Sunday, November 17, 2013

നാറ്റിക്കാന്‍ ഒരു ഭൂതകാലം

ഞാന്‍ ജനിച്ചത്‌ വലിയ തലയുമായിട്ടാണ് എന്നാണ് എന്‍റെ അമ്മ പറയാറ്... തടിച്ചുരുണ്ട ശരീരം ഉണ്ടായിട്ടും, ആ വലിയ തലയുടെ വലിപ്പം ഒട്ടും ആനുപാതികമായിരുന്നില്ലത്രേ...!! തലച്ചോറും ചകിരിച്ചോറും കളിമണ്ണും മെടുല്ല ഒബ്ലോങ്കെറ്റയും ചിന്തയും വിചാര വികാരങ്ങളും എല്ലാം കൂടെ ചേര്‍ന്ന് ഇത്തിരി തലക്കനം കൂടിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ...!! 

എന്തായിരുന്നു അന്നത്തെ എന്‍റെ ചിന്തകളും മാനസിക വ്യാപാരങ്ങളും എന്ന് പലവട്ടം ആലോചിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയിട്ടില്ല...!! പക്ഷെ വീട്ടിലെ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ നിന്ന് എനിക്ക് നല്ല പിടിവാശിയും വികൃതിയും ഉണ്ടായിരുന്നു എന്ന് അറിഞ്ഞു...!! വാശിപിടിച്ചു കരഞ്ഞു അലമ്പുണ്ടാക്കുക എന്നത് ഏതൊരു ശിശുവിനെയും പോലെ ഞാനും എന്‍റെ ധര്‍മ്മികാവകാശമായി കരുതി...!! 

അങ്ങനെ ഇരിക്കുമ്പോള്‍ അത് സംഭവിച്ചു, എന്‍റെ കറുത്ത മോണകളെ കീറി മുറിച്ചുകൊണ്ട് വെളുത്ത പാല്‍പല്ലുകള്‍ പുറത്തേക്കു എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു...!! വായില്‍ പല്ല് മുളച്ചപ്പോള്‍ നേരത്തെ പറഞ്ഞ കനം കൂടിയ തലയില്‍ കുനിഷ്ടു ബുദ്ധിയും ഇടം പിടിക്കാന്‍ തുടങ്ങി...!! തല കൂടുതല്‍ കനം വച്ച് തൂങ്ങി..!! ഞാന്‍ പുതിയ വിനോദം കണ്ടെത്തി..!! കണ്ണില്‍ കണ്ടവരുടെ ദേഹത്ത് മുഴുവന്‍ പല്ലിന്‍റെ മൂര്‍ച്ച പരിശോദിക്കാന്‍ തുടങ്ങി, അതേസമയം എന്‍റെ ഇരകള്‍ കണ്ഠശുദ്ധി വരുത്താന്‍ വേണ്ടി ഉച്ചസ്ഥായിയില്‍ ശ്രുതി തെറ്റി പാടിക്കൊണ്ടിരുന്നു...!! 

അടുത്ത വീട്ടിലെ അനുചേച്ചിയും വാവ ചേച്ചിയും ആയിരുന്നു എന്‍റെ കളിക്കൂട്ടുകാര്‍...കളിക്കിടയില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ കടിക്കുന്നത് ഞാന്‍ പതിവാക്കി.. പരാതിയുമായി അവര്‍ അമ്മയുടെ മുന്‍പിലെത്തും... അവരുടെ മാത്രമല്ല, ജാതി മത വേഷ വര്‍ണ്ണ ലിഗ പ്രായ ഭേദമില്ലാതെ എന്‍റെ ആക്രമണത്തിന് ഇരയായ ഒരുപാട് പേരുടെ പരാതികൊണ്ട് അമ്മ പൊറുതിമുട്ടി..!!

ഒരു ദിവസം അമ്മ എന്നെയും കൊണ്ട് അച്ഛന്റെ തറവാട്ടില്‍ പോയി... എന്നേക്കാളും ഒരു വയസ്സിനു മൂത്ത കുട്ടിമാമയുടെ മകളുടെ കൂടെ കളിക്കാന്‍ വിട്ടിട്ടു അമ്മ അടുക്കള ഭാഗത്തേക്ക്‌ പോയി... ഞങ്ങളുടെ കളി പക്ഷെ കാര്യമായി... ഞാന്‍ സ്ഥിരം അടവ് പുറത്തെടുത്തു... കൊടുത്തു അസ്സല്‍ കടി..!! അതും ചന്തിക്ക്..!! അവളുടെ കരച്ചിലും കേട്ട് അമ്മയും അമ്മായിയും ഓടി വന്നപ്പോള്‍ ഉമ്മറത്ത് കടി വിടാതെ ഞാനും കരഞ്ഞുകൊണ്ട്‌ അവളും നിലത്തു കിടക്കുന്നു...!! കടി വിടുവിച്ച് അമ്മയുടെ കയ്യിന്‍റെ ചൂടറിഞ്ഞ് ഞാന്‍ കരച്ചില്‍ തുടങ്ങിയപ്പോഴേക്കും അമ്മയും അമ്മായിയും തമ്മില്‍ എന്‍റെ ഒരൊറ്റ കടിയുടെ പേരില്‍ തെറ്റിക്കഴിഞ്ഞിരുന്നു...!! നമ്മളെ കൊണ്ട് ഇത്രേ പറ്റൂ..!!

ഇതൊക്കെ പഴങ്കഥ..!! പക്ഷെ ഇപ്പൊ കഥമാറി...!!തലക്കനം കുറഞ്ഞില്ലെങ്കിലും ശരീരത്തിന് കൂടുതല്‍ കനം വെപ്പിച്ച് ഞാന്‍ ആളായി നടക്കുന്ന കാലം, ഏതെങ്കിലും കല്യാണ വീട്ടിലോ നാലാള് കൂടുന്നിടത്തോ അമ്മ ഈ ചന്തിക്ക് കടിച്ച കഥ പറയും, എന്നെ നാറ്റിക്കാന്‍ വേണ്ടി...!! അന്ന് അമ്മയെ ഒരുപാട് ബുദ്ധിമുട്ടിച്ചതിന് ഇന്ന് എന്നോട് പകരം വീട്ടുന്നു..!! സത്യത്തില്‍ അന്നത്തെ സംഭവത്തില്‍ എനിക്ക് പശ്ചാതാപം ഉണ്ട്, അവളുടെ ശരീരത്തില്‍ എന്തോരം ഭാഗങ്ങള്‍ ഉണ്ടായിട്ടും ഞാന്‍ എന്തിന് അവിടെ തന്നെ കടിച്ചു..?? 

No comments: