Wednesday, November 27, 2013

തിര

തിര കണ്ടു, എനിക്കിഷ്ടപ്പെട്ടു എന്ന് ഒറ്റ വാക്കില്‍ പറയാം... രാകേഷ് എഴുതിയ നല്ല വേഗതയുള്ള ഒരു സാധാരണ കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു വിനീത്... സിനിമയുടെ വേഗത്തിന് തീര്‍ത്തും അനുയോജ്യമായ പശ്ചാത്തല സംഗീതം, കളര്‍ ടോണ്‍, ലൊക്കേഷന്‍..!! അച്ചടി ഭാഷയാണെങ്കിലും സംഭാഷണങ്ങള്‍ നിലവാരം പുലര്‍ത്തി... എടുത്തു പറയേണ്ടത് കാസ്റ്റിംഗ് ആണ്... 

ശോഭന..!! പല അഭിനയം കണ്ടിട്ടുണ്ടെങ്കിലും  ഒരു നടിയുടെ അഭിനയം അത്ഭുതമായി തോന്നുന്നത് ശോഭനയെ കാണുമ്പോഴാണ്...!! ഒരു വലിയ ഇടവേളക്ക് ശേഷം ഉള്ള തിരിച്ചു വരവില്‍ രോഹിണി മയിയെ എത്ര കയ്യടക്കത്തോടെയാണ്‌ ഈ നടി കൈകാര്യം ചെയ്തത് എന്ന് പുതിയ നടികള്‍ ഒന്ന് കണ്ടു പഠിക്കുന്നത് നന്നായിരിക്കും...!!
ഒരു പുതുമുഖത്തിന്‍റെ ചാപല്യങ്ങള്‍ അധികമൊന്നും ഇല്ലാതെ ധ്യാനും വരവ് ഗംഭീരമാക്കി... നല്ല ആശാരിയുടെ കയ്യില്‍ കിട്ടിയാല്‍ നന്നായി തെളിഞ്ഞു വരാന്‍ സാധ്യതയുണ്ട്...!!

മോശമെന്ന് എനിക്ക് തോന്നിയത് ജോമോന്റെ ക്യാമറ മാത്രമാണ്... ക്യാമറക്ക്‌ സ്റ്റാന്റ് ഉണ്ടായിരുന്നില്ലേ ജോമോനെ, അതോ സ്റ്റാന്റിന്റെ സ്ക്രൂ ഇളകി കിടക്കുകയായിരുന്നോ... ചെറുപ്പത്തില്‍ പൂച്ചയെ കൊന്നാല്‍ കൈവിറ ഉണ്ടാവും എന്ന് പഴമക്കാര്‍ പറയാറുണ്ട്‌, ഇനി അങ്ങനെ വല്ല അബദ്ധവും കാണിച്ചോ...?? എന്തായാലും പടം തുടങ്ങി തീരുന്നത് വരെ മുഴുവന്‍ സമയവും സ്ക്രീന്‍ വൈബ്രേഷന്‍ മോഡില്‍ ആയിരുന്നു... കുലുങ്ങി കുലുങ്ങി കണ്ണ് വേദനിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ... വല്ലാത്ത ചെയ്ത്തായിപ്പോയി..!!

തിര ഇനിയും രണ്ട് ഭാഗങ്ങളില്‍ വരും എന്നറിഞ്ഞു, പ്രണബിന്‍റെ മരണത്തെ കുറിച്ച് ആസാദ് പറയുന്നത് കേള്‍ക്കാന്‍ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു... കരയെ പുണരാന്‍ ഇനിയും തിരകള്‍ ഉണ്ടാവട്ടെ..!! 3.5/5

No comments: