Thursday, October 17, 2013

പരീക്ഷകള്‍ അഥവാ പരീക്ഷണങ്ങള്‍..

പരീക്ഷയുടെ ടൈം ടേബിള്‍ വന്നു.. സ്റ്റഡി ലീവ് തുടങ്ങി.. ബന്ധുവീടുകളില്‍ പോവലും കല്യാണം കൂടലും സിനിമ കാണലും കൂടെ കുറച്ചു കംബൈന്‍ സ്റ്റഡിയും ചേര്‍ന്ന് ആ ലീവ് തീര്‍ന്നു... ഇനി പരീക്ഷാ കാലമാണ്...!!

പലരും പല രീതിയില്‍ ഒരുങ്ങുന്നു... ചിലര്‍ ബാക്കി വച്ച പാഠങ്ങള്‍ ഓടിച്ചു നോക്കുന്നു...ചിലര്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നുകൂടെ വായിച്ചു ഉറപ്പു വരുത്തുന്നു...പഴയ ചോദ്യക്കടലാസ് വച്ചു ഒരു കൂട്ടര്‍ പഠിക്കുന്നു...കഴിഞ്ഞ വര്‍ഷം ചോദിച്ചത് ഇത്തവണ ചോദിക്കില്ല എന്ന് കരുതി ഒഴിവാക്കുന്നു എന്നെ പോലെ ചിലര്‍...മറ്റൊരു കൂട്ടര്‍ രാവിലെ തന്നെ "ബിറ്റ്" നിര്‍മ്മാണത്തില്‍ മുഴുകി നില്‍ക്കുന്നു...!!

ബെല്ലടിച്ചു, പരീക്ഷ തുടങ്ങി... ടീച്ചര്‍ ചോദ്യകടലാസും ഉത്തരക്കടലാസുമെല്ലാം വിതരണം ചെയ്തു തുടങ്ങി...സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു പേപ്പര്‍ വാങ്ങി...!! ചോദ്യങ്ങള്‍ ഓരോന്നായി നോക്കി തുടങ്ങി... ഒരു നിവൃത്തിയും ഇല്ല..!! വേണ്ടെന്നു കരുതി ഒഴിവാക്കിയ ചോദ്യങ്ങള്‍ ആണ് ഒട്ടു മിക്കവാറും....പഠിച്ചവര്‍ അത് നന്നായി എഴുതുന്നു...!! "ബിറ്റ്" കൊണ്ടുവന്നവരും കേമന്മാര്‍...!! ഇതൊന്നും ഇല്ലാത്തവര്‍, ഞാന്‍ അടക്കം  "ബ്ലിങ്കസ്യ" എന്ന മട്ടില്‍ ഇരുന്നു... അറിയാവുന്ന പോലെ എന്തൊക്കയോ കുത്തികുറിച്ചു അവസാനത്തെ ബെല്ലടിക്കാന്‍ കാത്തു നില്‍ക്കാതെ പുറത്തിറങ്ങി ഞാന്‍ അക്കേഷ്യ മരങ്ങളുടെ ചുവട്ടില്‍ കാറ്റും കൊണ്ടിരുന്നു...!!

അവസാന ബെല്ലും കഴിഞ്ഞപ്പോള്‍ കേമന്മാര്‍ പതിയെ പുറത്തിറങ്ങി വന്നു...പരീക്ഷ കഴിഞ്ഞ സമാധാനം പലരുടെയും മുഖത്തുണ്ട്‌...ഒരു പഠിപ്പിസ്റ്റ് നിരാശാ ഭാവത്തില്‍ പുറത്തിറങ്ങി വന്നു...

"ഹോ, സമാധാനം... ഒരുത്തനെങ്കിലും എന്നെ പോലെ ഉണ്ടല്ലോ..." ഞാന്‍ നെടുവീര്‍പ്പിട്ടു...

"എന്ത് പറ്റി മച്ചാ..." ഞാന്‍ ചോദിച്ചു..

"അളിയാ, നൂറില്‍ തൊണ്ണൂറു മാര്‍ക്കിനെ എഴുതാന്‍ പറ്റിയുള്ളൂ... സമയം കിട്ടിയില്ല..." അവന്‍റെ നിരാശ പങ്കു വച്ചു...

എന്‍റെ പെരുവിരല്‍ മുതല്‍ തരിച്ചു വന്നു...കള്ള പന്നി...ഇവിടെ മനുഷ്യന് എങ്ങനെയെങ്കിലും സപ്പ്ളി ഒഴിവാക്കാന്‍ തല പുകക്കുമ്പോഴാ...!! പക്ഷെ ഞാന്‍ നിയന്ത്രിച്ചു...!! 

"ഹോ.. കഷ്ടമായിപ്പോയി...!!" എന്നും പറഞ്ഞു ഞാന്‍ മൂക്കില്‍ വിരല്‍വച്ചു....!!

മാസങ്ങള്‍ കഴിഞ്ഞപ്പോ റിസള്‍ട്ട്‌ വന്നു...കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അല്ലേ പേപ്പര്‍ നോക്കിയത്... തോന്നിയത് കുത്തി കുറിച്ച ഞാനും നമ്മുടെ പഠിപ്പിസ്റ്റ് മച്ചാനും ഏതാണ്ട് ഒരേ മാര്‍ക്ക് വാങ്ങി പാസ്സായി...!! ന്താ ലേ...??

No comments: