Monday, October 21, 2013

പൈതല്‍ മല..

എന്‍റെ കുറച്ചു കൂട്ടുകാര്‍ മുന്‍പ് പോയ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതായിരുന്നു പൈതല്‍ മല പോവണം എന്ന്...ശ്രീകാന്ത് വിളിച്ചു വീണ്ടും ഒരു ട്രെക്കിംഗ് പ്ലാന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു നമുക്ക് പൈതല്‍ മല പോയാലോ എന്ന്.. പെട്ടന്നുണ്ടായ ഒരു പ്ലാന്‍, പഴയ ടീം തന്നെ, ശ്രീകാന്ത്, സോണി, അനൂപ്‌, മനു...!!

വെള്ളിയാഴ്ച്ച വൈകുന്നേരം യാത്ര തുടങ്ങിയത് തന്നെ അപലക്ഷണങ്ങളും കൊണ്ടായിരുന്നു...സ്ഥിരമായി സ്ലീപ്പിംഗ് ബാഗ്‌ എടുക്കുന്ന സ്ഥലത്ത് ആവശ്യത്തിനു സ്ലീപ്പിംഗ് ബാഗ്‌ ഇല്ല.. പറഞ്ഞേല്‍പ്പിച്ച സ്ഥലത്ത് ചെന്നപ്പോള്‍ ഒരെണ്ണം കുറവ്..ഉള്ളതും കൊണ്ട് ഇറങ്ങിയപ്പോള്‍ ശ്രീകാന്തും കൂട്ടരും ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി...!! ഒരുവിധം ഇരിട്ടിക്കുള്ള വണ്ടി പിടിച്ചു..പോവുന്ന വഴിക്ക് വണ്ടിക്കു ചില മുക്കലും ചീറ്റലും...വലിയ പരിക്കുകളില്ലാതെ ഇരിട്ടിയില്‍ എത്തി...ഒരു മുറി ഒപ്പിച്ചു രാവിലത്തെ കാര്യങ്ങള്‍ തീര്‍ത്തു..!! ഭക്ഷണം കഴിക്കാന്‍ കയറിയ കടയില്‍ മുട്ടന്‍ അടി...രാവിലെ തന്നെ വെള്ളമടിച്ചു അലമ്പാക്കിയവനെ ഒതുക്കിയതാ...നഷ്ടം ഒരു ചില്ലറമാറ, കുടിയന് നല്ല ഒരസ്സല്‍ മുറിവും...ഞങ്ങള്‍ പതിയെ ഭക്ഷണം കഴിച്ചു അവിടെ നിന്നും സ്കൂട്ടായി...!!

അവിടെ നിന്നും ആവശ്യത്തിനു വെള്ളവും ബ്രെഡും മേടിച്ചു ചെമ്പെരിക്ക് ബസ്‌ കയറി... അവിടെ നിന്നും കുടിയാന്മാലയിലേക്ക് ജീപ്പില്‍... അവിടെ നിന്നും ഉച്ചക്കുള്ള ഭക്ഷണം പാര്‍സല്‍ മേടിച്ചു നടക്കാന്‍ തുടങ്ങി... പോയ വഴിക്കെല്ലാം ആളുകള്‍ ഞങ്ങളോട് ജീപ്പ് എടുത്തു പോവാന്‍ പറഞ്ഞു...അവിടെ നിന്നും ഒന്‍പതു കിലോമീറ്റര്‍ കുത്തനെ കയറണം എന്ന്...!! ഞങ്ങള്‍ ചെവിക്കൊണ്ടില്ല.. നടന്നു കയറിക്കൊള്ളാം എന്നും പറഞ്ഞു ഞങ്ങള്‍ നീങ്ങി...!!

വിചാരിച്ച പോലെ ആയിരുന്നില്ല... കുത്തനെ ഒരു അറുപതു ഡിഗ്രിയില്‍ ആണ് കയറ്റം... അതും ചൂടത്ത് ടാറിട്ട റോഡില്‍...!! മുകളില്‍ പൊട്ടന്പ്ലാവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആസ്ഥാന "പ്രാന്തന്മാര്‍" പട്ടം ചാര്‍ത്തി കിട്ടി...!! സാധാരണ "വട്ടന്മാര്‍" പൊട്ടന്പ്ലവില്‍ നിന്നാ നടക്കാന്‍ തുടങ്ങാറ് എന്ന്... താഴേന്നു നടന്നു തുടങ്ങിയത് കൊണ്ട് അവര്‍ക്ക് ഞങ്ങളെ ദഹിച്ചില്ല...!!

നടത്തം തുടര്‍ന്നു...ഇടയ്ക്കു ഒരു പെട്ടി പീടിക കണ്ടപ്പോള്‍ സോഡയും തേന്മുട്ടായിയും മേടിച്ചു കഴിച്ചു...അവിടത്തെ റേഡിയോയില്‍ നിന്നും രാഘവന്‍ മാഷിന്‍റെ വിയോഗം അറിഞ്ഞു...കുറച്ചു കൂടെ നടന്നു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആകെ ക്ഷീണിച്ചിരുന്നു... ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു... അധികം വൈകാതെ തുലാമഴ ഞങ്ങളോടൊപ്പം കൂടി... തകര്‍ത്തു പെയ്ത മഴ.. ഇടയ്ക്കു നല്ല ഇടിയും മിന്നലും... ടാറിട്ട വഴി തീര്‍ന്നിടത്ത് ഒരു ചായപീടിക... അവിടെ കയറി തുണി പിഴിഞ്ഞ് ഓരോ ചുക്ക് കാപ്പിയും ഓമ്ലെറ്റും അടിച്ചു... കടക്കാരന്‍ അപ്പച്ചന്‍ ചേട്ടനെ പരിചയപ്പെട്ടു മഴ തോര്‍ന്നപ്പോള്‍ യാത്ര തുടര്‍ന്നു..!!

വഴിയില്‍ കോട വന്നു തുടങ്ങി..പിന്നീട് അങ്ങോട്ട്‌ ആദ്യം ഒരാള്‍ വലിപ്പത്തില്‍ ഉള്ള പുല്ലുള്ള വഴിയിലൂടെ യാത്ര.. വഴി മുഴുവന്‍ മഴവെള്ളം...കുറച്ചു കഴിഞ്ഞപ്പോള്‍‍ ഘോര വനം തുടങ്ങി..വഴി നിറയെ പഴകിയ ആനപ്പിണ്ടവും ആനകള്‍ തകര്‍ത്തിട്ട മരങ്ങളും..ഇടയ്ക്കിടയ്ക്ക് ചില നീര്‍ച്ചാലുകള്‍.. അധികം വൈകാതെ ഞങ്ങള്‍ പൈതല്‍ മലയുടെ മുകളില്‍ എത്തി...ഒരു മനോഹരമായ പുല്‍മേട്‌..ചുറ്റിലും കോട...!! നിരന്തരമായ സഞ്ചാരി സാനിദ്ധ്യത്തിന്റെ അടയാളങ്ങള്‍ മാലിന്യമായി പലയിടത്തും ചിതറി കിടക്കുന്നു...!! അപ്പോഴേക്കും കൂട്ടത്തില്‍ പലരുടെയും കാലില്‍ അട്ടകള്‍ താവളമാക്കിയിരുനു...!!

നേരം ഇരുട്ടന്നതിനു മുന്‍പ് ഞങ്ങള്‍ ടെന്റ് കെട്ടി...നല്ല തണുപ്പ് അടിച്ചു തുടങ്ങി..വേഗം ഭക്ഷണം കഴിച്ചു ഉള്ള സ്ലീപ്പിംഗ് ബാഗില്‍ കയറിക്കൂടാന്‍ നോക്കിയപ്പോള്‍ എന്‍റെ സ്ലീപ്പിംഗ് ബാഗ്‌ മൊത്തം നനഞ്ഞിരിക്കുന്നു..ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ഞങ്ങള്‍ കിടന്നു... കുറച്ചു കൂടെ കഴിഞ്ഞപ്പോള്‍ വേറെ ഒരു ടീം കൂടെ വന്നു... അവര്‍ രാത്രി മുഴുവനും പാചകവും പാട്ടുമായി കൂടി... ഞങ്ങളുടെ ഉറക്കം അങ്ങനെ പോയിക്കിട്ടി..!!

രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ അതി ഗംഭീരമായ കാഴ്ച്ച..!! ഞങ്ങള്‍ക്ക് താഴെ മേഘങ്ങള്‍ പഞ്ഞെക്കെട്ടു പോലെ പാറി നടക്കുന്നു... കുറേനേരം അവിടെ ചിലവിട്ടു ഒന്‍പതു മണിയോടെ ഞങ്ങള്‍ മലയിറങ്ങി...കുറച്ചു ഫോട്ടോകളും മനസ്സുനിറയെ ഓര്‍മ്മകളും കൊണ്ട്... ചിലര്‍ കാല് മുഴുവന്‍ അട്ടകടിച്ച മുറിവുകളും കൊണ്ട്....അപ്പച്ചന്‍ ചെട്ടന്‍റെ കടയിലെ ഓമ്ലെറ്റും കട്ടന്‍കാപ്പിയും കുടിച്ചു തിരിച്ചു ഇരിട്ടിയിലേക്ക്‌..!!

1 comment:

can ktym said...

പയ്യാവൂരിന് അടുത്തുള്ള "ഉച്ചത്തുകയം " (UchatthuKayam Tourism area) , ചങ്ങാടം തുഴയാനും പിക്നികി നും പറ്റിയ ,തൊട്ടടുത്തുള്ള ഒരു സ്ഥലം ആണ് .