Monday, November 4, 2013

ബിരിയാണി ഇല..

നല്ല മടിപിടിച്ചു ഇരിക്കുമ്പോള്‍ എളുപ്പത്തില്‍ ഞങ്ങള്‍ റൂമില്‍ കഴിക്കാന്‍ ഉണ്ടാക്കുന്ന ഒരു സംഭവമാണ് വെജ് റൈസ്...അതിനു അല്‍പ്പം രുചി കൂടാന്‍ വേണ്ടി ബിരിയാണിയില്‍ ഇടുന്ന കറുവപട്ട, ഗ്രാമ്പു, കറുവയില ഇത്യാദി സംഗതികള്‍ എല്ലാം ആവോളം ചേര്‍ക്കാറുണ്ട്...അതുപോലെ എന്തുണ്ടാക്കുമ്പോഴും അതില്‍ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ടില്ലെങ്കില്‍ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല..!!

ഈ ഇടുന്ന എല്ലാം തന്നെ പെറുക്കി കളയുക എന്ന ഭാരിച്ച ഉത്തരവാദിത്വം അത് കഴിക്കുന്നവനില്‍ തന്നെ നിക്ഷിപ്തമാണ്...!! ഇത് തന്നെയാണ് തൃശ്ശൂര്‍ക്കാരനായ എന്‍റെ സഹമുറിയന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപവും...!! പൊതുവേ മടിയുള്ളത് കൊണ്ടാണ് ഈ വിചിത്ര ഭക്ഷണം ഉണ്ടാക്കുന്നത്‌...പക്ഷെ മേല്‍പ്പറഞ്ഞ ചേരുവകള്‍ പെറുക്കി മാറ്റി കളയാന്‍ ചില്ലറ മേനക്കെടോന്നും അല്ല എന്നതാണ് അവന്‍റെ പക്ഷം...!!

അങ്ങനെയിരിക്കേ, ഒരിക്കന്‍ ടിയാന്‍ ഓഫീസിലെ കാന്‍റീനില്‍ നിന്നും ബിരിയാണി മേടിച്ചു... ബിരിയാണി പ്ലേറ്റില്‍ നിറച്ചു കാന്‍റീന്‍ ബോയ്‌ അവനു നേരെ പ്ലേറ്റ് നീട്ടി...നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു പതിനഞ്ച് സെന്റിമീറ്റര്‍ നീളത്തില്‍ ഒരു കറുവയില...!! കാന്‍റീന്‍ ബോയിയെയും പ്ലേറ്റിലും മാറി മാറി നോക്കി അവന്‍ അടുത്തിരിക്കുന്ന സുഹൃത്തിനോട് പറഞ്ഞു,

"ഹൈ, ഇത്രേം വല്യ ഇല ഇണ്ടെങ്കില്‍ പിന്നെ ഈ ഗടിക്ക് അതില്‍ തന്നാ പോരെ ബിരിയാണി.. വെറുതെ പ്ലേറ്റ് വേസ്റ്റാക്കി...!!"

മുഖത്ത് ഒരു പരിഹാസം നിറഞ്ഞ ചിരിയുമായി നടക്കാന്‍ തിരിഞ്ഞ അവനോട് കാന്‍റീന്‍ ബോയ്‌ പറഞ്ഞു,

"നാളെ തരാ ട്ടാ...!!"

ആ മറുപടി അവന്‍ പ്രതീക്ഷിച്ചില്ല... സഹമുറിയന്‍ ഒരല്‍പ്പം ചമ്മലോടെ ചോദിച്ചു, "നിങ്ങളും തൃശ്ശൂരാ...??"

കാന്‍റീന്‍ ബോയ്‌ ഒരു ചെറുപുഞ്ചിരിയോടെ , "അതേലോ..!!"

"ങാ... ഈ ജാതി സാദനം ഒക്കെ അവിടേ ഇണ്ടാവൂ...!!"

No comments: