Wednesday, November 13, 2013

പുത്തൂരം ആരോമലിനു പെണ്ണുവേണം..!!

പുത്തൂരം വീട്ടിലെ ആരോമലിനു കല്യാണ പ്രായമായി...പുടമുറി  കൊടുക്കാന്‍  പറ്റിയ ചെകോത്തി(ചേകവന്‍റെ സ്ത്രീ ലിങ്കം അത് തന്നെയാണോ ആവോ..?? ലോകനാര്‍കാവിലമ്മക്ക് അറിയാം..!!) യെ അന്വേഷിച്ചു നാല് ദിക്കിലേക്കും ദൂതര്‍ സന്ദേശവുമായി പാഞ്ഞു...അങ്ങനെ അധികം ദൂരയല്ലാതെ ഒരു ദേശത്തു നിന്നും ആശാവഹമായ മറുപടി വന്നു....പതിനാറു കളരിക്ക് നാഥനായ തയ്യാട്ട് ചേകവരുടെ ഏക മകള്‍, പതിനെട്ടടവും സ്വായത്തമാക്കി ഇരുപത്തി മൂന്ന് അങ്കവും ജയിച്ചിരിക്കുന്നോള്‍..!!

അങ്ങനെ പെണ്ണ് കാണാനായി, ആരോമലും നേര്‍പെങ്ങള്‍ ആര്‍ച്ചയും, തുണക്കാരന്‍ ഒതേനനും കൂടെ വില്ല് വച്ച വണ്ടിയില്‍ യാത്രയായി...!! മച്ചുനന്‍ ചന്തുവിന് കൂടെ വരണം എന്ന് മോഹം ഉണ്ടായിരുന്നെങ്കിലും കൂടെ കൂട്ടിയില്ല... ലവന്‍റെ കയ്യിലിരുപ്പ് അത്ര ശരിയല്ല, ചിലപ്പോ നൈസ് ആയി പണി തരും...!! ബ്ലഡി ചീറ്റര്‍..!!

അങ്ങനെ തയ്യാട്ട് തറവാട്ടിലെത്തി കോലായില്‍ പട്ടു വിരിച്ച പീഠത്തില്‍ അമര്‍ന്നിരിക്കവേ അവള്‍ കണ്ണന്‍ ദേവന്‍ ചായയും കയ്യിലേന്തി മന്ദം മന്ദം അന്നനടയിട്ടു വന്നു...ഗോതമ്പിന്റെ നിറം, തീക്ഷ്ണമായ കണ്ണുകള്‍, നീളമുള്ള മുടി (കാര്‍കൂന്തല്‍ എന്ന് പറയാന്‍ പറ്റില്ല, ഇച്ചിരി ചെമ്പിച്ചതായിരുന്നു)... ആരോമലിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവള്‍ തിരിഞ്ഞു നടന്നു..!!

"എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടെങ്കില്‍ ആവാം", തയ്യാട്ട് ചേകവര്‍ അനുവാദം തന്നു....

ആരോമല്‍ പതിയെ അവളുടെ അറയിലേക്ക് പോയി...ഒരു ചെറിയ നാണം മുഖത്തോളിപ്പിച്ചു അവള്‍...ആരോമല്‍ തന്റെ വീര കഥകള്‍ ഒരു പാണനെ പോലെ പാടി പറഞ്ഞു...(സ്വന്തം വീര കഥകള്‍ പാടുന്ന പാണന്‍..!!) കോളേജില്‍ വെട്ടിയ അങ്കവും ജയിച്ചു നേടിയ പണക്കിഴികളുടെയും പട്ടിന്‍റെയും വളകളുടെയും കണക്കുകളും എല്ലാം ഉത്ഘോഷിച്ചു...!! ചില അങ്കങ്ങളില്‍ കള്ളച്ചുവട് വച്ച എതിരാളിയുടെ പൂഴിമണല്‍ വിദ്യയെ പോലും ഓതിരവും കടകവും തിരിഞ്ഞും മറിഞ്ഞും വെട്ടിയും കുത്തിയും തോല്‍പ്പിച്ച സാഹസിക കഥകള്‍...!! തീര്‍ന്നില്ല പടവാള് കൊണ്ട് ചെത്തി കൂര്‍പ്പിച്ച നാരായം കൊണ്ട് എഴുതിയ ബ്ലോഗ്ഗുകളുടെയും ഫേസ്ബുക്ക്‌ സ്റ്റാറ്റസുകളുടെയും നേടിയ ലൈക്കിന്റെയും കമന്റിന്റെയും കഥകളും വള്ളി പുള്ളി വിടാതെ പറഞ്ഞു...!! 

ആര്‍ച്ചയും മോശമായിരുന്നില്ല...ആരോമലിന്റെ ആക്ഷന്‍ സ്റ്റോറിക്ക് പുറമേ, ആര്‍ച്ചാ അങ്കങ്ങളും സെയിം ടോണില്‍ അവതരിപ്പിച്ചു..!! അങ്കത്തിനു ആര്‍ച്ചക്കും ഒരു കുറവും ഇല്ലല്ലോ...!! സപ്പോര്‍ട്ട് ചെയ്യാന്‍ തുണക്കാരന്‍ ഒതേനനും ഉണ്ട്..!!

അങ്ങനെ ആ ബഹളം ഒക്കെ കഴിഞ്ഞു...പടയെല്ലാം തിരിച്ചു പുത്തൂരം വീട്ടിലേക്കു തന്നെ മടങ്ങി..!! വീട്ടിലെത്തി ആരോമല്‍ സമ്മതം മൂളി...ഇങ്കിതം അറിയിച്ചു കൊണ്ട് അച്ഛന്‍ കണ്ണപ്പന്‍ ചേകവര്‍ തയ്യാട്ടിലേക്ക് ഓല വിട്ടു...!! ജിമെയിലിലെ ഫെയ്ലിയര്‍  നോടിഫികേഷന്‍ പോലെ "ഠപ്പേ" ന്നു റിപ്ല്യ്‌ ഓല വന്നു..!! അതിപ്രകാരം ആയിരുന്നു,

"മിസ്ടര്‍ കണ്ണപ്പന്‍ ചേകവര്‍, നിങ്ങളുടെ മകന്‍ പുത്തൂരം വീട്ടില്‍ ആരോമല്‍ വലിയ അങ്ക ചേകവര്‍ ആയിരുന്നിരിക്കാം... പക്ഷെ ഞങ്ങളുടെ വിലയിരുത്തലില്‍ അടുത്ത കാലത്തൊന്നും പുള്ളി അങ്കത്തിനു പോയ ലക്ഷണം കാണുന്നില്ല.. ഉണ്ടെങ്കില്‍ തന്നെ തോറ്റ് വട്ടത്തൊപ്പി ഇട്ടിട്ടുണ്ടാവും...കാരണം, ആ ശരീരം തന്നെ... അത് നേരം വണ്ണം ഒന്ന് അനങ്ങിയിട്ടു എത്ര കാലമായി..?? മിനിമം രണ്ട് പറയുടെ ചോറെങ്കിലും വേണ്ടി വരുമല്ലോ ആ വയറു നിറയാന്‍...ഒരുമാസം അയാള്‍ക്ക്‌ തീറ്റ കൊടുക്കേണ്ടി വന്നാല്‍ ചിലപ്പോ എന്‍റെ പതിനാറു കളരിക്കും ഗോദ്രേജ് പൂട്ട്‌ വാങ്ങി ഇടേണ്ടി വരും... അതൊകൊണ്ട് തല്‍ക്കാലം ഞങ്ങളെ വെറുതെ വിട്ടേക്കുക...!!"

അരിങ്ങോടര്‍ എറിഞ്ഞ മുറി ചുരിക പച്ചക്ക് പള്ളക്ക് കയറിയ പോലുള്ള വേദനയും കടിച്ചു പിടിച്ചു കൊണ്ട് ആരോമല്‍ കേരള മാട്ട്രിമോണിയല്‍ എടുത്തു വലിയ അങ്കം വെട്ടില്ലാത്ത പ്രൊഫൈലുകള്‍ തിരഞ്ഞു നടന്നു... ഇനിയും തീരാത്ത യാത്ര...!! (എന്നാലും തടി കുറയ്ക്കില്ല..!!)

നിങ്ങള്‍ ഇതുവരെ കേട്ടത്, പുത്തൂരം ആരോമലിനു പെണ്ണുവേണം..!! വേഷം കെട്ടിയവര്‍,
ആരോമല്‍ - സ്വം..!!
ആര്‍ച്ച- ശരണ്യ മുരളീധരന്‍..!!
ഒതേനന്‍- രതീഷ്‌ കടെങ്ങല്‍..!!
കണ്ണപ്പന്‍ ചേകവര്‍- മുരളീധരന്‍..!!
തയ്യാട്ട് ചേകവര്‍ ആന്‍ഡ്‌ ഹിസ്‌ ഡോട്ടര്‍- അത് തല്‍ക്കാലം പുറത്തു പറയുന്നില്ല..!!

പുതിയ നാടകവും കൊണ്ട് വീണ്ടും വരാം നന്ദി.. നമസ്കാരം..

No comments: