Monday, July 22, 2013

ജ്ജാതി ഫ്രീക്ക്

വേനലില്‍ പെയ്യുന്ന മഴ പോലെ ഇടയ്ക്കൊക്കെ എനിക്ക് ഇങ്ങോട്ടും കല്യാണ ആലോചനകള്‍ വരാറുണ്ട്... അതില്‍ തന്നെ കൂടുതലും വരാറ് മാലയോഗം മാസിക വഴിയും... അങ്ങനെ വരണ്ടു നില്‍ക്കുന്ന സമയത്ത് ഈ അടുത്ത കാലത്ത് ഒരു മഴ പെയ്തു...!! എന്‍റെ അമ്മക്ക് പെണ്ണിന്‍റെ വീട്ടില്‍ നിന്നു ഒരു ഫോണ്‍ കാള്‍, ബാംഗ്ലൂരില്‍ ജോലിയുള്ള അവരുടെ മകള്‍ക്ക് വരനെ അന്വേഷിക്കുന്നു...

ആവാലോ... ഞാനും ഇവിടെ ബാംഗ്ലൂരില്‍ ഉണ്ടല്ലോ...!! അവരോടു നേരിട്ട് സംസാരിക്കാന്‍ അമ്മ എനിക്ക് അവരുടെ നമ്പര്‍ തന്നു... ഞാന്‍ വിളിച്ചു... പെണ്ണിന്‍റെ അച്ഛനാണ് ഫോണ്‍ എടുത്തത്‌...

"ഹലോ.."

"ഞാന്‍ രാകേഷ് ആണ്, മഞ്ചേരിയില്‍ ഉള്ള..." ഞാന്‍ മുഴുമിപ്പിച്ചില്ല... അതിനു മുന്‍പേ അവര്‍ക്ക് ആളെ പിടി കിട്ടി...

"മനസിലായി ട്വോ...!! " ഒരു വള്ളുവനാടന്‍ ടച്ച്‌...

ഞാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു..

"കുട്ടിയുടെ ഒരു ഫോട്ടോ കിട്ടുമോ..??" എനിക്കുമില്ലേ ആകാംക്ഷ...!!

"പിന്നെന്താ...കേരള മാട്രിമോണിയില്‍ കൊടുത്തിട്ടിണ്ടേ...അതിന്‍റെ ഐ ഡി എഴുതി എട്തോളൂ...ധാ..."

അതെഴുതി എടുത്തു ഞാന്‍ കേരള മാട്രിമോണി തപ്പി...
ഹായ്, നല്ല പട്ടു സാരിയൊക്കെ ഉടുത്ത ഒരു ഫോട്ടോ ആദ്യം...പിന്നെ രണ്ടെണ്ണം ചുരിദാറിട്ട് സ്ഥിരം മാട്രിമോണി പോസ്സില്‍ തന്നെ... വല്യ സുന്ദരിയൊന്നും അല്ലെങ്കിലും നല്ല നാടന്‍ ലക്ഷണങ്ങള്‍...,..!! ആദ്യ കാഴ്ച്ചയില്‍ എനിക്കിഷ്ടമായി..

ചില്ലറ പോക്രിത്തരങ്ങള്‍ കൊണ്ട് നടക്കുന്ന എനിക്ക് ഇത്ര നാടന്‍ സ്വഭാവമുള്ള കുട്ടി ചേരുമോ..?? പക്ഷെ എന്‍റെ വീടിന്‍റെ അന്തരീക്ഷവുമായി അവള്‍ നന്നായി പൊരുത്തപ്പെടാനാണ് സാധ്യത... !! മനസ്സിനകത്ത് അഭിപ്രായ സംഘര്‍ഷങ്ങള്‍ നടക്കുകയായിരുന്നു...

ഒടുവില്‍ ഒന്നുകൂടെ ഉറപ്പിക്കാനായി ആ കുട്ടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തപ്പാന്‍ തീരുമാനിച്ചു... വലിയ ബുദ്ധിമുട്ടില്ലാതെ അത് ഞാന്‍ കണ്ടു പിടിച്ചു.. പക്ഷെ അത് കണ്ടു ഞാന്‍ ഞെട്ടി, ചില്ലറ ഞെട്ടലൊന്നും അല്ല, കാലിന്‍റെ താഴെ നിന്നു ഗുണ്ട് പൊട്ടിയ പോലെ ഞെട്ടി...!!

വിവാഹ പരസ്യത്തിലെ നാടന്‍ കുട്ടി ഫേസ്ബുക്കില്‍ "ജ്ജാതി ഫ്രീക്കിഷ്ടാ...!!" വല്യക്കാട്ടെ കൂളിംഗ്‌ ഗ്ലാസ്സും ചെറിയക്കാട്ടെ ജീന്‍സും കളര്‍ ഫുള്‍ ടി ഷര്‍ട്ടും ഒക്കെ ആയി ഒരു വര്‍ണ്ണക്കുടയും പിടിച്ചു നില്‍ക്കുന്നു...!! രണ്ടും തമ്മില്‍ അജഗജാന്തരം...!!

കെട്ടുന്ന പെണ്ണ് അങ്ങനെ വേണം ഇങ്ങനെ വേണം എന്ന ലോഡ് കണക്കിന് നിബന്ധനകള്‍ ഒന്നും എനിക്കില്ല... ഇമ്മാതിരി പറ്റിക്കല്‍ പരിപാടികള്‍ പാടില്ല എന്ന് മാത്രം... സ്വന്തം വ്യക്തിത്വം മറച്ചു വച്ചുകൊണ്ട് ആളെ പറ്റിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ...?? 'നാടന്‍' ആയാലും 'ഫ്രീക്' ആയാലും എനിക്ക് സമ്മതം ആണ്... ഒരു വ്യക്തിത്വം ഉണ്ടാവണം എന്ന് മാത്രം...

ഒരു അശരീരി: പിന്നേ, നേരാംവണ്ണം നോക്കിയിട്ട് പെണ്ണ് കിട്ടുന്നില്ല, അതിന്‍റെ ഇടയിലാ അവന്‍റെ ഒരു ജാഡ പോസ്റ്റ്‌...,..!! ഇപ്പൊ വരും, നോക്കി ഇരുന്നോ...!!

No comments: