Thursday, October 10, 2013

ഒന്നാമന്‍..

എല്ലാ കാലത്തും ഒന്നാമനെക്കാളും കൂടുതല്‍ എനിക്കിഷ്ടം രണ്ടാമനേയും മൂന്നാമനേയും ഒക്കെ ആണ്... അതുകൊണ്ട് തന്നെ ഞാന്‍ ഒരു സച്ചിന്‍ ആരാധകന്‍ ആയതും ഇല്ല...ഇപ്പോഴും അല്ല...!! ഇന്ന് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും  പടിയിറങ്ങാന്‍ പോവുന്നു എന്ന് കേട്ടപ്പോള്‍ രണ്ട് വരി ആ വലിയ മനുഷ്യന് വേണ്ടി എഴുതണം എന്ന് തോന്നി...!!

ഒരു കവിയുടെ മകനായി ജനിച്ചത്‌ കൊണ്ടാവണം സച്ചിന്‍റെ കളിക്ക് ഒരു കവിതയുടെ ഇമ്പമുണ്ടായത്..!! ക്രിക്കറ്റ്‌ ഇഷ്ടപ്പെടുന്ന ഓരോ മനസ്സിലും സച്ചിന് ഒരിടം ഉണ്ട്... ഇളയൂരിലെ ചോലക്കല്‍ തറവാട്ടിലെ ഓടിന്റെ മുകളിലേക്ക് പ്ലാസ്റ്റിക്‌ പന്ത് എറിഞ്ഞു അത് തിരിച്ചു വരുമ്പോള്‍ മടല് കൊണ്ടുണ്ടാക്കിയ ബാറ്റു കൊണ്ട് അടിച്ചു കളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്... തൊട്ടടുത്ത തിണ്ണക്ക് അപ്പുറം പോയാല്‍ ഔട്ട്‌ എന്നതായിരുന്നു നിയമം.. ടീമിലെ പതിനൊന്നു പേര്‍ക്കും വേണ്ടി ബാറ്റ് വീശുന്നത് ഞാന്‍ തന്നെ... "സച്ചിന്‍" കളിക്കുമ്പോള്‍ അറിയാതെ തിണ്ണക്ക് പുറത്തു പന്ത് പോയാല്‍ അത് സച്ചിനല്ല എന്ന് ഞാന്‍ തിരുത്തും... ഒരു ആരാധകന്‍ അല്ലാതായിരുന്നിട്ടും എനിക്കങ്ങനെ ചെയ്യാനേ തോന്നിയിരുന്നുള്ളൂ...!! സച്ചിന്‍ കളം വിടാതിരിക്കാന്‍ അന്നേ എന്‍റെ ഇളം മനസ്സ് ആശിച്ചിരുന്നു..!

ആരാധകരുടെ കാര്യം അതിലും അപ്പുറത്താണ്... സച്ചിന്‍ ഔട്ട്‌ ആയാല്‍ പിന്നെ കളി കാണാത്ത ഒരുപാട് പേരെ എനിക്ക് തന്നെ അറിയാം...!! ഒരാള്‍ക്ക് എങ്ങനെ ഇത്രയും വലിയവന്‍ ആവാന്‍ കഴിയുന്നു...?? കഠിനമായ അദ്ധ്വാനവും ത്വരയും മാത്രം കാരണം...!! വിമര്‍ശന ശരങ്ങള്‍ക്ക് കീഴ്പ്പെടാതെ മൂന്നക്കം തികച്ച് ഹെല്‍മറ്റൂരി വാനത്തിലെക്കും ഗ്യാലറിക്കും നേരെ പല നൂറു വട്ടം ബാറ്റുയര്‍ത്തി കാണിച്ചത് മറ്റാരുമല്ല, "ദൈവം" തന്നെ ആയിരുന്നു...!! വാനോളം ഉയര്‍ന്നിട്ടും തെല്ലും അഹങ്കാരമില്ലാതെ നിഷ്കളങ്കമായി ചിരിച്ചു ഇന്നലത്തെ മഴയ്ക്ക് കുരുത്ത നായകന്‍റെ കീഴില്‍ പരിഭവമില്ലാതെ കളിക്കുന്ന അയാളെ ക്രിക്കറ്റ്‌ എന്ന മതത്തിലെ ദൈവം എന്നല്ലാതെ എന്ത് വിളിക്കാന്‍...!!

അടുത്ത മാസം നീ കളി നിര്‍ത്തുമ്പോള്‍ വേദനയല്ല, പകരം പല നഷ്ടങ്ങളാണ്..!! മാന്യത നഷ്ടമായ ഈ കളിയില്‍ നിന്നും നീയും കൂടെ പോയാല്‍ ഉള്ള അവസ്ഥ...!! പത്തെന്ന് എഴുതിയ കുപ്പായമിട്ട് നീ വരുമ്പോള്‍, "സച്ചിന്‍.... സച്ചിന്‍" എന്ന് ഒരേ താളത്തില്‍ വിളിച്ചു പാടുന്ന ജനത ഇനി മൂക്കരാകാം...!! ലോകം മുഴുവനും ആദരവ് കാണിക്കുന്ന വേറെ ആരുണ്ട്‌ ഇനി ആ പതിനൊന്നില്‍...!! എഴുതി വച്ചെന്നപോലുള്ള ഫ്ലിക്കുകള്‍, സ്വീപ്പുകള്‍, ഡ്രൈവുകള്‍, ഹുക്കുകള്‍... ഇതൊക്കെ ഇനി ആര് കാണിച്ചു തരും...??

വീണ്ടും ഒരു സാന്റ് സ്റ്റോം, വീണ്ടും ഒരു സച്ചിന്‍...!! വെറുതെ ഒരു മോഹമാണ് അത്...!! ഒരു ക്രിക്കറ്റ്‌ കളി സ്നേഹിയുടെ മോഹം...!!

No comments: