Thursday, November 21, 2013

എന്‍റെ രാഷ്ട്രീയം

മുഷ്ടികള്‍ പൊക്കി കൊടികള്‍ കൈകളില്‍ ഏന്തി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടു ഒരു കൂട്ടം ആളുകള്‍ നടന്നു പോയി... അവര്‍ ആരെന്നോ, ആ ജാഥ എന്തെന്നോ എന്തിനെന്നോ എന്നറിയാതെ ഒരു മൂന്ന് വയസ്സുകാരന്‍ അവര്‍ ചൊല്ലിയ മുദ്രാവാക്യം അക്ഷര ശുദ്ധിയില്ലാതെ ഏറ്റു വിളിച്ചു...!! ഞാന്‍ വളരുന്ന നാട്ടില്‍ കക്ഷിരാഷ്ട്രീയം എന്ന ഒരു "മഹാസംഭവം" ഉണ്ട് എന്ന തിരിച്ചറിവിലേക്കുള്ള ആദ്യ പടിയായിരുന്നു അത്...!!

അന്ന് ഞാന്‍ ആര്‍ക്കാണ് സിന്ദാബാദ്‌ വിളിച്ചത് എന്ന് എനിക്ക് ഓര്‍മ്മയില്ല...അതിനു പ്രത്യേകിച്ച് പ്രസക്തിയും ഇല്ല...!! പക്ഷെ അന്നുമുതല്‍ പല രാഷ്ട്രീയ കക്ഷികളും പല രീതിയില്‍ എന്നെ സ്വാധീനിച്ചു...!!

കോണ്‍ഗ്രസ്‌കാരായ അച്ഛനും അച്ഛന്റെ വീട്ടുകാരും ആണ് ആദ്യം എന്നെ സ്വാധീനിച്ചത്... തികഞ്ഞ ഗന്ധീയനായ മുത്തച്ഛന്‍ ശ്രീ എ സി പൊന്നുണ്ണി രാജയുടെ ഭൂദാന പ്രസ്ഥാനവുമായി അദ്ദേഹം നടത്തിയ പോരാട്ട കഥകള്‍  അക്കാലത്ത് എന്നെ രോമാഞ്ച കഞ്ചുകിതനാക്കി...!! ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് നരസിംഹ റാവു അടക്കമുള്ള കോണ്‍ഗ്രസ്സ്കാര്‍ ആണ് എന്നാണു ഒരുസമയം വരെ ഞാന്‍ വിശ്വസിച്ചു വച്ചിരുന്നത്..!! അഹിംസയെന്നും ആദര്‍ശമെന്നും പറയുന്നത് കോണ്‍ഗ്രസിന്‍റെ പര്യായ പദങ്ങള്‍ ആണെന്നും ഞാന്‍ കരുതി...!! വലിയ വലിയ അഴിമതി കഥകള്‍ അറിഞ്ഞ കാലം വരെ മാത്രം..!!

അമ്മാവന്മാര്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്ന ഒരു കുടുംബമാണ് എന്‍റെത്... എനിക്ക് നേരമ്മവന്മാര്‍ ഇല്ലെങ്കിലും അമ്മക്കുണ്ട്... ഒന്നല്ല, മൂന്നെണ്ണം...!! അതില്‍ രണ്ടുപേര്‍ക്ക് തെളിഞ്ഞ രാഷ്ട്രീയവും ഉണ്ട്... മൂത്ത അമ്മാവന്‍ ആര്‍ എസ് എസും, രണ്ടാമത്തെ അമ്മാവന്‍ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരനും...!! ഇത്തവണ സ്വാധീനിച്ചത് മൂത്ത അമ്മാവന്‍ തന്നെ... അക്കാലത്ത് എന്‍റെ സമപ്രായക്കാരുടെ ഒപ്പം വെട്ടുകല്‍ പാറയുടെ മുകളില്‍ നടന്നിരുന്ന ശാഖകളില്‍ കാര്യമറിയാതെ ഞാനും ഭാഗമായി...!! ഉത്തരേന്ത്യയില്‍ ആങ്ങളക്ക് ആയുരാരോഗ്യം ആശംസിച്ചു പെങ്ങന്മാര്‍ രാഖി കേട്ടികൊടുക്കുന്ന രക്ഷാബന്ധന്‍ എന്ന ഉത്സവദിനം ഈ ശാഖകളില്‍ കൊണ്ടാടുമായിരുന്നു....പെങ്ങള്‍ക്ക് പകരം രാഖി കെട്ടുന്നത് തൊട്ടടുത്തു നില്‍ക്കുന്ന ആരെങ്കിലും ആയിരിക്കും എന്നുമാത്രം...!! വിവിധ വര്‍ണ്ണത്തിലുള്ള ആ നൂല്‍പൂവുകളോടുള്ള ഇഷ്ടമായിരുന്നു അന്ന് എന്നെ ആര്‍ എസ് എസ്സുകാരനായി നിലനിര്‍ത്തിയത്...!!

അത് പക്ഷെ അത്രയ്ക്ക് നീണ്ടില്ല....പ്രൊ. പി ഗൗരി എന്ന ഗൗരി ടീച്ചര്‍ ആയിരുന്നു അതിനു മാറ്റമുണ്ടാക്കിയത്...ടീച്ചറുടെ അടുത്തായിരുന്നു ഞാന്‍ അക്കാലത്തു ടുഷന് പോയിരുന്നത്... ടീച്ചര്‍ എന്നെ "സഖാവ്" എന്നായിരുന്നു വിളിച്ചിരുന്നു... അര്‍ത്ഥമറിയാതെ ഞാന്‍ ഒരു ചെറു നാണത്തോടെ അന്ന് വിളിയും കേട്ടു... പത്തായപ്പുര എന്നെ ടീച്ചറുടെ വീടിന്‍റെ ചുറ്റുപാടുകളില്‍ നിന്നും സി പി ഐ എന്ന ഒരു പാര്‍ട്ടി ഉണ്ടെന്നും അവരുടെ നിറം ചുവപ്പാണ് എന്നും ഞാന്‍ അറിഞ്ഞു തുടങ്ങി... ആര്‍ എസ് എസ് എന്ന പാര്‍ട്ടിക്കുള്ള വര്‍ഗീയ നിറം അറിഞ്ഞതും അവിടെ നിന്നായിരുന്നു... പിന്നെ ഒന്നും നോക്കിയില്ല കയ്യില്‍ ഏതോ ഒരു ചെക്കന്‍ കെട്ടിത്തന്ന രാഖി അപ്പോതന്നെ പൊട്ടിച്ചു കളഞ്ഞു..!!

മഞ്ചേരിക്കും ഇളയൂരിനും അപ്പുറം ലോകമില്ല എന്ന് കരുതിയിരുന്ന എന്നെ അന്ന് ഏറ്റവും അത്ഭുതപെടുത്തിയത്‌ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയായിരുന്നു...ആരെന്നോ എന്തെന്നോ അറിയാതെ "കോണി" എന്ന അടയാളം മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന മാപ്പിള നാട്ടിലെ പാവങ്ങള്‍ക്കൊപ്പം ഞാനും ആ പാര്‍ട്ടിയുടെ വളര്‍ച്ച നോക്കിക്കണ്ടു..!! ചന്ദനക്കുറിയിട്ട നെറ്റിക്ക് മീതെ കോണി അടയാളമുള്ള തൊപ്പിയിട്ട് ലീഗ് ഹൗസില്‍ നിന്നും സ്കൂളിലെ കൂട്ടുകാരുടെ കൂടെ ഇറങ്ങി വന്ന എന്നെ കണ്ടിട്ടുണ്ട് ഈ സാക്ഷര സുന്ദര ഹരിത കേരളം...!! മതത്തിന്‍റെ പേരിലുള്ള ഒരു പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ പക്ഷെ മനസ്സ് അനുവദിച്ചില്ല..!!

ചുവപ്പെന്നാല്‍ സി പി ഐ മാത്രം അല്ല എന്നറിയാന്‍ പിന്നെയും സമയം ഏറെ എടുത്തു... നാട്ടിലെ എന്ത് ചെറിയ കാര്യത്തിനും ഓടി വരുന്ന ഏതു പ്രശ്നത്തിലും ഇടപെടുന്ന സി പി ഐ എം എന്ന പാര്‍ട്ടിയിലേക്ക് എന്‍റെ വിശ്വാസം നീളുകയായിരുന്നു... എന്‍റെ ക്ഷുഭിത യൗവനത്തിന് ഏറ്റവും യോഗിച്ചത് ഈ പാര്‍ട്ടി തന്നെ എന്ന് ഞാന്‍ വിശ്വസിച്ചു...!! വിപ്ലവത്തില്‍ പ്രതീക്ഷകള്‍ നാമ്പിട്ടു...!! ചെറിയ രീതിയില്‍ ആണെങ്കിലും എസ് എഫ് ഐ യിലും എന്‍റെ പ്രവര്‍ത്തനം എത്തി... എന്‍റെ ആദ്യത്തേതും അവസാനത്തേതും ആയ രാഷ്ട്രീയ പ്രവര്‍ത്തനം...!! 

കണ്ണൂരിലെ പഴയ പാര്‍ട്ടി അനുഭാവികള്‍ കൂടിയായ ചില സുഹൃത്തുക്കളില്‍ നിന്നാണ് സി പി എമ്മിന്‍റെ ദുര്‍മുഖം തിരിച്ചറിയുന്നത്‌.... പാര്‍ട്ടിക്കെതിരെ പ്രതികരിക്കാന്‍ അനുവദിക്കാതെ പാര്‍ട്ടി പറയുന്നത് നിരബന്ധിച്ചു അടിച്ചേല്‍പ്പിച്ച് നിര്‍ബന്ധിത ദേശാഭിമാനി വരിക്കാരാക്കി ഗുണ്ടായിസം കളിക്കുന്ന സി പി എമ്മിന്‍റെ കഥകള്‍ ആയിരുന്നു ഞാന്‍ അവരില്‍ നിന്നും അറിഞ്ഞത്... ഇത് കൂടാതെ അവരുടെ വര്‍ത്തമാനകാല ചെയ്തികളാലും അവരില്‍ നിന്നും മാനസികമായി അകലാനാണ്‌ എനിക്ക് തോന്നിയത്...!!

ഇപ്പൊ ഈ സമൂഹത്തിലെ അഴുക്ക് അടിച്ചു വാരിക്കളയാന്‍ ആം ആദ്മി എത്തിയിട്ടുണ്ട്.. ഇനി കുറച്ചു കാലം അവരുടെ കൂടെ നിന്നാലോ എന്നാ ആലോചിക്കുന്നത്.. ഒരവസരം അവര്‍ക്കും കൊടുത്ത് നോക്കാം അല്ലെ..!! 

No comments: