Wednesday, October 23, 2013

പാടം ഒരു കളിക്കളം

അവസാനത്തെ കൊല്ലപരീക്ഷ കഴിഞ്ഞിട്ട് നേരെ ഒരോട്ടമായിരുന്നു...വീട്ടില്‍ എത്തി വിയര്‍ത്ത് നാറിയ യുണിഫോം വലിച്ചൂരി കഴുകാനിട്ട് കിട്ടിയതും വലിച്ചു കയറ്റി പാടത്തേക്കു പോയി... രണ്ടുമാസത്തേക്ക് ആ ചന്ദന കളര്‍ ഷര്‍ട്ടും നീല പാന്‍റും വേണ്ട..!! ടീം അവിടെ റെഡി... ഇനി രണ്ടുമാസം ആരും തടയാന്‍ ഇല്ല.. കളിതന്നെ കാര്യം...!! കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്ത് നേരെ പോയി ക്രിക്കറ്റ്‌ കളിക്കാന്‍ പറ്റില്ല.. ആദ്യം പിച്ച് വേണം, കിളച്ചും കൊട്ടുവടികൊണ്ട് അടിച്ചും പിച്ച് ഒപ്പിച്ചു...!!

പിറ്റേന്ന് മുതല്‍ ആള്‍ക്ക് ഒരു രൂപാ നിരക്കില്‍ പിരിവു, ടെന്നിസ് ബോള്‍ വാങ്ങണം...ബാറ്റ് കൂട്ടത്തില്‍ ചിലരുടെ കയ്യില്‍ ഉണ്ട്...ഗോവിന്ദന്‍ കുട്ടി നായരുടെ തൊടിയിലെ ശീമക്കൊന്നയുടെ തണ്ട് സ്റ്റംബായി...!! പാടവരമ്പ് ബൌണ്ടറി നിര്‍ണ്ണയിച്ചു...!!

കളി തുടങ്ങി, സ്പ്പിന്‍ ബൌള്‍ നേരിടാന്‍ വല്ല പരിശീലനവും വേണമെങ്കില്‍ ഇങ്ങനത്തെ പാടത്ത് കളിക്കണം...പാടത്തെ കട്ടയില്‍ കുത്തി തെറിക്കുന്ന ടെന്നീസ് ബോള്‍ അടിക്കണമെങ്കില്‍ ചിലപ്പോള്‍ ഹനുമാന്‍ ഷോര്‍ട്ട് തന്നെ എടുക്കേണ്ടി വരും...ഫീല്‍ഡ് ചെയ്യാനും ഇതേ പ്രശനം...!! എളുപ്പമുള്ളതു രണ്ടേ രണ്ട് പണികള്‍ ആണ്, ബൌളിങ്ങും അമ്പയറിങ്ങും... ഇതിനു രണ്ടിനും ബോളിന്റെ കുരുത്തം കെട്ട പോക്കിന് ഉത്തരവാദിത്തം ഇല്ല..വൈഡിന് റണ്ണും ഇല്ല...!!

ഇത്യാദി എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഞങ്ങളുടെ കളി മുടങ്ങാറില്ലായിരുനു...ഇടയ്ക്കു വേറെ ടീമുകളുമായി മാച്ചും നടത്തിയിരുന്നു...!! വെക്കേഷന്‍ കഴിയുമ്പോഴേക്ക് ബാറ്റു ചെയ്യുന്ന സ്ഥലത്ത് ബാറ്റുകൊണ്ട് കുത്തി ഒരു കുഴി രൂപപ്പെട്ടു കഴിഞ്ഞിരിക്കും...!!

അന്നത്തെ വെക്കേഷന്‍ കാലം ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടു കൂടി ഓര്‍ക്കുന്ന സമയത്ത് വെറുതെ ഒന്ന് നാട്ടില്‍ പോയി.. പാടം കാട് പിടിച്ചു കിടന്നിരുന്നു...പിള്ളേര്‍ ഒന്നും പുറത്തിറങ്ങുന്നില്ല... എല്ലാര്‍ക്കും കമ്പ്യൂട്ടര്‍ ഗയിംസ് മതി...അഞ്ചു വയസ്സായപ്പോഴേക്കും കുട്ടികള്‍ സോഡാക്കുപ്പി കണ്ണട വച്ചിരിക്കുന്നു.. ചാറ്റല്‍ മഴ അടിച്ചാല്‍ മതി, പനി പിടിച്ചു വിറച്ചു കിടക്കും...മാവില്‍ കയറാന്‍ അറിയില്ല, ഒരു മുറിവ് പറ്റിയാല്‍ കമ്യുണിസ്റ്റ് അപ്പ അരച്ച് വച്ചു മുറിവുണക്കാന്‍ ഉള്ള നാട്ടറിവും ഇല്ല... ദേഹത്ത് ചെളി പറ്റിയാല്‍ അറപ്പാണത്രേ..!! കളിയെന്നാല്‍ കമ്പ്യൂടര്‍ ഗയിമും മൊബൈലും മാത്രമായി വളരുന്ന ഈ തലമുറ ബാല്യത്തെ കുറിച്ച് എന്ത് ഓര്‍ക്കുമോ എന്തോ?? 

No comments: