Tuesday, October 15, 2013

സ്വപ്നം വീശിയകറ്റിയ കാറ്റ്..

ഒരു കൊടുങ്കാറ്റു വരാന്‍ പോവുന്നു... ഏതു നിമിഷവും അവള്‍ (പൊതുവേ പെണ്‍ പേരുകള്‍ ആണല്ലോ ഈ കാറ്റുകള്‍ക്ക്‌) ഈ കരയില്‍ വിളിക്കാത്ത അഥിതിയായി എത്താം...ഇനി ഒരാഴ്ച്ചത്തേക്ക് കടലില്‍ പോവാനും ആവില്ല... ദിവസ വരുമാനത്തില്‍ കടലില്‍ പോവുന്ന മുക്കുവന്‍ കലങ്ങി മറിയുന്ന കടലില്‍ നോട്ടമെറിഞ്ഞു നിന്നു...അലറിയടുക്കുന്ന തിരകള്‍ ഓരോ തിരിച്ചു പോക്കിനും ഒരു കൈകുടം നിറയെ കരയും കൊണ്ട് പോവുന്നു...!!

വീശിയടിക്കുന്ന കാറ്റില്‍ എണ്ണമയമില്ലാത്ത അയാളുടെ മുടികള്‍ പുറകിലേക്ക് പാറിപ്പറന്നു...അയാളുടെ കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി കിടക്കുന്നു.... ഇടയ്ക്കു ആ തീരത്തെ അയാളുടെ കുടിലിലും കണ്ണെറിയുന്നു...ആ ഓലക്കുടിലിന്റെ പടി വരെ തിരകള്‍ ഉമ്മ വച്ചു മറയുന്നു...!! കിലോമീറ്റര്‍ അപ്പുറത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്... അങ്ങോട്ട്‌ മാറാന്‍ സര്‍ക്കാര്‍ ആഹ്വാനം...!! ജീവന്‍റെ തുടിപ്പ് നിലക്കാതെ നില്‍ക്കാന്‍ അങ്ങോട്ട്‌ പോയേ പറ്റൂ...!!

കഴിഞ്ഞ വേനലിന് ആണ് ഉള്ളപോലെ ഒരു ഓലക്കുടി തട്ടിയുണ്ടാക്കിയത്...അതിനു തന്നെ പെട്ട പെടാപ്പാട്...!! ഒരു കുടുംബം ഉണ്ട് കൂടെ, അവരെ തല്‍ക്കാലം ബന്ധു വീട്ടിലാക്കി... പക്ഷെ ഒരു ദിവസം തിരിച്ചു വന്നെ പറ്റൂ.. വരുമ്പോള്‍ തിരയെത്താത്ത ഒരിടത്ത് ഇങ്ങനെ ഒരു കുടില്‍ ഉണ്ടാവുമോ എന്നത് സംശയമാണ്...!!

തടയാന്‍ ആരും ഇല്ലാതെ പുറം കടലില്‍ ചുഴലിക്കൊണ്ടിരിക്കുന്ന ഒരു കാറ്റിനെ അയാള്‍ കണ്ണും നട്ട് നോക്കി ഇരുന്നു...അധികം വൈകാതെ അവള്‍ തന്‍റെ കുടിലിരിക്കുന്ന കരയില്‍ എത്തും...അകമ്പടിക്ക്‌ ഭീമന്‍ തിരകളും ഉണ്ടാവും... ഇന്നേവരെ താന്‍ കയ്യും മെയ്യും കൊണ്ട് നേരിട്ട തിരകളും കാറ്റും അവന്‍റെ സ്വപ്നങ്ങളെ കീഴ്പ്പെടുത്താന്‍ പോവുന്നു...!!

നെയ്ത് തുടങ്ങിയ മോഹങ്ങള്‍ മുഴുമിക്കാന്‍ കഴിയില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു...കാറ്റിന്‍റെ ശക്തി കൂടുന്നു...അതിന്‍റെ ഇരമ്പല്‍ ചെവിയില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങി...അയാള്‍ തന്റെ കുടിലിന്റെ പടിക്കല്‍ ഇരുന്നു...കാതടപ്പിക്കുന്ന രീതിയില്‍ ഇരമ്പല്‍ വര്‍ദ്ധിച്ചു...!! തലയ്ക്കു മീതെ ഉപ്പു വെള്ളം ഉയര്‍ന്നു...!! ഒരു ചുരുളില്‍ പെട്ടു പാറിയകന്നത് അയാളുടെ ഓലക്കുടില്‍...!!

അഗാത നീലിമയില്‍ അയാളുടെ ജീവന്‍ ശ്വാസം വിടാനാകാതെ അലിഞ്ഞു ചേര്‍ന്നു...നിറം മങ്ങിയ കടലില്‍ അയാളുടെ സ്വപ്നങ്ങളും കലങ്ങി കടും ഛായമായി...!! ആര്‍ത്തലച്ചു വന്ന കാറ്റ്, കരയില്‍ തട്ടി താണ്ടവമാടി തട്ടി തെറിച്ചു ഇല്ലാതായി...!! സ്വയം ഇല്ലാതായ കാറ്റിനൊപ്പം ഇല്ലാതായതു  ഒരുപാട് സ്വപ്നങ്ങളും...!!

No comments: