Friday, November 22, 2013

പനിക്കാശ്

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ അയാള്‍ക്ക്‌ ചെറിയ പനി ഉണ്ട് എന്ന് തോന്നി... ഭാര്യയുടെ കൈത്തലം എന്ന തെര്‍മോമീറ്ററില്‍ നൂറ്റിപ്പത്ത് ഡിഗ്രി ചൂട് രേഖപ്പെടുത്തി..!!

"ഓ മൈ ഗോഡ്...!! ലെറ്റ്സ് ഗോ ടു ദി ഹോസ്പിറ്റല്‍..." പെണ്ണുമ്പിള്ള കിടന്നു കീറി വിളിച്ചു...

വാമഭാഗത്തിന്റെ നിര്‍ബന്ധം മാനിച്ചു അയാള്‍ ആശുപത്രിയില്‍ പോവാന്‍ തയ്യാറായി..കാറില്‍ കയറി ഏറ്റവും അടുത്ത മള്‍ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വച്ചു പിടിച്ചു... !! ഡോക്ടറെ കണ്ടു, ശരീരോഷ്മാവില്‍
വളരെ നേരിയ മാറ്റം മാത്രം...!! ലെറ്റര്‍ പാഡില്‍ അദ്ദേഹം പതിവ് ശൈലിയില്‍ തോന്നിയ പോലെ വരഞ്ഞിട്ട മഷിപ്പാടുകള്‍  ചേര്‍ത്ത് വച്ചപ്പോള്‍ ആ മഹത്തായ ഔഷധക്കൂട്ടിന്റെ പേര് കിട്ടി...

"പാരസെറ്റാമോള്‍...!!"

ഫീസും അടച്ചു മരുന്നും വാങ്ങി ആശുപത്രിക്ക് പുറത്തു പാര്‍ക്ക്‌ ചെയ്ത കാറിലേക്ക് നീങ്ങുമ്പോള്‍ വഴിയരികില്‍ കരിമ്പടം പുതച്ചിട്ടും പനിച്ചു വിറയ്ക്കുന്ന ഒരു വൃദ്ധന്‍..!!

"ഡോക്ടറെ കാണാന്‍ വന്നതാണോ..??" വൃദ്ധനോട് ചോദിച്ചു.

"അല്ല, ഇവിടെ പണിക്കു വന്നതാണ്..."

"ഈ പനി വച്ചിട്ടാണോ, പണിക്കു പോവുന്നത്...?? പോയി ഡോക്ടറെ കാണൂ.."
അയാള്‍ ഉപദേശിച്ചു..

"ഹഹാ..!! എന്‍റെ കയ്യില്‍ പനിക്കാശില്ല..." വൃദ്ധന്‍റെ മുഖത്ത് ഒരല്‍പ്പം പരിഹാസച്ചിരി.

"പനിക്കാശോ..?? " അയാള്‍ക്ക്‌ സംശയമായി

"അതെ, ഒരു ചെറിയ പനി വരുമ്പോഴേക്കും ആശുപത്രിയിലേക്കൊടാനും ഫീസിനും മരുന്നിനും ഒക്കെ പണം കൊടുക്കണമെങ്കില്‍ നിത്യവൃത്തി കഴിഞ്ഞു കുറച്ചു കാശു ബാക്കി വേണം... ഒന്ന് സ്വസ്ഥമായി പനിക്കാന്‍ വേണ്ട യോഗ്യതാ കാശ്, അതാണ്‌ പനിക്കാശ്...അതില്ലാത്തിടത്തോളം ഞങ്ങളെ പോലുള്ളവര്‍ക്ക് പനിയും ഇല്ല...!!"

ഇത്രയും പറഞ്ഞു വൃദ്ധന്‍ അയാള്‍ പുതച്ചിരുന്ന കരിമ്പടം മാറ്റി പണിയായുധങ്ങളും എടുത്തു കൊണ്ട് ആശുപത്രിയുടെ പിന്നാമ്പുറത്തേക്ക് നടന്നു മറഞ്ഞു... പനിക്കാശിനല്ല, പണിക്കാശുണ്ടാക്കാന്‍ വേണ്ടി, അന്നത്തെ അന്നത്തിനു...!!

അത് നോക്കി നിന്ന നമ്മുടെ നായകന്‍ കാഴ്ച്ചയില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് കാറിനടുത്തേക്ക് നടക്കുന്നതിനിടയില്‍ തന്‍റെ സ്മാര്‍ട്ട്‌ ഫോണില്‍ തോണ്ടി വിളിച്ചുകൊണ്ട്,

"ഐ ആം നോട് ഫീലിംഗ് വെല്‍, ഐ വില്‍ ബി ഓണ്‍ ലീവ് ടുഡേ..!!"

No comments: