ്ങളുടെയും നിഴലുകള്‍...കാറ്റില്‍ നിഴലുകള്‍ ആടുന്നത് എന്‍റെ ഭയത്തിനു ആക്കം കൂട്ടി..!!

അടുത്ത വീട്ടിലെ പട്ടി ആ നശിച്ച നേരത്ത് ഒരു കാര്യവും ഇല്ലാതെ മോങ്ങാന്‍ തുടങ്ങി...!! അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത് അന്ന് വെള്ളിയാഴ്ച്ചയാണ്, അമാവാസിയും... പ്രേതത്തിന്റെ സ്വന്തം ദിവസം...!!

"ഈശ്വരാ, ഈ നേരത്ത് ആരും ചുണ്ണാമ്പും ചോദിച്ചു വരാതിരുന്നാല്‍ മതിയായിരുന്നു...!!"

എനിക്ക് പേടി കൂടി കൂടി വന്നു, ഞാന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി...അപ്പോള്‍ ഉണ്ടായ ഓരോ ചലനവും ശബ്ദവും പ്രേതത്തിന്‍റെ വിക്രിയകളാണ് എന്ന് ഞാന്‍ വിശ്വസിക്കാന്‍  തുടങ്ങി...അന്ന് ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കാന്‍ കഴിയില്ല എന്ന് ഞാന്‍ മനസ്സിലാക്കി...ആ രാത്രി തന്നെ ഞാന്‍ പതുക്കെ സജുവേട്ടന്‍ കിടക്കുന്ന മുറിയില്‍ പോയി കിടന്നു...ഒരാള്‍ കൂടെ ഉണ്ട് എന്ന ധൈര്യമാവാം എനിക്ക് അവിടെ കിടന്ന് പതിയെ ഉറങ്ങാന്‍ കഴിഞ്ഞു...!!

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അവിടെ എല്ലാരും എന്നെ നോക്കി ഒരുമാതിരി പുളി(ഞ്ഞ) തിന്ന പോലെ ഒരു ചിരി...എന്നിട്ട് ഒരു ചോദ്യവും,
"രാകേഷിനു നല്ല ധൈര്യം ആണല്ലോ...!!" ഒരു വളിച്ച ചിരി ഞാന്‍ തിരിച്ചു കൊടുത്തു എന്നിട്ട് അമ്മായിയോട് ചോദിച്ചു,

"പാരസെറ്റാമോള്‍ ഉണ്ടോ അമ്മായി, ചെറിയ ഒരു പനി ഉണ്ടോ എന്ന് ഒരു സംശയം..."

പിന്നെ കുറച്ചു അല്ല കുറേ കാലത്തേക്ക് ഞാന്‍ പ്രേതപടങ്ങള്‍ കാണുന്ന പരിപാടി നിര്‍ത്തി..!! വേറെ ഒന്നും അല്ല, എനിക്ക് തീരെ ഇഷ്ടപ്പെടാത്തോണ്ടാ, അല്ലാതെ അയ്യേ..!! ഹേയ്, അല്ല....!!

 പിന്‍കുറിപ്പ്: നല്ല ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും വെറുതെ ലിസയെ ഓര്‍ക്കും, ജസ്റ്റ്‌ ഫോര്‍ ഹൊറര്‍..!!

No comments: