Tuesday, November 26, 2013

ഹിന്ദി വിദ്വാന്‍

ബാംഗ്ലൂരിലെ ഒരു പതിവ് ബാച്ചിലര്‍ റൂം ഞായറാഴ്ച്ച കാഴ്ച്ച, തലേന്ന് കുടിച്ച ബിയറിന്റെയും റമ്മിന്റെയും കാലി കുപ്പികള്‍ മുറിയുടെ ഒരു മൂലക്ക് കൂട്ടി വച്ചിരിക്കുന്നു.. അര ലിറ്ററിന്റെ സെവന്‍ അപ്പ്‌ കുപ്പി മുറിച്ചു പകുതിയാക്കി ആഷ് ട്രേ ആക്കിയ ബാച്ചിലര്‍ വിരുതില്‍ മുക്കാലും സിഗരെറ്റ്‌ കുറ്റികള്‍ നിറഞ്ഞിരിക്കുന്നു...നേരം നട്ടുച്ചയായപ്പോള്‍ അവിടത്തെ അന്തേവാസികള്‍ ഒന്നൊന്നായി തലപൊക്കി തുടങ്ങി...!!

നമ്മുടെ നായകന്‍ നേരെ അടുക്കളയില്‍ പോയി ചായ ഉണ്ടാക്കാന്‍ പാത്രത്തില്‍ വെള്ളം നിറച്ചു സ്റ്റവില്‍ വച്ചു...ഗ്യാസ് തീര്‍ന്നു എന്ന സത്യം അറിയാന്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല...!!

"എടാ, സിലിണ്ടര്‍ കാലിയായി... ആ ഗ്യാസ് ഏജന്‍സിയില്‍ ഒന്ന് വിളിച്ചു പറ...!!"

ആര് കേള്‍ക്കാന്‍, കേട്ടാല്‍ ഉണ്ടോ ചെയ്യുന്നു...!! മടിയുടെ ഉത്ഭവം തന്നെ ബാച്ചിലര്‍ റൂമുകളില്‍ നിന്നാണല്ലോ...!! 

"ഒന്ന് വിളിക്കിനെടാ തെണ്ടികളെ, ഇല്ലെങ്കില്‍ എല്ലാര്‍ക്കും വായു വിഴുങ്ങി കിടക്കാം ഇന്ന്..." നായകന്‍ ടോണ്‍ കനപ്പിച്ചു...!!

"ആ ഏജന്‍സിക്കാരന്‍ ഒടുക്കത്തെ ഹിന്ദിയാ...ഞാന്‍ ഗ്യാസ് വിളിച്ചു പറഞ്ഞാല്‍ ചിലപ്പോ കൊണ്ട് വരുന്നത് ഗ്യാസ് മുട്ടായി ആയിരിക്കും... നീയല്ലേ വലിയ  ഹിന്ദിക്കാരന്‍, നീ തന്നെ വിളിച്ചു പറ..." ഒരുത്തന്‍ വാ തുറന്നു..!!

സകലതിനേയും പ്രാകിക്കൊണ്ട്‌ നമ്മുടെ നായകന്‍ തന്നെ ഫോണ്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു, ഒറ്റ ഡയലോഗ്..

"ഭയ്യാ, ഹമാരാ ഗ്യാസ് കതം ഹോഗയാ... ജല്‍ദി ആവോ...!!"

No comments: