Monday, November 25, 2013

ലൈന്‍ പൊട്ടി, അവളെ (വേറെ ആരോ) കെട്ടി

ആ രാത്രി പുലരരുതേ എന്ന് പ്രാര്‍ത്ഥിച്ചായിരുന്നു അന്ന് ഞാന്‍ കിടന്നിരുന്നത്...പക്ഷെ പതിവ് പോലെ അന്നും പുലര്‍ന്നു, കിഴക്ക് വെള്ളകീറി തന്നെ...!! ഏതായം കൊണ്ട് ഭൂപടം വരച്ച തലയിണയില്‍ നിന്നും മുഖമുയര്‍ത്തി ചിറി തുടച്ചു കണ്ണുകള്‍ തിരുമ്മി ഞാന്‍ ഉറക്കത്തില്‍ നിന്നും പിന്‍വലിഞ്ഞു...ലോലമായ തിരശീലകളെ വക വക്കാതെ നുഴഞ്ഞു കയറിയ സൂര്യരശ്മികള്‍ കണ്ണില്‍ തറച്ചപ്പോള്‍ ആയിരുന്നു നേരം പുലര്‍ന്നു എന്ന കയ്പ്പേറിയ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്...!!

അതേ, ഇന്നവള്‍ വിവാഹിതയാവുകയാണ്...!! കഴിഞ്ഞ കുറേ മാസങ്ങളില്‍ മനസ്സ് പങ്കുവച്ചവള്‍, ഇന്ന് ഇനിയങ്ങോട്ട് ഒരു പങ്കുകച്ചവടത്തിനും ഇല്ല എന്ന് തീര്‍ച്ചയാക്കി പിരിഞ്ഞു പോവുന്നു...!! ഇത് വരെ കിന്നരിച്ചതും കൊഞ്ചിയതും "വിട"യെന്ന രണ്ടക്ഷരത്തില്‍ അവസാനിക്കുന്നു...!!

പതിവുപോലെ ഞാന്‍ കുളികഴിഞ്ഞു അലക്കിതേച്ച പാന്റും ഷര്‍ട്ടും ഇട്ട് ഓഫീസിലേക്ക് നടന്നു...എന്തൊക്കെ ആയാലും എനിക്ക് ജീവിച്ചേ പറ്റൂ... അതിന്‍റെ ഭാഗമായി ഞാന്‍ നേരെ കാന്റീനില്‍ പോയി ഉപ്പുമാവ് വാങ്ങി കഴിക്കാന്‍ ഇരുന്നു... സ്റ്റീല്‍ പ്ലേറ്റില്‍ സ്പൂണ്‍ കൊണ്ട് ഹോക്കി കളിക്കുന്നത് പോലെ ഞാന്‍ കുറെ നേരം ഉപ്പുമാവ് തരികള്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കൊണ്ടിരുന്നു...!! ചിന്ത വീണ്ടും അവളിലേക്ക്‌...!!

"ഇപ്പൊ അവളുടെ വീട്ടില്‍ ചായയും ഉപ്പുമാവും കൊടുക്കുന്നുണ്ടാവും, കൂടെ ഒരു ചെറുപഴവും", ഞാന്‍ ആലോചിച്ചു കൂട്ടി... അവളിപ്പോ പട്ടു സാരിയും ആഭരണങ്ങളും അണിഞ്ഞു തനി കല്യാണപ്പെണ്ണായി ഒരുങ്ങിയിട്ടുണ്ടാവും...അവളെ ആ വേഷത്തില്‍ കാണാന്‍ ഞാനും കൊതിച്ചിരുന്നു, ആ സ്വപ്ന സീനില്‍ പക്ഷെ വരന്‍റെ  വേഷമണിഞ്ഞു നിന്നിരുന്നത് ഞാന്‍ തന്നെ ആയിരുന്നു...തൊണ്ടയില്‍ കുടുങ്ങിയ ഉപ്പുമാവിനെ ചായയുടെ സഹായത്തോടെ വയറ്റിലാക്കി കയ്യും വായയും കഴുകി നേരെ ഓഫീസിലേക്ക് വച്ചു പിടിച്ചു...!!

വിറയാര്‍ന്ന വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ത്തി വിരസമായ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എവിടെയോ അലക്ഷ്യമായി ഞാന്‍ നോക്കി നിന്നു...ഇന്നിനി പണി ഒന്നും നടക്കില്ല..!! മനസിപ്പോഴും നാട്ടിലെ ആ കല്യാണ പന്തലില്‍ ആണ്... എനിക്ക് മുന്‍പില്‍ ഒരിക്കല്‍ പോലും താഴ്ന്നു തരാന്‍ നില്‍ക്കാത്തവള്‍, ഇപ്പോള്‍ ഇന്നലെ കണ്ട ഒരുത്തന് മുന്‍പില്‍ ഒരു മടിയും കൂടാതെ താലിക്കും മാലക്കും വേണ്ടി തല കുനിച്ചു കൊടുക്കുന്നുണ്ടാവും...!! അവളുടെ ആ വെളുത്ത വിരലുകളില്‍ ഞാനന്ന് തൊട്ടപ്പോള്‍ അവള്‍ ആരെങ്കിലും കാണും എന്ന് പറഞ്ഞു കൈ വലിച്ചു, ഇന്നവള്‍ ഒരു വലിയ പുരുഷാരത്തിനു മുന്‍പില്‍ മറ്റൊരുത്തന്റെ കൈ പിടിച്ചു നടക്കുന്നു, വേവലാതികള്‍ ഇല്ലാതെ...!!

കാന്ടീനിന്റെ ഒരു മൂലയില്‍ ഒറ്റക്കിരുന്നു ഞാന്‍ രുചിയില്ലാത്ത ഭക്ഷണം കഴിച്ചപ്പോള്‍, അവള്‍ പുതിയ കൂട്ടുകാരനോടൊത്ത്‌ നാക്കിലയില്‍ രണ്ട് കൂട്ടം പയസമടക്കമുള്ള സദ്യ പങ്കിട്ടു കഴിക്കുകയായിരുന്നു...അതുകഴിഞ്ഞ് കള്ളക്കണ്ണീരോലിപ്പിച്ചു അവള്‍ അവനോടൊപ്പം പുതിയ വീട്ടിലേക്ക് പോയിരിക്കാം...!!

വൈകുന്നേരം, ഇനി വയ്യ..!! മനസ്സ് ഏതു നിമിഷവും ഒരു സ്ഫോടനത്തിനു ഇരയാവം...നേരെ നടന്നത് വൃത്തിഹീനമായ ഒരു ബാറിലേക്ക്, പടപടാന്ന് മൂന്നെണ്ണം കേറ്റി, ഒരു പൈന്റ് വാങ്ങി അരയില്‍ തിരുകി റൂമിലേക്ക്‌..അത് തീരാനും അധികം നേരം വേണ്ടി വന്നില്ല...!! മൊബൈലില്‍ പഴയ മെസ്സേജ്കള്‍ നോക്കി, മിഴിനീര്‍മണികള്‍ ചിതറി വീഴാന്‍ തുടങ്ങി..!!

സമയം രാത്രി ഏതാണ്ട് പതിനൊന്ന് മണിയായി, അവളോട്‌ ഒന്ന് സംസാരിക്കാന്‍ തോന്നി..!! ചിന്തയേക്കാള്‍ വേഗത്തില്‍ കൈവിരലുകള്‍ ചലിച്ചു, അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു... അഞ്ചാമത്തെ റിങ്ങില്‍ അവള്‍ ഫോണ്‍ എടുത്തു..!!

"നീ ഉറങ്ങിയില്ലേ..??", കുഴഞ്ഞ സ്വരത്തില്‍ ഞാന്‍ ചോദിച്ചു..

"നീ എന്തിനാ ഇപ്പൊ വിളിച്ചത്, സമയം എത്രയായി എന്നറിയില്ലേ..."

"ഇതിലും വൈകി നമ്മള്‍ ഒരുപാട് സംസാരിച്ചിരുന്നു..." ഞാന്‍ ഓര്‍മ്മിപ്പിച്ചു

"നമ്മള്‍ എല്ലാം അവസാനിപ്പിച്ചതല്ലേ, നീ ഫോണ്‍ വയ്ക്ക്..." അവള്‍ ദൃതി കാണിച്ചു.

"ഹോ...!! നിനക്ക് അവിടെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ അല്ലെ, എന്ജോയ്‌... പോയി അവന്‍റെ കൂടെ എന്ജോയ്‌ ചെയ്യ്..." അതും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.. എന്നിട്ട് ബാത്‌റൂമില്‍ പോയി വാളും വച്ചു...പിന്നെ വന്നു കിടക്കയില്‍ വീണതേ ഓര്‍മ്മയുള്ളൂ..!!

വീണ്ടും ഒരു പുലരി വന്നു, ഒരു ഹാങ്ങോവറിന്റെ അകമ്പടിയോടെ ഞാന്‍ അതിനെ വരവേറ്റു, അവള്‍ പൂര്‍ണ്ണമായും എന്റെതല്ലാതായ ആ ദിവസത്തെ ഞാന്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി...മൊബൈല്‍ എടുത്തു നോക്കിയപ്പോ അതില്‍ കുറെ മിസ്കാളുകള്‍, എല്ലാം ഒരേ നമ്പറില്‍ നിന്നും...ഞാന്‍ തരിച്ചു വിളിച്ചു..

"ഇന്നലെ അവളുടെ കല്യാണം ആയിരുന്നല്ലേ, നല്ല വിഷമം ഉണ്ടായിരുന്നിരിക്കും, എത്രയെണ്ണം കേറ്റി...??"

"ഒന്‍പത്.."

"ങാ...!! അപ്പൊ അതിന്‍റെ വിഷമം മാറിയില്ലേ, ഇനി അത് ഓര്‍ക്കണ്ട, ഇനി ഞാന്‍ മാത്രം മതി മനസ്സില്‍, ഏറ്റല്ലോ...??"

"ഏറ്റു..." എന്‍റെ പുതിയ കൂട്ടുകാരിക്ക് മാത്രമായി മനസ്സ് കൊടുക്കാന്‍ അന്ന് തന്നെ ഞാന്‍ വാക്ക് കൊടുത്തു...

"കഴിഞ്ഞ ദിവസം എന്‍റെ ജീവിതത്തില്‍ നിന്നും മാറി നിന്നതിനു നന്ദി..!!" ഞാന്‍ പറഞ്ഞു

"വരവ് വച്ചിരിക്കുന്നു, ഇപ്പൊ എന്ത് തോന്നുന്നു..??"

"എന്ത് തോന്നാന്‍, ലൈന്‍ പൊട്ടി, അവളെ വേറെ ഒരുത്തന്‍ കെട്ടി..!! അത്ര തന്നെ.. നാളെ ഒരിക്കല്‍ നീ പോയാലും ഇതൊക്കെ തന്നെ നടക്കും...അന്ന് ഒന്‍പതടിക്കാനുള്ള കപ്പാസിറ്റി ഉണ്ടായാല്‍ മതിയായിരുന്നു..!!"

No comments: